പ്രമേഹവും കണ്ണും

‘‘പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെങ്കിലും ഏറ്റവും കൂടുതൽ സങ്കീർണതകൾ ഉണ്ടാകുന്നത് കണ്ണ്, വൃക്ക, നാഡീ വ്യൂഹം എന്നിവയെ ആണ്. കണ്ണ്, ചെവി, മൂക്ക്, നാവ്, ത്വക്ക് എന്നിവ അടങ്ങിയ പഞ്ചേന്ദ്രിയങ്ങളിൽ എറ്റവും പ്രമുഖ സ്ഥാനം കണ്ണുകൾക്കും കാഴ്ചക്കും തന്നെ എന്നതിൽ സംശയമില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബേബി തോമസ് എഴുതിയ ലേഖനം.

ലോകാരോഗ്യ സംഘടന (WHO) എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹദിനമായി ( WORLD DIABETES DAY) ആചരിക്കുകയാണ്. പ്രമേഹം എന്ന രോഗത്തെക്കുറിച്ചും അതിന്റെ സങ്കീർണ്ണതകളെ കുറിച്ചും പൊതു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ദിനംപ്രതി എണ്ണം കൂടികൊണ്ടിരിക്കുന്ന ജീവിതശൈലീരോഗമാണ് പ്രമേഹം. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഇന്ത്യയിലും അതിൽ തന്നെ ഏറ്റവും കൂടുതൽ കേരളത്തിലും ആണെന്നുള്ളതു തന്നെ ആശങ്കാജനകമാണ്.

പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെങ്കിലും ഏറ്റവും കൂടുതൽ സങ്കീർണതകൾ ഉണ്ടാകുന്നത് കണ്ണ്, വൃക്ക, നാഡീ വ്യൂഹം എന്നിവയെ ആണ്. കണ്ണ്, ചെവി, മൂക്ക്, നാവ്, ത്വക്ക് എന്നിവ അടങ്ങിയ പഞ്ചേന്ദ്രിയങ്ങളിൽ എറ്റവും പ്രമുഖ സ്ഥാനം കണ്ണുകൾക്കും കാഴ്ചക്കും തന്നെ എന്നതിൽ സംശയമില്ല. അതിനാൽ തന്നെ കണ്ണുകളുടെ സംരക്ഷണത്തിനും കാഴ്ചക്കും ഏറെ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.

പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗങ്ങൾ

1. ഡയബറ്റിക് റെറ്റിനോപതി

കാഴ്ചക്കുറവും പൂർണ അന്ധതക്കും കാരണമാകാവുന്ന അവസ്ഥയാണിത്. നേത്ര ഗോളത്തിന്റെ ഏറ്റവും ഉള്ളിലുള്ള നേത്രാന്തര പടലത്തിലെ (RETINA) ഏറ്റവും ചെറിയ രക്തക്കുഴലുകളിൽ രക്തയോട്ടം കുറഞ്ഞു കോശങ്ങൾ നിർജീവമായി തുടങ്ങുമ്പോൾ തികച്ചും ലോലമായ പുതിയ രക്തക്കുഴലുകൾ ഉണ്ടാകുന്നു. തുടർന്ന് ഈ ലോലമായ പുതിയ രക്തക്കുഴലുകൾ പൊട്ടി നേത്രാന്തര പടലത്തിൽ രക്തവാർച്ച (ബ്ലീഡിങ്ങ്) ഉണ്ടാകുന്നതോടെ കാഴ്ച നഷ്ടപ്പെടുന്നു. ഇതിനു മുന്നോടിയായി പ്രത്യക്ഷത്തിൽ യാതൊരു ലക്ഷണവും ഉണ്ടാകണമെന്നില്ല. പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് ചികിത്സകൊണ്ട് തിരിച്ചു കിട്ടുകയില്ല എന്നു പ്രത്യേകം ഓർക്കേണ്ടിയിരിക്കുന്നു. പിന്നീടുള്ള ചികിത്സ മൂലം അപ്പോഴുള്ള കാഴ്ച മാത്രമേ നിലനിർത്താൻ സാധിക്കു. കൃത്യമായ ചികിത്സ എടുത്തില്ലെങ്കിൽ പൂർണ അന്ധതക്കും കാരണമാകുന്നു.

2. തിമിരം

കണ്ണിന്റെ ഉള്ളിലുള്ള ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ടു പ്രകാശരശ്മികൾക്ക് നേത്രാന്തര പടലത്തിൽ എത്താൻ സാധിക്കാതെ വരുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്നതാണ് തിമിരം. അനിയന്ത്രിത പ്രമേഹം ഉള്ളവർക്ക് തിമിരം നേരത്തെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തിമിരം മൂലം ഉള്ള കാഴ്ചക്കുറവ് തിമിരശസ്ത്രക്രിയയിലൂടെ തിരിച്ചു കിട്ടുമെന്നുള്ളത് ആശ്വാസകരമാണ്.

3.ഗ്ലോക്കോമ

കണ്ണിന്റെ ഉള്ളിലുള്ള അക്വസ് ഹ്യൂമർ എന്ന ദ്രാവകത്തിന്റെ മർദ്ദം കൂടി വന്ന് പൂർണ അന്ധതക്കു കാരണമാകുന്ന രോഗമാണ് ഗ്ലോക്കോമ. അനിയന്ത്രിത പ്രമേഹമുള്ളവരിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

4. കണ്ണ് ചൊറിച്ചിൽ, കൺകുരു എന്നിവയും കൂടെ കൂടെ ഉണ്ടാകാൻ പ്രമേഹബാധിതരിൽ സാദ്ധ്യത കൂടുതലാണ്.

5. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

കാഴ്ച മങ്ങുക, അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകുക, കാഴ്ച്ചയിൽ കറുത്ത പാടുകൾ ഉണ്ടാകുക, രാത്രി കാഴ്ചയിൽ കുറവ്, പെട്ടെന്ന് കാഴ്ച കുറഞ്ഞുപോകുക.



‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

പ്രതിരോധവും പരിപാലനവും

Comments