കടിഞ്ഞൂൽ കണ്ണിയുടെ സംശയങ്ങൾ

‘‘പ്രത്യേകിച്ച് ഒരു ഭക്ഷണവും പ്രെഗ്നൻസിയിൽ ഡെയ്ഞ്ചറസ് അല്ല. പക്ഷേ, അമിതമായ മധുരപലഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുനിന്നും പാകം ചെയ്തുകിട്ടുന്ന ഭക്ഷണത്തില്‍നിന്നും അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടില്‍ പാകം ചെയ്യുന്ന ലളിതമായ ഭക്ഷണമാണ് ഉത്തമം’’- ‘IMA നമ്മുടെ ആരോഗ്യം മാസികയിൽ​ ഡോ. ദിവ്യ നായർ എഴുതിയ ലേഖനം.

കെ ഒരു ഞായറാഴ്ചയാണ് തിരക്കില്ലാതെ സമാധാനത്തോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. അമ്മയുണ്ടാക്കിയ റോസ്റ്റ് ദോശയും പൊടിയും കഴിച്ച് കൈകഴുകുമ്പോഴേക്കും അമ്മ ധൃതിയില്‍ വന്നുപറഞ്ഞു: ''മോളേ, അടുത്തവീട്ടിലെ സുമയുടെ മോളില്ലേ, അഖില. ആ കുട്ടി ഇന്നലെ വീട്ടിലെത്തിയിട്ടുണ്ട്. 'വിശേഷ'മുണ്ടെന്നു തോന്നുന്നു. നിന്നെ കണ്ട് സംസാരിക്കണമെന്നു സുമ പറഞ്ഞു’’.

എന്നെ കണ്ടതും സുമച്ചേച്ചി, ‘‘അഖിലക്ക് ബാംഗ്ലൂരിലെ ഡോക്ടര്‍മാരോട് എല്ലാ സംശയങ്ങളും ചോദിക്കാന്‍ പറ്റില്ലാന്നേ... നമുക്കിവിടെ നമ്മുടെ സ്വന്തം ഡോക്ടര്‍ ഉള്ളപ്പോള്‍ പിന്നെയെന്താ? സമാധാനമായി ചോദിക്കാമല്ലോ, അല്ലേ?''

ഞാന്‍ ചിരിച്ചു,

‘അവിടെ എന്തുചെയ്യുന്നു?’, ഞാൻ അഖിലയോട് ചോദിച്ചു.

''ആന്റീ, ഞാൻ IT- യില്‍ ആണ്.''
''കല്യാണം കഴിഞ്ഞ് എത്രയായി?''
''ഈ വരുന്ന മാര്‍ച്ചില്‍ ഒരുകൊല്ലം ആകും. കഴിഞ്ഞ സൺഡേ ആണ് യൂറിൻ പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടത്.'' അഖില പുഞ്ചിരിയോടെ പറഞ്ഞു.
‘ഓകെ കൺഗ്രാജ്സ്’.

''ആന്റീ, എനിക്ക് കുറച്ച് സംശയങ്ങളുണ്ട്, അതൊക്കെ ഒന്നു ക്ലിയർ ചെയ്യാന്‍ കൂടിയാണ് ഞാന്‍ വന്നത്.''

''ചോദിച്ചോളൂ...''

‘‘ആന്റീ, പ്രെഗ്നന്റെ് ആയാല്‍ കഴിക്കരുതാത്ത എന്തെങ്കിലും ഭക്ഷണമുണ്ടോ? എന്തൊക്കെ കഴിക്കണം?’’

‘‘അങ്ങനെ പ്രത്യേകിച്ച് ഒരു ഭക്ഷണവും പ്രെഗ്നൻസിയിൽ ഡെയ്ഞ്ചറസ് അല്ല. പക്ഷേ, അമിതമായ മധുരപലഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുനിന്നും പാകം ചെയ്തുകിട്ടുന്ന ഭക്ഷണത്തില്‍നിന്നും അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടില്‍ പാകം ചെയ്യുന്ന ലളിതമായ ഭക്ഷണമാണ് ഉത്തമം. ധാരാളം പച്ചക്കറികളും പഴങ്ങളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം’’.

‘‘അപ്പോള്‍,പൈനാപ്പിള്‍, പപ്പായ ഒന്നും തൊടരുതെന്ന് ഈ അമ്മ പറയുന്നതോ?’’

‘‘പൈനാപ്പിളും പഴുത്ത പപ്പായയും ഗര്‍ഭത്തിന് അപകടകാരികളാണെന്നതിന് യാതൊരു സയന്റെിഫിക് എവിഡൻസും ഇല്ല. എല്ലാം പാകത്തിന് ആവാം. സുമച്ചേച്ചീ, അഖിലയെ ഇനി പേടിപ്പിക്കല്ലേ’’.

‘‘ഞാന്‍ താമസിക്കുന്നയിടത്തുനിന്ന് ബസ്സില്‍ അരമണിക്കൂര്‍ യാത്രചെയ്യണം ഓഫീസിലെത്താന്‍. അത് പ്രശ്‌നമാണോ?, ജോലി രാജിവെക്കേണ്ടിവരുമോ?’’

‘‘അയ്യോ... ജോലിയൊന്നും വേണ്ടെന്നു വെക്കല്ലേ. ദിവസവും ഓഫീസിലേക്കു യാത്രചെയ്‌തോളൂ, ഒരു പ്രശ്‌നവുമില്ല. ദൂരയാത്രകള്‍ മാത്രം (5-6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവ) ഒഴിവാക്കിയാല്‍ നല്ലത്’’.

‘‘ടൂ വീലര്‍ ഓടിക്കാമോ?’’

‘‘ടൂ വീലറും കാറും ഒക്കെ ഓടിക്കാം. ബസ്സിലും ട്രെയിനിലും യാത്രചെയ്യാം. ബ്ലീഡിങ്ങോ വയറുവേദനയോ ഉണ്ടെങ്കില്‍ മാത്രം ചികിത്സിക്കുന്ന ഡോക്ടറോടു ചോദിച്ചേ ഇതൊക്കെ പാടുള്ളൂ എന്നു മാത്രം’’

‘‘ഒരുപാടു ഛര്‍ദ്ദിയുണ്ടാകുമോ?’’

‘‘ചിലര്‍ക്ക് ഒട്ടും ഛര്‍ദ്ദിയുണ്ടാകില്ല. അധികമായി ഛര്‍ദ്ദി ഉണ്ടെങ്കില്‍ മരുന്നു കഴിക്കാം’’.

‘‘പിന്നെ എന്തൊക്കെയാണ് ആന്റീ ഞാന്‍ ശ്രദ്ധിക്കേണ്ടത്?’’

‘‘ആദ്യത്തെ മൂന്നുമാസം കുറച്ചു ശ്രദ്ധാപൂര്‍വ്വം ഇരിക്കുന്നത് നല്ലതാണ്. ഇതിനര്‍ത്ഥം ബെഡ് റെസ്റ്റ് വേണം എന്നല്ല കേട്ടോ. പതിവില്ലാത്ത, അധ്വാനമുള്ള ആക്ടിവിറ്റീസ് ഒഴിവാക്കുക. സെക്ഷ്വൽ ഇന്റെർ കോഴ്സ് ആദ്യത്തെ മൂന്നുമാസം ഒഴിവാക്കുക. ഗര്‍ഭകാലത്ത് യൂറിനറി ഇൻഫെക് ഷൻ വരാനുള്ള സാധ്യത അധികമായതിനാല്‍ വെള്ളം നന്നായി കുടിക്കണം’’.

‘‘ഈ സമയത്ത് വേറെയെന്തെങ്കിലും അസുഖം വന്നാലോ? മരുന്നുകള്‍ കഴിക്കാന്‍ പറ്റുമോ?’’

‘‘ചെറിയ പനിയോ തലവേദനയോ വന്നാല്‍ പാരസെറ്റമോള്‍ കഴിക്കാം. അതുകൊണ്ട് ബുദ്ധിമുട്ടു വരില്ല. പനി വന്ന് ശരീരത്തിന്റെ ചൂടുകൂടിയാലാണ് പ്രശ്‌നം. പക്ഷെ ഒന്നുരണ്ടു ദിവസംകൊണ്ട് പനി മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണിച്ച്, വേണ്ട ടെസ്റ്റുകള്‍ നടത്തി, മതിയായ ചികിത്സയെടുക്കണം. ഏത് ആശുപത്രിയില്‍ പോയാലും ഗര്‍ഭിണിയാണെന്ന കാര്യം എടുത്തു പറയണം. അപ്പോള്‍ എക്സ് റേ,സി ടി സ്കാൻ മുതലായ ടെസ്റ്റുകള്‍ ചെയ്യില്ല; ഗര്‍ഭിണികള്‍ക്ക് സേഫ് ആയ മരുന്നുകളേ തരികയുമുള്ളൂ’’

''ഓ... ആന്റീ ഞാന്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപോകും. എപ്പോഴാ അവിടുത്തെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടത്?''

‘‘എത്തിയ ഉടനെതന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണൂ. അവര്‍ ഫോളിക് ആസിഡ് ഗുളിക കുറിച്ചുതരും’’.

‘‘ആന്റീ, ഞാന്‍ ഫോളിക് ആസിഡ് ഗുളികകള്‍ പ്രെഗ് നൻസി പ്ലാൻ ചെയ്യുമ്പോഴേ കഴിച്ചുതുടങ്ങിയിരുന്നു. ആന്റിതന്നെ എപ്പോഴോ എന്നോട് പറഞ്ഞിരുന്നു.’’

‘‘വെരി ഗുഡ്, അപ്പോള്‍, എന്തായാലും ഡോക്ടറെ കാണൂ. അവര്‍ യൂറിൻ ഇൻഫെക്ഷൻ ഇല്ലല്ലോ എന്നു നോക്കും. രക്തത്തിലെ തൈറോയ്ഡ് ലെവലും നോക്കും’’.

‘‘അതിനെനിക്കു തൈറോയ്ഡ് അസുഖമൊന്നുമില്ലല്ലോ ആന്റീ?’’

‘‘തൈയ്‌റോയ്ഡ് അസുഖം വേണമെന്നില്ല, എല്ലാ ഗര്‍ഭിണികള്‍ക്കും ഈ ടെസ്റ്റ് നടത്തും, കാരണം ഗര്‍ഭകാലത്ത് തൈറോയ്ഡ് ഹോർമോൺ വേരിയേഷൻസ് സാധാരണമാണ്, ഇത് കറക്റ്റ് ചെയ്ത് വെക്കേണ്ടതുമാണ്. ഇല്ലെങ്കില്‍ ഗര്‍ഭത്തെ അത് പ്രതികൂലമായി ബാധിക്കും’’.

‘‘പോയ ഉടനെ സ്‌കാന്‍ എടുക്കുമോ?’’

‘‘ഇല്ല. രണ്ടാം മാസത്തിലാണ് ആദ്യത്തെ സ്‌കാന്‍ (6-8 ആഴ്ചയില്‍). ഗര്‍ഭപാത്രത്തിനുള്ളില്‍തന്നെയല്ലേ ഗര്‍ഭം എന്നുറപ്പുവരുത്താനും, കുഞ്ഞിന്റെ ഹൃദയമിടിപ്പു കാണാനും, ഡേറ്റ്സ് ഉറപ്പുവരുത്താനും ആണിത് , പ്രത്യേകിച്ചും മാസമുറ ഇറഗുലർ ആയിട്ടുള്ളവര്‍ക്ക്’’.

‘‘ട്യൂബൽ പ്രഗ്നൻസി എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്’’.

‘‘അതുതന്നെ. ആദ്യത്തെ സ്‌കാന്‍ 7-8 ആഴ്ചയില്‍ ആണെങ്കിലും, വയറുവേദനയോ ബ്ലീഡിങ്ങോ ഉണ്ടെങ്കില്‍ നേരത്തെ തന്നെ സ്‌കാന്‍ എടുത്തു നോക്കണം എക്ടോപ്പിക് പ്രഗ് നൻസി, അബോർഷൻ ഇവയൊന്നുമില്ലല്ലോ എന്നുറപ്പുവരുത്താന്‍’’.

‘‘അതുകഴിഞ്ഞ് പിന്നെ എപ്പോഴാ അടുത്ത സ്‌കാന്‍?’’

‘‘3 മാസം (12-13 ആഴ്ച) തികഞ്ഞതിനുശേഷമാണ് പ്രധാനപ്പെട്ട എൻ ടി സ്കാൻ.കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഇല്ലല്ലോ എന്നു നോക്കാനുള്ള സ്ക്രീനിങ്ങ് ടെസ്റ്റുകളും നടത്തും. NT scan ഉം രക്തത്തിൽ ഡബിൾ മാർക്കേഴ്സും’’.

‘‘ഓകെ ഓകെ ഡൗൺ സിൻഡ്രോം സ്ക്രീനിങ്ങ് അല്ലേ?’’

‘‘own's syndrome, Edwards syndrome, Patau syndrome എന്നീ ജനിതക വൈകല്യങ്ങളാണ് സാധാരണയായി സ്ക്രീൻ ചെയ്യുന്നത്’’

‘‘എല്ലാവര്‍ക്കും ചെയ്യണോ? പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കല്ലേ റിസ്ക് കൂടുതല്‍?’’

‘‘പ്രായക്കൂടുതല്‍കൊണ്ടു മാത്രമല്ല, പല ചെറുപ്പക്കാരികള്‍ക്കും ജനിതകപ്രശ്‌നങ്ങള്‍ കൊണ്ട് ഡൗണ്‍സിന്‍ഡ്രോം ബേബീസ്‌ ഉണ്ടാകാം. അതിനാല്‍ സ്ക്രീനിങ് എല്ലാവർക്കും വേണം. എല്ലാ ഗര്‍ഭിണികള്‍ക്കും ഇതിനെക്കുറിച്ച് കൗണ്‍സലിംഗ് കൊടുത്ത്, ടെസ്റ്റ് ചെയ്യേണ്ടതാണ്’’.

‘‘ഓ, അതുശരി. അഥവാ ഈ ടെസ്റ്റ് പോസിറ്റീവ് ആയാല്‍?’’

‘‘സ്ക്രീനിങ്ങ് പോസിറ്റീവ് ആയാല്‍ 100% കുഴപ്പമുണ്ടെന്ന് അര്‍ത്ഥമില്ല. ഡയഗ്നോസ്റ്റിക് ടെസ്ററുകൾ ചെയ്താലേ ശരിക്കും ജനിതക പ്രശ്‌നമുണ്ടോ എന്ന് അറിയൂ’’.

‘‘ഓക്കേ ആന്റീ’’

‘‘കഴിഞ്ഞോ സംശയങ്ങള്‍?’’

അഖില ചിരിച്ചു. ''തല്ക്കാലം കഴിഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ആന്റിയെ വിളിക്കാം.''

"ശരി. മെസ്സേജ് അയച്ചാലും മതി, തിരക്കൊഴിഞ്ഞ് ഞാന്‍ മറുപടി തരാം. മോള്‍ അവിടെയെത്തിയാലുടന്‍ വീടിനടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടുപിടിച്ച്, കാണണം. അവരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കണം. അപ്പോള്‍ പ്രെഗ് നൻസിയെപ്പറ്റി ഉത്ക്കണ്ഠയില്ലാതെ ഇതൊരു സന്തോഷകരമായ അനുഭവമാക്കി മാറ്റാം. ''

''താങ്ക് യു , ആന്റീ’’.

അപ്പോഴേക്കും അമ്മ ചായ കൊണ്ടുവന്നു. എല്ലാവരും ചായകുടിച്ച് വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അഖിലയുടെ മുഖം ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഗര്‍ഭിണികളുടെ മുഖത്തു കാണുന്ന പ്രത്യേക തിളക്കമുള്ള പുഞ്ചിരിയാല്‍ ആ മുഖം ശോഭിച്ചിരുന്നു.

Read ബിരുദാനന്തര മെഡി. സീറ്റ്:
കട്ട് -ഓഫ് മാർക്കും
വാദപ്രതിവാദങ്ങളും

പ്രതിരോധിക്കാം,
ജപ്പാൻ മസ്തിഷ്കജ്വരം

സോഷ്യൽ മീഡിയ
ദുരുപയോഗം
മരണത്തിലേക്ക്
നയിക്കുമ്പോൾ

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Divya Nair writes about healthy pregnancy diet in Indian Medical Association Nammude Arogyam Magazine


ഡോ. ദിവ്യ നായർ

ഗൈനക്കോളജിസ്റ്റ്, ​ഫെർട്ടിലിറ്റി കൺസൾട്ടന്റ്. പാലക്കാട് കണ്ണാടി ദിവ്യ സ്പെഷ്യാലിറ്റി സെന്റർ ഡയറക്ടർ.

Comments