രാവിലെ എന്നത്തെയും പോലെ 8.30 മണിക്ക് ഒ.പി തുടങ്ങി. എല്ലാ ദിവസവും ഉള്ളതിലും കൂടുതൽ തിരക്കുണ്ടായിരുന്നു അന്ന്. നാല് ഡോക്ടർമാരിൽ മൂന്നുപേരെ എത്തിയിട്ടുള്ളൂ. 'കുറച്ചുകൂടി സ്പീഡ് കൂട്ടി നോക്കണേ', ഇൻചാർജ് ഡോക്ടറുടെ ഉപദേശം.
താരതമ്യേന പുതിയ ആളാണ് ഞാൻ. കസേരയിലിരുന്ന് ഒ.പി നോക്കിത്തുടങ്ങി. ഫാൻ വളരെ പതുങ്ങിയാണ് പ്രവർത്തിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരും ഇരുവശങ്ങളിലായി ക്യൂ നിൽക്കുന്നു. ഇടതുവശത്തും വലതുവശത്തും സ്റ്റൂൾ ഇട്ടിട്ടുണ്ട്. ആണുങ്ങൾ ഇടതിരിക്കും. പെണ്ണുങ്ങൾ വലതുഭാഗത്തും.
ഒരു ദിവസം മൊത്തം 800നും 1000നും ഇടയ്ക്ക് ഒ.പി വരുന്ന ഹോസ്പിറ്റലാണ്. ചൂടാണെങ്കിൽ സഹിക്കാൻ വയ്യ. ചായകുടി ശീലമില്ലാത്തതുകൊണ്ട് ഇടയ്ക്ക് എഴുന്നേല്ക്കാറുമില്ല. പക്ഷെ അപ്പോഴത്തെ ചൂട് തീരെ സഹിക്കാൻ സാധിക്കുന്നില്ല. മുകളിലോട്ട് നോക്കി. ഫാൻ കറക്കം നിർത്തിയിരിക്കുന്നു. കറണ്ടില്ല. തിരിഞ്ഞുനോക്കി. ജനൽപാളി മൊത്തം മറച്ചുകൊണ്ട് രോഗികൾ വരിവരിയായി നില്ക്കുന്നു.
'അല്പം ഒന്നു നീങ്ങിനില്ക്കാമോ?' രണ്ടുപേർ നീങ്ങിനിന്നു. കാറ്റൊന്നും വരുന്നതായി തോന്നിയില്ല. പക്ഷെ തിരിഞ്ഞുനോക്കിയ ആ ഒരു സെക്കന്റിൽ പെട്ടെന്നൊരു കാര്യം ശ്രദ്ധയിൽ പെട്ടു. മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പോയി.
ഒരു അമ്മയുടെ കൈയിന്റെ ഇടയിലൂടെ ഒരു പിഞ്ചുകുഞ്ഞിന്റെ വിളറിവെളുത്ത കാല് തൂങ്ങുന്നതുപോലെ. ഒന്നുകൂടി വേഗം തിരിഞ്ഞുനോക്കി. അതെ അങ്ങനെതന്നെ. പക്ഷെ, ആ അമ്മ കുഞ്ഞിനെയും കൊണ്ട് ക്യൂ നില്ക്കുകയാണ്. വേഗം ചാടിയെണീറ്റ് ജനലിലൂടെ കൈ കടത്തി ആ അമ്മയെ തോണ്ടിവിളിച്ചു: 'വേഗം അകത്തോട്ട് കയറിവരൂ'.

സ്റ്റൂളിൽ ആദ്യമേ ഇരിക്കുന്ന രോഗിയോട് ഒരു എമർജൻസി ഉണ്ട് എന്നു പറഞ്ഞു. ഇറങ്ങി വാതിലിന്റെ അടുത്തെത്തി ആ അമ്മയെയും കുഞ്ഞിനെയും വരിതെറ്റിച്ച് അകത്തോട്ട് കയറ്റി. കുഞ്ഞിനെ കൈയിൽ വാങ്ങി. വിളറി വെളുത്ത കുഞ്ഞ്... ഒരു ബലവുമില്ലാത്തപോലെ... ചെറിയ ഒരു ശ്വാസത്തിന്റെ അനക്കം മാത്രം...
കുഞ്ഞിനെക്കുറിച്ച് ഒന്നും അമ്മയോടു ചോദിക്കാൻപോലും നിന്നില്ല. വേഗം എമർജൻസി മുറിയിലേക്ക് ഓടി സിസ്റ്ററെ ഉറക്കെവിളിച്ചു.
'കാനുല തരൂ സിസ്റ്റർ. വേഗം വേണം. നോർമൽ സലൈൻ എടുത്തോളൂ. എമർജൻസി ആണ്.'
ദൈവാനുഗ്രഹത്താൽ വേഗം കാനുല ഇട്ടു. സിസ്റ്റർ 10 മി.ലി സിറിഞ്ചിൽ നോർമൽ saline എടുത്ത് തന്നുകൊണ്ടിരുന്നു. വളരെവേഗം 30-40 മില്ലി സലൈൻ കൊടുത്തു. 5 മിനിട്ടിൽ താഴെ സമയം. ഓക്‌സിജനും തുടങ്ങി. അപ്പോഴേയ്ക്കും കുഞ്ഞിന് ചെറുതായി രക്തമയം വരാൻ തുടങ്ങി. കരഞ്ഞു. എന്റെ മുഖവും സിസ്റ്ററുടെ മുഖവും പ്രസന്നമായി. അതിനുശേഷമാണ് അമ്മയോട് സംസാരിച്ചുതുടങ്ങിയത്.
'എന്താണുണ്ടായത്? എന്തിനാ അമ്മ ഇത്രയും വയ്യാത്ത കുഞ്ഞിനെകൊണ്ട് വരിയിൽ നിന്നത്? ചൂടുകാരണം നീങ്ങിനില്ക്കാൻവേണ്ടി തിരിഞ്ഞുനോക്കിയതുകൊണ്ടല്ലെ ഞാൻ കണ്ടത്? സമയം കഴിഞ്ഞു പോവില്ലെ അമ്മ? ശ്രദ്ധ വേണ്ടതല്ലെ?', ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു.
'4 ദിവസം പ്രായമായ കുഞ്ഞാണ് ഡോക്ടറെ. വീട്ടിൽ പ്രസവിച്ചതാണ്. എന്റെ നാലാമത്തെ കുഞ്ഞാണ്. ആദ്യത്തെ കുഞ്ഞ് ജനിച്ച് അഞ്ചാംനാൾ മെഡിക്കൽ കോളേജിൽവച്ച് മരിച്ചുപോയി. ഒരു മോനുണ്ട്. മൂന്നു വയസ്സ്. ഇടയ്ക്ക് ഒന്നു കളഞ്ഞുപോയി.'
'വീട്ടിലാണോ പ്രസവം?' ഞാൻ ഒന്നുകൂടി എടുത്തുചോദിച്ചു. വർഷം 2006 ആണ്, സംസ്ഥാനം കേരളം. സ്ഥലം തിരുവനന്തപുരത്തുള്ള പൂന്തുറ കടപ്പുറം.
‘അതെ, ഡോക്ടറെ. വണ്ടിയെത്തുംമുമ്പ് പ്രസവിച്ചുപോയി. മൂന്നാമത്തെ അല്ലെ?’
'പൊക്കിൾകൊടി?'
'അത് അമ്മ മുറിച്ചു. പുതിയ ബ്ലെയ്ഡ് ഇട്ടുതന്നെ'
അത്ഭുതംകൊണ്ട് ഞാൻ കണ്ണുതള്ളി. വീട്ടിൽ പ്രസവം എന്നു പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. അപ്പോഴാണ് അങ്ങനെ പ്രസവിച്ച ഒരാളെ നേരിട്ടു കാണുന്നത്. പൊക്കിൾകൊടിയൊക്കെ വേർപെടുത്തി, കൂളായി നിൽക്കുന്നു.
നാലു ദിവസമായതേ ഉള്ളൂ പ്രസവിച്ചിട്ട്. അതിനെയുംകൊണ്ട് ഇത്രയും വലിയ വരിയിൽ കാത്തുനില്ക്കുകയാണ് പരാതിയില്ലാതെ. കുഞ്ഞിന് തീരെ വയ്യാത്തതുകൊണ്ട് എനിക്ക് അമ്മയോട് മറ്റ് വിശേഷങ്ങളൊന്നും കൂടുതൽ ചോദിക്കാൻ പറ്റിയില്ല ഞാൻ പറഞ്ഞു: 'അമ്മ, ഈ വാവ വളരെയധികം അപകടാവസ്ഥയിലാണ്. കയ്യിൽ നിന്ന് വീഴുകയോ മറ്റോ ചെയ്‌തോ?'
'ഇല്ല.'
'പക്ഷെ, ഒരുപാട് വിളറിയിരിക്കുന്നു. അതായത് രക്തം നഷ്ടമായതുപോലെ തോന്നുന്നു. അല്ലെങ്കിൽ അണുബാധ കാരണം ബിപി കുറഞ്ഞുപോയതുപോലെ. എന്തായാലും വളരെ സീരിയസ്സായ സാഹചര്യമാണ്. ഇവിടെ തുടർചികിത്സ സാധ്യമല്ല. മെഡിക്കൽ കോളേജിൽ എത്തണം ഉടനടി.

'അയ്യോ അതു പറ്റില്ല, ആകെ പരവശയായി അവർ പറഞ്ഞു , ഡോക്ടറേ എന്റെ കുഞ്ഞ് വിളറിയിരുന്നതാണ്, ഒരു അനക്കവുമുണ്ടായിരുന്നില്ല. ഇപ്പോൾ കരയുന്നുണ്ട്. പാലിന് കാണിക്കുന്നു. റോസ് കളർ വന്നു. ഇനി ഇവിടെവച്ച് ഡോക്ടർ തന്നെ ചികിത്സിച്ചാ മതി. ഞാൻ എങ്ങോട്ടും പോണില്ല.'
'അമ്മ, ഞാൻ പറയുന്നത് മനസ്സിലാക്കണേ. കുഞ്ഞിന് തീരെ സുഖമില്ല. ഇതൊരു വെറും പിഎച്ച്‌സി ആണ്. ഇവിടെ ഇനി മറ്റൊന്നും ചെയ്യാൻ സൗകര്യമില്ല. ഈ സമയം വളരെ വിലയുള്ളതാണ്. ഉടനെതന്നെ നമുക്ക് പോകണം’.
അമ്മ ഒരു തയ്യാറെടുപ്പും നടത്തുന്നില്ല.
ഹോസ്പിറ്റൽ ഓഫീസിൽ വിളിച്ച് ഓട്ടോ വരാൻ ഏർപ്പാടാക്കി. പൈസയും കൊടുത്തു. കുഞ്ഞിന്റെ അമ്മയോടും ഓട്ടോഡ്രൈവറോടും മാത്രമായി പറഞ്ഞു:
'കുഞ്ഞിനെ എത്രയുംവേഗം മെഡിക്കൽ കോളേജ് എസ് എ ടി യിൽ എത്തിക്കണം. തുണികളും മറ്റുസാധനങ്ങളും എടുക്കാൻ വീട്ടിൽ പോകാനൊന്നും നേരമില്ല. ആദ്യം ഹോസ്പിറ്റലിൽ എത്തി, ഒ.പി ടിക്കറ്റ് എടുക്കാൻ കൂടി നിങ്ങൾ നിൽക്കണം. കാരണം, അവരുടെ കൂടെ ആരുമില്ല ഇപ്പോൾ. കുഞ്ഞ് തീരെ വയ്യാത്ത അവസ്ഥയിലാണ് . സമയം കളയാനില്ല. സഹായിക്കണേ.'
'തീർച്ചയായിട്ടും ഡോക്ടറെ’, അയാൾ പറഞ്ഞു.
പൈസ കുറച്ച് അമ്മയ്ക്കും ആവശ്യമുള്ളത് പോലെ തോന്നി. അവർ മനസ്സില്ലാമനസ്സോടെ വണ്ടിയിൽ കയറി. വീണ്ടും ചോദിച്ചു, 'ഇവിടെ നോക്കിക്കൂടെ ഡോക്ടറെ'.?
ആളുകൾ ഒരു നാടകം കാണുന്ന പ്രതീതിയിൽ വലിയ വഴക്കൊന്നുമില്ലാതെ ക്ഷമയോടെ കാത്തുനില്ക്കുന്ന കാഴ്ചകണ്ട് മനസ്സിൽ തെല്ല് വെപ്രാളത്തോടെ ഒ.പി പുനരാരംഭിച്ചു. കുറച്ചുപേർക്ക് എന്നോട് സഹതാപം തോന്നിയിട്ടാണോ എന്തോ ഇന്നിനി എന്നെ നോക്കണ്ട. ഈ മരുന്നുമാത്രം ഒന്ന് റിപ്പീറ്റ് ചെയ്താൽ മതിയെന്നു പറഞ്ഞു വേഗം എണീറ്റുപോയി.
അടുത്തദിവസം എസ് എ ടിയിൽ ഒന്നു വിളിച്ചുനോക്കി. മാഡം വളരെ വിഷമത്തോടെ പറഞ്ഞു, ‘അത് intracranial bleed ആണ് ഹസീന. ventilate ചെയ്തിട്ടുണ്ട്. Survive ചെയ്യാൻ ചാൻസ് വളരെ കുറവാണ്. അവരോട് പറഞ്ഞിട്ടുണ്ട്.'
അഞ്ചു ദിവസം കഴിഞ്ഞ് തിരക്കുള്ള ദിവസം. ഒരു കുഞ്ഞിനെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അതാ നില്ക്കുന്ന എന്റെ മുമ്പിൽ ആ അമ്മ. വരിയിലല്ല. ഒ.പിയുടെ ഉള്ളിൽ. കുഞ്ഞ്... കൈയിലില്ല. രാവിലെ 10 -10.30.
പെട്ടെന്നു മാഡം പറഞ്ഞത് ഓർമ്മവന്നു. 'survive ചെയ്യാൻ ചാൻസ് വളരെ കുറവാണ്. അവരോട് പറഞ്ഞിട്ടുണ്ട്’, എന്നെ കണ്ടതും, പെട്ടെന്ന് അവർ ആവുന്നതും ഉച്ചത്തിൽ എന്നെ നോക്കി പൊടുന്നനെ അലറി.
'ഡോക്ടറെ, ഞാൻ പറഞ്ഞതല്ലെ അപ്പഴേ എന്റെ കൊച്ചിനെ അങ്ങോട്ട് വിടരുത് എന്ന്', എത്രപ്രാവശ്യം പറഞ്ഞു. നിങ്ങക്ക് എന്താ മലയാളം പറഞ്ഞാ മനസ്സിലാവൂല്ലേ? ഇവിടെ വച്ച് കൊച്ച് കരഞ്ഞതാണല്ലെ? പിന്നെയെന്തിന് വിട്ടു? എന്റെ മൂത്ത കുഞ്ഞും അവിടെ വെച്ചാ മരിച്ചത്. അതുകൊണ്ടുതന്നെ ഞാൻ പോവൂല്ലാന്ന് പറഞ്ഞതാണ്. ഇപ്പം.
എന്റെ ഉള്ളൊന്നു കാളി. ഒ.പിയിൽ വരിയിൽ നില്ക്കുന്നവരൊക്കെ എന്നെ നോക്കുന്നു. എന്താ ഡോക്ടറേ? എന്താ പ്രശ്‌നം?
ഞാൻ മറുപടിയൊന്നും പറയാതെ ചെറുതായി കൈയുയർത്തി ഒന്നുമില്ലെന്ന ഭാവത്തിൽ വിഷമത്തോടെ മന്ദഹസിച്ചു. പക്ഷെ, അവർ നിർത്തുന്നില്ല. എന്നെ ഘോരഘോരം വഴക്കുപറയുകയാണ്. പക്ഷെ ഓരോ വാചകത്തിലും ഞാൻ ചെയ്ത പിഴവ്, കുഞ്ഞിനെ ഇവിടെ നോക്കിയില്ല എന്നതാണ്. തിരിച്ചെന്തെങ്കിലും ഒന്നു ചോദിക്കാനോ ഒരു അവസരവും തരാതെ ഉച്ചത്തിൽ അവർ സംസാരിച്ചു.
മറ്റു ഡോക്ടർമാർ വന്നു. സിസ്റ്ററും. ഞാൻ ഒന്നും മിണ്ടുന്നില്ല. എന്നു മരിച്ചു എന്നു ചോദിക്കണമെന്നുണ്ട്. പക്ഷെ അടിക്കുമോ ചീത്ത വിളിക്കുമോ എന്ന് ഭയം. ഞാൻ രോഗികളെ നോക്കുന്നത് നിർത്തി അവരുടെ വഴക്ക് കേൾക്കുകയും ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പോഴാണ് ആ ശബ്ദം കൂടിക്കൂടി വരികയും അവർ എന്റെ അടുത്തേക്ക് വരാൻ തുടങ്ങുകയും ചെയ്തത്. ഞാൻ മേശയുടെ ഇപ്പുറം ഇരിക്കുന്നു. അവർ മേശയുടെ അപ്പുറവും. ഉടനടി ഡും എന്ന ശബ്ദവും. അവർ മേശപ്പുറത്ത് കൈവച്ചതാണ്. എന്നെ തല്ലിയതല്ലേ എന്നു തോന്നി.
ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. നിങ്ങളുടെ കുഞ്ഞിനെ ഏറ്റവും പറ്റിയ ഇവിടുത്തെ സാഹചര്യത്തിൽ നന്നായി നോക്കി. എസ് എ ടി യിൽ എത്തിച്ചു. തലയുടെ ഉള്ളിൽ മുഴുവൻ രക്തം വാർന്നൊഴുകിയ അവസ്ഥയിലാണ് കുഞ്ഞിനെ ഞാൻ കാണുന്നതും. SAT- യിൽ വെച്ച് അവർ വെൻ്റിലേറ്റ് ചെയ്തു. സർജറി ചെയ്ത് രക്ഷപ്പെടുത്താനുള്ളസാഹചര്യം ഇല്ലായിരുന്നു. അതുകൊണ്ട്...
ഇങ്ങനെ പറയണോ? അതോ ഒന്നും മിണ്ടാതെയിരിക്കണോ? .ആത്മാർത്ഥമായി കാര്യം ചെയ്താലും ഇങ്ങനെയാണല്ലോ ദൈവമേ. ബാക്കിയുള്ളവർ കേട്ട് എന്തായിരിക്കും വിചാരിക്കുക?
ഇങ്ങനെല്ലാം ആലോചിച്ച് ഞാൻ മേശപ്പുറത്ത് വച്ച അവരുടെ കൈയിൽ ഒന്ന് അമർത്തിപ്പിടിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേവലാതിയായി ആ പെരുമാറ്റം കാണാനും മനസ്സിലാക്കാനും എങ്ങനെയോ എനിക്ക് പൊടുന്നനെ സാധിച്ചതുപോലെ തോന്നി. അത് ശരിയായിരുന്നു. ഞാൻ കൈയിൽ തൊട്ടതും അവർ വേഗം താഴെയിരുന്നു. ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ഞാൻ കസേരയിൽ നിന്നെണീറ്റ് അവരുടെ അടുത്തുപോയി താഴെ കുത്തിയിരുന്നു തോളിൽ പിടിച്ചു.
'ഇന്നലെയാണ് മരിച്ചത് ഡോക്ടറെ. ഇവിടെവന്ന് ഡോക്ടറെ കാണണമെന്ന് തോന്നി. എന്റെ മരിക്കാറായ കുഞ്ഞിനെ അല്പനേരത്തേക്കെങ്കിലും ജീവിപ്പിച്ചുതന്നില്ലേ, ഡോക്ടറേ നന്ദിയുണ്ട്.' അവർ പൊട്ടിപൊട്ടി കരയാൻ തുടങ്ങി.
അമ്മയെന്ന ചിന്ത ഡോക്ടറെന്ന ചിന്തയുടെ മുകളിലായപ്പോൾ എന്റെ കണ്ണുകളിലെ ഈറനെ എനിക്കും തടഞ്ഞുനിർത്താനായില്ല. വീണ്ടും തിരികെ വളരെ നേരമായി കാത്തുനില്ക്കുന്നവരെ ക്ഷമാപണത്തോടെ നോക്കി ഒ.പി തുടങ്ങുമ്പോൾ അവർക്കാർക്കും പരാതിയില്ലെന്നു പറയുന്നതുപോലെ...
READ : ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും
കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ
ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?
കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ
ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?
ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ
സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

