പി. പ്രേമചന്ദ്രൻ

ഡിജിറ്റൽ പ്ലാറ്റ്ഫോം സാധ്യമാക്കിയ
പ്രതിഷേധങ്ങൾ, സമരങ്ങൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ചില നയവ്യതിയാനങ്ങളും വിദ്യാർഥിവിരുദ്ധ നടപടികളും ബ്യൂറോക്രാറ്റിക് അട്ടിമറികളും ഏറ്റെടുക്കുകയും ചർച്ചയാക്കുകയും തിരുത്തലുകൾക്ക് ഭരണകൂടത്തെ​നിർബന്ധിതമാക്കുകയും ചെയ്ത ഒരു സമരാനുഭവത്തെക്കുറിച്ചാണ് പി. പ്രേമചന്ദ്രൻ എഴുതുന്നത്. ആ സമരപ്രവർത്തനത്തിന് പ്ലാറ്റ്ഫോം ഒരുക്കിയത് ട്രൂകോപ്പി തിങ്കാണെന്നും അത്തരമൊരു ഇടപെടൽ സാധ്യമാക്കിയത് ഡിജിറ്റൽ ലോകമാണെന്നും അദ്ദേഹം എഴുതുന്നു.

ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രസിദ്ധീകരണം, പ്രകാശനം, പ്രചാരണം ഇവയുടെ അനന്തസാധ്യതകളിൽ ചിലതിനെയെങ്കിലും പ്രയോജനപ്പെടുത്താൻ സാധിച്ച ഒരാൾ എന്ന നിലയിലാണ് ഞാൻ ഈ ലേഖനം എഴുതുന്നത്. വ്യക്തിപരമായി ചില പ്രയാസങ്ങൾ അതിലെ പ്രകാശനങ്ങൾ ഉണ്ടാക്കിയെങ്കിലും അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് അവയെ ഇന്നും പ്രധാനപ്പെട്ടതായി വിചാരിക്കാനുള്ള കാരണവും. അവയുണ്ടാക്കിയ പൊതുധാരണകൾ, കൂട്ടായ്മകൾ, പ്രത്യക്ഷമായ ചില പ്രതികരണങ്ങൾ, സാമൂഹികമായ ഫലങ്ങൾ എന്നിവ അവിശ്വസനീയമായിരുന്നു.

ഒരർത്ഥത്തിൽ ഡിജിറ്റൽ മാധ്യമങ്ങൾ പ്രധാനമാകുന്നത് വിഷയത്തിന്റെ ഏറ്റവും അടുത്ത നിമിഷം അത് പൊതുസമൂഹത്തിൽ ശക്തമായി എത്തിക്കാൻ സാധ്യമാകുന്നു എന്നിടത്താണ്.

ചില ഉദാഹരണങ്ങളെ മുൻനിർത്തി പറയാം.

'മലയാളത്തിന്റെ വേരുവെട്ടുന്ന കേരള പി എസ് സി' എന്ന ശീർഷകത്തിൽ ട്രൂകോപ്പി തിങ്കിൽ 2020 ആഗസ്ത് 26 ന് എഴുതിയ ലേഖനം ഓർക്കുകയാണ്. പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ച ഒരു പത്രവാർത്ത ഒരു സുഹൃത്ത് അയച്ചുതന്നതിൽ നിന്നാണ് ആ ലേഖനം രൂപപ്പെടുന്നത്. അടുത്ത് നടക്കാനിരിക്കുന്ന എൽ പി / യു പി അധ്യാപക നിയമന പരീക്ഷകളിൽ മലയാളം ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കപ്പെടുന്നു എന്നതാണ് ഒറ്റ കോളത്തിലുള്ള ആ ചെറു പ്രാദേശികവാർത്തയിലുണ്ടായിരുന്നത്. ആ വാർത്ത എന്നെ സംബന്ധിച്ച് കേവലം ഒരു വാർത്ത മാത്രമായിരുന്നില്ല. വൈകാരികമായും അക്കാദമികമായും ഒരുപാട് അസ്വസ്ഥ്യങ്ങൾ അതുണ്ടാക്കി. പ്രൈമറി ക്ലാസുകളിലെയടക്കം പാഠപുസ്തകനിർമ്മിതിയിൽ നേരത്തെ ഉണ്ടായിരുന്നു. എത്രമാത്രം ശ്രദ്ധാപൂർവ്വമാണ് അവിടുത്തെ ഭാഷാപാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത് എന്നത് അറിയാമായിരുന്നു. ഉചിതമായ രചനകൾക്കും പ്രവർത്തനങ്ങൾക്കുമായി ദിവസങ്ങളോളം പലതലങ്ങളിൽ അലഞ്ഞിട്ടുണ്ട്. നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. എഴുതിയും മാറ്റിയെഴുതിയും പലവട്ടം ചർച്ച ചെയ്തുമാണ് അതിലെ ഓരോ പ്രവർത്തനങ്ങളും വാക്കുകളും അംഗീകരിക്കുക. മികച്ച ഭാഷാശേഷിയുള്ള അധ്യാപകർക്കേ അത് സമർത്ഥമായി കുട്ടികളിലേക്ക് വിനിമയം ചെയ്യാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള അധ്യാപകരെ കണ്ടെത്താനുള്ള ഒരു പരീക്ഷയിലാണ് ഒരു വിഷയം എന്ന നിലയിൽ മലയാളം ഒഴിവാക്കപ്പെടുന്നത്.

അതുണർത്തിയ വ്യക്ത്യനുഭവങ്ങളും വലുതാണ്. മലയാളം ബിരുദ- ബിരുദാനന്തരബിരുദങ്ങളം അധ്യാപക പരിശീലനവും നേടിയ ഞങ്ങൾ അക്കാലത്ത് പറഞ്ഞുകേട്ട സന്തോഷങ്ങളിൽ ഒന്ന് മലയാളം മെയിൻ എടുത്ത് പഠിച്ചവർക്കേ പ്രൈമറി അധ്യാപകരാകാൻ കഴിയൂ എന്നാണ്. കാരണം പ്രൈമറി അധ്യാപകനിയമന പരീക്ഷയിൽ അക്കാലത്ത് 60 ശതമാനത്തോളം ചോദ്യങ്ങൾ ഉണ്ടാവുക മലയാള ഭാഷ, സാഹിത്യം, സംസ്കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ടാണ്.

'മലയാളത്തിന്റെ വേരുവെട്ടുന്ന കേരള പി എസ് സി' എന്ന ശീർഷകത്തിൽ ട്രൂകോപ്പി തിങ്കിൽ 2020 ആഗസ്ത് 26 ന് എഴുതിയ ലേഖനം ക്ലിക്ക് ചെയ്ത് വായിക്കാം
'മലയാളത്തിന്റെ വേരുവെട്ടുന്ന കേരള പി എസ് സി' എന്ന ശീർഷകത്തിൽ ട്രൂകോപ്പി തിങ്കിൽ 2020 ആഗസ്ത് 26 ന് എഴുതിയ ലേഖനം ക്ലിക്ക് ചെയ്ത് വായിക്കാം

കാരണം അക്കാദമികമാണ്. ഇന്റഗ്രേറ്റഡ് അഥവാ ഉദ്ഗ്രഥിതമായ സമീപനമാണ് പ്രൈമറി ക്ലാസുകളിൽ ഡി പി ഇ പി വരുന്നതിനും മുൻപും ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസിൽ ഒറ്റപ്പുസ്തകം മാത്രം. കേരള പാഠാവലി. അതിലൂടെയാണ് കുഞ്ഞുങ്ങൾ ശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പ്രാഥമിക പാഠങ്ങൾ പഠിക്കുക. ഒരു നാടൻപാട്ടിന്റെയോ കവിതയുടെയോ ചില്ലയിൽ നിന്ന് ഗണിതത്തിലെക്കും പരിസരപഠനത്തിലേക്കും കയറിപ്പോകാം. ഒരു കഥയുടെ പടവിലിരുന്ന് ശാസ്ത്രത്തിന്റെ ഒഴുക്കിലേക്ക് കാലുനീട്ടാം. അപ്രകാരം മുൻ ചോദ്യമാതൃകകൾ പരിചയപ്പെട്ടും പഠിച്ചും പോയ ഞങ്ങൾ കണ്ടത് ഞെട്ടിക്കുന്ന ഒരു ചോദ്യപ്പേപ്പറായിരുന്നു. 60 ശതമാനത്തോളം ഉണ്ടായിരുന്ന ഭാഷാചോദ്യങ്ങൾ ഒറ്റയടിക്ക് 20 ശതമാനമായി കുറച്ചിരിക്കുന്നു. ശാസ്ത്രവും പൊതുവിജ്ഞാനവും ഗണിതവും ഇംഗ്ലീഷും മറ്റും കയറിവന്നിരിക്കുന്നു.

എനിക്ക് പി എസ് സി പരീക്ഷയുണ്ടായിരുന്നത് കല്യാശ്ശേരി ഗവ. സ്കൂളിലാണ്. ആകെ അറിയുന്ന കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരമെഴുതി, ക്ലാസ് മുറിയിൽ ഇൻവിജിലേറ്ററായി നിൽക്കുന്ന അധ്യാപകന്റെ എതിർപ്പുപോലും വകവെയ്ക്കാതെ ഇറങ്ങിവന്ന ഓർമ ഇപ്പോഴും ഉണ്ട്. അന്നുണ്ടായിരുന്ന 20 ശതമാനമാണ് പതുക്കെ പത്തു ശതമാനമായും ഒടുവിൽ ഒരു ചോദ്യംപോലും ഭാഷയുമായോ അതിന്റെ ഉന്നതമായ സാഹിത്യസമ്പത്തുമായോ ഇല്ലാതെ, മാതൃഭാഷാവഗണനയുടെ കൊടിയടയാളമായി കേരളത്തിലെ പാഠ്യപദ്ധതി സമീപനത്തെയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനാദർശങ്ങളുടെയും ബലികഴിച്ച്, ഇവിടെ വീണ്ടും വീണ്ടും നടപ്പിലാക്കിയിരുന്നത്.

അതു വായിച്ച വൈകാരികമായ പ്രതികരണമായിരുന്നു ‘വേരുവെട്ടുന്ന പി എസ് സി’ എന്ന ലേഖനം. ആ ലേഖനം കേരളത്തിൽ വലിയ ചർച്ചയായിത്തീർന്നു. തുടർന്ന് ഫേസ്ബുക്കിൽ 'മലയാളത്തിന്റെ വേരറുക്കാൻ കേരളാ പി എസ് സി യെ അനുവദിക്കില്ല' എന്ന പ്രൊഫൈൽ പിക്ചറും തയ്യാറാക്കി. അതും അനവധിപേർ അണിഞ്ഞു. അതോടെ അതൊരു വലിയ ഭാഷാവിഷയമായി ഉയർന്നുവന്നു. മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും ആ സമരം ഏറ്റെടുത്തു. പ്രത്യക്ഷമായ ഒരു സമരം ആ കോവിഡ് കാലത്ത് അസാധ്യമായിരുന്നു. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള സമരമാണ് ആസൂത്രണം ചെയ്തത്.

പെട്ടെന്ന് പ്രതികരിക്കാനും വ്യാപകമായി പ്രചരിപ്പിക്കാനും അവയുടെ കോപ്പികൾ എടുക്കാനും വീണ്ടും നിരവധി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുമുള്ള ഡിജിറ്റൽ കാലത്തിന്റെ സാധ്യതയാണ്, പുതിയകാലത്ത് മറ്റൊരുവിധത്തിലും നേടിയെടുക്കാൻ കഴിയാത്ത ആ സമരവിജയത്തെ സാധ്യമാക്കിയത്.

ഓൺലൈനിൽ ഒപ്പശേഖരണത്തിനുള്ള വെബ്പേജുകൾ തയ്യാറാക്കുകയും വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ 35,000 ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞു. മാത്രമല്ല, എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, വി. മധുസൂദനൻനായർ, എം. മുകുന്ദൻ, പ്രൊഫ എം. ലീലാവതി, സി വി ബാലകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാളത്തിന്റെ പ്രിയ എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരും സാമൂഹിക- സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ആ പ്രതിഷേധത്തിൽ പങ്കുചേർന്നു. ആ നിവേദനം മുഖ്യമന്ത്രിയുടെ മുന്നിൽവരാതിരിക്കാൻ ഉദ്യോഗസ്ഥർ ആവതും ശ്രമിച്ചു. വീണ്ടും ഓൺലൈനിൽ പ്രതിഷേധങ്ങളും പ്രചാരണങ്ങളും ഉണ്ടായി. എസ് സി ഇ ആർ ടി, ഔദ്യോഗിക ഭാഷാവകുപ്പ്, ഭരണവകുപ്പ് തുടങ്ങി എല്ലായിടത്തുനിന്നും ഇതുസംബന്ധിച്ച പഠനറിപ്പോർട്ടുകൾ വരികയും ഒരു വർഷത്തിനകം, മലയാളത്തിൽനിന്ന് പത്തുശതമാനം ചോദ്യങ്ങൾ ഉൾപ്പെടുത്തി എൽ പി / യു പി ചോദ്യമാതൃകകൾ പുതുക്കുകയും ചെയ്തു. എൽ പി / യു പി പരീക്ഷാചോദ്യങ്ങളിൽ നിന്ന് മലയാളം അറുത്തുമാറ്റപ്പെട്ട് 24 വർഷത്തിനുശേഷം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ സമരത്തിന്റെ വിജയമായിരുന്നു അത്. പെട്ടെന്ന് പ്രതികരിക്കാനും വ്യാപകമായി പ്രചരിപ്പിക്കാനും അവയുടെ കോപ്പികൾ എടുക്കാനും വീണ്ടും നിരവധി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുമുള്ള ഡിജിറ്റൽ കാലത്തിന്റെ സാധ്യതയാണ്, പുതിയകാലത്ത് മറ്റൊരുവിധത്തിലും നേടിയെടുക്കാൻ കഴിയാത്ത ആ സമരവിജയത്തെ സാധ്യമാക്കിയത്.

മറ്റൊരു ഡിജിറ്റൽ ഇടപെടൽ ഫോക്കസ് ഏരിയാ വിഷയത്തിലാണുണ്ടായത്.

ഫോക്കസ് എരിയയ്ക്ക് പുറത്തുനിന്നുള്ള 30 ശതമാനം ചോദ്യങ്ങൾക്കുകൂടി ഉത്തരമെഴുതിയാൽ മാത്രമേ പൊതുവിദ്യാലയത്തിലെ എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ബി പ്ലസ്‌ഗ്രേഡിനു മുകളിൽ നൽകേണ്ടതുള്ളൂ എന്ന തീരുമാനം പരീക്ഷാ ചോദ്യപ്പേപ്പർ നിർമ്മാണ ശില്പശാലയിൽ വെച്ച് നിഗൂഢമായി എടുക്കപ്പെടുന്നു. വലിയ പ്രതിഷേധം അതിൽ പങ്കെടുക്കുന്ന അധ്യാപകർക്കുണ്ടായെങ്കിലും ആർക്കും ഒരുവാക്ക് ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടില്ല. ആ വാർത്ത അർഹിക്കുന്ന ഗൗരവത്തോടെ കേരളത്തെ അറിയിച്ചത് 2022 ജനുവരി 15 ന് ട്രൂകോപ്പിയിൽ എഴുതിയ ലേഖനത്തിലൂടെയാണ്. പ്രധാന പാഠഭാഗങ്ങളും ഉള്ളടക്കങ്ങളും ആശയങ്ങളും ഉൾപ്പെടുത്തി നേരത്തെതന്നെ 60 ശതമാനം ഫോക്കസ് ഏരിയ നിശ്ചയിച്ചിരുന്നു. വളരെ ചുരുങ്ങിയ അക്കാദമിക മണിക്കൂറുകൾ മാത്രം ലഭിച്ച ആ വർഷം നിർദ്ദേശിച്ച പാഠഭാഗങ്ങളിലൂടെ കടന്നുപോകാൻ തന്നെ കുട്ടികളും അധ്യാപകരും അത്രമാത്രം പ്രയാസപ്പെട്ടിരുന്നു. പരീക്ഷയുടെ അവസാന മണിക്കൂറിലാണ് എസ് സി ഇ ആർ ടി യെ പ്പോലും മറികടന്നും ഒരു അക്കാദമികബോഡിയുടെയും അനുവാദമില്ലാതെയും ഈ മാറ്റം ഉന്നതരായ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ സമ്മർദ്ദഫലമായി നടപ്പിലാക്കേണ്ടിവന്നത്.

അതിനു തൊട്ടുമുൻപായിരുന്നു ഞാൻ അന്ന് പഠിപ്പിച്ചിരുന്ന പയ്യന്നൂർ ഗവ. ഗേൾസ് സ്കൂളിലെ രക്ഷാർത്താക്കൾക്കും കുട്ടികൾക്കും പരീക്ഷയെ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്നതിനും കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ ചേർത്തുനിർത്തുന്നതിനുമായി ക്ലാസുകൾ നൽകിയത്. ഫോക്കസ് ഏരിയയെക്കുറിച്ചും നേരത്തെ പുറത്തുവന്നിരുന്ന ചോദ്യഘടനയെക്കുറിച്ചും അവരെ ബോധ്യപ്പെടുത്താനായി ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. (തൊട്ടു മുൻവർഷം കോവിഡിന്റെ മൂർദ്ധന്യത്തിൽ നമ്മൾ പരീക്ഷ നടത്തുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനായി ട്രൂകോപ്പിയിൽ തന്നെ അവരെ പ്രചോദിപ്പിക്കും വിധം എഴുതിയിരുന്നു).
അപ്പോഴാണ് സ്കൂളിലെ ഒരു ഗ്രൂപ്പിൽ ആരോ ഇട്ട ഒരു ബ്ലൂപ്രിന്റിന്റെ ഒരു ഭാഗം കാണുന്നത്. എന്തെന്നോ എന്തിന്റെയെന്നോ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. നേരത്തെ നിരവധിതവണ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പൊതുപരീക്ഷകൾക്ക് ചോദ്യങ്ങൾ ഉണ്ടാക്കിയതിന്റെ വെളിച്ചത്തിലാണ് അതിലെ മാരകമായ അപകടങ്ങളെ ഡീ കോഡ് ചെയ്യാൻ സാധിച്ചത്. അക്കൊല്ലവും വിളിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ പോയിരുന്നില്ല.

പ്രതികരിക്കാനും പ്രതിഷേധിക്കാനും സ്വന്തം സോഷ്യൽ മീഡിയ ചുവരുകൾക്കപ്പുറം ഒരു മാധ്യമത്തിന്റെ ഉറപ്പുള്ള പിൻബലത്തോടെ, വസ്തുനിഷ്ഠമായി അതുന്നയിക്കുക എന്നത് പ്രധാനമാണ്.

അത് സ്കൂളിലെ അധ്യാപകരോട് വിനിമയം ചെയ്തപ്പോൾ ആരും വിശ്വസിച്ചില്ല. ചിലർ കളിയാക്കി. ആധികാരികമായ ചില കേന്ദ്രങ്ങളിൽ വിളിച്ചന്വേഷിച്ചപോൾ, പാറ്റേൺ പേടിച്ചതുതന്നെയായിരുന്നു. ഫോക്കസ് എരിയ മാത്രം പഠിച്ചുപോകുന്ന കുട്ടികൾക്ക് ബി ഗ്രേഡ് മാത്രം. വൈകാരികമായി ഒരു വിറയലായിരുന്നു അപ്പോൾ. ഉടൻ ലാപ്പ് തുറന്ന് അതിനെതിരെ അതിശക്തമായി എഴുതി. ട്രൂകോപ്പിയിൽ വിളിച്ച്, ഏതാനും മിനിട്ടുകൾക്കകം ഇത് പ്രസിദ്ധീകരിക്കണം എന്നഭ്യർത്ഥിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ ലേഖനം പ്രസിദ്ധീകരിച്ചു. അത് ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു; പത്തിലേയും പന്ത്രണ്ടിലേയും പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്തുലക്ഷത്തോളം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കേരളത്തിലെ പൊതുവിദ്യാലയത്തിലെ അധ്യാപകർക്കും.
അത് പലതരം മാധ്യമങ്ങളിലൂടെ മണിക്കൂറുകൾക്കകം കേരളമാകെ എത്തിയിരുന്നു. പ്രധാന പത്രങ്ങളെല്ലാം തുടർദിവസങ്ങളിൽ മുഖപ്രസംഗങ്ങൾ എഴുതി. മന്ത്രി പത്രക്കാരുടെ ചോദ്യങ്ങൾക്ക് "അധ്യാപകർ പഠിപ്പിച്ചാൽ മതി" എന്ന കുപ്രസിദ്ധമായ വാക്യം പറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥരെ ന്യായീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ ഈ അനീതിക്കെതിരെ വിരൽചൂണ്ടുകയും പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇടത് അധ്യാപക, വിദ്യാർത്ഥി സംഘടനകളുടെ മൗനം ചർച്ചയായി.

ചോദ്യഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കിലും ഇടയിലുണ്ടായ പ്രാക്റ്റിക്കൽ പരീക്ഷകൾ മാറ്റിവെച്ച് കൂടുതൽ അധ്യയന ദിവസങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഫോക്കസ് ഏരിയയുടെ പുറത്തുനിന്നുള്ള പാഠഭാഗങ്ങളും പരിചയപ്പെടാൻ അപ്പോൾ കുട്ടികൾക്ക് അവസരമുണ്ടായി. ചോദ്യനിർമ്മാണത്തിൽ ഫോക്കസ് എരിയയ്ക്ക് പുറത്തുനിന്ന് താരതമ്യേനെ ലളിതമായ പൊതുചോദ്യങ്ങൾ ഉൾപ്പെടുത്താൻ അധ്യാപകർ ജാഗ്രത കാണിച്ചു. ഇതെല്ലാം കൊണ്ട് വലിയ പോറലേൽക്കാതെ കുട്ടികൾ സ്കോറുകൾ കരസ്ഥമാക്കി. എങ്കിലും ഏതാനും മാസങ്ങൾക്കകം വിദ്യാഭ്യാസവകുപ്പിന്റെ ശിക്ഷാനോട്ടീസുകൾ ലഭിച്ചു. ഈ വിഷയത്തിലും ട്രൂകോപ്പി അക്കാദമിക വിമർശനത്തിനുള്ള സ്വാതന്ത്ര്യത്തിനൊപ്പം അടിയുറച്ചു നിന്നു. നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എഡിറ്റോറിയലുകൾ പുറത്തിറക്കി. മാത്രമല്ല, അപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളിൽ അക്കാദമിക വിഷയത്തിലെ പ്രതികരണത്തിന് പ്രതികാരബുദ്ധിയോടെയുള്ള ഒരിടതുപക്ഷ സർക്കാരിന്റെ ഫാഷിസ്റ്റ് രീതിയിലുള്ള ശിക്ഷാനടപടികൾക്കെതിരെ വലിയ വിമർശനം ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നുതന്നെ വ്യാപകമായി ഉണ്ടായി. ഈ വിമർശനങ്ങളുടെ ഫലമായി "അധ്യാപകനെതിരെ ഒരു അച്ചടക്കനടപടിയും ഉണ്ടാവില്ലെന്ന്" വിദ്യാഭ്യാസമന്ത്രിക്കുതന്നെ വ്യക്തമാക്കേണ്ടിവന്നു. അതും മറികടന്ന് സർവ്വീസിൽനിന്ന് വിരമിക്കുന്ന ദിവസം 'സെൻഷ്വർ' എന്ന ശിക്ഷ പ്രത്യേക ദൂതൻ വഴി എത്തിച്ചുതന്ന്, സർവ്വീസിൽ ബുക്കിൽ ശിക്ഷിക്കപ്പെട്ടയാൾ എന്ന റിക്കാർഡ് രേഖപ്പെടുത്തി ഉന്നതോദ്യോഗസ്ഥർ തൃപ്തരായി. എങ്കിലും കേരളം ഒന്നാകെ അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ ഈ ഡിജിറ്റൽ പ്രബുദ്ധത വലിയ പിന്തുണയായിരുന്നു.

നിരവധി അക്കാദമിക വിഷയങ്ങൾ ട്രൂ കോപ്പിയിലൂടെ പുറത്തെത്തിക്കാൻ കഴിഞ്ഞ ചെറിയ കാലയളവിൽ സാധിച്ചിട്ടുണ്ട്.

മൂന്നാമതായി ഈ ഡിജിറ്റൽ സാധ്യത പ്രയോജനപെട്ടത് എൻട്രൻസ് പരീക്ഷാ റിസൾട്ട് തയ്യാറാക്കുന്നതിലെ വിവേചനത്തെ ചൂണ്ടിക്കാട്ടുന്നതിലാണ്.

കേരളത്തിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്റ്റ് മുതലായ പ്രൊഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന കീം പരീക്ഷയിൽ പരീക്ഷയെഴുതുന്നത് 65 ശതമനാവും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളാണെങ്കിലും എൻട്രൻസ് റിസൾട്ട് വരുന്ന ആദ്യ ദിനങ്ങളിൽ അവിടങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകർ മുഖം കുനിച്ചാണ് കാലങ്ങളായി നിൽക്കാറുണ്ടായിരുന്നത്. കാരണം, പത്രങ്ങളിൽ ഒന്നാം പേജിലും രണ്ടാം പേജിലും ദിവസങ്ങളോളം വരുന്ന മുഴുപ്പേജ് പരസ്യങ്ങളിൽ പോതുവിദ്യാലയങ്ങളിൽ പഠിച്ച ആരും ഉണ്ടാവാറില്ല. ആദ്യ 100 റാങ്കുകളുടെ കണക്കിലും 500 റാങ്കിന്റെ കണക്കിലും അവർ പിറകിലായിരിക്കും. എന്തുകൊണ്ടാവാമിത് എന്ന അന്വേഷണം കുറച്ചുകാലമായി നടത്തുന്നുണ്ടായിരുന്നു.

ഇക്കുറി എൻട്രൻസ് റിസൾട്ട് വന്ന ദിവസം തന്നെ ഈ വിഷയത്തിലുള്ള സംശയങ്ങൾ ഉന്നയിച്ച് ട്രൂ കോപ്പി തിങ്കിലേഖനം എഴുതി. കേരളത്തിലെ കുഞ്ഞുങ്ങളെ റാങ്കിൽ പിന്നോട്ടടിപ്പിക്കുന്നത് അവർ പഠനത്തിൽ പിന്നാക്കമായതുകൊണ്ടല്ല എന്നും എൻട്രൻസ് കമ്മീഷണറേറ്റ് സി ബി എസ് ഇക്ക് അനുകൂലമായി ഉണ്ടാക്കിയ സ്കോർ സമീകരണം കാരണമാണ് അത് എന്നും ആയിരുന്നു ലേഖനത്തിൽചൂണ്ടിക്കാട്ടിയത്. അക്കാര്യം എടുത്തുകാട്ടി തൊട്ടടുത്ത ദിവസങ്ങളിൽ എൻട്രൻസ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയെ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വന്നു. എൻട്രൻസ് പരീക്ഷയിൽമുഴുവൻ സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മുഴുവൻ സ്കോറും നേടി ഒന്നാം റാങ്കിലോ രണ്ടാം റാങ്കിലോ വരേണ്ട കുട്ടി സ്കോർ സമീകരണത്തിന്റെ ഫലമായി എത്തിയത് 84-ാമത്തെ റാങ്കിൽ.
മാറ്റു കുറവാണ് എന്നതിന്റെ പേരിൽ പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികളുടെ യോഗ്യതാ പരീക്ഷയിലെ 27 സ്കോർ കുറച്ചപ്പോൾ മുന്തിയ മൂല്യത്തിന്റെ പേരിൽ സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് അവർ എഴുതി നേടിയ സ്കോറിനൊപ്പം എട്ടു സ്കോർ കൂട്ടിയും നൽകി. ഈ 35 സ്കോറിന്റെ വ്യത്യാസത്തിലാണ് ഒന്നാം റാങ്കിലെത്തേണ്ട മിടുക്കൻ 84-ലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ടത്. ഈ വിഷയവും കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുത്തു. പ്രതിഷേധങ്ങളും സമരവും നടക്കുന്നു. അധ്യാപക വിദ്യാർത്ഥി സംഘടനകളുടെ മൗനത്തിനെതിരായി സംഘടനകൾക്കുള്ളിൽ വലിയ പ്രതിഷേധസ്വരങ്ങളുയരുന്നു.

ഏറ്റെടുക്കുന്ന വിഷയത്തോട് ഒള്ളുറപ്പോടെ നിൽക്കാനുള്ള ഒരു മാധ്യമത്തിന്റെ സ്ഥൈര്യം ഇന്നത്തെ എഴുത്തിൽ പ്രധാനമാണ്.

ഇവകൂടാതെ നിരവധി അക്കാദമിക വിഷയങ്ങൾ ട്രൂ കോപ്പിയിലൂടെ പുറത്തെത്തിക്കാൻ കഴിഞ്ഞ ചെറിയ കാലയളവിൽ സാധിച്ചിട്ടുണ്ട്. ഹയർ സെക്കന്ററിയിലെ മലയാളം തസ്തികകൾ റാങ്ക് ലിസ്റ്റ് കാലാവധിയാവേണ്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽറദ്ദാക്കി അമ്പതോളം ഉദ്യോഗാർത്ഥികളുടെ ജീവിതം പെരുവഴിയിലാക്കിയതിനെതിരെ, അധ്യാപകർക്കെതിരെ അനാവശ്യമായി ശിക്ഷാനടപടിയെടുത്ത് അവരെ മരണത്തിലേക്കടക്കം തള്ളിവിടുന്നതിനെതിരെ, സ്കൂൾ അച്ചടക്കത്തിന്റെ പേരു പറഞ്ഞ് അധ്യാപികമാരുടെ സ്റ്റാഫ് റൂമിലും ക്ലാസ് മുറികളിലും സി സി ടി വി സ്ഥാപിച്ച് അവരെ നിരന്തരം നിരീക്ഷിക്കുന്ന സ്കൂൾ മേലധികാരികളുടെ മനോവൈകല്യത്തിനെതിരെ, ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പരിമിതികൾക്കെതിരെ… ഇങ്ങനെ ഒട്ടേറെ വിഷയങ്ങൾ. എല്ലാം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും വഴിക്കുള്ളവ.

ഒരർത്ഥത്തിൽ ഡിജിറ്റൽ മാധ്യമങ്ങൾ പ്രധാനമാകുന്നത് വിഷയത്തിന്റെ ഏറ്റവും അടുത്ത നിമിഷം അത് പൊതുസമൂഹത്തിൽ ശക്തമായി എത്തിക്കാൻ സാധ്യമാകുന്നു എന്നിടത്താണ്. ഒപ്പം അതിന് ആധികാരികതയും വലിയ റീച്ചും ലഭിക്കുന്നു. അവ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു എന്നതും പ്രധാനമാണ്.

ഇവിടെ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ആ നിലയിൽ ഉന്നയിക്കാനും ഇടപെടൽ നടത്താനും ഡിജിറ്റൽ ലോകമില്ലെങ്കിൽ ചിലപ്പോൾ സാധിക്കുമായിരുന്നില്ല. ഭൗതികമായും പ്രത്യക്ഷമായും അവയുണ്ടാക്കിയ ഫലങ്ങളെക്കാൾ എത്രയോ ഉപരിയാണ് അവ പൊതുസമൂഹത്തിൽ സൃഷ്ടിച്ചെടുത്ത ബോധ്യങ്ങൾ, തിരിച്ചറിവുകൾ, ആന്തരികവിമർശനങ്ങൾ എന്നിവ. പ്രതികരിക്കാനും പ്രതിഷേധിക്കാനും സ്വന്തം സോഷ്യൽ മീഡിയ ചുവരുകൾക്കപ്പുറം ഒരു മാധ്യമത്തിന്റെ ഉറപ്പുള്ള പിൻബലത്തോടെ, വസ്തുനിഷ്ഠമായി അതുന്നയിക്കുക എന്നത് പ്രധാനമാണ്. ആശയത്തെ മാത്രമല്ല, അതുന്നയിക്കുന്ന മാധ്യമത്തിന്റെ വിശ്വാസ്യതയും നിലപാടുകളും പ്രധാനമാണ്. ആ അർത്ഥത്തിൽ പൊതുസമൂഹത്തിന്റെ ഉള്ളുതുരക്കുന്ന വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനും അത് ആകാവുന്ന ഉച്ചത്തിൽ, ക്ഷണത്തിൽ, സത്യസന്ധമായി പറയാനും ട്രൂകോപ്പി തിങ്ക്‌ പോലുള്ള ഒരു മാധ്യമം ഉണ്ടാകുന്നത്, അങ്ങേയറ്റം വൈകാരികമായും ഉള്ളിൽക്കൊണ്ടും ചില അക്കാദമികവിഷയങ്ങൾ ഉന്നയിക്കുന്നവർക്ക് എത്രമാത്രം പ്രധാനമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഏറ്റെടുക്കുന്ന വിഷയത്തോട് ഒള്ളുറപ്പോടെ നിൽക്കാനുള്ള ഒരു മാധ്യമത്തിന്റെ സ്ഥൈര്യം ഇന്നത്തെ എഴുത്തിൽ പ്രധാനമാണ്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്Read More

Comments