ഹൗസ് സർജൻസിയുടെ കാലത്തുണ്ടായ ഒരു സംഭവം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും, ഇന്നും മറക്കാൻ കഴിയുന്നില്ല.
അത് ഒരു ഞായറാഴ്ചയായിരുന്നു, വൈകുന്നേരം ഏകദേശം നാല് മണി. കുട്ടികളുടെ ആശുപത്രിയിലെ കാഷ്വാലിറ്റി പതിവുപോലെ തിരക്കിലായിരുന്നു. പനി, ചുമ, വയറിളക്കം, ശ്വാസംമുട്ടൽ... പല കാരണങ്ങളുമായി കുട്ടികളും മാതാപിതാക്കളും എത്തിക്കൊണ്ടിരുന്നു.
ഹൗസ് സർജൻ എന്ന നിലയിൽ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ തന്റെ മൂന്ന് വയസ്സുകാരനായ മകനെയും എടുത്തുകൊണ്ട് കാഷ്വാലിറ്റിയിലേക്ക് വന്നത്.
അമ്മയുടെ മുഖത്ത് വലിയ ക്ഷീണം. കുട്ടിക്കും അതേ അവസ്ഥ. ഇരുവരും മെലിഞ്ഞ്, ക്ഷീണിച്ച്, യാത്രയുടെ തളർച്ചയോടെ തോന്നിച്ചു. കുട്ടി തുടർച്ചയായി കരയുന്നുണ്ടായിരുന്നു.
“എന്താണ് പ്രശ്നം?” ഞാൻ ചോദിച്ചു.
“ഡോക്ടറെ... കുറച്ച് ദിവസമായി മോൻ ശരിക്ക് ഭക്ഷണം കഴിക്കുന്നില്ല. ഒന്നും കഴിക്കാൻ താൽപര്യമില്ല. ദിവസം കഴിയുന്തോറും ക്ഷീണിച്ചുവരുന്നു,” അമ്മ പറഞ്ഞു.
അവളുടെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ അതിലുപരി എന്തോ ഒരു നിസ്സഹായത ഞാൻ ശ്രദ്ധിച്ചു. കുട്ടിയെ പരിശോധിക്കാൻ തുടങ്ങി. ഭാരം വളരെ കുറവായിരുന്നു. ശരീരം ക്ഷീണിച്ചിരിക്കുന്നു. മുഖത്ത് അസ്വസ്ഥത. സാധാരണ ഒരു കുട്ടിയിൽ കാണേണ്ട ഉന്മേഷമൊന്നുമില്ല. പിന്നെ ഞാൻ കുട്ടിയുടെ വായ തുറന്ന് നോക്കി. അവിടെ ഞാൻ കണ്ട കാഴ്ച എന്നെ പെട്ടെന്ന് അസ്വസ്ഥനാക്കി. നാവ് മുഴുവൻ കട്ടിയുള്ള വെള്ളപ്പാടുകൊണ്ട് മൂടിയിരുന്നു. അത് സാധാരണ ഒരു ഭക്ഷണാവശിഷ്ടമോ ചെറിയ വായ്പുണ്ണോ പോലെ തോന്നിയില്ല.

എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു. അന്ന് ഞാൻ ചെറുപ്പക്കാരനായ ഒരു ഹൗസ് സർജൻ മാത്രമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ അടുത്തതായി എന്തുചെയ്യണമെന്ന കാര്യത്തിൽ പരിചയസമ്പന്നയായ സീനിയർ മാഡത്തിന്റെ അഭിപ്രായം തേടുന്നതാണ് ശരിയെന്ന് തോന്നി. ഞാൻ ഉടൻ മാഡത്തെ വിളിച്ചു. മാഡം കുട്ടിയെ പരിശോധിച്ചു. കുറച്ചു നിമിഷങ്ങൾ ഒന്നും പറയാതെ നിന്നു. പിന്നെ എന്നോട് പറഞ്ഞു: “History കുറച്ചുകൂടി വിശദമായി എടുക്കണം. സാധാരണ ചോദ്യങ്ങൾ മാത്രം പോരാ.”കുട്ടിയുടെ രോഗചരിത്രം മാത്രമല്ല, കുടുംബചരിത്രവും വിശദമായി ചോദിക്കാൻ മാഡം നിർദ്ദേശിച്ചു.
“അച്ഛനും അമ്മയും എവിടെയാണ് ജോലി ചെയ്യുന്നത്? കുടുംബത്തിൽ ആരെങ്കിലും ദീർഘകാലമായി രോഗബാധിതരാണോ? അടുത്തകാലത്ത് കേരളത്തിന് പുറത്തേക്ക് പോയിട്ടുണ്ടോ? വിവാഹജീവിതത്തെക്കുറിച്ചും അറിയണം. അച്ഛന്റെ ആരോഗ്യസ്ഥിതിയും നോക്കണം.”
അന്നത്തെ കാലത്ത് HIV/AIDS എന്ന വാക്ക് തന്നെ പലർക്കും ഭയവും തെറ്റിദ്ധാരണയും ഉണ്ടാക്കിയിരുന്ന കാലമായിരുന്നു.
ഞാൻ വീണ്ടും അമ്മയോട് ചോദ്യങ്ങൾ ചോദിച്ചു. ആദ്യം അവൾക്ക് ഒന്നും മനസ്സിലായില്ല.
“അച്ഛൻ എവിടെയാണ്?” ഞാൻ ചോദിച്ചു.
“പുറത്ത് നിൽക്കുന്നു ഡോക്ടറെ.”
“അവരെയും അകത്തേക്ക് വിളിക്കൂ’’.
കുറച്ചുകഴിഞ്ഞ് ഒരു പുരുഷൻ അകത്തേക്ക് വന്നു. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ ഒന്ന് ഞെട്ടി.
കുട്ടിയുടെ അമ്മയെപ്പോലെ തന്നെ അയാളും വളരെ ക്ഷീണിതനായിരുന്നു. ശരീരം മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞുനിൽക്കുന്ന അവസ്ഥ. മുഖത്ത് രോഗത്തിന്റെ ക്ഷീണം. അതിനുമുകളിൽ ഇടവിടാതെ ചുമ.

“എന്താണ് ജോലി?” ഞാൻ ചോദിച്ചു.
“പണിക്ക് പോകുന്നു സാറേ... കെട്ടിടപ്പണി.”
“എവിടെയാണ്?”
“ബോംബെയിൽ.”
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ കാര്യങ്ങൾ പതുക്കെ വ്യക്തമായി. അയാൾ വർഷങ്ങളായി കേരളത്തിന് പുറത്താണ് ജോലി ചെയ്തിരുന്നത്. ഇടയ്ക്കിടെ വീട്ടിലെത്തും. അവിടെ താമസിച്ചിരുന്ന പ്രദേശത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും കൂടുതൽ ചോദിച്ചപ്പോൾ, അയാൾ ലൈംഗിക തൊഴിലാളികളുടെ അടുത്ത് സ്ഥിരമായി പോകാറുണ്ടായിരുന്നുവെന്ന് മനസ്സിലായി. അയാളുടെ മുഖത്ത് അപ്പോഴും വലിയ ഭയം ഉണ്ടായിരുന്നില്ല. പക്ഷേ കാര്യങ്ങൾ മറ്റൊരു രൂപം കൈക്കൊണ്ടിരുന്നു.
കുട്ടിയുടെ വായിലെ വെള്ളപ്പാട്, കുട്ടിയുടെ ക്ഷീണം, അമ്മയുടെ ക്ഷീണം, അച്ഛന്റെ ദീർഘകാല ചുമയും മെലിഞ്ഞ ശരീരവും... എല്ലാം ചേർന്ന് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന ഒരു ചിത്രം മുന്നിൽ തെളിഞ്ഞു.
തുടർന്നുള്ള പരിശോധനകൾ ഒടുവിൽ ഞങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി. കുടുംബത്തിൽ HIV അണുബാധയുണ്ടായിരുന്നു.
അന്ന് എനിക്ക് ഏറ്റവും കൂടുതൽ വേദന തോന്നിയത് രോഗം കണ്ടെത്തിയതിൽ മാത്രമല്ല., ഈ കുടുംബത്തിന് രോഗത്തെക്കുറിച്ച് അറിയാമായിരുന്നില്ല എന്നതായിരുന്നു ഏറ്റവും വേദനാജനകമായ കാര്യം.
അച്ഛന് HIV എങ്ങനെ പകരാം എന്നതിനെക്കുറിച്ചും, സുരക്ഷിതമായ ലൈംഗികബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, രോഗബാധയുണ്ടെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നില്ല.
അമ്മയ്ക്ക് അതിലും കുറവ് അറിവായിരുന്നു. അവൾക്ക് ഭർത്താവിന്റെ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും അറിയില്ലായിരുന്നു. അവൾ രോഗിയാകാൻ ആഗ്രഹിച്ചിരുന്നില്ല. അവളുടെ കുഞ്ഞും രോഗിയാകാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അറിവില്ലായ്മയുടെ വില അവർ മൂവരും ചേർന്ന് കൊടുക്കുകയായിരുന്നു. അന്നത്തെ കാലത്ത് HIV എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ആളുകൾ രോഗിയോട് അകന്നുനിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. രോഗം എങ്ങനെയാണ് പകരുന്നത് എന്നറിയാത്തവർ, സ്പർശിച്ചാലും ഒരുമിച്ചിരുന്നാലും രോഗം പകരുമെന്ന് കരുതിയിരുന്നു. അതിനാൽ രോഗത്തോടൊപ്പം സാമൂഹികമായ ഒറ്റപ്പെടലും രോഗികളുടെ ജീവിതത്തിൽ വലിയ ഭാരമായി മാറി. പക്ഷേ ആ കുടുംബത്തെ നോക്കിനിൽക്കുമ്പോൾ എനിക്ക് മറ്റൊരു കാര്യം മനസ്സിലായി. രോഗത്തേക്കാൾ അപകടകരമാണ് ചിലപ്പോൾ രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ.
ആ കുഞ്ഞ് എന്ത് തെറ്റായിരുന്നു ചെയ്തത്?
അമ്മ എന്ത് തെറ്റു ചെയ്തു?
അവരുടെ ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും അവർക്ക് അവസരം ലഭിച്ചിരുന്നില്ല.

കുടുംബത്തിലെ ഒരാളുടെ അറിവില്ലായ്മയും അശ്രദ്ധയും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എങ്ങനെ ദുരന്തം കൊണ്ടുവരുന്നു എന്നതിന്റെ ജീവനുള്ള ഉദാഹരണമായിരുന്നു ആ ചെറിയ കുടുംബം.
അന്ന് ഞാൻ ഒരു ഹൗസ് സർജൻ മാത്രമായിരുന്നു. രോഗത്തിന്റെ ചികിത്സയെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന ഒരു യുവ ഡോക്ടർ. പക്ഷേ ആ ദിവസം ഞാൻ മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് പഠിക്കാത്ത ഒരു വലിയ പാഠം പഠിച്ചു.
ഡോക്ടറുടെ ജോലി രോഗം കണ്ടെത്തുന്നതിൽ മാത്രം അവസാനിക്കുന്നില്ല. രോഗത്തെക്കുറിച്ച് മനുഷ്യരെ ബോധവൽക്കരിക്കുന്നതും ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഒരു രോഗിയുടെ ശരീരത്തെ പരിശോധിക്കുന്നതുപോലെ തന്നെ അയാളുടെ ജീവിത സാഹചര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ചോദിക്കാൻ മടിക്കുന്ന ചില ചോദ്യങ്ങൾ ചോദിക്കേണ്ടിവരും. ചിലപ്പോൾ ഒരു ചെറിയ ചോദ്യം വലിയൊരു രോഗനിർണയത്തിലേക്കുള്ള വാതിൽ തുറക്കും.
ആ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കാഷ്വാലിറ്റിയിൽ എത്തിയ ആ മൂന്ന് വയസ്സുകാരന്റെ നാവിൽ കണ്ട വെള്ളപ്പാടാണ് എന്നെ ഈ പാഠം പഠിപ്പിച്ചത്.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുട്ടിയുടെ മുഖം ഓർമ്മ വരുമ്പോൾ ഒരു കാര്യം മാത്രം മനസ്സിൽ വരുന്നു:
രോഗത്തെ ചികിത്സിക്കാൻ മരുന്ന് വേണം.
പക്ഷേ രോഗത്തെ തടയാൻ അറിവ് വേണം.
അന്നുമുതൽ ഓരോ രോഗിയെ പരിശോധിക്കുമ്പോഴും ഞാൻ ശരീരത്തിലെ ലക്ഷണങ്ങൾക്കൊപ്പം, ആ രോഗിയുടെ ജീവിതത്തിലേക്കും ഒന്ന് നോക്കാൻ ശ്രമിച്ചു. കാരണം, ചിലപ്പോൾ രോഗത്തിന്റെ യഥാർത്ഥ കഥ എഴുതപ്പെട്ടിരിക്കുന്നത് രോഗിയുടെ ശരീരത്തിൽ മാത്രമല്ല. അത് അയാളുടെ ജീവിതത്തിലും ബന്ധങ്ങളിലും അറിവില്ലായ്മയിലും ഒളിഞ്ഞുകിടക്കുന്നുണ്ടാകും.
READ: ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്നങ്ങൾ
പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും
സിസേറിയൻ:
അറിയേണ്ടതെല്ലാം
ഗര്ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്
ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

