സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

‘‘Chronic Kidney Disease-ന്റെ പ്രധാന കാരണം ദീർഘകാല പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, മറ്റ് ജീവിതശൈലീരോഗങ്ങൾ എന്നിവയാണ്. വരും ദശകങ്ങളിൽ ക്രോണിക് കിഡ്‌നി ഡിസീസിന്റെയും വൃക്കമാറ്റിവെക്കൽ ആവശ്യമായി വരുന്ന അന്തിമഘട്ട വൃക്കരോഗങ്ങളുടെയും എണ്ണം വർദ്ധിച്ചു വന്നേക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ എഴുതിയ ലേഖനം.

സ്ഥായിയായ വൃക്കരോഗങ്ങൾ (ക്രോണിക് കിഡ്‌നി ഡിസീസ് -Chronic Kidney Disease / CKD) എന്നത് വൃക്കകളുടെ ശാശ്വതവും തിരിച്ചുവരവിനതീതവുമായ പ്രവർത്തനക്കുറവാണ്. കേരള സമൂഹം നേരിടുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളിൽ ഒന്നാണിത്. വൃക്കകളെ മാത്രം ബാധിക്കുന്ന അനവധി രോഗങ്ങളുണ്ട് എങ്കിലും Chronic Kidney Disease-ന്റെ പ്രധാന കാരണം ദീർഘകാല പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, മറ്റ് ജീവിതശൈലീരോഗങ്ങൾ എന്നിവയാണ്. കേരള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ഈ ആരോഗ്യ പ്രശ്‌നങ്ങൾ ബാധിക്കുന്നുണ്ട്. അതിനാൽ വരും ദശകങ്ങളിൽ ക്രോണിക് കിഡ്‌നി ഡിസീസിന്റെയും ഡയാലിസിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ ആവശ്യമായി വരുന്ന അന്തിമഘട്ട വൃക്കരോഗങ്ങളുടെയും എണ്ണം വർദ്ധിച്ചു വന്നേക്കാം.

നമ്മുടെ സമൂഹത്തിൽ വൃക്കരോഗവുമായി എത്തുന്ന പലരുടെയും രോഗത്തിന്റെ തുടക്കം യഥാർത്ഥത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പായിരിക്കാം. എൺപതുകളിലും തൊണ്ണൂറുകളിലും ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും യൗവനത്തിലേക്കും വളർന്നുവന്ന തലമുറ ഇന്ന് വാർദ്ധക്യത്തിലേക്ക് കടക്കുകയാണ്. അവരുടെ വളർച്ചാകാലഘട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ, ജീവിതശൈലി രോഗങ്ങൾ, വ്യായാമത്തിന്റെ പ്രാധാന്യം, ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്നത്തേതുപോലെ വ്യാപകമായിരുന്നില്ല. അതിനാൽ പലരും അറിയാതെ തന്നെ ഭാവിയിൽ രോഗങ്ങൾക്ക് വഴിവെക്കുന്ന ജീവിതശൈലികളാണ് പിന്തുടർന്നത്. ഇപ്പോൾ ഈ വിഭാഗത്തിൽപ്പെട്ടവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയിരിക്കുകയാണ്.

രോഗപ്രതിരോധം
ആദ്യമേ തുടങ്ങാം

വൃക്കരോഗം ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന രോഗമല്ല. അതിന്റെ ആഘാതം ആ വ്യക്തിയുടെ കുടുംബത്തെയും, കുടുംബത്തിലൂടെ സമൂഹത്തെയും, സമൂഹത്തിന്റെ സാമ്പത്തിക ഘടനയെയും ബാധിക്കുന്നു. ഡയാലിസിസ്, വൃക്കമാറ്റിവെക്കൽ, ദീർഘകാല ചികിത്സ എന്നിവ രോഗിക്കും കുടുംബത്തിനും വലിയ സാമ്പത്തികവും സാമൂഹികവുമായ ഭാരമാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിൽ വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തുക, പ്രമേഹവും രക്തസമ്മർദ്ദവും ഫലപ്രദമായി നിയന്ത്രിക്കുക, അമിതവണ്ണം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗം ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞാൽ അതിന്റെ പുരോഗതി മന്ദഗതിയിലാക്കാനും പലരിലും അന്തിമഘട്ട വൃക്കരോഗത്തിലേക്കുള്ള യാത്ര വർഷങ്ങളോളം വൈകിപ്പിക്കാനോ തടയാനോ സാധിക്കും. അതുകൊണ്ടുതന്നെ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവുമാണ് ക്രോണിക് കിഡ്‌നി ഡിസീസിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ.

ഒരു വ്യക്തിക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ അമിതവണ്ണമോ ഉണ്ടെങ്കിൽ, അദ്ദേഹത്തിന് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത സാധാരണ ജനങ്ങളെക്കാൾ കൂടുതലാണെന്ന് ആദ്യം തിരിച്ചറിയണം. അതിനാൽ ഈ രോഗങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, ശരീരഭാരം നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക എന്നിവ ജീവിതശൈലി മാറ്റങ്ങളുടെ പ്രധാന ഘടകങ്ങളാണ്. ഇതോടൊപ്പം, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുന്നതും അത്യന്താപേക്ഷിതമാണ്.

വൃക്കരോഗം ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന രോഗമല്ല. അതിന്റെ ആഘാതം ആ വ്യക്തിയുടെ കുടുംബത്തെയും, കുടുംബത്തിലൂടെ സമൂഹത്തെയും, സമൂഹത്തിന്റെ സാമ്പത്തിക ഘടനയെയും ബാധിക്കുന്നു.
വൃക്കരോഗം ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന രോഗമല്ല. അതിന്റെ ആഘാതം ആ വ്യക്തിയുടെ കുടുംബത്തെയും, കുടുംബത്തിലൂടെ സമൂഹത്തെയും, സമൂഹത്തിന്റെ സാമ്പത്തിക ഘടനയെയും ബാധിക്കുന്നു.

പ്രമേഹവും രക്തസമ്മർദ്ദവും:
ചില തെറ്റിധാരണകൾ

ഈ വിഷയത്തിൽ നമ്മുടെ സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന രണ്ട് തെറ്റിദ്ധാരണകളുണ്ട്. ഒന്നാമത്തേത്, വൃക്കരോഗത്തിന്റെ പ്രധാന കാരണം പ്രമേഹത്തിനോ രക്തസമ്മർദ്ദത്തിനോ കഴിക്കുന്ന മരുന്നുകളാണെന്ന വിശ്വാസമാണ്. യഥാർത്ഥത്തിൽ, ഈ രോഗങ്ങളെ നിയന്ത്രിക്കാതെ വിട്ടാലാണ് വൃക്കകൾക്ക് ഗുരുതരനാശം സംഭവിക്കുന്നത്. മരുന്നുകൾ രോഗത്തെ നിയന്ത്രിക്കാനാണ് സഹായിക്കുന്നത്; രോഗം സൃഷ്ടിക്കാനല്ല.

ഈ തെറ്റിദ്ധാരണയിൽ നിന്നാണ് രണ്ടാമത്തെ പ്രശ്‌നം ഉടലെടുക്കുന്നത്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സകളെ അവിശ്വസിച്ച്, ചിലർ പകരം തെളിവുകളില്ലാത്ത പച്ചമരുന്നുകളെയും കഷായങ്ങളെയും വിവിധതരം ഇലകളിട്ട് തിളപ്പിച്ച വെള്ളങ്ങളെയും ആശ്രയിക്കുന്നു. ഇവ പ്രമേഹമോ രക്തസമ്മർദ്ദമോ ഫലപ്രദമായി നിയന്ത്രിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. മാത്രമല്ല, ചില സന്ദർഭങ്ങളിൽ ഇത്തരം ചെയ്തികൾ വൃക്കകൾക്ക് നേരിട്ട് ദോഷം ചെയ്യുകയും രോഗാവസ്ഥ കൂടുതൽ വഷളാക്കുകയും ചെയ്യാം.

അതുകൊണ്ട് വൃക്കരോഗനിയന്ത്രണത്തിന്റെയും പ്രതിരോധത്തിന്റെയും ആദ്യഘട്ടം വളരെ വ്യക്തമാണ്: പ്രമേഹവും രക്തസമ്മർദ്ദവും നേരത്തേ കണ്ടെത്തുക, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുക, സ്ഥിരമായി പരിശോധനകൾ നടത്തുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ഈ നാല് കാര്യങ്ങളാണ് ഭാവിയിൽ ഉണ്ടാകാവുന്ന ഗുരുതര വൃക്കരോഗങ്ങളിൽ നിന്ന് വലിയൊരു വിഭാഗം ആളുകളെ സംരക്ഷിക്കാൻ സഹായിക്കുന്നത്.

വൃക്കരോഗ പ്രതിരോധത്തിലെ അടുത്ത പ്രധാനപ്പെട്ട കാര്യം, പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ അമിതവണ്ണമോ ഉള്ള വ്യക്തികൾ വൃക്കരോഗത്തിന്റെ ആദ്യ സൂചനകളെക്കുറിച്ച് ജാഗ്രത പുലർത്തുക എന്നതാണ്. വൃക്കരോഗങ്ങളുടെ ഒരു പ്രധാന പ്രത്യേകത, അവയുടെ പ്രാരംഭഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകാറില്ല എന്നതാണ്. എന്നാൽ, രോഗം കണ്ടെത്താൻ ഏറ്റവും അനുയോജ്യമായ സമയം ഈ ഘട്ടമാണ്. കാരണം ഈ സമയത്ത് തന്നെ രോഗം തിരിച്ചറിയാൻ കഴിഞ്ഞാൽ അതിന്റെ പുരോഗതി ഗണ്യമായി മന്ദഗതിയിലാക്കാൻ സാധിക്കും.

മൂത്രത്തിൽ പത:
പരിശോധന വേണം

വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണപ്പെടുന്ന സാധാരണമായ ലക്ഷണങ്ങളിലൊന്ന് മൂത്രത്തിൽ പത കാണുന്നതാണ്. മൂത്രത്തിൽ സ്ഥിരമായി പത കാണുന്നുവെന്ന സംശയം തോന്നിയാൽ പോലും ഒരു മൂത്രപരിശോധന നടത്തുന്നത് നിർബന്ധമായും പരിഗണിക്കണം. അതോടൊപ്പം വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള രക്തപരിശോധനകളായ റീനൽ ഫങ്ഷൻ ടെസ്റ്റുകളും ചെയ്യേണ്ടതാണ്.

പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ അപകടസാധ്യതയുള്ള എല്ലാ വ്യക്തികളും വർഷത്തിൽ ഒരിക്കലെങ്കിലും മൂത്രപരിശോധനയും റീനൽ ഫങ്ഷൻ ടെസ്റ്റുകളും നടത്തുന്നത് നല്ല ആരോഗ്യശീലമായി സ്വീകരിക്കേണ്ടതാണ്.

വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണപ്പെടുന്ന സാധാരണമായ ലക്ഷണങ്ങളിലൊന്ന് മൂത്രത്തിൽ പത കാണുന്നതാണ്. മൂത്രത്തിൽ സ്ഥിരമായി പത കാണുന്നുവെന്ന സംശയം തോന്നിയാൽ പോലും ഒരു മൂത്രപരിശോധന നടത്തുന്നത് നിർബന്ധമായും പരിഗണിക്കണം.
വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണപ്പെടുന്ന സാധാരണമായ ലക്ഷണങ്ങളിലൊന്ന് മൂത്രത്തിൽ പത കാണുന്നതാണ്. മൂത്രത്തിൽ സ്ഥിരമായി പത കാണുന്നുവെന്ന സംശയം തോന്നിയാൽ പോലും ഒരു മൂത്രപരിശോധന നടത്തുന്നത് നിർബന്ധമായും പരിഗണിക്കണം.

ചികിത്സ പ്രധാനം

വൃക്കരോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ, പ്രമേഹവും രക്തസമ്മർദ്ദവും കൂടുതൽ കർശനമായി നിയന്ത്രിക്കുക, ശരീരഭാരം കുറയ്ക്കുക, ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നിവയാണ് ചികിത്സയുടെ പ്രധാന ഘടകങ്ങൾ.

വൃക്കരോഗങ്ങൾ എല്ലാം പ്രമേഹമോ രക്തസമ്മർദമോ മൂലമുണ്ടാകുന്നവയല്ല. ചിലത് വൃക്കകളെ മാത്രം ബാധിക്കുന്നവയും, മറ്റു ചിലത് വാതജന്യ രോഗങ്ങളുടെയോ പ്രതിരോധ വ്യവസ്ഥയുടെ അസുഖങ്ങളുടെയോ ഭാഗമായുണ്ടാകുന്നവയുമാണ്. ഇത്തരം രോഗങ്ങളിൽ പലതിനും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാൽ രോഗം കൃത്യമായി തിരിച്ചറിയാൻ പലപ്പോഴും വൃക്ക ബയോപ്‌സി ആവശ്യമായി വരും. പരിശീലനം ലഭിച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തുന്ന വൃക്ക ബയോപ്‌സി പൊതുവേ സുരക്ഷിതമായ പരിശോധനയാണ്. ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ ഭയമില്ലാതെ ബയോപ്‌സി ചെയ്യുകയും, അതിലൂടെ ലഭിക്കുന്ന രോഗനിർണയത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ സ്വീകരിക്കുകയും ചെയ്താൽ പല വൃക്കരോഗങ്ങളുടെയും പുരോഗതി തടയാനും വൃക്കകളുടെ പ്രവർത്തനം ദീർഘകാലം സംരക്ഷിക്കാനും സാധിക്കും.

എന്നാൽ ഒരു പരിധിക്കുമുകളിലേക്ക് വൃക്കകളുടെ പ്രവർത്തനം കുറഞ്ഞുകഴിഞ്ഞാൽ രോഗത്തിന് അതിന്റേതായ ഒരു സ്വാഭാവിക ഗതി രൂപപ്പെടുന്നു. ഈ ഘട്ടത്തിൽ ജീവിതശൈലീമാറ്റങ്ങൾ മാത്രം മതിയാകണമെന്നില്ല. ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ വൃക്കരോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നിരവധി ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. അവ യഥാസമയം ഉപയോഗിക്കുന്നതിലൂടെ ഡയാലിസിസിലേക്കോ വൃക്കമാറ്റിവെക്കലിലേക്കോ എത്തുന്ന സമയം വർഷങ്ങളോളം മുന്നോട്ട് നീക്കാൻ സാധിക്കും.

ഈ ഘട്ടത്തിലും രോഗികൾ സ്ഥിരമായി റീനൽ ഫങ്ഷൻ ടെസ്റ്റുകളും മറ്റ് ആവശ്യമായ പരിശോധനകളും നടത്തി രോഗത്തിന്റെ ഗതി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

രോഗിയും ഡോക്ടറും ശ്രദ്ധിക്കേണ്ടത്

വൃക്കരോഗത്തിന്റെ പുരോഗതി എല്ലാവരിലും ഒരേ രീതിയിലല്ല. ചിലരിൽ രോഗം വളരെ വേഗത്തിൽ പുരോഗമിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്കമാറ്റിവെക്കൽ ആവശ്യമായ അവസ്ഥയിലെത്താം. ഇത്തരം രോഗികളിൽ രോഗത്തിന്റെ പുരോഗതിവേഗം നേരത്തേ തിരിച്ചറിഞ്ഞ്, ആവശ്യമായാൽ ഡയാലിസിസിനുള്ള ആക്‌സസ് സൃഷ്ടിക്കൽ, പെരിറ്റോണിയൽ ഡയാലിസിസ് പരിഗണിക്കൽ, വൃക്കമാറ്റിവെ ക്കലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കൽ തുടങ്ങിയ കാര്യങ്ങൾ സമയബന്ധിതമായി നടത്തേണ്ടതാണ്. അതേസമയം, മറ്റു ചിലരിൽ രോഗത്തിന്റെ പുരോഗതി വളരെ മന്ദഗതിയിലായിരിക്കും. ഇത്തരക്കാരിൽ കൃത്യമായ ചികിത്സയും ജീവിതശൈലി നിയന്ത്രണവും തുടർച്ചയായ നിരീക്ഷണവും വഴി വൃക്കകളുടെ ശേഷിക്കുന്ന പ്രവർത്തനം ദീർഘകാലം നിലനിർത്താൻ കഴിയും.

ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ വൃക്കരോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നിരവധി ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. അവ യഥാസമയം ഉപയോഗിക്കുന്നതിലൂടെ ഡയാലിസിസിലേക്കോ വൃക്കമാറ്റിവെക്കലിലേക്കോ എത്തുന്ന സമയം വർഷങ്ങളോളം മുന്നോട്ട് നീക്കാൻ സാധിക്കും.
ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ വൃക്കരോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നിരവധി ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. അവ യഥാസമയം ഉപയോഗിക്കുന്നതിലൂടെ ഡയാലിസിസിലേക്കോ വൃക്കമാറ്റിവെക്കലിലേക്കോ എത്തുന്ന സമയം വർഷങ്ങളോളം മുന്നോട്ട് നീക്കാൻ സാധിക്കും.

വൃക്കരോഗം ബാധിച്ച ഏതൊരു വ്യക്തിക്കും വൃക്കയുടെ പ്രവർത്തനം കാലാനുസൃതമായി കുറയാൻ സാധ്യതയുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ചികിത്സാരീതികൾ, കേട്ടുകേഴ് വിയുടെ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന പച്ചിലകൾ, കഷായക്കൂട്ടുകൾ, ചൂർണങ്ങൾ, ഭസ്മങ്ങൾ, ടിങ്ചറുകൾ മുതലായവ ഉപയോഗിക്കാതിരിക്കുക. വേദനാസംഹാരി മരുന്നുകൾ ഏതു സാഹചര്യത്തിലും ഉപയോഗിക്കാതിരിക്കുക. ഡോക്ടറെ കാണാൻ സാഹചര്യമുണ്ടായാൽ ഡോക്ടറോട് രോഗി തന്നെ തന്റെ വൃക്കരോഗത്തെക്കു റിച്ച് വെളിപ്പെടുത്തുക, തനിക്ക് ഏതു വിധേനയുള്ള വേദനസംഹാരി മരുന്നുകളും നിഷിദ്ധമാണ് എന്ന കാര്യം ഓർമ്മപ്പെടുത്തുക.

പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയെ മാത്രമല്ല ബാധിക്കുന്നത്. ശരീരത്തിൽ എവിടെയുമുള്ള രക്തധമനികളെ അത് ബാധിക്കും, ഹൃദയാഘാതം, മസ്തിഷ്‌കസ്തംഭനം മുതലായ അസുഖങ്ങൾ കൂടെ ഉണ്ടാകാം. ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന ചില പരിശോധനകളും ചികിത്സകളും വൃക്കകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ആൻജിയോഗ്രാം, സി.ടി. ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകളിൽ ഉപയോഗിക്കുന്ന കോൺട്രാസ്റ്റ് ഡൈകൾ, പ്രമേഹരോഗം മൂലമുള്ള റെറ്റിനോപ്പതിക്കായി കണ്ണിൽ നൽകുന്ന ആന്റി VEGF ഇൻജെക്ഷനുകൾ തുടങ്ങിയവ വൃക്കരോഗം മൂർഛിപ്പിക്കാൻ സാധ്യതയുണ്ട്.

അതുകൊണ്ട്, വൃക്കരോഗമുള്ള ഒരു രോഗിക്ക് ഹൃദ്രോഗവിദഗ്ധരെയോ നേത്രരോഗ വിദഗ്ധരെയോ ന്യൂറോളജിസ്റ്റിനെയോ മറ്റ് ഏതെങ്കിലും സ്‌പെഷ്യലിസ്റ്റിനെയോ കാണേണ്ടിവന്നാൽ, രോഗിയുടെ വൃക്കരോഗത്തെക്കുറിച്ച് ചികിത്സിക്കുന്ന ഡോക്ടർമാർ ബോധവാന്മാരായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

  • രക്തസമ്മർദ്ദം എത്രയും വേഗം നിയന്ത്രണവിധേയമാക്കുക.

  • സി.ടി സ്‌കാനിങ്ങിനായോ ആഞ്ചിയോഗ്രാമിനായോ കോൺട്രാസ്റ്റ് ഉപയോഗിക്കേണ്ടിവന്നാൽ, അതുമൂലമുണ്ടാകുന്ന വൃക്കരോഗം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുക.

  • കണ്ണിൽ കുത്തിവയ്ക്കുന്ന Anti VEGF ഇൻജെക്ഷനുകൾ അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തി ഉപയോഗിക്കുക.

  • വേദനസംഹാരി മരുന്നുകൾ തുള്ളിമരുന്നുകളായി കണ്ണിലോ മൂക്കിലോ അതുപോലെ മറ്റ് പ്രതലങ്ങളിലോ ഉപയോഗിക്കുന്നതുപോലും വൃക്കരോഗം ഗുരുതരമാക്കും എന്ന് മനസ്സിലാക്കി അവയെയും വിവേചനപൂർവം ഉപയോഗിക്കുക.

വൃക്കരോഗം പുരോഗമിക്കുന്നതിനനുസരിച്ച് രക്തശുദ്ധീകരണത്തിനതീതമായി വൃക്ക നിർവഹിക്കുന്ന മറ്റ് പല സുപ്രധാന പ്രവർത്തനങ്ങളും ക്രമേണ കുറയാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ സമയാസമയം തിരിച്ചറിഞ്ഞ് ചികിത്സയും പ്രതിരോധ നടപടികളും സ്വീകരിക്കുന്നത് രോഗിയുടെ ആരോഗ്യനില നിലനിർത്തുവാൻ സഹായിക്കുന്നു.

പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയെ മാത്രമല്ല ബാധിക്കുന്നത്. ശരീരത്തിൽ എവിടെയുമുള്ള രക്തധമനികളെ അത് ബാധിക്കും, ഹൃദയാഘാതം, മസ്തിഷ്‌കസ്തംഭനം മുതലായ അസുഖങ്ങൾ കൂടെ ഉണ്ടാകാം.
പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയെ മാത്രമല്ല ബാധിക്കുന്നത്. ശരീരത്തിൽ എവിടെയുമുള്ള രക്തധമനികളെ അത് ബാധിക്കും, ഹൃദയാഘാതം, മസ്തിഷ്‌കസ്തംഭനം മുതലായ അസുഖങ്ങൾ കൂടെ ഉണ്ടാകാം.

വൃക്ക ഒരു പ്രധാന എൻഡോക്രൈൻ അവയവം കൂടിയാണ്. ശരീരത്തിൽ രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ എരിത്രോപോയിറ്റിൻ എന്ന ഹോർമോൺ നിർമ്മിക്കുക, വൈറ്റമിൻ ഡിയെ അതിന്റെ പ്രവർത്തനക്ഷമമായ രൂപത്തിലേക്ക് മാറ്റുക, രക്തത്തിലെ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുക, രക്തസമ്മർദ്ദനിയന്ത്രണത്തിനാവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക എന്നീ പ്രവൃത്തികളിലും വൃക്കകൾക്ക് നിർണായക പങ്കുണ്ട്.

വൃക്കരോഗം പുരോഗമിക്കുമ്പോൾ ഈ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും അതിന്റെ ഫലമായി വിളർച്ച, അസ്ഥികളുടെ ബലക്ഷയം, കാൽസ്യം ഫോസ്ഫറസ് അസന്തുലിതാവസ്ഥ, ധാതുലവണവ്യതിയാനങ്ങൾ, പോഷകക്കുറവുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യും. അതിനാൽ രോഗത്തിന്റെ ഓരോ ഘട്ടത്തിലും ഈ മാറ്റങ്ങൾ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതാണ്.

ഡയാലിസിസ്: തയാറെടുപ്പ് വേണം

വൃക്കരോഗം ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോൾ രോഗിയെയും കുടുംബത്തെയും ഡയാലിസിസിനെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗം പുരോഗമിക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ ഡയാലിസിസ് ആവശ്യമായി വരാൻ സാധ്യതയുണ്ടെന്ന് രോഗി മനസ്സിലാക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ ആരംഭിക്കുകയും വേണം.

ഈ തയ്യാറെടുപ്പുകളുടെ ഭാഗമായി രോഗിക്കും കുടുംബാംഗങ്ങൾക്കും ലഭ്യമായ വിവിധ രക്തശുദ്ധീകരണ (ഡയാലിസിസ്) മാർഗങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് നൽകേണ്ടതുണ്ട്. പ്രത്യേകിച്ച്, ആശുപത്രിയിൽ എത്തി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നടത്തുന്ന ഹീമോഡയാലിസിസ് ചികിത്സയെക്കുറിച്ചും വീട്ടിൽ തന്നെ സ്വയം ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് ചികിത്സയെക്കുറിച്ചും വിശദമായി ബോധവൽക്കരണം നടത്തണം.

ഹീമോഡയാലിസിസിൽ രോഗി നിശ്ചിത ദിവസങ്ങളിൽ ഡയാലിസിസ് കേന്ദ്രത്തിൽ എത്തി യന്ത്രത്തിന്റെ സഹായത്തോടെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ്. സാധാരണയായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ, ഓരോ തവണയും നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയം ഇതിനായി ആവശ്യമായി വരും.

മറുവശത്ത്, പെരിറ്റോണിയൽ ഡയാലിസിസിൽ വയറിനുള്ളിലെ പെരിറ്റോണിയം എന്ന ആവരണത്തെ സ്വാഭാവിക ഫിൽറ്ററായി ഉപയോഗിച്ചാണ് രക്തശുദ്ധീകരണം നടത്തുന്നത്. ഇതിനായി വയറിലേക്ക് പ്രത്യേക കത്തീറ്റർ സ്ഥാപിക്കുകയും രോഗിയോ കുടുംബാംഗങ്ങളോ വീട്ടിൽ തന്നെ പരിശീലനത്തിന് ശേഷം ഡയാലിസിസ് ദ്രാവകം മാറ്റിവെക്കുകയും ചെയ്യുന്നു. ഇതിലൂടെ രോഗിക്ക് ആശുപത്രിയിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ട സാഹചര്യം കുറയുകയും ദൈനംദിന ജീവിതവും തൊഴിലും കൂടുതൽ സ്വതന്ത്രമായി തുടരാൻ കഴിയുകയും ചെയ്യുന്നു.

പെരിറ്റോണിയൽ ഡയാലിസിസിൽ വയറിനുള്ളിലെ പെരിറ്റോണിയം എന്ന ആവരണത്തെ സ്വാഭാവിക ഫിൽറ്ററായി ഉപയോഗിച്ചാണ് രക്തശുദ്ധീകരണം നടത്തുന്നത്.
പെരിറ്റോണിയൽ ഡയാലിസിസിൽ വയറിനുള്ളിലെ പെരിറ്റോണിയം എന്ന ആവരണത്തെ സ്വാഭാവിക ഫിൽറ്ററായി ഉപയോഗിച്ചാണ് രക്തശുദ്ധീകരണം നടത്തുന്നത്.

ഏത് ഡയാലിസിസ് രീതിയാണ് ഒരു രോഗിക്ക് കൂടുതൽ അനുയോജ്യമെന്നത് രോഗിയുടെ ആരോഗ്യസ്ഥിതി, ജീവിതസാഹചര്യങ്ങൾ, കുടുംബപിന്തുണ, സാമ്പത്തിക സാഹചര്യം, വ്യക്തിപരമായ മുൻഗണനകൾ എന്നിവ പരിഗണിച്ചാണ് തീരുമാനിക്കേണ്ടത്. അതിനാൽ ഡയാലിസിസ് ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടാകുന്നതിനുമുമ്പ് ഈ രണ്ട് ചികിത്സാരീതികളെയും കുറിച്ചുള്ള അറിവ് രോഗിക്ക് നൽകുകയും, സംശയങ്ങൾ ദൂരീകരിക്കുകയും, അറിവോടെയുള്ള തീരുമാനമെടുക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് വൃക്കരോഗ പരിചരണത്തിന്റെ ഒരു പ്രധാന ഘടകമാണ്.

ഹീമോഡയാലിസിസിനായുള്ള തയ്യാറെടുപ്പുകളുടെ ഏറ്റവും പ്രധാന ഘടകമാണ് ആർട്ടീരിയോവീനസ് ഫിസ്റ്റുല (AV Fistula,ശുദ്ധ അശുദ്ധ രക്ത ധമനികളുടെ സംയോജനം) നിർമ്മിക്കുന്നത്. ഫിസ്റ്റുല ഉണ്ടാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്ന സമയത്ത് തന്നെ രോഗി അത് ഗൗരവമായി പരിഗണിക്കണം ഡയാലിസിസ് അടിയന്തരമായി ആവശ്യമായി വരുന്ന സാഹചര്യം കാത്തിരിക്കാതെ ഫിസ്റ്റുല മുൻകൂട്ടി സൃഷ്ടിക്കുന്നതാ ണ് ഏറ്റവും ഉചിതമായ മാർഗം.

രോഗി വീടിന് സമീപമുള്ള, 15 മുതൽ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഡയാലിസിസ് കേന്ദ്രങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതും നല്ലതാണ്. ഭാവിയിൽ ചികിത്സ ആവശ്യമായി വന്നാൽ ഇത് വലിയ സഹായമാകും.

സാധാരണയായി ഫിസ്റ്റുല രോഗിയുടെ ഇടത് കൈയിലാണ് നിർമ്മിക്കുന്നത്. അതിനാൽ വൃക്കരോഗികൾ ഫിസ്റ്റുല നിർമ്മിച്ച കൈയിലോ ഭാവിയിൽ ഫിസ്റ്റുല നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൈയിലോ ഇഞ്ചക്ഷ് ഷൻ സ്വീകരിക്കൽ, രക്ത സ്വീകരണം, ക്യാനുല ഇടൽ, ഐ.വി. മരുന്നുകൾ നൽകൽ തുടങ്ങിയ നടപടികൾ ഒഴിവാക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്ക പ്പെടുമ്പോൾ രോഗി തന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കണം: 'ഞാൻ ഒരു വൃക്കരോഗിയാണ്; എന്റെ ഇടതു കൈ ഭാവിയിലെ ഫിസ്റ്റുലയ്‌ക്കോ നിലവിലുള്ള ഫിസ്റ്റുലയ്‌ക്കോ വേണ്ടി സംരക്ഷിക്കേണ്ടതാണ്'.

അടിയന്തര സാഹചര്യങ്ങളിൽ പോലും ഫിസ്റ്റുലയ്ക്കായി സംരക്ഷിക്കുന്ന കൈയിൽ ക്യാനുല ഇടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫിസ്റ്റുല പ്രവർത്തി ക്കുന്ന കൈയിൽ രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ബി.പി. കഫ് കെട്ടുന്നതും ഒഴിവാക്കേണ്ടതാണ്. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം. കാരണം ഫിസ്റ്റുല രോഗിയുടെ ജീവരേഖയാണ്; അത് നഷ്ടപ്പെടുകയാണെങ്കിൽ ഭാവിയിലെ ഡയാലിസിസ് ചികിത്സ കൂടുതൽ സങ്കീർണമാകാം.

വൃക്ക മാറ്റിവെക്കൽ എപ്പോൾ?

വൃക്കരോഗത്തിന്റെ അന്തിമഘട്ട ചികിത്സാരീതികളിൽ ഏറ്റവും ഫലപ്രദവും രോഗിക്ക് ഏറ്റവും മികച്ച ജീവിതനിലവാരം നൽകുന്നതുമായ ചികിത്സയാണ് വൃക്കമാറ്റിവെക്കൽ (Kidney Transplantation). ഗുരുതരമായ വൃക്കരോഗമുള്ള ഒരു വ്യക്തിക്ക് ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ മറ്റ് പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അനുയോജ്യനായിരിക്കും. അത്തരം രോഗികൾ വൃക്കമാറ്റി വെക്കലിനുള്ള സാധ്യതകൾ സമയോചിതമായി അന്വേഷിക്കുകയും അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യേണ്ടതാണ്. വൃക്കമാറ്റിവെക്കൽ ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നോ, മസ്തിഷ്‌കമരണം സംഭവിച്ച ദാതാവിൽ നിന്നോ ലഭിക്കുന്ന വൃക്ക ഉപയോഗിച്ച് നടത്താവുന്നതാണ്. വിജയകരമായ വൃക്കമാറ്റിവെക്കലിലൂടെ രോഗിക്ക് ഡയാലിസിസിൽ ഉള്ള ആശ്രിതത്വം ഒഴിവാക്കി കൂടുതൽ സ്വാഭാവികവും സജീവവുമായ ജീവിതം നയിക്കാൻ സാധിക്കും.

ഗുരുതരമായ വൃക്കരോഗമുള്ള ഒരു വ്യക്തിക്ക് ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ മറ്റ് പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അനുയോജ്യനായിരിക്കും.
ഗുരുതരമായ വൃക്കരോഗമുള്ള ഒരു വ്യക്തിക്ക് ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ മറ്റ് പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അനുയോജ്യനായിരിക്കും.

എന്നാൽ വൃക്കരോഗം അതിന്റെ മൂർച്ഛിതാവസ്ഥയിലെത്തി ഡയാലിസിസും വൃക്കമാറ്റിവെക്കലും ആവശ്യമായ സാഹചര്യത്തിലെത്തുന്നതിനെക്കാൾ വളരെ എളുപ്പവും ഫലപ്രദവുമായ മാർഗം, രോഗം അതിന്റെ പ്രാരംഭഘട്ട ത്തിൽ തന്നെ കണ്ടെത്തുകയും അതിന്റെ പുരോഗതി തടയുകയും ചെയ്യുന്നതാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ വൃക്കരോഗത്തിന്റെ മൂലകാരണങ്ങളെ നിയന്ത്രിക്കുന്നതിലൂടെ നിരവധി ആളുകളിൽ ഗുരുതരമായ വൃക്കരോഗം പൂർണമായും ഒഴിവാക്കാൻ സാധിക്കും.

വൃക്കരോഗത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി, കൃത്യമായ ചികിത്സ, സ്ഥിരമായ ആരോഗ്യപരിശോധനകൾ, രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ തിരിച്ചറിയാനുള്ള രോഗസാക്ഷരത എന്നിവ സമൂഹത്തിൽ വ്യാപകമാക്കാൻ കഴിഞ്ഞാൽ, വരും ദശകങ്ങളിൽ വൃക്കരോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് തടയാൻ നമുക്ക് സാധിക്കും. അതോടൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനും മേൽ പതിക്കുന്ന വലിയ സാമ്പത്തികസാമൂഹിക ഭാരത്തെയും ലഘൂകരിക്കാൻ സാധിക്കും.

READ: ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും

മഴക്കാല രോഗങ്ങൾ

പ്രമേഹവും വൃക്കരോഗവും

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

Comments