എഞ്ചിനീയറിംഗ് പഠനത്തിന് ടി.കെ.എം കോളേജിൽ ചേരുമ്പോൾ, 1976- ൽ രാജ്യത്ത് അടിയന്തരാവസ്ഥയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ അന്നുണ്ടായിരുന്ന മൂന്നു എഞ്ചിനീയറിംഗ് കോളേജുകളിലെ പാഠ്യപദ്ധതി സെമസ്റ്റർ സമ്പ്രദായത്തിലേക്ക് മാറ്റുന്നതും സിലബസ് അടിമുടി നവീകരിക്കുന്നതും അടിയന്തരാവസ്ഥയുടെ പിൻബലത്തിലും പശ്ചാത്തലത്തിലുമാണ്. കൊല്ലപ്പരീക്ഷകൾ മാത്രമുണ്ടായിരുന്ന നാട്ടിൽ അതോടെ ആവിർഭവിച്ച സെമസ്റ്റർ എന്ന പുതിയ സംജ്ഞ പിന്നീട് ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. പരീക്ഷാഹാളിൽ സയന്റിഫിക് കാൽക്കുലേറ്റർ ആദ്യമായി ഉപയോഗിച്ച് ഞങ്ങൾ സെമസ്റ്റർ വിദ്യാർഥികൾ ഔപചാരികമായി പരീക്ഷകളുടെ ഡിജിറ്റൽ യുഗത്തിലേക്ക് കാലൂന്നി. ‘കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്’ എന്നൊരു പേപ്പർ എല്ലാ ബ്രാഞ്ചിലും ചേരുന്നവർ പഠിച്ചു ജയിക്കണം എന്നത് പുതുക്കിയ സിലബസിന്റെ അടരുകളിലെ ദീർഘ ദർശനമായിരുന്നു. ഇന്ന് കമ്പ്യൂട്ടർ പ്രോഗ്രാമിൽ വിഹരിക്കുന്നവർ പുരാതനമെന്നു കരുതുന്ന ഫോർട്രാൻ -4 ആയിരുന്നു ഞങ്ങളുടെ സിലബസ്സിൽ.
അങ്ങനെ അടിമുടി ആധുനികവത്കരിക്കപ്പെടുന്നതിന്റെ ഭാഗമായി ഒരു സാക്ഷാൽ കമ്പ്യൂട്ടർ കാട്ടിത്തരാൻവേണ്ടി ഞങ്ങളെ കൊല്ലത്തെ കോളേജിൽ നിന്ന് തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് കൊണ്ടു പോവുകയുണ്ടായി. പാളയത്തെ യൂണിവേഴ്സിറ്റി ഓഫീസ് വളപ്പിൽ പ്രധാന കെട്ടിടത്തിന്റെ വശത്തുള്ള ഓടുമേഞ്ഞ ഒരു ഒറ്റനില ഓഫീസ് ആയിരുന്നു രംഗ വേദി. കമ്പ്യൂട്ടർ ഉള്ളതുകൊണ്ട് എപ്പോഴും തണുപ്പിച്ചുവയ്ക്കാൻ ആ വലിയ മുറി എയർ കണ്ടീഷൻ ചെയ്തിട്ടുണ്ടെന്ന് പ്രൊഫസ്സർ ഞങ്ങളെ അറിയിച്ചു. സിനിമാ തിയേറ്റർ അല്ലാതെ മറ്റൊന്നും ശീതീകരിച്ചുതുടങ്ങിയിട്ടില്ലാത്ത കാലമാണ്. ഒരു കമ്പ്യൂട്ടറിനെ നേരിൽ കാണാൻ പോകുന്നതിന്റെ ഗൗരവം ആവാഹിച്ച മുഖഭാവങ്ങളുമായി അടച്ചിട്ട പടിവാതിലിൽ ഞങ്ങൾ അച്ചടക്കം പാലിച്ച് വരിയായിനിന്നു. ഒരുനേരം ഏഴെട്ടു പേർക്ക് മാത്രമാണ് പ്രവേശനം. അവർ മറ്റേ വാതിൽ വഴി പുറത്തിറങ്ങുമ്പോൾ അടുത്ത സംഘം ഷൂ ഊരി പുറത്തുവച്ച് നഗ്നപാദരായി അകത്തേയ്ക്ക്. ഉള്ളിൽ മുറിയുടെ നടുവിൽ ഒരു വലിയ മേശപ്പുറത്ത് നല്ല വലിപ്പത്തിലുള്ള കമ്പ്യൂട്ടർ ക്ഷേമ ഐശ്വര്യങ്ങളോടെ സ്ഥിതി ചെയ്യുന്നുണ്ട്. ആരും അരികത്ത് പോയി തൊട്ടു തലോടാതിരിയ്ക്കാനായി നാല് വശങ്ങളിലും കുറ്റികളിൽ ചരടുകെട്ടി കയ്യകലം ഉറപ്പാക്കിയിട്ടുണ്ട്. ആദരവോടെ, ഭയബഹുമാനങ്ങളോടെ ചരടിന് വെളിയിലൂടെ കമ്പ്യൂട്ടറിനെ കണ്ടു പ്രദക്ഷിണം വയ്ക്കുമ്പോൾ, വായിച്ചിട്ടുള്ള സയൻസ് ഫിക്ഷനുകളാണ് ഓർമ്മയിൽ ഓടിവന്നത്.
കണ്ടുപിടുത്തങ്ങളും ശാസ്ത്രീയ നേട്ടങ്ങളുമായി ചില മനുഷ്യർ അതിരുകൾക്കുമപ്പുറത്തെയ്ക്ക് വളർന്ന് അതിമാനുഷത്വം കൈവരിക്കുന്നതായിരുന്നു ഭാവനയും സങ്കല്പശേഷിയും തിമർത്താടിയ ആ ഫിക്ഷനുകൾ. നാലഞ്ചു ദശകങ്ങൾക്കുശേഷം ഇന്നാലോചിക്കുമ്പോൾ, പതിവുപോലെ, യാഥാർത്ഥ്യം ഫിക്ഷനെക്കാൾ അവിശ്വസനീയമായിരിക്കുന്നു . കാരണം ചില മനുഷ്യർ മാത്രമല്ല, ഏറെക്കുറെ ഇന്ന് ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും ഏറ്റവും പ്രധാനപ്പെട്ട ജീവസന്ധാരണ ഉപകരണമായി മാറിയിരിക്കുന്നു, അന്നു ഞങ്ങൾ തൊഴുതുമടങ്ങിയ കമ്പ്യൂട്ടറിന്റെ പരിണാമരൂപങ്ങളായ ഡിജിറ്റൽ പിന്മുറക്കാർ.
നിലനില്പിന്റെ അടിസ്ഥാനമായും ജീവവായു പോലെ അവശ്യവസ്തുവായും ഡിജിറ്റൽ സാങ്കേതികവിദ്യ ഭൂമിയിൽ നിറഞ്ഞു പടർന്നിരിക്കുന്നു. ജനങ്ങൾക്കായി വികസിപ്പിച്ച മറ്റു ശാസ്ത്രീയനേട്ടങ്ങൾ അതിന്റെ ഒന്നോ രണ്ടോ ആദ്യ തലമുറകളിൽ ധനികർക്കും അഭിജാതർക്കും മാത്രം താങ്ങാവുന്ന വിധത്തിൽ ആയിരുന്നെങ്കിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ സകല മനുഷ്യരെയും ഉൾക്കൊണ്ടും എല്ലാവരിലേക്കും ഇറങ്ങിച്ചെന്നും ആണെന്നത് സവിശേഷമായിരിക്കുന്നു. അതുകൊണ്ടാണ് ഹിമാചൽ പ്രദേശിലെ മലനിരകളിലൂടെ അടൽ ടണലിലേക്ക് യാത്ര ചെയ്യുമ്പോൾ മലഞ്ചരുവിലെ കുഞ്ഞുതട്ടുകടയിൽ ചായ കുടിച്ചിട്ട് G pay ചെയ്ത്, ഭാഷയില്ലായ്മകളെ അതിജീവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്.
മനുഷ്യർക്ക് താങ്ങാവുന്നതിൽ കൂടുതൽ ഡേറ്റ മനുഷരുടെ മുന്നിലേക്ക് നാലുപാടു നിന്നും ഒഴുക്കിവിടുകയും ജീവശാസ്ത്രപരമായ പരിമിതികളാൽ അതു മുഴുവൻ കൈകാര്യം ചെയ്യാനാവാതെ, നല്ലതും ചീത്തയും വേർതിരിക്കനാവാതെ, വ്യക്തി കുഴഞ്ഞു പോവുകയും ചെയ്തേക്കാവുന്ന അവസ്ഥയാണ്..
കോവിഡിന്റെ അർദ്ധവിരാമത്തിൽ കർശന നിയന്ത്രണങ്ങളോടെ വിമാനയാത്രകൾ പുനരാരംഭിച്ചപ്പോൾ 2020 ഡിസംബർ ഒടുവിൽ തുർക്കിയിലേക്ക് യാത്ര പോയിരുന്നു. പുതുവർഷ രാത്രിയിൽ അന്റ്റാലിയ നഗരത്തിലെ തെരുവുകളിൽ പെയ്യുന്ന മഞ്ഞിലൂടെ, പിറക്കാൻ പോകുന്ന വർഷത്തെ സ്വാഗതം ചെയ്ത് ആടിപ്പാടി ഒഴുകിയ, സുന്ദരന്മാരും സുന്ദരികളും കുട്ടികളും അടങ്ങിയ ജനസഞ്ചയത്തെ കണ്ടപ്പോൾ ആവേശഭരിതരായി. കൊവിഡ് നിയന്ത്രണങ്ങൾ ഉപേക്ഷിച്ച നഗര ജനതയോടൊപ്പം ആഘോഷയാത്രയിൽ പങ്കു ചേർന്ന് ഞാനും ഷെർളിയും പുലരുവോളം അറ്റ്ലാന്റിയ നഗരത്തിന്റെ തെരുവുകളിൽ അലഞ്ഞു. പിറ്റേന്ന് മടക്കയാത്രക്ക് ഇസ്താൻബുളിൽ എത്തിയപ്പോൾ രണ്ടു പേർക്കും കോവിഡ് തൊണ്ട വരെ എത്തിയതിന്റെ ലക്ഷണങ്ങൾ തോന്നി. അടുത്ത ദിവസം ബഹ്റൈനിലേക്ക് വിമാനയാത്ര സാധ്യമാകണമെങ്കിൽ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. രാത്രി തൊണ്ടക്കുഴപ്പവും ശരീരതാപനിലയും രണ്ടു പേർക്കുമുയർന്നു. താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആശുപത്രിയിൽ പോകാൻ ഏർപ്പാടാക്കിയ ടാക്സി ഞങ്ങളെ കൊണ്ടുവിട്ടത് തക്സീം ചത്വരത്തിനരികെയുള്ള ഒരു ആശുപത്രിയിലാണ്. നീളം കൂടിയ പല വരികളിൽ ദീനം പിടിച്ചവർ നിൽക്കുന്നു. ഞങ്ങൾ നിൽക്കേണ്ട വരിയേതെന്നറിയാൻ ആംഗ്യഭാഷയ്ക്കായില്ല. ഒടുവിൽ എങ്ങനെയോ കോവിഡ് ലക്ഷണങ്ങളുള്ളവർ നിൽക്കുന്ന വലിയ വരിയുടെ പിന്നിലെത്തി. ഞങ്ങൾക്കു മുന്നിൽ വരിയിൽ നിന്ന് ആളുകൾ തളർന്നുവീഴുന്നുണ്ട്.
അറിയാവുന്ന ഭാഷകളിലെ മുറിവാക്കുകൾ ചേർത്ത് വേറെ ആശുപത്രിയെക്കുറിച്ച് ഞങ്ങൾ ചോദിക്കുമ്പോൾ അരികത്തുനിന്ന തുർക്കി യുവതി എന്റെ കയ്യിലെ ഫോൺ വാങ്ങി ഇന്റർനെറ്റിലൂടെ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ തുർക്കിയിൽ എഴുതി ക്കാണിച്ചു. ഞങ്ങൾ ഭാഷാന്തരം ചെയ്ത് ഇംഗ്ലീഷിൽ വായിച്ചു: “ഇത് ഗവർമെന്റ് ആശുപത്രിയാണ്. തക്സീം സ്ക്വയറിനു പിന്നിലൂടെ കുറെ നടന്നു പോകാവുന്നിടത്ത് ഒരു പ്രൈവറ്റ് ആശുപത്രിയുണ്ട്”.
ഞങ്ങൾ കഴിയാവുന്നത്ര വേഗത്തിൽ തക്സീം സ്ക്വയറിലേക്ക് ഇരുട്ടിനെ മുറിച്ചുകടന്ന് നടന്നു. പിന്നീട് എഴെട്ടിടങ്ങളിൽ വേണ്ടത്ര വെട്ടമില്ലാത്ത മറവിലും തിരിവിലും ഞങ്ങൾ ‘അസിബാദേം ആശുപത്രിയിലേക്കുള്ള വഴി എങ്ങോട്ടാണ്’ എന്ന തുർക്കിയെഴുത്ത്, വഴിയിൽ കണ്ട മനുഷ്യരുടെ കൈകളിലേക്ക് എന്റെ ഫോൺ കൊടുത്തു വായിപ്പിച്ചു. അവരുടെ തുർക്കി മറുപടി ഇംഗ്ലീഷിലാക്കി നടന്ന് ഞങ്ങൾ ആ രാത്രി ആശുപത്രിയിലെത്തി. ഡിജിറ്റൽ യുഗം എന്താണെന്ന് നിർവചിക്കാൻ എനിക്ക് ആ സംഭവം മതി.
സോഷ്യൽ മീഡിയാ പ്രഭാവത്തിലൂടെ പരിണമിച്ചുണ്ടായതാണോ എന്നറിയില്ല, ചിന്തയിലും പ്രതികരണങ്ങളിലും കടുത്ത ബൈനറി സ്വഭാവം കടന്നുകയറുന്നു.
പേപ്പർ ആവശ്യമില്ലാത്ത തരത്തിൽ എല്ലാ വിനിമയങ്ങളും ഡിജിറ്റലായ ഓഫീസിലാണ് ജോലി ചെയ്യുന്നത്. അതിസമ്പത്ത് വിലയ്ക്ക് വാങ്ങുന്ന അതിസൗകര്യങ്ങൾ അമിത ലാഭത്തിനുവേണ്ടി ഉണ്ടാക്കിയത് എന്നാണ് ആ പ്രതിഭാസം വിലയിരുത്തപ്പെടേണ്ടത്. ജോലിയില്ലാത്ത മനുഷ്യർ ഏറെയുള്ള സമൂഹത്തിൽ ഡിജിറ്റൽവിദ്യ കൊണ്ടുവന്ന് അത് മനുഷ്യരുടെ ജോലികൾ ഏറ്റെടുത്തുചെയ്യുന്നത് അനുവദിക്കാവുന്ന കാര്യമല്ല. മനുഷ്യർക്ക് പകരമാകാനല്ല മനുഷ്യർക്കും മറ്റു ജീവികൾക്കും തുണയാകാനാണ് ഏതു സാങ്കേതിക വിദ്യയും പരിണമിക്കേണ്ടത്. ഡിജിറ്റൽ ലോകത്തിന്റെ എ.ഐ ഗവേഷണത്തിലും വളർച്ചയിലും മേൽപ്പറഞ്ഞ നൈതികത നിയാമക ശക്തിയാവണം.
കഴിഞ്ഞ ജൂലൈയിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്ക് പോയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഫോണിലെ യാത്രാ ആപ്പും ജി പി എസും ഉപയോഗിച്ചായിരുന്നു യാത്ര. പുതുതലമുറക്കാരിയായ മകളുടെ ഡിജിറ്റൽ വിദ്യയിലെ കൈവഴക്കം കാര്യങ്ങളെ എളുപ്പമാക്കി. ഏഴ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന ടിക്കറ്റുകളും താമസ സൗകര്യങ്ങളും ബുക്ക് ചെയ്തു. വിമാനത്താവള കൌണ്ടറുകളിൽ പോകാതെ ചെക്ക് ഇൻ ചെയ്തും ലഗേജ് സ്വയം ഭാരം ക്ലിപ്തപ്പെടുത്തി അയച്ചുമാണ് യാത്ര പുരോഗമിച്ചത്. ഓരോ രാജ്യത്തെയും ആഭ്യന്തര യാത്രകൾ, അവിടങ്ങളിലെ ബസ് ട്രെയിൻ, മെട്രോ, ട്രാം തുടങ്ങിയ പബ്ലിക് ട്രാൻസ്പോർട്ട് ടിക്കറ്റുകൾ എടുത്തതും കയറാനും ഇറങ്ങാനുമുള്ള ഇടങ്ങൾ തേടിയതും അവിടെക്കെല്ലാം പോയതും ഡിജിറ്റൽ വഴിയിലൂടെ മാത്രം. യാത്ര തുടങ്ങുമ്പോൾ കയ്യിൽ കരുതിയ യൂറോ കറൻസി അവിടെ എവിടെയും ചെലവിടാതെ തിരിയെ കൊണ്ടുവന്നു. ഹോട്ടലുകളിലും വണ്ടികളിലും വഴിയോരക്കടകളിലും എല്ലായിടങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ സിം കാർഡുകളുടെ റോമിംഗ് സംവിധാനത്തിൽ നിന്നായിരുന്നു ഫോണുകൾക്ക് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയത്. എഴു രാജ്യങ്ങളിലേക്ക് അണുവിട പിഴവില്ലാത്ത സമ്പൂർണ്ണമായ ഡിജിറ്റൽ യാത്രയായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യർക്ക് തുണയാകുന്ന സംവിധാനമാകുന്നതിന്റെ ഉദാഹരണമാണ് വിവരിച്ചത്.
ഡിജിറ്റൽ വിദ്യയുടെ ഉപോത്പന്നമായ സോഷ്യൽ മീഡിയ വിവരശേഖരത്തിന്റെ ചക്രവാളങ്ങളെ പരിധികളില്ലാത്തതാക്കി പരക്കുകയാണ്. മനുഷ്യർക്ക്‌താങ്ങാവുന്നതിൽ കൂടുതൽ ഡേറ്റ മനുഷ്യരുടെ മുന്നിലേക്ക് നാലുപാടു നിന്നും ഒഴുക്കിവിടുകയും ജീവശാസ്ത്രപരമായ പരിമിതികളാൽ അതു മുഴുവൻ കൈകാര്യം ചെയ്യാനാവാതെ, നല്ലതും ചീത്തയും വേർതിരിക്കനാവാതെ, വ്യക്തി കുഴഞ്ഞു പോവുകയും ചെയ്തേക്കാവുന്ന അവസ്ഥയാണ്. ഡേറ്റ ഭാരത്താൽ മനുഷ്യർ ആശയ ക്കുഴപ്പത്തിലേക്കു വീണുപോകുമോ എന്ന് ശങ്കിക്കേണ്ട സ്ഥിതിയ്ക്ക് പരിഹാരമുണ്ടാവണം. ഇന്റർനെറ്റ് സമയം വർദ്ധിപ്പിച്ച് വാണിജ്യ നേട്ടമുണ്ടാക്കാൻ എല്ലാം പരത്തിപ്പറയുന്ന, അപ്രസക്തമായ കാര്യങ്ങളിലൂടെ നെറ്റിൽ നേരം കൂട്ടുന്ന ഡിജിറ്റൽ പ്രവണത സഹിക്കാൻ കഴിയാത്തതാണ്. നെറ്റ് നേരം വർദ്ധിപ്പിക്കാൻ ചടുലതയും പ്രസക്തിയും കാര്യഗൗരവവും ഉപേക്ഷിച്ചു നടത്തുന്ന വലിച്ചുനീട്ടലുകളെ ജനം തിരിച്ചറിഞ്ഞ് ഉപേക്ഷിക്കും.
സോഷ്യൽ മീഡിയാ പ്രഭാവത്തിലൂടെ പരിണമിച്ചുണ്ടായതാണോ എന്നറിയില്ല, ചിന്തയിലും പ്രതികരണങ്ങളിലും കടുത്ത ബൈനറി സ്വഭാവം കടന്നുകയറുന്നു. ബൈനറിയിലെ ദ്വന്ദ്വങ്ങൾക്കിടയിൽ എന്തെങ്കിലും ഉണ്ടാവാനുള്ള സാധ്യതയെ നിഷേധിക്കുന്ന മുഖ്യധാര പ്രബലമാവുന്നു. ഡിജിറ്റൽ വിദ്യ പൂജ്യവും ഒന്നും ചേർന്ന ബൈനറിയിൽ നിന്നുള്ള ആവിഷ്കാരങ്ങളാണെങ്കിലും മനുഷ്യ പ്രതികരണങ്ങളെ അങ്ങനെ മാത്രം വ്യാഖ്യാനിക്കുന്ന അനാശാസ്യത പടർന്നുപിടിക്കുന്നു. പൂജ്യത്തിൽ നിന്ന് ഒന്നിലേക്കുള്ള ബൈനറിയ്ക്കിടയിൽ ധാരാളം വർത്തുള പ്രതലങ്ങൾ, സംക്രമണ സ്ഥലികൾ ഉണ്ടാവണം. ‘നിങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ നെതാന്യഹൂ പക്ഷക്കാരനാണ്’ എന്ന ബൈനറിയിലേക്ക് വിധിയെഴുതുകയും കല്ലെറിയുകയും ചെയ്യുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ഡിജിറ്റൽ വിദ്യയുടെ ഗുണഫലം തന്നെയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More