ഇരുപത് വർഷം മുമ്പാണ്.
എം.ബി.ബി.എസ്. കഴിഞ്ഞു. സഹപാഠികൾ പി.ജി. എൻട്രൻസ് പരിശീലനത്തിനായി പല ദിക്കുകളിലേക്ക് പിരിഞ്ഞു. നീണ്ട ചർച്ചകൾക്കൊടു വിൽ ഉറ്റസുഹൃത്തുകളായ രണ്ടു പേർ തീരുമാനിച്ചു: ഒരു ചെറിയ ആശുപത്രി തുടങ്ങാം. സാധാരണ മനുഷ്യരുടെ സാധാരണ അസുഖങ്ങൾ ചികിത്സിക്കുന്ന ഒരിടം. (അസാധാരണ മനുഷ്യരേയും, അസാധാരണ രോഗങ്ങളെയും ധാരാളം അവിടെ കണ്ടുമുട്ടുമെന്ന് അവർക്കറിഞ്ഞു കൂടായിരുന്നു, അന്ന്). ഇന്നാണ് ഡോക്ടർമാരാകു ന്നതെങ്കിൽ അവർ അത്തരമൊരു കാര്യം ആലോചിക്കുകയേ ഇല്ല. എത്രയും പെട്ടെന്ന് ഒരു എം.ഡിയോ എം.എസ്സോ സംഘടിപ്പിക്കുന്നതിനെപ്പറ്റിയേ ചിന്തിക്കൂ.
'മലയോര മേഖലയുടെ സിരാകേന്ദ്രമായ' എന്ന് എതു നോട്ടീസിലും ആദ്യ വാചകം തുടങ്ങുന്ന അവന്റെ സെമി അർബൻ ഗ്രാമത്തിൽ ഒരു ഇരുനിലക്കെട്ടിടം നിസ്സാര വാടകക്ക് കിട്ടി. ഒരേ സമയം ഇരുപതു പേരെ കിടത്താം. ഒരു മെയിൽ വാർഡ്. ഒരു ഫീമെയിൽ വാർഡ്. ഒന്നോ രണ്ടോ മുറികൾ. ഒ.പി. കാഷ്വാൽറ്റി കം ഒബ്‌സർവേഷൻ റൂം. കുഞ്ഞു ശസ്ത്രക്രിയകൾക്കുൾപ്പെടെ ഒരു സൈഡ്‌റൂം. ഒരു ലബോറട്ടറി. ടേപ്പ് റേക്കോർഡറിന്റെ മാതിരിയുള്ള ഒരു ഇ.സി.ജി മെഷീൻ. ഒരു സെക്കനന്റ് ഡിഫിബ്രിലേറ്റർ. ഓക്‌സിജൻ സിലിണ്ടർ. പാമ്പുകടിയും ഹൃദ്രോഗവും സർവസാധാരണവും എന്നാൽ വിദഗ്ദ്ധ ചികിത്സ മണിക്കൂറുകൾക്കപ്പുറവുമായിരുന്നതിനാൽ, ആന്റി സ്നേക്ക് വെനവും ഹൃദയധമനികളിലെ ബ്ലോക്കു കൾ അലിയിച്ചു കളയുന്നതിൽ അക്കാലത്തെ സൂപ്പർസ്റ്റാറായിരുന്ന സ്ട്രെപ്‌റ്റോകൈനേസ് ഇഞ്ചക്ഷനും, മറ്റു മരുന്നുകൾക്കൊപ്പം എപ്പോഴും സ്റ്റോക്കുണ്ടായിരുന്ന ഒരു ഫാർമസി. എത്ര നേർത്ത ഞരമ്പിലും ഇഞ്ചക്ഷൻ ചെയ്യാൻ വിദഗ്ദ്ധരായ അഞ്ചാറു നഴ്‌സുമാർ. രണ്ടു ലാബ് ടെക്‌നീഷ്യൻമാർ. ഒന്നു രണ്ട് ക്ലീനിങ് സ്റ്റാഫുകൾ. പിന്നെ ഞങ്ങൾരണ്ടു പേർ. എല്ലാം 24X7X365.
ഇത്രയും സജ്ജീകരിക്കുക എളുപ്പമായിരുന്നില്ല. പക്ഷേ അച്ചായൻ അസാധ്യ സംഘാടകനായിരുന്നു. എം.ബി.ബി.എസ്സിനേക്കാൾ, എം.ബി.എ പഠിക്കേണ്ടവനായിരുന്നു അവൻ. ഉദ്ഘാടനം കഴിഞ്ഞ് കുറച്ചുമാസങ്ങൾ പിന്നിട്ടപ്പോൾ ഉത്തരകേരളത്തിൽ ചിക്കുൻ ഗുനിയ വന്നു. അരോഗ്യദൃഢഗാത്രരും നിത്യേന പത്തെഴുപത് റബർമരങ്ങൾ വെട്ടിയിരുന്നവരുമായ ജിമ്മിച്ചന്മാരും, ജോണിച്ചന്മാരും വർഗീസു ചേട്ടന്മാരുമെല്ലാം കുടുംബസമേതം പനിച്ചു വിറച്ച് ആശുപത്രിയിൽ നിറഞ്ഞു. നിറയെ തിരക്കുള്ള ജനറൽ വാർഡുകളിൽ മനുഷ്യർ രോഗാവസ്ഥകളെ പരസ്പരം താരതമ്യം ചെയ്ത് ശമനം കണ്ടെത്തും. അന്യോന്യം സഹായിക്കും. പേവാർഡുകൾക്കും, അടഞ്ഞ മുറികൾക്കും അന്യമായ ഒരു സവിശേഷതയാണ് അത്.

കാലം ആവർത്തിക്കുകയായിരുന്നു. മധ്യകേരളത്തിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറാൻ വന്നപ്പോൾ പ്രതികൂല കാലാവസ്ഥയേക്കാൾ, വെട്ടിത്തെളിയ്ക്കാനുളള കൊടുങ്കാടുകളേക്കാൾ, വന്യമൃഗങ്ങളേക്കാൾ അവരുടെ പിതാമഹന്മാരെ തളർത്തിയത് രോഗങ്ങളായിരുന്നുവല്ലോ. പ്രത്യേകിച്ച് മലമ്പനി. 'വിഷകന്യക'യിൽ എസ്.കെ പൊറ്റെക്കാട് ആ കാലഘട്ട ത്തെ ഗംഭീരമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
പലരുടേയും പനി മാറാൻ തന്നെ ഒന്നുരണ്ടാഴ്ചകൾ എടുത്തു. വിട്ടുമാറാത്ത സന്ധിവേദന മിക്കവരിലും തുടർന്നു. നിയതമായ ഒരു ചികിത്സാ പ്രോട്ടോക്കാൾ അക്കാലത്തില്ലായിരുന്നു. ചിക്കുൻ ഗുനിയ കേരളത്തിന് താരതമ്യേന അന്യവുമായിരുന്നു. പനിയ്ക്കു ശേഷമുള്ള സന്ധിവാതസമാനമായ രോഗങ്ങൾക്ക് ക്ലോറോക്വിനും (chloroquine), ചെറിയ ഡോസിൽ പ്രെഡ്നിസൊലോണും (Prednsiolone) ഫലപ്രദമാണെന്ന ചില പഠനങ്ങൾ തമിഴ്നാട്ടിൽ നിന്ന് വന്നത് ഞങ്ങൾ പത്രത്തിൽ വായിച്ചറിഞ്ഞു. (എത്ര തിരക്കാണെങ്കിലും അന്ന് ഞങ്ങൾ പത്രം വിശദമായി വായിക്കുമായിരുന്നു. ആദ്യം നോക്കുക ചരമക്കോളമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടവർ ആരെങ്കിലുമുണ്ടോ പത്താം പേജിൽ?)
തമിഴ്‌നാട് മോഡൽ ഞങ്ങൾ ഉത്തരകേരളത്തിലെ ആ പഞ്ചായത്തിൽ വിജയകരമായി പരീക്ഷിച്ചു. പണപ്പെട്ടി ഒട്ടു മുക്കാലും നിറഞ്ഞു. അത്രയും സമൃദ്ധിയും, ആത്മസംതൃപ്തിയും, വെല്ലുവിളികളും തന്ന ഒരു കാലം പിന്നീടിന്നേവരെ മെഡിക്കൽ പ്രാക്ടീസിലുണ്ടായിട്ടില്ല. ഞങ്ങൾ കടങ്ങൾ കുറേ യൊക്കെ വീട്ടി. കുടുംബത്തോട് നിർവഹിക്കേണ്ട പല ബാധ്യതകളും വലിയ തോതിൽ നിറവേറ്റി. ഈയൊരു പശ്ചാത്തലത്തിലേക്കാണ് നാരായണേട്ടൻ അയാളുടെ വീങ്ങിവീർത്ത മന്തുകാലും, പനിച്ചുവിറയ്ക്കുന്ന ദേഹവുമായി വന്നത്. കടുത്ത വേദനയിലും പുഞ്ചിരിക്കാൻ പറ്റുക അപൂ ർവം മനുഷ്യന്മാർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. ആ രോഗിയെ ഞാൻ ഇന്നുമോർക്കാൻ പ്രധാനകാരണങ്ങളിലൊന്നും അതു തന്നെ. അയാൾ ഒരു വെള്ളഷർട്ടും, മുണ്ടുമായിരുന്നു ഉടുത്തിരുന്നത്. കറുത്ത ദേഹം. ഹെയർ ഡൈയും വെളിച്ചെണ്ണയും ചേർന്ന് അടക്കത്തിൽ നിർത്തിയ തലമുടി. ശ്രദ്ധാപൂർവം ഷേവുചെയ്ത മുഖം.
പോക്കറ്റിൽ ഞങ്ങളുടെ തലമുറ സ്കൂൾ കാലത്തുപയോഗിച്ചിരുന്ന 'ഹീറോ' എന്ന ഫൗണ്ടൻ പേന. അയാളുടെ ചെരിപ്പില്ലാത്ത ഇടതുകാലിൽ ചുവപ്പ്, പൊള്ളുന്ന ചൂട്, കുമിളകൾ, കക്കൂസിലേക്കു പോലും നടക്കാനാവാത്തത്ര വേദന. തെർമോമീറ്ററിൽ 103 ഫാരൻഹീറ്റ് പനി. ഒടിയിലെ കഴലകളിൽ തടിപ്പ്. സർവോപരി അവശത.
ശരിക്കും അയാളുടെ പേര് നാറാണൻ എന്നല്ലേ? നാരായണൻ എന്നത് അയാൾ പരിഷ്‌കരിച്ച് പറഞ്ഞതല്ലേ?
നാരായണേട്ടൻ ഒറ്റത്തടിയായിരുന്നു. മറ്റൊരു നാട്ടിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ഇവിടെ വന്നു. അവിവാഹിതൻ. സഹോദരിയും കുടുംബവും ജന്മനാട്ടിലുണ്ട്. ഓണം- വിഷുവിന് അവരെക്കാണാൻ പത്തു ദിവസം പ്ലാൻ ചെയ്ത് പോവും. മൂന്നാം നാൾ മടങ്ങിവരും. ആധാരമെഴുത്തുകാരനാണ്. ബസ്സ് സ്റ്റാന്റിന്റെ മുകൾനിലയിലുള്ള ഒറ്റമുറിയാണ് ഓഫീസും താമസസ്ഥലവും.

കൗമാരത്തിലാരംഭിച്ച രോഗം അയാൾക്ക് യൗവനം വരെ ഏകാന്തത നൽകിയെങ്കിലും ഇവിടെ വന്നപ്പോൾ നിറയെ സുഹൃത്തുക്കളായി. എല്ലാവർക്കും ആവശ്യമുള്ള ഒരാളായി അയാൾ മാറിയിരി ക്കണം. അതുകൊണ്ട് വലിയൊരു അനുചര വൃന്ദത്തോടൊപ്പമാണ് ആദ്യത്തെ ദിവസം അയാൾ ഒ.പിയിൽ വന്നത്. ഞങ്ങൾ അയാളെ വിശദമായി പരിശോധിച്ചു. കരിയറിന്റെ തുടക്കത്തിൽ ടി. സാധനം വിശദപരിശോധന രോഗിയേക്കാൾ ഡോക്ടറുടെ ആവശ്യമാണ്. ഫൈലേറിയൽ സെല്ലുലൈറ്റിസ് ആണ്. മന്തുരോഗമുള്ളവരുടെ ലസികാവ്യൂഹം (Lymphatics) താറുമാറായിരിക്കു ന്നതിനാൽ ചർമ്മകോശങ്ങളുടെ 'ഇങ്ക്വിലാബ് സിന്ദാബാദി’ന്റെ ഫലമായുാകുന്ന ചുവപ്പും തടിപ്പും നീർക്കെട്ടും (Cellulitis), ഒടിയിലെ കഴലകളുടെ വീക്കവും (inguinal adenitis), പനിയും, വിറയലു മെല്ലാം ഇടയ്‌ക്കൊക്കെ വരാം. ഇതിനു മുമ്പും പലതവണ അയാൾക്കിത് വന്നിട്ടുണ്ട്
'പക്ഷേ ഇത്രയും കടുപ്പത്തിൽ എന്റെ ഓർമ്മയിലില്ല', അയാൾ പറഞ്ഞു. പ്രമേഹമില്ല എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് പകുതി സമാധാനമായി. കിടത്തി ചികിത്സിക്കാം എന്നു തീരുമാനിച്ചു. ബാത്ത്‌റൂം സൗകര്യവും മറ്റും പരിഗണിച്ച് ഒഴിവുണ്ടായിരുന്ന ഒരേയൊരു പ്രൈവറ്റ് റൂം കൊടുത്തു. ഇൻഫെക്ഷൻ നിയന്ത്രിക്കാൻ പെൻസിലിൻ ഇഞ്ചക്ഷനും ക്ലോക്‌സാസിലിൻ ഇഞ്ചക്ഷനും തുടങ്ങി. മന്തുരോഗം (Filariasis) ഉണ്ടാക്കുന്ന വിരകൾക്കെതിരായ (Wuchereria bancrofti) DEC എന്ന മരുന്നും. പനി, വേദന എന്നിവ ശമിപ്പിക്കാനുള്ള ഗുളികകളും, മുറിവിന് ഡ്രസ്സിംഗും നൽകി. ഒരു ചുക്കും സംഭവിച്ചില്ല. പിറ്റേ ദിവസം റൗണ്ട്സിന് ചെല്ലുമ്പോൾ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു: ഇന്ന് ബാത്ത്‌റൂമിൽ പോകാൻ കൂടി പറ്റിയില്ല.
അർത്ഥം: ഇന്നലത്തേക്കാൾ അസുഖം കൂടിയിരിക്കുകയാണല്ലോ? നിങ്ങൾ രണ്ടു ഡോക്ടർമാർ എന്താണ് കാണിക്കുന്നത്?
ഞങ്ങൾ നിരാശരായില്ല. പെൻസിലിന്റെ പേരക്കുട്ടിയായ പിപ്ടാസ് എന്ന പിപ്പറാസിലിൻ ടസോബാക്ടം പ്രയോഗിക്കാൻ തീരുമാനിച്ചു. പനി കുറഞ്ഞു. പക്ഷേ വീക്കവും ചുവപ്പും കുമിളകളും തുടർന്നു. ആറേഴുദിവസമായി രോഗി വന്നിട്ട്. തുടക്കക്കാരായ ഞങ്ങളെ വിഷാദം ഗ്രസിച്ചു.
‘‘കാലിന്റെ സ്കാനിങ്ങ് എടുത്തു നോക്കണം, കൂടുതൽ വിശദമായ ചില രക്തപരിശോധനകൾ വേണം. ഒരു സർജനെ കാണുന്നതാവും ഉചിതം. അതിന് ….. ആശുപത്രിയിലോ, മെഡിക്കൽ കോളജിലോ പോകണം’’, പിറ്റേദിവസം ചെന്നപ്പോൾശബ്ദത്തിൽ പരമാവധി ആത്മവിശ്വാസവും ആധികാരികതയും നിറച്ച് ഞാൻ പറഞ്ഞു.
അയാളെ മറ്റൊരിടത്തേക്ക് തട്ടാനുള്ള ശ്രമമാണ്. Many a time, referrals are made to save: ഗുരുനാഥനായിരുന്ന പ്രഫ. പി. കെ. ശശിധരന്റെ വാക്കുകൾ ഞാൻ കുറ്റബോധത്തോടെ ഓർത്തു. നാരായണേട്ടൻ പക്ഷേ ഞങ്ങളുടെ ഡയലോഗുകളി ലൊന്നും വീണില്ല. 'സ്കാനിങ്ങ് വേണമെങ്കിൽ എടുക്കാം. ഡോക്ടർമാർ പറയുന്ന ടെസ്റ്റുകളൊക്കെ ചെയ്യാം. പക്ഷേ ചികിത്സ ഇവിടെത്തന്നെ മതി' അയാൾ പതിവുപോലെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

ചില രോഗികളുണ്ട്. ദൈവത്തെപ്പോലെ, എല്ലാം ഡോക്ടറിൽ സമർപ്പിക്കുന്നവർ. ഒരർത്ഥത്തിൽ അന്ധവിശ്വാസികൾ. നാരായണേട്ടൻ പക്ഷേ അത്തരക്കാരനല്ല. മറ്റൊരു ആശുപത്രിയിൽ പോയാലും അയാൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും വരാനില്ല. കൈയിൽ കാശുണ്ട്. എന്തും ചെയ്യാൻ സന്നദ്ധരായ കൂട്ടുകാരുമുണ്ട്. എന്നിട്ടും അയാൾ ഇവിടെത്തന്നെ തുടരാൻ തീരുമാനിക്കാൻ എന്തായിരിക്കും കാരണം?
ആ ദേശത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വയം കുറ്റിയടിച്ച് കെട്ടിയ ഒരു മനുഷ്യനാണ് അയാളെന്ന് എനിക്കുതോന്നി. മറ്റൊരു മേട്ടിലേയും പുല്ല് അയാൾക്ക് പഥ്യമല്ല. 'ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിത്തരാനെങ്കിലും പറ്റുമോ നിങ്ങൾക്ക്?' എന്ന് പറഞ്ഞ് അയാൾ ഞങ്ങളെ കളിയാക്കിച്ചിരിക്കു ന്നത് ഒരു ദിവസം ഞാൻ സ്വപ്നം കണ്ടു.
ഞാനും അച്ചായനും ധർമ്മസങ്കടത്തിലായി. ഇനി യെന്തു ചെയ്യും? ഇന്നത്തെപ്പോലെ എന്തും വിരൽത്തുമ്പിൽ കിട്ടുന്ന കാലമല്ലല്ലോ. സ്മാർട്ട് ഫോണില്ല. ഇന്റർനെറ്റിനാണെങ്കിൽ ബ്യൂറോക്രസിയുടെ വേഗവും. ഈ കേസുകെട്ടിലേക്ക് ആഴ്ന്നിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. പരമാവധി വായിച്ചു. പലരോടും ചർച്ച ചെയ്തു. ഇതേ കെട്ടിടത്തിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നു. അന്നത്തെ ഡോക്ടറുടെ വീരഗാഥകളാണ് ആശുപത്രി തുടങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റിരുന്നത്.
'ജില്ലാശുപത്രീന്ന് ഓപ്പറേഷൻ പറഞ്ഞ കൈയ്യാ. കേറിക്കിടക്ക് അമ്മച്ചീ എന്നു പറഞ്ഞു. ഒരു ബ്ലേഡെടുത്ത് ഒറ്റക്കീറലാ. ഒരിടങ്ങഴി ചലം പോയി. ഒപ്പം ഒരു തടിക്കഷണവും’.
'ഒറ്റ ഇഞ്ചക്ഷനും ഒരാവിയും തന്നതേയുള്ളൂ. പിന്നീടിന്നേ വരെ ഐന്റ കൊച്ചിന് ശ്വാസംമുട്ട് വന്നിട്ടില്ല’.
'അരനിമിഷം കൊണ്ടാ അപ്പച്ചെന്റ വയറുവേദന മാറിയത്’.
ഒരു വ്യാജ ഡോക്ടറായിരുന്നു അയാൾ. കേട്ടിടത്തോളം അനുഭവസമ്പത്തും, കോമൺസെൻസും, അഭിനയിക്കാനുള്ള മിടുക്കും സമൃദ്ധമായി ഉണ്ടായിരുന്ന ഒരു കമ്പൗണ്ടർ. നിലവിലെ കമ്പൗണ്ടറുമായി അയാൾ എന്തോ കാര്യത്തിന് പിണങ്ങിയതിനുശേഷമാണ് ജനകീയ ഡോക്ടർ വ്യാജനാണെന്ന് നാട്ടുകാർ അറിയുന്നതും, പൊലീസ് അയാളെ പൊക്കുന്നതും. ആ വ്യാജനേക്കാൾ മികച്ച ഡോക്ടർമാരായി യഥാർത്ഥ ഡോക്ടർമാരായ ഞങ്ങൾക്ക് ഞങ്ങളെ അവരോധിക്കേതുണ്ട്. അച്ചായന്റെ നാടു കൂടെയാണത്. ജന്മനാട്ടിലെ പ്രാക്ടീസ് ഒരർത്ഥത്തിൽ ഇരുതലമൂർച്ചയുള്ള വാളാണ്.
'അന്ന് ഒരു മന്തുരോഗിയെ, ഇവിടെയൊന്നും കിട്ടാഞ്ഞിട്ട് എറണാകുളത്തെ ഏതോ മെഡിക്കൽ ഷാപ്പിൽ നിന്ന് വരുത്തിച്ച ഒരു ഇഞ്ചക്ഷൻ ചെയ്ത് അങ്ങേർ സുഖപ്പെടുത്തിയിട്ടുണ്ട്. രണ്ടേ രണ്ടു ദിവസം കൊണ്ട് ചപ്പിയ മാങ്ങാണ്ടി പോലായി അവന്റെ കാല്. വ്യാജനാണേലും അങ്ങേർക്ക് നല്ല കൈപ്പുണ്യമാരുന്നു’, സുവിശേഷങ്ങൾ തുടരുക യാണ്.
അച്ചായൻ, ഞങ്ങളുടെ മനസ്സിൽ ലഡ്ഡു പൊടിച്ച ആ ഡയലോഗിലെ കീ പോയന്റിൽ കയറിപ്പിടിച്ചു. പക്ഷേ ബ്രാണ്ടിപ്പുറത്ത് പഴമ്പുരാണം വിളമ്പിയ ആർക്കും ആ മരുന്നിന്റെ പേരറിഞ്ഞുകൂടാ. ആദ്യാക്ഷരം പോലും നിശ്ചയമില്ല. വ്യാജനാണെന്നറിയാതെ വ്യാജന്റെ ക്ലിനിക്കിൽ ആഴ്ചയിലൊരു ദിവസം വിസിറ്റിങ്ങ് കൺസൾട്ടന്റായി വന്നിരുന്ന ഒരു ഫിസിഷ്യനുണ്ടായിരുന്നു. ഞങ്ങൾ എം.ബി. ബി. എസ് പഠിക്കുമ്പോൾ അങ്ങേർ എം.ഡി ചെയ്യുകയാണ്. പഴയ പരിചയം വച്ച് വിളിച്ചു. അല്പം ആലോചിച്ചശേഷം മരുന്നിന്റെ പേരും അത് വരുത്തിച്ച ഫാർമസിയുടെ പേരും മൂപ്പർ ഓർത്തെടുത്ത് പറഞ്ഞുതന്നു. 'നിങ്ങൾ എം.ബി.ബി.എസ് കഴിഞ്ഞ് വ്യാജന്മാരായി പ്രാക്ടീസ് തുടങ്ങാൻ പോകുകയാണോ', അയാൾ തമാശയായി ചോദിച്ചു.
എറണാകുളത്ത് വിളിച്ചന്വേഷിച്ചപ്പോൾ അവരിപ്പോൾ അത് സ്റ്റോക്ക് ചെയ്യുന്നില്ല. ആന്ധ്രാ പ്രദേശിലേ സാധനം കിട്ടൂ. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ദേശങ്ങൾ നിലവിലില്ലാത്ത കാലമാണ്. ആന്ധ്രയെങ്കിൽ ആന്ധ്ര. വരുത്തുകതന്നെ. പിറ്റേ ദിവസം വളരെ ആധികാരികമായി ഞങ്ങൾ നാരായണേട്ടനു മുന്നിൽ കാര്യമവതരിപ്പിച്ചു. ഒരു മരുന്നുണ്ട്. ആന്ധ്രയിൽനിന്ന് എത്തിക്കണം. പറ്റുമോ?
അയാൾ ചിരിച്ചു. കേരളത്തിൽ മാത്രമല്ല അങ്ങ് ആന്ധ്രാപ്രദേശിലും അങ്ങേർക്ക് പിടിപാടുണ്ടെന്ന് ആ ചിരിയിൽ ഞങ്ങൾക്ക് മനസ്സിലായി.
മൂന്നാം ദിവസം. രാത്രി ഒന്നരയ്ക്ക് സ്റ്റാന്റിലെത്തുന്ന ഒരു ബസ്സിൽ ഞങ്ങൾ കാത്തിരുന്ന ആ ഇഞ്ചക്ഷൻ വന്നു. ഫ്ലോറോസിഡ് (Florocid). സോഡിയം ഫ്ലൂറൈഡിന്റെയും പ്രൊക്കേയിനിന്റെയും ഒരു മിശ്രണം. വില ഒരു ഡോസിന് പത്തു രൂപയോ മറ്റോ. പിറ്റേദിവസം രണ്ടു മരുന്നുകളും കൂടി മിക്‌സ് ചെയ്ത് ഞങ്ങൾ നാരായണേട്ടന്റെ തൊലിക്കടി യിലേക്ക് (Subcutaneous tissue) കുത്തിവച്ചു. പിറ്റെന്നും അതിന്റെ പിറ്റേന്നും അത് ആവർത്തിച്ചു. പിന്നീട് സംഭവിച്ചത് അൽഭുതമെന്നോ അതിശയമെന്നോ വിളിക്കാവുന്ന വിധത്തിലുള്ള രോഗശമനമാണ്. സഹൃദയനായ നാരായണേട്ടനിലൂടെയും, നിത്യവും അയാളെക്കാണാൻ വന്നിരുന്ന അസംഖ്യം സന്ദർശ കരിലൂടെയും സോഷ്യൽ മീഡിയ ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് ഞങ്ങളും ഞങ്ങളുടെ ആശുപത്രിയും അപാരമായി വൈറലായി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നാരായണേട്ടൻ ഇടനാഴിയിലൂടെ സന്തോഷത്തോടെ മടങ്ങി. ആ ദൃശ്യം ഇന്നായി രുന്നെങ്കിൽ ഇൻസ്റ്റയിൽ, നിറയെ കാഴ്ചക്കാരുള്ള ഒരു റീലായി വന്നേനെ.
സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജനായി ജോലി ലഭിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ അച്ചായനെയും ഞങ്ങളുടെ ആശുപത്രിയേയും വിട്ടു. 'മലയോര മേഖലയുടെ സിരാകേന്ദ്രത്തി'ൽ കുറേക്കൂടി സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിൽ ഇന്നും ആ ആതുരാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
പത്തുപതിനഞ്ച് വർഷങ്ങൾക്കുശേഷം ഒരു കല്യാണത്തിൽ പങ്കെടുത്ത് അതുവഴി മടങ്ങുമ്പോൾ ഞാൻ നാരായണേട്ടനെ കണ്ടു. അയാൾക്ക് ഒരു മാറ്റവുമില്ല. വലതുകൈയിൽ ഒരു ചായ ഗ്ലാസും, ഇടതു കൈയിൽ സിഗരറ്റുമായി ബസ്സ് സ്റ്റാന്റിലെ ചായക്കടക്കുമുന്നിൽ അയാൾ നാലഞ്ചു പേരടങ്ങുന്ന ഒരു സംഘത്തിനോട് കൈയാം ഗ്യങ്ങളൊക്കെയായി വാചാലമായി സംസാരിക്കുകയാണ്. മുണ്ട് താഴ്ത്തിയിട്ടതിനാൽ എനിക്ക് 'ഫ്ലോറോസിഡ്' സുഖപ്പെടുത്തിയ അയാളുടെ കാലു കാണാൻ സാധിച്ചില്ല. ഞാനും, എന്റെ അന്തർമുഖ ത്വവും വലിയ സന്തോഷ ത്തോടെ നാലഞ്ചു മിനിട്ട് ആ മനുഷ്യന്റെ ചലനങ്ങൾ നോക്കിനിന്നു. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഞാൻ ചിരിച്ചു. സാമാന്യ മര്യാദയിൽ അയാൾ തിരിച്ചു പുഞ്ചിരിച്ചു. അയാൾ ഓർമ്മകളിൽ പരതുകയാണെന്ന് എനിക്ക് മനസ്സിലായി. പുതിയ ഡോക്ടറെത്തിരിച്ചറിയാൻ പഴയ രോഗിക്ക് സാധിക്കുന്നതിനു മുമ്പ് പക്ഷേ ഞാൻ വന്ന ബസ്സ്, സ്റ്റാന്റ് വിട്ടു പോയി.
READ: മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം
ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം
ലിംഗവൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്
മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ
തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ
ഇളംമനസ്സിലേക്കുള്ള
പാസ്സ്വേഡുകൾ
പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും
മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

