എലിപ്പനി:
അറിയേണ്ടതെല്ലാം

‘‘കേരളത്തിൽ 2025 ജനു ഒന്നിനും ഡിസംബർ അഞ്ചിനുമിടയിൽ 3,259 സ്ഥിരീകരിച്ച എലിപ്പനി കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 209 പേർ മരിച്ചു. ഇത് ഏറ്റവും ഉയർന്ന മരണനിരക്കാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഫാത്തിമ വർദ കെ. എഴുതിയ ലേഖനം.

എന്താണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്?

  • മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന മൃഗജന്യരോഗമാണ്.

  • ലെപ്റ്റോസ്പൈറ എന്ന സൂക്ഷ്മാണുവാണ് ഇതിന് കാരണം. ലോകത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന മൃഗജന്യ അണുബാധകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ രോഗം ഏറ്റവും കൂടുതലായി പരത്തുന്നത് എലിവർഗ്ഗം ആണ്, പ്രത്യേകിച്ച് എലികളുടെ മൂത്രത്തിലൂടെ പകരുന്ന ലെപ്റ്റോസ്‌പൈറ ഇന്ററോഗൻസ് എന്ന രോഗാണു മൂലമുള്ള പകർച്ചവ്യാധിയാണ് എലിപ്പനി.

ഈ രോഗം എങ്ങനെ പകരുന്നു?

  • മലിനജലം, ചളി, വെള്ളക്കെട്ട് എന്നിവയിലൂടെ ഇത് മനുഷ്യരിലേക്ക് പകരാം. എലികളുടെ മൂത്രം കലർന്ന വെള്ളം /ചളിവെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ, കൃഷിപ്പണി ചെയ്യുമ്പോൾ, ശരീരത്തിലെ ചെറിയ മുറിവുകൾ, ചർമ്മത്തിലെ പൊട്ടലുകൾ, കണ്ണിലെയോ വായിലെയോ ശ്ലേഷ്മപാളി എന്നിവയിൽ കൂടി ഈ രോഗം പകരുന്നു.

  • വെള്ളപ്പൊക്കത്തിനുശേഷം അപകടസാധ്യത കൂടുതലാണ്. മലിനമാക്കപ്പെട്ട ഈ വെള്ളക്കെട്ടിൽ കൂടുതൽ സമയം ചെലവഴിക്കുകയാണെങ്കിൽ ഈ രോഗം വരാൻ സാധ്യത കൂടുതലാണ്. കാരണം ഈ സ്പൈറോകീറ്റ് രോഗാണു മാസങ്ങളോളം വെള്ളത്തിൽ ജീവിക്കും.

എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?

  • രോഗലക്ഷണങ്ങൾ 2–14 ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടാം.

  • പെട്ടെന്നുള്ള പനി.

  • ശക്തമായ തലവേദന.

  • കഠിനമായ പേശിവേദന.

  • കണ്ണുകൾ ചുവന്നുകാണുക.

  • ഛർദ്ദി, വയറിളക്കം.

രോഗം ഗുരുതരമായാൽ:

  • ചിലരിൽ മഞ്ഞപ്പിത്തം, മൂത്രക്കുറവ്, ശ്വാസതടസ്സം.

കൂടുതൽ ഗുരുതരമായാൽ:

  • വൃക്കയെയും കരളിനെയും ബാധിക്കും, രക്തസ്രാവം ഉണ്ടാവും, ശ്വാസകോശ പ്രശ്നങ്ങൾ- ശ്വാസകോശ രക്തസ്രാവം, എ. ആർ. ഡി. എസ്, തലച്ചോറിനെ ബാധിക്കുന്ന എസെപ്റ്റിക് മെനിൻജയ്റ്റിസ്, എൻകെഫലോപ്പതി, വൃക്കവീക്കം, കരൾവീക്കം തുടങ്ങിയ ഗുരുതര അവസ്ഥയിലേക്ക് രോഗം മാറാം. ഈ ഗുരുതര രോഗത്തെ വീൽസ് ഡിസീസ് എന്ന് പറയുന്നു.

രോഗനിർണ്ണയം എങ്ങനെ?

  • കൃത്യമായ രക്തപരിശോധന- രക്തം, മൂത്രം, കരൾ, വൃക്ക ടെസ്റ്റുകൾ.

  • നിശ്ചിതമായ പരിശോധന: ഐ. ജി.എം., എലിസ- ലെപ്റ്റോസ്‌പൈറ ഐ ജി എം ആന്റിബോഡി (ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പരിശോധന).

  • എം എ ടി -മൈക്രോ സ്കോപ്പിക്ക് ആഗ്ഗ്‌ളൂട്ടിനേഷൻ ടെസ്റ്റ്‌ (ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റ്).

  • പി സി ആർ ടെസ്റ്റ്‌: ലെപ്റ്റോസ്‌പൈറൽ ഡി എൻ എ പരിശോധന.

  • തലച്ചോറിനെ ബാധിച്ചിട്ടുണ്ട് എന്ന സംശയം ഉണ്ടെങ്കിൽ -തലച്ചോറിലെ സ്രവ പരിശോധന.

എന്താണ് ചികിത്സ?

  • അടിയന്തര ചികിത്സ ആവശ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകൾ എടുക്കേണ്ടതാണ്. ഡോക്സി സൈക്ലിൻ / പെനിസില്ലിൻ /സെഫ്ട്രയക്സോൺ തുടങ്ങിയ മരുന്നുകൾ രോഗിയുടെ അവസ്ഥയും രോഗത്തെയും അനുസരിച്ച് ഡോക്ടർ നിർദ്ദേശിക്കും. ഗുരുതരാവസ്ഥയിൽ പോവുകയാണെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സ വേണ്ടിവരും. ശരീരത്തിൽ മതിയായ ജലാംശം നിലനിർത്തൽ അത്യാവശ്യമാണ്.

  • തുടക്കത്തിൽ തന്നെ ഡോക്ടറുടെ അടുത്ത് പോയി വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

  • സംശയലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ തന്നെ ആശുപത്രിയിൽ പോകണം. ഇത് രോഗം കൂടുതൽ സങ്കീർണ്ണതയിലേക്ക് പോകുന്നതിനെ തടയുവാൻ സഹായിക്കും.

ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

  • വെള്ളക്കെട്ടിലോ ചളിയിലോ ഇറങ്ങുമ്പോൾ ബൂട്ടും കൈയുറകളും ധരിക്കുക, ശരീരത്തിൽ മുറിവുണ്ടെങ്കിൽ വെള്ളത്തിലിറങ്ങരുത്, എലികളെ നിയന്ത്രിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, അപകടസാധ്യതയുള്ളവർക്ക് (കർഷകർ, ശുചീകരണ തൊഴിലാളികൾ) ഡോക്ടർ നിർദേശിച്ച പ്രതിരോധമരുന്നുകൾ-ഡോക്സിസൈക്ലിൻ എടുക്കുക, രോഗ ലക്ഷണങ്ങൾ തോന്നുകയാണെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.

കേരളത്തിലെ എലിപ്പനിയുടെ
ഏറ്റവും പുതിയ സ്ഥിതിവിവരങ്ങൾ:

  • 2025 ജനു 1 – ഡിസംബർ 5, 2025: 3,259 സ്ഥിരീകരിച്ച കേസുകൾ റിപ്പോര്‍ട്ട് ചെയ്തു.

  • 209 മരണം, ഇത് ഏറ്റവും ഉയർന്നതാണെന്ന് റിപ്പോർട്ടുണ്ട്.

  • മൂന്നു പ്രധാന ജില്ലകൾ:
    തിരുവനന്തപുരം: 583 കേസുകൾ.
    എറണാകുളം: 492.
    തൃശ്ശൂർ: 340.

  • മൺസൂൺ കാലത്താണ് ഉയർന്ന വ്യാപനം ഉണ്ടായത്.

  • 2024 (മൺസൂൺ & വർഷം മുഴുവൻ): 2024-ൽ കേരളത്തിൽ ഏകദേശം 1,936 സ്ഥിരീകരിച്ച കേസുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആ സമയത്ത് 121 മരണം റിപ്പോർട്ട് ചെയ്തു.

  • എലിപ്പനി കേസുകൾ വര്‍ഷങ്ങളായി മൺസൂൺ കാലത്ത് കൂടുതലാണ്. നിരീക്ഷണവും രോഗനിർണയവും മെച്ചപ്പെട്ടതോടെ കേസുകൾ കൂടുതലായി കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നുണ്ട്.

  • ആരോഗ്യ വിദഗ്ദ്ധർ മൺസൂണിനു മുൻപ് പ്രതിരോധ മരുന്നുകൾ (ഡോക്സിസൈക്ലിൻ) ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, പ്രത്യേകിച്ച് കൈതച്ചക്ക കർഷകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് നിശ്ചയമായും നൽകണം.

സീസണൽ പശ്ചാത്തലം

കേരളത്തിൽ മൺസൂൺ കാലത്തുണ്ടാകുന്ന (ജൂൺ –ഒക്ടോബർ) വെള്ളക്കെട്ടും വെള്ളനിരപ്പ് ഉയരുന്നതും മൂലം എലിപ്പനി കേസുകൾ കൂടുതലാണ്. മറ്റു കാലങ്ങളിലും വിപുലമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഏറ്റവും ശക്തമായി വരുന്നത് മൺസൂണിനുശേഷമാണ്.

എലിപ്പനിയെ കുറിച്ച് ശരിയായി മനസ്സിലാക്കി പ്രതിരോധമാർഗങ്ങൾ ഉറപ്പുവരുത്തി രോഗത്തെ ചെറുക്കുക. അസുഖം വന്നാൽ എത്രയും പെട്ടെന്ന് വിദഗ്ധ ഡോക്ടറുടെ അടുത്തുപോയി ചികിൽസിച്ചു ഭേദമാക്കുക. പെട്ടെന്ന് ശരിയായ ചികിത്സ എടുത്ത് രോഗം സങ്കീർണതയിലേക്ക് പോകാതെയിരിക്കാൻ ശ്രദ്ധിക്കുക. പ്രതിരോധമാണ് ചികിത്സയെക്കാൾ നിശ്ചയമായും നല്ലത്.

READ: വേനൽക്കാല
ചർമ്മരോഗങ്ങൾ

മകന്റെ
ഹെർണിയയ്ക്കു കാരണം
നവവധു!

പുകവലി
നൂറു തവണ
നിർത്തരുത്

ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments