ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും

‘‘ലോകത്തിലെ ഏറ്റവും ജനകീയമായ കായികവിനോദം എന്ന വിശേഷണം ഫുട്ബോളിന് സ്വന്തമാണ്. എന്നാൽ ആ വിശേഷണത്തേക്കാൾ അർത്ഥവത്തായ മറ്റൊന്നുണ്ട്; ലോകത്തിലെ ഏറ്റവും ജനകീയമായ ആരോഗ്യപ്രസ്ഥാനം. കാരണം, ഒരു കളി എന്നതിനപ്പുറം, ആരോഗ്യം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാക്കി മാറ്റുന്ന ഒരു ജീവിതശൈലിയാണ് ഫുട്ബോൾ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജികുമാർ ജെ. എഴുതിയ ലേഖനം.

രു പന്ത് ഉരുളാൻ തുടങ്ങുമ്പോൾ ലോകം മുഴുവൻ അതിന്റെ പിന്നാലെ ഓടിത്തുടങ്ങും; ലോകകപ്പ് ഫുട്ബോളിന്റെ ദിവസങ്ങളിൽ അത് അക്ഷരാർത്ഥത്തിൽ സത്യമായി മാറുന്നു. രാജ്യങ്ങളുടെ അതിരുകൾ അപ്രത്യക്ഷമാകുന്നു. ഭാഷകളുടെ വ്യത്യാസങ്ങൾ മാഞ്ഞുപോകുന്നു. ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന സമുദ്രങ്ങൾ പോലും വികാരങ്ങളുടെ ഒഴുക്കിൽ ലയിക്കുന്നു. ഒരേ നിമിഷത്തിൽ കോടിക്കണക്കിന് ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിക്കുന്നു. ഒരു ഗോൾ വീഴുമ്പോൾ ലോകത്തിന്റെ പല കോണുകളിലും അപരിചിതർ പരസ്പരം ആലിംഗനം ചെയ്യുന്നു; ഒരു പരാജയം സംഭവിക്കുമ്പോൾ അന്യരുടെ കണ്ണുകളിലും ഒരേ നിരാശ നിറയുന്നു; അതാണ് ഫുട്ബോൾ.

ലോകത്തിലെ ഏറ്റവും ജനകീയമായ കായികവിനോദം എന്ന വിശേഷണം ഫുട്ബോളിന് സ്വന്തമാണ്. എന്നാൽ ആ വിശേഷണത്തേക്കാൾ അർത്ഥവത്തായ മറ്റൊന്നുണ്ട്; ലോകത്തിലെ ഏറ്റവും ജനകീയമായ ആരോഗ്യപ്രസ്ഥാനം. കാരണം, ഒരു കളി എന്നതിനപ്പുറം, ആരോഗ്യം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാക്കി മാറ്റുന്ന ഒരു ജീവിതശൈലിയാണ് ഫുട്ബോൾ.

ഒരു പന്ത് മാത്രം മതി...

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽനിന്ന് ഏറ്റവും ചെറിയ ഗ്രാമത്തിലെ മൺമൈതാനം വരെ ഒരേ ആവേശത്തോടെ കളിക്കപ്പെടുന്ന അപൂർവ കായികവിനോദമാണ് ഫുട്ബോൾ.

പല കളികൾക്കും ചെലവേറിയ ഉപകരണങ്ങളും പ്രത്യേക പരിശീലനകേന്ദ്രങ്ങളും ആവശ്യമാണ്. ഫുട്ബോളിന് വേണ്ടത് ഒരു പന്ത് മാത്രം. അല്ലെങ്കിൽ ഒരു പഴയ തുണിക്കെട്ട് പോലും മതിയാകും. രണ്ടു കല്ലുകൾ ഗോൾപോസ്റ്റാകാം. ഒരു പറമ്പ് മൈതാനമാകാം. കടൽത്തീരത്തെ മണലും മഴനനഞ്ഞ പാടവും സ്കൂൾ മുറ്റവും ഇടവഴിയും ഒരുപോലെ കളിസ്ഥലങ്ങളാകാം. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്തും ഏറ്റവും ദരിദ്രമായ ഗ്രാമത്തിലും ഒരേപോലെ ഫുട്ബോൾ വളർന്നത്.

ശരീരം മുഴുവൻ ഉണരുന്ന വ്യായാമം

ഒരു മണിക്കൂർ ഫുട്ബോൾ കളിക്കുമ്പോൾ ശരീരത്തിലെ മിക്കവാറും എല്ലാ പേശികളും പ്രവർത്തിക്കുന്നു. ഓട്ടം, സ് പ്രിന്റ്, പെട്ടെന്നുള്ള ദിശാമാറ്റം, ചാട്ടം, പന്ത് നിയന്ത്രിക്കൽ, കിക്ക് ചെയ്യൽ, സന്തുലനം നിലനിർത്തൽ — ഓരോ നിമിഷവും ശരീരം പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണ്. അത് ജീവനുള്ള വ്യായാമമാണ്.

ഹൃദയം കൂടുതൽ ശക്തമായി പ്രവർത്തിക്കുന്നു. ശ്വാസകോശങ്ങൾ കൂടുതൽ വായു സ്വീകരിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുന്നു. സഹനശേഷി വർധിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ക്രമേണ കുറയുന്നു. കാലുകളുടെയും ഉദരപേശികളുടെയും അരക്കെട്ടിന്റെയും ശക്തി വർധിക്കുന്നു. ശരീരത്തിന്റെ വഴക്കവും ഏകോപനശേഷിയും സന്തുലനബോധവും മെച്ചപ്പെടുന്നു. ഒരു കളിയിൽ ഇത്രയധികം ആരോഗ്യഗുണങ്ങൾ ഒരുമിച്ചുകിട്ടുന്ന മറ്റൊരു വ്യായാമരീതി അപൂർവമാണ്.

ഹൃദയത്തെ
കാത്തുസൂക്ഷിക്കുന്ന കളി

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യവെല്ലുവിളികളിലൊന്നാണ് ജീവിതശൈലീരോഗങ്ങൾ. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം—ഇവയെല്ലാം നിശ്ശബ്ദമായി സമൂഹത്തെ കീഴടക്കുകയാണ്. ഈ രോഗങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ മരുന്നുകളിൽ ഒന്നാണ് സ്ഥിരമായ ശാരീരിക പ്രവർത്തനം.ഫുട്ബോൾ വ്യായാമത്തെ ഒരു ബാധ്യതയല്ല, മറിച്ച് ആനന്ദമാക്കുന്നു.

ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഈ രോഗങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ മരുന്നുകളിൽ ഒന്നാണ് സ്ഥിരമായ ശാരീരിക പ്രവർത്തനം.
ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഈ രോഗങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ മരുന്നുകളിൽ ഒന്നാണ് സ്ഥിരമായ ശാരീരിക പ്രവർത്തനം.

കളിക്കാനിറങ്ങുന്ന ഒരാൾ വ്യായാമം ചെയ്യുകയാണെന്ന് പോലും പലപ്പോഴും ചിന്തിക്കാറില്ല. പക്ഷേ ഓരോ ഓട്ടവും ഹൃദയത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ്. ഓരോ സ്പ്രിന്റും രക്തക്കുഴലുകളെ കൂടുതൽ ആരോഗ്യകരമാക്കുകയാണ്. ഓരോ കളിയും പ്രമേഹത്തിനും അമിതവണ്ണത്തിനുമെതിരെയുള്ള നിബ്ദ പോരാട്ടമായി മാറുകയാണ്. ചുരുക്കത്തിൽ, ഫുട്ബോൾ ശരീരത്തിന് ലഭിക്കുന്ന ഏറ്റവും ആസ്വാദ്യകരമായ ഔഷധങ്ങളിലൊന്നാണ്.

മനസ്സിന്റെ മരുന്ന്

മനുഷ്യന്റെ ആരോഗ്യം ശരീരത്തിൽ അവസാനിക്കുന്നില്ല. മനസ്സും അതിന്റെ അവിഭാജ്യഘടകമാണ്. ഇന്നത്തെ ലോകത്ത് വിഷാദവും ഉത്കണ്ഠയും മാനസികസമ്മർദ്ദവും നിബ്ദ മഹാമാരിപോലെ പടരുമ്പോൾ, ഫുട്ബോൾ ഒരു പ്രകൃതിദത്ത ചികിത്സയായി മാറുന്നു. കളിക്കുമ്പോൾ ശരീരത്തിൽ സ്രവിക്കുന്ന എൻഡോർഫിനുകൾ സന്തോഷത്തിന്റെ സന്ദേശവാഹകരാണ്.

പക്ഷേ ഫുട്ബോൾ നൽകുന്ന സന്തോഷം രാസപ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു മനോഹരമായ പാസ്. കൂട്ടുകാരന്റെ അഭിനന്ദനം. അവസാന നിമിഷത്തിലെ ഗോൾ. തോൽവിക്കുശേഷമുള്ള പരസ്പര ആശ്വാസം. വിജയത്തിന്റെ കൂട്ടായ ആഘോഷം.

ഇവയൊക്കെയാണ് ജീവിതത്തിന്റെ ചെറിയ പാഠങ്ങൾ. അവിടെ ആത്മവിശ്വാസം വളരുന്നു. പരാജയത്തെ മാന്യമായി സ്വീകരിക്കാൻ പഠിക്കുന്നു. മറ്റുള്ളവരോടൊപ്പം ചേർന്ന് വിജയിക്കാൻ കഴിയുമ്പോഴാണ് യഥാർഥ വിജയം എന്ന് മനസ്സിലാക്കുന്നു.

ഒരു സമൂഹത്തെ
നിർമ്മിക്കുന്ന കളി

ഒരു മികച്ച ഫുട്ബോൾ ടീം രൂപപ്പെടുന്നത് മികച്ച കളിക്കാരെ കൊണ്ടുമാത്രമല്ല. പരസ്പര വിശ്വാസം കൊണ്ടാണ്. ഫുട്ബോൾ മനുഷ്യരെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠവും അതുതന്നെ. വിജയത്തിനായി സ്വന്തം മികവ് മാത്രം പോര. അതിനു കൂട്ടായ്മ വേണം. മറ്റൊരാളെ വിശ്വസിക്കണം. അച്ചടക്കം വേണം. ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ ഗുണങ്ങൾ മൈതാനത്ത് മാത്രം ഒതുങ്ങുന്നില്ല; ജീവിതത്തിലേക്കും പകരുന്നു.

അതുകൊണ്ടുതന്നെ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ നാളെയുടെ മികച്ച പൗരന്മാരാകാനുള്ള ആദ്യപാഠങ്ങളാണ് പഠിക്കുന്നത്.

കുട്ടികൾക്ക് ലഭിക്കുന്ന
ഏറ്റവും വലിയ സമ്മാനം

ഇന്നത്തെ കുട്ടികളുടെ ബാല്യം പലപ്പോഴും നാലു ചുമരുകൾക്കുള്ളിലാണ്. മൊബൈൽ ഫോണിന്റെയും വീഡിയോ ഗെയിമുകളുടെയും ടെലിവിഷന്റെയും വെളിച്ചത്തിൽ വളരുന്ന ഒരു തലമുറ. അവരെ വീണ്ടും സൂര്യപ്രകാശത്തിലേക്കും മണ്ണിലേക്കും കൂട്ടുകാരിലേക്കും തിരികെ കൊണ്ടുവരാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് ഫുട്ബോൾ. കളിക്കുന്ന കുട്ടികൾ സ്വാഭാവികമായി കൂടുതൽ വെള്ളം കുടിക്കുന്നു. നല്ല ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. മതിയായ ഉറക്കത്തിന്റെ വില അറിയുന്നു.ശരീരം സംരക്ഷിക്കേണ്ടതുണ്ടെന്ന് പഠിക്കുന്നു. അവർക്ക് ആരോഗ്യം ഒരു ഉപദേശമല്ല, അനുഭവമാണ്.

ഇന്നത്തെ ലോകത്ത് വിഷാദവും ഉത്കണ്ഠയും മാനസികസമ്മർദ്ദവും നിബ്ദ മഹാമാരിപോലെ പടരുമ്പോൾ, ഫുട്ബോൾ ഒരു പ്രകൃതിദത്ത ചികിത്സയായി മാറുന്നു.
ഇന്നത്തെ ലോകത്ത് വിഷാദവും ഉത്കണ്ഠയും മാനസികസമ്മർദ്ദവും നിബ്ദ മഹാമാരിപോലെ പടരുമ്പോൾ, ഫുട്ബോൾ ഒരു പ്രകൃതിദത്ത ചികിത്സയായി മാറുന്നു.

ലോകകപ്പിൽ ജയിക്കുന്നത് ഒരു രാജ്യം മാത്രമായിരിക്കും. എന്നാൽ ലോകകപ്പ് വിജയിക്കുന്നത് കോടിക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളാണ്. ഒരു മത്സരം കണ്ടിറങ്ങി വീട്ടുമുറ്റത്ത് പന്ത് തട്ടുന്ന ഓരോ കുട്ടിയും അറിയാതെ ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്ക്കുകയാണ്. ആദ്യ ഗോൾ നേടുന്ന ആഹ്ലാദത്തിൽ ജനിക്കുന്ന ആ ശീലം പലപ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യശീലമായി മാറുന്നു. അതാണ് ലോകകപ്പ് സമ്മാനിക്കുന്ന ഏറ്റവും വലിയ വിജയം.

കിരീടത്തേക്കാൾ വലിയൊരു വിജയം

ആരോഗ്യത്തിനുവേണ്ടി കളിക്കുമ്പോൾ ആരോഗ്യം തന്നെ നഷ്ടപ്പെടാതിരിക്കാൻ ചെറിയ മുൻകരുതലുകൾ ആവശ്യമാണ്. കളിക്ക് മുമ്പ് ശരീരം ചൂടാക്കുക. സ്ട്രെച്ചിങ് ചെയ്യുക. അനുയോജ്യമായ ഷൂ ധരിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. കളിയുടെ നിയമങ്ങൾ പാലിക്കുക. ഈ ചെറിയ ശീലങ്ങൾ പല വലിയ പരിക്കുകളെയും ഒഴിവാക്കും.

അവസാന വിസിൽ

ഫുട്ബോൾ ഒരു കളി മാത്രമല്ല. അത് ഓടുന്ന ഹൃദയങ്ങളുടെ സംഗീതമാണ്. സൗഹൃദത്തിന്റെ ഭാഷയാണ്. ആരോഗ്യത്തിന്റെ ഉത്സവമാണ്. പന്തിന്റെ പിന്നാലെ ഓടുന്ന ഓരോ കുട്ടിയും സ്വന്തം ഭാവിയിലേക്കാണ് ഓടുന്നത്. ഓരോ പാസും ആരോഗ്യമുള്ള ഒരു സമൂഹത്തിലേക്കുള്ള കൈമാറ്റമാണ്. ഓരോ ഗോളും സജീവമായ ജീവിതത്തിന്റെ വിജയാഘോഷമാണ്.

ലോകകപ്പിൽ ട്രോഫി ഉയർത്തുന്നത് ഒരു ടീമായിരിക്കും. എന്നാൽ ഫുട്ബോൾ കളിക്കുന്ന ഓരോ മനുഷ്യനും യഥാർഥത്തിൽ ഉയർത്തുന്നത് സ്വന്തം ആരോഗ്യത്തെയാണ്. ഇന്ന് ജീവിതശൈലീരോഗങ്ങൾ മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, ഏറ്റവും ചെലവുകുറഞ്ഞതും ഏറ്റവും ലളിതവും ഏറ്റവും ആനന്ദകരവുമായി ആരോഗ്യത്തിലേക്കു നയിക്കുന്ന വഴികളിലൊന്നാണ് ഫുട്ബോൾ.

അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കളി മാത്രമല്ല- മനുഷ്യരാശിയെ കൂടുതൽ ആരോഗ്യവാന്മാരാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളിലൊന്നുകൂടിയാണ്.

READ: മഴക്കാല രോഗങ്ങൾ

പ്രമേഹവും വൃക്കരോഗവും

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments