പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം

പനിബാധിതരിൽ നടത്തേണ്ട പരിശോധനാ രീതികളെപ്പറ്റിയും പൊതുവെ സംഭവിക്കുന്ന പാളിച്ചകളെപ്പറ്റിയും എഴുതുന്നു ഡോ. പി.​ ജ്യോതികുമാർ. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

ശുപത്രിയിലോ ക്ലിനിക്കിലോ പരിശോധനക്കെത്തുന്ന രോഗികളിൽ ഏതാണ്ട് പത്തു മുതൽ പതിനഞ്ചു ശതമാനമോ അതിൽ കൂടുതലോ പനിബാധിതരായിരിക്കും. പനി രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ പനിബാധിതരിൽ നടത്തേണ്ട പരിശോധനാ രീതികളെപ്പറ്റിയും പൊതുവെ സംഭവിക്കുന്ന പാളിച്ചകളെപ്പറ്റിയും പറയാം.

പനി വ്യക്തമായ മറ്റ് രോഗലക്ഷണങ്ങളോടുകൂടി - ഉദാഹരണത്തിന് ചുമ, തൊണ്ടവേദന, വയറിളക്കം, മൂത്രച്ചൂട് മുതലായ രോഗലക്ഷണങ്ങളുണ്ടെങ്കിൽ രോഗനിർണയം എളുപ്പമാകും. എന്നാൽ ചില രോഗികളിൽ പനി മാത്രമായിരിക്കും രോഗലക്ഷണം. ഇത്തരം അവസരങ്ങളിൽ ഡോക്ടർ കൂടുതൽ ശ്രദ്ധ പാലിക്കണം. കാരണം ഇത് ഒരുപക്ഷെ സാധാരണ വൈറൽ പനിയാകാം, അല്ലെങ്കിൽ മാരകമായ മറ്റു ഗുരുതര രോഗങ്ങളുടെ ആരംഭമാവാം.

രണ്ടോ, മൂന്നോ ദിവസത്തെ പനി ബാധിച്ച് വരുന്ന രോഗികളോട് പരിശോധനക്കുശേഷം പെട്ടെന്ന് കുറെയധികം ലബോറട്ടറി പരിശോധനകൾ നിർദ്ദേശിക്കുന്നത് പലപ്പോഴും പ്രയോഗികമാവില്ല. ഇത്തരം അവസരങ്ങളിൽ രണ്ടോ മൂന്നോ ദിവസത്തേക്ക് ഡോക്ടറുടെ മനോധർമമനുസരിച്ച് രോഗികൾക്ക് രോഗലക്ഷണത്തിനനുസരിച്ചുള്ള മരുന്നുകൾ നിർദ്ദേശിക്കുന്നതായിരിക്കും ഉചിതം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞും രോഗശമനമില്ലെങ്കിൽ പുനഃപരിശോധനക്ക് വിധേയമാക്കുകയും വിശദമായ ലബോറട്ടറി പരിശോധനകൾ നിർദ്ദേശിക്കാവുന്നതുമാണ്.

ലേഖകന്റെ പരിശോധനാഅനുഭവത്തിൽ പനി രോഗനിർണയത്തിനായി ഏറെ ബുദ്ധിമുട്ടിയ കേസുകളെ പറ്റി ചുരുക്കത്തിൽ വിവരിക്കാം:

  • ഗൾഫിൽ ജോലി ചെയ്യുന്ന മധ്യവയസ്കൻ ഒരു മാസമായി വിട്ടുമാറാത്ത പനിയുമായി നാട്ടിൽ വരുന്നു. പല ടെസ്റ്റുകളും ചെയ്തെങ്കിലും മരുന്നു കഴിച്ചെങ്കിലും ശമനം കാണുന്നില്ല. വിശദമായി രോഗവിവരങ്ങൾ തിരക്കിയപ്പോൾ ഇദ്ദേഹം ജോലിചെയ്യുന്ന കഫെറ്റീരിയയിൽ വെച്ച് തിളപ്പിക്കാത്ത ഒട്ടകപ്പാൽ കഴിക്കുന്നുണ്ട് എന്ന് മനസിലായി. ബ്രൂസെല്ല രോഗം സംശയിക്കുകയും പരിശോധനയിൽ ബ്രൂസെല്ല ആന്റിബോഡി പോസിറ്റീവായി കാണുകയും ചെയിതു. ഡോക്സി സൈക്ളിൻ (DOXYCYCLINE ) കഴിച്ചതോടെ അദ്ദേഹത്തിന്റെ രോഗം പൂർണമായി മാറി.

  • 65 വയസുള്ള വീട്ടമ്മ ഒന്നര മാസമായി വിട്ടുമാറാത്ത പനിയുമായി പരിശോധനക്കെത്തി. ബ്ലഡ് കൾച്ചർ അടക്കംപലവിധ ടെസ്റ്റുകൾ ചെയ്തെങ്കിലും രോഗനിർണയം സാധ്യമായില്ല. വിശദ അന്വേഷണത്തിൽ രണ്ടുമാസം മുൻപ് രോഗി കുളിമുറിയിൽ പൃഷ്ടഭാഗം അടിച്ച് വീണ വിവരംകിട്ടി. അടിവയറിന്റെ സി. ടി സ്കാൻ എടുത്തപ്പോൾ ഗർഭാശയത്തിന് പിറകിലായി പഴുപ്പ് കെട്ടിക്കിടക്കുന്നത് മനസിലാക്കാൻ കഴിഞ്ഞു.

  • ഒന്നര മാസമായി വിട്ടുമാറാത്ത പനിയുമായി 55 വയസുകാരി അഡ്മിറ്റ് ആകുന്നു, പലവിധ പരിശോധന നടത്തിയെങ്കിലും രോഗനിർണയം സാധ്യമാവുന്നില്ല. ഒടുവിൽ ബോൺ മാരോ കൾച്ചർ ടെസ്റ്റിൽ സാൽമൊണേല്ല അണുക്കളുടെ സാന്നിധ്യം കണ്ടെത്തുകയും കൃത്യമായ ആന്റിബയോട്ടിക്കുകൾ നൽകിയത് വഴി പനി ശമിക്കുകയും ചെയ്തു.

  • 35 വയസുള്ള യുവാവ് മൂന്നാഴ്ചത്തെ പനിയുമായി അഡ്മിറ്റ് ആകുന്നു. മൂന്നാഴ്ചയോളം എല്ലാ പരിശോധനകളും നടത്തിയെങ്കിലും രോഗം മാറ്റമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ രോഗി മണിപ്പാൽ ഹോസ്പിറ്റലിലേക്ക് റെഫറൻസ് ആവശ്യപ്പെടുന്നു. ആ ദിവസത്തെ പരിശോധനയിൽ വലതുവശത്തെ കോളർ ബോണിന് (clavicle) മുകളിലായി വളരെ ചെറിയ ഒരു ലിംഫ് നോഡ് ശ്രദ്ധയിൽ പെടുകയും അതിന്റെ ബയോപ്സി പരിശോധനയിൽ ടി.ബി രോഗമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു.

  • രണ്ടു മാസത്തെ വിട്ടുമാറാത്ത പനിയുമായി 55 വയസുകാരൻ അഡ്മിറ്റ് ചെയ്യപ്പെടുന്നു. പലവിധ പരിശോധന നടത്തിയെങ്കിലും രോഗനിർണയം സാധ്യമാകുന്നില്ല. ഒടുവിൽ രോഗി തന്നെ പറയുന്നു, അദ്ദേഹത്തിന്റെ അടുത്ത പല ബന്ധുക്കൾക്കുമുണ്ടായ കുടലിലെ കാൻസർ ബാധയെക്കുറിച്ച്. കോളോണോ സ്കോപ്പി ടെസ്റ്റിൽ അദ്ദേഹത്തിന് ഇന്റസ്റ്റൈനെൽ ലിംഫോമ എന്ന കാൻസർ രോഗം കണ്ടെത്താനും കഴിഞ്ഞു.

  • മൂന്നാഴ്ചത്തെ പനിയും വിറയുമായി 23കാരി അഡ്മിറ്റ് ചെയ്യപ്പെടുന്നു. ശരീര പരിശോധനയിലും വിശദമായ ലബോറട്ടറി പരിശോധനയിലും രോഗകാരണം കണ്ടെത്താൻ കഴിയുന്നില്ല. വിശദമായ രോഗവിവരാന്വേഷണത്തിൽ അവിവാഹിതയായ യുവതി ഗർഭചിദ്രത്തിനായി ഗർഭാശയമുഖത്ത് ഒരു നാടൻ വൈദ്യന്റെ നിർദ്ദേശത്തിൽ ഒരു മരുന്ന് പുരട്ടിയതായി അറിയാൻ കഴിഞ്ഞു. ഗൈനെക്കോളജി പരിശോധനയിൽ ഗർഭാശയമുഖത്ത് പഴുപ്പ് കണ്ടെത്താൻ കഴിഞ്ഞു.

  • ഒരാഴ്ചത്തെ ശക്തമായ പനി, തലവേദന, ഛർദി എന്നീ രോഗലക്ഷണങ്ങളുമായി ഒരു യുവാവ് അഡ്മിറ്റ് ചെയ്യപ്പെട്ടു. പെട്ടെന്നു തന്നെ ഷോർട് ഫെബ്രയിൽ ഇൽനെസ്സിൽ (Short febrile illness) ചെയ്യാൻ പറ്റുന്ന എല്ലാ ടെസ്റ്റുകളും ചെയ്തുവെങ്കിലും ഒരു കാരണവും കണ്ടെത്താൻ പറ്റിയില്ല.
    മിംമ്സ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവനുമായി കേസിന്റെ വിശദവിവരങ്ങൾ സംസാരിച്ചു. ആ സമയത്ത് മിംമ്സ് ആശുപത്രിയിലും രോഗനിർണയമില്ലാതെ ശക്തമായ പനിയുമായി നാലഞ്ചു രോഗികൾ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ രോഗികളിൽ നിപ്പ വൈറസ് അടക്കമുള്ള വൈറൽ പാനൽ ടെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഈ രോഗിയെ കൂടി പ്രസ്തുത പാനൽ ടെസ്റ്റിന് വിധേയമാക്കണമെന്ന നിർദ്ദേശത്തോടെ രോഗിയെ മിംമ്സ് ഹോസ്പിറ്റലിലേക്ക് അയക്കുകയും അദ്ദേഹത്തിന് നിപ്പ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

  • ന്യൂമോണിയ രോഗനിർണയം നടത്തി രോഗിയെ അഡ്മിറ്റ് ചെയ്ത് പെന്‍സിലിൻ അടക്കമുള്ള ആന്റിബയോട്ടിക്കുകൾ കൊടുത്തുതുടങ്ങി. രോഗിയുടെ പനിയും മറ്റു രോഗലക്ഷണങ്ങളും രണ്ടു ദിവസത്തിനുള്ളിൽ കുറഞ്ഞുവരാൻ തുടങ്ങി. എന്നാൽ ആറാം ദിവസം ശക്തമായ പനി വീണ്ടും തിരിച്ചുവന്നു. എക്സ് റേ എടുത്തപ്പോൾ ന്യൂമോണിയക്ക് നല്ല ശമനമുള്ളതായി കണ്ടു. രക്തത്തിലെ ശ്വേതാണുക്കളുടെ അളവും കുറഞ്ഞതായി കണ്ടു. മരുന്നുകളുടെ പാർശ്വഫലമായി ഉണ്ടാക്കുന്ന ഡ്രഗ് ഇൻഡ്യൂസ്ഡ് ഫീവർ (drug Induced fever) സംശയിക്കുകയും കൊടുത്തുകൊണ്ടിരുന്ന ആന്റിബയോട്ടിക്കുകൾ നിർത്തുകയും ചെയ്തപ്പോൾ പനി താനെ കുറഞ്ഞു.

പനിപരിശോധനയെ പറ്റിയുള്ള വിശദമായ കാര്യങ്ങൾ ഇത്തരമൊരു ലേഖനത്തിൽ പൂ​ർണമായി വ്യക്തമാക്കാനാകില്ല. അതുകൊണ്ടുതന്നെ ഒരു വിഹഗ വീക്ഷണം നൽകുവാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

വായിക്കാം: മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ

‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ

നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?

കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?

നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?

തോൾ വേദനയുടെ
പ്രശ്‌നങ്ങൾ

അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ

കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ

ഡോക്ടർ
അകത്തുണ്ട്

നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments