മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘‘ഞാൻ കൃത്യമായി ഇടപെട്ടില്ലെങ്കിൽ കുട്ടി മരിക്കും. രക്തവാർച്ച നിർത്താൻ കഴിഞ്ഞതിനാൽ കുട്ടി രക്ഷപ്പെട്ടു. പറ്റിയില്ലെങ്കിലോ? അതിന്റെ അനന്തരഫലം ചിന്തിച്ചതേയില്ല. അതേ ജീവൻരക്ഷാപ്രവർത്തനം ഇന്നു ചെയ്തു പാളിപ്പോയാൽ, പോലീസും പൊതുജനവും രാഷ്ട്രീയക്കാരും മാധ്യമങ്ങളും എന്റെ ആത്മാർഥതയെ മുഖവിലയ്‌ക്കെടുക്കില്ല. ആക്രമിക്കപ്പെടും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘മറക്കാനാകാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. ടി.വി. പദ്മനാഭൻ എഴുതിയ ലേഖനം.

രു ഡോക്ടർ എന്ന നിലയിൽ എനിക്ക് മറക്കാനാവാത്ത രോഗിയെപ്പറ്റി എഴുതാനിരിക്കു മ്പോൾ ഓർത്തുപോവുകയാണ്, രാപകൽ ഭേദമില്ലാതെ എത്രയോ പേർ രോഗാതുരരായി എന്റെ മുന്നിലൂടെ കടന്നുപോയി. അതിൽ ഒരാളെപ്പറ്റി മാത്രം എഴുതുന്നത് കുറച്ച് ദുഷ്‌കരമാണ്. എനിക്കുമാത്രമല്ല മിക്കവാറും എല്ലാ ഡോക്ടർമാർക്കും. അങ്ങനെ ഒരു രോഗിയെ തെരഞ്ഞെടുക്കാൻ നിയതമായ മാനദണ്ഡങ്ങൾ ഒന്നുമില്ല. എങ്കിലും ഡോക്ടർ എന്ന നിലയിൽ സമയോചിതമായി ഇടപെട്ട് ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നൂൽപാലത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന ജീവനെ മിനുട്ടുകൾക്കകം രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സംഭവങ്ങൾ തീർച്ചയായും മറക്കാനാവാത്തതാണ്. ആ കൂട്ടത്തിൽ പെട്ട ഒരാളാണ് എന്റെ മറക്കാനാവാത്ത രോഗി, 12 വയസ്സുകാരൻ കണ്ണൻ (പേര് മാറ്റിയിരിക്കുന്നു.)

കാസർഗോഡ് ജില്ലയിലെ ഒരു മലയോരഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സേവനകാലം. അടുത്ത വലിയ ആശുപത്രി 40 കിലോമീറ്റർ അകലെ കാഞ്ഞങ്ങാട്. അവിടേക്ക് യാത്രാസമയം ചുരുങ്ങിയത് ഒരു മണിക്കൂർ. രോഗികൾ ഒഴിഞ്ഞ സമയമില്ല. 23 വർഷം മുമ്പുള്ള ഒരു മദ്ധ്യാഹ്നത്തിന്റെ ഓർമ്മകൾ ഇന്നും ഒട്ടും മങ്ങിയിട്ടില്ല. പരിശോധിക്കുന്ന മുറിയുടെ വാതിൽ തള്ളിത്തുറന്ന് മൂന്നുനാലുപേർ ഓടിക്കയറിവരുന്നു. എല്ലാവരും നാട്ടുകാരായ പരിചയക്കാർ.

നിലവിളിച്ചുകൊണ്ട് ഒരു യുവതി. രണ്ടു കയ്യിലും കോരിയെടുത്ത വെളുത്ത നിറമുള്ള ആൺകുട്ടിയുമായി ഒരു ചെറുപ്പക്കാരൻ. അവന്റെ കഴുത്തിന്റെ വലതുവശത്തായി അമർത്തിപ്പിടിച്ചിരിക്കുന്ന ചുരുട്ടിയ തുണി രക്തത്തിൽ കുതിർന്നിരിക്കുന്നു.

കുട്ടിയെ പരിശോധനാ ടേബിളിൽ കിടത്തിയപ്പോഴാണ് മനസ്സിലായത് വെളുത്ത കുട്ടിയല്ല. അതിയായി വിളറിയ കുട്ടിയാണത്. അത്രയധികം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്; തീർച്ച. കൺപോള, നാവ്, ചുണ്ട്, നഖം, തൊലി എല്ലാം കടലാസിന്റെ വെളുത്തനിറം. തളർന്ന്, ദുർബലമായ നാഡിമിടിപ്പ്. രക്തസമ്മർദ്ദം നോക്കാനാവുന്നില്ല. ദേഹം തണുത്തിരിക്കുന്നു. ശ്വാസം മന്ദഗതിയിൽ; വേദനയോട് പ്രതികരിക്കുന്നില്ല. Hypovolemic shock due to blood loss. യുവതിയുടെ കരച്ചിലിനിടയിൽ കൂടെയുള്ളവർ മത്സരിച്ച് 'സംഭവചരിത്രം' പറയുന്നുണ്ട്: ''ഫുട്‌ബോൾ കളി ഇന്നു രാവിലെതന്നെ തുടങ്ങി. കളിയുടെ ആവേശ ത്തിൽ ഇവൻ ഓടിവീണത് പൊട്ടിയ കൽഭരണിയുടെ മുകളിൽ. കഴുത്ത് മുറിഞ്ഞു. ചോര കുറേ പോയി. ഞങ്ങൾ കാണുമ്പോൾ ബോധം കഷ്ടി.''
കൂടെയുള്ള ഒരാളുടെ കമന്റ്: ‘‘ഇപ്പോ എല്ലാ പിള്ളേരും റൊണാൾഡോ ആണ്.''
ശരിയാണ്. 2002- ലെ ലോക ഫുട്‌ബോൾ മത്സര ഭ്രമകാലം. ബ്രസീൽ കളിക്കാരൻ റൊണാൾഡോ നസാറിയോ ആണ് ഫുട്‌ബോൾ ദൈവം, സൂപ്പർ ഹീറോ.

മുറിവ് പരിശോധിച്ചു. കഴുത്തിന്റെ വലതുഭാഗത്ത് മധ്യത്തിൽ വിലങ്ങനെ 2 സെ.മീ. നീളമുള്ള മുറിവ്. Clean cut injury. രക്ത് പരന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. തെറിച്ച് തെറിച്ചല്ല രക്തം പുറത്തുവരുന്നത്. പഴയ അനാട്ടമി പാഠം ഓർമ്മ വന്നു. മുറിഞ്ഞിരിക്കുന്നത് external jugular vein. ബ്ലീഡിംഗ് നിർത്തുന്നത് അത്ര എളുപ്പമല്ല. ചുരുങ്ങിയ വാക്കുകളിൽ കുട്ടിയുടെ അവസ്ഥയുടെ ഗൗരവം പറഞ്ഞുകൊടുത്തു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞിരിക്കുന്നു. അത് കെട്ടി തുന്നിയാലേ രക്ത വാർച്ച നിർത്താനാവൂ. അതിന് സർജൻ വേണ്ടിവരും. കാഞ്ഞങ്ങാട് പോകണം. അവിടെ ഇവൻ എത്തണമെന്നില്ല. എന്തുചെയ്യണം? ഉത്തരം വൈകിയില്ല. ഡോക്ടർ തന്നെ എന്തെങ്കിലും ചെയ്യൂ. പ്രതീക്ഷിച്ച ഉത്തരമായതിനാൽ മാനസികമായ തയ്യാറെടുപ്പ് വേണ്ടിവന്നില്ല. ആലോചിച്ചുനിൽക്കാൻ സമയമില്ല.

IV ഫ്‌ളൂയിഡ് തുടങ്ങണം. ഞരമ്പുകൾ ഒന്നും വ്യക്തമല്ല. Collapsed ആണ്. എങ്കിലും ശ്രമിച്ചു. ഭാഗ്യം, ആദ്യ ശ്രമത്തിൽ തന്നെ vein കിട്ടി. ഫ്ലൂളൂയിഡ് പരമാവധി സ്പീഡിൽ ഒഴുകി. ഇനിയാണ് കടമ്പ. മുറിഞ്ഞ ഞരമ്പ് തുന്നിക്കെട്ടി രക്തവാർച്ച നിർത്തണം. ഞരമ്പിന്റെ മുറിഞ്ഞ അറ്റം കാണാനില്ല. മുറിവിനകത്തേക്ക് വലിഞ്ഞു പോയിരിക്കുന്നു. മുകൾഭാഗത്ത് ഒരു ഊഹം വച്ച് മുറിവിലൂടെ artery forceps കടത്തി കിട്ടിയ tissue, clamp ചെയ്ത് പുറത്തേക്കുവലിച്ച് കോട്ടൺ നൂലു കൊണ്ട് കെട്ടിയിട്ടു. ആദ്യം മുകൾഭാഗം, പിന്നീട് താഴെ. Bleeding നിന്നിരിക്കുന്നു. മുറിവ് ഡ്രസ് ചെയ്തു, സമാധാനമായി. പൾസ് നോക്കി, ഉണ്ട്, പക്ഷേ ദുർബ്ബലം. മറ്റേ കയ്യിലും ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്തു. അര മണിക്കൂർ കഴിയുന്നു. കുട്ടി മെല്ലെ കണ്ണുതുറന്നു. വെള്ളം കൊടുക്കുമ്പോൾ കുടിക്കുന്നു. കൂടെയുള്ളവരുടെ കണ്ണിൽ സന്തോഷത്തിന്റെ തിളക്കം മടങ്ങിവന്നിരിക്കുന്നു. ഒടുവിൽ പ്രതിസന്ധി മറികടന്നിരിക്കുന്നു. എന്നാലും ഒരു surgical consultation വേണം. കുട്ടിയെ കാഞ്ഞങ്ങാട്ടേക്ക് റഫർചെയ്തു. സർജൻ കണ്ടു. മുറിഞ്ഞ ഞരമ്പിന് ഒന്നും ചെയ്യാനില്ല എന്ന് സർജൻ. രക്തനഷ്ടം നികത്താൻ അപ്പോൾ തന്നെ രക്തം നൽകി. പിറ്റേന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.

ഞാൻ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയപ്പോൾ കണ്ണന്റെ സർജിക്കൽ 'കേസ്' ഓർത്തു, ഒരു റിവ്യൂ സ്വയം പറഞ്ഞു. എടുത്തത് സാമാന്യം വലിയ റിസ്ക് ആണ്. പക്ഷേ, എടുക്കാതിരിക്കാൻ പറ്റില്ല. Do or let die എന്ന സ്ഥിതി. ഞാൻ കൃത്യമായി ഇടപെട്ടി ല്ലെങ്കിൽ കുട്ടി മരിക്കും. രക്തവാർച്ച നിർത്താൻ കഴിഞ്ഞതിനാൽ കുട്ടി രക്ഷപ്പെട്ടു. പറ്റിയില്ലെങ്കിലോ? അതിന്റെ അനന്തരഫലം ചിന്തിച്ചതേയില്ല. വൈദ്യശാസ്ത്രത്തിന്റെ ധാർമ്മികത (Medical ethics) അതാണ് പഠിപ്പിക്കുന്നത്. ഭീതിയോ പ്രീതിയോ ഇല്ലാതെ ഒരു ഡോക്ടർ അവരുടെ കടമ ചെയ്യുക. ആ കുട്ടിക്ക് ഞാനാണ് പേരിട്ടത് എന്ന് അവന്റെ അമ്മ പിന്നീട് പറഞ്ഞു. 'ആ അടുപ്പവും വിശ്വാസവും, പെട്ടെന്ന്, സമയം പാഴാക്കാതെ തീരുമാനമെടുക്കാനും ചികിത്സിക്കാനും ധൈര്യം നൽകി; കുട്ടി രക്ഷപ്പെട്ടു.'

ഗുരുതരമായി മുറിവേറ്റ ഒരു വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചതിന് 2002-ൽ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഡോ. ടി.വി. പദ്മനാഭന് നാട്ടുകാർ നൽകിയ സ്വീകരണത്തിന്റെ ‘ദേശാഭിമാനി’ വാർത്ത.
ഗുരുതരമായി മുറിവേറ്റ ഒരു വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചതിന് 2002-ൽ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഡോ. ടി.വി. പദ്മനാഭന് നാട്ടുകാർ നൽകിയ സ്വീകരണത്തിന്റെ ‘ദേശാഭിമാനി’ വാർത്ത.

വിശ്വാസമാണ് എല്ലാം!

ഈ സംഭവം കഴിഞ്ഞ് 23 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് സമാനമായ ഒരു സന്ദർഭമുണ്ടായാൽ എന്തു ചെയ്യുമെന്ന് ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ആശുപത്രി തൊട്ടടുത്തുള്ളതിനാൽ അങ്ങോട്ട് അയയ്ക്കും. അന്ന് വേറെ ആശുപത്രി അടുത്തുണ്ടായിരുന്നില്ല. അതേ ജീവൻരക്ഷാപ്രവർത്തനം ഇന്നു ചെയ്തു പാളിപ്പോയാൽ, പോലീസും പൊതുജനവും രാഷ്ട്രീയക്കാരും മാധ്യമങ്ങളും എന്റെ ആത്മാർഥതയെ മുഖവിലയ്‌ക്കെടുക്കില്ല. ആക്രമിക്കപ്പെടും. കാലം മാറിയിരിക്കുന്നു, മൂല്യങ്ങളും. ഡോക്ടർമാർ സ്വയം പ്രതിരോധം മുൻനിർത്തി ചികിത്സ ചെയ്യുന്നത് (defensive medicine) അതിനാലാണ്. നഷ്ടം സമൂഹത്തിനുമാത്രം. ഇത് തിരിച്ചറിഞ്ഞ് സമൂഹം മാറിച്ചിന്തിക്കുമെന്നു പ്രതീക്ഷയില്ല.

ഞാൻ ചെയ്ത ''ജീവൻരക്ഷ''യെക്കുറിച്ച് ആ ദിവസം കൂടുതലൊന്നും ചിന്തിച്ചില്ല. അത് അൽഭുതകരമായ സംഭവമാണ് എന്നൊന്നും തോന്നിയതുമില്ല. എന്നാൽ, മൂന്നാം ദിവസം ഒരു വിസ്മയമുണ്ടായി. രാവിലെ ആശുപത്രിയിലെത്തി യപ്പോൾ എന്നെ സ്വീകരിക്കാൻ ഒരു ചെറിയ ജനക്കൂട്ടം കാത്തിരിക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ, സഹപാഠികൾ, സ്കൂൾ ഹെഡ്മാസ്റ്റർ, ജനപ്രതിനിധികൾ, നാട്ടുകാർ. ആവശ്യത്തിലധികം അഭിനന്ദനവും ആശംസകളും കൃതജ്ഞതയും ഏറ്റുവാങ്ങി. 2002 ജൂലൈ മാസത്തിൽ നടന്ന ഈ ചടങ്ങിന്റെ ഫോട്ടോകളും പത്രവാർത്തയും എന്റെ ഫയലിൽ മങ്ങലേല്ക്കാതെ ഇത്രയും കാലം കിടന്നിരുന്നത് ഒരു യാദൃച്ഛികത മാത്രം.

കാലം കടന്നുപോയി. കണ്ണൻകുട്ടി, ചെറുപ്പക്കാരനാ യി. ഇടയ്‌ക്കെല്ലാം അസുഖം വന്നാൽ എന്റെ അടുത്തെത്തും. ഒരു ദിവസം അവന്റെ അമ്മ, കണ്ണന്റെ കല്യാണത്തിന് ക്ഷണിച്ചു. അവൻ ഭാര്യയേയും, പിന്നീട് കുട്ടിയേയും കൂട്ടി ക്ലിനിക്കിൽ വന്നിരുന്നു. അപ്പോഴെല്ലാം തെല്ലു കൗതുകത്തോടെ ഞാൻ അവന്റെ കഴുത്തിലെ മുറിവിന്റെ കലയിലേക്ക് നോക്കും. അത് ഒരു കല മാത്രമല്ല, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു സന്ദിഗ്ദ്ധഘട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ഒരു ഡോക്ടറുടെ ജീവിതം അനിശ്ചിതത്വവും ആകസ്മികതയും നിറഞ്ഞ താണ്. അതിൽ കണ്ണനെപ്പോലെ മറക്കാനാവാത്ത രോഗികളുണ്ടാവും. നിയന്ത്രണാതീതമായ കാരണങ്ങളാൽ ഡോക്ടറുടെ കൺമുമ്പിൽ നിന്നും ജീവൻ പോയവരുമുണ്ടാകും. മറക്കാനാഗ്രഹിക്കുന്ന മുഹൂർത്തങ്ങൾ. എങ്കിലും അവരും മറക്കാനാ വാത്ത രോഗികളാണ്. ഈ ഓർമ്മക്കുറിപ്പ് അവർക്കുകൂടി ഞാൻ സമർപ്പിക്കുകയാണ്. എന്റെ ജീവിതത്തിലെ വിജയങ്ങളേയും പരാജയങ്ങളേയും ഞാൻ ഒരേ നിസ്സംഗതയോടെ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഇദം ന മമ.


READ: ‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments