മാറ്റങ്ങളോടെ KEAM,
തർക്കങ്ങൾ ഒഴിവാക്കാൻ
എന്തുചെയ്യണം?

കേരളത്തിലെ എഞ്ചിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള KEAM പരീക്ഷയുടെ ഉത്ഭവം, മാറ്റങ്ങൾ, സമീപകാല പ്രതിസന്ധികൾ, ഭാവിയിലേക്കുള്ള നിർദ്ദേശങ്ങൾ എന്നിവ സമഗ്രമായി പരിശോധിക്കുന്നു, രാജീവൻ. കെ.പി.

കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്ക് - വിശിഷ്യാ എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള KEAM പരീക്ഷയുടെ 2026-ലേക്കുള്ള വിജ്ഞാപനം ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെടും. KEAM-ൽ തമിഴ്നാട് പിന്തുടരുന്ന സമീകരണരീതി പിന്തുടരാനാണ് പുതിയ തീരുമാനം. എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന നിലവിലെ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കും. 2026-ൽ പുറത്തിറക്കുന്ന കീം പ്രോസ്പെക്ടസിൽ ഈ മാറ്റങ്ങളുണ്ടാവും.

മുൻ വർഷത്തെ എൻജിനീയറിങ് പ്രവേശനം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ എഞ്ചിനീയറിങ് പ്രവേശനപ്രക്രിയയുടെ വിവിധ വശങ്ങൾ പരിശോധിക്കാം.

​എൻട്രൻസ് ചരിത്രം

എഞ്ചിനീയറിങ് അടക്കമുള്ള കോഴ്‌സുകളിലേക്ക് കേന്ദ്രീകൃത പ്രവേശന പ്രക്രിയ ആരംഭിക്കുന്നത് 1983-ലാണ്. മെഡിക്കൽ പ്രവേശനത്തിനായി അതിനു മുൻപേ വ്യത്യസ്തമായ പ്രവേശന പ്രക്രിയയും മാനദണ്ഡങ്ങളും ഉണ്ടായിരുന്നു. വിവാദമായ 0+0+0 +2 = 428 എന്ന മാർക്ക് ലിസ്റ്റ് തട്ടിപ്പും തുടർന്നുണ്ടായ കോടതി നടപടികളും ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ? തുടർന്ന് മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനം കുറ്റമറ്റതല്ലെന്നും പ്രവേശന പരീക്ഷാപ്രക്രിയയിലൂടെ പ്രൊഫഷണൽ കോഴ്സ് പ്രവേശനം നടത്തണമെന്നും സർക്കാർ തീരുമാനിക്കുകയുണ്ടായി. 1981 - 82 വർഷത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ഫാം, ബി.എച്ച്.എം.എസ് തുടങ്ങി പ്രൊഫഷണൽ കോഴ്സുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (IMG) മേൽനോട്ടത്തിൽ പ്രവേശന പരീക്ഷാസമ്പ്രദായം ആരംഭിച്ചു. തുടർന്ന്, 82 - 83-ൽ എഞ്ചിനീയറിങ് പ്രവേശനത്തിനും പ്രവേശന പരീക്ഷ ബാധകമാക്കി സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചു. ഹെൽത്ത്, എഞ്ചിനീയറിങ്, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്റ്റ് തുടങ്ങീ എല്ലാ പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്കും ഏകീകൃത പ്രവേശന പ്രക്രിയയും ആരംഭിക്കുകയും ചെയ്തു. വിപുലമായ ഈ പ്രക്രിയ നടത്താൻ കഴിയാത്തതിനാൽ ഐ.എം.ജി-യുടെ ശുപാർശ പ്രകാരം 1983 മുതൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ കേരള CEEK രൂപീകൃതമായി. ആദ്യ എൻട്രൻസ് കമ്മീഷണർ ആയി എ.കെ.എം നമ്പ്യാർ നിയമിതനായി.

READ: KEAM സമീകരണം:
കേരള സിലബസുകാർക്ക്
ഇനി മാർക്ക് കുറയില്ല,
മാറ്റം 2026 മുതൽ

KEAM:
നീതികെട്ട സമീകരണം
ഇക്കുറിയും തുടരുമോ?

KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്

KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം

KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി

എന്നാൽ എഞ്ചിനീയറിങ് പ്രവേശനം പരിക്ഷ മുഖേന ബാധകമാക്കിയത് പ്രീഡിഗ്രി / പ്ലസ് ടു മാർക്കിന് പ്രാമുഖ്യവും നൽകുന്നില്ല എന്നതും അത് കുട്ടികളുടെ പഠനത്തോടുള്ള ആഭിമുഖ്യം കുറയ്ക്കുന്നു എന്ന അഭിപ്രായവും ഉയർന്നുവരികയും സർക്കാർ ഈ വാദത്തെ കണക്കിലെടുക്കുകയും ചെയ്തു.

മുകളിൽ വിവരിച്ച പശ്ചാത്തലത്തിൽ, ചില സംസ്ഥാനങ്ങൾ അവലംബിച്ച മാതൃകയായ പ്രവേശന പരീക്ഷയുടെ സ്കോറിന് ഒപ്പം പ്രീഡിഗ്രി /പ്ലസ് ടുവിലെ മാർക്കും കണക്കിലെടുക്കുവാൻ 2011-ലെ പ്രവേശന പ്രക്രിയയോട് കൂടി ഉത്തരവാകുകയും അത് പ്രകാരം പ്രോസ്പെക്ടസിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

യുക്തിസഹമായതും തുല്യതയിലും നീതിയിലും ഊന്നിയതുമായ പരിഷ്കരണങ്ങളാണ് KEAM- ന്റെ കാര്യത്തിൽ അഭികാമ്യം..
യുക്തിസഹമായതും തുല്യതയിലും നീതിയിലും ഊന്നിയതുമായ പരിഷ്കരണങ്ങളാണ് KEAM- ന്റെ കാര്യത്തിൽ അഭികാമ്യം..

മാർക്ക് മാനദണ്ഡം 2011

KEAM 2011 പ്രവേശന പ്രക്രിയയിൽ എൻജിനീയറിങ്ങിനുള്ള പ്രവേശന റാങ്ക് ലിസ്റ്റ് താഴെ പറയും പ്രകാരമാണ് തയ്യാറാക്കിയത്:

പ്രവേശന പരീക്ഷയുടെ സ്കോറും പ്ലസ് ടുവിന് ലഭിച്ച മാർക്കും തുല്യ വെയിറ്റേജ് നൽകി മൊത്തം മാർക്ക് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കും:

"അത്തരത്തിൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിനും രണ്ടിനും കൂടി ലഭിച്ച മൊത്തം മാർക്കിനും യോഗ്യതാ പരീക്ഷയിൽ- പ്രീഡിഗ്രി അഥവാ പ്ലസ് ടു മാത്‌സ്, ഫിസിക്സ് കെമിസ്ട്രി , കമ്പ്യൂട്ടർ സയൻസ്/ ബയോ ടെക്നോളജി /അല്ലെങ്കിൽ ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ ലഭിച്ച മാർക്ക് /ഗ്രേഡിനും (ഒരു നോർമലൈസേഷൻ പ്രക്രിയയ്ക്ക് ശേഷം) തുല്യ പരിഗണന നൽകുന്നതായിരിക്കും"

നോർമലൈസേഷൻ 2011

29/03/2008 സർക്കാർ ഉത്തരവ് നമ്പർ 544/08 പ്രകാരം, 2011-ലെ യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ നോർമലൈസ് ചെയ്യപ്പെട്ടിരുന്നത് താഴെ പറയുന്ന രീതിയിലായിരുന്നു:

പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന ( പേപ്പർ 1 & 2) മാർക്കുകൾ 500-ലും, മേൽ ഫോർമുല പ്രകാരം മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാർക്കുകൾ 500 ആയും നിജപ്പെടുത്തി രണ്ടും ചേർത്ത് 1000- ൽ ലഭിക്കുന്ന മൊത്തം സ്കോർ പ്രകാരം ആണ് എൻജിനീയറിങ്ങിന്റെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. യോഗ്യതാ പരീക്ഷയിലെ രണ്ടാം വർഷം മാർക്കുകളാണ് ഇപ്രകാരം പരിഗണിക്കുന്നത്. നോർമലൈസേഷൻ പ്രക്രിയയിൽ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മാർക്ക് കേരള ഹയർസെക്കൻഡറിയുടെ മാർക്കുമായി തുലനം ചെയ്താണ് (നോർമലൈസേഷൻ) നിർണയിക്കപ്പെട്ടിരുന്നത്. ഇപ്രകാരം 10/07/2011-ന് എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുവന്നു. പ്രത്യേകിച്ച് CBSE, ICSE ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വലിയ തോതിൽ റാങ്ക് നഷ്ടം റിപ്പോർട്ട് ചെയ്തു.

‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?

എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ

കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ

KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി

KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി

കേരളം പഠിക്കേണ്ട തമിഴ്നാട് എഞ്ചിനീയറിംഗ് റിസൽട്ട്!

ഇതേ തുടർന്ന് രൂപീകരിക്കപ്പെട്ട എൻട്രൻസ് പരിഷ്കരണ കമ്മിറ്റിയും അനുബന്ധമായി നോർമലൈസേഷൻ കമ്മിറ്റിയും 11/10/2011-ൽ യോഗം ചേരുകയും 2011 പ്രോസ്പെക്ട് പ്രകാരമുള്ള നടപടിയുമായി മുന്നോട്ടു പോകാനും, വിശദമായ പഠനത്തിനായി ഒരു വിദഗ്ദ കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് തേടാനും തീരുമാനമായി. അപ്രകാരം ഒരു സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവാവുകയും ചെയ്തു. പ്രസ്തുത കമ്മിറ്റിയിൽ താഴെപ്പറയുന്നവരെ നിശ്ചയിച്ചു

1. സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് - ചെയർമാൻ.
2. പ്രവേശന പരീക്ഷ കമ്മീഷണർ - കൺവീനർ.
3. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ.
4. പ്രൊഫസർ: കെ പി പിള്ള - മെമ്പർ.
5. ഡയറക്ടർ, ISI കൊൽക്കൊത്ത - മെമ്പർ.
6. പ്രൊഫ. സജി ഗോപിനാഥ്, ഐ.ഐ.എം കോഴിക്കോട് - മെമ്പർ
7. ഡോ. എസ്. ഷീല - മെമ്പർ.
8 . പ്രൊഫ. പി.ഒ.ജെ ലബ്ബ, ടി.കെ.എം എഞ്ചിനീയറിങ് കോളേജ് - മെമ്പർ.
9. ഡോ. കെ. രഘുനാഥൻ പിള്ള, മുൻ കമ്മീഷണർ - മെമ്പർ.
10. ഡോ. എ. സുകേഷ് കുമാർ, എൽബിഎസ് സെൻറർ മുൻ ഡയരക്ടർ - മെമ്പർ.

പ്രസ്തുത വിദഗ്ധ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഉത്തരവ് 1907/2611 സ്റ്റാറ്റിസ്റ്റിഷ്യർ അടങ്ങുന്ന മാർക്ക് സ്റ്റാൻഡേഡൈസേഷൻ കമ്മിറ്റിയും രൂപീകരിച്ചു. പ്രസ്തുത കമ്മിറ്റി നിലവിലെ നോർമലൈസേഷൻ രീതിയും വിവിധ കോണുകളിൽ നിന്നുള്ള പരാതികളും നിർദേശങ്ങളും പരിഗണിച്ചു. പ്രോസ്പെക്ടസിൽ നിർദ്ദേശിച്ച നോർമലൈസേഷൻ ഫോർമുല തന്നെ ആണ് പ്രവേശനത്തിനായി ഉപയോഗിച്ചത് എന്നും ഉപയോഗിച്ച ഡാറ്റകൾ താരതമ്യം ചെയ്തതായും കമ്മിറ്റി റിപ്പോർട്ട് ചെയ്തു. CBSE, ICSE ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് അധിക മാർക്കുകൾ പരീക്ഷകളിൽ ലഭിച്ചെങ്കിലും അത് നോർമലൈസേഷനിൽ ഗണ്യമായി കുറഞ്ഞു എന്ന പരാതിയും കമ്മിറ്റി പരിശോധിക്കുകയും ശരിവെക്കുകയും ചെയ്തു.

തുടർന്ന് 23/11/2011-ന് യോഗം ചേർന്ന കമ്മിറ്റി 2012 പ്രവേശന പ്രക്രിയക്കായി പരിഷ്കരിച്ച സ്റ്റാൻഡേഡൈസേഷൻ രീതി പരിഗണനക്കായി സമർപ്പിച്ചു. ഇതിനായി സമ്പുഷ്ടമായ ഗ്ലോബൽ മീൻ /സ്റ്റാൻഡേർഡ് ഡിവിഷനുകൾ ഉപയോഗിക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു. പുതിയ ഫോർമുല ഓരോ ബോർഡിലെയും മാർക്ക് വ്യതിയാനങ്ങളും ബോർഡുകൾ തമ്മിലുള്ള മാർക്ക് അന്തരങ്ങളും കുറയ്ക്കുമെന്നും അതുവഴി കൂടുതൽ ശാസ്ത്രീയവും ന്യായവുമായ റാങ്കിങ്ങും അപേക്ഷകർക്കും തുല്യ പരിശണനയും നൽകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. GATE പോലുള്ള പരീക്ഷകളിൽ ഇത്തരം മാതൃക വിജയകരമായി നടപ്പാക്കി വരുന്നത് കമ്മിറ്റി ചൂണ്ടിക്കാട്ടി.

പ്രോസ്പെക്ടസിൽ നിർദ്ദേശിച്ച നോർമലൈസേഷൻ ഫോർമുല തന്നെ ആണ് പ്രവേശനത്തിനായി ഉപയോഗിച്ചത് എന്നും ഉപയോഗിച്ച ഡാറ്റകൾ താരതമ്യം ചെയ്തതായും കമ്മിറ്റി റിപ്പോർട്ട് ചെയ്തു.
പ്രോസ്പെക്ടസിൽ നിർദ്ദേശിച്ച നോർമലൈസേഷൻ ഫോർമുല തന്നെ ആണ് പ്രവേശനത്തിനായി ഉപയോഗിച്ചത് എന്നും ഉപയോഗിച്ച ഡാറ്റകൾ താരതമ്യം ചെയ്തതായും കമ്മിറ്റി റിപ്പോർട്ട് ചെയ്തു.

സ്റ്റാൻഡേർഡൈസേഷൻ - 2012

1858/2011 (ഉന്നത വിദ്യാഭ്യാസ വകുപ്പ്) സർക്കാർ ഉത്തരവ് പ്രകാരം 2012-ലെ KEAM എൻജിനീയറിങ് പ്രവേശനത്തിനായി പുതിയ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയ നിലവിൽ വന്നു. ഇതുപ്രകാരം പ്രവേശനപരീക്ഷ / യോഗ്യത പരീക്ഷ മാർക്കുകൾ യഥാക്രമം 300-ൽ നിജപ്പെടുത്തുകയും യോഗ്യത പരീക്ഷ മാർക്ക് പുതിയ സ്റ്റാൻഡേർഡൈസേഷൻ ഫോർമുല പ്രകാരം കണ്ടെത്തുവാനും നിർദ്ദേശിച്ചു.

പുതിയ ഫോർമുലയിൽ Mg/Sg എന്നിവയെ ഗ്ലോബൽ മീൻ / ഗ്ലോബൽ സ്റ്റാൻഡേർഡ് ഡീവിയേഷൻ എന്ന് സൂചിപ്പിക്കുന്നു. Mg എന്ന് പറയുന്നത് 2009 മുതൽ 2012 വരെ കേരള ഹയർ സെക്കൻഡറി, സിബിഎസ്ഇ, ഐസിസി ബോർഡുകളിൽ മേൽ വിഷയങ്ങൾക്ക് ജയിച്ച എല്ലാ വിദ്യാർത്ഥികളുടെയും സംയോജിത ശരാശരി നൂറിൽ എടുത്ത മാർക്ക് ആണ് Sg എന്നത് മേൽ ബോർഡുകളുടെ 2009 മുതൽ 12 വരെ ലഭിച്ച സംയോജിത സ്റ്റാൻഡേർഡ് ഡീവിയേഷൻ 100 ആക്കി നിജപ്പെടുത്തിയതാണ് Mb, Sb എന്നിവ അത് ബോർഡുകളിലെ വിദ്യാർത്ഥികളുടെ മാർക്കിന്റെ മീൻ, സ്റ്റാൻഡേർഡ് ഡീവിയേഷൻ എന്നിവയാണ്. ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ബോർഡിന്റെ മാർക്ക് Xb എങ്കിൽ ആ വിദ്യാർത്ഥിയുടെ സ്റ്റാൻഡേർഡൈസേഷൻ മുഖേന ലഭിച്ച മാർക്ക് ഇങ്ങനെ കണക്കാക്കാം:

ഇങ്ങനെ ഓരോ വിഷയത്തിനും ലഭിക്കുന്ന സ്റ്റാൻഡേർഡൈസ്ഡ് മാർക്കുകളെ 300-ലേക്ക് മാറ്റി പ്രവേശന പരീക്ഷയുടെ മാർക്കിനെയും മുന്നൂറിലേക്ക് മാറ്റിയതുമായി കൂട്ടി മൊത്തം 600 ആയി കണക്കാക്കും. ഇവ നാല് ദശാംശ സ്ഥാനങ്ങളിലേക്ക് നിജപ്പെടുത്തിയാണ് റാങ്ക് നിർണയം നടത്തുന്നത്. ഈ പ്രക്രിയ താഴെക്കൊടുത്ത ചോദ്യങ്ങൾക്കും എക്സ്പെർട്ട് അഭിപ്രായങ്ങൾക്കായും നൽകി.

1. ഈ പ്രക്രിയ ശാസ്ത്രീയമാണോ?
2. അടിസ്ഥാനമായ ശാസ്ത്രീയ രീതിശാസ്ത്രം എന്താണ്?'
3. യുക്തിസഹവും, എല്ലാ കുട്ടികളെയും ഒരേ മാതിരി പരിഗണിക്കുന്നതും ആണോ?
4. ഏത് ബോർഡിലെ മാർക്കുകളെയും ഈ ഫോർമുല ഉപയോഗിച്ച് തുല്യപ്പെടുത്താൻ കഴിയുമോ?
5. വീണ്ടും ഒരു പരിഷ്കരണത്തിന്റെ ആവശ്യമുണ്ടോ?
6. വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിർണയിച്ച റാങ്ക് ലിസ്റ്റുകൾ താരതമ്യം ചെയ്യാവുന്നതാണോ?

2011-ലെ 56336 പരീക്ഷാർത്ഥികളുടെയും മാർക്കുകളുടെയും, സ്റ്റാൻഡേർഡ് സ്കോറുകൾ കമ്മിറ്റി പ്ലോട്ട് ചെയ്യുകയുണ്ടായി (പ്ലോട്ടുകൾക്കായി Z-സ്കോറുകളുടെ നോർമൽ പി.പി പ്ലോട്ടുകൾ ഉപയോഗിച്ചു) ശാസ്ത്രീയമായ ഇത്തരം അവലോകനങ്ങളിലൂടെ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഒരു പരിധിവരെ തൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചതായി പരിഷ്കരണ കമ്മിറ്റി വിലയിരുത്തിയെങ്കിലും സങ്കീർണമായ ഒരു പ്രക്രിയ എന്ന നിലയിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട് എന്ന് കമ്മിറ്റി സൂചിപ്പിച്ചു. ഇപ്രകാരം 2012 മുതൽ എൻജിനീയറിങ് റാങ്ക് നിർണയത്തിനായി പ്രവേശന പരീക്ഷ സ്കോറും സ്റ്റാൻഡേർഡൈസേഷൻ പ്രകാരമുള്ള പ്ലസ്ടു സ്കോറും 50:50 അനുപാതത്തിൽ കണക്കാക്കിയാണ് പ്രസിദ്ധീകരിക്കുന്നത്.

പരിഷ്കരണം 2024:

2024-ൽ നിലവിൽ ഉണ്ടായിരുന്ന മാർക്ക് സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയ കേരള സിലബസിൽ പഠിച്ചിറങ്ങുന്ന ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നു എന്നും CBSE / ICSE പോലുള്ള ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ മേൽക്കൈ നൽകുന്നു എന്നും നിരവധി കോണുകളിൽ നിന്നും ഉയർന്നുവന്ന പരാതികളെ തുടർന്ന് 2024 ഫെബ്രുവരിയിൽ സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരെ ഉൾപ്പെടുത്തി സ്റ്റാൻഡേർഡൈസേഷൻ / നോർമലൈസേഷൻ കമ്മിറ്റി രൂപീകരിച്ചു ഉത്തരവായി. ഈ കമ്മിറ്റിയിൽ താഴെ പറയുന്നവരെ അംഗങ്ങളായി നിയമിച്ചു.

1. ഡോ. സതീഷ് കുമാർ - അസോസിയേറ്റ് പ്രൊഫസർ സ്റ്റാറ്റിസ്റ്റിക്സ് കേരള സർവകലാശാല.
2. ഡോ. വി.എൻ. ശ്രീകുമാർ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഗവൺമെൻറ് ആർട്സ് കോളേജ് തിരുവനന്തപുരം.
3. ഡോ. എസ്. സന്തോഷ്, മുൻ ജോയൻറ് കമ്മീഷണർ - എൻട്രൻസ് പരീക്ഷ.
4. ഡോ. ഏഞ്ചൽ മാത്യു ,അസിസ്റ്റൻറ് പ്രൊഫസർ പിജി സ്റ്റാറ്റിസ്റ്റിക്സ് മഹാരാജാസ് കോളേജ് എറണാകുളം.

ഈ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചില്ല.

വിവാദങ്ങൾക്കിടയിൽ 2025 ഏപ്രിലിൽ വീണ്ടും ഒരു റിവ്യൂ കമ്മിറ്റി സർക്കാർ രൂപീകരിച്ചു. കമ്മിറ്റിയോട് താഴെ പറയുന്ന കാര്യങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

1. നിലവിലെ മാർക്ക് സ്റ്റാൻഡേർഡ് സെഷൻ രീതി പുനഃപരിശോധിക്കുക.
2. സ്റ്റാൻഡേർഡ് ഉപയോഗിക്കുന്ന ഫോർമുല വിശദമായി പഠിച്ച് പുനഃപരിശോധിക്കുക.
3. നിലവിലെ രീതിയിൽ പാളിച്ചകൾ ഉണ്ടോയെന്നും എത്രത്തോളം കൃത്യമായ ഫലങ്ങൾ ലഭ്യമാക്കുന്നതാണെന്നും പരിശോധിക്കുക.
4. അങ്ങനെ കുറവുകൾ ഉണ്ടെങ്കിൽ പരിഷ്കരിച്ചതും കൂടുതൽ കൃത്യതയുള്ളതുമായ സ്റ്റാൻഡേഡൈസേഷൻ/നോർമലൈസേഷൻ മോഡൽ നിർദ്ദേശിക്കുക.

സർക്കാർ ഇതിനായി രൂപീകരിച്ച പുതിയ കമ്മിറ്റിയിൽ താഴെ പറയുന്നവർ അംഗങ്ങളായിരുന്നു

1. പ്രൊഫ. ശങ്കരൻ: മുൻ വൈസ് ചാൻസലർ, കുസാറ്റ്.
2. ഡോ. സോമേഷ് കുമാർ, ഗണിത വിഭാഗം / ഐഐടി, ഖരഗ്പൂർ.
3. ഡോ. ഇ.വി. ജിജോ സീനിയർ ടെക്നിക്കൽ ഓഫീസർ, ഐ എസ് ഐ ബാംഗ്ലൂർ.
4. ഡോ. ശിവകുമാർ കെ.എസ്, ഓഫീസർ (റിട്ട.), എസ് സി ആർ ടി.
5. ഡോ. അരുൺ എസ്. നായർ, കമ്മീഷണർ പ്രവേശന പരീക്ഷ - കൺവീനർ

പ്രസ്തുത കമ്മിറ്റി നിലവിലെ രീതി പഠിക്കുന്നതിന് ആവശ്യമായ കഴിഞ്ഞ വർഷങ്ങളിലെ ഡാറ്റാ ശേഖരം ആവശ്യപ്പെടുകയും കമ്മീഷൻ അവ നൽകുകയും ചെയ്തു.

2025 മെയ് അഞ്ചിന് നടന്ന രണ്ടാമത് കമ്മിറ്റി യോഗത്തിൽ ഡോ. ഇ.വി. ജിജോ നാല് തരത്തിലുള്ള ഫോർമുലകൾ അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് 2012 മുതൽ 2024 വരെയുള്ള അപേക്ഷകരുടെ ഡാറ്റകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിവിധ ബോർഡുകളിലെ മിശ്രിതമായ 1623 കേസുകൾ ഇത്തരത്തിൽ അവലോകനം ചെയ്തു. പരീക്ഷണത്തിനായി താഴെപ്പറയുന്ന ഫോർമുലകൾ ഉപയോഗിച്ചു.

  • ആദ്യത്തെ പെർസെന്റയിൽ രീതി ഓരോ ബോർഡിലെയും അപേക്ഷകരുടെ സ്കോർ വ്യത്യാസത്താൽ തന്നെ അനുചിതമാണെന്ന് കമ്മിറ്റി കണ്ടെത്തി.

  • രണ്ടാമത്തെ മോഡൽ നൂറിലധികം വരുന്ന സ്കോർ ഫലങ്ങൾ ലഭ്യമാക്കി: കാരണം വിഷയങ്ങളിൽ നൂറുമാർക്കും നേടുന്ന ചില വിദ്യാർത്ഥികൾ ഉള്ളതിനാൽ.

  • മൂന്നാമത്തെ രീതിയും പേഴ്സന്റെൽ ആയിരുന്നെങ്കിലും വിവിധ ബോർഡുകൾ തമ്മിൽ അന്തരങ്ങളെ പരിഗണിക്കുന്നില്ല എന്ന് വ്യക്തമായി.

  • നാലാമത്തെ രീതി പേഴ്സന്റെൽ ആയിരുന്നുവെങ്കിലും വിവിധ ബോർഡുകളുടെ മാർക്ക് അന്തരങ്ങൾ കണക്കിലെടുക്കുന്നതായി ബോധ്യപ്പെട്ടു.

നിലവിലെ സ്റ്റാൻഡേർഡൈസേഷൻ പ്രകാരം മിക്ക ഉയർന്ന റാങ്കുകളും CBSE ബോർഡിൽ നിന്നാണ് എന്നത് മാറി പുതിയ നാലാമത് രീതിയിൽ സ്റ്റേറ്റ് ഹയർ സെക്കൻഡറി ബോർഡുകളിൽ നിന്നുള്ളതായി കാണപ്പെട്ടു. എങ്കിലും റാങ്കുകളിൽ വിവിധ ബോർഡുകളുടെ പങ്കാളിത്തം ദൃശ്യമായിരുന്നുതാനും. റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡുകൾ ഉപയോഗിക്കുന്ന നോർമലൈസേഷൻ മാനദണ്ഡവും കമ്മിറ്റി പരിശോധിക്കുകയുണ്ടായി.

റിവ്യൂ കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം 2012 മുതൽ 24 കാലത്തെ അപേക്ഷകളുടെ മാർക്ക് ഡാറ്റ നാലു ഫോർമുലകളും പ്രകാരം കണക്കാക്കുകയുണ്ടായി. പ്രാഥമിക നിരീക്ഷണങ്ങൾ പ്രകാരം മൊത്തം റെയിഞ്ച്, ഗ്രൂപ്പ് മിനിമം, ഗ്രൂപ്പ് റെയിഞ്ച് എന്നീ വസ്തുതകൾ ഉൾക്കൊള്ളുന്ന രീതി കൂടുതൽ യോജ്യമാണെന്ന് കമ്മിറ്റി വിലയിരുത്തി. എന്നിരുന്നാലും പുതിയ രീതി 2025-ൽ ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കില്ല എന്നും കൂടുതൽ പഠനങ്ങൾ നിലവിലെ രീതിയുമായുള്ള താരതമ്യത്തിന് ആവശ്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

നിലവിൽ പഠനങ്ങൾക്കായി ഉപയോഗിച്ച സാമ്പിളുകൾ പരിമിതമായിരുന്നു താനും. 'തുടർന്ന് വിശദമായ പഠനത്തിനായി കഴിഞ്ഞ പത്ത് വർഷത്തെ വിവിധ ബോർഡുകളിൽ നിന്നുള്ള അപേക്ഷകരുടെ (യോഗ്യത നേടിയവരും അല്ലാത്തവരുമായ) ഡാറ്റ സെറ്റിൽ പുതിയ സൂത്രവാക്യം പരിശോധിക്കുകയും അവ നിലവിലെ രീതി പ്രകാരമുള്ള ഫലങ്ങളുമായി താരതമ്യം ചെയ്യാൻ നിർദ്ദേശം നൽകാൻ കമ്മിറ്റി നിർദ്ദേശിച്ചു. പുതിയ ഫോർമുല ഉപയോഗിച്ചുള്ള മാർക്ക് സ്റ്റാൻഡേർഡൈസേഷൻ രീതി വളരെ ലളിതമാണെങ്കിലും ഉപയുക്തമായ ഘടകങ്ങളുടെ തീരുമാനം വിദഗ്ധ അഭിപ്രായത്തിലൂടെ ഉരുത്തിരിയേണ്ടതുണ്ട് എന്ന് കമ്മിറ്റി നിരീക്ഷിച്ചു. തുടർന്ന് വിശദമായ ഒരു ഓൺലൈൻ യോഗം 2025 മെയ് 26-ന് എൻട്രൻസ് കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്നു.

2011 മുതൽ 2024 വരെയുള്ള കേരള, CBSE, ICSE ബോർഡുകളിൽ നിന്നുള്ള പ്ലസ്ടു മാർക്കുകൾ ഉപയോഗിച്ച് പുതിയ രീതിയിലുള്ള സ്റ്റാൻഡേഡൈസേഷൻ ഫോർമുല സമിതി നടത്തി അങ്ങനെ ലഭിച്ച ഫലങ്ങളും നിലവിലെ സ്റ്റാൻഡേർഡൈസേഷൻ രീതി അവലംബിച്ചുള്ള ഫലങ്ങളും സമിതി മുമ്പാകെ ലഭ്യമാക്കി.

സമിതി, ഫലങ്ങളിലെ ഓരോ സൂക്ഷ്മതല വ്യത്യാസങ്ങളും ഓരോന്നായി പരിശോധിച്ചതിൽ നിന്നും പുതിയ രീതി ‘Greater outlier sensitivity’ (ഒരു ഡാറ്റാ സെറ്റിൽ നിന്ന് തികച്ചും ഭിന്നസ്വഭാവം കാണിക്കുന്ന ഒന്നോ അതിൽ കൂടുതലാ പോയിൻറുകൾ, ഉദാ: ഒരേ രീതിയിലുള്ള മാർക്ക് വിന്യാസത്തിന് പുറത്ത് വളരെ കൂടുതലായ ഒന്നോ അതിലധികമോ മാർക്കുകൾ - ഈ രീതിയുടെ ഫലത്തിന്റെ കൃത്യതയെ ബാധിക്കാം.) ഉള്ളതാണ് എന്നും കൂടുതൽ കൃത്യവും ശാസ്ത്രീയവുമായ നടപടികൾ ഏറ്റവും കുറഞ്ഞതും / കൂടിയതുമായ മാർക്കുകളുടെ കാര്യത്തിൽ ഉൾക്കൊള്ളിക്കേണ്ടിവരും എന്ന് കണ്ടെത്തി. ശരാശരി മാർക്കുകാരെ സംബന്ധിച്ചുള്ള വ്യത്യാസങ്ങൾ കുറയുന്നതായി കാണുന്നതിനാൽ നിർദ്ദേശിക്കപ്പെട്ട പുതിയ രീതി യോഗ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും കൂടുതൽ ആധികാരികമായ പഠനങ്ങളും പരിശോധനകളും ആവശ്യമാണ് എന്ന് കമ്മിറ്റി തുടർന്ന് അഭിപ്രായപ്പെട്ടു.

ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 57,000 ത്തോളം എൻജിനീയറിങ് സീറ്റുകൾ ലഭ്യമാണ്. ഈ വർഷത്തെ കണക്കുകൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം 20,000-ത്തിനു മുകളിൽ സീറ്റുകൾ അവസാന പ്രവേശനത്തിനുശേഷം ഒഴിഞ്ഞുകിടക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ (തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന) രീതികളും മാനദണ്ഡങ്ങളും അടുത്ത യോഗത്തിന് മുൻപായി പരിശോധിക്കാൻ എൻട്രൻസ് കമ്മീഷണറോട് കമ്മിറ്റി അപേക്ഷിച്ചു. പുതിയ രീതിയുടെ മെച്ചം നിലവിലുള്ള രീതി അപേക്ഷിച്ച് കൂടുതൽ ആധികാരികമായി തെളിയുന്നത് വരെ നിലവിലുള്ള രീതി തൽക്കാലം തുടരാനും ആ ദിശയിലുള്ള വിപുലമായ പഠനങ്ങൾ അടുത്ത യോഗത്തിന് മുമ്പായി പഠിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

അവലോകന സമിതിയുടെ നാലാമത്തെ യോഗം 2025 മെയ് 30-ന് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ യോഗങ്ങളിലെ തീരുമാനങ്ങൾ പരിശോധിച്ച കമ്മിറ്റി നിലവിലെ 50:50 രീതിയിൽ നിന്നും 60:40 എന്ന ഒരു പുതിയ രീതി നിർദ്ദേശിച്ചെങ്കിലും കമ്മിറ്റി പൂർണമായും യോജിപ്പിലെത്തിയില്ല. നിലവിലെ സ്റ്റാൻഡേർഡൈസേഷനായി കഴിഞ്ഞ 10 വർഷത്തെ ഡാറ്റ എന്ന രീതിക്ക് പകരം തൊട്ടുമുൻപത്തെ അഞ്ചുവർഷം എന്ന രീതി യോഗം ചർച്ച ചെയ്തു. ആയത് ഓവറാൾ മീൻ /സ്റ്റാൻഡേർഡ് ഡിവിഷൻ എന്നിവയ്ക്കും ബാധകമാക്കി നിർദ്ദേശിച്ചു.

കേരള സിലബസിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അധിക/ഇനിഷ്യൽ സ്കോറുകൾ എന്ന രീതിയും കമ്മിറ്റി ശുപാർശ ചെയ്തു. ആയത് സർക്കാർ നിയോഗിച്ച കമ്മിറ്റി പരിശോധിക്കുവാൻ വിദഗ്ധസമിതി ശുപാർശ ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്നതുപോലെ ബോർഡുകളിലെ മാർക്ക് അതേപോലെ പരിഗണിക്കുന്നത് ശാസ്ത്രീയം അല്ലെന്നും അനുയോജ്യമായിരിക്കില്ലെന്നും കമ്മിറ്റി നിർദ്ദേശിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം വിദഗ്ധസമിതി താഴെ പറയുന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചു.

1. സമഗ്രവും വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമേ പുതിയ ഫോർമുലയോ നിലവുള്ള രീതിയിൽ മാറ്റമോ സാധ്യമാവുകയുള്ളൂ.

2. പുതിയ രീതി എല്ലാതലത്തിലും നിലവിലുള്ളതിനേക്കാൾ മെച്ചം എന്ന് തെളിയിക്കത്തക്കതായിരിക്കണം.

3. തൊട്ടുമുൻപത്തെ പത്തുവർഷം ഡാറ്റ എന്നത് അഞ്ചുവർഷമാക്കി കുറച്ച് മൊത്തം ശരാശരി സ്റ്റാൻഡേർഡ് ഡിവിഷൻ എന്നിവ പരിഗണിക്കാം.

4. 50:50 എന്നതിന് പകരം 60:40 എന്ന രീതി പരിഗണിക്കാവുന്നതാണ് (പ്രവേശന പരീക്ഷ സ്കോർ: യോഗ്യത പരീക്ഷാ മാർക്ക്).

5. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിഷ്യൽ സ്കോറുകൾ നൽകുന്നത് പരിഗണിക്കാവുന്നതാണ്.

കേരളത്തിലെ ബോർഡുകളിൽ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇനിഷ്യൽ സ്കോറുകൾ അല്ലെങ്കിൽ മുൻഗണനാ സ്കോറുകൾ നൽകാവുന്നതാണ്.
കേരളത്തിലെ ബോർഡുകളിൽ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇനിഷ്യൽ സ്കോറുകൾ അല്ലെങ്കിൽ മുൻഗണനാ സ്കോറുകൾ നൽകാവുന്നതാണ്.

KEAM 2025:

KEAM -2025 എൻജിനീയറിങ് പ്രവേശനത്തിൽ പ്രോസ്പെക്ടസിൽ നിന്നും വ്യതിചലിച്ചുകൊണ്ട് നടത്തിയ പരിഷ്കാരങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും തുടർന്ന് കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുകയും ചെയ്തു.

എഞ്ചിനീയറിംഗ് പ്രവേശനത്തിന് രണ്ടു റാങ്കുലിസ്റ്റുകൾ കഴിഞ്ഞവർഷം പുറത്തിറങ്ങി. തുടർന്നിരുന്ന സമീകരണ രീതിക്കെതിരായ പ്രതി​ഷേധം കണക്കിലെടുത്ത് പുതിയ സമീകരണ സൂത്രവാക്യമുപയോഗിച്ചുള്ള റാങ്കുലിസ്റ്റാണ് ആദ്യം ഇറങ്ങിയത്. എന്നാൽ പ്രസ്തുത റാങ്ക് ലിസ്റ്റ് CBSE വിദ്യാർത്ഥികൾ കോടതിയിൽ ചോദ്യം ചെയ്യുകയും പ്രോസ്പെക്റ്റസ് ഇറക്കിക്കഴിഞ്ഞതിനു ശേഷം പ്രവേശന നിയമങ്ങൾ അന്തിമനിമിഷത്തിൽ മാറ്റിയതിനെ മുൻനിർത്തി കോടതി പ്രസ്തുത റാങ്കുലിസ്റ്റ് റദ്ദാക്കുകയും ചെയ്തു. പ്രോസ്പെക്റ്റസിൽ കൊടുത്ത പഴയരീതിയിലുള്ള സമീകരണം നടത്തി പുതിയ റാങ്കുലിസ്റ്റ് തയ്യാറാക്കാനും സുപ്രീംകോടതി വിധിച്ചു.

ഇതേതുടർന്നാണ് രണ്ടാം റാങ്ക് ലിസ്റ്റ് പുറത്തിറങ്ങിയത്. അതോടെ ആദ്യ റാങ്ക് ലിസ്റ്റിലെ റാങ്കുകൾ മാറിമറിഞ്ഞു ഒന്നാം റാങ്കു ലഭിച്ച കേരളാ സിലബസ്സുകാരൻ പിന്നിലേക്കു പോയി. ആദ്യ പത്തിൽ ഉൾപ്പെട്ട ചിലർ നൂറിലും പിറകിലേക്ക് തള്ളപ്പെട്ടു.

ഇതേതുടർന്നുള്ള ചർച്ചകൾക്കൊടുവിലാണ് കീം സമീകരണപ്രക്രിയ പഠിച്ച് ശുപാർശ സമർപ്പിക്കാൻ റിവ്യു കമ്മിറ്റി രൂപീകരിച്ചതും അതിന്റെ ശുപാർശകൾ പ്രകാരം സർക്കാർ പുതിയ മാറ്റം കൊണ്ടുവന്നതും.

എഞ്ചിനീയറിങ് പ്രവേശനത്തിന്റെ ഭാവി?

കേരളത്തിലെ എൻജിനീയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ചോദ്യങ്ങൾ പ്രസക്തമാണ്:

1. എൻജിനീയറിങ് പ്രവേശനത്തിനായി ഒരു പ്രത്യേക പരീക്ഷ, നിലവിലുള്ളതുപോലെ ആവശ്യമുണ്ടോ?

  • ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 57,000 ത്തോളം എൻജിനീയറിങ് സീറ്റുകൾ ലഭ്യമാണ്. ഈ വർഷത്തെ കണക്കുകൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം 20,000-ത്തിനു മുകളിൽ സീറ്റുകൾ അവസാന പ്രവേശനത്തിനുശേഷം ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാർ എയ്ഡഡ് മേഖലയിലെ 12 കോളേജുകൾ, സർക്കാർ നിയന്ത്രിത കോളേജുകൾ, 31,123 സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കാണ് KEAM മുഖേന പ്രവേശനം നടക്കുന്നത്. ഇവയിൽ ഏറ്റവും ഡിമാൻഡുള്ള കോളേജുകൾ 50-ൽ താഴെയായിട്ടാണ് കണ്ടുവരുന്നത്.

  • അതേസമയം മെഡിക്കൽ / അനുബന്ധ കോഴ്സ് പ്രവേശനം സംസ്ഥാന തലത്തിൽ അഖിലേന്ത്യാതലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി NTA നടത്തുന്ന NEET-UG റാങ്കിന്റെ അടിസ്ഥാനത്തിൽ നടക്കുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നവരിൽ നല്ലൊരു ശതമാനവും അഖിലേന്ത്യാ തലത്തിലെ JEE - Main / Advanced പരീക്ഷ എഴുതുന്നവരത്രെ. രണ്ടു പരീക്ഷകളുടെയും സിലബസുകൾ പ്ലസ്ടു - എൻ സി ഇ ആർ ടി അടിസ്ഥാനത്തിൽ ഉള്ളതും. അങ്ങനെയെങ്കിൽ JEE -മെയിൻ സ്കോറുകൾ സ്വീകരിച്ച് പ്ലസ്ടുവിന്റെ യോഗ്യതാ മാർക്കുകളുമായി ചേർത്ത് തയ്യാറാക്കുകയാണെങ്കിൽ (മാർക്കുകൾ നോർമലൈസേഷൻ അല്ലെങ്കിൽ സ്റ്റാന്റ​​ഡൈസേഷൻ രീതികൾ അവലംബിച്ച്) വിദ്യാർത്ഥികളുടെ സാമ്പത്തികഭാരവും സമയനഷ്ടവും ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.

നോർമലൈസേഷൻ / സ്റ്റാൻഡേർഡൈസേഷൻ എന്ന കീറാമുട്ടി

  • വിദ്യാഭ്യാസ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ശ്രദ്ധാലുക്കളായ സമൂഹമാണ് നമ്മുടേത്. ആയതിനാൽ വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നമ്മൾ സ്വീകരിക്കുന്നുമുണ്ട്. ഭൂരിഭാഗം കുട്ടികളും സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കുമ്പോൾ CBSE തുടങ്ങി മറ്റു സംസ്ഥാന ബോർഡുകളിൽ പഠിക്കുന്നവരും ധാരാളം. ഗൾഫ് നാടുകളിലും, കേന്ദ്രസേനകൾ, മറ്റ് സ്ഥാപനങ്ങളിൽ ഒക്കെ ജോലി ചെയ്യുന്ന മലയാളികൾ സെൻട്രൽ സ്കൂളുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ തുടങ്ങീ സിബിഎസ്ഇ പോലുള്ള ബോർഡുകളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നുമുണ്ട്. മിക്കവാറും എല്ലാ ബോർഡുകളും ഇംഗ്ലീഷ് മാധ്യമത്തിലും എൻസിഇആർടി സിലബസ് പ്രകാരവും പഠനപ്രക്രിയ തുടരുന്നു.

    വിവിധ ബോർഡുകളിലെ പരീക്ഷാരീതികൾ, മൂല്യനിർണയ പ്രക്രിയകൾ തുടങ്ങി മാർക്ക് അഥവാ ഗ്രേഡ് രീതികൾ വരെ വ്യത്യസ്തവുമാണ്. ഇത്തരം വിഭിന്ന ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ യോഗ്യതാ മാർക്കുകൾ റാങ്കിംഗിനായി പരിഗണിക്കുമ്പോൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളാണ് വളരെ സങ്കീർണ്ണം. പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം, മാർക്ക് അല്ലെങ്കിൽ ഗ്രേഡ് രീതികൾ, ഏറ്റവും ഉയർന്നതും താഴ്ന്നതുമായ മാർക്കുകളുടെ അന്തരം, പരീക്ഷകളുടെ കാഠിന്യം, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങളാൽ ഇവകളുടെ മാർക്ക് ഏകീകരണം എന്ന പ്രക്രിയ കൂടുതൽ സങ്കീർണമാക്കുന്നു. പല പ്രവേശന ബോർഡുകളും വിഭിന്ന രീതികളാണ് മാർക്ക് സമീകരണത്തിനായി ഉപയോഗിക്കുന്നത്.

    മുൻപ് സൂചിപ്പിച്ച സ്റ്റാൻഡേർഡൈസേഷൻ എന്ന രീതിയാണ് നിലവിൽ കേരളം എൻജിനീയറിങ് പ്രവേശനത്തിനായി യോഗ്യത മാർക്കുകൾ കണക്കാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ളത്. സമീപകാലത്ത് ഉന്നയിക്കപ്പെട്ടിട്ടുള്ള പരാതികളുടെയും കേസുകളുടെയും വെളിച്ചത്തിൽ സർക്കാരിന് സ്വീകരിക്കാവുന്ന നിലപാടുകൾ ഇവയാണ്:

1. നിലവിലുള്ള മാർക്ക് സ്റ്റാൻഡേർഡൈസേഷൻ രീതി വിവിധ വിദഗ്ധ സമിതികൾ നിരവധി തവണ നിർദ്ദേശിച്ചതുപോലെ വിശദ പരിശോധനകൾക്ക് ശേഷം മെച്ചപ്പെട്ട രീതിയിൽ പരിഷ്കരിക്കുക.

2. കേരളത്തിലെ ബോർഡുകളിൽ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇനിഷ്യൽ സ്കോറുകൾ അല്ലെങ്കിൽ മുൻഗണനാ സ്കോറുകൾ നൽകുക.

3. പ്രത്യേക പ്രവേശന പരീക്ഷ എന്ന സമ്പ്രദായം നിർത്തലാക്കി JEE പോലുള്ള പരീക്ഷാ സ്കോറുകളും യോഗ്യത മാർക്കും കണക്കിലെടുത്ത് റാങ്കുകൾ നിർണയിക്കുക.

നിലവിലത്തെ രീതിയിൽ നടത്തുന്ന ഏത് പരിഷ്കരണങ്ങളും ശാസ്ത്രീയവും യുക്തിഭദ്രവും അല്ലെങ്കിൽ മുൻ വർഷങ്ങളിലേതു പോലെ നിയമപ്രശ്നങ്ങളിലേക്കും പ്രവേശനപ്രക്രിയ നീളുന്നതിലേക്കും നയിക്കും എന്നത് ഉറപ്പാണ്. തമിഴ്നാട് അവലംബിച്ചിട്ടുള്ള മാതൃകയാണ് കേരള സർക്കാർ ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ മറ്റു ബോർഡുകളിൽ നിന്നും ലഭിക്കുന്ന വിഷയങ്ങളിലെ ദേശീയതലത്തിലെ ഏറ്റവും ഉയർന്ന മാർക്ക് മാത്രമാണ് നോർമലൈസേഷന് പരിഗണിക്കുക. കേരള സിലബസിലെ ഉയർന്ന മാർക്ക് നൂറും മറ്റു ബോർഡിലേത് 95 ആണെങ്കിൽ രണ്ടും നൂറ് മാർക്ക് ആയി കണക്കാക്കും എന്നാണ് സൂചന.

യുക്തിസഹമായതും തുല്യതയിലും നീതിയിലും ഊന്നിയതുമായ പരിഷ്കരണങ്ങളാണ് അഭികാമ്യം. അത്തരം തീരുമാനങ്ങൾക്ക് കരുത്തേകേണ്ടത് ഇത്തരം വിഷയങ്ങളിലെ വിദഗ്ധരുടെ അഭിപ്രായ സമന്വയങ്ങളിലൂടെ ആയിരിക്കണം.

Comments