ഞാനിത്ര മാത്രം ഡിജിറ്റൽ

ഈ കൊച്ചുലേഖനം തയ്യാറാക്കാൻ വേണ്ടി പോലും ഒരുപാട് മേധാശക്തി ഉപയോഗിക്കേണ്ടിവരുന്നു എന്ന തരത്തിൽ, ഡിജിറ്റൽ കാലത്തെ ആശയ വിനിമയാധിക്യം പലതരത്തിൽ ക്ഷീണിപ്പിക്കുന്ന ഒരനുഭവം കൂടിയാണ് എന്നെഴുതുന്നു, ഡോ. ഔസാഫ് അഹ്​സൻ.

വൈയക്തികതയുടെ ഔദ്ധത്യവും അൽപ്പത്തവും കലരാതെ ഈ വിഷയത്തിൽ എഴുതാനാവുമോ എന്ന ആശങ്കയാണ് 'നിങ്ങളെത്രമാത്രം ഡിജിറ്റൽ ആണ്' എന്ന ചോദ്യം മനസ്സിലേക്ക് ആദ്യമെത്തിച്ചത്. ഡിജിറ്റൽ ഇടപാടുകളിൽ നമ്മുടെ പ്രിവിലേജ് ഇന്നും ഒരു പ്രധാന പ്രശ്‌നമാണ്. ഏതായിരുന്നാലും പൗരൻ, വായനക്കാരൻ, പ്രസാധകൻ, ഭിഷഗ്വരൻ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലൂടെ എന്റെ ഡിജിറ്റൽ ജീവിതത്തിന്റെ ഒരു സ്ഥൂലചരിത്രം ഓർത്തുനോക്കി.

തൊണ്ണൂറുകളുടെ മധ്യത്തിൽ മണിപ്പാലിൽ ജോലി ചെയ്യുന്ന കാലം. ഇ-മെയിൽ വന്നോ എന്ന് നോക്കാൻ ഇടക്കിടെ ലൈബ്രറിയിലെ കമ്പ്യൂട്ടർ സെക്ഷനിലേക്ക് ഓടും. ഏറെ വിസ്താരമുള്ള ഒരു ഹാളിൽ പഴയ സി ആർ ടി (കാതോഡ് റേ ട്യൂബ്) ഇനത്തിൽ പെടുന്ന പത്തിരുപത് പെട്ടികൾ, അതിനനുസരിച്ചുള്ള വലിയ മേശകളിൽ നിരത്തിവെച്ചിരിക്കുന്നു. അതിനെല്ലാം കൂടിയുള്ള രണ്ട് കാവൽക്കാർ വലിയ ബുക്കിൽ മെയിൽ വന്നവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ടാവും. ഡോട്ട്മാട്രിക്സ് പ്രിൻററിൽ അടിച്ചുവെച്ചിരിക്കുന്ന ഒരു കെട്ടിനടിയിയിൽ നിന്ന് നമ്മുടെ പേരുള്ള മെയിൽ തപ്പിയെടുക്കണം. ഇതാണെന്റെ ഡിജിറ്റൽ വിനിമയങ്ങളുടെ തുടക്കം. മറുപടി അയക്കാൻ എം എസ് ഡോസ് ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് വേഡ് പെർഫെക്ട് വന്നു. മറുകുറി ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറുകളിലൊന്നിൽ സേവ് ചെയ്തിടണം. ഒരു കാവൽക്കാരൻ അയാളുടെ ഒഴിവനുസരിച്ച് മോഡത്തിന്റെ കരകരാരവത്തോടെ അത് അയച്ചുകൊടുക്കും. അറിവിന്റെ ജനാധിപത്യവത്കരണത്തിന്റെ ഈ അതിവേഗപാതയുടെ ഓരത്ത് അമ്പരന്നുനിന്ന ഞങ്ങൾ യുവഗവേഷകരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങൾ വന്നെത്തിച്ചേർന്നത്.

 ഇ-മെയിൽ വന്നോ എന്ന് നോക്കാൻ ഇടക്കിടെ ലൈബ്രറിയിലെ കമ്പ്യൂട്ടർ സെക്ഷനിലേക്ക് ഓടും. ഏറെ വിസ്താരമുള്ള ഒരു ഹാളിൽ പഴയ സി ആർ ടി (കാതോഡ് റേ ട്യൂബ്) ഇനത്തിൽ പെടുന്ന പത്തിരുപത് പെട്ടികൾ, അതിനനുസരിച്ചുള്ള വലിയ മേശകളിൽ നിരത്തിവെച്ചിരിക്കുന്നു.
ഇ-മെയിൽ വന്നോ എന്ന് നോക്കാൻ ഇടക്കിടെ ലൈബ്രറിയിലെ കമ്പ്യൂട്ടർ സെക്ഷനിലേക്ക് ഓടും. ഏറെ വിസ്താരമുള്ള ഒരു ഹാളിൽ പഴയ സി ആർ ടി (കാതോഡ് റേ ട്യൂബ്) ഇനത്തിൽ പെടുന്ന പത്തിരുപത് പെട്ടികൾ, അതിനനുസരിച്ചുള്ള വലിയ മേശകളിൽ നിരത്തിവെച്ചിരിക്കുന്നു.

അക്കൂട്ടത്തിലെ ഒന്നാം അനുഭവം സയൻറിഫിക് ജേണലുകളുടെ രൂപത്തിലാണ് വന്നത്. മുമ്പ്, അതീവ ശ്രദ്ധയോടെ പിൻറ് ചെയ്തെടുത്ത മാനുസ്ക്രിപ്റ്റും ഫോട്ടോകളും വൃത്തിയായി പാക്ക് ചെയ്ത് തപാലിൽ അയച്ചുകാത്തിരിക്കുന്ന രീതിയായിരുന്നു. മാനുസ്ക്രിപ്റ്റ് എഡിറ്റർക്ക് കിട്ടി നടപടികളായി വരുമ്പോഴേക്ക് മാസങ്ങളോ ചിലപ്പോൾ വർഷമോ എടുക്കും. കാര്യങ്ങൾ ഡിജിറ്റലായതോടെ സമയനഷ്ടം തുലോം കുറഞ്ഞു. പക്ഷെ അധികം താമസിയാതെ ചൂഷണം തുടങ്ങി. സയൻറിഫിക് പബ്ലിഷിങ്ങിന്റെ കുത്തക Elsevier Wolters Kluwer, John Wiley & Sons, Sage Publications, Taylor and Francis, Springer Nature എന്നീ അഞ്ച് കമ്പനികളുടെ കയ്യിലായി. കരിയറിൽ പുരോഗതിയുണ്ടാവണമെങ്കിൽ, അല്ലെങ്കിൽ സഹഗവേഷകരുമായി പുതിയ അറിവു പങ്കുവെക്കണമെങ്കിൽ ഈ കമ്പനികളുടെ അനുമതി കൂടാതെ സാധ്യമല്ലെന്ന് വന്നു. ഗവേഷകർക്കും പിയർ റിവ്യൂ ചെയ്യുന്നവർക്കും പ്രതിഫലം കിട്ടാതെയായി, അതേസമയം സ്ഥാപനങ്ങളും ഗവേഷകരും ഈ അറിവിനായി പണം ചെലവാക്കേണ്ടിയും വന്നു.

ലൈബ്രറികളെപ്പോലെ ഡിജിറ്റൽ അടികൊണ്ട മറ്റൊരു കൂട്ടരാണ് പുസ്തകക്കടകൾ. പ്രത്യേകിച്ച് ചെറുകിട, സ്വതന്ത്ര പുസ്തകശാലകൾ. നേരത്തെ ലൈബ്രറിയുടെ കാര്യം പറഞ്ഞപോലെ അവയും ബഹുവിധമായ സംഘംചേരലുകളുടെ സാമൂഹിക ഇടങ്ങളായി പരിവർത്തിക്കപ്പെടാൻ നിർബന്ധിതമാകുന്നുണ്ട്.

രണ്ടാമത്തെ അനുഭവം, ഒരു സ്വതന്ത്രപ്രസാധകൻ എന്ന നിലക്കാണ്. 2003-ൽ അദർ ബുക്സ് ആരംഭിക്കുമ്പോൾ തന്നെ കേരളത്തിലെ പ്രസാധനം ഏറെക്കുടെ ഡിജിറ്റലായിക്കഴിഞ്ഞിരുന്നു. മലേഷ്യയിലെ ഇസ്‍ലാമിക് പബ്ലിഷിങ് ട്രസ്റ്റുമായി സഹകരിച്ച് 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ചരിത്രഗ്രന്ഥത്തി‍ന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയായിരുന്നു തുടക്കം. 16-ാം നൂറ്റാണ്ടിൽ പൊന്നാനിയിലെ സൈനുദ്ദീൻ മഖ്ദൂം സാമൂതിരിക്ക് വേണ്ടി അറബിയിൽ രചിച്ച പോർച്ചുഗീസ് അധിനിവേശ വിരുദ്ധകൃതിയാണിത്. 1930-കളിൽ ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയൻറൽ ആൻറ് ആഫ്രിക്കൻ സ്റ്റഡീസിൽ ഗവേഷകവിദ്യാർഥിയായിരുന്ന പഴനിക്കാരനായ സയ്യിദ് മുഹമ്മദ് ഹുസൈൻ നൈനാർ വിവർത്തനം ചെയ്ത ഈ കൃതി എറണാകുളത്ത് ഗ്രന്ഥകാരനായ പ്രഫ. കെ. എം. ബഹാവുദ്ദീന്റെ സ്വകാര്യശേഖരത്തി‍ൽ നിന്നാണ് അപൂർണതകളോടെ ഞങ്ങൾക്ക് ലഭിക്കുന്നത്. ആത് അതേപടി ഞങ്ങൾ ഡിജിറ്റൈസ് ചെയ്തു. എറണാകുളത്ത് നിന്ന് ടൈപ്പ്സെറ്റിങ് കഴിച്ച ശേഷം ഡോ. കെ. കെ. എൻ. കുറുപ്പിന്റെ വടകരയിലെ ശേഖരത്തിലുള്ള കുഞ്ഞാലി മരക്കാരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർത്തു. മേലാറ്റൂരിലെ സി. ഹംസയുടെ എൻഡ്‍നോട്ടോടെ മലേഷ്യയിലെ പ്രസിൽ നിന്ന് ആസിഡ്- ഫ്രീ പേപ്പറിൽ പ്രിൻറ് ചെയ്തു. ഇതൊന്നും തന്നെ ഇൻറർനെറ്റ് വ്യാപനത്തിനുമുമ്പ് ക്ഷിപ്രസാധ്യമായ കാര്യമായിരുന്നില്ല. ഒരു ചെറുകിട പ്രസാധകരെന്ന നിലക്ക് ‍ഞങ്ങൾക്ക് പ്രതീക്ഷ തരുന്നതായിരുന്നു ഡിജിറ്റൽ വഴിയുണ്ടായ ഈ ആയാസരാഹിത്യം.

പക്ഷെ വൻകിടക്കാർ ഡിജിറ്റൽ ഉപാധികൾ ഉപയോഗിച്ച് തങ്ങളുടെ കുത്തകാധികാരം ഈ മേഖലയിൽ ഉറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. നയരൂപീകരാണാധികാരികളിലേക്ക് എത്താൻ അവർക്ക് എളുപ്പമായി. വൻകിടക്കാരോട് പിടിച്ചുനിൽക്കാനായി പ്രീ-പ്രസ് ടെക്നോളജി, സോഷ്യൽ മീഡിയ ക്യാമ്പയിൻ, സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ, പ്രിൻറ് ഓൺ ഡിമാൻറ് എന്നിവക്കായി ചെറുകിടക്കാർ ഒരുപാട് പണം ചെലവിടേണ്ട സാഹചര്യമുണ്ടായി. കൂടാതെ, ഡിജിറ്റൽ പൈറസി സൃഷ്ടിക്കുന്ന പങ്കപ്പാടുകളും. അതു തടയാനുള്ള ടെക്നോളജി സ്വായത്തമാക്കാത്തതിനാൽ തന്നെ, ഇ-പബ്ലിഷിങ് രംഗത്തേക്ക് പൂർണശേഷിയോടെ കടക്കാൻ അദർ ബുക്സിന് ഇതുവരെ ആത്മവിശ്വാസം വന്നിട്ടില്ല.

ഡിജിറ്റൽവത്കരണം വഴി വായനക്കാരൻ എന്ന നിലയിൽ അനുഭവിച്ച മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. ഇ-വായനയിലേക്കുള്ള മാറ്റം സുപ്രധാനമാണ്. കിൻഡിൽ വായനയുടെ നേട്ടങ്ങൾ ഈ മേഖലയിൽ ഒരുപാട് ചർച്ച ചെയ്‌തുകഴിഞ്ഞതാണ്. ഭൗതിക പുസ്‌തകങ്ങൾ വാങ്ങി വായിച്ചു സൂക്ഷിച്ചുവെക്കാനുള്ള അലമാരകൾ വായനക്കാർക്ക് എന്നും തലവേദനയാണ്. അതിനുള്ള ഭൗതികയിടം, അലമാരയുടെ വില, വെടിപ്പിലും വൃത്തിയിലുമുള്ള സൂക്ഷിപ്പ്, കേടുപറ്റാതിരിക്കൽ അങ്ങനെ പോകും അതിലെ വെല്ലുവിളികൾ. ഇ-പുസ്‌തകങ്ങൾ ഭൗതിക പുസ്തകങ്ങളെക്കാൾ എളുപ്പത്തിൽ കരഗതമാകാനാവും എന്നത് വായിക്കാനാഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. വിലയും കുറവ്, സ്റ്റോറിങ് അതിനേക്കാൾ എളുപ്പവും സുരക്ഷിതവും. ദൂരെ നിന്ന് എത്തിച്ചേരാൻ അനിശ്ചിതമായി കാത്തുനിൽക്കേണ്ടതുമില്ല. റഫറൻസ് പുസ്തകങ്ങൾ പോലും സുഗമമായി കയ്യിലെത്തും. രാത്രി വായിക്കുന്ന ശീലമുള്ളവർക്ക് മുറിയിലുള്ള മറ്റാരെയും ശല്യം ചെയ്യാതെ വെളിച്ചം കത്തിക്കാതെ വായിച്ചുപോകാൻ ഇത്രയും സൗകര്യം മറ്റൊന്നില്ല.

പരമ്പരാഗത ലൈബ്രറികൾ ചിലതെങ്കിലും നിശ്ചലവും മൃതവും വിജനവുമായിത്തീർന്നതിനും ഡിജിറ്റൽവത്കരണം കാരണമായിട്ടുണ്ട്. പഴയ സങ്കല്പത്തിൽ നിലനിർത്തിയാൽ ലൈബ്രറികൾ സമൂഹത്തിനു ചെയ്‌തുപോന്നിരുന്ന സാംസ്‌കാരിക ദൗത്യങ്ങൾക്ക് അതിനു സാധിക്കാതെ വരുമെന്ന് നമുക്കിന്നറിയാം. പുസ്തകം അടുക്കിവെച്ച അലമാരകളുടെ ഒരു കെട്ടിടം എന്ന നിലയിൽ നിന്ന്, പലതരം ചർച്ചകളും സംവാദങ്ങളും ശിൽപശാലകളും പ്രദർശനങ്ങളും നടക്കുന്ന ഒരു ചലനാത്മക സാമൂഹിക സ്ഥാപനമായി നല്ല ലൈബ്രറികൾ സ്വയം നവീകരിച്ചുകഴിഞ്ഞു. അങ്ങനെ സ്വയം പുതുക്കാനാവാതെ പോയ ലൈബ്രറികൾ പുസ്തകങ്ങളുടെ സെമിത്തേരി ആയി കാലഹരണപ്പെട്ടുപോകുന്നതും കാണാം.

സ്വതന്ത്ര പുസ്തകശാലകൾ നിലനിൽക്കണമെങ്കിൽ ഇവിടെ വായനക്കാർ ചില രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമെന്നും സ്വന്തം നഗരത്തിലെ സ്വതന്ത്ര പുസ്തകക്കടകളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടി വരുമെന്നും കൂടി സാന്ദർഭികമായി പറയുകയാണ്.

ലൈബ്രറികളെപ്പോലെ ഡിജിറ്റൽ അടികൊണ്ട മറ്റൊരു കൂട്ടരാണ് പുസ്തകക്കടകൾ. പ്രത്യേകിച്ച് ചെറുകിട, സ്വതന്ത്ര പുസ്തകശാലകൾ. നേരത്തെ ലൈബ്രറിയുടെ കാര്യം പറഞ്ഞപോലെ അവയും ബഹുവിധമായ സംഘംചേരലുകളുടെ സാമൂഹിക ഇടങ്ങളായി പരിവർത്തിക്കപ്പെടാൻ നിർബന്ധിതമാകുന്നുണ്ട്. ബംഗളൂരുവിലെ ചമ്പകയും ചെന്നൈയിലെ താരയും ഉദാഹരണങ്ങൾ. ഗിഫ്റ്റ് കടകളും കഫെയും ഇവന്റ് സ്പേസും ഒക്കെ പുസ്തകശാലകൾ തങ്ങളോട് കൂട്ടിച്ചേർക്കുന്നത് ആഗോളതലത്തിൽ തന്നെ പലേടത്തും കാണാം. പുസ്‌തകം വാങ്ങുക എന്ന ഒറ്റക്കാര്യത്തിനായി പുസ്തകക്കടകളിലേക്ക് പോകേണ്ടകാര്യം ഇന്ന് വായനക്കാർക്കില്ല. മറ്റെന്തും പോലെ പുസ്‌തകവും ഓൺലൈൻ ആയി എളുപ്പം വാങ്ങാം. പലപ്പോഴും വിലയും കുറവാണ്. കാരണം അവിടെ പ്രസാധകരും വിതരണക്കാരും വായനക്കാരോടുള്ള നേരിട്ടുള്ള ഇടപാടാണ്. പുസ്തകക്കടക്കാരന് പിന്നെ എന്താണ് പ്രസക്തി? സ്വതന്ത്ര പുസ്തകശാലകൾ നിലനിൽക്കണമെങ്കിൽ ഇവിടെ വായനക്കാർ ചില രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമെന്നും സ്വന്തം നഗരത്തിലെ സ്വതന്ത്ര പുസ്തകക്കടകളെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടി വരുമെന്നും കൂടി സാന്ദർഭികമായി പറയുകയാണ്.

ബംഗളൂരുവിലെ ചമ്പക ബുക്സ്റ്റോര്‍
ബംഗളൂരുവിലെ ചമ്പക ബുക്സ്റ്റോര്‍

ഒടുവിലത്തെ കാര്യം വ്യക്തിപരമാണ്.
സമ്പർക്കകാര്യങ്ങളിൽ സുജനമര്യാദ പാലിക്കണമെന്നുള്ള നിഷ്കർഷ ഉള്ളതിനാൽ മറുപടി പറയുക എന്ന ശീലവുമുണ്ട്. അതുകാരണം ആദ്യകാലത്ത് ടെക്സ്റ്റ് മെസ്സേജുകളും പിന്നീട് ഇമെയിലുകളും പിന്നെ നാനാവിധ സോഷ്യൽ മീഡിയ മെസ്സേജുകളും ഒട്ടേറെ സമയം കവരാൻ തുടങ്ങി. ഒരു മണിക്കൂറെങ്കിലും ഏകാഗ്രത ആവശ്യപ്പെടുന്ന അർഥവത്തായ എന്തെങ്കിലും എഴുതിയിട്ടോ എഡിറ്റ് ചെയ്തിട്ടോ വർഷങ്ങളായി. ഈ കൊച്ചുലേഖനം തയ്യാറാക്കാൻ വേണ്ടി പോലും ഒരുപാട് മേധാശക്തി ഉപയോഗിക്കേണ്ടിവന്നു. ഡിജിറ്റൽ കാലത്തെ ആശയ വിനിമയാധിക്യം പലതരത്തിൽ ക്ഷീണിപ്പിക്കുന്ന ഒരനുഭവം കൂടിയാണ് ഒരുവശത്ത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More

Comments