സാധാരണയായി ജനങ്ങളുടെ ഇടയിൽ ഭീതിയുണർത്തുന്ന ഒരു പദമാണ് 'അനസ്‌തേഷ്യ'. എന്തെങ്കിലും അസുഖം വന്ന് സർജറി വേണം എന്ന നിർദ്ദേശം വന്നാൽ ആദ്യം ചോദിക്കുന്ന ചോദ്യം ''മയക്കം കൊടുത്തിട്ട് ചെയ്യണോ'' എന്നതാണ്. അനസ്‌തേഷ്യയെപ്പറ്റി ശരിയായ അവബോധമില്ലാത്തതാണ് ഇതിനുകാരണം.
അനസ്‌തേഷ്യ ഉത്ഭവിച്ചതു തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴുള്ള വേദന എങ്ങനെ ഒഴിവാക്കാം എന്ന ഒരുപാടു നാളത്തെ ചിന്തയിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ആണ്. ആദ്യമായി അനസ്‌തേഷ്യ നൽകിയത് അനസ്‌തേഷ്യാ വിദഗ്ദ്ധനല്ല, മറിച്ച് ഒരു ദന്തരോഗ വിദഗ്ദ്ധനാണ്.
'അനസ്‌തേഷ്യ' എന്ന പദത്തിന്റെ അർത്ഥം തന്നെ വേദന ഇല്ലാതാക്കുന്നത് ഏതാണോ അത് എന്നാണ്. ആദ്യമെല്ലാം ശസ്ത്രക്രിയയുടെ വേദന ഇല്ലാതാക്കുക എന്നതുമാത്രമായിരുന്നു അനസ്‌തേഷ്യയുടെ ലക്ഷ്യം. അങ്ങനെയാണ് 'Laughing gas' എന്നറിയപ്പെട്ടിരുന്ന Nitrous oxide- ന്റെ ജനനം. പിന്നീട് ശസ്ത്രക്രിയ ചെയ്യുന്നത് രോഗി അറിയാതെ ആയിരിക്കണം എന്ന നിലയിലേക്ക് അതു വളർന്നു. പിന്നീട് ധാരാളം പുരോഗതികൾ വന്നാണ് ഇന്നത്തെ വളരെ പുരോഗമിച്ച, സങ്കീർണ്ണതകൾ ഏറ്റവും കുറഞ്ഞ ഒരു മെഡിക്കൽ ശാസ്ത്രശാഖയായി അനസ്‌തേഷ്യ വികസിച്ചത്.
എന്നാൽ, ഇപ്പോഴും സാധാരണ ജനങ്ങളെ സംബന്ധിച്ച് അനസ്‌തേഷ്യ ഒരു പേടിസ്വപ്നമാണ്. ഇതിനുകാരണം ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയോ വികലമായ അറിവോ ആണ്. ഇതിനെ കുറച്ചൊന്ന് ദൂരീകരിക്കുവാൻ ശ്രമിക്കട്ടെ.
നേരത്തെ സൂചിപ്പിച്ചതുപോലെ വേദന ഇല്ലാതാക്കുക എന്നതാണ് അനസ്‌തേഷ്യയുടെ പ്രധാനലക്ഷ്യം. അത് ശസ്ത്രക്രിയ ചെയ്യുമ്പോഴും ശസ്ത്രക്രിയ കഴിഞ്ഞശേഷവും ഉള്ള വേദന ഇല്ലാതാക്കുന്നതും ഉൾപ്പെടും.

പ്രധാനമായും രണ്ടുതരത്തിലാണ് അനസ്‌തേഷ്യ നൽകുന്നത്.
1. മരുന്നുകൾ നൽകി പൂർണ്ണമായും ബോധം ഇല്ലാതാക്കി ചെയ്യുന്ന general anaesthesia.
2.ശസ്ത്രക്രിയ നൽകുന്ന ഭാഗം മാത്രം മരവിപ്പിച്ച് സംവേദനക്ഷമത ഇല്ലാതാക്കി ചെയ്യുന്ന regional anaesthesia.
ഇവ രണ്ടിനും ഉപവിഭാഗങ്ങളും ഉണ്ട്.
I) ജനറൽ അനസ്തേഷ്യ
(General Anaesthesia)
മരുന്നുകൾ ഉപയോഗിച്ച് രോഗിയുടെ ബോധം പൂർണ്ണമായും ഇല്ലാതാക്കി ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുന്ന രീതി. മരുന്നുകൾ നേരിട്ട് രക്തത്തിലേക്ക് നൽകി ബോധം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ശ്വാസകോശം വഴി ഗ്യാസ് രൂപത്തിലുള്ള മരുന്നുകളും നൽകും.
'General anaesthesia is defined as drug induced reversible depression of the CNS resulting in the loss of response to perception of all external stimuli'- ഇതാണ് G.A യുടെ നിർവചനം. അതായത് തിരിച്ചുകൊണ്ടുവരാവുന്ന രീതിയിൽ മരുന്നുകൾ ഉപയോഗിച്ച് തലച്ചോറിൽ ഉണ്ടാകുന്ന സംവേദനക്ഷമതയെ ഇല്ലാതാക്കുക.
ഇതിന് 3 ഭാഗങ്ങളുണ്ട്.
1. Hypnosis - ബോധം ഇല്ലാതാക്കുക.
2. Analgesia - വേദന ഇല്ലാതാക്കുക.
3. Musle relaxation - പേശികളെ തളർത്തുക.
ഇവ മൂന്നും ഒന്നിച്ച് ശരിയായ അനുപാതത്തിൽ ചെയ്യുന്നതാണ് GA. General Anaesthesia ശസ്ത്രക്രിയയുടെ സമയവും രീതിയും രോഗിയുടെ ശാരീരിക അസ്വസ്ഥതയും അനുസരിച്ച് പലതരത്തിൽ ചെയ്യാറുണ്ട്.
1. മോണിറ്റേഡ് അനസ്തേഷ്യ
Monitored Anaesthesia (MAC)
ശാരീരികമായ അസ്വാസ്ഥ്യങ്ങൾ കൂടുതലുള്ളതോ മാനസികമായി അസ്വാസ്ഥ്യമുള്ളതോ ആയ രോഗികളിൽ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയ ചെയ്യാൻ ഉപയോഗിക്കുന്നു. രോഗിക്ക് ചെറിയ രീതിയിൽ ഉറക്കം വരുത്തി ഭയം കുറച്ച് എന്നാൽ ബോധം നഷ്ടപ്പെടുത്താതെ ചെയ്യുന്ന രീതിയാണ് ഇത്. ചെറിയരീതിയിലുള്ള ശസ്ത്രക്രിയകൾക്കുമാത്രം ഉപയോഗിക്കുന്നു.
2. ഐ.വി. സെഡേഷൻ
(I.V. Sedation)
മരുന്നുപയോഗിച്ച് രോഗിയെ പൂർണ്ണമായും ഉറക്കുന്നതാണ് ഈ രീതി. സ്വാഭാവികമായുള്ള stage2, stage 3 ഉറക്കത്തിലേക്ക് രോഗിയെ എത്തിക്കുകയാണ് ചെയ്യുന്നത്. Hypnosis, muscle relaxation എന്നിവ ചെയ്യുന്നില്ല. Anxiety തുടങ്ങിയവ അധികമുള്ളവരിലും പ്രായാധിക്യം, ഹൃദയം തുടങ്ങി മറ്റു അവയവങ്ങൾക്ക് തകരാറുള്ളവർക്കും ചെറിയ ശസ്ത്രക്രിയകൾ ചെയ്യാനുപയോഗിക്കുന്നു.
3. ഷോർട്ട് ജി.എ.
(Short G.A.)
G.A. മരുന്നുകൾ തന്നെ കുറഞ്ഞ അളവിൽ ഉപയോഗിച്ച് കുറച്ചുസമയത്തേക്ക് രോഗിയുടെ ബോധം പൂർണ്ണമായും ഇല്ലാതാക്കി ചെയ്യുന്ന രീതി. കുറച്ചുസമയം കൊണ്ട് ചെയ്യുന്ന ശസ്ത്രക്രിയകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്. രോഗിയെ പെട്ടെന്നുതന്നെ സ്വാഭാവിക അവസ്ഥയിലേക്ക് തിരികെ എത്തിക്കുന്നു.
4. ജനറൽ അനസ്തേഷ്യ
(General Anaesthesia)
നേരത്തെ പറഞ്ഞ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി രോഗിയുടെ ബോധം പൂർണ്ണമായും ഇല്ലാതാക്കി നടത്തുന്ന അനസ്‌തേഷ്യ. രോഗിയുടെ ശ്വാസപ്രവർത്തനം പൂർണ്ണമായും അനസ്‌തേഷ്യാ വിദഗ്ദ്ധന്റെ നിയന്ത്രണത്തിലായിരിക്കും. മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ അപ്പപ്പോൾ നിരീക്ഷിച്ച് വേണ്ടരീതിയിൽ മാറ്റം വരുത്തുവാനും കൈകാര്യം ചെയ്യുവാനും അനസ്‌തേഷ്യാവിദഗ്ദ്ധന്റെ പ്രത്യേക ശ്രദ്ധ ഈ തരം അനസ്‌തേഷ്യക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ എത്രവലിയ ശസ്ത്രക്രിയയുടെയും വിജയത്തിന് ഒരു നല്ല അനസ്‌തേഷ്യ അത്യാവശ്യമാണ്.
II) റീജ്യണൽ അനസ്തേഷ്യ
(Regional Anaesthesia)
ഇത് ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തിന്റെയോ ആ ഭാഗം ഉൾപ്പെടുന്ന ശരീരഭാഗത്തെയോ സംവേദനക്ഷമത ഇല്ലാതാക്കി മരവിപ്പിച്ച് നടത്തുന്ന അനസ്‌തേഷ്യയാണ്. General Anaesthesia യെക്കാൾ താരതമ്യേന അപകടം കുറഞ്ഞ രീതിയാണിത്. എന്നാൽ തീർത്തും അപകടരഹിതമായ ഒന്നല്ല (ആണെന്ന വിശ്വാസം പൊതുവേ ഉണ്ട്.)
R.A പല തരത്തിലുണ്ട്.
1. സെൻട്രൽ ന്യൂറാക്സിയൽ ഉപരോധം
(Central Neuraxial Blockade).
Spinal cord- ൽ നിന്നുള്ള signals തടസ്സപ്പെടുത്തി ശരീരത്തിൽ അരയ്ക്ക് താഴെയുള്ള ഭാഗം മരവിപ്പിച്ച് ചെയ്യുന്ന രീതി. ഇത് രണ്ടുതരത്തിലുണ്ട്.
1. Epidural anaesthesia.
2. Spinal anaesthesia.
ശരീരത്തിന്റെ അരയ്ക്കുതാഴെ ചെയ്യേണ്ട ശസ്ത്രക്രിയകൾക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മരുന്ന് സുഷുമ്നാനാഡിയുടെ പുറത്തുള്ള CSF എന്ന ദ്രാവകത്തിലേക്കു കുത്തിവെച്ചാണ് ഇതു സാധ്യമാകുന്നത്. ഒരു നിശ്ചിത സമയത്തേക്ക് സ്പൈനൽ നാഡികൾ (spinal nerves) പ്രവർത്തന രഹിതമാകുകയും അതിനുശേഷം പൂർവ്വരീതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും.

ഗുണങ്ങൾ
1. രോഗിയെ പൂർണ്ണമായും മയക്കാതെ ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്നു.
2. വളരെ കുറഞ്ഞ അളവിൽ മാത്രമേ മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്നുള്ളു.
3. General anaesthesia യുടെ ഭാഗങ്ങളായ വേദന ഇല്ലാതാക്കുക, muscle relaxation എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്നു.
4. ശരീരത്തിലെ മറ്റ് പ്രധാന അവയവങ്ങളെ താരതമ്യേന കുറഞ്ഞരീതിയിൽ മാത്രമേ ബാധിക്കുന്നുള്ളു. അതുകൊണ്ടുതന്നെ അത്തരം രോഗികളിൽ കൂടുതൽ സുരക്ഷിത മാണ് ഈ അനസ്‌തേഷ്യ.
ദോഷങ്ങൾ
1. പ്രാവീണ്യം: വളരെ വൈദഗ്ദ്ധ്യമുള്ള ഡോക്ടർക്കു മാത്രമേ കൃത്യമായ രീതിയിൽ, കൃത്യമായ അളവിൽ, കൃത്യമായ സ്ഥലത്ത് മരുന്നു നൽകാൻ കഴിയൂ. Expertisation അത്യാവശ്യമാണ്.
2. സമയപരിധി: ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഇതിന്റെ ഫലം കിട്ടുകയില്ല.
3. Haemodynamic Changes: ഹൃദയത്തിലേക്കുള്ള രക്തസംക്രമണം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് കാലിന്റെ പേശികളാണ്. ഈ അനസ്‌തേഷ്യ അതിന്റെ പ്രവർത്തനത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നു. അതിനാൽ പെട്ടെന്നുതന്നെ ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നതുകൊണ്ട് രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പ് കുറയുക എന്നിവയ്ക്ക് സാധ്യതയുണ്ട്. അതു പെട്ടെന്നുതന്നെ ക്രമീകരിക്കേണ്ടതുണ്ട്. ഹൃദ്രോഗികൾ, വളരെ പ്രായം ചെന്നവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരിൽ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട അനസ്‌തേഷ്യയാണിത്.
ഈ അനസ്‌തേഷ്യയെക്കുറിച്ച് പൊതുവെ ഉള്ള ചില മിഥ്യാധാരണകളെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാൻ കഴിയില്ല.
1. നട്ടെല്ലിന് സൂചി
കുത്തുന്നതിനാൽ നിരന്തരമായ നടുവേദനക്ക് (back pain) കാരണമാകും എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഒന്നാമതായി, സൂചി വെക്കുന്നത് നട്ടെല്ലിന് അല്ല. അവയുടെ ഇടയിലുള്ള സ്വാഭാവിക ദ്വാരത്തിലൂടെ സൂചി കടത്തി മരുന്നു നൽകുകയാണ് ചെയ്യുന്നത്. അതുമൂലം നട്ടെല്ലിനോ ഡിസ്‌കിനോ സുഷുമ്നക്കോ (spinal cord) അവിടെയുള്ള പേശികൾക്കോ ഒരു ക്ഷതവും സംഭവിക്കില്ല.
2. ഡിസ്‌കിന് തകരാറുള്ളപ്പോൾ
ഈ അനസ്‌തേഷ്യ ചെയ്യാൻ പാടില്ല:
യഥാർത്ഥത്തിൽ ഡിസ്‌ക് എന്നത് spinal cord- ന്റെ മുൻഭാഗത്ത് വരുന്നതാണ്. സൂചി പ്രവേശിക്കുന്നത് പിൻഭാഗത്തുകൂടിയാണ്. ഒരു കാരണവശാലും spinal cord കടന്ന് മുൻവശത്തേക്ക് പോകാൻ കഴിയില്ല.
3. സുഷുമ്ന തകരാറാവും
(Spinal cord damage):
നാഡിയുടെ ഉള്ളിലേക്ക് സൂചി പ്രവേശിക്കുന്നില്ല. അതിനു പുറ ത്തായുള്ള CSF എന്ന ദ്രവത്തിലേക്കാണ് മരുന്നു നല്കുന്നത്.
4. General Anaesthesia യെക്കാളും safe ആണ്:
പൂർണ്ണമായും ശരിയല്ല. കൃത്യമായി ചെയ്തില്ലെങ്കിൽ അപകടസാധ്യത ധാരാളം ഉള്ളതാണ്.
II) Nerve Blocks
ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗത്തേക്കുള്ള ഞരമ്പുകൾ മരവിപ്പിച്ച് ചെയ്യുന്ന അനസ്‌തേഷ്യ ആണ് ഇത്. പ്രധാനമായും കൈകാലുകൾക്ക് ഉള്ള ശസ്ത്രക്രിയ ആണ് ഇതുകൊണ്ട് ചെയ്യുന്നത്.
ഗുണങ്ങൾ
1. രോഗിയുടെ മറ്റു രോഗാവസ്ഥകളെ കൂടുതലായി ബാധിക്കുന്നില്ല.
2. കൂടുതൽ സമയം രോഗിക്ക് വേദന ഇല്ലാതാകുന്നു.
ദോഷങ്ങൾ
1. പ്രാവീണ്യം (Expertisation).
2. ഭാഗികമായ അനസ്‌തേഷ്യ.
3. രക്തക്കുഴലിലേക്ക് അറിയാതെ മരുന്നു കയറുക (Accidental intra venous injection).
4. Muscle relaxation വേണ്ടത്രയില്ല.
III Local Anaesthesia
ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തിന് മാത്രമായി മരുന്നു കുത്തിവെച്ച് മരവിപ്പിക്കുക. ശരീരത്തിന്റെ പുറമെ ഭാഗത്തുള്ള ശസ്ത്രക്രിയകൾക്ക് മാത്രം ഉപയോഗിക്കുന്നു. താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്.
ദോഷം: ഭാഗിക അനസ്‌തേഷ്യയ്ക്കുള്ള സാധ്യത കൂടുതലാണ്. Muscle relaxation തീരെ ഇല്ല. നീരുള്ളപ്പോഴും പഴുപ്പ് അധികമായാലും മരുന്നിന് ഫലം ഉണ്ടാകുകയില്ല.
READ: അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര
വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും
ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം
അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ
ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?
ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

