വി വിജയകുമാർ

ഡിജിറ്റൽ യുഗം:
ചില കേരളീയാനുഭവങ്ങളും
ലോകയാഥാർത്ഥ്യവും

‘‘ലഭ്യമായ എല്ലാ ജ്ഞാനവും അറിയുന്നവരും ഏറ്റവും മിടുക്കരും ധിഷണാശാലികളുമായ മനുഷ്യരെ തോൽപ്പിക്കുന്ന യന്ത്രത്തെ നിർമ്മിക്കുക അസാദ്ധ്യമായിരിക്കുമെന്നത് ശരിയായിരിക്കുമെങ്കിലും ശരാശരി മനുഷ്യരെ പരിഭ്രമിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ സാദ്ധ്യമായേക്കില്ലേ? ലഭ്യമായ എല്ലാ ജ്ഞാനവും അറിയുന്ന സർവ്വജ്ഞാനിയായ ഒരു മനുഷ്യൻ നമുക്കിടയിലുണ്ടോ?’’- വി. വിജയകുമാർ എഴുതുന്നു.

1983 - 84 വർഷത്തിൽ, അവസാന വർഷ എം എസ്‌സി വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഡിജിറ്റൽ (Digital) എന്ന വാക്ക് ജീവിതത്തിലേക്കുവന്നത്. കോളേജുകളിൽ ഇലക്‌ട്രോണിക്‌സ് ബിരുദ കോഴ്‌സുകൾ ആരംഭിച്ചിരുന്നില്ല. ഇലക്‌ട്രോണിക്‌സ് പഠിക്കുന്നത്, ഞങ്ങൾ ഫിസിക്‌സ് വിദ്യാർത്ഥികളാണ്. ഞാൻ പഠിച്ചിരുന്ന പാലാ സെന്റ് തോമസ് കോളേജിൽ എംഎസ്‌സി കോഴ്‌സിന്റെ അവസാന വർഷത്തെ പ്രത്യേക പഠനവിഷയം സോളിഡ് സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സായിരുന്നു. തൊട്ടു മുമ്പത്തെ വർഷം മാത്രം പ്രാബല്യത്തിൽ വന്ന സിലബസ്. ഈ വിഷയം പഠിപ്പിക്കാനായി ഞങ്ങളുടെ അദ്ധ്യാപകനായ പ്രൊഫ. എം.പി. മത്തായി പ്രത്യേക പരിശീലനത്തിനു പോയി. അദ്ദേഹം ഞങ്ങളെ ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് പഠിപ്പിച്ചു. ബൂളിയൻ ആൾജിബ്രയിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് ക്ലാസുകൾ അവസാനവർഷ എംഎസ്‌സി കോഴ്‌സിന്റെ പ്രത്യേക പഠനവിഷയമായിരുന്നു. ഇപ്പോൾ അത് പ്ലസ് ടു ക്ലാസുകളിലെ സിലബസിലുണ്ട്.

 ബൂളിയൻ ആൾജിബ്രയിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് ക്ലാസുകൾ അവസാനവർഷ എംഎസ്‌സി കോഴ്‌സിന്റെ പ്രത്യേക പഠനവിഷയമായിരുന്നു. ഇപ്പോൾ അത് പ്ലസ് ടു ക്ലാസുകളിലെ സിലബസിലുണ്ട്.
ബൂളിയൻ ആൾജിബ്രയിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഇലക്‌ട്രോണിക്‌സ് ക്ലാസുകൾ അവസാനവർഷ എംഎസ്‌സി കോഴ്‌സിന്റെ പ്രത്യേക പഠനവിഷയമായിരുന്നു. ഇപ്പോൾ അത് പ്ലസ് ടു ക്ലാസുകളിലെ സിലബസിലുണ്ട്.

ബൂളിയൻ ലോജിക്കിന്റെ സവിശേഷത, ഏതു മൂല്യവും ശരി അല്ലെങ്കിൽ തെറ്റ് എന്നതിലേക്ക് ചുരുക്കാൻ കഴിയുമെന്നതായിരുന്നു. 0,1 എന്നീ അക്കങ്ങൾ നീചം (പ്രകാശിക്കാത്തത്), ഉച്ചം (പ്രകാശിക്കുന്നത്) എന്നീ രണ്ട് അവസ്ഥകളുടെ സൂചകങ്ങളായി. ഉച്ചാവസ്ഥക്കോ നീചാവസ്ഥക്കോ മാത്രം സാദ്ധ്യതയുള്ള ഇലക്‌ട്രോണിക് വ്യവസ്ഥകൾ സ്ഥാപിതമായി. ഡയോഡുകളെയും ട്രാൻസിസ്റ്ററുകളെയും പ്രതിസ്ഥാപിച്ചുകൊണ്ട് ചിപ്പുകൾ (ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ) കടന്നുവരികയായിരുന്നു. എംഎസ്‌സി കോഴ്‌സിന്റെ രണ്ടു വർഷങ്ങളിലായി വാൾവുകളും ട്രാൻസിസ്റ്ററുകളും ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പുകളും (മൂന്നു തലമുറയിലെ അടിസ്ഥാന ഇലക്ട്രോണിക് ഘടകങ്ങളാണിവ) ഉപയോഗിച്ച് പ്രായോഗിക പരീക്ഷണങ്ങൾ ചെയ്ത തലമുറയായിരുന്നു ഞങ്ങളുടേത്. സോൾഡർ ചെയ്ത ഇലക്‌ട്രോണിക് സർക്യൂട്ടുകളുമായി പരീക്ഷണശാലയിലെ ഏക കാഥോഡ് റേ ഓസിലോസ്‌കോപ്പിനു മുന്നിൽ ഊഴം കാത്ത് നിന്നവർ. വാൾവുകൾ ഉപയോഗിച്ചുള്ള പവർപായ്ക്കുകൾ പിന്നീട് പെട്ടെന്നു തന്നെ കലാലയ പരീക്ഷണശാലകളിൽ നിന്ന് അപ്രത്യക്ഷമായി.

പഠനത്തിനു ശേഷം പി എസ് സി അപേക്ഷ, പരീക്ഷ, ഇന്റർവ്യു, റിസൾട്ട്, നിയമനത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയ കടമ്പകൾ കടന്ന് കോളേജിൽ അദ്ധ്യാപകനായി എത്തുമ്പോഴേക്കും ബിഎസ്‌സി വിദ്യാർത്ഥികളുടെ സിലബസിൽ തന്നെയും കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠനം ആരംഭിച്ചിരുന്നു. 2019-ൽ ഞാൻ സർവ്വീസിൽനിന്ന് വിരമിക്കുന്നതിനും എത്രയോ മുന്നേ പല കോളേജുകളിലും ഇലക്‌ട്രോണിക്‌സിന്റെയും കമ്പ്യൂട്ടർ സയൻസിന്റെയും ബിരുദ കോഴ്‌സുകൾ ആരംഭിച്ചിരുന്നു. അതിലുപരി, എഞ്ചിനീയറിങ് കോളേജുകളിൽ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നിവയെല്ലാം വലിയ തിരക്കുള്ള ബ്രാഞ്ചുകളായി മാറുകയും ചുരുങ്ങിയ കാലയളവിൽ ഇവയിൽ ചിലതിനോടു വിദ്യാർത്ഥികളുടെ ആഭിമുഖ്യം ഇടിയുകയും ചെയ്തു.

ദൈനംദിന ജീവിതത്തിലേക്ക് ശാസ്ത്രസാങ്കേതികവിദ്യ കൊണ്ടുവന്ന പല ഉപകരണങ്ങളെയും ആദ്യം പരിചയപ്പെടുന്ന തലമുറ എന്റേതു കൂടിയാണ്. വൈക്കത്തിനടുത്ത് തിരുമണിവെങ്കിടപുരത്തെ വൈദ്യുതി എത്തിച്ചേരാത്ത ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്.
ദൈനംദിന ജീവിതത്തിലേക്ക് ശാസ്ത്രസാങ്കേതികവിദ്യ കൊണ്ടുവന്ന പല ഉപകരണങ്ങളെയും ആദ്യം പരിചയപ്പെടുന്ന തലമുറ എന്റേതു കൂടിയാണ്. വൈക്കത്തിനടുത്ത് തിരുമണിവെങ്കിടപുരത്തെ വൈദ്യുതി എത്തിച്ചേരാത്ത ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്.

ദൈനംദിന ജീവിതത്തിലേക്ക് ശാസ്ത്രസാങ്കേതികവിദ്യ കൊണ്ടുവന്ന പല ഉപകരണങ്ങളെയും ആദ്യം പരിചയപ്പെടുന്ന തലമുറ എന്റേതു കൂടിയാണ്. വൈക്കത്തിനടുത്ത് തിരുമണിവെങ്കിടപുരത്തെ വൈദ്യുതി എത്തിച്ചേരാത്ത ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ താമസിച്ച ചില വാടകവീടുകളിൽ വൈദ്യുതിയുണ്ടായിരുന്നുവെങ്കിലും പ്രീഡിഗ്രി വരെയുള്ള പഠനകാലങ്ങളിൽ മേശവിളക്ക്, റാന്തൽ, ചിമ്മിനി വിളക്ക് എന്നിവയാണ് ഏറെക്കാലവും രാത്രി വെളിച്ചം നൽകിയിരുന്നത്. ആട്ടുകല്ല്, അരകല്ല്, വീശുപാള, കൂജ എന്നിവയെല്ലാം വീട്ടുപകരണങ്ങളും വിറകും മണ്ണെണ്ണയും ഇന്ധനവുമായിരുന്ന കാലം. വിനോദത്തിനായി ആദ്യമായി വീടുകളിലേക്കു വന്ന ശാസ്ത്രസാങ്കേതികവിദ്യാ ഉപകരണം റേഡിയോ ആയിരുന്നു. വാൾവുകൾ ഉപയോഗിക്കുന്ന റേഡിയോകൾ ചില സമ്പന്ന കുടുംബങ്ങളിലുണ്ടായിരുന്നെങ്കിലും മർഫിയുടെയും ഫിലിപ്‌സിന്റെയും ട്രാൻസിസ്റ്റർ റേഡിയോകളാണ് അതിനെ കുറെയൊക്കെ സാർവ്വത്രികമാക്കിയത്. പ്രാദേശിക വാർത്തകൾ, യുവവാണി, രഞ്ജിനി, വിവിധഭാരതി, ചലച്ചിത്ര ശബ്ദരേഖ എന്നിങ്ങനെയുള്ള നാമരൂപങ്ങളിലൂടെ റേഡിയോക്കാലം പലരുടെയും ഓർമ്മകളിലുണ്ടാകും. റേഡിയോക്ക് ഓരോ വർഷവും ലൈസൻസ് ഫീസ് അടയ്ക്കണമായിരുന്നു. ട്യൂബ് ലൈറ്റുകളും ഇലക്ട്രിക് ഫാനുകളും മിക്‌സിയും ഒക്കെയാണ് പിന്നെ എത്തിയത്. ലാന്റ് ഫോൺ, ഫ്രിഡ്ജ്, ബ്ലാക്ക് ആന്റ് വൈറ്റ് ടിവി, കളർ ടിവി, വാഷിങ് മെഷീൻ എന്നിവയൊക്കെ 20-ാം നൂറ്റാണ്ടിലെ അവസാന ദശകത്തിന്റെ പകുതിയോടെ മദ്ധ്യവർഗ കുടുംബങ്ങളിൽ മിക്കവാറും സാർവ്വത്രികമാകുന്നുണ്ട്.

വിനോദത്തിനായി ആദ്യമായി വീടുകളിലേക്കു വന്ന ശാസ്ത്രസാങ്കേതികവിദ്യാ ഉപകരണം റേഡിയോ ആയിരുന്നു. വാൾവുകൾ ഉപയോഗിക്കുന്ന റേഡിയോകൾ ചില സമ്പന്ന കുടുംബങ്ങളിലുണ്ടായിരുന്നെങ്കിലും മർഫിയുടെയും ഫിലിപ്‌സിന്റെയും ട്രാൻസിസ്റ്റർ റേഡിയോകളാണ് അതിനെ കുറെയൊക്കെ സാർവ്വത്രികമാക്കിയത്.
വിനോദത്തിനായി ആദ്യമായി വീടുകളിലേക്കു വന്ന ശാസ്ത്രസാങ്കേതികവിദ്യാ ഉപകരണം റേഡിയോ ആയിരുന്നു. വാൾവുകൾ ഉപയോഗിക്കുന്ന റേഡിയോകൾ ചില സമ്പന്ന കുടുംബങ്ങളിലുണ്ടായിരുന്നെങ്കിലും മർഫിയുടെയും ഫിലിപ്‌സിന്റെയും ട്രാൻസിസ്റ്റർ റേഡിയോകളാണ് അതിനെ കുറെയൊക്കെ സാർവ്വത്രികമാക്കിയത്.

1996-ൽ ഒരു ചെറിയ കൊഡാക് ക്യാമറ എനിക്കുണ്ടായിരുന്നു. 2007-ൽ സോണിയുടെ ഡിജിറ്റൽ ക്യാമറയും. 2008-ൽ ഡിജിറ്റൽ ഫോർമാറ്റിലുള്ള ആദ്യത്തെ മലയാള സിനിമ തയ്യാറാകുന്നുണ്ട്. 2003-ലാണ് വീട്ടിലേക്ക് പേഴ്‌സണൽ കമ്പ്യൂട്ടർ വരുന്നത്. ആദ്യം പഠിച്ചത്, ഐ എസ് എം സോഫ്റ്റ്വെയർ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനും ടർബോ സി ​പ്രോ​ഗ്രാമിങുമാണ്. മൊബൈൽ ഫോൺ 2005-ലേ എന്നിലേക്ക് എത്തുന്നുള്ളൂ.

പതുക്കെ ഡെസ്‌ക്ക് ടോപ്പ് കമ്പ്യൂട്ടറിൽ നിന്ന് ലാപ് ടോപ്പിലേക്കു മാറുന്നു. വേൾഡ് വൈഡ് വെബ്, ഗൂഗ്ൾ സേർച്ച് എൻജിനുകൾ, സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ, ആപ്പുകൾ ഇവയെല്ലാം ലോകത്തെ ചുരുക്കുകയും വിജ്ഞാനത്തെ വിരൽതുമ്പിലെത്തിക്കുകയും ചെയ്തു. ഒരു പുസ്തകം തേടിയലഞ്ഞ നാളുകൾ മറവിയിലേക്കു പോകുന്ന വിധത്തിൽ ആർക്കൈവുകളിലേക്കും വിവിധ സ്ഥാപനങ്ങളുടെ സൈറ്റുകളിലേക്കും എത്തിച്ചേരാൻ കഴിയുന്ന വിവരസാങ്കേതിക വിപ്ലവം സംജാതമാകുന്നു. ഡാറ്റ വലിയ വാക്കായി, ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ ചാറ്റ് ജി പി റ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇതരലോകങ്ങളും കടന്നുവന്നിരിക്കുന്നു. പുതിയ സങ്കേതങ്ങളിലേക്കുള്ള എന്റെ മാറ്റങ്ങൾ താരതമ്യേന മന്ദഗതിയിലായിരുന്നു. പുതിയ സങ്കേതങ്ങൾ വിപണിയിലെത്തിച്ചേരുമ്പോൾ തന്നെ കരസ്ഥമാക്കുകയും പെട്ടെന്നുതന്നെ അവയിലൊക്കെ വിദഗ്ദ്ധരാകുകയും ചെയ്ത സുഹൃത്തുക്കളുണ്ടായിരുന്നു. ഇതോടൊപ്പം ഇപ്പോഴും കമ്പ്യൂട്ടർ ഉപയോഗിക്കാൻ വിമുഖരായ പഴയ അദ്ധ്യാപക സുഹൃത്തുക്കളും എനിക്കുണ്ട്.

ഇപ്പോൾ ചാറ്റ് ജി പി റ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇതരലോകങ്ങളും കടന്നുവന്നിരിക്കുന്നു. പുതിയ സങ്കേതങ്ങളിലേക്കുള്ള എന്റെ മാറ്റങ്ങൾ താരതമ്യേന മന്ദഗതിയിലായിരുന്നു.
ഇപ്പോൾ ചാറ്റ് ജി പി റ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇതരലോകങ്ങളും കടന്നുവന്നിരിക്കുന്നു. പുതിയ സങ്കേതങ്ങളിലേക്കുള്ള എന്റെ മാറ്റങ്ങൾ താരതമ്യേന മന്ദഗതിയിലായിരുന്നു.

ആദ്യകാലത്ത് അദ്ധ്യാപകരേക്കാളും വിദ്യാർത്ഥികളാണ് പുതുസാങ്കേതികവിദ്യകളെ വേഗം സ്വായത്തമാക്കിയത്. കമ്പ്യൂട്ടർ പ്രോഗ്രാമിങ് ക്ലാസുകൾ വിദ്യാർത്ഥികൾ തന്നെ അവരുടെ മുൻകൈയിൽ എടുത്തിരുന്നതിന്റെ അനുഭവങ്ങളുണ്ട്. എന്നാൽ, പുതുസാങ്കേതികവിദ്യ കൂടുതൽ വ്യവസ്ഥിതമാകുന്നതോടെ പുതിയ ഉപകരണങ്ങളിലൂടെ ലഭ്യമാകുന്ന ആഘോഷങ്ങളിൽ മുഴുകാനും അതിന്റെ വിജ്ഞാനദായകമായ വശങ്ങളെ അവഗണിക്കാനുമുള്ള പ്രവണതകൾ വിദ്യാർത്ഥികളിൽ ഏറിവരുന്നു. പുത്തൻ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഇതിനെ മൂർച്ഛിപ്പിക്കുന്നു. വിജ്ഞാനം പെട്ടെന്ന് വിരൽതുമ്പിൽ ലഭിക്കുമെന്ന സ്ഥിതി അതിനോടുള്ള ആഭിമുഖ്യങ്ങളെ, അതിനു വേണ്ടിയുള്ള അന്വേഷണങ്ങളെ തദ്വാരാ, അറിവുള്ളതിൽ നിന്ന് അറിയപ്പെടാത്തതിനെ കണ്ടെത്താനുള്ള ശ്രമങ്ങളെ, മൗലികാന്വേഷണങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്നു. നാം യന്ത്രത്തെ ഏൽപ്പിക്കുന്ന കഴിവുകൾ പതുക്കെപ്പതുക്കെ നമ്മളിൽ നിന്ന് നഷ്ടപ്പെടുമെന്ന സ്ഥിതിയേയും പല രൂപങ്ങളിൽ അഭിമുഖീകരിക്കേണ്ടിവരുന്നു. വിജ്ഞാനം ശിരസ്സിന്റെ ഭാഗമല്ലാതായി തീരുകയും അത് പെട്ടെന്ന് വിരൽത്തുമ്പത്തുനിന്ന് ലഭ്യമാകുകയും ചെയ്യുന്ന കാലത്ത് പണ്ഡിതരും ഗവേഷകരും വിദ്യാർത്ഥി കൂടിയും മൃതരാകുകയാണ്. പണ്ഡിതന്മാർ കാര്യങ്ങളെ സ്വയം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നവരല്ല, വിജ്ഞാനത്തെ മുഴുവൻ സംഗ്രഹിച്ചുവെച്ചിരിക്കുന്ന വെബുകളെ സാങ്കേതികവിദ്യാശേഷി കൊണ്ട് പ്രദർശിപ്പിക്കുന്നവരായി മാറുന്നു. ഇവർ വ്യാഖ്യാനശേഷി കൂടിയില്ലാത്ത ആളാണെങ്കിൽ യന്ത്രസമാനമായി മാറും. വിദ്യാർത്ഥി വിദ്യ അർത്ഥിക്കുന്നവനല്ലാതാകുകയും അവയുടെ ഉപഭോക്താവായി മാത്രം മാറിത്തീരുകയും ചെയ്യുന്നു.

ടൂറിങ് യന്ത്രസങ്കൽപ്പനങ്ങൾക്കും പഞ്ചിങ് കാർഡ് കമ്പ്യൂട്ടറുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വാക്ക് ആദ്യമായി വ്യക്തതയോടെ ഉപയോഗിക്കുന്ന 1956-ലെ ഡാർട്മൗത് ശിൽപ്പശാലയ്ക്കും ഒക്കെ ശേഷം, എൺപതുകളിൽ നിർമ്മിതബുദ്ധി വ്യാവസായികമായി പരീക്ഷിക്കാവുന്നതാണെന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഡിജിറ്റൽ സിസ്റ്റങ്ങളുടെ ആഗമനത്തോടെയാണ്. 1997 ആകുമ്പോഴേക്കും ഐ.ബി.എം ഡീപ് ബ്ലൂ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ തോൽപ്പിക്കുന്ന സ്ഥിതിയിലെത്തുന്നുണ്ട്. 2016-ൽ വ്യക്തികളുടെ ചുണ്ടനക്കം മനസ്സിലാക്കി 93.4 ശതമാനം കൃത്യതയോടെ വാക്കുകൾ തിരിച്ചറിയാൻ യന്ത്രബുദ്ധിക്കു കഴിയുന്നു. 2022-ൽ ചാറ്റ് ജി പി റ്റി തയ്യാറാകുന്നു.

ഗാരി കാസ്പറോവ്
ഗാരി കാസ്പറോവ്

വിവിധ ലോകഭാഷകളിലേക്കു വിവർത്തനം ചെയ്യാൻ ശേഷിയുള്ള നിരവധി യന്ത്രങ്ങൾ ഇപ്പോൾ ലഭ്യമാണ്. നിർമ്മിതബുദ്ധിയുടെ അൽഗൊരിതങ്ങൾക്ക് വിവിധ ഭാഷാരൂപങ്ങളെ നിർമ്മിക്കാൻ കഴിയുന്നു. ഡിജിറ്റൽ വ്യവസ്ഥയുടെയും അവയെ ആധാരമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെയും ആഗമനമാണ് കൃത്രിമബുദ്ധിയെ കുറിച്ചുള്ള ഗവേഷണങ്ങളെയും നന്നായി ഉണർത്തിയത്. ഇതിന്റെ അർത്ഥം, ക്വാണ്ടം കമ്പ്യൂട്ടറുകൾ സാദ്ധ്യമായാൽ കൃത്രിമബുദ്ധി ഗവേഷണം കൂടുതൽ ഊർജ്ജസ്വലമാകുമെന്നാണ്. 0,1 എന്നിങ്ങനെ രണ്ട് അവസ്ഥകളിൽ മാത്രം നിലനില്ക്കുന്ന ഇപ്പോഴത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി ക്വാണ്ടം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ കഴിയുമെന്നു കരുതപ്പെടുന്ന ക്യൂബിറ്റുകൾക്ക് ഈ രണ്ട് അവസ്ഥകളോടൊപ്പം ഇവയുടെ സംഘടിതാവസ്ഥകളിലും നിലനില്ക്കാൻ കഴിയും. സംഘടിതാവസ്ഥകളോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന സാദ്ധ്യതയാണ് കൂടുതൽ പ്രവർത്തനക്ഷമമായ അൽഗൊരിതങ്ങളെ നിർമ്മിക്കുന്നതിന് ക്വാണ്ടം കമ്പ്യൂട്ടറുകളെ പ്രാപ്തമാക്കുന്നത്.

കൃത്രിമബുദ്ധിയുടെ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മനുഷ്യനെ പിന്തള്ളുന്ന ബുദ്ധിയന്ത്രത്തെ നിർമ്മിക്കുമോയെന്നും മനുഷ്യരാശിയെ ഇത് എങ്ങനെ ബാധിക്കുമെന്നുമുള്ള ആശങ്കകളേയും ഉൽക്കണ്ഠകളേയും സൃഷ്ടിക്കുന്നുണ്ട്. ഈ വർഷത്തെ നോബൽ സമ്മാനജേതാവായ ജെഫ്രി ഹിന്റൺ മാത്രമല്ല, മനുഷ്യനേക്കാളും ബുദ്ധിയുള്ളതായി എഐ മാറുമെന്ന് മറ്റു പല വിദഗ്ദ്ധരും ഇപ്പോൾ കരുതുന്നുണ്ട്. ഗോഡൽ തിയറം ഇതിനു മറുപടി പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. മുഴുവൻ ഗണിതസത്യങ്ങളേയും സമ്പൂർണ്ണ ഭൗതികയാഥാർത്ഥ്യത്തേയും അറിയുന്ന സർവ്വജ്ഞനായ, സർഗ്ഗധനരായ മനുഷ്യർക്കു സമാനനായ ഒരു യന്ത്രം സാദ്ധ്യമാണെന്ന റസ്സൽ- വൈറ്റ്‌ഹെഡ് - ഹിൽബർട്ട് പദ്ധതിയെ പ്രതിരോധിക്കുന്ന ഒരു ബൗദ്ധിക ഇടപെടലാണ് കുർട് ഗോഡൽ നടത്തിയത്. മനുഷ്യന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്ന അതിശയയന്ത്രം അസാദ്ധ്യമാണെന്ന് ഗോഡൽ സിദ്ധാന്തം (Gödel Theorem) പ്രഖ്യാപിക്കുന്നു. സംഖ്യാശാസ്ത്രത്തിനായി റസ്സലും വൈറ്റ്‌ഹെഡും ചേർന്ന് വികസിപ്പിച്ചെടുത്തതു പോലുള്ള നിയാമക വ്യൂഹങ്ങളിൽ അവയുടെ സ്വയംസിദ്ധ പ്രമാണ (axioms) ങ്ങൾക്ക് നിശ്ചയിക്കാനോ തെളിയിക്കാനോ കഴിയാത്ത പ്രമേയങ്ങൾ രൂപീകരിക്കപ്പെടാമെന്ന് ഗോഡൽ സിദ്ധാന്തം പറയുന്നു. സുഭദ്രവും സ്വയംസിദ്ധവുമായ പ്രമാണ (Axioms) ങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന എല്ലാ വ്യൂഹങ്ങൾക്കും തീർച്ച പറയാനാവാത്ത പ്രമേയങ്ങളുണ്ടായിരിക്കും.

കുർട് ഗോഡൽ
കുർട് ഗോഡൽ

പരിമിതമായ ചില സ്വയംസിദ്ധ പ്രമാണങ്ങളെ ആസ്പദമാക്കുന്ന ഒരു കമ്പ്യൂട്ടറിന് ഒരിക്കലും മാനവിക ധിഷണയോളം മിടുക്കു കാണിക്കാൻ കഴിയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. സർവ്വജ്ഞനായ ഒരു യന്ത്രത്തെ ഗോഡൽ പരിചയപ്പെടുന്നുവെന്നു കരുതുക. ഗോഡൽ ആ യന്ത്രത്തോട് അതിന്റെ പ്രോഗ്രാമുകൾ ആവശ്യപ്പെടുന്നു. ഈ യന്ത്രം ഒരു പ്രാമാണികവ്യൂഹ (Formal system) മായതിനാൽ അതിന്റെ പ്രോഗ്രാമുകൾ (®) സങ്കീർണ്ണമാണെങ്കിൽ തന്നെയും അനന്ത (Infinite) മായിരിക്കുകയില്ല, പരിമിത (Finite) മായിരിക്കും.

ഗോഡൽ അതിന്റെ പ്രോഗ്രാമുകൾ പരിശോധിക്കുകയും ഒരു പ്രസ്താവന എഴുതുകയും ചെയ്യുന്നു. ‘®’ എന്ന പ്രോഗ്രാം അനുസരിച്ച് പ്രവർത്തിക്കുന്ന ഈ യന്ത്രം ഈ പ്രസ്താവന സത്യമാണെന്നു പറയില്ല. താൻ എഴുതിയ പ്രസ്താവന സത്യമാണോയെന്ന് ഗോഡൽ യന്ത്രത്തിനോട് ചോദിക്കുന്നു. ഇതിന് ഉത്തരം പറയാൻ യന്ത്രത്തിനു കഴിയില്ല. ഗോഡൽ എഴുതിയ പ്രസ്താവന സത്യമാണെന്നു പറയുന്ന യന്ത്രം സ്വയം ഖണ്ഡിക്കുകയാണല്ലോ ചെയ്യുന്നത്. ഇവിടെ എപിമെനഡിസ് വിരോധാഭാസത്തെ (Epimenedis Paradox) സമർത്ഥമായി ഉപയോഗിക്കുകയാണ് ഗോഡൽ ചെയ്യുന്നത്. (എപിമെനഡിസ് ക്രീറ്റിൽ ജീവിച്ചിരുന്നയാളാണ്. ഒരു ക്രീറ്റനായ അദ്ദേഹത്തിന്റെ എല്ലാ ക്രീറ്റന്മാരും നുണയന്മാരാണ് എന്ന പ്രസ്താവന ശരിയാണോ തെറ്റാണോയെന്ന് തെളിയിക്കുക അസാദ്ധ്യമാണ്. ഇതാണ് Epimenedis paradox എന്നറിയപ്പെടുന്നത്.) യന്ത്രത്തിനു പറയാൻ കഴിയാത്ത സത്യം ഗോഡലിന് അറിയാം. ഒരു യന്ത്രത്തിനും മനുഷ്യനോളം മിടുക്കു കാണിക്കാൻ കഴിയില്ല. ഏതു പ്രാമാണികവ്യൂഹവും എത്രമേൽ സങ്കീർണ്ണമാണെങ്കിലും അപൂർണ്ണമായിരിക്കുമെന്നാണ് ഗോഡൽ സിദ്ധാന്തം പറയുന്നത്.

സൈദ്ധാന്തികമായി ശരിയായിരിക്കുമ്പോഴും നമ്മുടെ ഇപ്പോഴത്തെ ആശങ്കകളെയും ഉൽക്കണ്ഠകളെയും അതു ശമിപ്പിക്കുന്നുണ്ടോയെന്നത് സന്ദേഹകരമായിട്ടാണ് അനുഭവപ്പെടുന്നത്. മെഷീൻ ലേണിങ് എന്തെല്ലാം സാദ്ധ്യതകളെ തുറന്നേക്കാം! ലഭ്യമായ എല്ലാ ജ്ഞാനവും അറിയുന്നവരും ഏറ്റവും മിടുക്കരും ധിഷണാശാലികളുമായ മനുഷ്യരെ തോൽപ്പിക്കുന്ന യന്ത്രത്തെ നിർമ്മിക്കുക അസാദ്ധ്യമായിരിക്കുമെന്നത് ശരിയായിരിക്കുമെങ്കിലും ശരാശരി മനുഷ്യരെ പരിഭ്രമിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ സാദ്ധ്യമായേക്കില്ലേ? ലഭ്യമായ എല്ലാ ജ്ഞാനവും അറിയുന്ന സർവ്വജ്ഞാനിയായ ഒരു മനുഷ്യൻ നമുക്കിടയിലുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കിടയിൽ എഐ സാങ്കേതികവിദ്യകളെ മനുഷ്യർ ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള സാന്മാർഗ്ഗിക എഐയും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത്തരം ശ്രമങ്ങൾ കൊണ്ടുമാത്രം ലാഭതാൽപ്പര്യങ്ങളെ മാത്രം മുന്നിൽ കാണുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിതമാകുമോ?

ജോൺ ഹോപ്പ്ഫീൽഡ്
ജോൺ ഹോപ്പ്ഫീൽഡ്

ഭൗതികശാസ്ത്രത്തിലെ ഈ വർഷത്തെ നോബൽ സമ്മാന ജേതാക്കൾ മെഷീൻ ലേണിംഗിന്റെ അടിസ്ഥാനരീതികൾ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്രത്തിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിച്ചവരാണ്. നോബൽ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ അവരുടെ സംഭാവനകളെ കുറിച്ചു വിശദീകരിക്കുന്നുണ്ട്. ജോൺ ഹോപ്പ്ഫീൽഡ് ഒരു അനുബന്ധ മെമ്മറി സൃഷ്ടിച്ചു, അതിന് ഡാറ്റയിൽ ചിത്രങ്ങളും മറ്റ് തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമ്മിക്കാനും കഴിയും. ഡാറ്റയിൽ സ്വയമേവ സവിശേഷഗുണങ്ങളുള്ളവയെ കണ്ടെത്താനും ചിത്രങ്ങളിലെ സവിശേഷഘടകങ്ങൾതിരിച്ചറിയുന്നതിനും കഴിയുന്ന ഒരു രീതി ജെഫ്രി ഹി്ന്റൺ കണ്ടുപിടിച്ചു. ഈ പുരസ്‌കാര ജേതാക്കൾ 1980 മുതൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സുപ്രധാന പ്രവർത്തനങ്ങൾ നടത്തിയവരാണ്. ഇവരുടെ സാങ്കേതികവിദ്യ മനുഷ്യരുടെ തലച്ചോറിന്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. തലച്ചോറിന്റെ ന്യൂറൽ ശൃംഖല നിർമ്മിച്ചിരിക്കുന്നത് ജീവനുള്ള കോശങ്ങൾ, ന്യൂറോണുകൾ എന്നിവ കൊണ്ടാണ്. സിനാപ്‌സുകൾ വഴി ന്യൂറോണുകൾക്ക് പരസ്പരം സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. പഠനത്തിനും മറ്റും നാം മസ്തിഷ്‌ക്കം ഉപയോഗിക്കുമ്പോൾ ചില ന്യൂറോണുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയും മറ്റുള്ളവ ദുർബലമാവുകയും ചെയ്യുന്നു. മെഷീൻ ലേണിംഗിനു വേണ്ടി കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്ന പ്രവർത്തനമാണ് സമ്മാനജേതാക്കളായ ശാസ്ത്രജ്ഞർ ഏറ്റെടുത്തത്. ഒരു സവിശേഷമൂല്യം ഉപയോഗിച്ച് കോഡ് ചെയ്ത നോഡുകളിൽ നിന്നാണ് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ നിർമ്മിച്ചിരിക്കുന്നത്. നോഡുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. നെറ്റ്‌വർക്ക് പ്രവർത്തിക്കുമ്പോൾ, സജീവമായ നോഡുകൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തി പ്രാപിക്കുന്നു, അല്ലെങ്കിൽ അത് ദുർബലമാകും.

ഇപ്പോൾ തന്നെ മനുഷ്യജീവിതത്തിന്റെ മിക്കവാറും മേഖലകളേയും സ്വാധീനിച്ചു കഴിഞ്ഞ നിർമ്മിതബുദ്ധി 2050 ആകുമ്പോഴേക്കും മനുഷ്യബുദ്ധിയെ മറികടന്നേക്കുമെന്ന പ്രവചനങ്ങളുണ്ടായിട്ടുണ്ട്. 2013-ൽ ഗൂഗിളിന്റെ എ ഐ വിഭാഗത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ജെഫ്രി ഹിന്റൺ പത്തുവർഷത്തിനുശേഷം ഗൂഗിൾ വിടുന്നതായി പ്രഖ്യാപിച്ചു. എ.ഐ ഗുരുതരമായ ഭവിഷ്യത്ഫലങ്ങൾ സൃഷ്ടിച്ചേക്കുമെന്നും തന്റെ ചില പ്രവർത്തനങ്ങളിൽ താൻ ഖേദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോബൽസമ്മാന പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലും ജെഫ്രി ഹിന്റൺ തന്റെ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരുടെ ബൗദ്ധികശേഷിയെ അഭിവൃദ്ധിപ്പെടുത്തുകയും ഉൽപ്പാദനക്ഷമതയിൽ പുരോഗതിയുണ്ടാകുകയും ചെയ്‌തേക്കാമെങ്കിലും നമ്മളേക്കാളും സാമർത്ഥ്യമുള്ളവയെ കുറിച്ച് അനുഭവങ്ങളില്ലാത്ത മനുഷ്യരാശി അനന്തരഫലങ്ങളെ കുറിച്ചു ആശങ്കപ്പെടേണ്ടതാണെന്ന് ഹിന്റൺ പറയുന്നു. നിർമ്മിതബുദ്ധി നിയന്ത്രണാതീതമായാൽ ഉണ്ടാകാവുന്ന ഭീഷണികൾ പ്രവചനാതീതമാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ തുടർച്ചകൾ മനുഷ്യരാശിയെ എങ്ങോട്ടേക്കാവും കൊണ്ടുപോകുക?


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More


Summary: Digital Media influence in human life, V Vijayakumar examines how technology change Kerala in truecopy 200th edition webzine being digital, digital being.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments