അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

‘‘ശരിയായ ജീവൻരക്ഷാപ്രവർത്തനം ആരംഭിച്ച് ശരിയായ രീതിയിൽ ശരിയായ സ്ഥലത്ത് അത്യാഹിതങ്ങളിൽ പെടുന്നവരെ എത്തിക്കുകയാണെങ്കിൽ മരണവും ഗുരുതരമായ അസുഖങ്ങളും കുറയ്ക്കാം. അതിനുള്ള മാർഗങ്ങളിതാ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പി. ശശിധരൻ

പ്രകൃതിദുരന്തങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങളായ കലാപങ്ങൾ, സ്‌ഫോടനങ്ങൾ, വാഹനാപകടങ്ങൾ എന്നിവ മൂലം അനേകമാളുകൾ മരിക്കുന്നതും ഗുരുതരമായ അവസ്ഥകളിലേക്കു നീങ്ങുന്നതും ഇന്ന് ഒട്ടും അസാധാരണ കാഴ്ചയല്ല. ശരിയായ ജീവൻരക്ഷാപ്രവർത്തനം ആരംഭിച്ച് ശരിയായ രീതിയിൽ ശരിയായ സ്ഥലത്ത് അത്യാഹിതങ്ങളിൽ പെടുന്നവരെ എത്തിക്കുകയാണെങ്കിൽ മരണവും ഗുരുതരമായ അസുഖങ്ങളും കുറയ്ക്കാം. ഇത്തരം അവസരങ്ങളിൽ ജീവൻരക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് അവിടെ ആദ്യം എത്തുന്ന ആളുകൾ തന്നെയാണ്. അതിനാൽ എല്ലാവർക്കും ജീവൻരക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

സ്ഥലം സുരക്ഷിതമാണോ എന്ന് പരിശോധിച്ചശേഷം മാത്രമെ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ. സംഭവസ്ഥലത്ത് വൈദ്യുതകമ്പികളോ മറ്റോ പൊട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതിൽ സ്പർശിക്കുന്നതുതന്നെ കൂടുതൽ അപകടങ്ങൾ വരുത്തുമല്ലോ. സംഭവസ്ഥലത്ത് കത്തുന്ന വാതകങ്ങളും ദ്രവപദാർത്ഥങ്ങളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നും ഓർത്തിരിക്കണം. കൈയ്യുറകൾ, മാസ്‌ക് മുതലായ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് ജീവൻരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് ഉത്തമം.

അപകടത്തിലും ദുരന്തങ്ങളിലും ഗുരുതരാവസ്ഥയിലാവുന്ന ഹതഭാഗ്യരെ മൂന്നു വിഭാഗങ്ങളാക്കി തിരിക്കാം (Triage).

  • സംഭവസ്ഥലത്തുവച്ച് മിനിട്ടുകൾക്കകം മരണം സംഭവിക്കുന്നതാണ് ഒന്നാമത്തെ വിഭാഗം. ആന്തരികാവയവങ്ങൾക്ക് സംഭവിക്കുന്ന ഗുരുതര പരിക്കുകളായിരിക്കും ഇതിനു കാരണം. ഇതിൽ പ്രഥമശുശ്രൂഷയ്ക്ക് വലിയ പങ്കില്ല.

  • അപകടം സംഭവിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന മരണമാണ് രണ്ടാമത്തേത്. അപകടം സംഭവിച്ച് ഒരു മണിക്കൂറിൽ (അല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം) രോഗി മരിക്കുന്നത് തടയുവാൻ ശരിയായ പ്രഥമശുശ്രൂഷകൊണ്ട് സാധിക്കും. ഈ സമയത്തെ 'അപകടത്തിലെ സുവർണ്ണ സമയം' (Golden Hours of Trauma) എന്നുപറയും. ശ്വാസതടസ്സമോ രക്തസ്രാവം മൂലമോ ആയിരിക്കാം ഈ ഘട്ടത്തിൽ മരണം സംഭവിക്കുന്നത്.

  • അപകടത്തിനുശേഷം ദിവസങ്ങൾ കഴിഞ്ഞശേഷം രോഗി ആശുപത്രിയിൽവച്ച് മരിക്കുന്നതാണ് മൂന്നാമത്തേത്. പ്രധാന അവയവങ്ങൾ തകരാറിലാവുന്നതുമൂലമോ അണുബാധമൂലമോ ആണ് ഇത് സംഭവിക്കുന്നത്. നൽകാവുന്ന ചികിത്സകളെല്ലാം നൽകിയശേഷം സംഭവിക്കുന്ന മരണമാണിത്.

ദുരന്തങ്ങളിലും അപകടങ്ങളിലും പലപ്പോഴും അനേകം ആളുകൾ പെട്ടിട്ടുണ്ടായിരിക്കാം. പലപ്പോഴും അപകടത്തിൽപെട്ടവരുടെ എണ്ണം പെട്ടെന്ന് ലഭ്യമായ ആരോഗ്യസംവിധാനത്തിനും ജീവൻരക്ഷാപ്രവർത്തകർക്കും താങ്ങാവുന്നതിലും അധികമായിരിക്കാൻ ഇടയുണ്ട്. ലഭ്യമായ സംവിധാനമുപയോഗിച്ച് കഴിയുന്നത്ര ആളുകൾക്ക് സുരക്ഷയൊരുക്കുകയാണ് ഇത്തരം ഘട്ടത്തിൽ ചെയ്യേണ്ടത്. ഈ അവസരത്തിൽ അപകടത്തിൽപെടുന്ന ഒരു രോഗിയെ മാത്രം കേന്ദ്രീകരിച്ചാൽ പോരാ, അപകടത്തിൽപെടുന്ന എല്ലാവരേയും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടത്. അപകടത്തിൽപെട്ട് നിസ്സാരമായ പരിക്കുകൾപ റ്റിയവരായിരിക്കാം പരിഭ്രാന്തി മൂലം, കൂടുതൽ ബഹളം വയ്ക്കുന്നത്. ഗൗരവമായ പരിക്കുകൾ പറ്റിയവർ ഒരുപക്ഷെ ശബ്ദിക്കാനോ അനങ്ങുവാൻ തന്നെയോ പറ്റാത്തവരായിരിക്കാം. ഉടൻതന്നെ ചികിത്സ നൽകുകയാണെങ്കിൽ ഇവരിൽ പലരേയും മരണത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചേക്കാം.

രോഗത്തിന്റെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ അത്യാഹിതത്തിൽ പെടുന്നവരെ തരംതിരിക്കുന്നതിനെയാണ് ‘Triage in Trauma’ അഥവാ ‘അപകടത്തിൽപെടുന്നവരെ തരംതിരിക്കൽ’ എന്നുപറയുന്നത്. ശരിയായ തരംതിരിക്കൽ നടത്തിയാൽ (Triage) കൂടുതൽ പേരെ രക്ഷിക്കാൻ സഹായിക്കും. ആരോഗ്യപ്രവർത്തകർക്കും ജീവൻരക്ഷാപ്രവർത്തകർക്കും ഇതിൽ സാമാന്യമായ അറിവുണ്ടായിരിക്കേണ്ടതാണ്. ലഭ്യമായ സംവിധാനങ്ങളുപയോഗിച്ച് ദുരന്തങ്ങളിൽപെടുന്നവരിൽ കഴിയുന്നത്ര ജീവൻ രക്ഷിക്കുക എന്നതാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതിലൂടെ അത്യാവശ്യ ഇടപെടൽ ആവശ്യമുള്ളവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കുവാനും ലഘുവായ പരിക്കുകൾ ഉള്ളവർക്ക് അത്യാവശ്യ പരിചരണങ്ങൾ നൽകുവാനും സാധിക്കും.

ട്രയാജ് (Triage) അഥവാ തരംതിരിക്കൽ സംഭവസ്ഥലത്തുവച്ചുതന്നെ ആരംഭിക്കാം. അപകടത്തിന്റെ ഗൗരവം, രോഗിയുടെ പ്രായം എന്നതിനനുസരിച്ച് രോഗികളെ തരംതിരിച്ച് ഗൗരവസ്വഭാവമുള്ളവരെ വലിയ സംവിധാനങ്ങളുള്ള ഹോസ്പിറ്റലിലേക്കും അത്രതന്നെ ഗൗരവമല്ലാത്ത പരിക്കുകളുള്ളവരെ ചെറിയ ആശുപത്രിയിലേക്കോ ക്ലിനിക്കു കളിലേക്കോ മാറ്റുകയും ആണ് വേണ്ടത്.

രോഗലക്ഷണങ്ങൾ അപഗ്രഥിച്ചാണ് ഈ വേർതിരിക്കൽ നടത്തുന്നത്. ജീവന് ഭീഷണിയായ അസുഖമുള്ളവർക്ക് ഉടൻതന്നെ ചികിത്സ നൽകുന്നതിനും അത്രതന്നെ ഗൗരവമല്ലാത്തവർക്ക് പിന്നീട് പരിചരണം നൽകുന്നതിനും ഈ രീതി സഹായിക്കും. തുടർച്ചയായ നിരീക്ഷണം നടത്തേണ്ടതാണ്. ചിലപ്പോൾ ഒരുവിഭാഗത്തിലുള്ള രോഗിയെ മറ്റുവിഭാഗത്തിലേക്ക് മാറ്റേണ്ടതായി വന്നേക്കാം.

സാധാരണയായി ട്രയാജിൽ (Triage) നാലുതരത്തിലുള്ള കളർകോഡ് രീതിയാണ് അവലംബിക്കുന്നത്.

1. ചുവപ്പ് (Red): അടിയന്തരസ്വഭാവമുള്ള പരിക്കുകൾ (ഒന്നാമത്തെ മുൻഗണന), ജീവനുതന്നെ ഭീഷണിയായ എന്നാൽ വേഗത്തിൽ ചികിത്സ നൽകിയാൽ രക്ഷിക്കാവുന്ന അവസ്ഥ.
ഉദാ: ശ്വാസതടസ്സം, കഠിനമായ രക്തസ്രാവം, ന്യൂമോ തോറാക്‌സ് (pneumothorax- (നെഞ്ചിൻകൂട്ടിൽ വായു കുടുങ്ങുന്ന അവസ്ഥ), കാർഡിയാക് ടാംപോനെയ്ഡ് എന്നീ അവസ്ഥകളിലെ രോഗികൾക്ക് മിനിട്ടുകൾക്കകം ചികിത്സ നൽകിയിരിക്കണം.

2. മഞ്ഞ (Yellow): ഗൗരവമായ പരിക്കുകളുണ്ട്, പക്ഷെ ജീവന് പെട്ടെന്നുള്ള ഭീഷണിയില്ലാത്ത അവസ്ഥ. എന്നാൽ സ്വയം പരിചരിക്കാൻ കഴിയാ ത്തവർ. കുറച്ചു മണിക്കൂറുകൾ വരെ കാത്തിരിക്കാം.
ഉദാ: വലിയ എല്ലുകൾക്കു പറ്റുന്ന പൊട്ടൽ. നട്ടെല്ലിനുള്ള പരിക്ക്‌. ഇവർക്കായിരിക്കണം രണ്ടാമത്തെ പരിഗണന.

3.പച്ച (Green): ചെറിയ പരിക്കുകൾ. നടക്കുവാൻ കഴിയുന്നവരും സ്വയം പരിചരിക്കാൻ കഴിയുന്നവരും. (മൂന്നാമത്തെ പരിഗണന) ഇവർക്കാണ് നൽകേണ്ടത്.

4. കറുപ്പ് (Black): മരിച്ചവർ, അല്ലെങ്കിൽ രക്ഷപ്പെടുത്തുവാൻ കഴിയില്ല എന്നുറപ്പുള്ളവർ. ഇത്തരം ആളുകൾക്ക് മറ്റുള്ളവരേക്കാൾ കുറഞ്ഞ പരിഗണനയാണ് നൽകേണ്ടത്.

പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകർ ട്രയാജ് സംഭവസ്ഥലത്തുവച്ചുതന്നെ നടത്തുകയാണെങ്കിൽ ഗൗരവസ്വഭാവത്തിനനുസരിച്ച് സൗകര്യങ്ങൾ ലഭ്യമായ ഹോസ്പിറ്റലിലേക്ക് രോഗിയെ അയക്കാം. നടക്കുവാൻ കഴിയുന്നവരോട് ഒരു സ്ഥലത്തേക്ക് മാറിനിൽക്കാൻ ആവശ്യപ്പെടാം. ശരിയായ ചികിത്സ അവർക്കു ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യണം.

അനങ്ങാൻ പറ്റാത്തവരുടെ അടുത്തുചെന്ന് സംസാരിക്കുക. ശരിയായി സംസാരിക്കുന്നുണ്ടെങ്കിൽ അവർക്ക് ശ്വാസതടസ്സമില്ല എന്നും നട്ടെല്ലിനോ കാലുകൾക്കോ പറ്റിയ പരിക്കുമൂലമാണ് അനങ്ങാൻ പറ്റാത്തത് എന്നും അനുമാനിക്കാം. ഇവരെ മഞ്ഞ (yellow) വിഭാഗത്തിൽ പെടുത്തുക.

സംസാരിക്കാൻ സാധിക്കാത്തവരുടെ അടുത്തുചെന്ന് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നും രക്തസ്രാവം കാണാനുണ്ടോ എന്നും നോക്കുക. ചുമലിൽ തട്ടി പ്രതികരണമുണ്ടോ എന്നും നോക്കുക. അതോടൊപ്പംതന്നെ ശ്വാസതടസ്സം നീക്കുവാനും ശ്രമിക്കണം. ഒരു കൈകൊണ്ട് നെറ്റി പുറകോട്ടാക്കി, മറ്റെ കൈകൊണ്ട് താടി പൊക്കിനോക്കുക. ശ്വാസോച്ഛ്വാസമുണ്ട് പ്രതികരണമില്ല എങ്കിൽ ചുവപ്പ് (Red) വിഭാഗമായി കണക്കാക്കി അടിയന്തിരചികിത്സ ലഭ്യമാക്കണം. ഏതെങ്കിലും ഭാഗത്തുനിന്ന് രക്തവാർച്ചയുണ്ടെങ്കിൽ മുറിവ് അമർത്തിക്കെട്ടി (Compression Bandage) രക്തവാർച്ച നിർത്താൻ ശ്രമിക്കണം.

സംഭവസ്ഥലത്ത് വെച്ച് അപകടത്തിൽപെടുന്നവരെ തരംതിരിക്കാൻ START (Simple Triage and Rapid Treatment) അല്ലെങ്കിൽ SALT (Sort, Assess, Lifesaving Intervention, Treat/Transport) എന്നീ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാം.

സംഭവസ്ഥലത്തുവച്ചുതന്നെ 30 സെക്കന്റിനുള്ളിൽ തരംതിരിക്കുന്നതിനുള്ള രീതിയാണ് മേൽപ്പറഞ്ഞത്. ആശുപത്രിയിലെത്തിയാൽ കൂടുതൽ പരിശോധനകൾ നടത്തിയാണ് ഇത്തരത്തിൽ തരംതിരിക്കൽ (triage) നടത്തുന്നത്. നാഡിമിഡിപ്പ്, രക്തസമ്മർദ്ദം, കാപില്ലറി റീഫിൽ (Capillary refil) ശ്വാസോച്ഛ്വാസത്തിന്റെ രീതി, പ്രായം, പരിക്കിന്റെ സ്വഭാവം എന്നിവയെല്ലാമനുസരിച്ചാണ് അത്തരം തരംതിരിക്കൽ (triage) നടത്തുന്നത്.

READ: ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr P Sasidharan writes How to perform lifesaving operations in emergencies in Indian Mrdical Association Nammude Arogyam magazine.


ഡോ. പി. ശശിധരൻ

പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ അനസ്തീഷ്യോളജി ക്രിട്ടിക്കൽ കെയർ ആന്റ് പെയിൻ മാനേജുമെന്റ് ഡിപ്പാർട്ടുമെന്റ് ഹെഡ്.

Comments