വിരൽത്തുമ്പിലെ ആൾക്കൂട്ടമാണ് സാമൂഹ്യമാധ്യമങ്ങൾ. അത് പലർക്കും കലുങ്കും കല്യാണപ്പൊരയും ഷോപ്പിങ്ങ് മോളും പബ്ലിക് ലൈബ്രറിയും മസാജ് പാർലറും അധോലോകവുമാണ്. അതേസമയം കേറിച്ചെല്ലുമ്പോഴൊക്കെ അവരവരുടെ പതാകകൾ ഏറ്റവും ഉയരത്തിൽ കാണിച്ചുതരുന്ന കണ്ണാടിപ്രതിഷ്ഠകൾകൂടിയാണ്. രേഖപ്പെടുത്താതെ, ചിത്രപ്പെടുത്താതെ, അഭിനന്ദിക്കപ്പെടാതെ തീർന്നുപോകുമോ എന്ന ആധിയിൽ തിടംവെക്കുന്ന ഭരണിപ്പാട്ടും കുംഭമേളയും ഒരു ലോകത്തോടൊപ്പം ഒന്നിച്ചഭിനയിക്കുന്ന റിയാലിറ്റി ഷോയുമാണത്. ഒപ്പം നമ്മുടെ തന്നെ സാമൂഹ്യജീവിതത്തിൻ്റെ ആകുലതകളെയും പ്രതിരോധങ്ങളെയും ഒച്ചപ്പെടുത്തുന്ന ഉച്ചഭാഷിണി കൂടിയായ് അത് പലപ്പോഴും പെരുക്കപ്പെടുന്നു.
2023-ലെ പൂരക്കാലത്തിൻ്റെ തുടക്കത്തിലും അതിനുശേഷവും സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ആഘോഷിക്കപ്പെട്ട വീഡിയോകളിലൊന്ന് ചില സിനിമാ കഥാപാത്രങ്ങളുടെ പൂരപ്പറമ്പുകളിലേക്കുള്ള വരവായിരുന്നു. അതൊരു തിരിച്ചുവരവാണെന്ന് പറയുന്നതിൽ പ്രശ്നമുണ്ട്. കാരണം ആ കഥാപാത്രങ്ങൾ പലമട്ടിൽ സാമൂഹ്യമാധ്യമങ്ങളിലെ ഭാഷയിലും, ട്രോളുകളിലും സജീവമായ് ഉപയോഗിക്കപ്പെട്ടിരുന്നു എന്നതുതന്നെ. ചട്ടമ്പിനാടിലെ (2009) സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു, കൺകെട്ടിലെ (1991) മാമുക്കോയ ജീവൻ പകർന്ന കീലേരി അച്ചു, മണിച്ചിത്രത്താഴിലെ(1993) കുതിരവട്ടം പപ്പു അവതരിപ്പിച്ച മന്ത്രവാദിയായ കാട്ടൂപ്പറമ്പൻ, പഞ്ചാബി ഹൗസിലെ (1998) ഹരിശ്രീ അശോകൻ രൂപം നൽകിയ ബോട്ട് തൊഴിലാളിയായ രമണൻ, ആട് ഒരു ഭീകരജീവിയാണ് (2015) എന്ന സിനിമയിലെ ജയസൂര്യയുടെ ഷാജിപ്പാപ്പൻ എന്നിവരായിരുന്നു ആ കഥാപാത്രങ്ങളിൽ ചിലർ. പാലക്കാട്ടോ മറ്റോ ഉള്ള പൂരത്തിലേക്കായിരുന്നു സാമാന്യമനുഷ്യരേക്കാൾ വലുപ്പത്തിൽ ഇവരുടെ പുതിയ രംഗപ്രവേശം. തെയ്യങ്ങളും തിറകളും പൂരക്കളിരൂപങ്ങളും കണ്ടുവളർന്ന മലയാളികൾക്കിടയിലേക്ക് കുനിഞ്ഞ മുഖത്തോടെ, ഒട്ടും സന്തോഷമില്ലാതെ, ആഘോഷങ്ങൾക്ക് കൂട്ടായ് അവർ വന്നിറങ്ങിയ വാർത്ത വൈറലാവുകയും ചെയ്തു.
ഒരർത്ഥത്തിൽ ഇതിൽ അത്ഭുതകരമായ ഒന്നും തന്നെയില്ല. തങ്ങളെ നിരന്തരം രസിപ്പിക്കുന്ന കഥാപാത്രങ്ങളെ സാമൂഹ്യജീവിതത്തിലേക്ക്, ആഘോഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിൻ്റെ തുടർച്ചയായി മാത്രം ഇതിനെ കാണാവുന്നതാണ്. സിനിമയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ പല അവസരത്തിൽ ഇത്തരത്തിൽ നമ്മൾ കണ്ടുമുട്ടിയിട്ടുണ്ട്. സ്പൈഡർമാനും ബാറ്റ്മാനും ശക്തിമാനും മായാവിയും, എന്തിന് മിന്നൽ മുരളിവരെ നമ്മുടെ പലതരത്തിലുള്ള ഒത്തുകൂടലുകളിലും മത്സരങ്ങളിലും പ്രച്ഛന്ന വേഷങ്ങളായ് പ്രത്യക്ഷപ്പെടുന്നത് കണ്ടവരാണ് നമ്മൾ. പക്ഷേ അവരൊക്കെയും വലിയ കരുത്തുള്ള നായകൻമാരായിരുന്നു. മനുഷ്യരേക്കാൾ വലിപ്പമുള്ള, വിരുതുള്ള മനുഷ്യരായിരുന്നു.
സമ്പൂർണ ഏകാധിപത്യത്തിലേക്ക് സഞ്ചരിക്കുന്ന ഒരു രാജ്യത്ത് പൗരൻ എന്ന സ്വന്തം ജോലിയിൽ നിരന്തരം പരാജയപ്പെട്ട് തങ്ങൾക്കെന്തോ അസാധാരണമായ രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കരുതി തന്നിലേക്കുതന്നെ തലകുമ്പിട്ട് നോക്കിയിരിക്കുന്നവരായി നമ്മൾ മാറിയിട്ട് അധികമായിട്ടില്ല.
സാഹിത്യത്തിൽ നിന്നാണെങ്കിൽ ബഷീറിയൻ കഥാപാത്രങ്ങൾ സ്കൂളുകളിലൂടെയും മറ്റ് കൂട്ടായ്മകളിലൂടെയും ഓരോ ബഷീർ ദിനങ്ങളിലും നമ്മുടെ കാഴ്ചകളിലേക്കെത്തുന്ന പതിവുണ്ട്. എട്ടുകാലി മമ്മൂഞ്ഞും പാത്തുമ്മയും മജീദും സുഹ്റയും ആനവാരി രാമൻനായരും മണ്ടൻ മുത്താപ്പയും ഇത്തരത്തിൽ നമുക്കിടയിൽ സജീവമായുള്ള സാഹിത്യമനുഷ്യരാണ്. സാഹിത്യത്തിനും സിനിമയ്ക്കുമപ്പുറത്ത് രാഷ്ട്രീയത്തിൽ നിന്നാണെങ്കിൽ മിമിക്രി എന്ന കലാരൂപത്തിലൂടെ നിരവധി നേതാക്കളുടെ രൂപഭാവങ്ങളും ഭാഷയും ടി.വിയിലൂടെയും മറ്റ് ദൃശ്യമാധ്യമങ്ങളിലൂടെയും നമ്മെ വർഷങ്ങളായി ചിരിപ്പിച്ചിട്ടുണ്ട്. കാർട്ടൂണുകളിലൂടെ മറ്റൊരു തരത്തിൽ കുറെക്കൂടി ഗൗരവമേറിയ പ്രതിനിധീകരണം കാലങ്ങളായി സാംസ്കാരിക ജീവിതത്തിൽ സജീവമാണ്. പക്ഷേ 2023-24 കാലം മുതൽ ഉത്സവങ്ങളിലും മറ്റുമായി തുടർച്ചയായ് പ്രത്യക്ഷപ്പെട്ട ദശമൂലം ദാമുവും കീലേരി അച്ചുവും രമണനും കാട്ടൂപ്പറമ്പനും, ഒരു പരിധിവരെ ഷാജിപ്പാപ്പനും മറ്റൊരുതരം വായനകൂടി സാധ്യമാക്കുന്നുണ്ട്. സവിശേഷമായി പറഞ്ഞാൽ, മലയാളിയെന്ന രാഷ്ട്രീയ മനുഷ്യനിൽ വന്നുകൂടിയ നിരാശയെക്കൂടി അവരുടെ മുഖത്തെ ദുഃഖം പ്രതിനിധാനം ചെയ്യുന്നു എന്നുവേണം കരുതാൻ.
ഒന്നോർത്തുനോക്കിയാൽ, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ തന്നെയായിരുന്നു ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പ്രതിപക്ഷമൊന്നാകെ മുന്നോട്ടുവെച്ച പ്രതിരോധത്തിൻ്റെ ആകെത്തുക. ലോക്സഭാ ഇലക്ഷൻ്റെ തൊട്ടുമുമ്പ് മുതൽ കേവല വിനോദത്തിനായെന്ന മട്ടിൽ പ്രത്യക്ഷപ്പെട്ട ഈ ബഹുരൂപികൾ മാസങ്ങൾ കഴിഞ്ഞും നമ്മുടെ സാംസ്കാരിക ബോധത്തോട് തങ്ങളെ ബാധിച്ച ആഴമേറിയ നിരാശയെക്കുറിച്ച് ചിലത് പറയുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് പ്രവണതകളുടെ പശ്ചാത്തലമാണ് ഇങ്ങനെയൊരു വായനയെ ഒരർത്ഥത്തിൽ കരയ്ക്കടുപ്പിക്കുന്നത്.
ജീവിതത്തിൻ്റെ സമസ്ത മേഖലകളിൽ നിന്നും ബഹുസ്വരതകളെ പറിച്ചെറിയാനുള്ള ശ്രമങ്ങൾ വ്യാപകമായി സംഭവിക്കുന്ന ഒരു സമയമാണ്. അപരമതവിദ്വേഷം പച്ചയ്ക്ക് പറഞ്ഞാൽ പോലും രാഷ്ട്രീയമായ ഐക്യപ്പെടലുകൾ നടക്കുന്ന ഒരു കാലത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറിയിരിക്കുന്നു. ഓണത്തിനും വിഷുവിനും മറ്റു ആഘോഷങ്ങൾക്കിടയിലും ഒരാചാരം പോലെ കൈകോർത്ത് പ്രത്യക്ഷപ്പെട്ടിരുന്ന കുരിശും തൊപ്പിയും കുറിയും ധരിച്ച മലയാളിയുടെ മതേതര ചിത്രങ്ങൾ അവിഞ്ഞ ചിരി മാത്രമായി മാറിയ ഒരിടത്തുനിന്ന് നോക്കുമ്പോൾ മാത്രമേ ദശമൂലം ദാമുവിലും കീലേരി അച്ചുവിലും കാട്ടൂപ്പറമ്പനിലും രമണനിലും ഷാജിപ്പാപ്പനിലും നിഴലിച്ചിരിക്കുന്ന അതിഭീകരമായ നിരാശയുടെ മുഖം തിരിച്ചറിയാനാകൂ.
2023-24 കാലം മുതൽ പ്രത്യക്ഷപ്പെട്ട ദശമൂലം ദാമുവും കീലേരി അച്ചുവും രമണനും കാട്ടൂപ്പറമ്പനും, ഒരു പരിധിവരെ ഷാജിപ്പാപ്പനും മറ്റൊരുതരം വായനകൂടി സാധ്യമാക്കുന്നുണ്ട്. ലോക്സഭാ ഇലക്ഷൻ്റെ തൊട്ടുമുമ്പ് മുതൽ കേവല വിനോദത്തിനായെന്ന മട്ടിൽ പ്രത്യക്ഷപ്പെട്ട ഈ ബഹുരൂപികൾ മാസങ്ങൾ കഴിഞ്ഞും നമ്മുടെ സാംസ്കാരിക ബോധത്തോട് തങ്ങളെ ബാധിച്ച ആഴമേറിയ നിരാശയെക്കുറിച്ച് ചിലത് പറയുന്നുണ്ട്.
അഞ്ച് കഥാപത്രങ്ങളും ഒരർത്ഥത്തിൽ പരാജയപ്പെട്ടവരാണ്. മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരാണ്. മറ്റുള്ളവരുടെ വിജയങ്ങളെ അടുത്തും അകലത്തും നിന്ന് കാണാൻ മാത്രം വിധിപ്പെട്ടവരാണ്. സ്വന്തം സ്വപ്നങ്ങൾ എല്ലാ കാലത്തും മാറ്റിമാറ്റിവെക്കാൻ നിർബന്ധിക്കപ്പെട്ടവരാണ്. സ്വന്തം പണിയിടത്തിൽ നിന്നുപോലും നിരന്തരം മാറ്റിനിർത്തപ്പെട്ടവരാണ്. അതുകൊണ്ടു കൂടിയാവില്ലേ ഇത്രയേറെ ചിരിപ്പിച്ചിട്ടും ഒട്ടും ചിരിപ്പിക്കാത്ത മുഖങ്ങളുമായ് അവർ കൂടുതൽ സജീവമായ് നമ്മുടെ ആഘോഷങ്ങളിൽ എത്തിപ്പെട്ടത്?
തൻ്റേതായ ഒരു വ്യവസ്ഥ രൂപപ്പെടുത്താൻ അരിഷ്ടം കുടിച്ചു തുടങ്ങിയതാണ് ദാമു. ആ അരിഷ്ടത്തെ അയാൾ തൻ്റെ പതാകയായി മാറ്റുന്നു. അടിപിടികളിലൂടെ തനിക്ക് സംഭവിക്കുന്ന ക്ഷതങ്ങളിൽ നിന്നും വേദനകളിൽ നിന്നും രക്ഷപ്പെടാനുള്ള മരുന്നായല്ല, മറിച്ച് വിജയിക്കുന്നവരുടെ വിചിത്രമായ ശീലങ്ങളിൽ ഒന്നായാണ് അയാൾപോലും അതിനെ കാണാനാഗ്രഹിക്കുന്നത്. സങ്കടമെന്നു പറയട്ടെ, വിജയിച്ച ഒരു യുദ്ധം പോലുമില്ലാതിരിക്കെ തന്നെ അയാൾ ചട്ടമ്പിമാർക്കിടയിൽ തൻ്റെതന്നെ ഒരു കഥയുണ്ടാക്കാൻ ശ്രമിക്കുകയും വീണ്ടും വീണ്ടും അപഹാസ്യനാവുകയും ആശ്രിതനാവുകയും അപമാനിതനാവുകയും ചെയ്യുന്നു. അറിയാതെ വന്നുപെട്ട ഒരബദ്ധത്തിൽ നിന്നാണ് കീലേരി അച്ചുവെന്ന ഗുണ്ടയുടെ ജനനം. കെ.ഡി ജീവിതത്തിൻ്റെ സുഖമാണ് അയാളെ വേഷപ്രച്ഛന്നനാക്കുന്നതെങ്കിലും അടിസ്ഥാനപരമായി സ്വന്തം പരാജയങ്ങളുടെ മറച്ചുവെക്കലാണത്. ആളുകളെ പേടിച്ച് ജീവിക്കുന്നതിലും നല്ലത് തന്നേക്കാൾ പേടിത്തൊണ്ടൻമാരെ പേടിപ്പിച്ച് ജീവിക്കുന്നതാണെന്ന് അയാൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് തന്നേക്കാൾ ആത്മവിശ്വാസമുണ്ടെന്നു തോന്നുന്ന, ചോദ്യം ചെയ്യാൻ ഒരുങ്ങുന്ന ആരെയും അയാൾ വേഗത്തിൽ സൗഹൃദത്തിലാക്കുന്നത്.
കാട്ടുപ്പറമ്പൻ മാടമ്പള്ളിയിൽനിന്ന് പുറത്തുചാടിയ ആത്മാവിനെ തളയ്ക്കാനുള്ള ആവാഹന കർമ്മങ്ങൾക്കിടയിൽ പ്രതികാര ദുർഗയായ ആത്മാവിനെ നേരിൽ കാണുകയും പതറുകയും സമനില തെറ്റുകയും ചെയ്യുന്നത് നമ്മൾ മണിച്ചിത്രത്താഴിലൂടെ പലവുരു കണ്ടുകഴിഞ്ഞതാണ്. തിരക്കുകളില്ലാതെ ആൽമരച്ചോട്ടിൽ തനിക്ക് പറ്റിയ സ്വഭാവമാറ്റത്തെ തിരിച്ചറിയാൻ പറ്റുന്ന ഒരാളെ അയാൾ കാത്തിരിക്കുന്നുണ്ട്. പുതിയതായി എത്തിപ്പെട്ട ഡോക്ടറുടെ നിസ്സാര നിർദ്ദേശങ്ങളെപ്പോലും അക്ഷരാർഥത്തിൽ കണ്ണുമടച്ച് പാലിക്കുന്നു. ഒന്നാലോചിച്ചു നോക്കിയാൽ അയാൾ നമ്മൾ തന്നെയല്ലേ. സമ്പൂർണ ഏകാധിപത്യത്തിലേക്ക് സഞ്ചരിക്കുന്ന ഒരു രാജ്യത്ത് പൗരൻ എന്ന സ്വന്തം ജോലിയിൽ നിരന്തരം പരാജയപ്പെട്ട് തങ്ങൾക്കെന്തോ അസാധാരണമായ രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കരുതി തന്നിലേക്കുതന്നെ തലകുമ്പിട്ട് നോക്കിയിരിക്കുന്നവരായി നമ്മൾ മാറിയിട്ട് അധികമായിട്ടില്ല. ഒരുപക്ഷേ കഴിഞ്ഞ ദശകം കൊണ്ട് ഓരോ മലയാളിയേയും ബാധിച്ച മാനസികമായ ദൗർബല്യങ്ങളുടെ ആകെത്തുകയായ് എളുപ്പത്തിൽ തിരിച്ചറിയാവുന്ന കഥാപാത്രമാണ് കാട്ടുപ്പറമ്പൻ.
രമണൻ ബംഗാളിയെപ്പോലെ പണിയെടുത്തിട്ടും രക്ഷപ്പെടാത്ത മലയാളിയാണ്. അയാൾക്ക് ജീവിതത്തിൽ ഒരു സന്തോഷവുമില്ല. ചെയ്യുന്നതെല്ലാം അയാൾക്ക് തന്നെ പാരയാകുന്ന, തൊടുന്നതെല്ലാം സ്വന്തം അന്നം മുടക്കുന്ന വിചിത്രമായ ജീവിതമാണ് അയാളുടേത്. ബാക്കിയായ മനുഷ്യപ്പറ്റ് മാത്രമാണ് അയാളെ വീണ്ടും വീണ്ടും കുഴിയിൽ ചെന്ന് ചാടിക്കുന്നത്. അടിമയായി വിൽക്കപ്പെട്ടവനാണയാൾ. പൊന്നോ പണമോ പോലെ ഇനിയും വിൽക്കപ്പെട്ടേക്കുമെന്ന എന്ന ആധി അയാളുടെ നട്ടെല്ലിൽ കൊളുത്തിയിട്ടുണ്ട്. തന്നെ ജോലിക്കു നിർത്തിയതല്ല, പണയം വെച്ചതാണെന്ന തോന്നലിനെയാണയാൾ തുരത്താനും തകർക്കാനും ശ്രമിക്കുന്നത്. നിരാശപ്പെടുന്നതിൽ ഇതിൽ കൂടുതൽ കാരണങ്ങളെന്തിനാണ് അയാൾക്ക്? പൗരൻ്റെ സകല സന്തോഷങ്ങളും തല്ലിക്കെടുത്തുന്ന, സാമൂഹ്യജീവിത്തെ പരിമിതപ്പെടുത്തുന്ന, സ്വകാര്യ വിവരങ്ങൾ പോലും ചോർത്തുന്ന ഭരണകൂടങ്ങളുള്ളപ്പോൾ അയാളിലേക്ക് വീണ്ടും വീണ്ടും പോവാതിരിക്കുന്നതെങ്ങനെ?
നായകനായാണ് ഷാജിപ്പാപ്പൻ്റെ കടന്നുവരവെങ്കിലും പറയപ്പെട്ട കരുത്തില്ലാത്ത, ഉളുക്കിപ്പോയ ഊരയുള്ള, തേപ്പ് കിട്ടിയ കഥാപാത്രമാണയാൾ. ജീവിതം ഒരു പൊരിഞ്ഞ ഓട്ടമായാണ് അയാളുടെ മുമ്പിലെത്തുന്നത്. നിരന്തരം തട്ടിത്തടഞ്ഞ് വീഴുന്ന, കുഴിയിൽ ചാടുന്ന ആത്മവിശ്വാസമില്ലാത്ത, പൊള്ളത്തരങ്ങളിലും സെൽഫികളിലും പെട്ടുഴലുന്ന മലയാളി തന്നെയാണ് അയാളും. അധോലോകം മുതൽ സ്വന്തം ഉളുക്ക് വരെ അയാളുടെ വഴിതെറ്റിക്കാനെത്തുന്നു.
ചുരുക്കത്തിൽ സന്തോഷിക്കാൻ വകയില്ലാത്ത മലയാളിയുടെ, ഈ രാജ്യത്തെ ഓരോ പൗരരുടെയും സെൽഫികളാണവർ. ജീവിച്ചിരുന്നു എന്ന് ഓർമിക്കാൻ മരുന്നുകഴിക്കുന്ന മരിച്ചവരുടെ പോക്കറ്റിൽ നിന്ന് മുഴങ്ങുന്ന റിങ്ടോണുകളാണവർ. ‘ചിരിച്ചോ, ചിരിച്ചോ, ഒരുപാട് കരയാനുള്ളതാണ്’ എന്ന് ഓർമ്മിപ്പിക്കുന്ന ഇമോജികളാണവർ. ആ അർത്ഥത്തിൽ നിലവിലെ ഇന്ത്യൻ ദേശീയ മാധ്യമങ്ങളെക്കാളും ദേശീയമാണ് പല പേരിൽ പ്രവർത്തിക്കുന്ന സാമൂഹ്യമാധ്യമങ്ങൾ.
കഥാപാത്രങ്ങളുടെ ഈ തിരിച്ചുവരവ് മലയാളിയെ ബാധിച്ച നിരാശയുടെ പ്രതിഫലനങ്ങൾ ആകുമ്പോൾ തന്നെ ഈ കടന്നുവരവ് പ്രതിരോധമാകുന്നുണ്ട് എന്നതാണ് ആശ്വാസം. അവർ സാധാരണ മനുഷ്യരാണ് എന്നത് തന്നെയാണ് അതിൻ്റെ ആധാരം. ഒറ്റപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും രോഗഗ്രസ്തരാവുമ്പോഴും പൊരുതുന്നവരും അധ്വാനിക്കുന്നവരും വികലജീവിതത്തിൻ്റെ (ജനാധിപത്യത്തിൻ്റെയും) കാരണമന്വേഷിച്ച് നടക്കുന്നവരുമാണവർ. വീഴുന്ന അത്രയും തവണ വീണിടത്ത് നിന്ന് എഴുന്നേൽക്കുകയും വേദന മറന്ന് മത്സരിക്കുകയും ചെയ്യുന്നുണ്ടവർ. തങ്ങളാലാവും വിധം ജീവിതത്തെ മുന്നോട്ട് തള്ളുന്നുണ്ടവർ. അവരുടെ വലിയ മുഖങ്ങളിൽ കാണുന്ന നിരാശ കുറച്ചു കൂടി നീതിയുള്ള ഒരു കാലത്തിന് വേണ്ടിയാവും. ഒരിക്കലും നല്ല നായകരായിട്ടില്ലാത്ത മനുഷ്യരുടെ കരച്ചിൽ ഏത് നായകൻ്റെ അലർച്ചകളേക്കാളും ഉച്ചത്തിലാണെന്ന് എത്ര വട്ടം ചരിത്രം അവരെ പഠിപ്പിച്ചിരിക്കുന്നു.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
റിഹാൻ റാഷിദ് • എം.പി. അനസ് • തനൂജ ഭട്ടതിരി • ബിജു ഇബ്രാഹിം • കെ.പി. ജയകുമാർ • ജിസ ജോസ് • സിദ്ദിഹ • റാഷിദ നസ്‌റിയ • സമുദ്ര നീലിമ • യു. അജിത്കുമാർ • Read More