ഐസ്: ദ്രാവകമാണ്; ഖരവുമാണ്

2000-ന്റെ തുടക്കത്തിൽ, ക്രയോണിക്സ്, നാനോമെഡിസിൻ തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കി ഐസ് എന്ന നോവൽ എഴുതിയ ജി.എആർ. ഇന്ദുഗോപൻ, സാ​ങ്കേതിക വിദ്യ എങ്ങനെയാണ് സ്വന്തം സർഗാത്മക ജീവിതത്തിൽ ഇടപെട്ടത് എന്ന് എഴുതുന്നു.

1996-ൽ പേപ്പർ ഉപേക്ഷിച്ച്, ഞാൻ പൂർണമായും എഴുത്ത് കമ്പ്യൂട്ടറിലാക്കി. അന്ന് സി. രാധാകൃഷ്ണനെ പോലെ ചുരുക്കം ചിലർ മാത്രമേ സാഹിത്യത്തിൽ അങ്ങനെ മാറിയിരുന്നിട്ടുള്ളൂ.

സാങ്കേതികമായ ഒരു മുന്നേറ്റം എന്ന് കണക്കുകൂട്ടാമെങ്കിലും അത് പ്രത്യേകമൊരു ഇച്ഛാശക്തിയുടെ ഭാഗമായിരുന്നില്ല. ഞാൻ ജോലി ചെയ്യാൻ തുടങ്ങിയ, മലയാള മനോരമ ദിനപത്രം അക്കാലം പൂർണമായും സാങ്കേതികവിദ്യയിലേയ്ക്ക് മാറുന്ന തിരക്കിലായിരുന്നു. അതിനിടയിലാണ് ഞാൻ ചെല്ലുന്നത്. വാർത്തകൾ കഷണങ്ങളായി ഡി ടി പിയെടുത്ത് പത്രത്തിന്റെ ഡമ്മിയിൽ വെട്ടിയൊട്ടിക്കുന്ന പേസ്റ്റ് അപ്പ് എന്ന പരിപാടി കുറച്ച് ദിവസം ഞാനും ചെയ്തിട്ടുണ്ട്. അതു പെട്ടെന്ന് അപ്രത്യക്ഷമായി. ഒരു വലിയ പേഴ്സനൽ കമ്പ്യൂട്ടറിൽ സ്വന്തം ബോധ്യത്തിൽ സ്വയം ഒരു പേജുണ്ടാക്കുക എന്ന ഏകാന്തവിദ്യ പെട്ടെന്ന് തന്നെ പ്രാബല്യത്തിൽ വരികയും ഞാൻ അതിനൊപ്പം കടന്നുകൂടുകയും ചെയ്തു. സാങ്കേതികവിദ്യ കൂട്ടായ്മകളിൽ നിന്ന് മനുഷ്യനെ അവനവൻതുരുത്തുകളിലേയ്ക്ക് മെല്ലെ വലിച്ചുകൊണ്ടുപോകുമെന്നതിന്റെ സൂചനയായിരുന്നു അത്.

വാർത്തകൾ കഷണങ്ങളായി ഡി ടി പിയെടുത്ത് പത്രത്തിന്റെ ഡമ്മിയിൽ വെട്ടിയൊട്ടിക്കുന്ന പേസ്റ്റ് അപ്പ് എന്ന പരിപാടി കുറച്ച് ദിവസം ഞാനും ചെയ്തിട്ടുണ്ട്. അതു പെട്ടെന്ന് അപ്രത്യക്ഷമായി.
വാർത്തകൾ കഷണങ്ങളായി ഡി ടി പിയെടുത്ത് പത്രത്തിന്റെ ഡമ്മിയിൽ വെട്ടിയൊട്ടിക്കുന്ന പേസ്റ്റ് അപ്പ് എന്ന പരിപാടി കുറച്ച് ദിവസം ഞാനും ചെയ്തിട്ടുണ്ട്. അതു പെട്ടെന്ന് അപ്രത്യക്ഷമായി.

എന്റെ തൊട്ടു മുൻപുള്ള ബാച്ചുകളിൽ പെട്ടവരെ, മനോരമ അങ്ങോട്ടു കാശു കൊടുത്ത് ടൈപ്പിങ് പഠിപ്പിച്ചിരുന്നു. ഞങ്ങൾക്കാകട്ടെ സ്ഥാപനത്തിൽ തന്നെ ക്ലാസ് തരികയായിരുന്നു. അമ്മാതിരി ഒരു സാങ്കേതികവിദ്യാവിപ്ലവം സ്ഥാപനങ്ങളിൽ നടപ്പിൽ വരികയായിരുന്നു. അത് വേഗത്തിൽ വരണമെന്നും ആദ്യം വരണമെന്നുമുണ്ടായിരുന്നു.

അക്കാലം മാറി. ഇന്നത്തെ ജനറേഷന് പ്രത്യേക ക്ലാസിന്റെ ആവശ്യമില്ല. അവർ സാങ്കേതികവിദ്യയിൽ ജനിച്ചുവീണ് സ്വയം അഭ്യസിക്കുന്ന തലമുറയായി.

അവസാനം ഞാനെഴുതിയ നോവൽ ‘ആനോ’ 500 കൊല്ലം പിന്നോട്ടു സഞ്ചരിക്കുന്നതാണ്. നമ്മുടെ സാഹിത്യത്തിന് ചരിത്രത്തിനാണ് മാർക്കറ്റ്. നല്ലതാണെന്ന് തോന്നുന്നില്ല അത്.

സാങ്കേതികവിദ്യ എളുപ്പം വഴങ്ങുന്നവർ അന്നുമുണ്ടായിരുന്നു. അതൊരു ശീലമാണ്. അഭ്യാസവുമാണെന്ന് മനസ്സിലാക്കിയത് എനിക്കൊപ്പം ബിരുദത്തിന് ഇംഗ്ലിഷ് സാഹിത്യം പഠിച്ച ദിലീപ് വിശ്വനാഥാണ്. ഡിഗ്രി കഴിഞ്ഞ് വെറുതെ നിന്നപ്പോൾ കംപ്യൂട്ടറുകളുടെ ഭാഗങ്ങൾ  ഇണക്കിച്ചേർത്ത് ഇൻസ്റ്റാൾമെന്റിൽ വിൽക്കുന്ന ഒരു കൂട്ടുകാരനൊപ്പം അവൻ പോയി നിന്നു. വിറ്റ ഭാഗങ്ങളിൽ ചില സാങ്കേതികപ്രശ്നങ്ങളുമായി ആൾക്കാർ വരും. ടെക്നീഷ്യനെ വിളിക്കുമ്പോൾ, അയാൾക്ക് മജിസ്ട്രേറ്റിന്റെ ഗമ. ദിലീപ് തന്നെ ചില്ലറപ്പണികൾ ചെയ്യാമോയെന്ന് ശ്രമിച്ചു. അവിടെത്തുടങ്ങി അവനിപ്പോൾ വലിയ കമ്പ്യൂട്ടർ കമ്പനികളുടെ ഹാർഡ് വെയറിന്റെ ഏതോ വലിയ സാങ്കേതികവിദ്യയിൽ സ്പെഷലൈസ് ചെയ്യുന്ന പുലിയാണ്. പഠിച്ചത് സാഹിത്യമായാലും കുഴപ്പമില്ല.

തൊണ്ണൂറുകളുടെ പകുതിയിൽ ബി എസ്സി കമ്പ്യൂട്ടർ സയൻസ് അഥവാ എം സി എയ്ക്ക് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലും 50,000 രൂപ തലവരി കൊടുത്താൽ അഡ്മിഷൻ കിട്ടുമായിരുന്നു. എന്റെ തലമുറയിൽ പലരും അങ്ങനെ പോയി. അവർ ലോകത്തെങ്ങും വലിയ സാങ്കേതികവിദഗ്ധരായി മാറി. ഇത്തരത്തിലുള്ള തൊണ്ണൂറുകളുടെ തുടക്കത്തിൽ സാങ്കേതികവിദ്യയിൽ നമ്മുടെ നാട്ടിൽ വിദ്യാഭ്യാസത്തിലുണ്ടായ കുതിപ്പിന്റെ കഥ കൂടിയായിരുന്നു 2000-ന്റെ തുടക്കത്തിൽ ഞാൻ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ ഐസ് എന്ന നോവൽ. അതിസൂക്ഷ്മതയിലൂടെ ശക്തിയെ പതിന്മടക്കാക്കുന്ന നാനാടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒന്നായിരുന്നു അതിലെ വിഷയം.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സാങ്കേതികവിദ്യയിൽ നമ്മുടെ നാട്ടിൽ വിദ്യാഭ്യാസത്തിലുണ്ടായ കുതിപ്പിന്റെ കഥ കൂടിയായിരുന്നു 2000-ന്റെ തുടക്കത്തിൽ ഞാൻ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ ഐസ് എന്ന നോവൽ.
തൊണ്ണൂറുകളുടെ തുടക്കത്തിൽ സാങ്കേതികവിദ്യയിൽ നമ്മുടെ നാട്ടിൽ വിദ്യാഭ്യാസത്തിലുണ്ടായ കുതിപ്പിന്റെ കഥ കൂടിയായിരുന്നു 2000-ന്റെ തുടക്കത്തിൽ ഞാൻ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയ ഐസ് എന്ന നോവൽ.

അക്കാലത്തുതന്നെ പരിശീലനം കിട്ടിയ നമ്മുടെ വിരലുകൾ ഭ്രാന്തെടുക്കുന്നതു പോലെ സഞ്ചരിച്ചിരുന്നു. ഒരു ലക്ഷം ക്യാരക്ടറിലേറെ ഇടതടവില്ലാതെ ഞാൻ ടൈപ്പ് ചെയ്ത ദിവസമുണ്ടായിരുന്നു.

ക്രയോണിക്സും നാനോമെഡിസിനുമൊക്കെ ഐസ് എന്ന നോവലിലെ പ്രധാന ചിന്താപദ്ധതികളായിരുന്നു. സാഹിത്യത്തിൽ സ്വാഭാവികമായും അക്കാലത്ത് അത് വലിയ അനുരണനങ്ങളൊന്നും ഉണ്ടാക്കിയില്ല. വിജു വി. നായരെ പോലുള്ള ചിലർ ‘ഭാവി’ എന്നതിന്റെ നല്ലത് എഴുതിയതോർക്കുന്നു. ചില വലിയ സാഹിത്യകാരന്മാർ ഇനി സാങ്കേതികവിദ്യയാണത്രേ മലയാളസാഹിത്യമെഴുത്ത് എന്ന് പരിഹസിക്കുകയും ചെയ്തു. ഹ്യൂമൻ ഇമോഷനാണ് ലൈഫ്, സാഹിത്യം എന്നാണ് അവരുദ്ദേശിച്ചത്. അക്കാലത്ത് അത് ശരിയുമായിരുന്നിരിക്കാം. പിന്നീട് അതിൽ ശരികേടും വന്നു.

കാരണം ഇന്ന്, ഇമോഷനുകൾ അതിക്രമം കാണിക്കുമ്പോ, അത് നിയന്ത്രിക്കാനാകാതെ വരുമ്പോ, വേണ്ടിയിരുന്നില്ല എന്ന് തോന്നുമ്പോ, മനസ്സിനുള്ളിൽ ഒരു ഡിലീറ്റ് ബട്ടൻ നമ്മൾ അറിയാതെ തേടിപ്പോകുന്നു. അമ്മട്ടിൽ മനുഷ്യൻ സാങ്കേതികവിദ്യയുമായി താദാത്മ്യപ്പെട്ടു. വികാരപ്രകടനത്തിന് ഇമോജികൾ വന്നു. അന്നും രണ്ടോ മൂന്നോ എൻജിനീയറിങ് കോളജുകളിൽ (അന്ന് സ്വാശ്രയ എൻജിനീയറിങ് കോളജ് ബൂം തുടങ്ങിയിട്ടില്ല) താരതമ്യേന അറിയപ്പെടാത്ത ഒരു എഴുത്തുകാരനായിട്ടും, ഈ നോവലിനെ സംബന്ധിച്ച ചർച്ചയ്ക്ക് വിളിച്ചത് അദ്ഭുതപ്പെടുത്തിയിരുന്നു. ബെസ്റ്റ് സെല്ലറല്ലെങ്കിലും പത്തു പന്ത്രണ്ടു എഡിഷനായി ആ നോവൽ ഇപ്പോഴും മെല്ലെ മുന്നോട്ടു പോകുന്നു. സാഹിത്യബാഹ്യമായ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഞാൻ കൂടുതൽ വായനക്കാെര കണ്ടുമുട്ടിയതും ഈ നോവലിനെ തുടർന്നാണ്.

പക്ഷേ ഇത്തരം നോവൽരചനയിലും അല്ലാതെയും, സാങ്കേതികവശങ്ങളിൽ എനിക്ക് മുന്നോട്ടുള്ള തുടർച്ച നഷ്ടപ്പെട്ടു. അവസാനം ഞാനെഴുതിയ നോവൽ ‘ആനോ’ 500 കൊല്ലം പിന്നോട്ടു സഞ്ചരിക്കുന്നതാണ്. നമ്മുടെ സാഹിത്യത്തിന് ചരിത്രത്തിനാണ് മാർക്കറ്റ്. നല്ലതാണെന്ന് തോന്നുന്നില്ല അത്.

ആരംഭദിശയിൽ പൊതുവേ, മലയാളി സാങ്കേതികവിദ്യയെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയായിരുന്നു അത്. എന്നാൽ  പ്രയോഗതലത്തിൽ അവ എത്തുമ്പോഴേയ്ക്കും ഏറ്റവും വേഗം അതിനെ സ്വായത്തമാക്കുകയും പഠിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതും നമ്മളായിരുന്നു.

ഞാൻ മുൻകൈയെടുത്ത് നടത്തിയ പ്രകാശനം ഐസ് എന്ന നോവലിന്റേതിനു മാത്രമായിരുന്നു. കേരള സർവകലാശാലയിലെ ഇൻഫോമാറ്റിക്സിന്റെ തലവനായ ഡോ. അച്യുത്ശങ്കർ, മെഡിക്കൽ ഡോക്ടറും വി.സിയുമായ ഡോ. ബി. ഇക്ബാൽ, ഐ ടി വിദ്യാഭ്യാസത്തിൽ അന്നുമിന്നും വിദഗ്ധനായ അൻവർ സാദത്ത്, മഹാനായ ശൂരനാട് കുഞ്ഞൻപിള്ളയുടെ മകനും ന്യൂറോളജിയിലും മെഡിക്കൽ എഴുത്തിലും ഉന്നതനായ കെ. രാജശേഖരൻനായർ എന്നിവരെയാണ് അതിന് പ്രകാശനത്തിന് വിളിച്ചത്. ഈ പുസ്തകത്തെ സംബന്ധിച്ച് സർഗാത്മകസാഹിത്യത്തിന് പുറത്തു നിന്നുള്ളവരെ ക്ഷണിച്ചത് സത്യസന്ധമായ മറുപടികളോ വിമർശനമോ കേൾക്കാനായിരുന്നു. ഭാഗ്യത്തിന് വലിയ ആക്ഷേപം വന്നില്ല. ന്യൂറോ ഫിസിസ്റ്റിറ്റിന് പകരം ന്യൂറോ സയന്റിസ്റ്റ് എന്നോ മറ്റോ ഒരിടത്ത് ഒരു കഥാപാത്രത്തെ പരാമർശിച്ചതിനെ കുറിച്ചു മാത്രം രാജശേഖരൻനായർ സൂചിപ്പിച്ചു. എനിക്കത് തിരുത്താനുള്ള സാവകാശം ഇന്നും കിട്ടിയില്ല. ഈ നോവലിനെ കുറിച്ച് മനസ്സിലാക്കി, പഠിച്ച് ഒരു ലേഖനവുമെഴുതിക്കൊണ്ടാണ് എനിക്കൊരു പരിചയവുമില്ലായിരുന്ന ഡോ. രാജശേഖരൻനായർ എത്തിയത്. എനിക്കത് ഉപയോഗിക്കാനായില്ല. എന്റെ കൈയിൽ ഇന്നും ഭദ്രമായിരിക്കുന്നു. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ആ പുസ്തകത്തിന്റെ കാൽനൂറ്റാണ്ട് പതിപ്പ് ഇറക്കണമെന്നും അതിലിത് ചേർക്കണമെന്നും വിചാരിക്കുന്നു.  2050-ൽ സാങ്കേതികവിദ്യ എവിടം വരെ എന്ന കോൺസെപ്റ്റാണ് ആ പുസ്തകത്തിൽ ഭാവന കൊണ്ടിരുന്നത്. അക്കാലം അടുക്കാറാകുന്നു. അതിൽ പറഞ്ഞിരുന്ന പല കാര്യങ്ങളും ശരിയാണെന്നും വന്നു. പക്ഷേ എനിക്ക് കഴിവതും കുറ്റമറ്റ രീതിയിൽ അന്ന് പഠനം നടത്താനായതിനും അത്തരമൊരു വിഷയമെടുത്ത് നോവൽ രചിക്കാൻ സാഹചര്യമുണ്ടാക്കിയതിനും സാങ്കേതികവിദ്യയോടാണ് വലിയ നന്ദി പറയേണ്ടത്.

ആരംഭദിശയിൽ പൊതുവേ, മലയാളി സാങ്കേതികവിദ്യയെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയായിരുന്നു അത്. എന്നാൽ  പ്രയോഗതലത്തിൽ അവ എത്തുമ്പോഴേയ്ക്കും ഏറ്റവും വേഗം അതിനെ സ്വായത്തമാക്കുകയും പഠിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതും നമ്മളായിരുന്നു. ഫോണുകളെല്ലാം വയർലെസ്സാകുമെന്നും ദൂരെയുള്ള ആളെ നമ്മുടെ ഫോണിൽ നേരിൽ ക്കണ്ട് സംസാരിക്കാനാകുമെന്നും പറഞ്ഞപ്പോൾ വിശ്വസിക്കാതെ പുച്ഛിക്കുന്നവരെ കണ്ട തലമുറയാണ് എന്റേത്. അതിനുമുൻപ് ഏകപക്ഷീയമായി മെസേജുകൾ മാത്രമയയ്ക്കാവുന്ന പേജറുകൾ വരികയും ആറു മാസം കഴിയും മുൻപ് ആ സാങ്കേതികവിദ്യയെ അടക്കം ചെയ്ത് വിരാട് സ്വരൂപത്തിൽ അവ മൊബൈൽ ഫോണുകളായി പുനർജനിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളുടെ വലിപ്പം കുറഞ്ഞുവന്നപ്പോൾ, അത് കുറഞ്ഞുകുറഞ്ഞ് കൈപ്പത്തിക്കുള്ളിലാകുമെന്ന് കരുതി. അതിന് വിപരീതമായി അതിന് വലിപ്പം വയ്ക്കുകയും, അത് ഒരു ദ്യശ്യപായ്ക്കറ്റാക്കി സകലസംവിധാനവുമുള്ള സ്മാർട്ട് ഫോണായി പരിവർത്തനം ചെയ്യുകയും ചെയ്തു. സാങ്കേതികവിദ്യ മാറിയപ്പോൾ, തീവണ്ടിയിൽ കൽക്കരി ഉപയോഗിക്കുന്നത് നിർത്തി, ഡീസലായി, പിന്നെ വൈദ്യുതിയായി എന്നതു പോലെയായിരുന്നു അത്. അതോടെ തീവണ്ടി എന്ന പദത്തിന്റെ അർഥം തന്നെ മലയാളഭാഷയിൽ അപ്രസക്തമായി. ഇപ്പോൾ പുതിയ തലമുറ ആ വാക്ക് ഉപയോഗിക്കുന്നില്ല. ട്രെയിൻ എന്നേ അവർ പറയുന്നുള്ളൂ. സാങ്കേതികവിദ്യാപദങ്ങളിൽ നമുക്ക് നമ്മുടെ ഭാഷയിലേയ്ക്ക് ഒന്നും കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല. തമിഴരെ പോലുള്ളവർ അക്കാര്യത്തിൽ വലിയ മുന്നേറ്റം നടത്തി.

ഇൻഫർമേഷന്റെ കുത്തൊഴുക്കിൽ നിന്ന് എങ്ങനെ വിദഗ്ധമായി ആവശ്യമുള്ളത് മാത്രമെടുത്ത് നിങ്ങൾക്ക് വൈദഗ്ധ്യത്തോടെ മുങ്ങിച്ചാകാതെ മാറിനിൽക്കുന്നു എന്നതിലാണ് നിങ്ങളുടെ സ്കിൽ, വ്യക്തിപരമായ സമാധാനം എന്നു വന്നിരിക്കുന്നു.

അന്ന് ഐസ് നോവലിനു വേണ്ടി വരുംകാല സാങ്കേതികവിദ്യയെ കുറിച്ച് ഒരു വർഷത്തിലേറെ സമയമെടുത്ത് പഠിച്ചിരുന്നു. ഇന്റർനെറ്റിെല വിഭവങ്ങൾ തൊണ്ണൂറുകളുടെ അവസാനം പരിമിതമായിരുന്നു. നമ്മൾ കണ്ട സൈറ്റുകളിലെ വിവരങ്ങൾ തന്നെ പിന്നെയും പിന്നെയും വന്ന് പല്ലിളിച്ചിരുന്നു. വേണ്ടത്ര വിവരമില്ലാതെ നമ്മൾ നിരാശരായി. ഇന്നങ്ങനല്ല. പല ജന്മത്തിനുള്ള വിവരങ്ങൾ നെറ്റിൽ കൂട്ടിച്ചേർക്കപ്പെട്ടു കഴിഞ്ഞു. ഞാനെന്റെ അമേരിക്കയിലും മറ്റുള്ള സുഹൃത്തുക്കളെ ഉപയോഗിച്ചാണ് അന്ന് ശാസ്ത്രസാങ്കേതിക മാസികകൾ സംഘടിച്ചിരുന്നത്. അവർക്കത് പകർത്തി അയച്ചുതരാനുള്ള സാങ്കേതികവിദ്യ പരിമിതമായിരുന്നു. ഇന്ന് ഈ സാങ്കേതികലോകത്ത്, ആനോ എന്ന ചരിത്രനോവലിനുവേണ്ടി ഞാൻ പഠിച്ചപ്പോൾ പോർച്ചുഗൽ ഭാഷയിലുള്ള ഡോക്യുമെന്റുകളെല്ലാം ഇംഗ്ലീഷിൽ എന്റെ മേശപ്പുറത്തുവന്നു.

ഈ വിവരവിസ്ഫോടനം ഗുണവും ദോഷവുമാണ്. ഏതൊക്കെ ഇൻഫർമേഷൻ നിങ്ങൾ അരിച്ചുപയോഗിക്കുന്നു എന്നതിനാലാണ് പുതിയ കാലത്ത് നിങ്ങളുടെ മിടുക്ക്. ഇൻഫർമേഷന്റെ കുത്തൊഴുക്കിൽ നിന്ന് എങ്ങനെ വിദഗ്ധമായി ആവശ്യമുള്ളത് മാത്രമെടുത്ത് നിങ്ങൾക്ക് വൈദഗ്ധ്യത്തോടെ മുങ്ങിച്ചാകാതെ മാറിനിൽക്കുന്നു എന്നതിലാണ് നിങ്ങളുടെ സ്കിൽ, വ്യക്തിപരമായ സമാധാനം എന്നു വന്നിരിക്കുന്നു.

ഇമോഷനുകൾ അതിക്രമം കാണിക്കുമ്പോ, അത് നിയന്ത്രിക്കാനാകാതെ വരുമ്പോ, വേണ്ടിയിരുന്നില്ല എന്ന് തോന്നുമ്പോ, മനസ്സിനുള്ളിൽ ഒരു ഡിലീറ്റ് ബട്ടൻ നമ്മൾ അറിയാതെ തേടിപ്പോകുന്നു. അമ്മട്ടിൽ മനുഷ്യൻ സാങ്കേതികവിദ്യയുമായി താദാത്മ്യപ്പെട്ടു.  വികാരപ്രകടനത്തിന് ഇമോജികൾ വന്നു.
ഇമോഷനുകൾ അതിക്രമം കാണിക്കുമ്പോ, അത് നിയന്ത്രിക്കാനാകാതെ വരുമ്പോ, വേണ്ടിയിരുന്നില്ല എന്ന് തോന്നുമ്പോ, മനസ്സിനുള്ളിൽ ഒരു ഡിലീറ്റ് ബട്ടൻ നമ്മൾ അറിയാതെ തേടിപ്പോകുന്നു. അമ്മട്ടിൽ മനുഷ്യൻ സാങ്കേതികവിദ്യയുമായി താദാത്മ്യപ്പെട്ടു.  വികാരപ്രകടനത്തിന് ഇമോജികൾ വന്നു.

ആവശ്യത്തിലേറെ വിവരങ്ങൾ തലയിൽ ചുമക്കുന്നവർ, യുവതലമുറയുടെ മുന്നിൽ പരിഹാസപാത്രങ്ങളാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാര് എന്ന ഇൻഫർമേഷൻ അവർക്കറിയണമെന്നില്ല. അത് കുറവായി അവർ കരുതുന്നില്ല. വേണ്ടിവന്നാൽ അത്തരം വിഷയത്തെ കുറിച്ച് പരമാവധി പഠിക്കാൻ അവരുടെ വിരൽത്തുമ്പിൽ വിവരങ്ങളുടെ കടലുണ്ട്. സാമാന്യവിവരമല്ല, അതത് പ്രായത്തിൽ സന്തോഷമായി ആയാസമില്ലാതെ ജീവിക്കുന്നതിനാവശ്യമുള്ള ഇൻഫർമേഷൻ ഉപയോഗിക്കുന്നിടത്താണ് അവരുടെ യുക്തി. വിവരങ്ങളെ അരിച്ചുപെറുക്കിക്കൊടുക്കാൻ എ ഐ ഉണ്ട്. അതിലെ വിവരങ്ങളുടെ കൃത്യതയെ പറ്റി അവർ ഉൽക്കണ്ഠപ്പെടുന്നില്ല. വിവരമല്ല, അതിലെ രസം എന്നിലെ മനുഷ്യനെ എങ്ങനെ പുളകിതനാകുന്നു എന്നതാണ് വാർത്തയെന്ന് കരുതുന്നവർക്ക് തലമുറവ്യത്യാസമില്ല, ഇന്ന്.

എന്നെപ്പോലുള്ളവരാകട്ടെ, പഴയ ശീലങ്ങളിൽ പെട്ടു കിടക്കുന്നു. നാലു പത്രം വരുത്തി വായിക്കുന്നു. പോരാതെ ആപ്പുകളിലൂടെ ലോകത്തിറങ്ങുന്ന പല പത്രങ്ങളിലും കേറിയിറങ്ങി നേരം കളയുന്നു. ഇൻഫർമേഷന്റെ കുത്തൊഴുക്കിൽ തല വെറുതെ കുത്തിനിറയ്ക്കുന്നു. ശീലം മാറ്റാനാകുന്നില്ല. ഉറഞ്ഞിരിക്കുന്ന ഐസ് പോലെ തന്നെ. അലിയുന്നതുമില്ല. ഖരമായി നിൽക്കാൻ ആശിക്കുന്നതുമില്ല. മാറിവരുമായിരിക്കും. ആർക്കറിയാം.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

റിഹാൻ റാഷിദ്എം.പി. അനസ്തനൂജ ഭട്ടതിരിബിജു ഇബ്രാഹിംകെ.പി. ജയകുമാർജിസ ജോസ്സിദ്ദിഹറാഷിദ നസ്‌റിയസമുദ്ര നീലിമയു. അജിത്കുമാർRead More


Summary: G R Indugopan on his creative writing experiments in the digital era. He writes in Truecopy Webzine 200th Edition digital being


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ, ആനോം ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments