ഡെങ്കിപ്പനി;
ശ്രദ്ധിക്കേണ്ട
പ്രാണിജന്യരോഗം

‘‘ഡെങ്കിപ്പനി വൈറസിന്റെ നാല് സെറോടൈപ്പുകളും കേരളത്തിൽ ഒരേസമയം സജീവമായി പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ICMR ഉൾപ്പെടെയുള്ള പഠനങ്ങൾ പ്രകാരം കേരളം ഡെങ്കിപ്പനിയുടെ ഹൈപ്പർ- എൻഡെമിക് മേഖലയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അമൃത ഡി. എഴുതിയ ലേഖനം.

നുഷ്യരുടെ ആരോഗ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി തുടരുന്ന ഭീഷണിയാണ് കൊതുകുജന്യരോഗങ്ങൾ. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ, മലമ്പനി, ജപ്പാനീസ് എൻസെഫലൈറ്റിസ് തുടങ്ങിയവ അവയിൽ ചിലതാണ്. ഇവയിൽ കേരളത്തിലെ ആരോഗ്യസംവിധാനത്തിന് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. വർഷംതോറും ഉണ്ടാകുന്ന രോഗവ്യാപനം ആരോഗ്യ, സാമ്പത്തിക, ചികിത്സാ മേഖലകളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. ഏതാനും പതിറ്റാണ്ടുകൾക്കുമുമ്പ് ഇടയ്ക്കിടെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഈ രോഗം, ഇന്ന് എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആഗോള പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്.

ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ (ജനുവരി– ജൂൺ) ഏകദേശം 4,000 സ്ഥിരീകരിച്ച കേസുകളും 10,000-ത്തോളം സംശയാസ്പദ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ യഥാക്രമം 17 സ്ഥിരീകരിച്ച മരണങ്ങളും 15 സംശയാസ്പദ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുവെ, ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഡെങ്കിപ്പനി വ്യാപനം കൂടുതൽ. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ തന്നെ രോഗബാധയിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.
ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുകളും രൂപപ്പെടുന്നത് ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പരിസ്ഥിതിസ്വഭാവത്തിൽ (Bionomics) സമീപകാലത്തുണ്ടായ മാറ്റങ്ങൾ രോഗവ്യാപനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പി ക്കുന്നു.

ഇതിനുപുറമേ, കേരളത്തിൽ അതിവേഗം നടന്നുവരുന്ന നഗരവൽക്കരണം, വ്യാപകമായ നിർമാണ പ്രവർത്തനങ്ങൾ, ഉയർന്ന ജനസാന്ദ്രത, ശാസ്ത്രീയമല്ലാത്ത മാലിന്യസംസ്‌കരണം എന്നിവയും ഡെങ്കിപ്പനി വ്യാപനം വർധിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയും ഉയർന്ന ഈർപ്പവും (Humidity) കൊതുകുകളുടെ ജീവിതചക്ര പൂർത്തീകരണം (Life Cycle) വേഗത്തിലാക്കുകയും വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഡെങ്കിപ്പനി വൈറസിന്റെ നാല് സെറോടൈപ്പുകളും (DENV-1, DENV-2, DENV-3, DENV4) കേരളത്തിൽ ഒരേസമയം സജീവമായി പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഉൾപ്പെടെയുള്ള പഠനങ്ങൾ പ്രകാരം കേരളം ഡെങ്കിപ്പനിയുടെ ഹൈപ്പർ- എൻഡെമിക് (Hyper-endemic) മേഖലയായി കണക്കാക്കപ്പെടുന്നു.

ഡെങ്കിപ്പനി എങ്ങനെ പകരുന്നു?

കേരളത്തിൽ നഗര- ഗ്രാമ ആവാസവ്യവസ്ഥകൾ പരസ്പരം ഇടകലർന്നുകിടക്കുന്നതും, വർഷം മുഴുവൻ അനുഭവപ്പെടുന്ന ഉയർന്ന ഈർപ്പവും അനുയോജ്യമായ താപനിലയും, ഇടവിട്ടുള്ള മഴയും, മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ജലസംഭരണികളുടെ സമൃദ്ധിയും കാരണം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി (Aedes aegypti), ഈഡിസ് ആൽബോപിക്റ്റസ് (Aedes albopictus) എന്നീ രണ്ട് വിഭാഗം കൊതുകുകളും ഒരേസമയം വ്യാപകമായി കാണപ്പെടുന്നു. നഗരപ്രദേശങ്ങളിലും ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലും വീടുകളുടെയും പരിസരങ്ങളിലുമുള്ള കൃത്രിമ ജലസംഭരണികളിലാണ് ഈഡിസ് ഈജിപ്തി സാധാരണയായി മുട്ടയിടുന്നത്.

മുട്ട വിരിഞ്ഞ് ലാർവ (Larva) രൂപപ്പെടുകയും തുടർന്ന് പ്യൂപ്പ (Pupa) ഘട്ടത്തിലൂടെ കടന്ന് ഏകദേശം 7–10 ദിവസങ്ങൾക്കുള്ളിൽ പൂർവളർച്ചയെത്തിയ കൊതുകായി മാറുകയും ചെയ്യുന്നു.
മുട്ട വിരിഞ്ഞ് ലാർവ (Larva) രൂപപ്പെടുകയും തുടർന്ന് പ്യൂപ്പ (Pupa) ഘട്ടത്തിലൂടെ കടന്ന് ഏകദേശം 7–10 ദിവസങ്ങൾക്കുള്ളിൽ പൂർവളർച്ചയെത്തിയ കൊതുകായി മാറുകയും ചെയ്യുന്നു.

ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചെടിച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ടതോ പൊട്ടിയതോ ആയ പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, കുപ്പികൾ തുടങ്ങി മഴവെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഏത് പാത്രവും ഇവയുടെ പ്രജനനകേന്ദ്രമാകാം. മറുവശത്ത്, ഗ്രാമപ്രദേശങ്ങൾ, റബർതോട്ടങ്ങൾ, വനാതിർത്തികൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലെ പ്രകൃതിദത്ത ജലസംഭരണികളിലും ചെറിയ കൃത്രിമ ജലസംഭരണികളിലും ഈഡിസ് ആൽബോപിക്റ്റസ് കൂടുതലായി കാണപ്പെടുന്നു.

മുട്ട വിരിഞ്ഞ് ലാർവ (Larva) രൂപപ്പെടുകയും തുടർന്ന് പ്യൂപ്പ (Pupa) ഘട്ടത്തിലൂടെ കടന്ന് ഏകദേശം 7–10 ദിവസങ്ങൾക്കുള്ളിൽ പൂർവളർച്ചയെത്തിയ കൊതുകായി മാറുകയും ചെയ്യുന്നു. അതിനാൽ, ആഴ്ചയിൽ ഒരിക്കലെങ്കിലും വീടും പരിസരവും ശുചീകരിച്ച് വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നത് ഡെങ്കിപ്പനി പ്രതിരോധത്തിലെ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ്.

ഡെങ്കിപ്പനി ബാധിച്ച ഒരാളുടെ രക്തം കുടിക്കുമ്പോൾ ഡെങ്കിപ്പനി വൈറസ് കൊതുകിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീട് ആ വൈറസ് വഹിക്കുന്ന കൊതുക് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ, കൊതുകിന്റെ ഉമിനീരിലൂടെ വൈറസ് ആ വ്യക്തിയുടെ ശരീരത്തിലേക്ക് പ്രവേശിച്ച് രോഗബാധയുണ്ടാക്കുന്നു. അതിനാൽ, ഡെങ്കിപ്പനി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരുന്ന രോഗമല്ല. ഈഡിസ് കൊതുകുകൾ പ്രധാനമായും പകൽസമയത്താണ് മനുഷ്യരെ കടിക്കുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ഇവയുടെ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങൾ

വൈറസ് വഹിക്കുന്ന കൊതുക് കടിച്ചതിനുശേഷം സാധാരണ നാലു മുതൽ 10 ദിവസം വരെയുള്ള കാലയളവിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. ഉയർന്ന പനി, കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിലുള്ള വേദന, പേശികളിലും സന്ധികളിലും അനുഭവപ്പെടുന്ന ശക്തമായ വേദന, ശരീരത്തിൽ ചുവന്ന പാടുകളോ തടിപ്പുകളോ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് ഓക്കാനം, ഛര്‍ദ്ദി, കടുത്ത ക്ഷീണം എന്നിവയും അനുഭവപ്പെടാം.

ഡെങ്കിപ്പനിയുടെ മൂന്നു മുതൽ ഏഴു ദിവസം വരെയുള്ള കാലഘട്ടത്തിൽ ചില രോഗികളിൽ രക്തക്കുഴലുകളിൽ നിന്ന് പ്ലാസ്മ ചോർന്നുപോകുന്നതിന്റെ ഫലമായി ഡെങ്കി ഷോക്ക് (Dengue Shock Syndrome) എന്ന ഗുരുതരാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. കൈകാലുകൾ തണുക്കുക, കഠിനമായ ക്ഷീണം, തലകറക്കം, അസ്വസ്ഥത, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ ഷോക്കിന്റെ ലക്ഷണങ്ങളാകാം. ചില രോഗികളിൽ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുകയും രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യാം. പ്ലേറ്റ്‌ലെറ്റ് കുറയുന്നതിനോടൊപ്പം ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവമോ ഗുരുതര മുന്നറിയിപ്പ് ലക്ഷണങ്ങളോ പ്രകടമായാൽ ചികിത്സ വൈകിക്കാതെ ആശുപത്രിയിൽ പ്രവേശിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കേണ്ടതാണ്. സമയബന്ധിതമായ രോഗനിർണയവും ശരിയായ ചികിത്സയും ഗുരുതരമായ സങ്കീർണതകളും മരണവും ഒഴിവാക്കാൻ സഹായിക്കും.

ചികിത്സ

ഡെങ്കിപ്പനിക്ക് പ്രത്യേകമായി വൈറസിനെ നശിപ്പിക്കുന്ന മരുന്നുകൾ (Antiviral drug) ലഭ്യമല്ല. അതിനാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും രോഗസങ്കീർണതകൾ തടയുന്നതിനുമുള്ള സഹായക ചികിത്സ (Supportive treatment) ആണ് ചികിത്സയുടെ അടിസ്ഥാനം. ആവശ്യത്തിന് വിശ്രമം, ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തൽ എന്നിവ അത്യന്താപേക്ഷിതമാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന കാരണം മാത്രം പ്ലേറ്റ്‌ലെറ്റ് നൽകേണ്ടതില്ല. സജീവമായ രക്തസ്രാവമോ അതിനുള്ള വ്യക്തമായ മെഡിക്കൽ സൂചനകളോ ഉള്ളപ്പോൾ മാത്രമാണ് പ്ലേറ്റ്‌ലെറ്റ് അല്ലെങ്കിൽ രക്തഘടകങ്ങൾ നൽകുന്നത്. സമയബന്ധിതമായ രോഗനിർയം, തുടർച്ചയായ നിരീക്ഷണം എന്നിവയിലൂടെ ഡെങ്കിപ്പനി മൂലമുള്ള ഭൂരിഭാഗം മരണങ്ങളും ഫലപ്രദമായി തടയാൻ സാധിക്കും.

ഡെങ്കിപ്പനി വൈറസിന് നാല് വ്യത്യസ്ത സെറോടൈപ്പുകൾ (DENV-1, DENV-2, DENV-3, DENV-4) ഉള്ളതിനാൽ, ഒരു സെറോടൈപ്പ് മൂലമുള്ള രോഗബാധയ്ക്കുശേഷം ആ സെറോടൈപ്പിനെതിരെ മാത്രമാണ് ദീർഘകാല ആർജിത പ്രതിരോധശേഷി ലഭിക്കുന്നത്.
ഡെങ്കിപ്പനി വൈറസിന് നാല് വ്യത്യസ്ത സെറോടൈപ്പുകൾ (DENV-1, DENV-2, DENV-3, DENV-4) ഉള്ളതിനാൽ, ഒരു സെറോടൈപ്പ് മൂലമുള്ള രോഗബാധയ്ക്കുശേഷം ആ സെറോടൈപ്പിനെതിരെ മാത്രമാണ് ദീർഘകാല ആർജിത പ്രതിരോധശേഷി ലഭിക്കുന്നത്.

ഡെങ്കിപ്പനി ഒരിക്കൽ ബാധിച്ചതുകൊണ്ട് ജീവിതകാലം മുഴുവൻ എല്ലാ തരത്തിലുള്ള ഡെങ്കി വൈറസുകൾക്കെതിരെയും പ്രതിരോധശേഷി ലഭിക്കില്ല. ഡെങ്കിപ്പനി വൈറസിന് നാല് വ്യത്യസ്ത സെറോടൈപ്പുകൾ (DENV-1, DENV-2, DENV-3, DENV-4) ഉള്ളതിനാൽ, ഒരു സെറോടൈപ്പ് മൂലമുള്ള രോഗബാധയ്ക്കുശേഷം ആ സെറോടൈപ്പിനെതിരെ മാത്രമാണ് ദീർഘകാല ആർജിത പ്രതിരോധശേഷി ലഭിക്കുന്നത്. മറ്റ് സെറോടൈപ്പുകൾ മൂലം പിന്നീട് വീണ്ടും ഡെങ്കി പ്പനി ബാധിക്കാനുള്ള സാധ്യത നിലനിൽക്കും. ചില സാഹചര്യങ്ങളിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ രോഗബാധ ആദ്യത്തേതിനേക്കാൾ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതി നാൽ, മുമ്പ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളവരും കൊതുകുകടി ഒഴിവാക്കുന്നതിനും രോഗപ്രതിരോധ നടപടികൾ പാലിക്കുന്നതിനും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം

ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗം കൊതുകുകളുടെ പ്രജനനം തടയുകയും കൊതുകുകടി ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ, വീടുകളുടെയും പരിസരങ്ങളുടെയും സമീപത്ത്, ചെറിയ അളവിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പ്രജനനം നടത്തുന്നത്. അതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വീടും പരിസരവും ശുചീകരിക്കുകയും, ടയറുകൾ, ചിരട്ടകൾ, പൂച്ചെടിച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ, ഫ്രിഡ്ജിന്റെ ഡ്രിപ്പ് ട്രേ, എയർകൂളറുകൾ, വെള്ളം സംഭരിക്കുന്ന ടാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും വേണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ എല്ലായ്പ്പോഴും മൂടിവയ്ക്കുകയും ഉപയോഗശൂന്യമായ വസ്തുക്കൾ സുരക്ഷിതമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ, നിർമ്മാണസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആഴ്ചതോറും കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന നടപടികൾ സ്വീകരിക്കണം (Dry day). ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച്, ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും 'ഡ്രൈ ഡേ' ആചരിച്ച് ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അഭികാമ്യമാണ്. മഴക്കാലത്തിന് മുമ്പും മഴക്കാലത്തും ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ, ഉറവിടനശീകരണ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ, വീടുകളുടെയും പരിസരങ്ങളുടെയും സമീപത്ത്, ചെറിയ അളവിൽ കെട്ടിക്കിടക്കുന്ന ജലത്തിലാണ് പ്രജനനം നടത്തുന്നത്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ, വീടുകളുടെയും പരിസരങ്ങളുടെയും സമീപത്ത്, ചെറിയ അളവിൽ കെട്ടിക്കിടക്കുന്ന ജലത്തിലാണ് പ്രജനനം നടത്തുന്നത്.

ഡെങ്കിപ്പനിക്കെതിരെ ലോകത്തിൽ പല രാജ്യങ്ങളിൽ വാക്സിനുകൾ ഉപയോഗിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി വാക്സിൻ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ ക്യു ഡെൻഗാ എന്ന ജപ്പാനീസ് വാക്സിൻ 2026 ജൂലൈയിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടി എന്ന വാർത്ത ശുഭകരമാണ്. മൂന്നു മാസത്തെ ഇടവേളയിൽ 0.5 ml ആണ് 4 - 60 പ്രായക്കാർക്ക് നൽകാനായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ കൊതുകുകളുടെ പ്രജനനം തടയുക, കൊതുകുകടി ഒഴിവാക്കുക, രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടുക എന്നിവയാണ് ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ പ്രധാന മാർഗങ്ങൾ.

പൊതുജനാരോഗ്യ വെല്ലുവിളി

ഡെങ്കിപ്പനി ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, ഗണ്യമായ സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ വെല്ലുവിളി കൂടിയാണ്. ആശുപത്രിവാസം, ചികിത്സാച്ചെലവ്, തൊഴിൽദിനങ്ങളുടെ നഷ്ടം, കുടുംബങ്ങൾക്കുണ്ടാകുന്ന സാമ്പത്തികഭാരം, ആരോഗ്യസംവിധാനത്തിനുമേലുള്ള അധിക ചെലവും സമ്മർദവും എന്നിവ രോഗത്തിന്റെ പ്രധാന സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ, രോഗവ്യാപനകാലത്ത് ആരോഗ്യവിഭവങ്ങളുടെ അധിക വിനിയോഗവും ഉൽപ്പാദനക്ഷമതയിലെ കുറവും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. ഓരോ ആഴ്ചയും പത്ത് മിനിറ്റ് പരിസരശുചീകരണത്തിന് മാറ്റിവെച്ചാൽ, ഡെങ്കിപ്പനിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാകും. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനവും ജനപങ്കാളിത്തവും ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ വിജയത്തിന് അനിവാര്യമാണ്.

READ: കൊതുക്, ചെള്ള് രോഗങ്ങള്‍

കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments