കൊതുക്, ചെള്ള് രോഗങ്ങള്‍

‘‘മണ്ണിലും വെള്ളത്തിലും സസ്യങ്ങളും ജന്തുക്കളും പ്രാണികളുമടക്കം ജീവജാലങ്ങളുടെ എണ്ണത്തിലും വിതരണത്തിലും സ്ഥലകാലമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കയാണ്. അവയോടനുബന്ധിച്ച് അതിജീവിക്കുന്ന രോഗാണുക്കളുടെ വിതരണത്തിലും മാറ്റമുണ്ടാകുന്നു. ഇവയില്‍ പ്രധാനം പ്രാണിജന്യരോഗങ്ങള്‍ക്കായിരിക്കും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം, ​ഡോക്ടറുടെ ഉത്തരം’ പംക്തിയിൽ ഡോ. ജയകൃഷ്ണൻ ടി. നൽകിയ മറുപടി.

ഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവയുടെ പരിണിതഫലമായി ഭൂമിയിലാകെ മണ്ണിലും വെള്ളത്തിലും സസ്യങ്ങളും ജന്തുക്കളും പ്രാണികളുമടക്കം ജീവജാലങ്ങളുടെ എണ്ണത്തിലും വിതരണത്തിലും സ്ഥലകാലമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കയാണ്. ഇതോടൊപ്പം അവയോടനുബന്ധിച്ച് അതിജീവിക്കുന്ന രോഗാണുക്കളുടെ വിതരണത്തിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കയാണ്. ഇവയില്‍ പ്രധാനം പ്രാണിജന്യരോഗങ്ങള്‍ക്കായിരിക്കും.

കൊതുകുജന്യരോഗങ്ങള്‍

മലമ്പനി:

മലമ്പനി ചരിത്രാതീതകാലം തൊട്ട് ഭീഷണിയുള്ള രോഗമാണ്. രോഗാണുക്കൾ പ്ലാസ്മോഡിയം ഗ്രൂപ്പിൽ പെട്ട പരാദജീവികളാണ്. പ്രധാനമായും ഇവ വൈ വാക്സ്, ഫാൾസിപാരം, ഓവേൽ, മലേറിയ എന്നിങ്ങനെ നാല് തരമുണ്ട്. ഇവയിൽ ആദ്യത്തേത് രണ്ടുമാണ് കൂടുതലായി ഉള്ളത്. മനുഷ്യരിലും കൊതുകുകളിലുമായാണ് ഇവയുടെ ജീവതചക്രം പൂർത്തിയാകുന്നത്. ഈ രോഗാണുവിനെ പകർത്തുന്നത് പ്രധാനമായും അനോഫിലസ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകളാണ്. കൊതുകുകളിൽ തന്നെ സ്റ്റീഫൻസി, കുൽസി ഫേസിസ് എന്നിങ്ങനെ രണ്ട് തരമുണ്ട്.

ഇവയിൽ ആദ്യത്തേത് നഗരപ്രദേശങ്ങളിലും രണ്ടാമത്തേത് ഗ്രാമപ്രദേശങ്ങളിലും മലമ്പനി പകർത്താൻ കാരണമാകുന്നു. സന്ധ്യാസമയ ങ്ങളിലും പുലർച്ചയും രക്തപാനം ചെയ്യുന്ന ഈ കൊതുകുകൾ ഒരു സ്ഥലത്ത് രോഗപ്പകർച്ച ഉണ്ടാ ക്കാൻ ചെറിയ എണ്ണം കൊതുകുകള്‍ മതി. മഴവെള്ള ശേഖരം, ഇറിഗേഷൻ കനാലുകൾ, ഓവർ ഹെഡ് ടാങ്ക് തുടങ്ങിയ വലിയ ശുദ്ധജലശേഖരങ്ങളിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്.

പകരുന്ന രീതി:

അനോഫിലസ് പെൺകൊതുകുകൾ മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോൾ ഒപ്പം പ്ലാസ്മോഡിയത്തിന്റെ ഗാമറ്റോസൈറ്റുകളും ഇവരിലെത്തുന്നു. കൊതുകിന്റെ ശരീരത്തിലെ ഒന്നു രണ്ടാഴ്ച കാലത്തെ വാസത്തിനുശേഷം സ്പോറോസൈറ്റ്കളായി രൂപം പ്രാപിക്കുന്ന ഇവ കൊതുക് മറ്റൊരാളെ കടിക്കുമ്പോൾ അവരിലെത്തുകയും ശേഷം രക്തസംക്രമണത്തിലെത്തി ഒരു മണിക്കൂറിലധികം കഴിയുമ്പോൾ കരളിലെത്തുകയും ചെയ്യുന്നു.

കരളിലെത്തിക്കഴിഞ്ഞാൽ രണ്ടാഴ്ചയിലധികം അതിനകത്ത് പെരുകി രൂപം മാറി വീണ്ടും രക്തചംക്രമണത്തിൽ കടന്ന് ചുവന്ന രക്താണുക്കൾക്കകത്ത് പ്രവേശിച്ച് അവയെ ആക്രമിക്കുകയും അതിനകത്ത് രൂപാന്തരം പ്രാപിച്ച് രക്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് രോഗിക്ക് പനിയുണ്ടാകുന്നത്. വൈവാക്സ് മലേറിയയില്‍ ഇതിന് എട്ട് തൊട്ട് 17 ദിവസവും ഫാൾസിപാരത്തിന് ഒമ്പത് തൊട്ടു 14 ദിവസങ്ങളുമെടുക്കും.

ഇങ്ങനെ രക്തസംക്രമണത്തിൽ പ്രവേശിച്ച രോഗാണുക്കളിൽ ചിലത് ആൺ - പെൺ ഗാമേറ്റുകളായി മാറുകയും അവ കൊതുകുകൾ രക്തം കുടിക്കുമ്പോൾ അതുവഴി അവയുടെ ശരീരത്തിലേക്ക് കടക്കുകയും, അവ സംയോജിച്ച് രോഗസംക്രമണത്തിന്റെ ചക്രം വീണ്ടും തുടരുകയും ചെയ്യും. കൊതുകുകൾ വഴിയല്ലാതെ രക്തം സ്വീകരിക്കുന്നതിലൂെടയും അമ്മയിൽ നിന്ന് ഗർഭസ്ഥശിശുക്കളിലേക്കും രോഗം പകരാം. മലമ്പനി പിടിപെട്ടവർ മൂന്ന് വർഷത്തിനുശേഷം മാത്രമേ രക്തദാനം ചെയ്യാൻ പാടുള്ളൂ.

രോഗനിർണ്ണയം:

രോഗിയുടെ വിരലിൽനിന്ന് രക്തം കുത്തിയെടുത്ത് സ്മിയർ തയ്യാറാക്കി മൈക്രോസ്കോപ്പിൽ പരിശോധിച്ചാണ് രോഗം നിർണ്ണയിക്കുന്നത്. ഇപ്പോൾ റാപിഡ് ടെസ്റ്റ് കിറ്റുകളും ലഭ്യമാണ്.

ഇന്ത്യയിൽ എല്ലായിടത്തും മലമ്പനി നിർണ്ണയം കഴിഞ്ഞാൽ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരം ജില്ലാ ആരോഗ്യവകുപ്പിനെ അറിയിക്കുകയും, തുടര്‍ന്ന് പ്രാദേശിക ആരോഗ്യപ്രവർത്തകർ പനി സർവ്വേയും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും നടത്തിയിരിക്കണം. മലേറിയയുടെ ചികിത്സക്കുള്ള ഔഷധങ്ങൾ സർക്കാർ സംവിധാനത്തിൽ പ്രൈമറി തലം തൊട്ട് സൗജന്യമാണ്.

അനോഫിലസ് പെൺകൊതുകുകൾ മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോൾ ഒപ്പം പ്ലാസ്മോഡിയത്തിന്റെ ഗാമറ്റോസൈറ്റുകളും ഇവരിലെത്തുന്നു.
അനോഫിലസ് പെൺകൊതുകുകൾ മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോൾ ഒപ്പം പ്ലാസ്മോഡിയത്തിന്റെ ഗാമറ്റോസൈറ്റുകളും ഇവരിലെത്തുന്നു.

കൊതുക് നിയന്ത്രണം:

  • കൊതുക് നിയന്ത്രണത്തിനായി വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമേ ടാങ്കുകൾ മൂടിവെക്കുകയും വേണം.

  • മുറിക്കകത്ത് വിശ്രമിക്കുന്ന കൊതുകുകളെ നശിപ്പിക്കാൻ ഡെൽറ്റാ മിത്രിൻ 2.5%, സൈ ഫ്ളുത്രിൻ 10% തുടങ്ങിയ കീട നാശിനികൾ സ്പ്രേ രൂപത്തിൽ ഉപയോഗിക്കാം.

  • കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കണം (വലയിൽ ഒരിഞ്ച് ചതുരത്തിൽ 150 ദ്വാരങ്ങൾ).

  • ഇപ്പോൾ ദീർഘകാലം ശക്തി നീണ്ടുനിൽക്കുന്ന കീടനാശിനികൾ ലേപനം ചെയ്ത കൊതുക് വലകൾ, മലമ്പനിബാധിതമേഖലകളിൽ ആരോഗ്യ വകപ്പ് വിതരണം ചെയ്യുന്നുണ്ട്. ഇവയുടെ പ്രവർത്തനം അഞ്ച് വർഷത്തോളം നിലനിൽക്കും.

  • 2030 വർഷത്തോടെ രാജ്യത്തുനിന്ന് മലമ്പനി നിർമ്മാജ്ജനം ചെയ്യാനാണ് ലക്ഷ്യം വെക്കുന്നത്

മന്ത് രോഗം (Filariasis)

ഉഷ്ണമേഖലാരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം അവഗണിക്കപ്പെടുന്ന ട്രോപ്പിക്കൽ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ്. ശരീരത്തിലെ ലസികാവ്യൂഹത്തിൽ മൈക്രോ ഫൈലേറിയ എന്ന ചെറിയ വിരകൾ അധിവസിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ്.

ഇവ പ്രധാനമായും മൂന്ന് തരത്തിലുണ്ട്:

വുച്ചറേറിയ ബാൻ ക്രോഫ്റ്റി,
ബ്രൂഗിയ മലയ്,
ബ്രൂഗിയ ടി മോറി.

ഇതിൽ 90%- വും വുച്ചറേറിയ വിഭാഗത്തിൽപ്പെട്ടവ യാണ്. നമ്മുടെ രാജ്യത്ത് ഇവ പ്രധാനമായും പകർത്തുന്നത് മലിനജലത്തിൽ പെരുകുന്ന ക്യുലക്സ് കൊതുകുകൾ വഴിയാണ്. രാത്രി മനുഷ്യരുടെ രക്തം കുടിക്കാനെത്തുന്ന പെൺ കൊതുകുകളിലേക്ക് മന്തുരോഗവാഹകരിൽ നിന്ന് ഇവയുടെ കുഞ്ഞുവിരകൾ (മൈക്രോ ഫൈലേറിയ) എത്തുകയും അവ മറ്റൊരാളെ കടിക്കുമ്പോൾ അവിടെയുണ്ടാകുന്ന മുറിവ് വഴി അടുത്തയാളിൽ പകരുകയും ചെയ്യും.

മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞ മൈക്രോ ഫൈലേറിയ ലാർവകൾ ലസിക വ്യൂഹത്തിൽ വളർന്ന് ആറു തൊട്ട് 12 മാസമാകുമ്പോഴേക്കും മുതിർന്ന ആൺ- പെൺ വിരകളായി മാറും. ആൺ വിരകൾക്ക് നാലു സെന്റീമീറ്റർ താഴെ വലിപ്പവും പെൺവിരകൾക്ക് ആറു സെന്റീമീറ്ററോളം വലുപ്പവുമുണ്ടാകും. ഇവ ശരീരത്തിൽ ചുറ്റിപ്പിണഞ്ഞായിരിക്കും കിടക്കുന്നത്. ഇതിൽ പെൺവിരകൾ തുടർന്ന് 5-8 വർഷങ്ങളോളം മൈക്രോ ഫൈലേറിയ ലാർവകളെ പ്രസവിച്ചു കൊണ്ടിരിക്കും. ഒരു ദിവസം തന്നെ ഇവ പതിനാ യിരത്തോളം ലാർവകളെ പുറത്തുവിടും. ഇവയുടെ എണ്ണം കൂടുമ്പോൾ ഇവ ലസികാവ്യൂഹത്തിലെ അവയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് കൊണ്ടാണ് നീരുണ്ടാകുന്നത്.

ക്യൂലക്സ് കൊതുകിന്റെ രക്തപാന ഷിഫ്റ്റ് സമയത്തിനനുസരിച്ച് (രാത്രി 10 മണി തൊട്ട് രണ്ട് മണിവരെ) രാത്രികാലങ്ങളിൽ ഇവ നമ്മുടെ രക്തത്തിൽ പ്രവേശിക്കുകയും രക്തം പാനം ചെയ്യാനെത്തുന്ന കൊതുകുകൾ വഴി മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെ മനുഷ്യരിലും കൊതുകുകളിലുമാണ് ഇവയുടെ ജീവിതചക്രം പൂർത്തിയാകുന്നത്. കൊതുകുകളിൽ എണ്ണം പെരുകാൻ പറ്റാത്ത ഫൈലേറിയ രോഗാ ണുവിന്റെ എണ്ണം മനുഷ്യരിൽ മാത്രമാണ് പെരുകുന്നത്. അതിനാൽ മന്ത് രോഗം ഒരിക്കലും ഒരു എപിഡെമിക്ക് ആയി പകരുകയില്ല.

ഉഷ്ണമേഖലാരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന മന്ത് രോഗം അവഗണിക്കപ്പെടുന്ന ട്രോപ്പിക്കൽ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ്.
ഉഷ്ണമേഖലാരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന മന്ത് രോഗം അവഗണിക്കപ്പെടുന്ന ട്രോപ്പിക്കൽ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്നതാണ്.

ഇതിന്റെ ഇൻകുബേഷൻ സമയം എട്ടു തൊട്ട് 16 മാസം വരെയാണ്. ആദ്യഘട്ടത്തിൽ ഇവ ലസികാ വ്യൂഹത്തിലും കഴലകളിലും വീക്കവും ഇടയ്ക്കിടെ പനിയും ഉണ്ടാക്കും. പിന്നീട് വൃഷണങ്ങളിലും കൈകാലുകളിലും തടിപ്പുണ്ടാക്കും. വൃഷണ സഞ്ചികളിൽ ഉണ്ടാകുന്ന ഹൈഡ്രോസിൽ നീർക്കെട്ടുകൾക്ക് പ്രധാന കാരണം ഫൈലേറിയാസിസ് ആണ്. കാലുകളിൽ ഉണ്ടാ കുന്ന നീർക്കെട്ടും ചൊറിച്ചിലും തുടർച്ചയായ അണുബാധയും ഒടുവിൽ കാലുകൾ നീര് വന്നു വീങ്ങുന്ന മന്തുരോഗത്തിലേക്ക് നയിക്കുന്നു. രോഗികളുടെ കാലുകൾ നീരു വന്ന് തൊലിക്ക് കട്ടിവെച്ച് ആനയുടെ കാല് പോലെ തോന്നിക്കുന്നതിനാൽ ഈ രോഗത്തെ ഇംഗ്ലീഷിൽ എലിഫെന്റിയാസിസ് എന്ന് വിളിച്ചുവരുന്നു. മൈക്രോഫൈലേറിയ ബാധമൂലമാണ് നമ്മുടെ നാട്ടിൽ ട്രോപ്പിക്കൽ ഇയോസിനോഫീലിയ എന്ന അലർജി രോഗമുണ്ടാകുന്നത്.

ബ്രൂഗിയ മലായ് എന്ന മന്ത് രോഗത്തിന് കാരണമായ വിര മാൻസോണിയ എന്ന തരം കൊതുകുകൾ വഴിയാണ് പകരുന്നത്. ഇത് പൊതുവെ ഗുഹ്യഭാഗങ്ങളെ ഒഴിവാക്കി കാലുകളേയും കൈകളേയുമാണ് ബാധിക്കുക. മാൻസോണി കൊതുകുകളുടെ ലാർവകൾ കുളവാഴ, പിസ്റ്റിയ പോലുള്ള ജലസസ്യങ്ങളുടെ വേരുകളിൽ അള്ളിപിടിച്ചാണ് വളരുന്നത്. കേരളത്തിൽ ആലപ്പുഴ പ്രദശങ്ങളിലാണ് ഇത്തരം മന്തുരോഗം ഉണ്ടായിരുന്നത്.

രോഗനിര്‍ണ്ണയം:

കൈവിരലുകളിൽനിന്ന് രാത്രി രക്തസാമ്പിളുകൾ ശേഖരിച്ച് സ്മിയർ പരിശോധന നടത്തിയാണ് മന്ത് രോഗം സ്ഥിരീകരിക്കുന്നത്.

മന്ത് രോഗം നിർമാർജ്ജനം ചെയ്യാനുള്ള യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് രാത്രികാല മന്തുരോഗ പരിശോധന നടത്തിവരുന്നു. സമൂഹ മന്തുരോഗ ചികിത്സകളും വര്‍ഷങ്ങളായി തുടര്‍ച്ചയായി നൽകിവരുന്നുണ്ട്. രോഗനിയന്ത്രണത്തിന് ഡി.ഇ.സി ഗുളികക്കുപുറമേ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും ആവശ്യമാണ്.

ജപ്പാനിസ് ജ്വരം

സാധാരണ പനിയോടൊപ്പം ബോധക്ഷയമോ അപ സ്മാരലക്ഷണങ്ങളോ ഉണ്ടാക്കുന്ന രോഗങ്ങൾ മസ്തിഷ്കത്തെ ബാധിക്കുന്ന ഏതെങ്കിലും വൈറ സ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇവ പൊതുവെ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻ ഡ്രോം (AES)എന്നാണ് അറിയപ്പെട്ടിരുന്നത്. നിപ, ജപ്പാനീസ്ജ്വരം, വെസ്റ്റ്നൈൽ ജ്വരം, ഹെര്‍പിസ്, ഇവയൊക്കെ ഇതിന് കാരണമാകാമെങ്കിലും ഇതിൽ 20 %വരെ ജപ്പാനിസ് ജ്വരം വൈറസുകള്‍ മൂലമാകാം.


ജപ്പാനിസ് ജരത്തിന്റെ വൈറസുകൾ പ്രകൃതിയില്‍ സ്വാഭാവികമായിത്തന്നെ ചിലതരം ദേശാടനപക്ഷികൾ, കൊറ്റികൾ, കുളക്കോഴികൾ, കന്നുകാലികൾ ഇവയുടെ ശരീരത്തിലുള്ളവയാണ്. വൈറസ് വാഹകരായ ഇവയിലേതെങ്കിലുമെണ്ണത്തിനേയോ, ജപ്പാൻജ്വര രോഗിയേയോ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് വൈറസ് മറ്റുള്ളവരിൽ എത്തുന്നത്.

1871- ൽ ജപ്പാനിൽ കണ്ടെത്തിയ ഈ രോഗം 1954- ൽ ഇന്ത്യയിലാദ്യമായി തമിഴ്നാട്ടിലാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളെ ബാധിച്ചിട്ടുള്ള ഇതിന്റെ വ്യാപനം ഇന്ത്യയും ചൈനയുമടക്കമുള്ള 24 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1978- ല്‍ ആസ്സാമില്‍ കണ്ടെത്തി യതിനുശേഷം വടക്ക് കിഴക്ക് സംസ്ഥാനങ്ങളായ ആസാം, മണിപ്പുർ, നാഗാലാൻഡ്, വടക്കൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ഹരി യാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജപ്പാനീസ്ജ്വരം സ്ഥിരമായി ഉണ്ട്. കാലവർഷത്തോടനുബന്ധിച്ച് മെയ് മുതല്‍ ജൂലൈ വരെയും, ഒക്ടോബർ-നവംബർ മാസങ്ങളിലുമാണ് ഈ രോഗം ഉണ്ടാകാറ്. കേരളത്തിൽ 1996 ഫെബ്രുവരിയിൽ കുട്ടനാട്ടിലാണ് ഇതിന്റെ വ്യാപനം ആദ്യമായി ഔട്ട്ബ്രേയ്ക്ക് ആയി റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുള്ളത്.

പനി, തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, അപസ്മാരലക്ഷണങ്ങൾ തുടങ്ങിയവയാണ് അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം  രോഗലക്ഷണങ്ങൾ. രോഗബാധിതരിൽ 85%- വും കുട്ടികളായിരിക്കും.
പനി, തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, അപസ്മാരലക്ഷണങ്ങൾ തുടങ്ങിയവയാണ് അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം രോഗലക്ഷണങ്ങൾ. രോഗബാധിതരിൽ 85%- വും കുട്ടികളായിരിക്കും.

ഫ്ലേവി വിഭാഗത്തിൽപ്പെട്ട ഇതിന്റെ വൈറസുകൾക്ക് അഞ്ചു തരം ജിനോടൈകൾ ഉണ്ടെങ്കിലും ഇവയിൽ ജിനോടൈപ്പ് 3 ആണ് ഇവിടെ പ്രചാരത്തിലുള്ളത്. വൈറസ് ബാധയുണ്ടായിട്ടുള്ള 25 മുതല്‍ ആയിരം പേരിൽ ഒരാൾക്ക് മാത്രമാണ് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകുകയുള്ളൂ. ബാക്കി മുഴുവന്‍ പേർക്കും രോഗലക്ഷണങ്ങള്‍ കാണി ക്കാതെ ഭേദമാകുകയും ചെയ്യും.

പനി, തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, അപസ്മാരലക്ഷണങ്ങൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരിൽ 85%- വും കുട്ടികളായിരിക്കും. രോഗികളില്‍ മൂന്നിലെന്നുപേരെയെങ്കിലും വൈറസ് തലച്ചോറിനെ ബാധിക്കാനും 30%- ഓളം മരിക്കാനും സാധ്യതയുണ്ട്. മറ്റുള്ളവര്‍ക്ക് മാറാത്ത നാഡീവൈകല്യങ്ങൾക്കും ചലനശേഷി തകരാറുകൾക്കും കാരണമാകും.

രോഗികളിൽനിന്ന് നേരിട്ട് മറ്റൊരാളിലേക്ക് പകരാത്ത ഇതിന്റെ വൈറസുകൾ മറ്റൊരാളിലേക്ക് പകരുന്നത് ക്യുലെക്സ് വര്‍ഗത്തില്‍പ്പെട്ട കൊതുകു വഴിയാണ്. ട്രൈററാനിയോ റിന്‍കസ്, സ്യൂഡോവിഷ്ണയ് എന്നിവയാണിവ. ഇവ പൊതുവേ മൃഗങ്ങളുടേയും പക്ഷികളുടേയും രക്തം കുടിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. ഇവ പെരുകുന്നത് കൂടുതലും നെൽപാടങ്ങളിലും, ചപ്പ്ചവറുകൾ അടിഞ്ഞിട്ടുള്ള വെള്ളക്കെട്ടുകളിലുമാണ്. അതിനാല്‍ ഈ രോഗത്തെ നെല്‍കൃഷിയുമായി ബന്ധപ്പെടുത്തി പറയാറുണ്ട്‌.

ജപ്പാനിസ് ജരത്തിന്റെ വൈറസുകൾ പ്രകൃതിയില്‍ സ്വാഭാവികമായിത്തന്നെ ചിലതരം ദേശാടനപക്ഷികൾ, കൊറ്റികൾ, കുളക്കോഴികൾ, കന്നുകാലികൾ ഇവയുടെ ശരീരത്തിലുള്ളവയാണ്. വൈറസ് വാഹകരായ ഇവയിലേതെങ്കിലുമെണ്ണത്തിനേയോ, ജപ്പാൻജ്വര രോഗിയേയോ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് വൈറസ് മറ്റുള്ളവരിൽ എത്തുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ നാലു തൊട്ട് 15 ദിവസത്തിനുള്ളിൽ മേൽ സൂചിപ്പിച്ച രോഗലക്ഷണങ്ങളുണ്ടാകാം. ഒരു തവണ വൈറസ് ശരീരത്തിൽ എത്തിയിട്ടുള്ളവർക്ക് പിന്നീട് ജീവിതകാലം മുഴുവൻ അതിനെതിരെ ആർജിത പ്രതിരോധം ഉണ്ടാകുമെന്നാണ് നിഗമനം.

കാലാവസ്ഥാ മാറ്റത്തോടൊപ്പം കൃഷി ചെയ്യാതെയുള്ള വയലുകളും വെള്ളക്കെട്ടുകളും ഉപ്പുവെള്ളം തടയുന്ന ബണ്ടുകളും പ്രകൃതിയിൽ കൊതുകിനെ ഇരയാക്കുന്ന തവളപോലുള്ള ജീവി കളുടെയും പ്രാണികളുടേയും വംശനാശം കൊതുകിന്റെ പെരുക്കം കൂട്ടുന്നതും പ്രകൃതിയുടെ നാശവും ദേശാടനപക്ഷികളുടെയും കൊറ്റികളുടെ താവളങ്ങളിലേക്കുള്ള മനുഷരുടെ അതിരുവിട്ട കയറ്റങ്ങളും ജെ.ഇ വൈറസ് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാം.

J.E വാക്സിന്‍:

ശിശുരോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിലെ രോഗബാധിതജില്ലകളില്‍ ഇത് നല്‍കിവരുന്നുണ്ട്. കേരളത്തില്‍ 2006 മുതൽ ജെ.ഇ വാക്സിനുകൾ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നൽകിവരുന്നു.

2014- ൽ ഇന്ത്യൻ സ്വകാര്യ കമ്പനിയായ ഭാരത് ബയോ ടെക് ഇന്ത്യയിലെ രോഗികളുടെ രക്തസാമ്പിളുകളില്‍ നിന്നെടുത്ത് വികസിപ്പിച്ച കോലാർ സ്റ്റ്രെയിൻ ജെ ഇ വാക്സിന് (JEN VAC- Killed Vaccine) സർക്കാർ ലൈസൻസ് അംഗീകാരം നൽകിയതിനുശേഷം ഇപ്പോൾ പല ജില്ലകളിലും ഈ വാക്സിനും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ ഹൈദരാബാദിലെ ബയോളജിക്കൽ E എന്ന സ്ഥാപനം നിർമ്മിക്കുന്ന JEEV എന്ന വാക്സിനും ഇവിടെ ഉപയോഗിച്ചുവരുന്നുണ്ട്.

കേരളത്തിൽ കോഴിക്കോട്, മലപ്പുറം തുടങ്ങിയ രണ്ട് വടക്കൻ ജില്ലകളിൽ 15 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 2026 ജനുവരി മുതൽ മെയ് വരെ ജെ.ഇ വാക്സിന്‍ കാമ്പയിന്‍ നടത്തിയിരുന്നു.

സാധാരണ എലികള്‍ പോലെ കരണ്ടു തിന്നുന്ന  ജീവികളുടെ ഉടലില്‍ വളരുന്ന ഓറിയന്റാ സുസുഖാമുഷി എന്ന രോഗാണുവാണ് സ്ക്രബ്ടൈഫസ്ന്റെ ഹേതു.
സാധാരണ എലികള്‍ പോലെ കരണ്ടു തിന്നുന്ന ജീവികളുടെ ഉടലില്‍ വളരുന്ന ഓറിയന്റാ സുസുഖാമുഷി എന്ന രോഗാണുവാണ് സ്ക്രബ്ടൈഫസ്ന്റെ ഹേതു.

ചെള്ള് പരത്തുന്ന രോഗങ്ങള്‍

സ്ക്രബ്ടൈഫസ്:

സ്‌ക്രബ് എന്നതിന്റെ അര്‍ത്ഥം കുറ്റിക്കാടുകള്‍ എന്നാണ്. സാധാരണ എലികള്‍ പോലെ കരണ്ടു തിന്നുന്ന ജീവികളുടെ ഉടലില്‍ വളരുന്ന ഓറിയന്റാ സുസുഖാമുഷി എന്ന രോഗാണുവാണ് ഹേതു (ജപ്പാനിസ് ഭാഷയിൽ ‘മുഷി’ എന്നു പറഞ്ഞാൽ പ്രാണിയെന്നും ‘സുസുഖാ’ എന്നു പറഞ്ഞാൽ അസുഖം എന്നുമാണ് അർത്ഥം). എലികളിലുള്ള സ്‌ക്രബ് ടൈഫസ് രോഗാണു കാടുകളിൽ ഉണ്ടാകുന്ന ഒരുതരം മൈറ്റ് എന്നറിയപ്പെടുന്ന ചെള്ളുകളുടെ ലാർവ‍കള്‍ വഴിയാണ് ആകസ്മികമായി മനുഷ്യരിലെത്തുന്നത്.

സാധാരണ ഒരു വർഷത്തോളം ആയുസ്സുള്ള എലികളിൽ വളരുന്ന ഇവ അവയുടെ ചെവികളിൽ 50-100 എണ്ണം ചേർന്ന സമൂഹമായി വളരും. മഴക്കാലത്ത് ഇവ ഇലകൾ ചീഞ്ഞ മണ്ണിൽ മുട്ടയിടുന്നു. മുട്ടകൾ വിരിയുന്ന ലാർവകൾ സസ്യങ്ങളുടെ നീര് കുടിച്ച് വളരും. ചിലത് ആകസ്മികമായി അതുവഴി പോകുന്ന മനുഷ്യരിൽ നേരിട്ടോ, വസ്ത്രങ്ങൾ വഴിയോ ഇഴഞ്ഞു എത്തുന്നു. ഇങ്ങനെ എത്തിയ ലാർവ‍കള്‍ വസ്ത്രങ്ങൾ ഇറുകിയിരിക്കുന്ന ഭാഗങ്ങളിൽ (അടിവസ്ത്രങ്ങളുടെ ഇലാസ്ടിക് പട്ടകള്‍ക്കടിയില്) ഒളിച്ചിരിക്കുകയും നീരു വലിച്ച് കുടിക്കുകയും ചെയ്യും. ചെള്ളുകൾ ശരീരത്തിൽ ഗുഹ്യഭാഗങ്ങളിലോ തുടകൾക്കിടയിലോ, കക്ഷത്തിലോ തുടങ്ങിയ സ്ഥലങ്ങളിൽ പതുങ്ങി കഴിഞ്ഞ് നീരു കുടിക്കുമ്പോൾ ഉണ്ടാകുന്ന ചെറു മുറിവുകൾ വഴിയാണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്.

രോഗാണു ശരീരത്തില്‍ എത്തിയാല്‍ ആറു തൊട്ട് 21 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകും. പനിയോടെ തുടങ്ങുന്ന രോഗം ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ച് രോഗി മരിക്കാം. മനുഷ്യരിൽനിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. വടക്കേ ഇന്ത്യയിലെ ഡാർജിലിംഗ് പ്രദേശത്തിന്റെ ചുറ്റുവട്ടത്ത് കാണപ്പെട്ടിരുന്ന ഈ രോഗം കഴിഞ്ഞ കുറേ വർഷങ്ങളായി കേരളമടക്കം ഭക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ, ഈർപ്പം, കുറ്റിക്കാടുകൾ ഇവ ഇവയ്ക്കനുകൂലമാണ്.

പ്രതിരോധ നടപടികള്‍:

  • തൊഴിലിനായും, പിക്നിക്ക്, ട്രെക്കിംഗ് ആവശ്യങ്ങൾക്കായും, കുറ്റിക്കാടുകളിൽ പോകുന്നവർ ഇറക്കമുള്ള പാന്റുകൾ ധരിച്ച് അവയുടെ താഴെയറ്റം സോക്സുകളിൽ തിരുകി വെക്കുക. തുണികള്‍ക്കുമുകളിലുടെ ലാർവ‍കള്‍ക്ക് ശരീരത്തില്‍ കടിക്കാനാവില്ല.

  • പുൽതൈലം പോലെയുള്ള റിപ്പല്ലന്റുകൾ ദേഹത്ത് പുരട്ടുക.

  • പുൽമേടുകളിൽ വിശ്രമിക്കുമ്പോൾ ഷീറ്റുകൾ വിരിച്ച് വിശ്രമിക്കുക.

  • വസ്ത്രങ്ങൾ നിലത്ത് ഉണങ്ങാൻ ഇടാതിരിക്കുകയും അയയില്‍ ഇടുമ്പോള്‍ നിലത്തു മുട്ടാതിരിക്കാനും ശ്രദ്ധിക്കുക.

  • കെട്ടിടങ്ങളുടെ 10 മീറ്റിൽ ചുറ്റും കാടുപടലങ്ങള്‍ വെട്ടിവൃത്തിയായുക.

  • കുറ്റിക്കാടുകളിൽ ജോലിക്ക് പോകുന്നവർ ചൂടു വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലവണ്ണം കൈകാലുകളും ശരീരവും വൃത്തിയാക്കുക.


READ: കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments