ക്ഷയരോഗം
കുട്ടികളിൽ

ലോകം മുഴുവൻ കുട്ടികളിൽ കാണപ്പെടുന്ന ടി.ബി കേസുകളിൽ 28 ശതമാനം ഇന്ത്യയിൽ നിന്നുള്ളവയാണ്. കുട്ടികളിലെ ക്ഷയരോഗം ഇന്ത്യയ്ക്കുതന്നെ പ്രധാനമായ പൊതു ആരോഗ്യപ്രശ്നമാണ്. IMA നമ്മുടെ ആരോഗ്യം മാസികയിൽ ഡോ. ബിന്ദുഷ എസ്. എഴുതിയ ലേഖനം.

കുട്ടികളിൽ കാണപ്പെടുന്ന ക്ഷയരോഗം ഇന്ത്യയ്ക്കുതന്നെ ഒരു പ്രധാനമായ പൊതു ആരോഗ്യപ്രശ്നമാണ്. ഓരോ വർഷവും ഏകദേശം 3.42 ലക്ഷം കുട്ടികൾക്കാണ് (14 വയസ്സിന് താഴെയുള്ളവർ) ക്ഷയരോഗം ബാധിക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു, ഇത് ദേശീയ ക്ഷയരോഗ നിർമ്മാർജന പദ്ധതിയായ NTEP റിപ്പോർട്ട് ചെയ്യുന്ന മൊത്തം കേസുകളുടെ ഏകദേശം 6 ശതമാനമാണ്.

ലോകം മുഴുവൻ കുട്ടികളിൽ കാണപ്പെടുന്ന ടി.ബി കേസുകളിൽ 28 ശതമാനം ഇന്ത്യയിൽ നിന്നുള്ളവയാണ്.

കുട്ടികളിലെ ക്ഷയരോഗം
മുതിർന്നവരുടേതിൽനിന്ന്
എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

മുതിർന്നവരിൽ കാണുന്ന ക്ഷയരോഗത്തെ അപേക്ഷിച്ച് കുട്ടികളിൽ കാണുന്ന രോഗത്തിന് ചില വ്യത്യാസങ്ങൾ ഉണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിനുശേഷം കുഞ്ഞുങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ രോഗം പ്രകടമാകാറുണ്ട്. ഇത് പ്രൈമറി ടി.ബിയെന്നറിയപ്പെടുന്നു. മറുവശത്ത്, മുതിർന്നവരിൽ ടി.ബി പലപ്പോഴും രോഗാണു വർഷങ്ങളോളം ശരീരത്തിൽ നിലനിന്നതിന് ശേഷം മാത്രം റിയാക്ടിവേറ്റ് ചെയ്യുന്ന ഒരു സ്വഭാവമാണ് കാണിക്കുന്നത്. അതായത് രോഗാണു ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾക്കുശേഷം മാത്രമേ മുതിർന്നവർ രോഗലക്ഷണ ങ്ങൾ കാണിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു പ്രദേശത്ത് ക്ഷയരോഗം പടരുന്നതിന്റെ ആദ്യ ലക്ഷണം അവിടെ കുട്ടികളിലുണ്ടാകുന്ന ക്ഷയരോഗ ബാധ കൂടുന്നു എന്നതാണ്.

ക്ഷയരോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെ ആണെങ്കിലും മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം കുട്ടികളിൽ താരതമ്യേന കൂടുതലാണ്. ഗുരുതരമായ ക്ഷയരോഗങ്ങ ളായ തലച്ചോറിനെ ബാധിക്കുന്ന ടി.ബി മെനിഞ്ചൈറ്റിസ്​, ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന മിലിയറി ടി.ബി, നട്ടെല്ലിനെ ബാധിക്കുന്ന ടി.ബി എന്നിവ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കൂടുതലാണ്.

ക്ഷയരോഗം എങ്ങനെയാണ് പകരുന്നത്?

ക്ഷയരോഗം വായുവിലൂടെ പകരുന്ന രോഗമാണ്. രോഗിയാകുന്ന വ്യക്തിയുടെ ചുമയിലൂടെയാണ് രോഗാണു മറ്റു വ്യക്തികളിലേക്ക് പകരു ന്നത്. കഫത്തിലൂടെ പുറത്തുവരുന്ന മൈക്കോ ബാക്ടീരിയം ടൂബർക്കുലോസിസ്​ ദിവസങ്ങളോളം ജീവനോടെ നിലനിൽക്കാൻ കഴിവുള്ളതിനാൽ നേരിട്ടുള്ള സമ്പർക്കമില്ലാതെയും രോഗം പകരാൻ സാധ്യതയുണ്ട്.

രോഗാണു ശരീരത്തിൽ പ്രവേശിച്ചതിനുശേഷം
എന്തു സംഭവിക്കും?

മനുഷ്യശരീരത്തിൽ ശ്വാസം മുഖേന ശരീരത്തിലേക്ക് കടക്കുന്ന രോഗാണു ശ്വാസകോശത്തിൽ അണുബാധ ഉണ്ടാക്കുന്നു. ശ്വാസ കോശത്തിൽ നിന്ന് അവ അടുത്തുള്ള കഴലകളിലേക്ക് പടരുന്നു. ക്ഷയരോഗാണു വളരെ പതുക്കെ മാത്രം വളരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നല്ല പ്രതിരോധശക്തിയുള്ളവരിൽ രോഗാണു അവിടെ തന്നെ നിലനില്ക്കുന്നു. ഇങ്ങനെയുള്ള വ്യക്തി ക്ഷയരോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കുന്നില്ല. എന്നാൽ പരിശോധനയിൽ ക്ഷയരോഗാണു ഉള്ളിൽ പ്രവേശിച്ചതിന്റെയും ശരീരം അതിനോട് പ്രതികരിച്ചതിന്റെയും തെളിവുകൾ കത്തൊൻ കഴിയും. ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് ക്ഷയരോഗ അണുബാധ ഉണ്ടായതായി കണക്കാക്കുന്നു.

ക്ഷയരോഗ അണുബാധ ഉണ്ടാകുന്ന എല്ലാവർക്കും ക്ഷയരോഗം ഉണ്ടാകണം എന്നില്ല. അണുബാധ രോഗമായി മാറുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. പ്രായം, പോഷണം, മറ്റ് ആരോഗ്യസ്​ഥിതികൾ തുടങ്ങിയ ഘടകങ്ങൾ ആശ്രയിച്ചാണ് ഈ അണുബാധ സജീവ രോഗമായി മാറുന്നത്. ഇതിൽ ഏറ്റവും മുഖ്യമായത് കുട്ടിയുടെ പ്രായം ആണ്. ക്ഷയരോഗ അണുബാധയുള്ള ഒരു വയസ്സിനു താഴെ പ്രായമുള്ളവരിൽ 50 ശതമാനം കുട്ടികൾക്കും, ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 25 ശതമാനം കുട്ടികൾക്കും അത് രോഗമായി മാറാനുള്ള സാധ്യതയുണ്ട്. അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിലും മുതിർന്നവരിലും ഇത് പത്ത് ശതമാനം മാത്രമായി കുറയുന്നു.

അതുകൊണ്ടുതന്നെ ക്ഷയരോഗിയുമായി സമ്പർക്കത്തിൽ വരുന്ന അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗാണുബാധ മാറുന്നതിനുള്ള ചികിത്സ ആവശ്യമാണ്.

ശ്വാസകോശത്തിലും അനുബന്ധ കഴലകളിലും മാത്രമായി ഒതുങ്ങി നിൽക്കുന്ന രോഗത്തെ പ്രൈമറി ടി.ബി എന്നറിയപ്പെടുന്നു. പ്രൈമറി ടിബി പ്രതിരോധ ശക്തി കുറഞ്ഞ കുട്ടികളിൽ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്ന് പ്രോഗ്രസ്സീവ് പ്രൈമറി ടി.ബി ആയും, മറ്റ് അവയവങ്ങളെ ബാധിക്കുന്ന ടി.ബി രോഗമായും മാറുന്നു. ശ്വാസകോശത്തിനുപുറമേ തലച്ചോറ്, ലിംഫ് നോഡുകൾ, അസ്​ഥികൾ, നട്ടെല്ല്, കുടൽ തുടങ്ങിയ വിവിധ അവയവങ്ങളെയും ടി.ബി ബാധിച്ചേക്കാം.

പ്രതിരോധ ശക്തിയുള്ള കുട്ടികളിൽ ശ്വാസകോശത്തെ ബാധിച്ച പ്രൈമറി ടി.ബി തനിയെ തന്നെ ഭേദമാകാൻ സാധ്യതയുണ്ട്. ഇങ്ങനെ ഭേദമാകുന്ന രോഗിക്ക് ഭാവിയിൽ വീണ്ടും ക്ഷയരോഗ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ക്ഷയരോഗം റിയാക്ടിവേഷൻ ടി.ബി എന്നറിയപ്പെടുന്നു.

കുട്ടികളിലെ
ക്ഷയരോഗ ലക്ഷണങ്ങൾ
എന്തെല്ലാം?

ശ്വാസകോശ ടി.ബിയിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ:

-രണ്ടാഴ്ചക്കുശേഷവും മാറാത്ത ചുമ.
-രണ്ടാഴ്ചയിലധികം നീളുന്ന പനി.
-തൂക്കം കുറയുക അല്ലെങ്കിൽ വർദ്ധനവില്ലായ്മ.

മറ്റ് അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗത്തിൽ, ബാധിച്ച അവയവത്തെ ആശ്രയിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടാം. കഴുത്തിലെ ലിംഫ് നോഡുകളുടെ വീക്കം (Lymph node TB), സന്ധികളുടെയും എല്ലുകളുടെയും വേദനയും വീക്കവും (Osteoarticular TB)) നട്ടെല്ലിന്റെ വളവ് (Spinal TB)) തലവേദന, ഛർദ്ദി, മയക്കം (TB meningitis) മലത്തിൽ രക്തത്തോടുകൂടിയ വിട്ടുമാറാത്ത വയറിളക്കം (Intestinal TB) ഇവയെല്ലാം ക്ഷയരോഗ ലക്ഷണങ്ങളാകാം.

ക്ഷയരോഗം എങ്ങനെ കണ്ടെത്താം?

ശ്വാസകോശത്തിൽ ക്ഷയരോഗമുണ്ടെന്ന് സംശയിക്കുന്ന ഒരു രോഗിയിൽ ആദ്യം നടത്തുന്ന പരിശോധന നെഞ്ചിന്റെ എക്സ്​റേ ആണ്. എക്സ്​റേയിൽ കാണുന്ന മാറ്റങ്ങൾ ടി.ബിയെ സൂചിപ്പിക്കുന്നുങ്കെിൽ, കഫം പരിശോധന നടത്തും. കുട്ടികൾ കഫം തുപ്പാറില്ലാത്തതിനാൽ, രാവിലെ വയറ്റിൽ നിന്ന് എടുക്കുന്ന കഫത്തിലും ഇത് പരിശോധിക്കാവുന്നതാണ്. എക്സ്​റേയിൽ മാറ്റങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആൻറിബയോട്ടിക്കുകൾക്ക് ശേഷവും ലക്ഷണങ്ങളും എക്സ്​റേ മാറ്റങ്ങളും തുടരുകയാണെങ്കിൽ, മാത്രമേ കഫം പരിശോധന ആവശ്യമുള്ളൂ.

കഫത്തിൽ നടത്തുന്ന NAAT പരിശോധനയിലൂടെ ടി.ബി ബാക്ടീരിയയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ചികിത്സയിൽ ഉപയോഗിക്കുന്ന റിഫാംപിസിൻ എന്ന മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവും തിരിച്ചറിയാൻ കഴിയും. മറ്റ് മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് കത്തെുന്നതിന് കൂടുതൽ പരിശോധനകൾ (LPA, Culture) ആവശ്യമായി വന്നേക്കാം.

കുട്ടികളിലെ ക്ഷയരോഗം
എങ്ങനെ ചികിത്സിക്കാം?

ക്ഷയരോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. ചികിത്സ 2 ഘട്ടങ്ങളായിട്ടാണ്:

2 മാസം നീളുന്ന തീവ്ര ഘട്ടം, 4 മാസം നീ്ളുന്ന തുടർ ഘട്ടം.
തീവ്ര ഘട്ടത്തിൽ 4 മരുന്നുകളും (INH, Rifampicin, Pyrazinamide, Ethambutol) തുടർഘട്ടത്തിൽ 3 മരുന്നുകളും (INH, Rifampicin, Pyrazinamide) നൽകുന്നു. രോഗാണുവിനുണ്ടാകാവുന്ന മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവ് ആശ്രയിച്ച് വ്യത്യസ്​ത ചികിത്സാരീതികൾ ലഭ്യമാണ്.

ക്ഷയരോഗചികിത്സ എടുക്കുമ്പോൾ
ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ക്ഷയരോഗത്തിനുള്ള ചികിത്സ മുടക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധ വേണം. കുട്ടിയുടെ തൂക്കം അനുസരിച്ച് 4 ഗുളിക മുതൽ 8 ഗുളിക വരെ ദിവസവും കഴിക്കേതുണ്ട്. ചികിത്സ ഇടയ്ക്ക് വച്ച് മുടങ്ങിയാൽ രോഗാണു മരുന്നിനെതിരായ പ്രതിരോധശക്തി നേടുകയും, ചികിത്സ ഫലപ്രദമാകാതെയും വരും.

ക്ഷയരോഗ മരുന്നിനോടൊപ്പം കുട്ടികൾക്ക് പോഷകാഹാരം അനിവാര്യ മാണ്. കുട്ടികൾക്ക് ക്ഷയരോഗം ഉണ്ടാകുമ്പോൾ സാധാരണയായി ഭാരം കുറയും. ചികിത്സ വിജയകരമാകുമ്പോൾ അവരുടെ ഭാരം വർദ്ധിക്കും.

ടി.ബി മരുന്നുകൾ കഴിക്കുമ്പോൾ മൂത്രം ഓറഞ്ച് നിറമാകാൻ സാധ്യതയുണ്ട്. മൂത്രത്തിൽ റിഫാംപിസിൻ എന്ന മരുന്നിന്റെ സാന്നിധ്യം മൂലമാണിത്.

ക്ഷയരോഗത്തിനുള്ള ചികിത്സ എടുക്കുമ്പോൾ എപ്പോഴെങ്കിലും ഛർദ്ദി, വയറുവേദന, കണ്ണിൽ മഞ്ഞ നിറം, വിശപ്പില്ലായ്മ എന്നിവ കാണുന്നെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കണം.

അപൂർവ്വമായി ഈ മരുന്നുകൾ കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം.

ടി.ബിക്കുള്ള മരുന്നുകൾക്കൊപ്പം ഡോക്ടർ നിർദ്ദേശിക്കുന്ന മറ്റ് മരുന്നുകളും കുട്ടികൾ കഴിക്കേണ്ടിവരും. പൈറി ഡോക്സിൻ (Pyridoxine) വിറ്റാമിൻ ഗുളിക എല്ലാ കുട്ടികളും കഴിക്കേണ്ടതുണ്ട്.

കൃത്യമായ ചികിത്സയിലൂടെ കുട്ടികളിൽ കാണപ്പെടുന്ന ക്ഷയരോഗം പൂർണമായി സുഖപ്പെടുത്താവുന്നതാണ്. ഇന്ത്യയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ ചികിത്സ സൗജന്യമായി ലഭ്യമാണ്. അതിനാൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ വന്നാൽ ഉടൻ ചികിത്സ തേടുന്നത് അത്യന്താപേക്ഷിതമാണ്.

READ: സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി

എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?

ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ

എന്താണ് അലർജി?

ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)

നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ

കുട്ടികളി​ലെ വിരബാധ
ചില്ലറക്കാര്യമല്ല

കുഞ്ഞിന്
പനിക്കുന്നു

പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും

കോവിഡ് കാലത്തെ
ഗൂഢാലോചനകൾ

എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments