21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 11
▮
സ്വകാര്യതാലംഘനത്തെക്കുറിച്ചുള്ള നമ്മുടെ തീവ്രമായ പ്രതീകകല്പന ഭരണകൂടം ശയനമുറിയിലേക്ക് അതിക്രമിച്ച് കടന്നുവരുന്നു എന്നാണ്. കിടപ്പുമുറിയുടെ സ്വകാര്യത വളരെ മുമ്പേ തന്നെ അത്ര സുരക്ഷിതമല്ല. നവസാങ്കേതികവിദ്യയുടെ പ്രവേശം മുതൽ സ്വകാര്യത അവകാശപ്പെടാൻ കിടപ്പുമുറിയെക്കാൾ സ്വകാര്യമായ എന്തെങ്കിലും ഒരിടത്തിനു പോലും സാധ്യമല്ല. സ്വകാര്യതയ്ക്കുള്ള അവകാശമായി വ്യക്തിയിൽ നിന്നും അന്യമായൊരു ഭൗതികമായ ഇടത്തിന് സാധുത നൽകുന്നത് ഭൗതികലോകമായിരുന്നു മനുഷ്യരുടെ പ്രധാന വിഹാരഭൂമിക എന്ന കാരണത്താലാണ്. അതേതായാലും ഡാറ്റ കേന്ദ്രിതലോകത്തിൽ അപ്രസക്തമായി. ഏറ്റവും സ്വകാര്യമായി പൂഴ്ത്തിവെച്ചിരിക്കുന്ന ക്രിപ്റ്റോ നാണയത്തുട്ടുകൾ വരെ കിറുകൃത്യം സാമ്പത്തിക വിനിമയത്തിന്റെ ഡാറ്റ പരിശോധിച്ചാൽ വ്യക്തമാവും. ഭൗതികലോകത്തേക്കാൾ വിർച്വൽ ലോകത്തിലെ സ്വകാര്യതയും സൂക്ഷ്മനീരിക്ഷണവുമാണ് വ്യക്തിയെ ചൂഴാൻ അധികാരശക്തികൾ കണ്ടെത്തിയ ഇടം.
സ്വകാര്യമെന്നുള്ളതിന് രഹസ്യാത്മകത എന്നർത്ഥമുണ്ട്. പക്ഷെ, സ്വകാര്യവും സ്വകാര്യതയും രഹസ്യാത്മകമായ ഒരകന്ന ബന്ധമാണുള്ളത്. ഒരു വ്യക്തി പൊതുവായി പങ്കുവെയ്ക്കാൻ എന്താണോ താല്പര്യപ്പെടാത്തത് അത് സ്വകാര്യതയുടെ പരിധിയിൽ വരും. Right to be Left Alone - സ്വകാര്യതയെ സംബന്ധിച്ചുള്ള ആധുനിക സമൂഹത്തിന്റെ നിദർശനമാണ്. ലിബറൽ കാഴ്ചപ്പാടിലെ വ്യക്തി സങ്കല്പനം സ്വകാര്യതയെക്കുറിച്ചു പ്രധാനമാണ്. പൊതുവും സ്വകാര്യവുമായി വേർതിരിയുന്ന ബൂർഷ്വാ സമൂഹത്തിന്റെ സാങ്കല്പിക സൃഷ്ടിയാണ് സ്വകാര്യത എന്നു നീരീക്ഷിച്ചാൽ തെറ്റുണ്ടാകില്ല. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത ഫാസിസ്റ്റ്/ സൈനിക/ ഏകപാർട്ടി സമഗ്രാധികാരങ്ങൾക്ക് സ്വകാര്യത എന്നാൽ സാമൂഹ്യവിരുദ്ധവും അപകടകരവുമായ ഒരു ദുഷ്പ്രവണതയാണ്.
വായിക്കാം, കേൾക്കാം: മലയാളിയുടെ യുദ്ധം
വിശ്വാസത്തിന്റെ
അർമാദങ്ങളേ,
വിട…
ഗൂഗ്ൾ മാപ്പിലൂടെ
ആമാശയത്തിലേക്ക്
പറന്നുവരുന്ന
ഗിഗ് മുതലാളിത്തം
കൂട്ടപിരിച്ചുവിടലിന്റെ
കാൽനൂറ്റാണ്ട്
21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm
പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ
വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം
Algo New Speak
മീമുകൾ മാത്രം മതി
പൗരസമൂഹത്തിന്റെ ആവിർഭാവത്തോടെയാണ് സ്വകാര്യതയെക്കുറിച്ചുള്ള ഒരു സാമാന്യധാരണയെങ്കിലും രൂപപ്പെടുന്നത്.
സ്വകാര്യത - ഒരു ആധുനിക സാമൂഹ്യ സങ്കല്പമായിരിക്കെ തന്നെ, ചരിത്രപരമായ നീതിമത്കരണത്തിനു വേണ്ടിയാകണം പുരാണ - ഇതിഹാസ കാലത്തിലും സ്വകാര്യതയെക്കുറിച്ചൊരു സങ്കല്പനം ഉണ്ടായിരുന്നതായി വാദിക്കുന്നവരുണ്ട്. രാമായണത്തിലെ ലക്ഷ്മണരേഖ സ്വകാര്യതയെക്കുറിച്ചുള്ള ആദിമ സങ്കല്പമാണെന്നാണ് വാദം. അധികാരം വരഞ്ഞിട്ടുപോകുന്ന അതിർത്തികളിലെ സംരക്ഷിത ജീവിതമല്ല ആധുനിക സങ്കല്പനത്തിലെ സ്വകാര്യതയുടെ ലക്ഷ്മൺ-രേഖ. സീത സ്വയം ഒരു വരവരച്ചുകൊണ്ട് തന്റെ സ്വാച്ഛന്ദ്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ അത്തരത്തിലുള്ള ഒരു "സീതാരേഖ"യെ ആദിമ സ്വകാര്യതയായി വിലയിരുത്താമായിരുന്നു. പഴയ നിയമത്തിലെ അറിവിന്റെ ഫലം കഴിച്ചതിനുശേഷം നഗ്നത തിരിച്ചറിഞ്ഞ ലജ്ജാവിവശരായ ആദ്യ പിതാവിന്റെയും മാതാവിന്റെയും ശരീരസന്മാർഗബോധമാണ് സ്വകാര്യതയുടെ ആദ്യ നിദർശനം എന്നും വാദിക്കുന്നവരുണ്ട്. അവിടെയും പ്രശ്നമുണ്ട്. സൃഷ്ടികർത്താവിന്റെ ഉൾപ്പെടെയുള്ള നോട്ടമാണ് ലജ്ജയുടെ ഉറവിടം. സ്വമേധയാ നോട്ടത്തെ നിരാകരിക്കുന്നതല്ല ഇവിടെ സ്വകാര്യതയുടെ തിരഞ്ഞെടുപ്പ്.

ഈ രണ്ടു ഉദാഹരണങ്ങളിൽ നിന്നും അനുമാനിക്കാവുന്നത് ആത്മകർതൃത്വനിർണയമാണ് സ്വകാര്യത എന്ന അവകാശത്തിന്റെ ഉറവിടം. സ്വകാര്യത അവകാശമാണ്, വ്യക്തിയുടെ സ്വാച്ഛന്ദ്യമാണ് സ്വകാര്യത എന്ന അവകാശത്തിനു ആധാരമാകുന്നത്. വ്യക്തിയുടെ സ്വയംനിർണയകാവകാശമാണ് സ്വകാര്യത. ഇത് തികച്ചും ആധുനികമാണ്. പൗരസമൂഹത്തിന്റെ ആവിർഭാവത്തോടെയാണ് സ്വകാര്യതയെക്കുറിച്ചുള്ള ഒരു സാമാന്യധാരണയെങ്കിലും രൂപപ്പെടുന്നത്.
പൊതുവിൽ ആറുഘടകങ്ങളാണ് സ്വകാര്യതയുടെ നിർവചനത്തിനായി പരിഗണിക്കാറുള്ളത്.
1) ഒറ്റയ്ക്കു ജീവിക്കാനുള്ള അവകാശം (right to be left alone).
2) അവരവരിലേക്കു പുറംലോകത്തിനു കടന്നുവരാനുള്ള പരിമിതമായ പ്രവേശം.
3) രഹസ്യം.
4) വ്യക്തിഗത വിവരങ്ങളുടെ മേലുള്ള വ്യക്തിയുടെ നിയന്ത്രണം.
5) വ്യക്തിത്വം.
6) ഏതുവരെയുള്ള അടുപ്പമാകാമെന്ന (intimacy) സ്വയംനിർണയം.
ഇതിൽ രഹസ്യാത്മകത, സ്റ്റേറ്റിന്റെയും സമൂഹത്തിന്റെയും സുരക്ഷാ പ്രശ്നം മുൻനിർത്തി പ്രതിരോധ്യമാവുകയില്ല. ഒരു കൊലപാതകം നടക്കാൻ പോകുന്നു എന്ന വിവരം രഹസ്യാത്മകമായി സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ല. സ്വകാര്യതയുടെ കാതലായ ആശയങ്ങൾ വ്യത്യസ്ത നിർവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിക്ക് അതിരുകൾ നിശ്ചയിക്കാൻ കഴിയുന്ന ഭൗതിക ഇടം. കാല്പനികമായി പറഞ്ഞാൽ ഒളിച്ചിരിക്കാനൊരു ഇടം എന്നൊരു ധാരണ സ്വകാര്യതയെക്കുറിച്ചുള്ളതാണ്. അനധികൃതമായ അധിനിവേശത്തിൽ നിന്നുള്ള സംരക്ഷണം എന്നും ഇതിനെ അർത്ഥമാക്കാം. വ്യക്തിഗത വിവരങ്ങളുടെ വെളിപ്പെടുത്തലിനുമേൽ വ്യക്തിയുടെ തന്നെ നിയന്ത്രണം. ഏറ്റവും പ്രധാനമാകുന്നത് വ്യക്തിയെ ഒറ്റയ്ക്ക് വിടുക (right to be alone) എന്ന പൊതുതത്വത്തിനു തന്നെയാണ്.
സ്വകാര്യത പൗരവകാശമാകുന്നത് എന്തുകൊണ്ടെന്നാൽ ആധുനിക ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ മൂലതത്വങ്ങളായ അന്തസ്സ്, സ്വാതന്ത്ര്യം, സ്വാച്ഛന്ദ്യം, വ്യക്തിഗത നിയന്ത്രണം. സമ്മതം എന്നിവയുമായി സ്വകാര്യത അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ടാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്വകാര്യത ഗൗരവമായ ഒരു വിഷയമാകുന്നത് മേൽചൊന്ന പൗരവകാശങ്ങളെയും സ്വകാര്യതയുടെ അടിസ്ഥാന നിർവചനതത്വങ്ങളെയും ലംഘിക്കാൻ കെല്പുള്ളതാണ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്ന കാരണത്താൽ കൂടിയാണ്. വ്യക്തിയുടെ സമ്മതമില്ലാതെ തന്നെ ഓരോത്തരുടേയും വ്യക്തിഗത വിവരങ്ങളെ കവരാൻ അധിനിവേശ (invasive) സ്വഭാവമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾക്ക് സാധിക്കുന്നു.

ആഗോള സർവെയ്ലൻസ് സമ്പദ് വ്യവസ്ഥ
(Surveillance Economy)
ബിഗ് ഡാറ്റയുടെ യുഗത്തിൽ, വ്യക്തിഗതവിവരങ്ങൾ വിപണിയിലും ഡാറ്റാ ബ്രോക്കർമാർക്കിടയിലും വ്യാപാരം ചെയ്യപ്പെടുന്ന ഒരു വസ്തുവായി മാറിയിരിക്കുന്നു. വ്യക്തിഗതവിവരങ്ങൾ വിപണനമൂല്യമുള്ള ഒന്നാണ്. കൂടാതെ വ്യക്തിഗത ഡാറ്റാ കൈമാറ്റങ്ങൾ സർക്കാർ സൂക്ഷ്മനിരീക്ഷണം നടത്തുകയും ചെയ്യുന്നു. ലോകത്തിലെ ഓരോ പൗരരും വിവര സൂക്ഷ്മ നിരീക്ഷണ സംവിധാനത്തിന്റെ റഡാറിൻ കീഴിലാണ്. വ്യക്തികളുടെ ഡാറ്റാവിപണി തന്ത്രങ്ങൾ മെനയാൻ ഉപയോഗപ്പെടുന്നതിനോടൊപ്പം സ്റ്റേറ്റിന്റെ പരിശോധനയ്ക്കായി കൈമാറുന്നു.
വ്യക്തിയുടെ ഡാറ്റ തികച്ചും വ്യക്തിഗതമായ വിവരമാണ്. നിയമസംവിധാനങ്ങളുടെ അറിവോടെ മാത്രമാണ് ഏതൊരു വ്യക്തിയുടെയും വിവരം ഭരണകൂട ഏജൻസികൾക്കടക്കം ചോർത്താൻ അധികാരമുള്ളൂ. അല്ലെങ്കിൽ വ്യക്തിയുടെ പൂർണസമ്മതം ആവശ്യമാണ്. എന്നാൽ, ഈ രണ്ടു അടിസ്ഥാന തത്വങ്ങളും ലംഘിച്ചുക്കൊണ്ടാണ് വ്യക്തികളുടെ വിവരം കുഴിച്ചെടുക്കുകയും (mine) വിളവെടുപ്പ് (harvest) നടത്തുകയും ചെയ്യുന്നത്. വിപണിയുമായി ബന്ധപ്പെട്ടാണ് ഡാറ്റാ ഖനനനവും കൊയ്യലും നടക്കുന്നത്. ഡാറ്റ-വിലപിടിപ്പുള്ള ചരക്കാണ് (commodity). ഇത് കോർപറേറ്റുകൾ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു. ഓരോ വ്യക്തിയും ഡാറ്റ ഉൽപാദണ് യന്ത്രങ്ങളാണ്. ഡാറ്റയുടെ ചരക്കുവൽക്കരണവും വിനിമയവും സമ്പത്തുത്പാദനത്തിനും കുന്നുകൂട്ടലിനും ഉപയുക്തമാകുന്നു. ചൂഷണാധിഷ്ഠിതവും ധനസഞ്ചയ കേന്ദ്രിതമായ സാമ്പത്തിക വ്യവസ്ഥയെയാണ് സർവേലൻസ് സമ്പദ്വ്യവസ്ഥ എന്നു വിളിക്കുന്നത്. വൻകിട ടെക് കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്സ് തന്നെ ഡാറ്റ വിപണനത്തെ കേന്ദ്രീകരിച്ചുള്ളതാകുന്നു. ഇന്നത്തെ ലോക സമ്പദ്വ്യവസ്ഥയുടെ ഒരു മുഖ്യ ഘടകമെന്ന് പറയുന്നത് സൂക്ഷ്മ നീരിക്ഷണ സമ്പദ്വ്യവസ്ഥയാണ്. ഡാറ്റ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും ഇതിലെ ഡിജിറ്റൽ ഡാറ്റ ഉല്പാദകരും. ബിഗ് ഡാറ്റ ബഹുജന ഉൽപനം (mass product) പോലെയോ അതിനേക്കാൾ വ്യപതിയുള്ളതാണ്. ഡാറ്റ ഉത്പാദകർ സർവേലൻസ് സമ്പദ്വ്യവസ്ഥയിലെ അദ്ധ്വാനവർഗ്ഗവും (proletarians).
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ യു.എസ് സർക്കാർ വിവേചനരഹിതമായി ആക്‌സസ് ചെയ്യുന്നുണ്ടെന്നും സ്നോഡന്റെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നു.
2013-ൽ, സി ഐ എയിൽ ജോലി ചെയ്തിരുന്ന കമ്പ്യൂട്ടർ ഇന്റലിജൻസ് കൺസൾട്ടന്റായിരുന്ന എഡ്വേർഡ് സ്നോഡൻ അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ എസ് എ) തരംതിരിച്ചു വെച്ചിരുന്ന രേഖകളെക്കുറിച്ചുള്ള ഒരു സുപ്രധാന വെളിപ്പെടുത്തൽ ലോകസമക്ഷം നടത്തി. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ വെരിസോണിന്റെ ടെലിഫോൺ ഉപഭോക്താക്കളുടെ ദശലക്ഷക്കണക്കിന് ടെലിഫോൺ രേഖകൾ എൻഎസ്എ ശേഖരിച്ചിരുന്നു. ആഭ്യന്തര, വിദേശ പൗരരുടെ കൂട്ട നിരീക്ഷണം എൻഎസ്എ നടത്തിയിരുന്നുവെന്നായിരുന്നു സ്‌നോഡന്റെ മുഖ്യമായ വെളിപ്പെടുത്തൽ. "പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും വ്യാവസായിക മുതലാളിത്തം പ്രകൃതി ലോകത്തിന് എത്രത്തോളം ഭീഷണിയായിരുന്നോ അത്രത്തോളം തന്നെ ഗുരുതരമായ ഭീഷണിയാണ് 21-ാം നൂറ്റാണ്ടിൽ മനുഷ്യപ്രകൃതിക്ക്" എന്നാണ് സോഷാന സുബോഫ് സർവേലൻസ് മുതലാളിത്തത്തെക്കുറിച്ചുള്ള പഠനത്തിൽ വിശദീകരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ക്ലാസിക് പഠന ഗ്രന്ഥമാണ് പ്രസ്തുത പുസ്തകം, ഹന്നാ ആരെൻഡിന്റെ കഴിഞ്ഞ നൂറ്റാണ്ടിലെ "On Totalitarianism" എന്ന പഠനം പോലെ.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ യു.എസ് സർക്കാർ വിവേചനരഹിതമായി ആക്‌സസ് ചെയ്യുന്നുണ്ടെന്നും സ്നോഡന്റെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ നിരവധി വൻകിട ടെക് കമ്പനികളുടെ സെർവറുകളിലേക്ക് എൻ എസ് എ നേരിട്ട് പ്രവേശനം നേടിയിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗാർഡിയൻ പത്രം പുറത്തുകൊണ്ടുവന്ന വിവരം, എൻക്രിപ്ഷനും മറ്റ് സ്വകാര്യതാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഈ കമ്പനികൾ എൻഎസ്എയുമായി അടുത്ത് പ്രവർത്തിച്ചിരുന്നു എന്ന വസ്തുതയാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു സ്‌നോഡൻ ഗാർഡിയൻ പത്രം വഴി പുറത്തുകൊണ്ടുവന്നത്. വലിയ തോതിലുള്ള ഡാറ്റാ സർവൈലൻസിന്റെ വാർത്ത കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു. സ്‌നോഡൻ ഈ നൂറ്റാണ്ടിലെ ചെ ഗുവേരയാണ്. വെളിപ്പെടുത്തലിനെ തുടർന്ന് സ്നോഡനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ്സെടുത്തു. സ്‌നോഡൻ റഷ്യയിൽ രാഷ്ട്രീയ അഭയം തേടി.
21-ാം നൂറ്റാണ്ടിലെ പ്രധാന വെളിപ്പെടുത്തലായിരുന്നു വിക്കിലീക്സിന്റെത്. ജൂലിയൻ ആസാൻജെയും ചാർളി മാനിംഗും നടത്തിയ വെളിപ്പെടുത്തൽ അമേരിക്കയുടെ രാജ്യാന്തരീയമായ അനധികൃത ഇടപെടലുകളെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ പുറത്തു കൊണ്ടുവന്നു. (വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് മറ്റൊരു അധ്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്).

ഇതേകാലത്തിൽ തന്നെ മറ്റൊരു വിവാദപരമായ സൂക്ഷ്മനീരിക്ഷണ പ്രവർത്തനവും പുറത്തുവന്നു. ബ്രിട്ടീഷ് കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക (Cambridge Analytica) രാഷ്ട്രീയ പരസ്യങ്ങൾക്കായി 2010-കളിൽ, ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വ്യക്തികളുടെ സമ്മതമില്ലാതെ ശേഖരിച്ചു. യുഎസ് വോട്ടർമാരുടെ ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ശേഖരണം ടെക് ഭീമന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡാറ്റാ ലംഘനങ്ങളിലൊന്നാണിത്. ആദ്യ തവണ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി മത്സരിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ബ്രെക്സിറ്റ് കാമ്പെയ്‌നിലും കേംബ്രിഡ്ജ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനം പങ്കാളിയായിരുന്നു. തിരഞ്ഞെടുപ്പുകൾ പ്രവചിക്കാനും സ്വാധീനിക്കാനും ശക്തമായ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാം നിർമ്മിക്കാൻ അമ്പതു ദശലക്ഷം വരുന്ന ഡാറ്റ അവർ വിശകലനത്തിനും പ്രചാരണത്തിനായി ഉപയോഗിച്ചു.
സ്വകാര്യത എന്നാൽ നമ്മുടെ പെരുമാറ്റം, ചിന്തകൾ, വികാരങ്ങൾ എന്നിവയിൽ പൂർണ്ണമായ സ്റ്റേറ്റിന്റെ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനു തുല്യമാണ്.
പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നയിക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളെ സഹായിക്കുന്നതിനായി മൈക്രോ ടാർഗെറ്റിംഗിലും (സൂക്ഷ്മമായി വോട്ടർമാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രചാരണം), വോട്ടർ പ്രൊഫൈലിംഗിലും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ജീവിതശൈലി, പെരുമാറ്റസ്വഭാവ ഡാറ്റയും ശേഖരിച്ചു. വിശകലനത്തിനായി പ്രത്യേക ജനവിഭാഗങ്ങളെയും ലക്ഷ്യംവെച്ച് പ്രചാരണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലും കേംബ്രിഡ്ജ് അനലിറ്റിക് ഇടപെട്ടതായി ആരോപണമുണ്ട്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും അവരുടെ പ്രധാന എതിരാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനങ്ങൾ ഉപയോഗിച്ചതായി പരസ്പരം ആരോപിക്കുകയും അതേസമയം ഓരോ പാർട്ടിയും കമ്പനിയുമായുള്ള സ്വന്തം പങ്കാളിത്തം നിഷേധിക്കുകയും ചെയ്തിരുന്നു.

സർവൈലൻസ്
ഇന്ത്യയിൽ
ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രധാനപ്പെട്ട സൂഷ്മനീരിക്ഷണവിവാദം ഇസ്രായേലി ചാരസോഫ്ട്‍വെയർ കമ്പനിയായ പെഗാസസ് (Pegasus) ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണുകൾ ഡാറ്റാ ചോർത്തലിനായി ഉപയോഗിച്ചുവെന്ന വിവാദമാണ്. പാരീസ് ആസ്ഥാനമായുള്ള ഒരു മാധ്യമ സംഘടനയായ ഫോർബിഡൻ സ്റ്റോറീസും (forbidden stories) ആംനസ്റ്റി ഇന്റർനാഷണലും (Amnesty International) പെഗാസസ് ഉപകരണം ലക്ഷ്യമിട്ടതായി ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ നമ്പറുകളുടെയും ഒരു പട്ടിക വെളിപ്പെടുത്തുകയുണ്ടായി. ദ വയർ, ദ ഗാർഡിയൻ, ദ വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലെ 17 മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള 80 പത്രപ്രവർത്തകരുടെ കൺസോർഷ്യമാണ് അന്വേഷണം നടത്തിയത്. മാധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളെയും മൊബൈൽ ഫോൺ വഴി അവർ അറിയാതെ വിവരം ശേഖരിക്കാൻ പെഗാസസ് ചാരസോഫ്ട്‍വെയർ ഉപയോഗിക്കപ്പെട്ടു.
സ്വകാര്യതയും ദേശീയ സുരക്ഷയും തമ്മിലുള്ള ചർച്ചയുമായി ബന്ധപ്പെട്ട് പെഗാസസ് കേസ് നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനോ കണ്ടെത്തുന്നതിനോ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾ തടയുന്നതിനോ സർക്കാരുകൾക്ക് ഇലക്ട്രോണിക് ആശയവിനിമയങ്ങൾ Intercept ചെയ്യുന്നുവെന്നത് പരക്കെ അറിവുള്ള ഒരു കാര്യമാണ്. എന്നാൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സർക്കാരിന് അനുവാദമില്ല. സർക്കാർ തങ്ങൾക്ക് അനഭിമിതരായവരെ ലക്ഷ്യം വെക്കാനാണ് പെഗാസസ്സ് ഉപയോഗിക്കുന്നതെന്ന് ആരോപണം ഉയർന്നുവന്നു. ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകർ പെഗാസസ് ചാരക്കേസ് അന്വേഷിക്കാനായി ഉന്നത നീതിപീഠത്തെ സമീപിച്ചു. ഈക്കാലത്തുതന്നെ ഭീമ - കൊറേഗാവ് കേസിലെ പ്രതികളായ റോണാ വിൽസൺന്റെയും ഹനി ബാബുവിന്റെയും ലാപ്ടോപ്പിലേക്ക് കേസിനാസ്പദമായ വിവരങ്ങൾ പോലീസ് തിരുകിക്കയറ്റിയതാണെന്ന വാർത്തയും പുറത്തുവന്നിരുന്നു.
കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഒരാളുടെ ജീവിതം ആലംബഹീനമാക്കും. ക്രെഡിറ്റ് സ്കോർ ഉയർത്താനും മാർഗമുണ്ട്: ‘മറ്റാരുണ്ട്, ഷീ ജിങ് പിങ് -അല്ലാതെ’ എന്നു പറഞ്ഞാൽ സ്കോർ കുത്തനെ ഉയരും.
നിർഭാഗ്യകരമെന്നു തന്നെ പറയാം, പത്രപ്രവർത്തകർ, സിവിൽ സൊസൈറ്റി പ്രവർത്തകർ, ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ പെഗാസസ് എന്നറിയപ്പെടുന്ന ഇസ്രായേലി സ്പൈവെയർ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാരിനെ ചോദ്യം ചെയ്യുന്നതിൽ സുപ്രീംകോടതി വ്യക്തമായൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വിമുഖത കാണിച്ചു. അമിതമായ നിരീക്ഷണം നമ്മുടെ സമൂഹത്തെ ഓർവെല്ലിന്റെ 1984 പോലെയാക്കും. അവിടെ സർക്കാർ തങ്ങളുടെ പൗരരെ ഏതാണ്ട് അമിതമായി നിരീക്ഷിക്കുന്ന വലിയേട്ടനാണ്. എല്ലാവരും വലിയേട്ടൻ നിർദ്ദേശിക്കുന്ന അതേ രീതിയിൽ പെരുമാറണമെന്ന് നിർബന്ധമാക്കുന്നു.
ഒരു ഓർവെലിയൻ സ്റ്റേറ്റിൽ ഏതൊരു വിയോജിപ്പും ഉടനടി അടിച്ചമർത്തപ്പെടും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വകാര്യത എന്നാൽ നമ്മുടെ പെരുമാറ്റം, ചിന്തകൾ, വികാരങ്ങൾ എന്നിവയിൽ പൂർണ്ണമായ സ്റ്റേറ്റിന്റെ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുന്നതിനു തുല്യമാണ്. അമിതമായ അധികാര പ്രയോഗം തടയുക എന്നതാണ് സ്വകാര്യത അവകാശമാക്കുന്നതിന്റെ ആവശ്യം. വളരെയധികം സൂക്ഷ്മ നിരീക്ഷണവിധേയമായ സമൂഹത്തിന്റെ ഉദാഹരണമാണ് ചൈനീസ് സമൂഹം. അവിടെ ഓരോ പൗരരുടെ പ്രവൃത്തിയും സൂക്ഷ്മം നീരീക്ഷണം ചെയ്തുകൊണ്ട് സാമൂഹ്യ ക്രെഡിറ്റ് സ്കോർ നൽകപ്പെടുന്നു. തൊഴിലിലെ പ്രമോഷൻ മുതൽ വായ്പ വരെ ഈ ക്രെഡിറ്റ് സ്കോറിനെ ആസ്പദപ്പെടുത്തിയായിരിക്കും.
ഉദാഹരണത്തിന്, നിങ്ങൾ പാർക്കിങ് സ്ഥലത്ത് അനധികൃതമായി സ്ഥലമെടുത്താൽ ക്രെഡിറ്റ് സ്കോർ കുറയും. അതേപോലെ, ചൈനീസ് പ്രീമിയർ ഷീയെക്കുറിച്ചു മോശം സംസാരിച്ചാൽ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയും. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഒരാളുടെ ജീവിതം ആലംബഹീനമാക്കും. ക്രെഡിറ്റ് സ്കോർ ഉയർത്താനും മാർഗമുണ്ട്: ‘മറ്റാരുണ്ട്, ഷീ ജിങ് പിങ് -അല്ലാതെ’ എന്നു പറഞ്ഞാൽ സ്കോർ കുത്തനെ ഉയരും.

സൂക്ഷ്മനിരീക്ഷണ പ്രവർത്തനങ്ങളുടെ വ്യാപ്തി സ്വകാര്യത ഒരു മൗലികാവകാശമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യതാ നിയമങ്ങൾ നടപ്പിലാക്കുന്നത് അനിവാര്യമാക്കിയിരിക്കുന്നു. ഈയൊരു ദിശയിൽ ഇന്ത്യയിലുണ്ടായ ഒരു കാതലായ സുപ്രിം കോടതി ഉത്തരവാണ് സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ടുള്ള പുട്ടസ്വാമി ഭരണഘടന ബെഞ്ചിന്റെ വിധി പ്രഖ്യാപനം. 2017 ഓഗസ്റ്റ് 24-ന്, ഇന്ത്യൻ സുപ്രീം കോടതിയിലെ 9 ജഡ്ജിമാർ, സ്വകാര്യതയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒരു ആന്തരികഭാഗമായി സംരക്ഷിക്കപ്പെടുന്നുവെന്നും ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും പ്രഖ്യാപിച്ചു.
ആധാർ പദ്ധതിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത ഈ കേസ് ഭരണകൂടം ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റ ശേഖരിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന വാദമാണ് ഉന്നയിച്ചത്. കെ.എസ്. പുട്ടസ്വാമി vs. യൂണിയൻ ഓഫ് ഇന്ത്യ (2017) എന്ന കേസിനാധാരമായത് ആധാർ തിരിച്ചറിയൽ കാർഡിനായുള്ള വിവരശേഖരണവും പുനരുപയോഗവുമാണ്. തിരിച്ചറിയൽ സംവിധാനമായ ആധാർ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് വിരമിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയും മറ്റ് ഹർജിക്കാരും വാദിച്ചു. വിരലടയാളം, ഐറിസ് സ്കാൻ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റ വ്യക്തിയുടെ പൂർണ സമ്മതമില്ലാതെ ശേഖരിക്കുന്നത് ഒരു വ്യക്തിയുടെ സ്വാച്ഛന്ദ്യത്തിനും അന്തസ്സിനും ഭീഷണിയാണെന്ന് അവർ വാദിച്ചു. സർക്കാരോ മൂന്നാം കക്ഷികളോ അത്തരം ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഹർജിക്കാർ ഉയർത്തിക്കാട്ടി.
ആധാർ വെറുമൊരു ഡാറ്റാ കാർഡ് മാത്രമല്ല; അത് സെൻസിറ്റീവ് ആയ, ബയോമെട്രിക്-ലിങ്ക്ഡ് ഐഡന്റിറ്റി വിവരങ്ങൾ ഉള്ളടങ്ങിയിട്ടുള്ളതാണ്. അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യാൻ കഴിയുമെങ്കിൽ നാളെ ആധാറുമായി ബന്ധപ്പെടുത്തിയ വ്യക്തിഗത വിവരങ്ങൾ പുറത്തുപോകും
പുട്ടസ്വാമി അഥവാ ആധാർ അഥവാ സ്വകാര്യതാ വിധി എന്നറിയപ്പെടുന്ന സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വകാര്യത ആർട്ടിക്കിൾ 21-ന്റെ അഭേദ്യഭാഗമാണെന്നും പൗരവകാശമാണെന്നും ഉറപ്പാക്കുന്നതായിരുന്നു. വിധി പ്രഖ്യാപനം ഭരണഘടനാ ജനാധിപത്യത്തിനും പൗരവകാശത്തിനും കൂടുതൽ മിഴിവ് നൽകുന്നതായിരുന്നു, നിയമ തത്വചിന്തകനായ ഗൗതം ഭാട്ടിയ ഇതിനെപ്പറ്റി പറയുന്നത് : "സ്വാതന്ത്ര്യം, അന്തസ്സ്, സ്വാച്ഛന്ദ്യം, സ്വകാര്യത എന്നീ ആശയങ്ങളിൽ സ്ഥിതി ചെയ്യുന്ന പുരോഗമനപരമായ ഒരു പൗരവകാശ നിയമശാസ്ത്രത്തിന് സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് നമുക്ക് മികച്ച അടിത്തറ നൽകിയിട്ടുണ്ട്. വരും കാലങ്ങളിൽ, ആ അടിത്തറയിൽ നിന്നും കെട്ടിപ്പടുക്കുന്നതിനും പുട്ടസ്വാമിയിൽ അത് ഉണ്ടാക്കിയ തുടക്കങ്ങൾ നടപ്പിലാക്കുന്നതിനും പൗരർ കോടതിയെ ആശ്രയിക്കും.
എന്നാൽ ഭാവിയിൽ, കോടതിയുടെ മുമ്പാകെ വരുന്ന സാഹചര്യങ്ങൾ ഇനി അമൂർത്തമായിരിക്കില്ല. ചോദ്യങ്ങൾ ഇനി പൂർണ്ണമായും നിയമപരമായിരിക്കില്ല. സമ്മർദ്ദങ്ങൾ വെറും അക്കാദമികമായിരിക്കില്ല, യഥാർത്ഥമായിരിക്കും. അന്തിമ വിശകലനത്തിൽ, സുപ്രിം കോടതി ഉത്തരവ് പുട്ടസ്വാമി വിധിയിലൂടെ വ്യക്തമാക്കുന്നത്: ഭരണകൂടത്തിന്റെ ഇഴയുന്ന അവകാശവാദങ്ങൾക്കെതിരെ വ്യക്തിയുടെ അവകാശങ്ങളുടെ അർത്ഥവത്തായ സംരക്ഷണം ഭരണഘടനയുടെ ഉറപ്പാണെന്നാണ്.

വിധിയുടെ അന്തഃസത്ത ഇതായിരുന്നുവെങ്കിലും ആധാറിന്റെ ഉപയോഗം നിയന്ത്രിക്കപ്പെട്ടിട്ടില്ല. ആധാർ വെറുമൊരു ഡാറ്റാ കാർഡ് മാത്രമല്ല; അത് സെൻസിറ്റീവ് ആയ, ബയോമെട്രിക്-ലിങ്ക്ഡ് ഐഡന്റിറ്റി വിവരങ്ങൾ ഉള്ളടങ്ങിയിട്ടുള്ളതാണ്. അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യാൻ കഴിയുമെങ്കിൽ നാളെ ആധാറുമായി ബന്ധപ്പെടുത്തിയ വ്യക്തിഗത വിവരങ്ങൾ പുറത്തുപോകും. 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (DPDPA) പ്രാബല്യത്തിൽ വന്നതോടെ ഡാറ്റാ പ്രൊട്ടക്ഷൻ സംവിധാനം ഒടുവിൽ നിലവിൽ വന്നു.
എന്നിരുന്നാലും, വ്യക്തിഗത അവകാശങ്ങളെ ഹനിച്ചുകൊണ്ട് ഭരണകൂട താൽപ്പര്യങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നതാണ് പ്രസ്തുത നിയമമെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ദേശീയ താൽപ്പര്യം പോലുള്ള വിശാലമായ ആവശ്യങ്ങൾക്കായി സർക്കാരിന്റെ ഏത് ഏജൻസിയെയും നിയമത്തിന്റെ പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കാൻ DPDPA-യുടെ സെക്ഷൻ 17 സർക്കാരിനെ അനുവദിക്കുന്നു. മാത്രമല്ല, നിയമനിർമ്മാണത്തിൽ നിരീക്ഷണത്തിന് കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ല. ഉചിതമായ സ്വയംഭരണാധികാരമുള്ള ഒരു ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് നിയമം ഒന്നും വ്യക്തമാക്കുന്നില്ല. കൂടാതെ സ്വകാര്യതയുടെ ലംഘനങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ നൽകുന്നതുമില്ല.
സമീപകാലത്തു സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നൊരു വിവാദമാണ് മൊബൈൽ കമ്പനികൾ "സഞ്ചാർ സാഥി" ആപ് നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യണമെന്ന്. മൊബൈൽ ഫോണിലൂടെ വ്യക്തിഗത വിവരം ചോർത്താൻ ആപ്പിനു സാധിക്കുമെന്നതിനാൽ ഇതിന്റെ നിർബന്ധിതമായ ഇൻസ്റ്റാൾ ചെയ്യേണ്ട തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും പ്രസ്തുത തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാരിന് പ്രതിഷേധങ്ങളുടെ ഒടുവിൽ പിന്മാറേണ്ടി വന്നു.
ഇതിൽ നിന്നും അനുമാനിക്കാവുന്ന ഒരു കാര്യമെന്തെന്നാൽ സൂക്ഷ്മനീരിക്ഷണ പ്രവണത സർക്കാർ തുടരുന്നുവെന്നാണ്. നവസാങ്കേതിക വിദ്യയുടെ ആപൽക്കരമായ ഉപയോഗം സ്വകാര്യത എന്ന മൗലികാവകാശത്തിന് എപ്പോഴും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ഭീഷണിയാണിത്, ഇതിനുള്ള പരിഹാരത്തേക്കാൾ വേഗതയിലാണ് സർവേലൻസ് സാങ്കേതികവിദ്യകൾ വികസിതമാകുന്നതും ഉപയോഗിക്കപ്പെടുന്നതും.
കേരളത്തിന്റെ സന്ദർഭത്തിൽ…
സ്വകാര്യതാലംഘനവുമായി ബന്ധപ്പെട്ടു കേരളത്തിലെ ഒന്നാം പിണറായി സർക്കാരിന്റെ അവസാനമാസങ്ങളിൽ വൻവിവാദം ഉയർന്നുവന്നത് സ്പ്രിങ്ക്ളർ (Sprinklr) ഡാറ്റ വിശകലനം സ്വകാര്യ കമ്പനിക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ ഡാറ്റ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ്. ആരോഗ്യ ഡാറ്റ ഫാർമ (pharma) വ്യവസായത്തിന് ഏറ്റവും വിലയേറിയ ഡാറ്റയാണ്. കോവിഡ് നിയന്ത്രണത്തിന് ഉപകാരപ്പെടുമെന്ന വിലയിരുത്തലിലാണ് പൗരരുടെ ആരോഗ്യ ഡാറ്റ സ്പ്രിങ്ക്ളറിനു നല്കാൻ സർക്കാർ തീരുമാനിച്ചത്.
സ്വകാര്യത ഒരു ഉട്ടോപ്യയായി മാറി. വ്യക്തിഗത വിവരങ്ങൾ പലയിടത്തും നിന്നും ലഭ്യമാകും. വ്യക്തിഗത വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കാനുള്ള സാധ്യതയാണ് ഒരുക്കപ്പെട്ടിരിക്കുന്നത്.
സെൻസിറ്റീവ് ആയ വ്യക്തിഗത ഡാറ്റ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു വിദേശ സ്ഥാപനവുമായി പങ്കിടുന്നത് സ്വകാര്യതയെ സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. സമീപകാലത്ത് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ മുൻനിർത്തിയും ഡാറ്റ കൈമാറിയിട്ടില്ല എന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെ മുഖവിലയ്ക്കെടുത്തു കൊണ്ടും സ്വകാര്യതാലംഘനം നടന്നിട്ടുണ്ടെന്ന ആരോപണം സുപ്രിം കോടതി നിരാകരിക്കുകയും സംസ്ഥാന സർക്കാരിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു.
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി എന്ന ആരോപണവും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഈയിടെ ഉയർന്നുവന്നിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചുള്ള വിവരം സർക്കാരിന്റെ സന്ദേശമായി ജീവനക്കാർക്ക് ലഭിച്ചത് ജീവനക്കാരുടെ മൊബൈൽ ഡാറ്റ വിവരം സർക്കാർ സോഫ്ട്‍വെയറിൽ നിന്നും ലഭ്യമായതു വഴിയാണെന്ന വിമർശനമാണ് ഉയർന്നുവന്നത്. സർക്കാരിനു പ്രചാരണാവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാകും, മാത്രമല്ല, സുരക്ഷിതമായ വ്യക്തിഗത വിവരങ്ങൾ പുറത്തേക്ക് ലഭിക്കുക വഴി ഡാറ്റ സുരക്ഷിതത്വം നഷ്ടപ്പെടുകയും വ്യക്തിയുടെ സമ്മതമില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിൽ (spark) നിന്നും ലഭിച്ച വ്യക്തിഗത ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പക്ഷെ കേരള ഹൈക്കോടതി തള്ളി. പ്രചാരണാവശ്യങ്ങൾക്കായി സ്വകാര്യ ഡാറ്റ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന നിഗമനത്തിലേക്കാണ് ഹൈക്കോടതി ഏകാംഗ ബെഞ്ച് എത്തിച്ചേർന്നത്.

സ്വകാര്യതാ ലംഘനത്തെ സംബന്ധിച്ചുള്ള ആശങ്കകൾ അസ്ഥാനത്തല്ല. ഭരണകൂടവും കോർപ്പറേറ്റും കൂട്ടുചേർന്നു നടത്തുന്ന ഡാറ്റ ചോർത്തലും സൂക്ഷ്മ നീരിക്ഷണവും എഡ്‌വേഡ് സ്‌നോഡൻ പുറത്തുകൊണ്ടുവന്നതിനുശേഷം ഒരു ദശകം കഴിഞ്ഞിരിക്കുന്നു. അന്ന് അതിനേക്കാൾ ഡിജിറ്റൽവൽക്കരിക്കപ്പെട്ടിരിക്കുന്നു വ്യക്തിഗത വിനിമയങ്ങൾ. മാത്രമല്ല, നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സൂക്ഷ്മ അധിനിവേശ സാങ്കേതികവിദ്യകളാണ് (micro invasive) ഇന്ന് ഉപയോഗത്തിലുള്ളത്. സ്വകാര്യത ഒരു ഉട്ടോപ്യയായി മാറിയ സാഹചര്യമാണ്. വ്യക്തിഗത വിവരങ്ങൾ പലയിടത്തും നിന്നും ലഭ്യമാകുന്ന സ്ഥിതിവിശേഷമാണ്. സി സി ടി വി രേഖകൾ മുതൽ ഓൺലൈൻ വിനിമയങ്ങളും ബാങ്കിങ് ഇടപാടുകളിലും ഉള്ളടങ്ങിയിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കാനുള്ള സാധ്യതയാണ് ഒരുക്കപെട്ടിരിക്കുന്നത്.
സ്വകാര്യത ഒരു സങ്കൽപം മാത്രമായി പരിണമിച്ചിരിക്കുന്നു. "എന്റെ ജീവിതം നിന്റെ പോൺ അല്ല" (My life is not your porn) എന്നൊരു മുദ്രാവാക്യം സ്വകാര്യത അവകാശവുമായി ഉയർത്തപ്പെട്ടിട്ടുണ്ട്. ഓരോ വ്യക്തികൾ സമൂഹമാധ്യമങ്ങളിലൂടെ വിനിമയം ചെയ്യുന്ന സന്ദേശങ്ങളും ചിത്രങ്ങളുമുൾപ്പെടെയെല്ലാം തികച്ചും വ്യക്തിഗതമായ ഡാറ്റയാണ്. ടെക് കമ്പനിക്കോ അന്യവ്യക്തികൾക്കോ പ്രസ്താവിതമായ സമ്മതമില്ലാതെ അതുപയോഗിക്കാൻ അനുവാദമില്ല. ഹൈപ്പർ സർവേലൻസ് സമൂഹമാണ് നമ്മുടേതെന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ തന്നെ ഓരോ വ്യക്തിയുടെ ശരീരം അവരുടെ സ്വാച്ഛന്ദ്യഭൂമികയാണ് എന്ന പൗരവകാശതത്വം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സ്വകര്യതാലംഘനം ആത്യന്തികമായി ശാരീരികമായ കടന്നുകയറ്റമാണ്. സ്വകാര്യതാ ലംഘകർ (privacy invaders) ചെയ്യുന്നത് ശാരീരികമായ അതിക്രമമാണ് നിയമദൃഷ്ടിയിൽ. വിർച്വൽ മാധ്യമങ്ങളിൽ നിന്നും ലഭ്യമാകുന്ന ഇമേജുകൾ സമ്മതമില്ലാതെ ഡിജിറ്റലായോ നിർമിത ബുദ്ധിയുടെ സഹായത്താലോ പുനർനിർമിക്കുകയോ പുനർവിനിമയം ചെയ്യുകയോ ചെയ്യുന്നത് അതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണ്. സൈബർ ചൂഷണത്തിനെതിരെയുള്ള ഡാറ്റ നീതിക്കായുള്ള (Data Justice) അവകാശ പ്രക്ഷോഭങ്ങളുടെ കാലമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തുടർന്നുള്ള വർഷങ്ങളിൽ ലോകമെമ്പാടും കാണാൻ പോകുന്നത്.
(അവസാനിക്കുന്നില്ല)

