മുന്നണികളുടെ
ചങ്കിടിപ്പേറ്റുന്ന
എറണാകുളം ജില്ല

യു.ഡി.എഫിനൊപ്പം അടിയുറച്ചുനിൽക്കുന്ന ജില്ല. സിറ്റിങ് എം.എൽ.എമാരെ അണിനിരത്തി എൽ.ഡി.എഫ്. ട്വന്റി 20യുമായുള്ള മുന്നണി പരീക്ഷണത്തിന്റെ ഏറ്റവും ശക്തമായ തട്ടകം- എറണാകുളം ജില്ലയുടെ ഇലക്ഷൻ സൂചനകൾ: ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ തെരഞ്ഞെടുപ്പ് വിശകലനം: എറണാകുളം ജില്ല.

സംസ്ഥാന രൂപീകരണത്തിനുശേഷം തൃശൂർ, കോട്ടയം ജില്ലയിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി 1958 ഏപ്രിൽ 1 ന് രൂപീകൃതമായതാണ് എറണാകുളം ജില്ല. കൊച്ചി കോർപറേഷനും 14 നഗരസഭകളും 82 ഗ്രാമപഞ്ചായത്തുമുള്ള ജില്ലയിൽ 2011 ലെ സെൻസസ് പ്രകാരം 3. 28 ദശലക്ഷം ജനങ്ങളാണുള്ളത്. ജനസംഖ്യാ വളർച്ചാനിരക്കിനെ അടിസ്ഥാനമാക്കി 2025-ൽ 3.51 ദശലക്ഷമാണ് ജനസംഖ്യ എന്ന് കണക്കാക്കാം. ഇതിൽ 46% ഹിന്ദുക്കളും 38% ക്രിസ്ത്യാനികളും 15.70% മുസ്ലിംകളുമാണ്.

ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2008- ലെ മണ്ഡല പുനർനിർണയത്തിലൂടെ വടക്കേക്കര, പള്ളുരുത്തി, ഞാറക്കൽ, മട്ടാഞ്ചേരി മണ്ഡലങ്ങൾ ഇല്ലാതാവുകയും പുതുതായി കളമശ്ശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങൾ രൂപീകരിക്കുകയും ചെയ്തു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 2026 ഫെബ്രുവരിയിൽ തയ്യാറാക്കിയ വോട്ടർപട്ടികയിൽ ജില്ലയിൽ 24,69,794 വോട്ടർമാരാണുള്ളത്.

കോൺഗ്രസിനും യു.ഡി.എഫിനും കൂടുതൽ സീറ്റ് ലഭിക്കുന്ന ജില്ല. കൊച്ചി നഗരം ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ യു.ഡി.എഫാണ് മിക്ക തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുള്ളത്. കിഴക്കൻ- ഗ്രാമീണ മേഖലകളിലും ചില വ്യാവസായിക കേന്ദ്രങ്ങളിലും ഇടതുപക്ഷ മുന്നണിക്ക് സ്വാധീനമുണ്ടെങ്കിലും അവ ഏതെങ്കിലും മണ്ഡലം സ്ഥിരമായി നിലനിർത്താനുള്ള ശക്തിയായി രൂപാന്തരപ്പെട്ടിട്ടില്ല.

2016- നു ശേഷം തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര തുടങ്ങിയ നഗരമണ്ഡലങ്ങളിൽ മെച്ചപ്പെട്ട വോട്ട് ബി ജെ പിയും നേടാറുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ ട്വന്റി- 20 യെപ്പോലുള്ള അരാഷ്ട്രീയ കൂട്ടായ്മകളും സ്വാധീനം ചെലുത്തുന്നുണ്ട്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ  എറണാകുളം ജില്ലയിൽ മുന്നണികൾ നേടിയ സീറ്റുകളുടെ എണ്ണം
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എറണാകുളം ജില്ലയിൽ മുന്നണികൾ നേടിയ സീറ്റുകളുടെ എണ്ണം

1. പെരുമ്പാവൂർ:
എൽദോസ് ഫാക്റ്റർ?

  • കഴിഞ്ഞ തവണ എൽദോസ് കുന്നപ്പിള്ളി നേടിയ നേരിയ ഭൂരിപക്ഷത്തെ മറികടക്കാനുള്ള സാമുദായിക- രാഷ്ട്രീയ ഘടകങ്ങൾ ശക്തമാണ് എന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

1957- ൽ പ്രാബല്യത്തിൽ വന്ന പെരുമ്പാവൂർ മണ്ഡലത്തിൽ പെരുമ്പാവൂർ നഗരസഭയും അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

യാക്കോബായ / ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ ജനവിഭാഗത്തിന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. പ്രധാനപ്പെട്ട തടിവ്യവസായകേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിൽ പ്രസ്തുത വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിലപാടുകളും പ്രധാനമാണ്. അന്തർസംസ്ഥാന തൊഴിലാളികളുടെ വലിയ സാന്നിധ്യവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പെരുമ്പാവൂരിലെ പൊതുസമൂഹത്തിൽ പൊന്തിവരാറുമുണ്ട് സമീപകാലത്ത് ട്വന്റി- 20യുടെ സാന്നിധ്യം കിഴക്കൻ മേഖലയിലെ മറ്റു മണ്ഡലങ്ങളിലെന്നപോലെ പെരുമ്പാവൂരിലും തിരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇപ്പോൾ ഈ കൂട്ടായ്മ എൻ.ഡി.എ ഘടകകക്ഷിയാണ്.

ചാഞ്ചാട്ട സാധ്യത
ആരെ തുണയ്ക്കും
തൃശൂരിൽ?

നേമം, വട്ടിയൂർക്കാവ്;
തിരുവനന്തപുരത്ത്
ആരുടെ സാധ്യതയ്ക്കാണ്
ലീഡ്?

ഉറച്ച UDF കോട്ട,
മലപ്പുറത്തെ സാധ്യതകൾ

ഇടതുകോട്ട,
സുധാകര​ന്റെ
കണ്ണൂർ

1957-ൽ കമ്മ്യൂണിസ്റ്റു പാർട്ടിയിലെ പി ഗോവിന്ദ പിള്ളയാണ് വിജയിച്ചത്. അതിനുശേഷം കോൺഗ്രസിലെ കെ എം ചാക്കോ, പി ഐ പൗലോസ്, പി പി തങ്കച്ചൻ, സി പി എമ്മിലെ പി ആർ ശിവൻ, സാജു പോൾ എന്നിവരും ജനപ്രതിനിധികളായി. കോൺഗ്രസിലെ പി പി തങ്കച്ചനാണ് കൂടുതൽ കാലം (1982, 1987, 1991, 1996) വിജയിച്ചത്. 2001 മുതൽ തുടർച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിലെ സാജു പോൾ വിജയിച്ചു. 2016 ലും 2021 ലും കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളിയാണ് എം.എൽ.എ.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പെരുമ്പാവൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പെരുമ്പാവൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 1,84,514 വോട്ടർമാരിൽ 1,44,171 പേരാണ് വോട്ട് ചെയ്തത്. എൽദോസ് കുന്നപ്പിള്ളി 2899 വോട്ട് ഭൂരിപക്ഷത്തിനാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ബാബു ജോസഫിനെ പരാജയപ്പെടുത്തിയത്. ട്വന്റി- 20 14.25% വോട്ടാണ് നേടിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഐക്യമുന്നണിയാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിച്ചാൽ യു ഡി എഫിന് എൽഡിഎഫിനേക്കാൾ 6000 ലേറെ വോട്ട് അധികം ലഭിച്ചിട്ടുണ്ട്.

മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പ്രകാരം പെരുമ്പാവൂരിൽ ജയിക്കുന്നവരുടെ ഭൂരിപക്ഷം കുറവാണ്. എൻ.ഡി.എ ഘടകകക്ഷിയായ ട്വൻറി 20 ഇത്തവണ ഏതുവിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുക എന്നതിന്റെ വ്യക്തമായ സൂചനയില്ല. swing constituency എന്ന നിലയിലുള്ള പെരുമ്പാവൂരിൽ ഇരു മുന്നണികളും ഒരേപോലെ പ്രതീക്ഷ വെച്ചുപുലർത്തുന്നു.

ലൈംഗികാതിക്രമകേസിൽ സിറ്റിങ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് ഇത്തവണ, പാർട്ടിയിൽ വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രകടനങ്ങൾ നടന്നിരുന്നു. മനോജ് മൂത്തേടനാണ് യു.ഡി.എഫ് സ്ഥാനാർഥി. കാമ്പയിന് എൽദോസ് ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്ക് സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി എൽദോസ് തുറന്നു പറയുന്നുണ്ട്.

മാത്രമല്ല, സമുദായസമ്മർദ്ദങ്ങളും ഇത്തവണ കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. യാക്കോബായ സഭാംഗമായ എൽദോസിന് സീറ്റ് നൽകരുതെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മനോജ് മൂത്തേടൻ സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്. കഴിഞ്ഞ തവണ എൽദോസ് നേടിയ നേരിയ ഭൂരിപക്ഷത്തെ മറികടക്കാനുള്ള സാമുദായിക- രാഷ്ട്രീയ ഘടകങ്ങൾ ശക്തമാണ് എന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.

കേരള കോൺഗ്രസ് മാണി വിഭാഗത്തി​ലെ ബേസിൽ പോൾ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് വിട്ടുവന്ന ബേസിലിനെ സ്ഥാനാർഥിയാക്കിയതിൽ കേരള കോൺഗ്രസിലും അതൃപ്തിയുണ്ട്.

ട്വന്റി 20യുടെ ജിബി പാത്തിക്കലാണ് എൻ.ഡി.എ സ്ഥാനാർഥി. 2021-ൽ മൂന്നും നാലും സ്ഥാനത്തായിരുന്ന ട്വന്റി 20യും (20536 വോട്ട്) ബി.ജെ.പിയും (15135 വോട്ട്) ഇത്തവണ ഒരു മുന്നണിയിൽ മത്സരിക്കുമ്പോൾ ഒരു ത്രികോണപ്പോരാട്ടത്തിലേക്ക് മാറേണ്ടതാണ്. എന്നാൽ, എൻ.ഡി.എ ഘടകകക്ഷിയായതിൽ ട്വന്റി 20-യിൽ കടുത്ത ഭിന്നതയുണ്ട്. പല പ്രാദേശികനേതാക്കളും വിട്ടുനിൽക്കുകയാണ്.

2. അങ്കമാലി:
സുരക്ഷിതം, യു.ഡി.എഫ്

  • മുൻ തിരഞ്ഞെടുപ്പുകളിലെ വിജയവും 2016, 2021 ലെ മെച്ചപ്പെട്ട വോട്ടുവിഹിതവും യു ഡി എഫിനെ സംബന്ധിച്ച് അങ്കമാലിയെ സുരക്ഷിതമണ്ഡലമാക്കുന്നു.

ങ്കമാലി മണ്ഡലം 1967- ലാണ് പ്രാബല്യത്തിൽ വന്നത്. അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ- നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

1959- ലെ ‘വിമോചന സമര’വുമായി ബന്ധപ്പെട്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ നടന്ന പ്രദേശമെന്ന നിലയിൽ അങ്കമാലി വാർത്തകളിൽ സ്ഥാനം പിടിച്ച സ്ഥലമാണ്. 1959 ജൂൺ 13 ന് സമരക്കാർക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഏഴു പേരാണ് മരിച്ചത്. ‘അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരുണ്ടെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും’ എന്നത് വിമോചനസമരക്കാലത്തെ ഏറ്റവും പ്രസിദ്ധമായ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. കമ്മ്യൂണിസ്റ്റു സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ അണിനിരന്ന മത, സാമുദായിക ഗ്രൂപ്പുകൾ കോൺഗ്രസുമായി കൂടുതൽ ശക്തമായ രാഷ്ട്രീയ ബന്ധം ഉറപ്പിച്ചെടുത്തു, അത് അങ്കമാലിയിലെ ഇലക്ഷൻ രാഷ്ട്രീയത്തിലും പ്രതിഫലിക്കാറുണ്ട്.

1967 മുതൽ 1980 വരെ സി പി എമ്മിലെ എ പി കുര്യനാണ് വിജയിച്ചത്. എന്നാൽ 1982 മുതൽ യു ഡി എഫിന്റെ ഉറച്ച മണ്ഡലമായി മാറിയ അങ്കമാലിയിൽ 2006, 2011 തിരഞ്ഞെടുപ്പുകളിലാണ് മാറ്റമുണ്ടാകുന്നത്. എൽ ഡി എഫിലെ ജനതാദൾ- എസിലെ ജോസ് തെറ്റയിലാണ് ഈ വർഷങ്ങളിൽ വിജയിച്ചത്. കേരള കോൺഗ്രസിലെ എം വി മാണി (1982, 1987), കോൺഗ്രസിലെ പി ജെ ജോയ് (1991, 1996, 2001) എന്നിവരും മുൻ ജനപ്രതിനിധികളാണ്.

2021- ൽ കോൺഗ്രസിലെ റോജി എം ജോൺ ആണ് ജയിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  അങ്കമാലി  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അങ്കമാലി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 177927 വോട്ടർമാരിൽ 137328 പേരാണ് (77.56 %) വോട്ട് ചെയ്തത്. റോജി എം ജോൺ ജനതാദളിലെ ജോസ് തെറ്റയിലിനെ 15929 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരെഞ്ഞെടുപ്പിൽ അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൽ മാത്രമാണ് എൽ ഡി എഫ് അധികാരത്തിലെത്തിയത്. മറ്റു എട്ട് സ്ഥാപനങ്ങളിലും യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തി. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം എൽ ഡി എഫിനേക്കാൾ 12000 ലേറെ അധികം വോട്ട് യു ഡി എഫിന് മണ്ഡലത്തിൽ ലഭിച്ചിട്ടുണ്ട്.

ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

സാജു പോൾ ആണ് ഇത്തവണ സിറ്റിങ് എം.എൽ.എ റോജി എം. ജോണിനെ നേരിടുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ
​പ്രോമി കുര്യാക്കോസിനെയാണ് ട്വന്റി 20 സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

മുൻ തിരഞ്ഞെടുപ്പുകളിലെ വിജയവും 2016, 2021 ലെ മെച്ചപ്പെട്ട വോട്ടുവിഹിതവും യു ഡി എഫിനെ സംബന്ധിച്ച് അങ്കമാലിയെ സുരക്ഷിതമണ്ഡലമാക്കുന്നു.

3.ആലുവ:
ഉറപ്പാണ് യു.ഡി.എഫ്

  • യു.ഡി.എഫിന് വിജയം ഉറപ്പായും സാധ്യമാകുന്ന മണ്ഡലങ്ങളിലൊന്നാണ് ആലുവയെന്ന് മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു.

യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ് ആലുവ. 1957 ൽ രൂപീകരിച്ച മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ ആലുവ നഗരസഭയും ചെങ്ങമനാട്, ചൂർണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്‌മാട്‌, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളുമാണ്.

1957 മുതൽ 2021 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ 1967- ലും 2006- ലും മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. 1957- ലും 1960- ലും വിജയിച്ച കോൺഗ്രസിലെ ടി ഒ ബാവ 1967-69 കാലത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. സപ്തകക്ഷിമുന്നണിയുടെ ഭാഗമായി മത്സരിച്ച വ്യവസായിയും ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പാളുമായിരുന്ന എം കെ അബ്ദുൽ ഹമീദാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി പി മരക്കാരെ 1967- ൽ പരാജയപ്പെടുത്തിയത്. 1967 ൽ ഇഎംഎസ് സർക്കാറിന്റെ കാലഘട്ടത്തിൽ രൂപീകരിച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതിനുശേഷം കോൺഗ്രസിലെ എ എ കൊച്ചുണ്ണിയും ടി എച്ച് മുസ്തഫയും കെ മുഹമ്മദാലിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർച്ചയായി ആറു തവണ (1980 മുതൽ 2001വരെ) ജയിച്ച കെ മുഹമ്മദലി ഏഴാം തവണയും മത്സരിച്ച അവസരത്തിലാണ് 2006-ൽ സി പി എമ്മിലെ എ എം യൂസഫ് അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത്.

2011 മുതൽ തുടർച്ചയായി മൂന്നു തവണ കോൺഗ്രസിനെ അൻവർ സാദത്താണ് എം.എൽ.എ.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആലുവ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ആലുവ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 196483 വോട്ടർമാരിൽ 150428 പേരാണ് വോട്ട് ചെയ്തത്. അൻവർ സാദത്ത് 18886 വോട്ടിനാണ് എൽ ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥി ഷെൽന നിഷാദിനെ പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ യു ഡി എഫും എൻ.ഡി.എയും തുല്യ സീറ്റുകളാണ് നേടിയത്. മറ്റ് ഏഴ് സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തിയത്. ഒരു തദ്ദേശ സ്ഥാപനത്തിലും ഇടതുമുന്നണിക്ക് ഭരണത്തിലെത്താൻ സാധിച്ചില്ല. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം മണ്ഡലത്തിൽ യു ഡി എഫിന് 12000 ലേറെ വോട്ട് എൽ ഡി എഫിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്.

യു.ഡി.എഫിന് വിജയം ഉറപ്പായും സാധ്യമാകുന്ന മണ്ഡലങ്ങളിലൊന്നാണ് ആലുവയെന്ന് മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റിങ് എം.എൽ.എ അൻവർ സാദത്തിനെതിരെ എൽ.ഡി.എഫിലെ എം.എം. ആരിഫ് ആണ് മത്സരിക്കുന്നത്.

4. കളമശ്ശേരി:
എൽ.ഡി.എഫ് ഉറപ്പ്,
യു.ഡി.എഫ് പ്രതീക്ഷ

  • 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റമാണ് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. എന്നാൽ, വ്യവസായമന്ത്രിയെന്ന നിലയ്ക്കുള്ള പി. രാജീവിന്റെ പ്രതിച്ഛായ വോട്ടാകുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്.

2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി രൂപീകരിച്ച മണ്ഡലമാണ് കളമശ്ശേരി. കളമശ്ശേരി, ഏലൂർ നഗരസഭകളും ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നൂക്കര ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.

വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും സി പി എമ്മിനും നല്ല സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. മണ്ഡല രൂപീകരണശേഷമുള്ള ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിലെ ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചത്. 2021-ൽ സി പി എമ്മിലെ പി രാജീവാണ് ജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഏലൂർ നഗരസഭയിൽ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഐക്യ മുന്നണിക്കായിരുന്നു ജയം. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം മണ്ഡലത്തിൽ യു ഡി എഫിന് 8900 വോട്ട് എൽ ഡി എഫിനേക്കാൾ അധികമുണ്ട്. 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റമാണ് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. എന്നാൽ, വ്യവസായമന്ത്രിയെന്ന നിലയ്ക്കുള്ള പി. രാജീവിന്റെ പ്രതിച്ഛായ വോട്ടാകുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കളമശ്ശേരി  മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കളമശ്ശേരി മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.

5. പറവൂർ:
തുടരും,
വി.ഡി. സതീശൻ

  • 2001 മുതൽ തുടർച്ചയായി വൻ ഭൂരിപക്ഷത്തോടെ പറവൂർ നിലനിർത്തുന്ന വി.ഡി. സതീശന് ഇത്തവണ ഇ.ടി. ടൈസൺ എന്ന മികച്ച എതിരാളിയെ ലഭിച്ചിട്ടുണ്ടെങ്കിലും ജയം ആവർത്തിക്കാനാകും.

1957- ൽ നിലവിൽ വന്ന മണ്ഡലത്തിൽ പറവൂർ നഗരസഭയും ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കൊട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലമായിരുന്ന വടക്കേക്കര 2008-ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെ ഇല്ലാതായപ്പോൾ അതിലുൾപ്പെട്ട പ്രദേശങ്ങൾ പറവൂർ, വൈപ്പിൻ മണ്ഡലങ്ങളുടെ ഭാഗമായി.

കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ബാലൻ കെ എ, സി പി എം നേതാക്കളായ ഇ ബാലാന്ദനൻ, ടി കെ അബ്ദു, എസ് ശർമ, കോൺഗ്രസ്സിലെ കെ ആർ വിജയൻ, എം എ ചന്ദ്രശേഖരൻ എന്നിവർ വടക്കേക്കരയിൽനിന്ന് വിജയിച്ചവരാണ്.

കോൺഗ്രസിനും കമ്മ്യൂണിസ്റ്റു പാർട്ടിക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന മണ്ഡലമായ പറവൂരിൽ രണ്ടു മുന്നണികളും 1957 മുതൽ മാറി മാറി വിജയിച്ചിട്ടുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയിലെ എൻ ശിവൻപിള്ളയാണ് ജയിച്ചുവന്നത്. 1982- ലും അദ്ദേഹം പറവൂരിൽ വിജയിച്ചിരുന്നു. കോൺഗ്രസിലെ കെ എ ദാമോദര മേനോൻ, കെ ടി ജോർജ്, സേവിയർ അറക്കൽ എന്നിവരും വിവിധ കാലങ്ങളിൽ വിജയിച്ചവരാണ്. കോൺഗ്രസിലെ എ സി ജോസ് ആദ്യമായി നിയമസഭാംഗമാകുന്നത് 1980- ൽ പറവൂരിൽ നിന്നാണ്.

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (EVM) പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നത് 1982-ൽ പറവൂർ മണ്ഡലത്തിലെ 50 ബൂത്തുകളിലായിരുന്നു. അതിനെതിരെ തിരെഞ്ഞെടുപ്പിൽ വിജയിച്ച ശിവൻ പിള്ളയുടെ എതിർ സ്ഥാനാർത്ഥി എ സി ജോസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിതിനെത്തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഇ വി എം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും ബാലറ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്തി. 1984 മെയ് 22 ന് നടന്ന പ്രസ്തുത തിരഞ്ഞെടുപ്പിൽ എ സി ജോസ് വിജയിച്ചു, ശിവൻ പിള്ളയുടെ എം എൽ എ സ്ഥാനം അസാധുവായി പ്രഖ്യാപിച്ചു. രാജ്യത്താകെ ഇ വി എം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ ആധുനികവൽക്കരിച്ച ഈ കാലഘട്ടത്തിൽ ഈ ചരിത്രവസ്തുത കൗതുകം ജനിപ്പിക്കുന്ന കാര്യമാണ്.

1982- ലെ കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് സ്പീക്കറായ എ സി ജോസിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ അംഗങ്ങളായതിനാൽ, സർക്കാറിനെ നിലനിർത്താൻ പല ഘട്ടങ്ങളിലും കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കേണ്ടിവന്നു.

1991, 1996 വർഷങ്ങളിൽ സി പി ഐ യുടെ പി രാജു വിജയിച്ച പറവൂരിൽ പിന്നീട് തുടർച്ചയായി അഞ്ച് തവണ കോൺഗ്രസാണ് വിജയിച്ചത്. പ്രതിപക്ഷനേതാവായ വി.ഡി. സതീശൻ 2001 മുതൽ തുടർച്ചയായി വിജയിക്കുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പറവൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പറവൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്തത് 1,58,594 വോട്ടാണ്. സി പി ഐ സ്ഥാനാർത്ഥി എം ടി നിക്‌സനെ 21301 വോട്ടിനാണ് വി ഡി സതീശൻ തോൽപ്പിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മാത്രമാണ് ഇടതുമുന്നണിക്ക് മേൽക്കൈ ലഭിച്ചത്. മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഐക്യ മുന്നണിയാണ് അധികാരത്തിലെത്തിയത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മണ്ഡലത്തിൽ 7800 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഐക്യ മുന്നണിക്ക് ലഭിച്ചത്.

ഏതാണ്ട് 50 ശതമാനത്തിനടുത്ത് വോട്ട് സമീപകാല തിരഞ്ഞെടുപ്പുകളിൽ പറവൂരിൽ ലഭിക്കുന്ന സാഹചര്യത്തിൽ 2026- ലും വിജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ് നേതാവുകൂടിയാണ് വി.ഡി. സതീശൻ.

മത്സരം കടുപ്പിക്കാൻ ഇത്തവണ സി.പി.ഐ, പത്തുവർഷം കയ്പമംഗലത്ത് എം.എൽ.എയായിരുന്ന ഇ.ടി. ടൈസനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ടരപ്പതിറ്റാണ്ട് തുടർച്ചയായി എം.എൽ.എയായി തുടരുന്ന സതീശനെതിരെ, കയ്പമംഗലത്തെ വികസനം മുൻനിർത്തിയാണ് ടൈസന്റെ കാമ്പയിൻ. കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന വത്സല പ്രസന്നകുമാറാണ് എൻ ഡി എ സ്ഥാനാർഥി. രണ്ടു വർഷം നഗരസഭാ ചെയർപേഴ്സണായിരുന്നു ഇവർ.

6. വൈപ്പിൻ:
ഇടതു സാധ്യത

  • മുൻ തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്കും ഐക്യ മുന്നണിക്കും ലഭിച്ച വോട്ടും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാൽ വൈപ്പിൻ 2026 ലും ഇടതുമുന്നണി നിലനിർത്താനാണ് സാധ്യത.

റണാകുളം ജില്ലയിലെ തീരദേശ മേഖല ഉൾപ്പെടുന്ന വൈപ്പിൻ മണ്ഡലം പ്രാബല്യത്തിൽ വന്നത് 2011ലാണ്. മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും 2008- നുമുമ്പ് ഞാറക്കൽ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമായിട്ടാണ് പഴയ ഞാറക്കലിനെയും പുതുതായി രൂപീകരിച്ച വൈപ്പിൻ മണ്ഡലത്തെയും കരുതുന്നത്. എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, കടമക്കുടി, മുളവുകാട് ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ

1957 മുതൽ 2006 വരെ ഞാറക്കൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് കൂടുതൽ പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് നേതാക്കളായ കെ സി അബ്രഹാം (1957,1960), എസ് എൻ ഡി പി പ്രസിഡന്റായിരുന്ന എം കെ രാഘവൻ (1967,1970), 1982-ൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി കെ വേലായുധൻ, കെ കുഞ്ഞമ്പു (1991), 2001-ൽ എ കെ ആന്റണി മന്ത്രിസഭയിലെ പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പൻ (1996, 2001), സി പി എം നേതാക്കളായ എ എസ് പുരുഷോത്തമൻ (1967), എം കെ കൃഷ്ണൻ (1980), എം കെ പുരുഷോത്തമൻ (2006), ആർ എസ് പിയിലെ ടി എ പരമൻ (1977), കോൺഗ്രസ്- എസിലെ കെ കെ മാധവൻ (1987) എന്നിവർ ഞാറക്കൽ മണ്ഡലത്തെ പ്രതിനിധീകരിച്ചവരാണ്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ  വൈപ്പിൻ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൈപ്പിൻ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.

വൈപ്പിൻ മണ്ഡലത്തിലെ മൂന്നു തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനായിരുന്നു ജയം. സി പി എമ്മിലെ എസ് ശർമ്മ 2011-ലും 2016-ലും വിജയിച്ചു. 2021-ൽ സി പി എമ്മിലെ കെ എൻ ഉണ്ണികൃഷ്ണൻ കോൺഗ്രസിലെ ദീപക് ജോയിയെ പരാജയപ്പെടുത്തി. ട്വൻറി 20 12.80% വോട്ടാണ് നേടിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എടവനക്കാട്, പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണി അധികാരത്തിലെത്തി. മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഐക്യ മുന്നണിക്കാണ് ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഐക്യ മുന്നണിക്ക് 3000 ലേറെ വോട്ടുകളുടെ മേൽക്കൈയ്യാണുള്ളത്.

അഡ്വ. എം.ബി ഷൈനിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുൻ കൊച്ചി മേയർ ടോണി ചമ്മണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. നടിയും നർത്തകിയും സംരംഭകയുമായ അനിത തോമസാണ് ട്വന്റി- 20 സ്ഥാനാർഥി.

12 ശതമാനത്തിലേറെ വോട്ട് സമാഹരിച്ച ട്വന്റി 20 എൻ മുന്നണിയിൽ ചേർന്നതോടെ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ. എങ്കിലും, മുൻ തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്കും ഐക്യ മുന്നണിക്കും ലഭിച്ച വോട്ടും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാൽ വൈപ്പിൻ 2026 ലും ഇടതുമുന്നണി നിലനിർത്താനാണ് സാധ്യത.

7. കൊച്ചി:
തുടർച്ച തേടി മാക്സി

  • ഇരു മുന്നണികൾക്കും ഒരേപോലെ വിജയം സാധ്യതയുള്ള മണ്ഡലമാണ് കൊച്ചി. എന്നാൽ, സ്ഥാനാർഥി നിർണയത്തിനുമുമ്പേ കോൺഗ്രസിൽ തുടങ്ങിയ ഭിന്നത യു.ഡി.എഫിന് തിരിച്ചടിയാണ്.

ള്ളുരുത്തി, മട്ടാഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ റദ്ദാക്കി 2008-ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെ രൂപീകരിച്ച നിയമസഭാ മണ്ഡലമാണ് കൊച്ചി. കോർപറേഷൻ വാർഡുകളും കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൊച്ചി നിയമസഭാ മണ്ഡലം. 2011- വരെ നിലവിലുണ്ടായ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങൾ കോൺഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളായിരുന്നു.

രണ്ടാം നിയമസഭയിലെ സ്‌പീക്കറായ കോൺഗ്രസിലെ അലക്സാണ്ടർ പറമ്പിത്തറ (1957, 1960), ഡൊമിനിക് പ്രസന്റേഷൻ (1991, 1996, 2001) സി പി എമ്മിലെ പി ഗംഗാധരൻ (1967), രണ്ടാം ഇ എം എസ് സർക്കാരിലെ ആരോഗ്യമന്ത്രിയായ ഇടത് സ്വതന്ത്രൻ ബി വെല്ലിങ്ടൺ (1970), കേരള കോൺഗ്രസിലെ ഈപ്പൻ വർഗീസ് (1977), കോൺഗ്രസ് -എസിലെ ടി പി പീതാംബരൻ മാസ്റ്റർ (1980,1982,1987) എന്നിവർ പള്ളുരുത്തിയിലെ മുൻ ജനപ്രതിനിധികളാണ്.

കോൺഗ്രസിലെ വിശ്വനാഥൻ കെ (1957, 1960), മുസ്ലിം ലീഗിലെ എം പി എം ജഫാർഖാൻ (1967), എം ജെ സക്കറിയ (1980, 1987,1991), കെ എം ഹംസ (1982), ഇബ്രാഹിം കുഞ്ഞ് (2001, 2006), ഇടതു സ്വതന്ത്രരായ കെ ജെ ഹെർഷെൽ (1970, 1977), എം എ തോമസ് (1996) എന്നിവർ മട്ടാഞ്ചേരിയിലെ മുൻ ജനപ്രതിനിധികളാണ്.

കൊച്ചി മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള 2011 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡൊമിനിക് പ്രസന്റേഷൻ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സി പി എം നേതാവ് എം സി ജോസെഫൈനായിരുന്നു എതിർ സ്ഥാനാർത്ഥി. പിന്നീട് എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ ജെ മാക്സി 2016- ൽ ചെറിയ വോട്ടിന്റെ വ്യത്യാസത്തിലും 2021- ൽ വലിയ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്. 2021- ൽ ബി ജെ പിക്ക് 8.54% വോട്ടു ലഭിച്ചപ്പോൾ ട്വന്റി 20 15.30% വോട്ടും നേടി. ബി ജെ പിയും ട്വന്റി 20-യും സഖ്യകക്ഷിയാകുമ്പോൾ പരമാവധി വോട്ട് പിടിക്കാമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.

സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സിയെ നേരിടുന്നത് കോൺഗ്രസിലെ മുഹമ്മദ് ഷിയാസാണ്. അഡ്വ. സേവ്യർ ജൂലപ്പാണ് എൻ.ഡി.എ സ്ഥാനാർഥി.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ  കൊച്ചി മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊച്ചി മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.

രണ്ടു മുന്നണികൾക്കും ഒരുപോലെ വിജയ സാധ്യതയുള്ളയാണ് കൊച്ചി മണ്ഡലമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട കൊച്ചി കോർപറേഷനിലും കുമ്പളങ്ങിയിലും ചെല്ലാനത്തും ഐക്യ മുന്നണിയാണ് അധികാരത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം കൊച്ചി മണ്ഡലത്തിൽ ഐക്യമുന്നണിക്ക് 7000- ലേറെ വോട്ടിന്റെ മേൽക്കൈയ്യാണുള്ളത്. മുൻ തിരഞ്ഞെടുപ്പുകളിലെ അനുഭവം പരിഗണിച്ചാൽ ഇരു മുന്നണികൾക്കും ഒരേപോലെ വിജയം സാധ്യതയുള്ള മണ്ഡലമാണ് കൊച്ചി. എന്നാൽ, ഇത്തവണ സ്ഥാനാർഥി നിർണയത്തിനുമുമ്പേ ഷിയാസിനും ദീപ്ത് മേരി വർഗീസിനും വേണ്ടി കൊച്ചിയിൽ ചരടുവലി ശക്തമായിരുന്നു. ഇത് കോൺഗ്രസ് വോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

8. തൃപ്പൂണിത്തറ:

  • ബി ജെ പി വോട്ടിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എൽ.ഡി.എഫ്- യു.ഡി.എഫ് ജയ-പരാജയങ്ങളെ ബാധിക്കുന്നു.

തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ പള്ളുരുത്തി സോണിലെ എട്ട് വാർഡുകളും ചേർന്നതാണ് തൃപ്പുണിത്തുറ നിയമസഭാ മണ്ഡലം.

1962- ലെ ഡീലിമിറ്റേഷൻ പ്രക്രിയയോടെയാണ് തൃപ്പൂണിത്തുറ രൂപീകരിച്ചത്. 196, 1977, 1980 ഇലക്ഷനുകളിൽ വിജയിച്ച സി പി എം നേതാവ് ടി കെ രാമകൃഷ്ണനാണ് ആദ്യ എം.എൽ.എ. 1987 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നണിയും സി പി എം മുന്നണിയും മാറി മാറി ജയിച്ചിരുന്നു.

കോൺഗ്രസിലെ പോൾ പി മാണി (1970), എൻ ഡി പിയിലെ കെ ജി ആർ കർത്ത (1982), സി പി എമ്മിലെ വി വിശ്വനാഥ മേനോൻ (1987) എന്നിവർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. 1991 മുതൽ തുടർച്ചയായി അഞ്ചു തവണ കോൺഗ്രസിലെ കെ ബാബുവാണ് വിജയിച്ചത്. സി പി എമ്മിലെ എം സ്വരാജ് 2016- ൽ ബാബുവിനെതിരെ വിജയിച്ചെങ്കിലും 2021- ൽ ചെറിയ ഭൂരിപക്ഷത്തിന് എം സ്വരാജിനെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 211581 വോട്ടർമാരിൽ 156307 പേരാണ് വോട്ടു ചെയ്തത്. കെ ബാബു എം സ്വരാജിനെ 1232 വോട്ടിനാണ് തോൽപ്പിച്ചത്. സമീപകാലത്ത് ബി ജെ പിക്ക് നിർണായക സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2011 ൽ കേവലം 3.8 ശതമാനം വോട്ടുണ്ടായിരുന്ന ബി ജെ പി 2016-ൽ 19%-മാണ് നേടിയത്. എന്നാൽ 2021-ൽ ബി ജെ പിയുടെ കെ.എസ്. രാധാകൃഷ്ണന് 15 ശതമാനമായി കുറഞ്ഞു. ബി ജെ പി വോട്ടിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇരുമുന്നണികളുടെയും വിജയ-പരാജയങ്ങളെ ബാധിക്കുന്നു എന്നതാണ് 2016, 2021 ലെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തവണ എൽ.ഡി.എഫിനായി കെ.എൻ. ഉണ്ണികൃഷ്ണനും യു.ഡി.എഫിനായി ദീപക് ജോയിയുമാണ് ഏറ്റുമുട്ടുന്നത്. 2021-ൽ വൈപ്പിനിൽ ഇവർ തന്നെയായിരുന്നു എതിരാളികൾ. അന്ന് മികച്ച ഭൂരിപക്ഷത്തിന് ഉണ്ണികൃഷ്ണനായിരുന്നു ജയം. നടി അഞ്ജലി നായരാണ് ട്വന്റി- 20 സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറ നഗരസഭയിലുണ്ടാക്കിയ മുന്നേറ്റം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബി.ജെ.പിയ്ക്ക്, മണ്ഡലം ട്വന്റി 20യ്ക്ക് വിട്ടുകൊടുത്തതിൽ കടുത്ത അമർഷമുണ്ട്.

9.എറണാകുളം:
യു.ഡി.എഫ് കോട്ട

  • സമീപകാല തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് 42- 60 % വരെ വോട്ട് ലഭിക്കുന്ന സാഹചര്യത്തിൽ 2026- ലും ഉറച്ച പ്രതീക്ഷയിലാണ് മുന്നണി.

ഗരത്തിന്റെ ഹൃദയഭാഗം ഉൾപ്പെടുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തും കൊച്ചി കോർപറേഷനിലെ വാർഡുകളുമാണുള്ളത്. 1957- ൽ രൂപീകൃതമായ മണ്ഡലത്തിൽ കോൺഗ്രസിനാണ് ആധിപത്യം.

ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് ലത്തീൻ കത്തോലിക്ക സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ പ്രസ്തുത വിഭാഗത്തിലെ നല്ലൊരു ശതമാനവും യു ഡി എഫിന് അനുകൂലമാകുന്ന നിലപാടാണ് പൊതുവെ സ്വീകരിക്കാറുള്ളതെന്നതിനാൽ ഇടതുമുന്നണിയുടെ വിജയം ഒറ്റപ്പെട്ടതാണ്. അപൂർവമായി സംഭവിച്ച ഇടതുമുന്നണി വിജയത്തിന് മുഖ്യ കാരണങ്ങളിലൊന്ന് കോൺഗ്രസിലെ ഉൾപ്പോരുകളുമാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു.

കോൺഗ്രസിലെ എ എൽ ജേക്കബ് (1957, 1960, 1970, 1977, 1980, 1982), അലക്സാണ്ടർ പറമ്പിത്തറ (1967), ജോർജ് ഈഡൻ (1991,1996), കെ വി തോമസ് (2001, 2006), ഡൊമിനിക് പ്രസന്റേഷൻ (2009- ഉപതിരഞ്ഞെടുപ്പ്), ഹൈബി ഈഡൻ (2011 , 2016), ഇടതു സ്വതന്ത്രരായ എം കെ സാനു (1987), സെബാസ്റ്റ്യൻ പോൾ (1998 - ഉപതിരഞ്ഞെടുപ്പ് ) എന്നിവരും എറണാകുളത്തെ മുൻ ജനപ്രതിനിധികളാണ്. ഏറ്റവും കൂടുതൽ മണ്ഡലം പ്രതിനിധീകരിച്ചത് എ എൽ ജേക്കബാണ്. 1982-83 കാലഘട്ടത്തിൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടുതവണ കൃഷി വകുപ്പ് മന്ത്രിയായിരുന്നു.

എറണാകുളത്ത് ഇടതുമുന്നണി ആദ്യമായി ജയിക്കുന്നത് 1987-ലാണ്. എം കെ സാനുവിനുള്ള പൊതു സ്വീകാര്യതയാണ് വിജയത്തിലേക്ക് നയിച്ചത്. ഇടതുമുന്നണിയുടെ പിന്നീടുള്ള ജയം 1998- ലെ ഉപതെരെഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ സെബാസ്റ്റ്യൻ പോളിന്റേതായിരുന്നു.

ജോർജ് ഈഡൻ, കെ വി തോമസ്, ഹൈബി ഈഡൻ എന്നിവർ ലോകസഭ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചപ്പോഴുണ്ടായ ഒഴിവിലേക്ക് 1998, 2009, 2019 വർഷങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ എറണാകുളം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ എറണാകുളം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 164534 വോട്ടർമാരിൽ 108434 പേരാണ് വോട്ടു ചെയ്തത്. എൽ ഡി എഫിലെ ഷാജി ജോർജിനെക്കാൾ 10970 വോട്ട് അധികം നേടിയാണ് മുൻ എംഎൽഎ കൂടിയായ ടി ജെ വിനോദ് ജയിച്ചത്. ട്വന്റി -20 10 ശതമാനത്തോളം വോട്ട് നേടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലും ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലും യു.ഡി.എഫാണ് അധികാരത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഇടതുമുന്നണിയെക്കാൾ 14000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്, യു.ഡി.എഫിന്.

സമീപകാല തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് 42 മുതൽ 60 ശതമാനം വരെ വോട്ട് ലഭിക്കുന്ന സാഹചര്യത്തിൽ 2026- ലും ഉറച്ച പ്രതീക്ഷയിലാണ് മുന്നണി.

ഇത്തവണ ഹാട്രിക് വിജയം തേടി കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ടി.കെ. വിനോദി​നെ തന്നെയാണ്. മുൻ ഡെപ്യൂട്ടി മേയർ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ സാബു ജോർജാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പി.ആർ. ശിവശങ്കറാണ് എൻ ഡി എ സ്ഥാനാർഥി. സഭയുമായി അടുപ്പമുള്ള വ്യക്തിയെന്ന നിലയ്ക്കാണ് സാബു ജോർജ്ജിന്റെ സ്ഥാനാർഥിത്വം. കഴിഞ്ഞ തവണ ട്വൻറി 20 സ്ഥാനാർഥി 10634 വോട്ട് നേടിയിരുന്നു. ഈ വോട്ട് പൂർണമായി ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിക്ക് കി​ട്ടുമോ എന്നതിൽ ഉറപ്പില്ല.

10. തൃക്കാക്കര:
യു.ഡി.എഫ് ഉറപ്പും
സി.പി.എമ്മിന്റെ സ്വന്തം സ്ഥാനാർഥിയും

  • 50 ശതമാനത്തിനടുത്ത് വോട്ട് ലഭിക്കുന്ന സാഹചര്യത്തിൽ 2026- ലും വിജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, പാർട്ടി ചിഹ്നത്തിൽ മത്സരം കടുപ്പിക്കുകയാണ് എൽ.ഡി.എഫ്.

2008- ലെ ഡിലിമിറ്റേഷന് ശേഷം രൂപീകരിക്കപ്പെട്ട തൃക്കാക്കര, തൃക്കാക്കര നഗരസഭയും കൊച്ചിൻ കോർപറേഷന്റെ 22 വാർഡുകളും ഉൾപ്പെട്ടതാണ്. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാന്നിധ്യമുള്ള നഗരപ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും സർക്കാർ / സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ വിഭാഗമാണ് ഭൂരിപക്ഷം.

യു ഡി എഫിന് ശക്തമായ വേരോട്ടമുണ്ട്. മണ്ഡലരൂപീകരണത്തിനുശേഷം കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാനും പി ടി തോമസുമാണ് വിജയിച്ചത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃക്കാക്കര  മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃക്കാക്കര മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം, മുന്നണികൾ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ), ഭൂരിപക്ഷം എന്നിവ.

2021-ൽ വിജയിച്ച പി ടി തോമസ് അന്തരിച്ചതിനെത്തുടർന്ന് 2022-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്വതന്ത്രൻ ജോജോ ജോസഫിനെയാണ് ഉമ തോമസ് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലും തൃക്കാക്കര നഗരസഭയിലും യു.ഡി.എഫ് അധികാരത്തിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഇടതുമുന്നണിയെക്കാൾ 14100 വോട്ടിന്റെ മുൻതൂക്കമാണ് യു.ഡി.എഫിനുള്ളത്.

50 ശതമാനത്തിനടുത്ത് വോട്ട് ലഭിക്കുന്ന സാഹചര്യത്തിൽ 2026- ലും വിജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.

സിറ്റിങ് എം.എൽ.എ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പുഷ്പ ദാസാണ് സി.പി.എം സ്ഥാനാർഥി. പാർട്ടി ചിഹ്നത്തിൽ മത്സരം കടുപ്പിക്കാനാണ് സി.പി.എം ശ്രമം. എൻ.ഡി.എ സ്ഥാനാർഥിയായി ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്തുണ്ട്.

11.കുന്നത്തുനാട്:
ഉണ്ടോ, ത്രികോണമത്സരം?

  • വോട്ടു കണക്കുകൾ പ്രകാരം അതിശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതി മണ്ഡലത്തിലുണ്ടെങ്കിലും കോൺഗ്രസ് വിട്ടുവന്നയാളെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിയിലും ട്വന്റി 20യിലുമുള്ള അതൃപ്തിയാണ് ഇരുമുന്നണികളുടെയും ആശ്വാസം.

കുന്നത്തുനാട് പട്ടികജാതി സംവരണമാണ്. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

1965 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിൽ കോൺഗ്രസും സി പി എമ്മും മാറി മാറി വിജയിച്ചിട്ടുണ്ട്. സി പി എമ്മിലെ എം കെ കൃഷ്ണൻ (1967), പി പി എസ്തോസ്സ് (1977, 1980), എം പി വർഗീസ് (1996), എം എം മോനായി (2006), ആർ എസ് പിയിലെ ടി എ പരമൻ (1970), കോൺഗ്രസിലെ ടി എച്ച് മുസ്തഫ (1982, 1987, 1991, 2001), വി പി സജീന്ദ്രൻ (2001, 2006) എന്നിവർ എം.എൽ.എമാരായിരുന്നു.

ഏതെങ്കിലും മുന്നണിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായി കുന്നത്തുനാടിനെ പരിഗണിക്കാൻ സാധിക്കില്ല. എങ്കിലും മണ്ഡലത്തിൽ എൽ.ഡി.എഫിനാണ് ശക്തമായ അടിത്തറയുള്ളത്. ഇതോടൊപ്പം, ട്വന്റി 20യുടെ സ്വാധീനം മണ്ഡലത്തിലെ രാഷ്ട്രീയത്തെ നിശ്ചയിക്കുന്ന നിർണ്ണായകമായ ഘടകമാണ്.

2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ടൻ്റി- 20 അധികാരത്തിലെത്തുന്നത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും അവർ ശക്തി തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുമുന്നണികളുടെയും വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 27% വോട്ടാണ് ട്വന്റി 20 നേടിയത്.

2021-ൽ എൽ ഡി എഫിലെ പി വി ശ്രീനിജൻ 2715 വോട്ടിനാണ് യു ഡി എഫിലെ വി പി സജീന്ദ്രനെ പരാജയപ്പെടുത്തിയത്. ട്വന്റി 20 സ്ഥാനാർഥി സുജിത് പി സുരേന്ദ്രന് 27.56% വോട്ടും ബി ജെ പിയിലെ രേണു സുരേഷിന് 4.66% ശതമാനം വോട്ടുമാണ് ലഭിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കുന്നത്തുനാട്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കുന്നത്തുനാട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിയും വാഴക്കുളം, പുതൃക്ക, കുന്നത്തുനാട് പഞ്ചായത്തുകളിൽ യു ഡി എഫും ഭൂരിപക്ഷം നേടി. മറ്റിടങ്ങളിൽ ട്വന്റി 20യാണ് ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം യു.ഡി.എഫിന് 7000 ലേറെ വോട്ടുകളുടെ മേൽക്കൈയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യഥാക്രമം 27.56, 4.86 ശതമാനം വീതം വോട്ട് നേടിയ ട്വന്റി 20യും ബി ജെ പിയും ഒരു മുന്നണിയായി മത്സരിക്കുമ്പോൾ, നേരത്തെയുള്ള കണക്കനുസരിച്ച്, മൂന്നു മുന്നണികൾക്കും സമനിലയാണുണ്ടാകുക. ഈ പശ്ചാത്തലത്തിൽ ആർക്കാണ് സാധ്യത എന്ന് വിലയിരുത്താനാകില്ല.

​സിറ്റിങ് എം.എൽ.എ പി.വി. ശ്രീനിജനെതിരെ വി.പി. സജീന്ദ്രൻ തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷമാണ് ശ്രീനിജനുണ്ടായിരുന്നത്. ട്വന്റി 20 സ്ഥാനാർഥിയാകട്ടെ, നാൽപ്പതിനായിരത്തിലേറെ വോട്ടാണ് പിടിച്ചത്. തന്നെ അടൂരിൽ പരിഗണിക്കാത്തതിനെതുടർന്ന് കോൺഗ്രസ് വിട്ട, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബാബു ദിവാകരനാണ് എൻ.ഡി.എ സ്ഥാനാർഥി. നിലവിലെ വോട്ടു കണക്കുകൾ പ്രകാരം അതിശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതി മണ്ഡലത്തിലുണ്ടെങ്കിലും കോൺഗ്രസ് വിട്ടുവന്നയാളെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിയിലും ട്വന്റി 20യിലുമുള്ള അതൃപ്തിയാണ് ഇരുമുന്നണികളുടെയും ആശ്വാസം.

12. പിറവം:
അനൂപിന്റെ സ്വന്തം

  • 46- 54 ശതമാനം വരെ വോട്ട് നേടുന്ന സാഹചര്യത്തിലും കാലാകാലങ്ങളായി ജേക്കബ് വിഭാഗം ജയിച്ചുവരുന്ന പശ്ചാത്തലത്തിലും 2026- ലും മണ്ഡലം നിലനിർത്തുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്.

ക്രിസ്ത്യൻ വിഭാഗത്തിലെ ഓർത്തഡോക്സ്, യാക്കോബായ സമുദായങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലം. പിറവം നഗരസഭയും കൂത്താട്ടുകുളം നഗരസഭ, ഇലഞ്ഞി, തിരുമാറാടി, മണീട്, പാമ്പാക്കുട, രാമമംഗലം, ആമ്പല്ലൂർ, ചോറ്റാനിക്കര, എടക്കത്തുവയൽ. മുളന്തുരുത്തി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.

1977- ൽ നിലവിൽ വന്ന പിറവം യു ഡി എഫിനും എൽ ഡി എഫിനും തുല്യമായ സ്വാധീനമുള്ള മണ്ഡലമാണ്. കേരള കോൺഗ്രസ് നേതാവ് ടി എം ജേക്കബ് 18 വർഷം (1977, 1991, 1996, 2001, 2011) എം.എൽ.എയായിരുന്നതിനാൽ ജേക്കബ് വിഭാഗം കേരള കോൺഗ്രസിന് മണ്ഡലത്തിൽ നല്ല സംഘടനാ ശേഷിയുണ്ട്. കോൺഗ്രസിലെ പി സി ചാക്കോ (1980), ബെന്നി ബെഹനാൻ (1982), സി പി എമ്മിലെ ഗോപി കോട്ടമുറിക്കൽ (1987), എം ജെ ജേക്കബ് (2006) എന്നിവരും മണ്ഡലത്തിൽ വിജയിച്ചവരാണ്. ടി എം ജേക്കബ് 2011 ഒക്‌ടോബർ 30 ന് നിയമസഭാംഗമായിരിക്കെ മരിച്ചതിനെത്തുടർന്ന് 2012- ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ അനൂപ് ജേക്കബ്ബ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും തുടർച്ചയായി എം.എൽ.എയായി തുടരുകയും ചെയ്യുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പിറവം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പിറവം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ അനൂപ് ജേക്കബ് കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ 25364 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആമ്പല്ലൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം യു.ഡി.എഫിന് 11,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.

മുൻ തിരഞ്ഞെടുപ്പുകളിൽ 46- 54 ശതമാനം വരെ വോട്ട് നേടുന്ന സാഹചര്യത്തിലും കാലാകാലങ്ങളായി ജേക്കബ് വിഭാഗം ജയിച്ചുവരുന്ന പശ്ചാത്തലത്തിലും 2026- ലും മണ്ഡലം നിലനിർത്തുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്.

സിറ്റിങ് എം.എൽ.എ അനൂപ് ജേക്കബിനെതിരെ മാണി ഗ്രൂപ്പ് നേതാവ് സാബു കെ. ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ജിബി എബ്രഹാമാണ് എൻ.ഡി.എ സ്ഥാനാർഥി.

13. മൂവാറ്റുപുഴ:
മത്സരം കടുക്കുന്നു

  • യു.ഡി.എഫിനാണ് ആധിപത്യമെങ്കിലും കടുത്ത മത്സരമാണ് ഇത്തവണ.

റണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽ മൂവാറ്റുപുഴ നഗരസഭയും അരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞല്ലൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങാട്ടോർ, പോത്താനിക്കാട് ഗ്രാമപഞ്ചായത്തുകളാണുള്ളത്.

എക്കാലത്തും യു ഡി എഫിന് വിജയപ്രതീക്ഷ നൽകുന്ന മണ്ഡലമാണെങ്കിലും കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളുമുണ്ട്.

1957 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെഎം ജോർജ് (1957, 1960), ജോസഫ് വാഴക്കൻ (2011), കേരള കോൺഗ്രസിലെ പി സി ജോസഫ് (1977), വി വി ജോസഫ് (1980,1982), ജോണി നെല്ലൂർ (1991,1996,2001), സി പി ഐയിലെ പി വി അബ്രഹാം (1967), ബാബു പോൾ (2006), എൽദോ എബ്രഹാം (2016), സി പി എം സ്വതന്ത്ര പെണ്ണമ്മ ജേക്കബ് (1970) എന്നിവർ മൂവാറ്റുപുഴയിലെ എം.എൽ.എമാരായിരുന്നു. 1964-ൽ കോൺഗ്രസ് പിളർന്ന് കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ അദ്ദേഹം മൂവാറ്റുപുഴ എം.എൽ.എയായിരുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മൂവാറ്റുപുഴ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മൂവാറ്റുപുഴ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 1,91,116 വോട്ടർമാരിൽ 1,44,354 പേരാണ് വോട്ട് ചെയ്തത്. കോൺഗ്രസ്സിലെ മാത്യു കുഴൽനാടൻ സി പി ഐയുടെ എൽദോ എബ്രഹാമിനെ 6161 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മൂവാറ്റുപുഴ മണ്ഡലത്തിലും ട്വന്റി 20 9.38% വോട്ട് നേടിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപങ്ങളിലും യു.ഡി.എഫിനായിരുന്നു ജയം. പ്രസ്തുത തിരഞ്ഞടുപ്പിലെ കണക്കുപ്രകാരം യു.ഡി.എഫിന് ഇടതുമുന്നണിയേക്കാൾ 19000 ലേറെ വോട്ട് അധികം ലഭിച്ചിട്ടുണ്ട്.

ഇരു മുന്നണികളും തമ്മിൽ കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള മൂവാറ്റുപുഴയിൽ മുൻ തിരഞ്ഞെടുപ്പുകളിലെ കണക്ക് പരിഗണിച്ചാലും കടുത്ത മത്സരമാണ് നടക്കുക.

സിറ്റിങ് എം.എൽ.എ മാത്യു കുഴൽനാടനെതിരെ എൻ. അരുൺ ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. ട്വന്റി 20യുടെ സണ്ണി തോമസ് കടുത്താഴെയാണ് എൻ.ഡി.എ സ്ഥാനാർഥി. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തി​ലെത്തിയ, നാട്ടുകാരൻ കൂടിയായ അരുൺ മണ്ഡലത്തിൽ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.

14. കോതമംഗലം:
സഭാ വോട്ടിൽ കണ്ണുംനട്ട്

  • മണ്ഡലം നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

1967 മുതൽ പ്രാബല്യത്തിലുള്ള, ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലുള്ള കോതമംഗലം മണ്ഡലത്തിൽ കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വരപ്പെട്ടി ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

സി പി എമ്മിലെ ടി എം മീതയാൻ (1967), കോൺഗ്രസ് സ്വതന്ത്രൻ എം ഐ മാർക്കോസ് (1970), കോൺഗ്രസിലെ വി ജെ പൗലോസ് (1991, 1996, 2001), കേരള കോൺഗ്രസിലെ എം വി മാണി (1977), ടി എം ജേക്കബ് (1980,1982,1987), ടി യു കുരുവിള (2006,2011) എന്നിവർ വിജയിച്ച മണ്ഡലം. കേരള കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തികേന്ദ്രമായിരുന്നെങ്കിലും, സമീപകാലത്ത് ഇടതുപക്ഷമുന്നണി ശക്തമായ മുന്നേറ്റം നടത്തുന്നു. കേരള കോൺഗ്രസ് ജോസഫ് / ജേക്കബ് വിഭാഗങ്ങളുടെ പരമ്പരാഗത സ്വാധീനത്തെ മറികടന്നാണ് സി.പി.എമ്മിന്റെ ആന്റണി ജോൺ 2016 ലും 2021 ലും വിജയിച്ചത്

മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലെന്നപോലെ ക്രിസ്ത്യൻ വോട്ടുകൾക്കും മലയോര മേഖലയിലെ കർഷക വിഭാഗങ്ങൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമായ കോതമംഗലത്തും ട്വന്റി 20യുടെ സാന്നിധ്യം ഇരുമുന്നണികൾക്കും ലഭിക്കേണ്ട വോട്ടുകളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  കോതമംഗലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കോതമംഗലം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ പോൾ ചെയ്തത് 136283 വോട്ടാണ്. സി പി എമ്മിലെ ആൻ്റണി ജോൺ കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറത്തിനെ 6605 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ട്വന്റി 20 സ്ഥാനാർഥി ജോ ജോസഫിന് 5.8% വോട്ടും എൻ.ഡി.എയിലെ ഷൈൻ കെ കൃഷ്ണന് 3.4% വോട്ടുമാണ് ലഭിച്ചത്.

മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഐക്യ മുന്നണിക്ക് ഇടതുമുന്നണിയേക്കാള്‍ മൂവായിരത്തോളം വോട്ടാണ് അധികം ലഭിച്ചത്.

മൂന്നാമതു തവണയും ആന്റണി ജോൺ തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറമാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ഡി.ജെ.എസിലെ അജി നാരായണൻ എൻ.ഡി.എ സ്ഥാനാർഥി. ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലാണ് എൽ.ഡി.എഫ് പ്രതീക്ഷ.

2026-ലെ
സാധ്യതകൾ

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതവും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ 14 നിയമസഭ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയിൽ 2026-ൽ മുന്നണികൾ വിജയിക്കുന്ന സീറ്റുകൾ താഴെ സൂചിപ്പിക്കും പ്രകാരമാകാനാണ് സാധ്യത കൂടുതൽ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച രാഷ്ട്രീയ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ വലിയ തരത്തിൽ വോട്ട് ചാഞ്ചാടിയാൽ, ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments