പകർച്ചവ്യാധി
ആധിയാകാം

‘‘പുതിയ രോഗങ്ങൾ കൊണ്ടുവരുന്നതിനും ലോകത്തെ മുൾമുനയിൽ നിർത്തുന്നതിനും പകർച്ചവ്യാധികൾക്കു കഴിയും. അതിനാൽ നമ്മൾ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനിഷ് കൃഷ്ണ സി.യു. എഴുതിയ ലേഖനം.

പുതിയ രോഗങ്ങൾ കൊണ്ടുവരുന്നതിനും ലോകത്തെ മുൾമുനയിൽ നിർത്തുന്നതിനും പകർച്ചവ്യാധികൾക്കു കഴിയും. അതിനാൽ നമ്മൾ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അമാനുഷിക സിദ്ധാന്തങ്ങളിൽ നിന്ന് അണുസിദ്ധാന്തത്തിലേക്കു എത്തിയതും പിന്നീട്, രോഗം വരാൻ ഒന്നുമാത്രമല്ല പല ഘടകങ്ങളും കാരണമാകാമെന്നും നാം തിരിച്ചറിഞ്ഞു.

എപിഡെമിയോളജിക്കൽ ട്രൈയാഡിന്റെ വികസിപ്പിച്ച രൂപത്തെ അഡ്വാൻസ്ഡ് മോഡൽ എന്ന് ഇന്ന് നമ്മൾ വിളിക്കുന്നു. അതിൽ ഏജന്റ് (രോഗം പരത്തുന്ന അണു), ഹോസ്റ്റ് (സ്വീകർത്താവ്/ രോഗം വന്ന ആൾ), പരിസ്ഥിതി/ആവാസമേഖല (അണുവിനും ഹോസ്റ്റിനും ഇടയിലുള്ള സാഹചര്യം) കൂടാതെ ഇവയെ ആഴത്തിൽ പരിശോധിച്ച് പലതരം രോഗാണുക്കളെയും അവയുടെ തീവ്രത, ജനിതക ഘടകങ്ങൾ, പ്രതിരോധശേഷി, രോഗികളുടെ പ്രായം, ലിംഗഭേദം, പെരുമാറ്റരീതികൾ എന്നിവക്കു പുറമെ വായു, ജലം, മണ്ണ്, എന്നിവയും സാമൂഹികമായും സാമ്പത്തികമായുമുള്ള ഘടകങ്ങളും നാം ഉൾപ്പെടുത്തുന്നു.

പകർച്ചവ്യാധികൾക്കു മറ്റൊരു മോഡലും പ്രാവർത്തികമായിട്ടു ണ്ട്. അതാണ് SIR (എസ്ഐ ആർ) മോഡൽ.

എസ് എന്നാൽ സസെപ്റ്റിബിൾ അഥവാ രോഗം പിടിപെടാൻ സാധ്യതയുള്ള ആൾ അല്ലെങ്കിൽ അവസ്ഥ.

ഇൻഫെക്ടിവിസ് (Infectives- ഐ) എന്നാൽ രോഗം പരത്താൻ കഴിയുന്നവർ.

ആർ എന്നാൽ, റിമൂവൽസ്- രോഗം പിടിപെട്ടതിനു ശേഷം രോഗപ്രതിരോധശേഷി വന്നവരോ രോഗം വന്നു മരിച്ചവരോ ആകാം. ഉദാഹരണത്തിന്, പുതിയതായി ഒരു രോഗം ഒരു സമൂഹത്തിൽ വന്നാൽ അവിടെയുള്ള എല്ലാ ജനങ്ങളും സസെപ്റ്റിബിൾ ആകുന്നു. അപ്പോൾ എസ് =1, ഐ & ആർ =0 ആകുന്നു. പക്ഷെ പിന്നീട് രോഗം കൂടുംതോറും എസ് കുറയുകയും ഐ കൂടുകയും ചെയ്യുന്നു.

അമേരിക്കൻ ശാസത്രജ്ഞൻ 'റോത്മാൻ' (Rothman) കൊണ്ടുവന്ന മറ്റൊരു ആശയമാണ് ‘ ’. ഇതും രോഗകാരണങ്ങളെ കുറിച്ചറിയാൻ സഹായിക്കുന്നു. ഈ ആശയത്തിൽ രോഗത്തെ മുഴുവൻ ഒരു പൈ (വൃത്തം) ആയി സങ്കൽപ്പിക്കുന്നു. ഈ പൈ പരിപൂർണമാകണമെങ്കിൽ എല്ലാ കഷണങ്ങളും ഒന്നിച്ചുവരണം. അപ്പോൾ മാത്രമേ ഒരാൾക്ക് രോഗം ബാധിക്കുകയുള്ളൂ.

ഇവയിലെ പ്രധാന മൂന്ന് ഘടകങ്ങൾ:

  • 1. സഫിഷ്യന്റ് കോസ്:

ഒരു രോഗം ബാധിക്കാൻ പര്യാപ്തമായ മാർഗങ്ങളും മറ്റും കൂടിച്ചേരുന്നതാണ് ഇത്. ചില രോഗങ്ങൾക്ക് പല കഷണങ്ങൾ അഥവാ ഘടകങ്ങൾ ഉണ്ടാകാം.

  • 2. കംപോണേന്റ് കോസ്:

പൈയിലെ ഓരോ ഘടകങ്ങളെയും ഇങ്ങനെ വിളിക്കുന്നു.

  • 3. നെസസ്സറി കോസ്:

രോഗം ഉണ്ടാകണമെങ്കിൽ തീർച്ചയായും ഇത് വേണം. ഇതില്ലെങ്കിൽ രോഗം ഉണ്ടാവുകയില്ല.

ഉദാഹരണം: ക്ഷയരോഗം ഉണ്ടാകണമെങ്കിൽ മൈക്കോബാക്റ്റീരിയം ട്യൂബെർക്‌ലൈ എന്ന ബാക്ടീരിയ നെസസ്സറി കോസായി (Necessary cause) വേണം.

പ്രതിരോധശേഷിയില്ലായ്മ, വസിക്കുന്ന മുറികളിലെ വായുസഞ്ചാരമില്ലായ്മ എന്നിവയൊക്കെ കംപോണന്റ് കോസാണ്. (component cause)

പകർച്ചവ്യാധികൾ നേരിട്ടോ അല്ലാതെയോ പകരാം.

നേരിട്ടുള്ള രോഗവ്യാപന വഴികൾ

1. നേരിട്ടുള്ള സമ്പർക്കം.
2. ഡ്രോപ്‌ലെറ്റ് (5 മൈക്രോണിൽ കൂടുതലുള്ള തുള്ളികളെയാണ് ഡ്രോപ്‌ലെറ്റുകൾ എന്ന് വിളിക്കുന്നത്).
3. മണ്ണുമായുള്ള സമ്പർക്കം.
4. ചർമ്മത്തിലൂടെ.
5. പ്ലാസെന്റ വഴി.

നേരിട്ടല്ലാതെയുള്ള സമ്പർക്കം:
അഞ്ചു വഴികളിലൂടെയാണ് വ്യാപനം നടക്കാറ്

1. ജലം.
2. ഭക്ഷണം.
3. ഈച്ചകൾ (ഷഡ്പദങ്ങൾ).
4. വസ്തുക്കളിലൂടെ (ഫൊമൈറ്റ്).
5. വൃത്തിയില്ലാത്ത കൈകളിലൂടെ /വിരലുകളിലൂടെ.

ജീവിതശൈലിയിലെ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവും പ്രകൃതിയെ എന്നപോലെ മനുഷ്യരെയും പ്രതികൂലമായി ബാധിച്ചു. നേരെത്തെ നിയന്ത്രിച്ച രോഗങ്ങൾ വീണ്ടും വരുന്നതും ലോകത്തിനു വെല്ലുവിളിയാണ്.

പകർച്ചവ്യാധികൾ പലതരത്തിലുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നവ, ഷഡ്പദങ്ങൾ വഴി പകരുന്നവ, സമ്പർക്കത്തിലൂടെ പകരുന്നവ, ലൈംഗികബന്ധത്തിലൂടെ പകരുന്നവ എന്നിവ ഉദാഹരണങ്ങളാണ്. ബാക്റ്റീരിയൽ, വൈറൽ, ഫംഗസ്, പരാദ (പാരസൈറ്റ്) രോഗങ്ങൾ എന്നിവയായും വേർതിരിക്കാം. പല തരത്തിലും ഈ രോഗങ്ങൾ നമ്മെ തളർത്താം. പനി, ചുമ, ശ്വാസതടസ്സം എന്നിവ കൂടുതൽ അപകടകരമാക്കാൻ ഇവക്കു സാധിക്കും. അതിനാൽ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നാം അറിഞ്ഞിരിക്കണം.

പല രോഗങ്ങൾക്കും പല രോഗോദ്ഭവ (ഇൻക്യൂബേഷൻ പീരീഡ്) കാലമാണ്. അതായതു ഒരു രോഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് മുതൽ ആ രോഗത്തിന്റെ ആദ്യ ലക്ഷണം പുറത്തുവരുന്നതുവരെയുള്ള സമയത്തെയാണ് ഇൻക്യൂബേഷൻ പീരീഡ് അഥവാ രോഗോദ്ഭവ കാലം എന്ന് വിളിക്കുന്നത്.

ഇൻക്യുബേഷൻ പിരീഡിന്റെ പ്രാധാന്യം

  • ക്വാറന്റൈൻ: ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്, എത്ര ദിവസം നിരീക്ഷണത്തിലിരിക്കണമെന്നു തീരുമാനിക്കുന്നത് ഇത് നോക്കിയാണ്.

  • രോഗനിർണയം നടത്തുന്നതിനും ഇത് സഹായിക്കുന്നു. ചില സാഹചര്യങ്ങളിൽ ഈ കാല യളവിൽ രോഗികൾ രോഗം പടർത്താനിടയാക്കാറുണ്ട്.

  • രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു. രോഗലക്ഷണം കണ്ടതിനു എത്ര ദിവസം മുൻപാണ് സമ്പർക്കമുണ്ടായതെന്നു കണ്ടുപിടിക്കാൻ ഇത് സഹായിക്കുന്നു.

ഓരോ വ്യക്തിയുടെ പ്രതിരോധശേഷി അനുസരിച്ചും ശരീരത്തിൽ പ്രവേശിക്കുന്ന അണുക്കളുടെ അളവിലുള്ള വ്യത്യാസം അനുസരിച്ചും രോഗം ബാധിക്കാനുള്ള സാധ്യതയും അതിന്റെ തീവ്രതയും മാറാം.

ഈ ഘട്ടത്തിൽ നാം ക്വാറന്റൈനും ഐസൊലേഷനും തമ്മിലുള്ള വ്യത്യാസം അറിയണം.

രോഗമുള്ള ആളുമായി സമ്പർക്കത്തിലാവുകയും എന്നാൽ രോഗലക്ഷണങ്ങളില്ലെങ്കിൽ അവരെ നാം ക്വാറന്റൈനിൽ നിർത്തുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ചതോ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആൾക്കാരെ, മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ ഉപയോഗിക്കുന്ന മാർഗമാണ് ഐസൊലേഷൻ.

ഒരു രോഗം തടയണമെങ്കിൽ അവ പരത്താൻ സഹായിക്കുന്ന ചങ്ങലയെ നമ്മൾ പൊട്ടിക്കണം.അതിലെ ദുർബലമായ കണ്ണിയെ നാം തിരിച്ചറിയണം. ഒരു അസുഖത്തിന്റെ ഉറവിടം എവിടെനിന്നാണെന്നു നാം തിരിച്ചറിഞ്ഞു അത് നശിപ്പിക്കണം. ഉദാഹരണത്തിന് ഡെങ്കിപ്പനി പരത്തുന്നത് കൊതുകുകളാണ്. അപ്പോൾ കൊതുകുകൾ വളരാനുള്ള സാഹചര്യം ഉണ്ടാ വരുത്. അതിനുള്ള പരിഹാരമാർഗങ്ങൾ നാം തേടണം.

ഒരു രോഗം പെെട്ടന്ന് വ്യാപിച്ചാൽ രോഗചികിത്സാവിദഗ്ദ്ധൻ, രോഗപര്യവേക്ഷകൻ, ശാസ്ത്ര സാങ്കേതിക ഗവേഷകൻ എന്നി വർ ചേർന്ന് അൽഗോരിതം അഥവാ ക്രിയാക്രമത്തിലൂടെ രോഗം കണ്ടുപിടിക്കേണ്ടതുണ്ട്. അവയെ എത്രയും വേഗം പകരാതിരിക്കാനുള്ള നിർദ്ദേശങ്ങളും പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണ്.

മേലധികാരികളെ അറിയിക്കുകയും അതിനുവേണ്ടിയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുകയും വേണം.

ഇന്ന് ഏറ്റവും ഭീകരത പടർത്തുന്ന രോഗങ്ങളിൽ കേരളത്തിൽ കണ്ടുവരുന്നതാണ് നിപ വൈറസ് രോഗവും അമീബിക് മസീതഷ്കജ്വരവും. നിപ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയാണ്. പഴംതീനി വവ്വാലുകളാണ് ഇ വൈറസിന്റെ വാഹകർ.

പകരുന്ന രീതികൾ

1. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ.
2. വൈറസ് ബാധയുള്ള വവ്വാലുകളുടെ മൂത്രം, കാഷ്ടം എന്നിവയുമായുള്ള സമ്പർക്കം.
3. രോഗബാധയുള്ള മറ്റു വളർത്തുമൃഗങ്ങൾ.
4. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്.

മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. വിരളമായി 45 ദിവസം വരെ ഇത് നീളാറുണ്ട്. ചില മനുഷ്യരിൽ ലക്ഷണങ്ങൾ കാണിക്കാതെ വരാറുണ്ട്. പനി, തലവേദന , ചുമ, ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം, ക്ഷീണം, തലകറക്കം എന്നിവ പ്രകടമാകാറുണ്ട്. അസുഖം തീവ്രമാകുന്ന സാഹചര്യത്തിൽ മസ്തിഷ്‌കവീക്കം അപസ്മാരം മൂലം ബോധക്ഷയവും പിന്നീട് മരണം വരെ സംഭവിക്കാം.

ലാബ് പരിശോധനയിലൂടെയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആർ. ടി. പി. സി. ആർ (RTPCR ) വഴി രക്തം, സി എസ് എഫ് (നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്തുന്ന ദ്രാവകം- തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റും കാണപ്പെടുന്നത്) എന്നിവ ഉപയോഗിച്ച് രോഗ നിർണയം നടത്താം.

കടിച്ചതോ മുറിവേറ്റതോ ആയ പഴങ്ങൾ കഴിക്കാതിരിക്കുക. പഴങ്ങൾ നന്നായി കഴുകിയതിനു ശേഷം മാത്രം കഴിക്കുക. രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരെ പരിചരിക്കുമ്പോൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക.

നിപ രോഗത്തിന് പ്രത്യേക മരുന്നില്ല. രോഗലക്ഷണങ്ങൾ അനുസരിച്ചും തീവ്രത അനുസരിച്ചും മരുന്ന് നൽകി ജീവൻ രക്ഷിക്കുക എന്നതാണ് ഇപ്പോൾ ചെയ്തുവരുന്നത്.

അമീബിക്ക് മസ്തിഷ്കജ്വരം വളരെ അപകടകരമായ ഒരു രോഗമാണ്. അമീബ എന്നത് ഒരു ഏകകോശ സൂക്ഷ്മജീവിയാണ്. ഇവ കെട്ടികിടക്കുന്ന ജലാശയത്തിലാണ് കൂടുതലായി കണ്ടുവരുന്നത്. നൈഗ്ലെരിയ ഫൗലേരി എന്ന അമീബയാണ് ഈ രോഗ ത്തിന് പ്രധാനമായും കാരണമാകുന്നത്. തലച്ചോറ് തിന്നുന്ന ജീവി എന്ന പേരിലാണ് ഇതു അറിയപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം കൂടുതൽ കേസുകൾക്ക് വഴിയൊരുക്കുന്നുണ്ട്.

ജലാശയങ്ങളിൽ കുളിക്കുമ്പോഴും മറ്റും മൂക്കിലൂടെ അമീബ പ്രവേശിച്ചു ഓൾഫാക്ടറി നെർവ് (മൂക്കിലെ ഞരമ്പ് ) വഴി തലച്ചോറിലെത്തുകയും ഈ ഭാഗത്തുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒന്ന് തുടങ്ങി 12 ദിവസങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. ഈ രോഗം പിടിപെട്ടാൽ തലവേദന, പനി, ഛർദ്ദി തുടങ്ങി കഴുത്തു തിരിക്കാൻ കഴിയാത്ത അവസ്ഥ, അപസ്മാരം, മനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, തുടർന്ന് ബോധക്ഷയവും മരണവും വരെ സംഭവിക്കാം. നട്ടെല്ലിലെ ദ്രാവകം എടുത്തു പരിശോധിക്കുന്നതിലൂടെയാണ് അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ഈ രോഗത്തിനെതിരായി ചില മരുന്നുകൾ ഇപ്പോൾ ഉപയോഗപ്രദമായി കാണുന്നുണ്ട്. എന്നാൽ രോഗം കണ്ടുപിടിക്കാൻ വൈകുന്നതിനാൽ മരണനിരക്ക് കൂടുതലാണ്. കെട്ടികിടക്കുന്നതോ മലിനമായതോ ആയ ജലങ്ങളിൽ കുളിക്കാതിരിക്കുക. ഉപയോഗിക്കുന്ന ജലാശയങ്ങൾ (കുളം, കിണർ ,നീന്തൽകുളം) ക്ലോറിനേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ല. പകർച്ചവ്യാധികൾ നമുക്കു തടയാൻ സാധിക്കും. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനക്കായി എത്താൻ ശ്രദ്ധിക്കുക. അപ്പോൾ എത്രയുംവേഗം രോഗം തിരിച്ചറിഞ്ഞ് അതിനുള്ള മരുന്നുനൽകി ചികിത്സിക്കാൻ സാധിക്കും. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി നിരീക്ഷണ സംവിധാനം (സർവെയ്‌ലൻസ്) ശക്തിപ്പെടുത്തണം. അതായതു ആരോഗ്യപ്രശ്നങ്ങൾ കണ്ടറിഞ്ഞു ചികിത്സിക്കുകയും വിശകലനം ചെയ്യുകയും വേണം.

രണ്ടു തരത്തിലുള്ള സർവെയ്‌ലൻസ്

1. ആക്റ്റീവ് സർവെയ്‌ലൻസ്.
2. പാസ്സീവ് സർവെയ്‌ലൻസ്.

ആക്റ്റീവ് സർവെയ്‌ലൻസ്: ആരോഗ്യപ്രവർത്തകർ വീടുകളിലോ സ്‌ഥലങ്ങളിലോ ചെന്ന് പരിശോധിച്ച് രോഗനിർണയം നടത്തുന്നതിനെയാണ് ആക്റ്റീവ് സർ വെയ്‌ലൻസ് എന്ന് പറയുന്നത്.

പാസ്സീവ് സർവെയ്‌ലൻസ്: രോഗികൾ ആശുപത്രികളിൽ പോയി ചികിത്സ തേടുന്നതിനെ പാസ്സീവ് സർവെയ്‌ലൻസ് എന്നു പറയുന്നു.

കോവിഡ് മഹാമാരി വന്നപ്പോൾ ജനങ്ങൾ വ്യക്തിശുചത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായി. അത് എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണ്. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് എറ്റവും പ്രധാനം. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക. പരിസര ശുചിത്വവും അതുപോലെ പ്രധാനമാണ്. മാലിന്യ സംസ്കരണം പൊതുജനാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട വിഷയമാണ് . ശ്വാസസംബന്ധമായ രോഗങ്ങൾ വായുവിലൂടെയും ഡ്രോപ്‌ലെറ്റുകളിലൂടെയും പകരുന്നു. അതിനാൽ സാമൂഹിക അകലം പാലിക്കുകയും ചുമ, തുമ്മൽ, ജലദോഷം എന്നിവ ഉള്ളവർ മാസ്ക് ധരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുന്നതിലും സൂക്ഷിച്ചുവയ്ക്കുന്നതിലും ശ്രദ്ധിക്കണം. മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ ഷഡ്പദങ്ങൾ വഴി പകരുന്ന രോഗങ്ങൾ അഥവാ പ്രാണിജന്യ രോഗങ്ങൾ കൂടുതലായി പെരുകാനും ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുന്നു.

പകർച്ചവ്യാധികൾക്ക് വിരാമമിട്ട മറ്റൊരു ഇടപെടലാണ് വാക്‌സിനേഷൻ. (പ്രതിരോധ കുത്തുവെപ്പ്.). പല രോഗങ്ങൾക്കും പ്രതിരോധമായി ഇന്ന് കുത്തുവെപ്പ് ലഭ്യമാണ്. ശരീരത്തിൽ പ്രതിരോധശേഷി ശക്തപ്പെടുത്താൻ, രോഗത്തിനെതിരായി പ്രവർത്തിക്കാൻ വാക്‌സിനുകൾ സഹായിക്കുന്നു. നാഷനൽ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂൾ വഴി ഇന്ന് കുട്ടികൾക്ക് പല പകർച്ചവ്യാധികൾക്കെതിരായും നാം വാക്‌സിൻ കൊടുക്കുന്നു. പല പകർച്ചവ്യാധികളും രാജ്യങ്ങളിൽ നിന്ന് ഇല്ലാതാക്കാൻ സഹായിച്ച വാക്‌സിനുകളുടെ പങ്ക് ചെറുതല്ല. സ്‌മോൾപോക്സ് പോലെ ഇനിയും വാക്‌സിനുകളിലൂടെ പല പകർച്ചവ്യാധികളും എന്നെന്നേക്കുമായി ലോകത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ നമുക്കു സാധിക്കും.

ശരിയായ മാർഗങ്ങളിലൂടെയും കരുതലിലൂടെയും നമുക്ക് രോഗവ്യാപനം തടയാൻ സാധിക്കും. അതിനായി എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കു കയാണ് കരണീയം.

READ: സുസ്ഥിര വികസനവും
മിന്നൽ മാജിക്കും:
ഒരു വൈരുദ്ധ്യാത്മക വിശകലനം

വേണം, നമുക്കൊരു
ആരോഗ്യകരമായ വാർദ്ധക്യം

കാലാവസ്ഥാമാറ്റങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾ

മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments