വേനൽക്കാല
ചർമ്മരോഗങ്ങൾ

‘‘വർദ്ധിച്ചുവരുന്ന ചൂടിനൊപ്പം അമിതമായ ഈർപ്പവും ചർമ്മസന്തുലിതാവസ്ഥയ്ക്ക് വ്യതിയാനമുണ്ടാക്കുകയും അതുവഴി പലവിധ ചർമ്മരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനുജി പി. സുപ്രൻ എഴുതിയ ലേഖനം.

നാലുമാസത്തോളം നീണ്ടുനിൽക്കുന്ന വേനൽ, ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ നാട്ടിൽ ചർമ്മരോഗങ്ങളുടേതു കൂടിയാണ്. വർദ്ധിച്ചുവരുന്ന ചൂടിനൊപ്പം അമിതമായ ഈർപ്പവും ചർമ്മസന്തുലിതാവസ്ഥയ്ക്ക് വ്യതിയാനമുണ്ടാക്കുകയും അതുവഴി പലവിധ ചർമ്മരോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അവയിൽ ചില രോഗങ്ങളെ പരിചയപ്പെടാം.

ചൂടുകുരു

വേനൽ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ചൂടുകുരു (miliaria) തന്നെയാണ്. വേനലിലെ ചൂടും ഈർപ്പവും ചില പ്രത്യേക ബാക്ടീരിയകളും കാരണം വിയർപ്പുനാളങ്ങൾ അടഞ്ഞ് ചർമ്മത്തിൽ ചുവന്നതോ വെള്ളത്തുള്ളികൾ പോലുള്ളവയോ ആയ പാടുകളായി ചൂടുകുരുക്കൾ കാണപ്പെടും. അസഹനീയമായ ചൊറിച്ചിൽ, പുകച്ചിൽ കൂടെയുണ്ടാകും. കുട്ടികളിൽ ഇവ പെട്ടെന്ന് രോഗാണുബാധിത മാവുകയും പഴുത്ത കുരുക്കൾ രൂപപ്പെടുകയും ചെയ്‌തേക്കാം.

വെയിൽ കുറയ്ക്കുന്നതും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും ശരീരവൃത്തി സൂക്ഷിക്കുന്നതും ഒരു പരിധിവരെ ചൂടുകുരുവിനെ പ്രതിരോധിക്കും. ചൊറിച്ചിൽ കുറയ്ക്കാനും പാടുകൾ മാറാനും കലാമിൻ ലോഷൻ പോലുള്ളവ സഹായിക്കും. അമിതമാകുന്ന അവസ്ഥയിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾതന്നെ വേണ്ടിവരും.

ഫോളിക്കുലൈറ്റിസ്
(Folliculitis)

ചൂടുകുരു പോലെതന്നെയുള്ള എന്നാൽ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള രോഗാണുബാധയാണ് (ഇൻഫെക്ഷൻ) രോമകൂപങ്ങളെ ബാധിക്കുന്ന ഫോളിക്കുലൈറ്റിസ്. കാണുമ്പോൾ മുഖക്കുരുപോലെ തോന്നുമെങ്കിലും ശരീരത്തിന്റെ പലഭാഗങ്ങളിൽ ചെറിയ വേദനയോടെയുള്ള കുരുക്കളായി ഇവ കാണാം. സ്റ്റാഫൈ ലോ കോക്കസ് (Staphylococcus) തുടങ്ങിയ ബാക്ടീരിയകൾ ഉള്ളതിനാൽ തോർത്ത് തുടങ്ങിയ വസ്തുക്കളിലൂടെയും പകരാൻ സാധ്യതയുണ്ട്. ശരീരവൃത്തി പാലിക്കൽ, വസ്തുക്കളുടെ പങ്കിടൽ ഒഴിവാക്കൽ തുടങ്ങിയവ പ്രതിരോധത്തെ സഹായിക്കും. എന്നിരുന്നാലും ഒട്ടുമിക്ക രോഗികൾക്കും ആന്റിബയോട്ടിക്കുകൾ വേണ്ടിവന്നേക്കാം.

ഫംഗൽ രോഗങ്ങൾ

വിയർപ്പും ഈർപ്പവും കാരണം പെട്ടെന്നുതന്നെ ശരീരത്തിലും മറ്റുള്ളവരിലേക്കും പകരുന്ന 'വട്ടച്ചൊറി' രോഗങ്ങൾ വേനൽക്കാലത്ത് സാധാരണമാണ്. ചൊറിച്ചിലോടുകൂടിയ ചുവന്ന/കറുത്ത വൃത്താകൃതിയിലുള്ള പാടുകൾ കക്ഷം, മാറിനുതാഴെ, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ കാണപ്പെടും. ബാക്ടീരിയൽ ഇൻഫെക്ഷനുകൾ പോലെ ഒറ്റ ആഴ്ചയിൽ മാറുന്നവയല്ല ഫംഗൽ രോഗങ്ങൾ. അസുഖത്തിന്റെ കാഠിന്യവും വ്യാപ്തിയുമനുസരിച്ച് 3-8 ആഴ്ചവരെ ചികിത്സ വേണ്ടിവന്നേക്കും.

സൂര്യപ്രകാശവും
ചർമ്മരോഗങ്ങളും

അമിത സൂര്യപ്രകാശം പല രോഗങ്ങൾക്കും നേരിട്ട് കാരണമാകും. കാഠിന്യമേറിയ വെയിൽ കൂടുതൽ നേരം കൊള്ളുന്നത് സൺ ബേൺ (sun burn)പോലുള്ള അവസ്ഥയ്ക്ക് കാരണമാകും. എന്നാൽ ഇളംവെയിൽ പോലും അമിത പ്രതികരണമുള്ള (sensitivity) ആളുകളിൽ ഫോട്ടോ ഡെർമറ്റോസസ് (Photodermatoses) വിഭാഗത്തിൽപെട്ട അലർജിയുണ്ടാക്കുമെന്നത് മിക്കവർക്കും അറിയില്ല. പെട്ടെന്ന് വരുന്ന ചുവപ്പ്, നീറ്റൽ, തൊലിപൊളിയൽ, കുമിള തുടങ്ങിയവ സൂര്യതാപത്തിന്റെ (sunburn) ലക്ഷണങ്ങളാണ്. എന്നാൽ പതിയെ വരുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകൾ മുഖം, കൈകൾ, കഴുത്തിൽ ഒക്കെ വരുന്നതാണ് Photodermatoses- ന്റെ ലക്ഷണങ്ങൾ. രണ്ടായാലും വെയിൽ തട്ടുന്നത് കുറയ്ക്കുന്നതും, കുട, തൊപ്പി തുടങ്ങിയ മറകളും സൺസ്‌ക്രീനുകളായ 'കെമിക്കൽ'മറകളും ഉപയോഗിക്കുന്നത് ഒരുപരിധിവരെ സഹായകരമാണ്. രോഗകാഠിന്യമനുസരിച്ച് കോർട്ടിക്കോസ്റ്റീറോയ്ഡ് പോലുള്ള ലേപനങ്ങൾ ആവശ്യമായേക്കും.

വെയിൽ കാരണംതന്നെ നേരത്തെ വരുതിയിലായി നിന്നിരുന്ന രോഗങ്ങൾ മറനീക്കി പുറത്തുവരുന്നതും വേനലിൽ കാണാറുണ്ട്. മധ്യവയസ്‌ക്കരിൽ കാണുന്ന കരിമംഗല്യം (melasma) ഇതിനൊരുത്തമ ഉദാഹരണമാണ്. കവിളുകളിലും താടിയിലുമെല്ലാം ബ്രൗൺ നിറത്തിലാണ് ഇവ കാണപ്പെടുക. തണുത്ത കാലാവസ്ഥയിൽ നന്നായി നിയന്ത്രണവിധേയമായ ഇവ വേനലിൽ പെട്ടെന്ന് തീവ്രമായി കാണപ്പെടാം. അതിനാൽത്തന്നെ മുൻപേ ചികിത്സയിലായിരുന്ന രോഗികൾ ക്രീമുകൾ കൃത്യമായി പുരട്ടണം. സൺസ്‌ക്രീൻ നിശ്ചിത ഇടവേളകളിൽ കട്ടിയിൽ ഇടാനും ശ്രദ്ധിക്കണം.

മുഖക്കുരു

വേനലിൽ ചൂടും വിയർപ്പും ഈർപ്പവും ഇടയ്ക്കിടെയുള്ള മുഖം തുടയ്ക്കലുമെല്ലാം കാരണം ചെറുപ്പക്കാരിൽ മുഖക്കുരു പെട്ടെന്ന് സജീവമായേക്കും. ഒട്ടിക്കിടക്കുന്നതും വസ്ത്രങ്ങൾ പ്രത്യേകിച്ച് പോളി യെസ്റ്റർ (polyester) പോലുള്ള തുണികളാണെങ്കിൽ, നെഞ്ച്, പുറം തുടങ്ങിയ ഭാഗങ്ങളിലും കുരുക്കൾ പ്രത്യക്ഷപ്പെടാം. ഉഷ്ണമേഖല കാലാവസ്ഥയിലുണ്ടാകുന്ന ഇത്തരം കുരുക്കൾ ട്രോപ്പിക്കൽ അക്നെ (Tropical Acne) എന്നറിയപ്പെടുന്നു. എണ്ണമയവും വിയർപ്പും നീക്കംചെയ്യാൻ നല്ല ശുചി വസ്തുക്കൾ (cleansers) ഉപയോഗിക്കുന്നതിനൊപ്പം രോമകൂപങ്ങൾ മൂടാത്ത (clog) ലൈറ്റ് വെയ്റ്റ് മോയ്സ്ചറൈസറുകളും (light weight moisturisers) സൺസ്‌ക്രീനുകളും ഉപയോഗിക്കുന്നതും കുരുക്കൾ ഒരു പരിധിവരെ തടയും. മുഖക്കുരുവിന് കൃത്യമായ ചിട്ടയോടെയുള്ള ചികിത്സ ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടരാവുന്നതാണ്.

ചിക്കൻ പോക്‌സ്

ചൂട് കൂടിവരുന്ന ഏപ്രിൽ- മെയ് മാസങ്ങളിൽ നമ്മുടെ നാട്ടിൽ ചിക്കൻപോക്‌സ് അൽപം കൂടുതലായി കാണാറുണ്ട്. വാരിസെല്ല സോസ്റ്റർ (Varicella zoster) എന്ന വൈറസ് ഉണ്ടാക്കുന്ന ചിക്കൻപോക്‌സ് വെള്ളത്തുള്ളിപോലുള്ള കുമിളകൾ തല, മുഖം, നെഞ്ച്, പുറം എന്നിവിടങ്ങളിൽ കാണുന്ന രീതിയിലാണ് വരുന്നത്. കുമിളകൾ പൊങ്ങുന്നതിന് തൊട്ടുമുമ്പ് പനി, ശരീരവേദന എല്ലാം ചിലരിൽ കാണാറുണ്ട്. ശരീരം ദിവസവും കഴുകി മരുന്ന് പുരട്ടുക, നന്നായി ആഹാരവും വെള്ളവും കഴിക്കുക, acyclovir വിഭാഗത്തിലുള്ള ആന്റിവൈറൽ മരുന്നുകൾ കഴിക്കുക എന്നിവവഴി പെട്ടെന്ന് രോഗം വരുതിയിലാക്കാം. കുഞ്ഞുങ്ങൾക്ക് നേരത്തെതന്നെ ചിക്കൻപോക്‌സിന് എതിരെ കുത്തിവെയ്പുകൾ എടുക്കുന്നതും രോഗത്തിന്റെ സാധ്യത കുറയ്ക്കും.

എല്ലാവരും പാലിക്കാൻ ശ്രമിക്കേണ്ട
ചില വേനൽക്കാല നിർദ്ദേശങ്ങൾ

  • ശരീരം രണ്ടുനേരം കഴുകുക.

  • അയഞ്ഞ കോട്ടൺ വസ്ത്ര ങ്ങൾ ഉപയോഗിക്കുക.

  • കട്ടികുറഞ്ഞ മോയ്‌സ്ചറൈസറുകൾ ഉപയോഗിക്കുക.

  • ജെൽ/ലോഷൻ രൂപത്തിലുള്ള സൺസ്‌ക്രീനുകൾ ഉപയോഗിക്കുക.

  • സൺസ്‌ക്രീൻ കൃത്യമായ ഇടവേളകളിൽ പുരട്ടാൻ ശ്രമിക്കുക.

  • വിയർപ്പ് കൂടുതൽ ഉള്ളവർക്ക് ചില പ്രത്യേക മരുന്നുകൾ (prescription grade anti perspriants) ഉപയോഗിക്കാം.

  • ഇടയ്ക്കിടെ മുഖം അമർത്തി തുടയ്ക്കുന്നത് ഒഴിവാക്കുക.

  • തല തുടയ്ക്കുന്ന തോർത്തുകൊണ്ട് മുഖം തുടയ്ക്കാതിരിക്കുക.

  • ഫംഗൽ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വസ്ത്ര ങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതെയിരിക്കുക.

  • നിർജ്ജലീകരണം ഒഴിവാക്കാനും ചർമ്മസന്തുലനം നിലനിർത്താനും നന്നായി വെള്ളം കുടിക്കുക.

  • കൃത്യമായി സൂര്യതാപ പ്രതിരോധം (sun protection) - കുട, തൊപ്പി ഉപയോഗിക്കുക.

  • 10 am - 3 pm സമയത്ത് വെയിൽ നേരിട്ട് കൊള്ളാതെയിരിക്കുക.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ആരോഗ്യ കരമായ ഒരു വേനൽ മുന്നിൽ ചുരുൾ നിവരും. ദീർഘകാല ചർമ്മരോഗങ്ങളുള്ളവർ ഡെർമറ്റോളജിസ്റ്റിനെ കണ്ട് വേനൽക്കാല ചർമ്മ സംരക്ഷണം (Summer Skin Care) അപ്‌ഡേറ്റു ചെയ്യാൻ മറക്കേണ്ട.

READ: മകന്റെ
ഹെർണിയയ്ക്കു കാരണം
നവവധു!

പുകവലി
നൂറു തവണ
നിർത്തരുത്

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments