കേരളത്തിൽ ശിശുജനനനിരക്ക് കുറഞ്ഞുവരുന്നത് നാം മനസ്സിലാക്കിയ സത്യമാണ്. എന്നാൽ, എങ്ങനെ? എന്തുകൊണ്ട്? ഈ പ്രവണത ആശങ്കയുണർത്തുന്നതല്ലേ? ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.
ഈ പശ്ചാത്തലത്തിൽ ‘ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്’ (TFR), ‘റീപ്ലേസ്‌മെന്റ് ലെവൽ ഫെർട്ടിലിറ്റി’(RLF) എന്നീ ജനസംഖ്യാപരമായ രണ്ടുപദങ്ങൾ വളരെ പ്രസക്തമാണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് എന്നത് ഒരു സ്ത്രീക്ക് ശരാശരി ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ്. റീപ്ലേസ്‌മെന്റ് ലെവൽ ഫെർട്ടിലിറ്റി എന്നത് ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കുറയാതെ നിലനിർത്താൻ ഓരോ സ്ത്രീക്കും ശരാശരി എത്ര കുട്ടികൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന സംഖ്യയാണ്.
ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് ആണ് അനുയോജ്യമായ റിപ്ലേസ്മെൻ്റ് ലവൽ ഫെർട്ടിലിറ്റി (replacement-level fertility) എന്ന് കണക്കാക്കുന്നത്. ഇതുവഴി ജനസംഖ്യ സ്ഥിരതയോടെ നിലനിൽക്കും. അതായത് ഒരു സ്ത്രീക്ക് ശരാശരി 2 കുട്ടികളെങ്കിലും ജനിച്ചാലേ ജനസംഖ്യാസ്ഥിരത കൈവരിക്കാനാകൂ.
1960-കളിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോടൊപ്പം, കേരളത്തിലും ഓരോ സ്ത്രീക്കും ശരാശരി 5–6 കുട്ടികൾ എന്നതായിരുന്നു ശിശുജനനനിരക്ക്. എന്നാൽ 1980-കളിലെത്തുമ്പോൾ, ഓരോ സ്ത്രീയും 2 കുട്ടികളെ മാത്രം പ്രസവിക്കുന്ന അവസ്ഥയിലേക്കെത്തി. നമ്മുടെ കുടുംബാസൂത്രണപ്രവർത്തനങ്ങളുടെ വിജയമായി കണക്കാക്കിയ നേട്ടമായിരുന്നു ഇത്. പക്ഷെ അതേ രീതിയിൽ മുന്നോട്ടുപോയാലേ വേണ്ടത്ര ജനസംഖ്യ നിലനിർത്താനാകൂ എന്ന പരമാർത്ഥത്തെ നോക്കുകുത്തിയാക്കികൊണ്ട് ജനനനിരക്ക് തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇന്ന് കേരളത്തിൽ മിക്കവാറും ദമ്പതികൾ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നവരാണ്. ചുരുക്കം ചിലർ മാത്രമേ രണ്ടാമതൊരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നുള്ളു. ഇവിടുത്തെ ശിശുജനനനിരക്ക് ഇന്ത്യയുടെ ശരാശരിയേക്കാളും, അതിലുപരി പല യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാളും താഴെയാണ്. അതായത്, നമ്മുടെ ജനസംഖ്യ നിശ്ശബ്ദമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലുടനീളം ജനന നിരക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും, കേരളത്തിൽ ഈ ഇടിവ് പതിറ്റാണ്ടുകൾക്കുമുമ്പേ ആരംഭിച്ചു. ഇന്നത് കൂടുതൽ വേഗത്തിൽ തുടരുകയാണ്.

ഒരുകാലത്ത് കുടുംബാസൂത്രണത്തിൽ ശ്രദ്ധയൂന്നിയിരുന്ന കേരളത്തിൽ, ഇന്ന് ശിശുജനന നിരക്ക് വർദ്ധിപ്പിക്കാനായി പുതിയ നയങ്ങളും പദ്ധതികളും തയ്യാറാക്കി പ്രാവർത്തികമാക്കേണ്ട അവസ്ഥയാണ്. സ്ത്രീകളുടെ പ്രത്യുൽപ്പാദനജീവിതത്തിന്റെ, അതായത് ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെ യുള്ള, ഓരോഘട്ടത്തിലും കൂടെ നിൽക്കുന്ന പ്രസവ സ്ത്രീരോഗ വിദഗ്ധർക്കും (Obstetricians & Gynaecologists) ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാനാവും.
ഏതാനും ദശകങ്ങൾ പിന്നോട്ടുപോയാൽ, 1940 കളിൽ, സ്ത്രീകൾ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് പലതവണ പ്രസവിച്ചിരുന്നു. ഒരു സ്ത്രീ 10 ലധികം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് സർവസാധാരണമായിരുന്നു. സ്വാതന്ത്രാനന്തര കാലഘട്ടത്തിലും സുരക്ഷിതവും, ലളിതവും ചെലവുകുറഞ്ഞതുമായ ഗർഭനിരോധനമാർഗങ്ങൾ ലഭ്യമല്ലായിരുന്നു.
ജനനനിരക്ക് കുറയ്ക്കുന്നത് ആവശ്യമായിരുന്ന ആ കാലഘട്ടത്തിൽ ഭാരത സർക്കാർ അതിലേക്കായി പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. 1952-ൽ ഇവിടെ ആദ്യത്തെ ദേശീയ കുടുംബാസൂത്രണ പദ്ധതി (National Family Planning Programme) ആരംഭിക്കപ്പെട്ടു. ഇതോടെ ലോകത്ത് ഇത്തരമൊരു പദ്ധതി ആരംഭിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി.
1940-കളിൽ തന്നെ പുരുഷന്മാർക്കുള്ള ഗർഭനിരോധന ഉറകൾ (condoms) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നുവെങ്കിലും, അക്കാലത്ത് അതുപയോഗിക്കാൻ പൊതുവെ ആൾക്കാർക്ക് വിമുഖതയായിരുന്നു. 1965-ൽ ലിപ്പിസ് ലൂപ്പ് (Lippes loop) എന്ന, സ്ത്രീയുടെ ഗർഭപാത്രത്തിനകത്ത് നിക്ഷേപിക്കുന്ന താത്ക്കാലിക ഗർഭനിരോധന ഉപാധി ഇന്ത്യയിൽ നിലവിൽവന്നു. സ്ത്രീകളാവട്ടെ, ഇത് നല്ല രീതിയിൽ സ്വീകരിച്ചു. 1968-ൽ സർക്കാർ സബ്സിഡിയോടുകൂടിയ ‘നിരോധ്’ (Nirodh) എന്ന പേരിലുള്ള കോൻഡം ബ്രാൻഡ് പുരുഷന്മാർക്കായി അവതരിപ്പിച്ചു. വീടുവീടാന്തരം കയറിയിറങ്ങിയ ആരോഗ്യ പ്രവർത്തകരുടെ അശ്രാന്തവും നിസ്വാർഥവുമായ ബോധവൽക്കരണപ്രവർത്തനങ്ങൾമൂലം നിരോധ് വലിയ ജനപ്രീതി നേടി.
1970-കളുടെ തുടക്കത്തിൽ സർക്കാർ സ്ത്രീകൾക്കുള്ള ഗർഭനിരോധന ഗുളികകൾ അവതരിപ്പിച്ചെങ്കിലും, രണ്ടായിരാമാണ്ടിന്റെ ആദ്യ വർഷങ്ങളിൽ പോലും അതിന് വ്യാപകമായ സ്വീകാര്യത ലഭിച്ചില്ല. ഹോർമോൺ അടങ്ങിയ അത്തരം ഗുളികകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ പരക്കെയുണ്ടായി. പിന്നീട് low-dose (വളരെ ചെറിയ അളവ് ഹോർമോൺ അടങ്ങിയ) ഗുളികകൾ നിർമ്മിച്ച് വേണ്ടരീതിയിൽ ബോധവൽക്കരണം നടത്തിയതോടെ സ്ത്രീകൾ നല്ലരീതിയിൽ അവയെ ഉപയോഗിച്ചുതുടങ്ങി.

1975-ൽ ലിപ്പിസ് ലൂപ്പിന് പകരക്കാരനായയി കോപ്പർ ടി (Copper T) ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. അത് സ്ത്രീകൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു താൽക്കാലിക ഗർഭനിരോധനമാർഗ്ഗമായിത്തീർന്നു. ക്രമേണ ജനനനിരക്ക് കുറയ്ക്കാനുള്ള സമ്മർദ്ദം കൂടിയതോടെ, വന്ധീകരണശസ്ത്രക്രിയ (sterilisation-tubectomy) സ്ത്രീക ളിൽ സ്ഥിരമായ ജനനനിയന്ത്രണത്തിനുള്ള പ്രധാന മാർഗമായി മാറി. ഇന്നും ഇത് ഇന്ത്യയിൽ സ്ഥിരമായ സ്ത്രീ ഗർഭനിരോധനത്തിനുള്ള ഫലപ്രദമായ മാർഗമായി തുടരുന്നു.
പുരുഷന്മാരിൽ വാസെക്ടമി (Vasectomy) ലളിതവും ചെലവു കുറഞ്ഞതുമായ, വളരെ വിജയകരമായ ഒരു സ്ഥിരമായ കുടുംബക്ഷേമമാർഗമാണ്. എന്നാൽ, 1975–77 കാലഘട്ടത്തിൽ നടന്ന നിർബന്ധിതമായ കൂട്ട വാസെക്ടമി പ്രവർത്തനങ്ങൾ (Massive compulsory vasectomy campaigns) ജനങ്ങളിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചു. പ്രായമോ വൈവാഹികസ്ഥിതിയോ പോലും കണക്കാക്കാതെ പുരുഷന്മാർ ഇതിലേക്ക് നിർബന്ധിക്കപ്പെട്ടു. അതിന്റെ ഫലമായി പിന്നീടുള്ള വർഷങ്ങളിൽ നമ്മുടെ പുരുഷന്മാർ ഇത് മിക്കവാറും ഉപേക്ഷിക്കുന്ന നിലയിലേക്കെത്തി. ഇന്നും ഇത് അത്ര സ്വീകാര്യമായ കുടുംബാസൂത്രണമാർഗമല്ല. നമ്മുടെ അഭ്യസ്തവിദ്യരായ സ്ത്രീകൾവരെ അവരുടെ ഭർത്താക്കന്മാർക്ക് വാസക്ടമി ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നതുപോലെ കേരളത്തിൽ “നാം രണ്ട് നമുക്ക് രണ്ട്” (We two, ours two) എന്ന നയം ഒരിക്കലും നിർബന്ധിതമായിരുന്നില്ല. കുടുംബാസൂത്രണം ഇവിടെ ഒരിക്കലും ബലമായി നടപ്പാക്കിയില്ല. മറിച്ച് ജാതിമതഭേദമെന്യെ പുരുഷന്മാരും സ്ത്രീകളും സ്വമേധയാ മുന്നോട്ടുവന്ന് ജനനനിയന്ത്രണമാർഗങ്ങൾ സ്വീകരിച്ചു. സർക്കാർ മേഖലയിൽ നിരവധി വാസെക്ടമി ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ ഗർഭധാരണവുമായി വന്ന സ്ത്രീകളെ പ്രസവത്തിനു ശേഷം കുടുംബാസൂത്രണമാർഗങ്ങൾ സ്വീകരിക്കാൻ ഉപദേശിച്ചിരുന്നു, എന്നാൽ ഒരിക്കലും അവരെ നിർബന്ധിച്ചിരുന്നില്ല. പ്രായക്കുറവുള്ള സ്ത്രീകൾക്ക് ഒരിക്കലും സ്ഥിരമായ വന്ധീകരണം ചെയ്യാൻ ഉപദേശിച്ചിരുന്നില്ല. പകരം, കോപ്പർ ടി, ഗർഭനിരോധനഗുളികകൾ പോലുള്ള സുരക്ഷിതമായ താൽക്കാലിക മാർഗങ്ങളാണ് നിർദേശിച്ചിരുന്നത്. നിർബന്ധമില്ലാതെ കുടുംബാസൂത്രണമാർഗങ്ങൾ സ്വയം സ്വീകരിക്കുന്നതിലൂടെ ജനനനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന കേരളത്തിന്റെ അനുഭവം ലോകത്തിനാകെ പാഠമായിത്തീർന്നു. ഇത് ‘കേരള വികസന മാതൃക’ (Kerala Model of Development) എന്ന പേരിൽ അറിയപ്പെടുന്നു.
കേരളത്തിലെ ജനനനിരക്കിലെ വലിയ ഇടിവിന് കാരണമായ പ്രധാനഘടകങ്ങൾ ഇവിടെ നിലവിലുള്ള സാക്ഷരത, മികച്ച ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയാണ്.

കേരളത്തിൽ സ്ത്രീസാക്ഷരതാനിരക്ക് 95%-നു മുകളിലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും ഉയർന്നനിരക്കാണിത്. നമ്മുടെ സ്ത്രീകൾ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാൽക്കരിക്കാൻ ആഗ്രഹിക്കുന്നു. സാമ്പത്തികസ്ഥിരത നൽകുന്ന നല്ല തൊഴിലവ സരങ്ങളാണ് അവരുടെ ലക്ഷ്യം.അതിനാവശ്യമായ ഉന്നതവിദ്യാഭ്യാസം നേടാൻ അനേകം വർഷങ്ങൾ വേണ്ടിവരും. ഇതിനെല്ലാം വിവാഹവും കുട്ടികളും പലപ്പോഴും ഒരു തടസ്സമായി മാറുന്നതിനാൽ, താമസിച്ചുമാത്രം വിവാഹം ചെയ്യാനുള്ള പ്രവണതയും ഉണ്ടാകുന്നു.
കേരളത്തിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. വിവാഹം കഴിച്ചാ ലും, മേൽപ്പറഞ്ഞ കാരണങ്ങളാ ൽ അവർ സന്താനോൽപ്പാദനം വൈകിക്കുന്നു. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ഗർഭധാരണസാധ്യത കുറയും. കൂടിയ പ്രായത്തിലുണ്ടാകുന്ന ഗർഭത്തിൽ ഭ്രൂണവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സുരക്ഷിതമായ ഗർഭധാരണത്തിനായി ചികിത്സാസഹായം ആവശ്യമായി വരുന്നു. അതുകൊണ്ടുതന്നെ വന്ധ്യതാ ചികിത്സാകേന്ദ്ര ങ്ങൾ വ്യാപകമായി വളരുകയും പുതിയ കേന്ദ്രങ്ങൾ ധാരാളമായി തുറക്കപ്പെടുകയും ചെയ്യുന്നു. ആദ്യത്തെ കുട്ടിയുണ്ടാകുന്നതുതന്നെ താമസിച്ചായതുകൊണ്ട് രണ്ടാമതൊരു കുട്ടിയെപ്പറ്റി അവർ ചിന്തിക്കാതാകുന്നു.
തങ്ങളുടെ പ്രത്യുൽപ്പാദന അവകാശങ്ങളെക്കുറിച്ച് ഇന്നത്തെ സ്ത്രീകൾ ബോധവതികളാണ്. എപ്പോൾ വിവാഹം കഴിക്കണം, ആരെ വിവാഹം കഴിക്കണം, ആദ്യ കുഞ്ഞിനെ എപ്പോൾ പ്രസവിക്കണം, രണ്ടാ മത്തെ കുഞ്ഞ് വേണമോ, ഒറ്റക്കുഞ്ഞ് മതിയോ, അല്ലെങ്കിൽ കുട്ടികളേ ആവശ്യമില്ലേ- എല്ലാം അവർ സ്വയം തീരുമാനിക്കുന്നു. നിയമപരമായ ഗർഭച്ഛിദ്ര സൗകര്യങ്ങൾ, അടിയന്തര ഗർഭനിരോധന മാർഗങ്ങൾ എന്നിവയെക്കുറിച്ചും അവർക്ക് വ്യക്തമായ ഗ്രാഹ്യമുണ്ട്. അതിനാൽ ഇഷ്മില്ലാത്ത ഗർഭധാരണങ്ങൾ ഒഴിവാക്കാൻ അവർ മടിക്കുന്നില്ല.
മികച്ച ആരോഗ്യപരിചരണ സംവിധാനങ്ങളാണ് നമുക്കുള്ളത്. ദശകങ്ങൾക്കുമുമ്പ് ഇവിടെ ശിശുമരണനിരക്കും ബാലമരണനിരക്കും കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ, കുറെ കുട്ടികളെങ്കിലും വളർന്ന് പ്രായപൂർത്തിയി ലേക്കെത്തുമെന്ന് ഉറപ്പാക്കാൻ സ്ത്രീകൾക്ക് കൂടുതൽ കുട്ടികളെ പ്രസവിക്കേണ്ടിവന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്ര പുരോഗതി ഇത്തരം മരണനിരക്കുകൾ വലിയ തോതിൽ കുറയാൻ സഹായകമായി. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് (infant mortality rate, < 4) കേരളത്തിനാണ്. അത് അമേരിക്കയിലേതിനേക്കാളും വളരെ കുറവാണ്.

മക്കളുടെ ജീവനും ആരോഗ്യവും പരിചയസമ്പന്നരായ ഡോക്ടർമാരുടെ കരങ്ങളിൽ സുരക്ഷിതമാണെന്ന ഉറച്ച വിശ്വാസം മാതാപിതാക്കൾക്കുള്ളതിനാൽ, കൂടുതൽ കുട്ടികളെ പ്രസവിക്കേണ്ട ആവശ്യമില്ലെന്ന് അവർ തീരുമാനിക്കുന്നു. ഗർഭധാരണത്തിനുമുമ്പുള്ള ഉപദേശനിർദ്ദേശങ്ങൾ, ഗർഭകാല പരിചരണം, എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികളിൽ നടക്കുന്ന സുരക്ഷിതപ്രസവങ്ങൾ, അത്യാധുനിക ആരോഗ്യസൗകര്യങ്ങൾ, വന്ധ്യതാചികിത്സ, ഗർഭനിരോധന മാർഗങ്ങൾ, പ്രതിരോധ കുത്തിവെപ്പ് പദ്ധതികൾ- ഇവയെല്ലാം ചേർന്നാണ് ഈ സുരക്ഷിതഭാവം സൃഷ്ടിക്കുന്നത്.
ഇന്ന് കുട്ടികളെ വളർത്തുന്നതിന്റെയും പ്രൈവറ്റ് ലെവലിലുള്ള അവരുടെ വിദ്യാഭ്യാസത്തിന്റെയും വർധിച്ച ചെലവ് ചെറിയ കുടുംബമെന്ന ആശയം ശക്തിപ്പെടുത്തുന്നു.
ചില കുടുംബങ്ങളിൽ, നല്ല ജോലിയും സ്ഥിരവരുമാനവുമുള്ള പെൺകുട്ടികൾ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആവശ്യങ്ങൾ നോക്കിനടത്താനായി വിവാഹം വൈകിപ്പിക്കുന്നതായി കാണാം. ചിലപ്പോഴൊക്കെ ജാതക പൊരുത്തം എന്ന അശാസ്ത്രീയമായ കാരണത്താൽ പോലും വിവാഹങ്ങൾ വൈകുന്നു. അതേസമയം, ഏറെ നേട്ടങ്ങൾ കൈവരിച്ച ചില പെൺകുട്ടികൾ എല്ലാത്തരത്തിലും പെർഫെക്റ്റ് ആയ പങ്കാളിയെ തേടി വളരെക്കാലം കാത്തിരിക്കുന്നു. ഒടുവിൽ ഒരു ഒത്തുതീർപ്പിന് തയ്യാറാകുമ്പോഴേക്കും കാലം ഏറെ കടന്നുപോയിരിക്കും. അവരെ വിവാഹം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ടാകുന്നു.
മികച്ച സാമ്പത്തിക അവസരങ്ങൾ തേടി കേരളത്തിലെ യുവാക്കൾ മധ്യപൂർവദേശങ്ങളിലേക്ക് കുടിയേറുന്ന പ്രവണത എല്ലാക്കാലത്തുമുണ്ട്. അവിടെനിന്ന് വീട്ടിലേക്ക് അയക്കുന്ന പണം അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകുന്നു. 2-3 വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് ഗൃഹനാഥൻ നാട്ടിലേക്ക് വരുന്നത്. ഇതിന്റെ ഫലമായി കുട്ടികളുണ്ടാകാനുള്ള സാധ്യത തീരെ കുറയുന്നു. കാറും ബംഗ്ലാവും മറ്റുസുഖസൗകര്യങ്ങളും ഉള്ളപ്പോൾ ഭർത്താവ് അരി കിലില്ലാത്തതും കുട്ടികളുടെ എണ്ണം കുറയുന്നതും ഭാര്യക്ക് പ്രശ്നമല്ലാതാകുന്നു. ഒരു കുട്ടിയാണുള്ളതെങ്കിലും അവർക്ക് മികച്ച പരി ചരണവും വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തിലേക്കാണ് പല കുടുംബങ്ങളും തിരിയുന്നത്.
നമ്മുടെ യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നു. പഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലി കണ്ടെത്തി കുടുംബമായി സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. അവർക്കുണ്ടാകുന്ന കുട്ടികൾ ആ രാജ്യങ്ങളുടെ പൗരരായിത്തീരുന്നു.
ജനനനിരക്കിലെ ഇടിവ് ഒരു നേട്ടമായി കാണപ്പെടുന്നുവെങ്കിലും, അത് വെല്ലുവിളികളും സൃഷ്ടിക്കുന്നു. ജനസംഖ്യാഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ‘പ്രായം ചെന്ന’ സംസ്ഥാനമാണ് കേരളം. വയോധികരുടെ എണ്ണം ഇവിടെ വർധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ജനിക്കുന്നതിന്റെ എണ്ണം കുറയുമ്പോൾ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണവും കുറയുന്നു. ഇത് സാമ്പ ത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നു.
ചെറുകുടുംബങ്ങളുടെയും യുവതലമുറയുടെ കുടിയേറ്റത്തിന്റെയും ഫലമായി, മുതിർന്നവർ പലപ്പോഴും മതിയായ പിന്തുണയില്ലാതെ ഒറ്റപ്പെടുന്നു. പലരും വൃദ്ധസദനങ്ങളിൽ താമസിക്കാൻ തീരുമാനിക്കുന്നു. പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ആഡംബരസദനങ്ങളോടൊപ്പം സാധാരണ നിലവാ രമുള്ള വയോജനസദനങ്ങളും ഇന്ന് ലഭ്യമാണ്. സർക്കാർ നട ത്തിപ്പിലുള്ള വൃദ്ധസദനങ്ങളും ഉണ്ട്. അവിടങ്ങളിലും ഭക്ഷണം,
വസ്ത്രം, താമസം, ആരോഗ്യസംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കുറവില്ലാത്ത തിനാൽ നമ്മുടെ മുതിർന്നവർ സന്തോഷത്തോടെ കഴിയുന്നു.

ഇവിടെ മുതിർന്നവർ 90 വയസ്സും അതിലധികവും ജീവിക്കുന്നു. മികച്ച ആരോഗ്യസംരക്ഷണവും ആരോഗ്യബോധവൽക്കരണവും മൂലം ശരാശരി ആയുർദൈർഘ്യം പുരുഷന്മാരിൽ 71–73 വയസ്സായും സ്ത്രീകളിൽ 78–79 വയസ്സായും ഉയർന്നിട്ടുണ്ട്. അവരിൽ കുറേപ്പേർ നല്ല ജീവിത നിലവാരം അനുഭവിക്കുന്നു.
എന്താണ് നല്ല ജീവിത നിലവാരം? പരസഹായമില്ലാതെ നടക്കുകയും സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതിലുപരി ഒന്നുമല്ല. സജീവമായി ജോലി ചെയ്ത് കുടുംബവരുമാനത്തിലേക്കോ സംസ്ഥാന സമ്പദ് വ്യവസ്ഥയിലേക്കോ സംഭാവന നൽകാൻ അവർക്കു കഴിയുന്നില്ല. പലരും കിടപ്പുരോഗികളാണ്. പലർക്കും ശരീരവൈകല്യങ്ങളുണ്ട്. ഓർമ്മക്കുറവ്, കാഴ്ച ക്കുറവ്, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു.
ദമ്പതികൾക്ക് 2 കുട്ടികൾ വീതമെങ്കിലും ഉണ്ടെങ്കിലേ ജനസംഖ്യ ആരോഗ്യകരമായി നിലനിർത്താനാകൂ. അല്ലാത്തപക്ഷം ചെറുപ്പക്കാർ കുറഞ്ഞ് വൃദ്ധർ അധികരിച്ച് നമ്മുടെ സംസ്ഥാനം വാർദ്ധക്യം ബാധിച്ച് സാമ്പത്തികമായി പുറകോട്ടാ കും. നാമിപ്പോൾ അത്തരമൊരു തകർച്ചയുടെ വക്കത്താണ്. ഈ സ്ഥിതിവിശേഷം മാറിയേ മതിയാകൂ. അതോടൊപ്പം മുതിർന്നവർക്കായി സാമൂഹികസുരക്ഷയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഗർഭകാല പരിചരണം, പ്രസവം, പ്രസവാനന്തര പരി ചരണം എന്നിവയിൽ മുഴുകിയിരുന്ന പ്രസവ-സ്ത്രീരോഗവിദഗ്ധർ (obstetricians & gynaecologists), ഇനി വന്ധ്യതാ ചികിത്സ, പ്രത്യേകിച്ച് IVF പോലുള്ള ടെക്നോളജികൾ, ജീരിയാട്രിക് ഗൈനക്കോളജി (65 വയസ്സും മുകളിലും പ്രായമുള്ള, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ കാണപ്പെടുന്ന രോഗാവസ്ഥകളെ കൈകാര്യം ചെയ്യുന്ന ശാഖയാണിത്) എന്നീ മേഖലകളിൽക്കൂടി കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതുണ്ട്.
പെൺകുട്ടികളെ ശരിയായ പ്രായത്തിൽ വിവാഹം കഴിക്കാനും കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ഉണ്ടാക്കാനും മാർഗനിർദേശം നൽകേണ്ടത് ഗൈനക്കോളജിസ്റ്റുമാരുടേയും ഉത്തരവാദിത്വമാണ്. പഠനം, ജോലി, വിവാഹം, കുടുംബജീവിതം, ഗർഭധാരണം, ശിശുപരിപാലനം എല്ലാം തന്നെ മനസ്സുവച്ചാൽ ഒരുമിച്ച് വിജയകരമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമെന്ന് കാണിക്കുന്ന എത്രയോ ദൃഷ്ടാന്തങ്ങൾ നമുക്കുചുറ്റും കാണാൻ കഴിയും. ചില പ്രത്യേക മതസമൂഹങ്ങളിൽപ്പെട്ട പെൺകുട്ടികൾ കൂടുതൽ കുട്ടികളെ ആഗ്രഹിക്കുന്ന സ്വാഗതാർഹമായ പ്രവണത കാണിക്കുന്നു.
ഗർഭധാരണ നിരക്കിലെ കുറവ് ജനസംഖ്യ കുറയുന്നതിലേക്ക് നയിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തിന്റെ വെല്ലുവിളികൾ നേരിടുന്ന നമ്മുടെ രാജ്യത്തിന് ഇത് പല രീതിയിലും ഗുണകരമാണ്. എന്നാൽ കേരളത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ യുവതലമുറയിലാണ്. അതിനാൽ, ഇവിടെ ജനനനിരക്ക് വർദ്ധിച്ചേ മതിയാകൂ.
ചുരുക്കത്തിൽ, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്താൻ ജനനനിരക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. വിവാഹവും മാതൃത്വവും വൈകുന്നത്, ഉയർന്ന ജീവിതച്ചെലവ്, തൊഴിൽ– വിദ്യാഭ്യാസ മുൻഗണനകൾ എന്നിവ കണക്കിലെടുത്ത് സർക്കാർ ശക്തമായ പിന്തുണാ നയങ്ങൾ കൊണ്ടുവരണം. ജോലി– ജീവിത സന്തുലനം, ശിശുസംരക്ഷണ സൗകര്യങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, ഗുണമേന്മ യുള്ള മാതൃ-ശിശു ആരോഗ്യസേവനങ്ങൾ എന്നിവ ദമ്പതികളെ ആത്മവിശ്വാസത്തോടെ മാതൃത്വത്തിലേക്ക് പ്രോത്സാഹിപ്പിക്കും.
READ: മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…
കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…
കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

