നടുവേദന:
എല്ലാവർക്കും
MRI പരിശോധന
വേണോ?

എല്ലാ നടുവേദനയ്ക്കും ഉടൻ MRI ആവശ്യമല്ല. ഏതു സാഹചര്യങ്ങളിലാണ് എം.ആർ.ഐ നിർദേശിക്കുന്നത്?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഗായത്രി കെ.എസ്. എഴുതിയ ലേഖനം.

നിവർന്നുനിൽക്കാനുള്ള കഴിവ് മനുഷ്യന്റെ ഏറ്റവും വലിയ പരിണാമനേട്ടങ്ങളിൽ ഒന്നാണ്. പക്ഷേ അതിനൊപ്പമുണ്ടായ ഒരു പ്രശ്നമാണ് നടുവേദന. ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വളരെ വിരളമാണ്. വയസ്സ്, ജോലി സ്വഭാവം, ജീവിതശൈലി- എല്ലാം ഇതിനെ സ്വാധീനിക്കുന്നു.

ഇന്ന് റേഡിയോളജി വിഭാഗങ്ങളിൽ എക്സ്-റേയും എം.ആർ.ഐയും ചെയ്ത് നടുവേദനയുടെ കാരണം അന്വേഷിക്കാനെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.

നടുവേദനയ്ക്ക്
കാരണങ്ങൾ എന്തൊക്കെ?

നമ്മുടെ നട്ടെല്ല് (spine) ഒരു അത്ഭുത ഘടനയാണ്. അത് നിരവധി ചെറിയ അസ്ഥികളായ കശേരുക്കൾ (vertebrae) ചേർന്നുണ്ടായതാണ്. ഇവ തമ്മിൽ ചേർന്ന് നിൽക്കാനും, ശരീരം വളയ്ക്കാനും, തിരിക്കാനും സഹായിക്കുന്നു.

1️. കശേരുക്കളുടെ ഘടനാപരമായ മാറ്റങ്ങൾ

  • പ്രായം കൂടുമ്പോൾ അസ്ഥികളുടെ ദൃഢത കുറയാം.

  • അസ്ഥികളുടെ അളവിലും രൂപത്തിലും വരുന്ന മാറ്റങ്ങൾ.

  • അസ്ഥിപൊട്ടൽ (fracture).

2️. ഡിസ്ക് പ്രശ്നങ്ങൾ

അടുത്തടുത്തുള്ള രണ്ടു കശേരുക്കൾക്കിടയിൽ “ഡിസ്ക്” എന്നറിയപ്പെടുന്ന മൃദുവായ തരുണാസ്ഥി (cartilage) ഉണ്ട്. ഇത് ഒരു ഷോക്ക് ആബ്സോർബറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.

  • ഡിസ്ക് പുറത്തേക്ക് തള്ളി നിൽക്കൽ (disc bulge).

  • ഡിസ്ക് തള്ളിപ്പോകൽ (disc prolapse).

  • പ്രായാധിക്യം മൂലമുള്ള ഡിസ്ക് ക്ഷയം.

ഇവ നാഡികളെ അമർത്തുമ്പോൾ കാലിലേക്ക് വേദന പടരാം.

3️. ലിഗമെന്റുകളും (അസ്ഥിബന്ധങ്ങൾ) പേശികളും

എല്ലാ കശേരുക്കളെയും ഒരുമിച്ച് നിർത്താൻ സഹായിക്കുന്ന അസ്ഥിബന്ധങ്ങൾ (ligaments) ഉണ്ട്. അതുപോലെ, പുറകുവശത്തെ പേശികളും നട്ടെല്ലിനെ പിന്തുണയ്ക്കുന്നു.

  • പേശി വലിവ് (muscle strain).

  • ലിഗമെന്റ് ക്ഷയം.

അടുത്തടുത്തുള്ള രണ്ടു കശേരുക്കൾക്കിടയിൽ “ഡിസ്ക്” എന്നറിയപ്പെടുന്ന മൃദുവായ തരുണാസ്ഥി (cartilage) ഉണ്ട്. ഇത് ഒരു ഷോക്ക് ആബ്സോർബറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.
അടുത്തടുത്തുള്ള രണ്ടു കശേരുക്കൾക്കിടയിൽ “ഡിസ്ക്” എന്നറിയപ്പെടുന്ന മൃദുവായ തരുണാസ്ഥി (cartilage) ഉണ്ട്. ഇത് ഒരു ഷോക്ക് ആബ്സോർബറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.

4️ നാഡീഞെരുക്കം
(Nerve Compression)

ഡിസ്ക് പ്രശ്നങ്ങൾ മാത്രമല്ല, ചിലപ്പോൾ അസ്ഥി വളർച്ചകൾ (osteophytes) അല്ലെങ്കിൽ കശേരുക്കളുടെ ഇടിവ് മൂലം നാഡികൾ അമർന്നേക്കാം.

  • കാലിലേക്ക് പടരുന്ന വേദന.

  • കാൽ മരവിപ്പ്.

  • മുള്ള് കുത്തുന്ന പോലെ തോന്നൽ.

ഇത് പലപ്പോഴും “സയാറ്റിക്ക” എന്നറിയപ്പെടുന്നു.

5️. സ്പൈനൽ കനാൽ ചുരുങ്ങൽ
(Spinal Canal Narrowing)

വയസ്സാകുമ്പോൾ നട്ടെല്ലിന്റെ ഉള്ളിലൂടെ പോകുന്ന നാഡിക്കുഴൽ ചുരുങ്ങാം.

6. അണുബാധ (Infections)

ക്ഷയം, ബ്രൂസെല്ല, സ്റ്റാഫ്യ്ലോകോക്കസ് ബാക്ടീരിയകൾ എന്നിവ നട്ടെല്ലിനെ ബാധിക്കാം. ഇത്തരം വേദന സാധാരണയായി തുടർച്ചയായും രാത്രി കൂടുതലായും അനുഭവപ്പെടാം.

7️. കാൻസർ പടരൽ (Metastasis)

ശരീരത്തിലെ മറ്റു ഭാഗങ്ങളിലുണ്ടായ കാൻസർ ചിലപ്പോൾ നട്ടെല്ലിലേക്ക് പടരാം.

പ്രത്യേകിച്ച്:

  • സ്തനാർബുദം.

  • പ്രോസ്റ്റേറ്റ് കാൻസർ.

  • ശ്വാസകോശ കാൻസർ.

8️. അസ്ഥിദുർബലത
(Osteoporosis)

പ്രായാധിക്യത്തോടൊപ്പം അസ്ഥികളുടെ കരുത്ത് കുറയാം. ചെറിയ ആഘാതം കൊണ്ടുപോലും compression fracture ഉണ്ടാകാം.

9️. തെറ്റായ ജീവിതശൈലി

  • ദീർഘനേരം ഇരുന്ന് ജോലി.

  • വ്യായാമമില്ലായ്മ.

  • അമിതവണ്ണം.

  • മൊബൈൽ ഫോൺ ഉപയോഗിച്ച് തല കുനിച്ച് ഇരിക്കൽ.

  • പെട്ടെന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തൽ.

ഇവയെല്ലാം ഇന്നത്തെ യുവാക്കളിലും നടുവേദന വർധിപ്പിക്കുന്നു

10. മാനസിക സമ്മർദ്ദം
(Psychological Factors)

അതിശയകരമായി തോന്നിയാലും- ആകുലത, വിഷാദം, മാനസിക സമ്മർദ്ദം എന്നിവ നടു വേദനയായി അവതരിക്കാം.

1️1. ഗർഭകാലം

ഗർഭിണികളിൽ ഭാരം മുൻവശത്തേക്ക് മാറുന്നതിനാൽ lumbar spine- ന് കൂടുതൽ സമ്മർദ്ദം ലഭിക്കുന്നു.

ഡിസ്ക് പ്രശ്നങ്ങൾ മാത്രമല്ല, ചിലപ്പോൾ അസ്ഥി വളർച്ചകൾ (osteophytes) അല്ലെങ്കിൽ കശേരുക്കളുടെ ഇടിവ് മൂലം നാഡികൾ അമർന്നേക്കാം.
ഡിസ്ക് പ്രശ്നങ്ങൾ മാത്രമല്ല, ചിലപ്പോൾ അസ്ഥി വളർച്ചകൾ (osteophytes) അല്ലെങ്കിൽ കശേരുക്കളുടെ ഇടിവ് മൂലം നാഡികൾ അമർന്നേക്കാം.

നടുവേദനയിൽ
റേഡിയോളജിയുടെ പ്രസക്തി

നടുവേദനയുടെ മൂലകാരണം കണ്ടെത്തുന്നതിനും ചികിത്സയുടെ ഫലം വിലയിരുത്തുന്നതിനും റേഡിയോളജി നിർണായക പങ്ക് വഹിക്കുന്നു.

പ്രധാനമായും ഉപയോഗിക്കുന്ന പരിശോധനകൾ:

  • എക്സ്-റേ.

  • എം.ആർ.ഐ.

എക്സ്-റേയുടെ പങ്ക്:

ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ പരിശോധനയാണ് എക്സ്-റേ. ഇതിലൂടെ കണ്ടെത്താനാകുന്നത്:

  • കശേരുക്കളുടെ പൊട്ടൽ (fracture).

  • അസ്ഥികളുടെ തേയ്മാനം (degenerative changes).

  • അസ്ഥിവളർച്ചകൾ (osteophytes).

  • കശേരുക്കളുടെ സ്ഥാനംമാറൽ (spondylolisthesis).

  • അസ്ഥിദുർബലത.

സൂചനകൾ

ഡിസ്ക് പ്രശ്നങ്ങൾ നേരിട്ട് എക്സ്-റേയിൽ കാണാൻ സാധിക്കില്ല. എങ്കിലും കശേരുക്കൾ തമ്മിലുള്ള ദൂരം കുറയുന്നത് വഴി ഡിസ്ക് തേയ്മാനം സംശയിക്കാം. എങ്കിലും, കൃത്യമായ ഡിസ്ക് നിർണയം എക്സ്-റേ വഴി സാധ്യമല്ല.

എം.ആർ.ഐയുടെ പ്രാധാന്യം

മൃദുവായ കലകൾ വ്യക്തമായി കാണാൻ ഏറ്റവും മികച്ച പരിശോധനയാണ് എം.ആർ. ഐ. ഇതിലൂടെ കൃത്യമായി വിലയിരുത്താനാകുന്നത്:

  • ഡിസ്ക് തേയ്മാനം, തള്ളിച്ച (disc bulge/prolapse).

  • നാഡീ ഞെരുക്കം.

  • ലിഗമെന്റ് ക്ഷതം.

  • പേശി പരിക്കുകൾ.

  • ചെറിയ, displacement ഇല്ലാത്ത പൊട്ടലുകൾ.

  • അണുബാധകൾ.

  • പടരുന്ന അർബുദം.

കോൺട്രാസ്റ്റ്
ഉപയോഗിക്കുന്നതെപ്പോൾ?

ചില സാഹചര്യങ്ങളിൽ മരുന്ന് (contrast) കുത്തിവെച്ചുള്ള MRI ആവശ്യമായി വരാം:

  • അണുബാധ സംശയിക്കുമ്പോള്‍.

  • ടിബി (spinal tuberculosis).

  • പടരുന്ന അർബുദം.

  • ശസ്ത്രക്രിയക്കുശേഷം ആവർത്തിക്കുന്ന പ്രശ്നങ്ങൾ.

കോൺട്രാസ്റ്റ് ഉപയോഗിച്ച് അസാധാരണ ഭാഗങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നു.

ഒരു പ്രധാന കാര്യം

എല്ലാ നടുവേദനയ്ക്കും MRI ആവശ്യമില്ല. പലപ്പോഴും ലളിതമായ പേശീവലിവ് മാത്രമായിരിക്കും കാരണം. റേഡിയോളജിസ്റ്റും ചികിത്സകരും ചേർന്ന് രോഗിയുടെ ലക്ഷണങ്ങൾ വിലയിരുത്തിയ ശേഷമാണ് പരിശോധന തിരഞ്ഞെടുക്കേണ്ടത്.

എപ്പോഴാണ് MRI വേണ്ടിവരുന്നത്?

എല്ലാ നടുവേദനയ്ക്കും ഉടൻ എം.ആർ.ഐ ആവശ്യമല്ല. ACR മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ് എം.ആർ.ഐ നിർദേശിക്കുന്നത്:

1. ആറാഴ്ച ചികിത്സയ്ക്കുശേഷവും വേദന തുടരുമ്പോൾ

  • മരുന്നും ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള 6 ആഴ്ചത്തെ ശരിയായ ചികിത്സയ്ക്കു ശേഷവും വേദന കുറഞ്ഞില്ലെങ്കിൽ.

  • ശസ്ത്രക്രിയയോ ഇടപെടൽ ചികിത്സയോ പരിഗണിക്കുമ്പോൾ.

ഈ സാഹചര്യത്തിൽ MRI without contrast ആണ് സാധാരണയായി ആദ്യം തിരഞ്ഞെടുക്കുന്നത്.

2️. ഗുരുതര നാഡീലക്ഷണങ്ങളുണ്ടെങ്കിൽ
(Red Flags)

പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ അടിയന്തര MRI ആവശ്യമാണ്

  • മൂത്രം പിടിച്ചുനിർത്താൻ കഴിയാത്തത്.

  • മലനിയന്ത്രണം നഷ്ടപ്പെടൽ.

  • ഇരുകാലിലും ബലക്ഷയം.

  • “സാഡിൽ അനസ്തീഷ്യ” (ഇരിക്കാൻ ഉപയോഗിക്കുന്ന ഭാഗത്ത് മരവിപ്പ്).

MRI ആണ് ഏറ്റവും ഉചിതമായ പരിശോധന.

3️. കാൻസർ അല്ലെങ്കിൽ അണുബാധ സംശയിക്കുമ്പോൾ

  • മുൻകാല കാൻസർ ചരിത്രം.

  • അകാരണമായി ഭാരം കുറയൽ.

  • ദീർഘകാല സ്റ്റിറോയിഡ് ഉപയോഗം.

  • പ്രതിരോധശേഷി കുറഞ്ഞ അവസ്ഥ.

  • ക്ഷയരോഗനിർണയം.

ഈ സാഹചര്യത്തിൽ MRI (contrast ഉൾപ്പടെ) ആണ് ഉചിതം.

4️. മുമ്പ് ശസ്ത്രക്രിയ ചെയ്ത രോഗിയിൽ പുതിയ ലക്ഷണങ്ങൾ

  • വീണ്ടും കാലിലേക്ക് വേദന.

  • പുതിയ ബലക്ഷയം.

  • ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണ്ണത സംശയം.

  • MRI (contrast ഉൾപ്പെടുത്തി) സഹായകരമാണ്.

5️ പൊട്ടൽ സംശയിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ

  • ചെറു ആഘാതം + ഓസ്റ്റിയോപോറോസിസ്.

  • വയോധികർ.

  • ദീർഘകാല സ്റ്റിറോയിഡ് ഉപയോഗം.

MRI, fracture-ന്റെ കാലപ്പഴക്കം തിരിച്ചറിയാൻ സഹായിക്കും.

“നാലാഴ്ചയ്ക്കുള്ളിലെ സാധാരണ നടുവേദനയ്ക്ക്, Red Flag ഇല്ലെങ്കിൽ, എം.ആർ.ഐ ആവശ്യമില്ല.” ഇത് അനാവശ്യപരിശോധനകളും ചെലവും ഒഴിവാക്കാൻ സഹായിക്കുന്നു.

MRI ചിത്രങ്ങൾ മാത്രം മതിയോ
രോഗ നിർണയത്തിന്?

MRI ഒരു മികച്ച പരിശോധനയായാലും ചിത്രങ്ങൾ മാത്രം നോക്കി രോഗം നിർണയിക്കാനാകില്ല. ഡോക്ടർ വിലയിരുത്തുന്നത് മൂന്ന് കാര്യങ്ങൾ ചേർന്നാണ്:

1️. രോഗിയുടെ ലക്ഷണങ്ങൾ.
2️. ശരീരപരിശോധന.
3️. സ്കാൻ ചിത്രങ്ങളും റിപ്പോർട്ടും.

പഴയ സ്കാൻ റിപ്പോർട്ടുകൾ എന്തുകൊണ്ട് പ്രധാനമാണ്?

മുൻപ് എടുത്ത എക്സ്-റേ അല്ലെങ്കിൽ MRI എത്ര വർഷം പഴക്കമുള്ളതാണെങ്കിലും- അതിന്റെ റിപ്പോർട്ടും ചിത്രങ്ങളും ഡോക്ടറെ കാണിക്കണം.

അതിലൂടെ:

  • പഴയ മാറ്റങ്ങൾ എന്തൊക്കെയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.

  • ഇപ്പോഴത്തെ ചിത്രങ്ങളിൽ പുതിയത് എന്താണെന്ന് തിരിച്ചറിയാം.

  • പഴയ മാറ്റങ്ങൾ തന്നെയാണോ ഇപ്പോഴത്തെ വേദനയുടെ കാരണം എന്ന് വിലയിരുത്താം.

ചിലപ്പോൾ 5–10 വർഷമായി ഉള്ള ഒരു ഡിസ്ക് മാറ്റം ഇപ്പോൾ വേദനയ്ക്ക് കാരണമല്ലാതെയും ഇരിക്കാം.

ഡോക്ടറോട് നിർബന്ധമായി പറയേണ്ട കാര്യങ്ങൾ

  • ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ

  • മുൻപ് ഉണ്ടായ ക്ഷയം (ടിബി) പോലുള്ള അണുബാധകൾ.

  • വീഴ്ചയോ അപകടമോ ഉണ്ടായിട്ടുണ്ടോ?.

  • മുൻകാല അർബുദ ചരിത്രം.

  • ദീർഘകാല സ്റ്റിറോയിഡ് ഉപയോഗം.

ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സ്കാൻ വ്യാഖ്യാനം മാറാം.

എല്ലാ ഡിസ്ക് ബൾജുകളും വേദനയ്ക്ക് കാരണമാണോ?

നിർബന്ധമില്ല.
MRI- യിൽ പലപ്പോഴും വേദനയില്ലാത്ത ആളുകളിലും യാദൃച്ഛികമായി നടത്തിയ സ്കാനിലും ഡിസ്ക് ബൾജ് കാണപ്പെടാം. ശാസ്ത്രീയപഠനങ്ങൾ കാണിക്കുന്നത് പ്രായം കൂടുന്തോറും ഇത്തരം മാറ്റങ്ങൾ സാധാരണമാണ് എന്നാണ്. ശരീരം പലപ്പോഴും സമീപപേശികൾ ശക്തിപ്പെടുത്തിയും ലിഗമെന്റുകൾ വഴിയും നാഡികളെ ഒഴിവാക്കി ഇവയെ “അഡ്ജസ്റ്റ്” ചെയ്യാറുണ്ട്.

അതുകൊണ്ട്:
“ഡിസ്ക് ബൾജ്” എന്ന വാക്ക് കേട്ടാൽ പേടിക്കേണ്ടതില്ല. ലക്ഷണങ്ങളോടൊപ്പം പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ് പ്രാധാന്യം.

സ്കാനിൽ കണ്ട എല്ലാ മാറ്റങ്ങളും ചികിത്സിക്കേണ്ടതല്ല.

ലക്ഷണങ്ങളോട് പൊരുത്തപ്പെടുന്ന മാറ്റങ്ങളേ ചികിത്സ ലക്ഷ്യമിടൂ.

നടുവേദന സാധാരണമാണ്, എല്ലായ്പ്പോഴും ഭയപ്പെടേണ്ട രോഗമല്ല. മിക്കവാറും ഇത് സ്വാഭാവികമായ ക്ഷീണം, പേശിവലിവ്, ജീവിതശൈലീമാറ്റങ്ങൾ എന്നിവയുടെ ഫലമാണ്. എല്ലാ വേദനയ്ക്കും ഉടൻ സ്കാൻ ആവശ്യമില്ല. അതുപോലെ സ്കാനിൽ കണ്ട എല്ലാ മാറ്റങ്ങളും രോഗമല്ല.

ശരിയായ വിലയിരുത്തൽ, ആവശ്യമായപ്പോൾ മാത്രം പരിശോധന, വ്യായാമം, ശരിയായ ഭാവം, ആരോഗ്യകരമായ ജീവിതശൈലി- ഇവയാണ് നടുവേദന നിയന്ത്രിക്കുന്നതിലെ മുഖ്യ മാർഗങ്ങൾ. സ്കാൻ ചിത്രങ്ങൾ നമ്മെ സഹായിക്കും, എന്നാൽ രോഗിയെ കേൾക്കുന്നതാണ് ചികിത്സയുടെ ആദ്യ പടി.

READ: പഞ്ചസാരയെ
അടുത്തറിയാം

ആസ്ത്മയെക്കുറിച്ച്
പുതിയ കാഴ്ചപ്പാടുകൾ

വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം

ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി

ഒരു അപൂര്‍വ രോഗത്തിന്റെ കഥ

ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ

നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?

പ്രസവാനന്തരം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments