ദൈവങ്ങളും ദേവലോകവും പണ്ടേ ഡിജിറ്റലാണ്. നമ്മൾ ഡിജിറ്റലാവാൻ തുടങ്ങിയപ്പോഴാണ് നമുക്കത് പിടികിട്ടിയതെന്നുമാത്രം, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമ്പൂർണ്ണമായി ഡിജിറ്റലാവുകയെന്നാൽ ദൈവമാകുക എന്നുതന്നെയാണ്. ഈ ദൈവ- മനുഷ്യ മത്സരത്തിൽ നമ്മൾ അൽപദൂരമേ താണ്ടിയിട്ടുള്ളുവെങ്കിലും സംഗതി ഉഷാറായി മുന്നോട്ടുതന്നെ. ഒട്ടുമുക്കാലും അമ്പലങ്ങളും പള്ളികളും പണം ഡിജിറ്റലായിത്തന്നെ സ്വീകരിക്കുന്നുമുണ്ട്. അവരത് ഡിജിറ്റലായിട്ടാവും അഭൗമർക്ക് എത്തിച്ചുകൊടുക്കുന്നതും.
മുപ്പത് വയസ്സിന് താഴെയുള്ളവരാണ് ഡിജിറ്റൽ വിദ്യയിൽ മുഴുകുന്നവരിൽ മൂന്നിലൊന്നെന്ന് സ്ഥിതിവിവരം പറയുന്നു. 59 കഴിയുന്നതോടെ മലയാളികൾ ഈ വിഷയത്തിൽ ഉദാസീനരാവാൻ തുടങ്ങുന്നുണ്ടെന്നും സ്ഥിതിവിവരക്കാർ മൊഴിയുന്നുണ്ട്. അതെന്തായാലും എനിക്ക് ബാധകമല്ലെന്നാണ് എന്റെ തൽസ്ഥിതി സൂചിപ്പിക്കുന്നത്.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഡിജിറ്റാലാകുന്നതിന്റെ മറ്റൊരു മനോഹാരിത. ഞങ്ങൾക്ക് മക്കളും കുടുംബങ്ങളുമായി ‘പി.ജെ.ജെ ആന്റണിയും മക്കളും’ എന്ന പേരിൽ ഒന്നുണ്ട്. ഞങ്ങൾ സഹോദരങ്ങൾക്കായി ‘ജയിംസിന്റെ പരമ്പര’ എന്ന പേരിലും കൂടുതൽ വലിയ ഒന്നുണ്ട്.
നോവലിസ്റ്റ് കെ.വി. മണികണ്ഠനാണ് എന്നെ ഡിജിറ്റൽ ലോകത്ത് എഴുത്തിനിരുത്തിയത്. മണി അന്ന് അബുദാബിയിലായിരുന്നു. മലയാളത്തിലെ ആദ്യകാല ഇന്റർനെറ്റ് ആനുകാലികമായ മൂന്നാമിടത്തിന്റെ എഡിറ്റോറിയൽ സമിതി അംഗം. ഞാൻ സൗദി അറേബ്യയിലും. കാലമാപിനി 1990-കളുടെ അന്ത്യപാദവും. സാഹിത്യ സംബന്ധിയായ ലേഖനങ്ങളും ബുക്ക് റിവ്യൂകളുമെല്ലാം എഴുതിയിരുന്ന കാലം. ചിലതെല്ലാം മൂന്നാമിടത്തിനും അയച്ചുകൊടുത്തിരുന്നു. ഫാക്‌സ് വഴിയായിരുന്നു ആ കൊടുക്കൽ വാങ്ങലുകൾ. അയച്ചുകൊടുത്തതെല്ലാം കൃത്യമായി പ്രകാശിപ്പിച്ചിരുന്നു. റാം മോഹൻ പാലിയത്ത്, ആർ. പി. ശിവകുമാർ, കരുണാകരൻ, സർജു ചത്തന്നൂർ, ലാസർ ഡിസിൽവ, കെ.എൽ. പോൾ തുടങ്ങിയവരായിരുന്നു മൂന്നാമിടത്തിലെ താരങ്ങൾ. അവരെല്ലാം അന്നേ ഡിജിറ്റലായിരുന്നു. ഞാനായിരുന്നു അവർക്കിടയിലെ ഏക ഡിജിറ്റൽ നിരക്ഷരൻ. ഞാൻ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നെങ്കിലും മൊഴി ആംഗലമായിരുന്നു. മലയാളം ഫോണ്ട് ഇന്നത്തെപോലെ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്തിരുന്നെങ്കിലും മലയാളവും അപ്രകാരം എഴുതാമെന്നുപോലും മിക്കവരും അറിഞ്ഞിരുന്നില്ല.

എന്നെ ഡിജിറ്റൽ എഴുത്തിനിരുത്തുന്ന കാര്യത്തിൽ മണികണ്ഠന് സ്വാർത്ഥതാൽപരവുമുണ്ടായിരുന്നു. തർജ്ജനി, ചിന്ത തുടങ്ങിയ മലയാള ഉള്ളടക്കങ്ങളുള്ള സൈറ്റുകൾ ഉണ്ടായിരുന്നെങ്കിലും അവയെ കൃത്യമായി ആനുകാലികം എന്ന് വിശേഷിപ്പിക്കാനാവുമായിരുന്നില്ല. പ്രവാസികളുടെ എഴുത്ത് അവിയൽ പരുവത്തിൽ അവിടെ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരുന്നു.
2001 ഡിസംബർ 31 നായിരുന്നു ആദ്യമായി മൂന്നാമിടം മാസികയായി അപ് ലോഡ് ചെയ്യപ്പെട്ടത്. പിന്നീട് മാസം തോറും അത് മുടക്കം കൂടാതെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്റെ സാഹിത്യവിമർശനപരമായ ലേഖനങ്ങൾ ഏതാണ്ട് ഒരു പംക്തി പോലെയായിരുന്നു മൂന്നാമിടത്തിൽ. വെള്ള പേപ്പറിൽഎഴുതി മണികണ്ഠന്റെ ഓഫീസിലേക്ക് ഫാക്‌സായി അയക്കുകയായിരുന്നു പതിവ്. ചിലപ്പോൾ അത് സ്‌കാൻ ചെയ്ത് ഇ മെയിലിന്റെ കൂടെ അറ്റാച്ച് ചെയ്തും അയക്കും. എന്റെ കൈയ്യക്ഷരം ലേശം അലമ്പായിരുന്നതിനാൽ അത് വായിച്ച് രണ്ടാമത് ടൈപ്പ് ചെയ്ത കയറ്റുക ക്ലേശകരമായിരുന്നു. സമയദൈർഘ്യം ആവശ്യമുള്ളതും. ഈ ദുർഘടം ഒഴിവാക്കാനാൻ മണികണ്ഠൻ കണ്ടെത്തിയ സൂത്രമാണ് എന്നെ മലയാളം അക്ഷരവിദ്യയിൽ ജ്ഞാനസ്‌നാനം ചെയ്ത് ഡിജിറ്റൽ സാക്ഷരൻ ആക്കുകയെന്നത്. എന്റെ ഭയാശങ്കകളെ മണി നിഷ്‌ക്കരുണം തള്ളിക്കളഞ്ഞു. കക്ഷി ഇ മെയിലിൽ അതിനുള്ള സൂത്രവിദ്യ അയച്ചുതന്നു.
മുപ്പത് വയസ്സിന് താഴെയുള്ളവരാണ് ഡിജിറ്റൽ വിദ്യയിൽ മുഴുകുന്നവരിൽ മൂന്നിലൊന്നെന്ന് സ്ഥിതിവിവരം പറയുന്നു. 59 കഴിയുന്നതോടെ മലയാളികൾ ഈ വിഷയത്തിൽ ഉദാസീനരാവാൻ തുടങ്ങുന്നുണ്ടെന്നും സ്ഥിതിവിവരക്കാർ മൊഴിയുന്നുണ്ട്.
കമ്പനിയിലെ ഇന്റർനെറ്റ് ടെക്‌നീഷ്യൻ പാലക്കാട്ടുകാരനായ ജയനാരായണന്റെ സഹായത്തോടെ എന്റെ പഴസണൽ കമ്പ്യൂട്ടറിൽ മാധുരി എന്ന മലയാള ടൈപ്പിംഗ് സൂത്രം സ്ഥാപിതമായി. പിന്നെ മണിയുടെ കോച്ചിംഗ് ആയിരുന്നു. ആദ്യം എന്റെ മേൽവിലാസം മലയാളത്തിൽ അടിക്കാനാണ് മണി പറഞ്ഞത്. അതിനകം മംഗ്ലീഷിനെ സംബന്ധിക്കുന്ന ചില ഗൂഢധാരണകൾ മണി പകർന്നിരുന്നത് എനിക്ക് സഹായകമായി. സ്‌ക്രീനിൽ എന്റെ പേർ തെളിഞ്ഞപ്പോൾ ഉണ്ടായിരുന്ന ഉത്സാഹം പറയാനാവില്ല. പിന്നെ ശറപിറാ അടി തുടങ്ങി. ഒരു പാരഗ്രാഫ് കഴിയുമ്പോൾ തെറ്റുതിരുത്തലാണ്. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമായിരുന്നു ബാലികേറാമലകൾ. ഓഫീസ് സമയം കഴിഞ്ഞ് ഒരുമണിക്കൂർ നേരം വീതം ഞാൻ മണികണ്ഠന്റെ ശിഷ്യനായി. വളരെ വേഗം എഴുത്തുവിദ്യയിൽ കരുത്തനായി. അതിനുശേഷം ഒരിക്കലും പേന ഉപയോഗിച്ച് എഴുതിയിട്ടില്ല. ഭാര്യയ്ക്കുള്ള പ്രണയലേഖനങ്ങൾ തെരുതെരെയായി അയക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ ആണ്ടുകൾ 24 കഴിഞ്ഞിട്ടും എന്റെ ശ്രീമതി ഡിജിറ്റൽവിദ്യയിൽ സ്വയം പര്യാപ്തത നേടിയിട്ടില്ല. ടൈപ്പും പക്ഷേ മെല്ലെ മെല്ലെയാണ് പുരോഗതി. ഫേസ്ബുക്കാണ് അവർക്കുള്ള പ്രലോഭനം. പയ്യെത്തിന്നാൽ പനയും തിന്നാം എന്നതാണല്ലോ പ്രമാണം.

അമ്പതോളം കഥകൾ, ഒരു നോവൽ, അരഡസൻ വിശ്രുത പുസ്തകങ്ങളുടെ വിവർത്തനങ്ങൾ, നിരവധി ലേഖനങ്ങൾ. കഴിഞ്ഞ 14 വർഷങ്ങളുടെ മാധുരീസേവ മോശമല്ല. ഓഫീസിലിരുന്നും കഥകൾ എഴുതാം എന്ന ആനുകൂല്യം വേറെ. ഒറിജിനൽ എഴുതുക എന്നത് ഓഫീസിൽ വച്ച് ക്ലേശകരമാണെങ്കിലും എഡിറ്റിംഗിന് ഓഫീസ് അത്യുത്തമം. ഇന്നോർക്കുമ്പോൾ മണിയോടുള്ള എന്റെ കടപ്പാട് പറഞ്ഞുതീർക്കാവുന്നതല്ല. മക്കൾ രണ്ടുപേർ കമ്പ്യൂട്ടർ എഞ്ചിനീയർമാരായത് സൗകര്യമായി. ആധുനികമായ പി സി എനിക്ക് അവർ വാങ്ങിത്തന്നു. അച്ഛൻ അനായാസമായി എഴുതണമെന്ന ആഗ്രഹം അവർക്കും ഉണ്ടാകുമല്ലോ. റിട്ടയറായി വീട്ടിലെത്തിയപ്പോൾ ദിനേന കിട്ടിയിരുന്ന പ്രണയലേഖനങ്ങൾ കിട്ടാതെയായി എന്ന പരാതി പങ്കാളിക്കുണ്ടായി. എഴുത്തുമേശയിൽ നിന്ന് അടുക്കളയിലേക്ക് കത്തയക്കുന്നതിൽ പ്രണയസുഖമൊന്നും കണ്ടില്ല. അങ്ങനെയായാലും എഴുത്തുകൾ അയച്ചോളൂ എന്നാണ് പ്രിയപക്ഷം.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഡിജിറ്റാലാകുന്നതിന്റെ മറ്റൊരു മനോഹാരിത. ഞങ്ങൾക്ക് മക്കളും കുടുംബങ്ങളുമായി ‘പി.ജെ.ജെ ആന്റണിയും മക്കളും’ എന്ന പേരിൽ ഒന്നുണ്ട്. ഞങ്ങൾ സഹോദരങ്ങൾക്കായി ‘ജയിംസിന്റെ പരമ്പര’ എന്ന പേരിലും കൂടുതൽ വലിയ ഒന്നുണ്ട്. പൊതുവായ കാര്യങ്ങൾ എല്ലാവരും അതിൽ കുറിപ്പിട്ട് അറിയിക്കുന്നു, ചർച്ച ചെയ്യുന്നു. ഓഹരിയെടുത്ത് പല ഇഷ്ടകാര്യങ്ങളും നടത്താനും ഇതുവഴി സാദ്ധ്യമാകുന്നുണ്ട്. അടുപ്പവും സ്‌നേഹവും ഇത്തിരിച്ചൂടോടെ നിലനിർത്തുന്നു എന്നത് വലിയകാര്യം തന്നെ. അടുത്തമാസം എന്റെ അമ്മയുടെ അമ്മയുടെ അമ്പതാം ചരമവാർഷികമാണ്. ആ ഗ്രൂപ്പിൽ അത് ചർച്ചയിൽ പൊന്തിവന്നു. പലരും അമ്മാമ്മയുടെ ഓർമ്മകൾ പങ്കിട്ടു. അതിനൊടുവിൽ ആ ദിവസം ഒരുമിച്ച് കൂടാനും അമ്മാമ്മയെ ഓർമ്മയ്ക്കായി ഒരു ദിവസം ഒത്തൊരുമിച്ച് ചെലവഴിക്കാനും തീരുമാനമായി. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി വലിയൊരു കൂട്ടമാണത്. പിരിഞ്ഞുപിരിഞ്ഞ് പലവഴിക്കായെങ്കിലും അന്യനാട്ടുകാരും ഭാഷക്കാരും ഇതര മതസ്ഥരുമായി കലർന്നെങ്കിലും ബന്ധത്തിന്റെ ചൂട് നിലനിർത്താൻ ഡിജിറ്റൽ വഴി സാദ്ധ്യമാകുന്നുണ്ടെന്നത് തീർച്ചയായും ഒരു വമ്പൻ ഡിജിറ്റൽ അനുഗ്രഹം തന്നെ. തൊഴിലിടങ്ങളിലെ സൗഹൃദസംഘങ്ങൾ വേറെയുണ്ട്. അതിൽ പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ളവരുണ്ട്. ഈയിടെ എന്റെ ഇളയ മകന്റെ വിവാഹത്തിന് അമേരിക്കൻ ഐക്യനാടുകൾ മുതൽ പല നാടുകളിൽ നിന്നും പഴയ കൂട്ടുകാരെത്തിയത് നൽകിയ ആവേശവും സന്തോഷവും എഴുത്തിൽ ഒതുക്കാനാവില്ല.
എഴുതിപ്പോയാൽ അവസാനമുണ്ടാവില്ല. സർവം ഡിജിറ്റൽ മയം. അത് ജീവിതത്തോട് ചേർക്കുന്ന ആനന്ദങ്ങൾ ഡിജിറ്റലായതിനെ അഡിജിറ്റലാക്കുന്നു. പോകെപ്പോകെ സാപ്പിയൻസ് അജൈവമായി പരിണാമപ്പെട്ടാലും സൈബോർഗുകൾ നമ്മുടെ കുലത്തെ അധീനപ്പെടുത്താൻ കൊണ്ടുപിടിച്ച് പരിശ്രമിച്ചാലും അതൊക്കെയും അന്തിമമായി ഡിജിറ്റലാവുന്നതിന്റെ രസത്തെ നിലനിർത്തുകയും പെരുപ്പിക്കുകയുമേ ചെയ്യുകയുള്ളൂ.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • Read More