‘‘The sorrowfull mind turned upside down,
The cool breeze turned fiery,
The full moon became hot.
Like a toll collector at the city gate
My mind strayed.
Pacify him and bring him back,
O mother,
Channamallikarjuna, Jasmin-tender.
Has the anger of two."
(Vacanam of Akkamahadevi.)
ഡിജിറ്റൽ ജീവി (digital being) എന്ന പദവി അകമ്പൻ പറയും പോലെ 'ഹോമോസെസർ' എന്ന മനുഷ്യന്റെ പരിണാമ മുഹൂർത്തമാണോ?
അനലോഗിക്കായ അനുഭവങ്ങളിൽ നിന്ന്, ഒന്നും (1) പൂജ്യവുമായി (0) വേർതിരിയുന്ന ദ്വന്ദയുക്തിയുടെ അനന്തസാധ്യതകളിൽ അഭിരമിക്കുന്ന കാഴ്ചയുടെ കോയ്മയായി, ശബ്ദത്തിന്റെ മാനിപുലേഷനായി മനുഷ്യജീവിതം ഒരു യുഗസംക്രമണത്തിലാണോ? ‘ഡിജിറ്റൽ സാധ്യതകളെ നീ ഉപയോഗിക്കുന്നു, എന്നിട്ടും തത്വചിന്തയിൽ നീ നിന്റെ പഴഞ്ചൻ അനലോഗ് സിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നു’ എന്നു നീ പറയുമ്പോൾ, ശൂന്യതയ്ക്കും ഉണ്മയ്ക്കും ഇടയിലോ അപ്പുറത്തോ ഇപ്പുറത്തോ ഉള്ള സത്യത്തിന്റെ സാരാംശങ്ങൾ, സ്നേഹത്തിന്റെയും കരുണയുടെയും ഭാവങ്ങൾ കൈക്കൊള്ളാതെ, ദ്വന്ദ യുക്തിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഒരു മൂലധനാടിമത്തത്തിന്റെ ശാസ്ത്രയുക്തിയായി നാം കൈക്കൊള്ളുകയാണോ?
"We have been often told, however, that we inhabit the synchronic rather than diachronic, and I think it is at least empirically arguable that our daily life, our psychic experiences, our cultural languages, are today dominated by categories of space rather than by categories of time, as in the preceding period of high modernism."
ന്യൂടോണിയൻ ഫിസിക്സിന്റെ ത്രിമാന പരിഗണനകളിൽ നിന്ന്, ഘർഷണ-വിഘർഷണങ്ങളുടെയും ഗുരുത്വകേന്ദ്രങ്ങളുടെയും ബലതന്ത്രങ്ങളിൽനിന്ന്, 'സ്ഥല-കാലം' കൂടി പരിഗണനക്കെടുത്ത്, ഐൻസ്റ്റീന്റെ പ്രകാശത്തിന്റെ പ്രകരണ- വികിരണ-വിക്ഷേപ-വ്യതിയാന സാധ്യതകളുടെ ഊർജ്ജതന്ത്രത്തിലേക്ക് കയറിപ്പോയതറിയാതെ, വർഗ്ഗാധിഷ്ഠിത യുക്തിയുടെ പഴയ കാലങ്ങൾ തന്നെ അയവിറക്കുന്ന ഓർമ്മകളുടെ ഖയാലിൽ നാം കുടുങ്ങിപ്പോയത് ഒരു സത്യം. കാലഗണനകളിലും ത്രികാലങ്ങളിലും സ്വത്വവും അസ്തിത്വവും കണ്ടെത്തിയ മാർക്സിയൻ ഭൂതങ്ങളിൽ നിന്ന്, കാര്യങ്ങൾ മാറിപ്പോയതറിയാതെ നാം കാല്പനിക ഗൃഹാതുരതകളിൽ, നൃശംസമായ ഭരണകൂട യന്ത്രങ്ങൾക്കു കീഴിൽ, ആരോ കാണുന്ന ഒരു സ്വപ്നലോകത്തെ 'ബാലഭാസ്കരന്മാരായ' കാര്യവും ശരിതന്നെ.
എന്നാൽ കാലത്തെ മറന്ന് 'സ്ഥല'പരിഗണനയിൽ മുങ്ങുന്ന 'സൈബർസ്പേസിലെ ലെനിനായി' തീരുന്ന കഥയും പൊളിച്ചെഴുതേണ്ടതു തന്നെ.
സ്ഥലത്തിന്റെയും കാലത്തിന്റെയും സംശ്ലേഷിതമായ ഒരു ആക്സിസിനെ പകരംവയ്ക്കാൻ, ഐൻസ്റ്റീന്റെ പ്രകാശവേഗങ്ങളെക്കുറിച്ചുള്ള സൂത്രവാക്യങ്ങളിൽ അടയിരിക്കുകയേ മാർഗ്ഗമുള്ളൂ. 'കാല'ത്തെ കൈവിട്ട 'സ്ഥല'മോ 'സ്ഥല'ത്തെ കയ്യൊഴിഞ്ഞ 'കാല'മോ അപൂർണ്ണമാണ്. അത് ദ്വൈതവും അദ്വൈതവുമല്ല, പ്രകാശവേഗങ്ങളെക്കുറിച്ചുള്ള അറിവാണ്.
പ്രകാശം കണികയായാണോ തരംഗമായാണോ സഞ്ചരിക്കുന്നത് എന്ന ചർച്ചകൾ… കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ള ഫോട്ടോണുകളാണ് അതെന്ന നിഗമനങ്ങൾ. അതിന്റെ സഞ്ചാരങ്ങൾ തുടർച്ചയായ ഒരു ലീനിയോറിറ്റിയെ അല്ല, ഇടർച്ചകളുള്ള ഒന്നാണെന്ന ക്വാണ്ടം സിദ്ധാന്തങ്ങൾ. അങ്ങനെ നാം കൺചിമ്മി തുറക്കും പോലെ, ഇരുട്ടും വെളിച്ചവും കൊണ്ടുള്ള കളിയാണ് നമ്മുടെ ദൃശ്യവേദ്യത നിർമ്മിക്കുന്നത് എന്ന അറിവ്.
ഡാറ്റയുടെ പ്രസരണത്തെ ആസ്പദിച്ചാണ് നാം അനലോഗും ഡിജിറ്റലുമായി പിരിഞ്ഞത്. അനലോഗ് സിഗ്നലുകൾ തരംഗങ്ങളായും, ഡിജിറ്റൽ സിഗ്നലുകൾ ഒന്നുകളും പൂജ്യങ്ങളും എന്ന വേറിട്ട വ്യതിരിക്തതകളായും പ്രകരണം കണ്ടെത്തുന്നു. അനലോഗ് സിഗ്നൽ ഒരു ലീനിയർ തുടർച്ചയിൽ സഞ്ചരിക്കുമ്പോൾ, ഡിജിറ്റൽ സിഗ്നൽ വ്യതിരിക്തവും വേറിട്ടതുമായ ഒരു അസംബ്ലേജ് നിർമ്മിക്കുന്നു എന്ന നിലയിൽ.
സുഖമവും സ്വാഭാവികവും എന്ന് കരുതിയ ഒരു ജലപ്രവാഹത്തിന്റെ കുളിരിലാണ് അനലോഗ് അനുഭവങ്ങൾ. ഡിജിറ്റൽ സിഗ്നലുകൾ വേറിട്ട മൂല്യങ്ങളിൽ ഇമേജിനെ സമാഹരിച്ച് സഞ്ചാരപദം കണ്ട്, അത് സ്വീകർത്താവിന്റെ സ്പേസിൽ വീണ്ടുമൊരുമിച്ച് പുനരുത്പാദിപ്പിക്കപ്പെടുന്നു. പരിവർത്തനത്തിനും മാനിപുലേഷനും സാധ്യതയൊരുക്കി, നോയിസുകൾ മായ്ച്ചുകളഞ്ഞ്, ശുദ്ധീകരണത്തിനുള്ള രീതികളാണ് ഡിജിറ്റൽ സിഗ്നലുകൾ തുറന്നുതരുന്നത്.
ഡിജിറ്റൽ എന്നു നാം വിശേഷിപ്പിക്കുന്ന ലോകം അതിന്റെ ഉറവിടങ്ങളെ ചൊല്ലിയല്ല, മറിച്ച് അതിന്റെ പ്രത്യാഘാതങ്ങളെയും ഫലങ്ങളെയും അഫക്ടുകളെയും ചൊല്ലിയാണ് വേപഥു കൊള്ളുന്നത്.
നമ്മുടെ നിത്യജീവിതം ഡിജിറ്റൈസ് ചെയ്യപ്പെട്ട നിലയിൽ, നമ്മുടെ സാംസ്കാരിക ജീവിതവും സാമ്പത്തിക നിയാമകശക്തികളും അതിനനുസരിച്ച് മാറിപ്പോയതിനെ, മൊത്തത്തിൽ നമുക്ക് ഡിജിറ്റൽ ജീവിതം എന്നു വിളിച്ചുനോക്കാം. കാരണം, ഇതു സംബന്ധിച്ച സിദ്ധാന്തീകരണങ്ങളും തത്വചിന്താ പരിശോധനകളും അതിന്റെ പ്രാരംഭദശകൾ പിന്നിടുന്നതേയുള്ളൂ. മനസ്സിലായവർ അതു മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ പാടുപെടുന്നു എന്ന അർത്ഥത്തിൽ.
ഇതിൽ പ്രധാനം മൂലധനശക്തികൾ ഡിജിറ്റൽ സാധ്യതകളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. സാങ്കേതികവിദ്യ സ്വയം തന്നെ വിപ്ലവകാരിയായ ഒരു സത്വമായി (being) പരിണമിച്ചിട്ടുണ്ടോ എന്ന ആലോചനയിലാണ് നാം. ലെനിനിസ്റ്റ് ബോൾഷെവിക് ഇച്ഛയുടെ വിപ്ലവ യന്ത്രങ്ങൾ ശിഥിലമാവുകയും, ഛിന്നഭിന്നതയിലും വ്യത്യസ്തതകളിലും വേറിട്ട് നിൽക്കലിലും പുതിയ പ്രതിരോധ യന്ത്രങ്ങൾ തൽസ്ഥാനം കയ്യടക്കുകയും ചെയ്യുന്ന, കാഴ്ചയുടെയും ശബ്ദത്തിന്റെയും കോയ്മയിലേക്ക് നാം പരിവർത്തിക്കപ്പെട്ടിരിക്കുന്നു എന്ന അവസ്ഥാന്തരത്തിലാണ് നാം. മനുഷ്യന്റെ ഇച്ഛയുടെ സ്ഥാനം യന്ത്രത്തിന്റെ ഇന്റലിജൻസ് പകരംവയ്ക്കുമോ എന്ന ചിന്തകൾ. പലസ്തീനിനെ കുറിച്ചുള്ള ആ കവിതയും നിർമ്മിതബുദ്ധി എഴുതുമോ എന്ന അങ്കലാപ്പ്.
ഡിജിറ്റൽ എന്നു നാം വിശേഷിപ്പിക്കുന്ന ലോകം അതിന്റെ ഉറവിടങ്ങളെ ചൊല്ലിയല്ല, മറിച്ച് അതിന്റെ പ്രത്യാഘാതങ്ങളെയും ഫലങ്ങളെയും അഫക്ടുകളെയും ചൊല്ലിയാണ് വേപഥു കൊള്ളുന്നത്. സിങ്കുലാരിറ്റിയും മൾട്ടിപ്ലിസിറ്റിയും തമ്മിലുള്ള വാഗ്വാദത്തിന്റെ ഭൂമികയായി തത്വചിന്തയും രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും മാറിപ്പോയിരിക്കുന്നു എന്ന നിലയിലാണ് ഡിജിറ്റൽ ഉണ്മ ഭവശാസ്ത്രം കൈക്കൊള്ളുന്നത്.
"Modernist styles thereby become postmodernist codes. And that the stupendous proliferarion of social codes today into professional and disciplinary jargons (but also into the badges of affirmation of ethnic, gender, race, religious and class- factional adhesion) is also a political phenomenon, the problem of micropolitics sufficiently demonstrates. If the idea of a ruling class were once the dominant (or hegemonic) ideology of bourgeois society, the advanced capitalist countries today are now a field of stylistic and discursive heterogeneity without a norm’’.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇത്തരം സാധ്യതകൾ ദേശീയ ഭാഷകളെ അപ്രസക്തമാക്കുകയും മനുഷ്യകൂട്ടായ്മയെയും അതിന്റെ വിന്യാസങ്ങളെയും അപ്രസക്തമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മുഖമില്ലാത്ത യജമാനന്മാർ, നമ്മുടെ അസ്തിത്വത്തെ അപകടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, സാമ്പത്തിക തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. നമുക്ക് നമ്മുടെ കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നതുപോലെ തോന്നുന്നു. അതിജീവനത്തിനുള്ള സമരം ‘അർഹതയുള്ളവയുടെ അതിജീവനം’ എന്ന സോഷ്യൽ ഡാർവിനിസത്തിന്റെ കാട്ടുനീതിയിൽ അധഃപതിക്കുന്നു. നീത്ചേയുടെ 'ഇച്ഛയുടെ അധികാരശക്തി'യും, മാർക്സിന്റെ മനുഷ്യന്റെ ഇച്ഛയുടെ കാലഘട്ടങ്ങളെ മറികടന്നുപോകാനുള്ള സവിശേഷതയും, ഗ്രാംഷിയുടെ 'ഇച്ഛയുടെ ശുഭാപ്തി വിശ്വാസവും' സൈബർ കടലിൽ മുങ്ങിമരിക്കുന്നു. നാം യന്ത്രം നയിക്കുന്ന മനുഷ്യൻ എന്ന നില കൈവരിക്കുന്നു.
‘‘It is immediately obvious that the technology of our own moment no longer pocesses this same capacity for representation: not the turbine, nor even Sheeler's grain elevators or smokestacks, not the baraque elaboration of pipes and conveyor belts, nor even the streamlined profile of the railroad train-all vehicles of speed still concentrated at rest-but rather the computer, whose outer shell has no emblematic or visual power, or even the castings of the various media themselves, as with that home appliance called television which articulates nothing but rather implodes, carrying its flattened image surface within itself. Such machines are indeed machines of representaions rather than of production, and they make very different demands of our capacity for aesthetic representation than did the relatively mimetic idolatry of the older machinery of futurist moment, of some older speed-and-energy sculpture’’.
ആഴത്തേക്കാൾ പരപ്പിനെ,
ഉള്ളടക്കത്തേക്കാൾ രൂപത്തെ,
അർത്ഥത്തേക്കാൾ ശബ്ദത്തെ ആഘോഷിക്കുന്ന ഒരു സാംസ്കാരിക- സൗന്ദര്യ ശാസ്ത്രത്തെയാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത്. ഇമേജിന്റെ മാനിപുലേഷൻ സാധ്യതകളാണ് ഡിജിറ്റൽ യുഗം മുന്നോട്ടുവയ്ക്കുന്നത്.
യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു. നുണയും സത്യവും എന്ന ധർമ്മചിന്ത ഇല്ലാതാകുന്നു. അനലോഗിക്കായ ഒരു അനുഭവത്തെ, ഒരു സൗന്ദര്യശാസ്ത്രാനുഭവത്തെ, ശിഥിലമാക്കുകയോ വേണമെങ്കിൽ വീണ്ടും കൂട്ടിച്ചേർക്കുകയോ അതിനെ മറ്റൊന്നാക്കി മാനിപുലേറ്റ് ചെയ്യുകയോ ചെയ്തുകൊണ്ട് പ്രത്യുൽപാദനപരമാകാനുള്ള അവസരങ്ങളുടെ ലോകത്തെയാണ് ഡിജിറ്റലിസം പ്രദാനം ചെയ്യുന്നത്. അങ്ങനെയാണ് നമ്മുടെ കാലം സത്യാനന്തരയുഗമായി അറിയപ്പെടുന്നത്.
ഫോട്ടോഗ്രാഫി ഫാൾസ്ഹുഡിന്റെ ആഘോഷമായിത്തീരുന്നത്. ഒരു നുണയെ സത്യമാക്കി പ്രചരിപ്പിക്കാൻ കഴിയുന്നത്. അനുഭവങ്ങൾ അതിന്റെ ആനുഭവികത നഷ്ടപ്പെട്ട്, വെർച്വൽ റിയാലിറ്റിയായി പരിണമിക്കുന്നത്. ആശയങ്ങൾക്ക് അതിന്റെ ആശ്രയത്വം നഷ്ടപ്പെടുകയും അനുഭവങ്ങൾ ആധികാരികമല്ലാതായിത്തീരുയും ചെയ്യുന്നത്. ഇവിടെ വസ്തുനിഷ്ഠതയെ ആത്മനിഷ്ഠത കയ്യാളുകയും, 'ഞാൻ' പറയുന്ന നുണകൾ ആത്മാനുഭവമായി അവതരിപ്പിക്കാനാവുകയും ചെയ്യുന്നു.
സ്പർശവും ഗന്ധവും ചോർത്തുന്ന കാഴ്ചയുടെയും ശബ്ദത്തിന്റെയും വിഭ്രമാത്മകമായ ഒരു മീഡിയേറ്റഡ് ലോകത്ത്, ഹോമോസാപിയൻസ് ശിഥിലീകരിക്കപ്പെട്ട കർതൃത്വമായി പരിണാമം കൊള്ളുന്നു. കർതൃത്വത്തിന്റെ ഏകാത്മകത കൈമറിഞ്ഞ് ഷിസോഫ്രീനിയയുടെ ശിഥിലാവസ്ഥ സാധാരണീകരിക്കപ്പെടുന്നു. ഓർമ്മകളെ ഇവിടെ ഉണ്മ കൊണ്ടുപോകുന്നു. വർത്തമാനം ഭൂതത്തെയും ഭാവിയെയും കവിഞ്ഞുനിൽക്കുന്നു. ചരിത്രത്തെ പ്രതിഭാസ വിജ്ഞാനീയം കയ്യാളുന്നു. ഡിജിറ്റൽ മാനിപുലേഷൻ സാധ്യതകളുടെ ലോകത്തെ മൂലധന ശക്തികൾ ഉപയോഗിക്കുന്നു. യജമാനൻ ഭൃത്യനാകുന്നു. ഭൃത്യൻ യജമാനാകുന്നു. സ്ത്രീ പുരുഷനാകുന്നു. പുരുഷൻ സ്ത്രീയാകുന്നു. സ്വത്വത്തിന് ഒരു ട്രാൻസ്ജെൻഡർവൽക്കരണം സംഭവിക്കുന്നു. ആക്ഷനുമേൽ റിയാക്ഷൻ മേധാവിത്വം കൈക്കൊള്ളുന്നു. തിയേറ്ററിന്റെ ബ്രഹ്തിയൻ യാഥാർത്ഥ്യങ്ങൾ സിനിമയുടെ ഗൊദാർദിയൻ റോഡ്ഷോ ആയി പരിണമിക്കുന്നു. ആഖ്യാനകലയുടെ വാർദ്ധക്യങ്ങളെ ശിഥിലീകൃത കലയുടെ യൗവനം ഏറ്റെടുക്കുന്നു. മദ്യപന്റെ സംസ്കാരം ഡ്രഗുകളുടെ മൂർദ്ധാവിൽ നിപതിക്കുന്നു. പോസിറ്റിവിറ്റി നെഗറ്റിവിറ്റിയാകുന്നു.
എല്ലാം തലതിരിയുന്ന ഈ ലോകത്ത് മൂലധനത്തിനും യന്ത്രത്തിനും ജീവാസ്തിത്വം ലഭിക്കുന്നു. 'മനുഷ്യൻ' എന്ന നവോത്ഥാന സങ്കൽപ്പനങ്ങൾ മൺമറയുന്നു. മനുഷ്യൻ ജീവാസ്തിത്വം നഷ്ടപ്പെട്ട്, അയാൾ യന്ത്രം എന്ന ബീയിങിന്റെ ഇരയോ മാപ്പുസാക്ഷിയോ ആയിത്തീരുന്നു.
പ്രത്യക്ഷത്തിൽ ദുഃഖകരം എന്നു തോന്നുന്ന ഈ സ്ഥിതി, മനുഷ്യനെ ഫ്രസ്ട്രേറ്റഡ് ആയ ഒരു മനോനിലയിൽ കൊണ്ടുതള്ളുന്നു. പൊട്ടിപ്പിളർന്ന ലിബിഡോ സംഘർഷങ്ങളിൽ സ്വയത്തെ കണ്ടെത്തുന്നു. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും ഇടനിലയിൽ അവർ ജീവിക്കുന്നു. യുദ്ധം ഒരു രാഷ്ട്രീയനീതിയായി ശാശ്വതീകരിക്കപ്പെടുന്നതിന്റെ അർത്ഥം അതാണ്. പലസ്തീൻ ഒടുങ്ങാത്ത നിലവിളിയായി ആണ്ടു പിന്നിടുന്നതിന്റെ യുക്തി.
ഡിജിറ്റൽ ജീവിതത്തിന്റെ ഈ അറ്റമില്ലാത്ത സാധ്യതകളിൽനിന്ന് ഒരു 'പോസ്റ്റ് ഹ്യൂമൻ' പിറക്കുമോ? അനലോഗിനും ഡിജിറ്റലിനും അപ്പുറത്തുള്ള ഒരു മനുഷ്യാവസ്ഥ സാധ്യമാകുമോ? മനുഷ്യർ അവരുടെ ഉണ്മയെ കണ്ടെത്തുന്ന സൗന്ദര്യശാസ്ത്രം ജനിക്കുമോ? ശൂന്യവാദത്തിനും ഭവശാസ്ത്രത്തിനും അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ വെളിച്ചം നമ്മിൽ വന്നുചേരുമോ?
ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ കണ്ടെത്താതിരിക്കില്ല. സ്ഥല-കാലങ്ങൾ ബോധത്തിന്റെ ഉണ്മാരൂപത്തിലേക്ക് ഉയരാതിരിക്കില്ല. പ്രത്യാശയും വിശ്വാസവും എന്ന ആ പഴയ പല്ലവി പാട്ടായി പിറക്കാതിരിക്കില്ല. സ്നേഹവും കരുണയും എന്ന ജീവതാരകം ഉദിക്കാതിരിക്കില്ല. പ്രഭാതനക്ഷത്രം കാണാത്ത മനുഷ്യൻ മനുഷ്യനല്ല എന്ന പിതൃലോകം മടങ്ങി വരാതിരിക്കില്ല. നവരാത്രികളുടെ ദേവീഭാവങ്ങൾ ശൈവ ശാന്തിയിൽ അർത്ഥം കണ്ടെത്താതെ തരമില്ല.
▮
(ഈ ലേഖനത്തിൽ ഉപയോഗിച്ച ഇംഗ്ലീഷിലുള്ള ഉദ്ധരണികൾ അടുത്തിടെ അന്തരിച്ച അമേരിക്കൻ ചിന്തകൻ ഫ്രെഡറിക് ജെയിംസന്റെ "പോസ്റ്റ്മോർഡേണിസം- കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം" എന്ന കൃതിയിൽ നിന്നാണ്.)
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
മൈന ഉമൈബാൻ • ടി. ശ്രീവത്സൻ • ഫ്രാൻസിസ് നൊറോണ • വി.കെ. അനിൽകുമാർ • ഇ.എ. സലിം • പി.ജെ.ജെ. ആന്റണി • ഇ.കെ. ദിനേശൻ • വിനോദ്കുമാർ കുട്ടമത്ത് • അജിത് എം. പച്ചനാടൻ • വിമീഷ് മണിയൂർ • ഡോ. ശിവപ്രസാദ് പി. • വിനിത വി.പി. • സീന ജോസഫ് • Read More