വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

‘‘മുഴുവൻ പ്രസവങ്ങളും ആശുപത്രികളിലാക്കിയതുകൊണ്ടാണ് അമേരിക്കയിലേക്കാൾ സുരക്ഷിതമായി കേരളത്തിൽ പ്രസവിക്കാനാവുന്നത്. അമേരിക്കയിൽ ഒരു ലക്ഷം പ്രസവത്തിൽ 33 അമ്മമാർ മരിക്കുന്നിടത്ത് ഇവിടെ 18 പേർ മാത്രമേ മരിക്കുന്നുള്ളൂ. വീടുകളിലെ പ്രസവം ഇല്ലായ്മ ചെയ്യാനുള്ള കർശന നടപടികൾ ഉടനെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സി.എം. ഗോപിനാഥൻ എഴുതിയ ലേഖനം.

"ഉമ്മ, എനിക്ക് കണ്ണ് കാണുന്നില്ല", ഒരു മുസ്ലിം യുവതി തന്റെ ആദ്യത്തെ പ്രസവത്തോടുകൂടി മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പേ പറഞ്ഞ അവസാന വാക്കുകളാണിത്.

1973- ൽ മലപ്പുറം ജില്ലയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ രാത്രിയിൽ പ്രസവകേസിന് എന്നെ വിളിച്ചുകൊണ്ടുപോയി. 5 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്ത് റോഡരികിൽ കാർ നിർത്തി. എന്നെ വിളിച്ചുകൊണ്ടുവന്ന രണ്ടുപേർ ടോർച്ചിന്റെ വെളിച്ചത്തിൽ വയലിന്റെ നടുവിലെ റോഡിൽ കൂടി പോകുമ്പോൾ അകലെ നിന്ന് സ്ത്രീകളുടെ കരച്ചിൽ കേൾക്കാമായിരുന്നു. വേഗം നടന്ന് വീട്ടിൽ ചെന്നപ്പോൾ ഒരു മുറിയിൽ കുറെ സ്ത്രീകളും വയറ്റാട്ടിയും ഉണ്ട്. എന്നെ വിളിക്കാൻ വീട്ടുകാരെ പറഞ്ഞയച്ചത് വയറ്റാട്ടിയാണ്. പ്രസവം നടന്നിട്ട് കുറെ സമയമായി എന്നു തോന്നി. പ്രസവിച്ച സ്ത്രീയും അടുത്തുതന്നെ നിർത്താതെ കരയുന്ന കുട്ടിയും ഉണ്ട്.

ധാരാളം രക്തം നിലത്ത് തളംകെട്ടി കിടക്കുന്നു. സ്ത്രീ വളരെ പരവശയായിരുന്നു. വളരെ പതിഞ്ഞ സ്വരത്തിൽ ആ സ്ത്രീ പറയുന്നത് കേട്ടു, ‘‘ഉമ്മാ, എനിക്ക് കണ്ണ് കാണുന്നില്ല".

ഞാൻ പരിശോധിച്ചപ്പോൾ ഹൃദയം വളരെ പതുക്കെ മിടിക്കുന്നുണ്ട്. പൾസ്മെല്ലെ നിലയ്ക്കുന്നതിന്റെ ലക്ഷണം കണ്ടു. ഗർഭപാത്രവും (uterus) മറുപിള്ളയും (placenta) ഒന്നിച്ച് ചേർന്ന് തറയിൽ കിടക്കുന്നു. രക്തത്തിന്റെ ഒഴുക്ക് നിലച്ചു. ആ സാഹചര്യത്തിൽ ഏതൊരു ഡോക്ടറും നിസ്സഹായനാണ്. ഷോക്കിനെ തടയാനുള്ള ഒരു ഇഞ്ചക്ഷൻ കൊടുത്തു. ആ സമയത്ത് ഇഞ്ചക്ഷൻ കൊടുക്കുകയും രോഗി ഉടനെ മരിക്കുകയും ചെയ്താൽ ഡോക്ടറെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെങ്കിലും ഞാനൊരു റിസ്ക് എടുത്തു. രോഗിയുടെ ഗുരുതരാവസ്ഥ വീട്ടുകാരെ അറിയിച്ചു. ഏതാനും നിമിഷങ്ങൾക്കുശേഷം അമിതമായ രക്തസ്രാവം, ഷോക്ക് എന്നിവ കൊണ്ടാവാം, ആ സ്ത്രീ അന്ത്യശ്വാസം വലിക്കുന്നത് കാണേണ്ടിവന്നു.

വയറ്റാട്ടിയെ ഒസാച്ചി എന്നാണ് അവിടെയൊക്കെ പറയുന്നത്. ഞാൻ അവരോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പ്രസവം കഴിഞ്ഞ് മറുപിള്ള വരാത്തതിനാൽ വയറ്റാട്ടി പൊക്കിൾ കൊടി (umbilical cord) പിടിച്ചുവലിച്ചു. വലിയുടെ ശക്തി കൂടിക്കൂടി വന്നപ്പോൾ ഒരു ഉരുണ്ട സാധനം പുറത്തേക്ക് തെറിച്ചുവന്നു. അത് എന്താണെന്ന് വയറ്റാട്ടിക്ക് മനസ്സിലായില്ല. രക്തം ടാപ്പിൽ നിന്നെന്നപോലെ ഒഴുകുന്നുണ്ട്. ഗർഭപാത്രവും മറുപിള്ളയും ഒട്ടിപ്പിടിച്ച നിലയിൽ ഒന്നായി പുറത്തേക്ക് വന്നതാണ്. നല്ല ക്ഷീണമുണ്ടെന്നും തല ചുറ്റുന്നു എന്നും ആ സ്ത്രീ പറഞ്ഞപ്പോൾ കാര്യം പന്തിയല്ല എന്ന് മനസ്സിലാക്കിയ വയറ്റാട്ടി എന്നെ വിളിപ്പിച്ചതാണ്. എന്നെ വിളിക്കുന്നതിനുപകരം ആ സ്ത്രീയെ ഒരു കാറിൽ കയറ്റി നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവിടെ ഗർഭപാത്രം ഉള്ളിലാക്കി ആവശ്യത്തിന് രക്തം കയറിയാൽ രക്ഷപ്പെടുമായിരുന്നു. അടുത്ത ആശുപത്രി മഞ്ചേരി ജില്ലാ ആശുപത്രിയാണ്. വാഹനം കിട്ടിയാൽ തന്നെ അവിടെ എത്താൻ താമസിക്കും.

മരണകാരണം വീട്ടുകാരെ ഞാൻ പറഞ്ഞു മനസ്സിലാക്കി. വയറ്റാട്ടിയെ കുറ്റപ്പെടുത്തി സംസാരിച്ചില്ല. എന്നാൽ പിന്നീടൊരിക്കൽ ആ വയറ്റാട്ടി ആശുപത്രിയിൽ വന്നപ്പോൾ ഈ കേസിനെ പറ്റി പറയുകയും ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഇങ്ങനെയുള്ള ആയമാർക്ക് ട്രെയിനിങ് കൊടുത്തശേഷം അത്യാവശ്യ സാമഗ്രികൾ അടങ്ങിയ ഒരു കിറ്റ് കൊടുക്കുന്ന രീതി കുറേക്കാലം ഉണ്ടായിരുന്നു. മാതൃമരണങ്ങൾ എന്നിട്ടും കുറയാത്ത സാഹചര്യത്തിൽ ഇപ്പോൾ സർക്കാർ തീരുമാനം വീടുകളിൽ പ്രസവം നടത്തരുത് എന്നാണ്. മുഴുവൻ പ്രസവങ്ങളും ആശുപത്രികളിലാക്കിയതുകൊണ്ടാണ് അമേരിക്കയിലേക്കാൾ സുരക്ഷിതമായി കേരളത്തിൽ പ്രസവിക്കാനാവുന്നത്. അമേരിക്കയിൽ ഒരു ലക്ഷം പ്രസവത്തിൽ 33 അമ്മമാർ മരിക്കുന്നിടത്ത് ഇവിടെ 18 പേർ മാത്രമേ മരിക്കുന്നുള്ളൂ. വീടുകളിലെ പ്രസവം ഇല്ലായ്മ ചെയ്യാനുള്ള കർശന നടപടികൾ ഉടനെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

READ: പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments