“Medical theories always represent one aspect of the general civilization of a period”
- Henry E Sigerist (A History of Medicine)
ചരിത്രാതീതകാലം മുതൽക്കേ മനുഷ്യസമൂഹങ്ങളിൽ ചികിത്സ നിലനിന്നിരുന്നു. രോഗങ്ങളും ദുരിതങ്ങളുമെല്ലാം ദൈവകോപമായാണ് കരുതിപ്പോന്നിരുന്നത്. ഒരു വ്യക്തി രോഗിയായി മാറുന്നത് ദുരാത്മാക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമോ ഈശ്വരശിക്ഷയോ ആണെന്ന വിശ്വാസം സ്ഥലകാലാതീതമാണ്. സ്വാഭാവികമായും ചികിത്സ മായാജാല -മതാചാര (Magico- Religious)ചടങ്ങുകളിലേക്ക് ഒതുക്കപ്പെട്ടു. ദേവ പ്രീതിക്കായുള്ള പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ബലികളും ചികിത്സയായി മാറി. ശിലായുധങ്ങൾ ഉപയോഗിച്ച് ചേലാകർമ്മങ്ങളും അംഗവിഛേദങ്ങളും തലയോട്ടി തുളക്കലും (Trepanation) മറ്റും നടത്തിയിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മതവും വിശ്വാസവും മാജിക്കും മന്ത്രവാദവുമെല്ലാം ചേർന്നതാണ് അയ്യായിരം കൊല്ലം മുമ്പുണ്ടായിരുന്ന ചികിത്സാവിധികൾ. ഭൂമുഖത്തെ സകല മനുഷ്യവാസ പ്രദേശങ്ങളിലും ഇത്തരം ചികിത്സാ രീതികൾ നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. അത്തരം പ്രകൃത രോഗനിദാന സങ്കൽപനങ്ങളും വിശ്വാസചികിത്സകളും വലിയ മാറ്റങ്ങളില്ലാതെ ഇന്നും നിലനിൽക്കുന്നു എന്നത് ഏറെ അത്ഭുതാവഹമാണ്.
വൈദ്യചരിത്രകാരൻ ഹെൻറി സിജറിസ്റ്റിന്റെ അഭിപ്രായത്തിൽ സർവ്വ പ്രാചീന സംസ്കൃതികളും അവരവരുടേതായ ചികിത്സാസമ്പ്രദായങ്ങൾക്ക് രൂപം നൽകിയിരുന്നു. അതുകൊണ്ടു തന്നെ വൈദ്യചരിത്രമെന്നത് സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ഓരോ പ്രാക്തനവൈദ്യവും പിറവി കൊണ്ട കാലഘട്ടത്തിലെ പൊതു സംസ്കാരത്തിന്റെ തനതു വശത്തെയാണ് പ്രതിനിധീകരിക്കുന്നത്. 50,000 വർഷം പഴക്കമുള്ള, മനുഷ്യവാസം സ്ഥിരീകരിച്ചിട്ടുള്ള ഗുഹാന്തർഭാഗത്തു നിന്ന് പ്രാകൃത ചികിത്സാശേഷിപ്പുകളും ഔഷധിയുടെ സാന്നിധ്യവും ലഭിച്ചിട്ടുണ്ട്. നിയാണ്ടർത്താൽ മനുഷ്യർക്കും അവരുടേതായ രോഗശമന മാർഗ്ഗങ്ങളുണ്ടായിരുന്നുവത്രെ. പ്രാക്തന മതരൂപങ്ങൾ മുതൽ തുലോം ആധുനികമായ സംഘടിത മതങ്ങൾ വരെ ദൈവങ്ങളേയും പുരോഹിതരേയും ഷാമനുകളേയും രോഗങ്ങളും ചികിത്സയുമായി ബന്ധിപ്പിച്ചു.
ബി.സി 3000 മുതൽ എ.ഡി 500 വരെ നീണ്ടു നിൽക്കുന്ന ക്ലാസിക്കൽ കാലഘട്ടത്തിലെ വൈദ്യങ്ങളാണ് പ്രാചീന വൈദ്യങ്ങൾ. മതം, പ്രകൃതി എന്നിവയോടൊപ്പം മനുഷ്യശരീരത്തിൽ ചുറ്റിക്കറങ്ങുന്ന ദ്രവങ്ങളും (Humors) ഉർജ്ജങ്ങളും (Vital energy) എന്ന സങ്കൽപനങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ടാണ് രോഗങ്ങളേയും ചികിത്സകളേയും വിവരിക്കുന്നത്. വ്യത്യസ്ത നദീതട സംസ്കാരങ്ങൾ വ്യത്യസ്ത മെഡിസിനുകൾക്ക് രൂപം കൊടുത്തെങ്കിലും അവയുടെ ദാർശനികവും കാൽപനികവുമായ അന്തർധാരകൾ സമാനമായിരുന്നു. അലൗകികവും പ്രാകൃതികവുമായ വിശ്വാസങ്ങളുടെ അടിത്തറയിലാണ് മെസോപൊട്ടേമിയൻ മെഡിസിൻ വിഭാവനം ചെയ്തിരിക്കുന്നത്.

സുമേരിയക്കാരുടെ വൈദ്യമാണ് സുമേരിയൻ മെഡിസിൻ. സുമേരിയൻ സംസ്കാരത്തിന്റെ പതനത്തോടെ ഉയർന്നു വന്ന ബാബിലോണിയൻ സംസ്കാരം ബാബിലോണിയൻ മെഡിസിനു തുടക്കം കുറിച്ചു.പ്രാചീന ഈജിപ്ഷ്യൻ സിവിലിസേഷന്റെ വൈദ്യമാണ് ഈജിപ്ഷ്യൻ മെഡിസിൻ. ഏകദേശം 3150 ബി.സി യിൽ സമാരംഭിച്ച ഈ പൗരാണിക വൈദ്യ സമ്പ്രദായം അലക്സാണ്ടർ ചക്രവർത്തി ഈജിപ്തിനെ കീഴടക്കുന്ന കാലം (332 BC) വരെ നിലനിന്നു.
പരമ്പരാഗത ചൈനീസ് വൈദ്യം (Traditional Chinese Medicine - TCM) ആരംഭിക്കുന്നത് സൗ രാജവംശത്തിന്റെ (Zhou Dynasty) ഭരണകാലത്താണ്. ചികിത്സകർ ടാവോയിസ്റ്റ് ഫിസിഷ്യൻമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. സർവ്വ തലങ്ങളിലും ഫലിക്കുന്ന കാരക തത്വങ്ങൾ ഓരോ വ്യക്തിയിലും അനുഭവപ്പെടുന്നു എന്ന പ്രാകൃത ചൈനീസ് വിശ്വാസമാണ് അടിസ്ഥാനം. യിൻ (yin) എന്ന നെഗറ്റീവ് സ്ത്രീ മൂലതത്വവും യാംഗ് (yang) എന്ന പോസിറ്റീവ് പുരുഷമൂലതത്വവും ഓരോവ്യക്തിയിലും കുടികൊള്ളുന്നു. ഈ എതിർ ശക്തികളുടെ സന്തുലനമാണത്രേ ആരോഗ്യം. അസന്തുലനം രോഗാവസ്ഥയും. മരുന്നുകളായി ഹെർബുകളും ജന്തുക്കളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങളും ഉപയോഗിച്ചുവരുന്നു. കൂടാതെ അക്യൂപംക്ചറും ഹൈഡ്രോ തെറാപ്പിയും മസ്സാജും ചൈനീസ് പാരമ്പര്യ ചികിത്സയുടെ ഭാഗമാണ്. ശാസ്ത്രലോകം ആവർത്തിച്ച് TCM-നെ വിപുലമായ പരീക്ഷണ- നിരീക്ഷണ ഗവേഷണ പഠനങ്ങൾക്ക് വിധേയമാക്കുകയുണ്ടായി. അവസാനം 2007-ലെ വിഖ്യാതമായ ‘നേച്ചർ’ ജേണലിന്റെ എഡിറ്റോറിയലിൽ TCM-ന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ലേഖനമെഴുതി. 2008-ലെ ‘നേച്ചർ’ റിവ്യൂയിൽ TCM-ൽ വിവരിക്കുന്ന ‘qi’, ‘yin- yang‘, അക്യൂപംക്ചർ പോയിൻ്റ്സ്, മരുന്നുകൾ എന്നിവക്ക് ഒരു സയൻ്റിഫിക് പ്രൂഫും കണ്ടെത്താനായില്ല എന്നും അടിസ്ഥാനപരമായി തന്നെ തെറ്റായ വ്യാജവൈദ്യമാണ് ഇതെന്നും അടിവരയിടുകയുണ്ടായി.
ചൈനീസ് വൈദ്യത്തിന്റെ അവിഭാജ്യഘടകമായ അക്യൂപംക്ചർ ഒരു സ്വതന്ത്ര സമാന്തര ചികിത്സയായി രാഷ്ട്രത്തിന്റെ അതിർവരമ്പുകളെ ഭേദിച്ച് ഇന്ത്യയടക്കം പല അന്യരാജ്യങ്ങളിലേക്കും കുടിയേറുകയും അവിടങ്ങളിൽ പ്രചുരപ്രചാരം നേടുകയും ചെയ്യുന്നത് അടുത്ത കാലത്താണ്. കഴിഞ്ഞ ഏപ്രിൽ മാസം മലപ്പുറം ജില്ലയിൽ അസ്മ എന്ന ഒരു 35 വയസ്സുകാരി പ്രസവാനന്തരമുണ്ടായ അമിത രക്തസ്രാവം മൂലം ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് ആരോഗ്യ വകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ അക്യൂപംക്ചർ എന്ന അശാസ്ത്രീയ ചികിത്സയിലേക്ക് തിരിയാനുണ്ടായ കാരണം. ഈ ചികിത്സാ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും പൊതുസമൂഹം മോചിതമാകുന്നതിനു മുമ്പാണ് കോട്ടക്കലിൽ അക്യൂപംക്ചർ പ്രസവത്തിലൂടെ പിറന്ന കുഞ്ഞിന് ഗൗരവമായ മഞ്ഞപിത്ത രോഗം പിടിപെട്ടപ്പോൾ മാതാപിതാക്കൾ അക്യൂപംക്ചർ ചികിത്സ നൽകി കൊന്നത്!
ആരോഗ്യ പ്രവർത്തകരുടെ നിതാന്ത പ്രവർത്തനങ്ങൾ മൂലമാണ് കേരള മോഡൽ ഉന്നത ആരോഗ്യ നിലവാരം നമുക്ക് ആർജ്ജിക്കാനായത്. മാതൃമരണനിരക്ക് മധ്യപ്രദേശിൽ 159- ഉം, ഉത്തർപ്രദേശിൽ 141- ഉം ആയിരിക്കേ കേരളത്തിൽ 18 മാത്രമാണ്. എന്നാൽ നമ്മുടെ നാടിനെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന പ്രവണതകൾക്ക് വിശ്വാസത്തിന്റെ പേരിലും വിശ്വാസചികിത്സകളുടെ പേരിലും ശക്തമായ വേരോട്ടം കിട്ടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത കാണാതെ പോവരുത്. പ്രവചനാതീത സങ്കീർണതാ സാധ്യതകൾ കാരണം ഒരൊറ്റ പ്രസവവും ആശുപത്രിയിൽ വെച്ചല്ലാതെ നടക്കരുത് എന്നതാണ് ആഗോള ആരോഗ്യനയം. എന്നാൽ ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കകം കേരളത്തിൽ 2391 വീട്ടുപ്രസവങ്ങൾ നടന്നിരിക്കുന്നു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിൽ 1337 എണ്ണവും നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 2024- ൽ മാത്രം ഹോം ഡെലിവറി 18 അമ്മമാരെയും 5 നവജാത ശിശുക്കളേയും കാലപുരിക്കയച്ചു. ചില തീവ്ര മതഗ്രൂപ്പുകൾ സോഷ്യൽ മീഡിയ വഴി ഗൃഹപ്രസവത്തെ മഹത്വവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. സങ്കുചിത മതവിശ്വാസങ്ങളുടെ കൂടപ്പിറപ്പുകളാണ് അക്യൂപംക്ചർ പോലുള്ള അശാസ്ത്രീയ ചികിത്സകൾ. മൂന്നു മാസവും ആറു മാസവുമൊക്കെ പഠിച്ച് വിദഗ്ദ്ധ ഡോക്ടർമാരായി പ്രാക്ടീസ് നടത്തുന്ന അക്യൂപംക്ചർ ‘സ്പെഷ്യലിസ്റ്റുകൾ’ മലപ്പുറം ജില്ലയിൽ വ്യാപകമാണ്. നാലും അഞ്ചും കൊല്ലം ഈ അശാസ്ത്രീയത പഠിച്ചവരെന്ന് അവകാശപ്പെടുന്ന ചിലർ ഇപ്പോൾ ഇവർക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. മണ്ടത്തരം എത്ര കാലം പഠിച്ചാലും എന്താണ് വ്യത്യാസം?

ഭാരതീയ പാരമ്പര്യചികിത്സയായ ആയുർവേദത്തിന്റെ വേരുകൾ അഥർവ്വ വേദത്തിലാണ് (1200 BC-900 BC.) ഭൂത- പ്രേത- പിശാചു ബാധകൾക്കെതിരായും, സ്നേഹ വർദ്ധനവിനും സുഖപ്രസവത്തിനും യുദ്ധ വിജയത്തിനും കച്ചവടം - ചൂത് വിജയത്തിനുമായുള്ള മന്ത്രോച്ചാരണങ്ങളും വശീകരണവിദ്യകളും ഈ നാലാം വേദത്തിൽ വിവരിക്കുന്നുണ്ട്. രോഗചികിത്സക്കായുള്ള വിവിധ മന്ത്രതന്ത്ര വിധികളെ കുറിച്ചും ചില ഔഷധികളെ കുറിച്ചുമുള്ള വിവരണങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. ബി.സി. ആറാം നൂറ്റാണ്ടു മുതലാണ് ആയുർവേദത്തിന് സുസംഘടിത രൂപം കൈവരുന്നത്. ചരകൻ രചിച്ച ചരകസംഹിതയും സുശ്രുതൻ രചിച്ച സുശ്രുതസംഹിതയും ബുദ്ധ സന്യാസിയായ വാഗ്ഭടൻ ക്രോഡീകരിച്ച അഷ്ടാംഗ ഹൃദയവുമാണ് ഈ പ്രാചീന ഭാരതീയ ചികിത്സയുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ. ധന്വന്തരി മൂർത്തിയാണ് ദേവൻമാരുടെ ചികിത്സയായ ആര്യവൈദ്യത്തിന്റെ ദൈവം. സാങ്കൽപികമായ വാത- പിത്ത- കഫ ദോ' ഷ’ങ്ങളുടെ അസന്തുലനമാണ് രോഗങ്ങൾ എന്നതാണ് അടിസ്ഥാന വിശ്വാസം. ആയുർവേദത്തിനു സമാനമായി തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള മറ്റൊരു പ്രാകൃത ചികിത്സയാണ് സിദ്ധ.
അടിസ്ഥാന ആശയപരമായും ഘടനാപരമായും ആയുർവേദത്തിന്റെ ഇരട്ട സോദരനാണ് പ്രാചീന ഗ്രീക്ക് വൈദ്യം. ധന്വന്തരിക്ക് തുല്യനായി അപ്പോളോ ദേവന്റെ മകനായ എസ്ക്ലിപിയസ് ആണ് ഗ്രീക്ക് മെഡിസിന്റെ ഹീലിംഗ് ഗോഡ്. രോഗങ്ങൾ ദൈവിക ശിക്ഷയും രോഗശമനം ദൈവത്തിന്റെ വരദാനവും (വ്രണപ്പെടുത്തി സുഖപ്പെടുത്തുന്നവൻ ദൈവം!) ആണത്രെ. ത്രിദോഷങ്ങൾക്ക് സമാനമായി നാലു ഹ്യൂമറുകളാണ് (Theory of Humors) - രക്തം, കഫം, മഞ്ഞപ്പിത്തം, കറുപ്പ് പിത്തം - ഈ വൈദ്യം മുന്നോട്ടുവെക്കുന്നത്. ഇവയുടെ അസന്തുലനമാണത്രെ രോഗങ്ങൾ.
മഹാനായ ഗ്രീക്ക് വൈദ്യൻ ഹിപ്പോക്രാറ്റസ് (460-370 ബി.സി) മാജിക്കിനേയും മന്ത്രവാദത്തേയും എതിർത്തുകൊണ്ട് രോഗകാരണങ്ങൾ ദൈവികമല്ല, ഭൗതികമാണ് എന്ന വിപ്ലവകരമായ ആശയം മുന്നോട്ടുവെച്ചു. ഇക്കാരണത്താലാണ് അദ്ദേഹം ഫാദർ ഓഫ് മെഡിസിൻ ആയി ഇന്നും ആദരിക്കപ്പെടുന്നത്. ഗ്രീക്ക് മെഡിസിന് ശക്തമായ അടിത്തറ പാകുകയും അടിസ്ഥാന ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തത് ഗാലൻ ഓഫ് പെർഗമോൺ (130 - 205 എ.ഡി) ആണ്. അഞ്ഞൂറോളം വൈദ്യ സംഹിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗാലന്റെ സ്വാധീനം 19-ാം നൂറ്റാണ്ടോളം പാശ്ചാത്യ വൈദ്യത്തെ കീഴടക്കി. അതുകൊണ്ടു തന്നെ 'മെഡിക്കൽ ഡിറ്റാക്ടർ’ എന്ന ഇരട്ടപ്പേര് ഗാലൻ സ്വന്തമാക്കിയിട്ടുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഗ്രീസിനെ കീഴടക്കിയ റോമൻ സാമ്രാജ്യം ഗ്രീക്ക് മെഡിസിനേയും സ്വന്തമാക്കി.
കച്ചവടത്തിനായി വന്ന അറബികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഗ്രീക്ക് വൈദ്യത്തിന്റെ രൂപാന്തരമാണ് യൂനാനി. ഉമ്മയത്ത് ഖലീഫേറ്റിന്റെ (661- 750 എ.ഡി.) കാലത്ത് ആരംഭം കുറിക്കുകയും ഹാറൂൺ അൽ റഷീദിന്റെ കാലത്ത് വികസിക്കുകയും ചെയ്ത അറേബിയൻ വൈദ്യമാണ് ഇസ്ലാമിക് മെഡിസിൻ. ഇന്ത്യൻ, പേർഷ്യൻ, ഗ്രീക്ക്, റോമൻ, ബൈസാൻ്റിൻ വൈദ്യങ്ങളുടെ ഒരു അവിയൽ വിഭവമാണിത്. ഇസ്ലാമിക് മെഡിസിലെ പ്രമുഖനായ അവിസെന്ന ഹ്യൂമറിസത്തെ ചോദ്യം ചെയ്യുകയും കാനോൻ ഓഫ് മെഡിസിൻ അടക്കം 40 ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ചികിത്സകർ മതപുരോഹിതരായിരുന്നു.
എ.ഡി 500 മുതൽ 1500 വരെയുള്ള കാലഘട്ടം വൈദ്യചരിത്രത്തിലെ ഇരുണ്ട യുഗമാണ് (Dark Age of Medicine). യൂറോപ്പ് ഇരുണ്ട കാലത്തിലൂടെ കടന്നു പോവുമ്പോൾ അറബികളാണ് മുന്നോട്ടു കുതിച്ചത്. ഗ്രീക്കോ - റോമൻ വൈദ്യഗ്രന്ഥങ്ങൾ അവർ അറബിയിലേക്ക് മൊഴിമാറ്റി സംരക്ഷിച്ചു. രാഷ്ട്രീയവും വിശ്വാസപരവുമായ കാരണങ്ങളാൽ അഖണ്ഡഭാരതവും പ്രാകൃതവിശ്വാസങ്ങളുടെ ഇരുണ്ട യുഗത്തിൽ ഘനീഭവിച്ചു. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് പിറവി കൊണ്ട ആയുർവേദം ഒരടി പോലും മുന്നോട്ടുവെച്ചില്ല.

18-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് (1796) പ്രാചീന പാശ്ചാത്യ വൈദ്യചികിത്സകനായ സാമുവൽ ഹാനിമാന്റെ മനോമുകുരത്തിൽ യാദൃച്ഛികമായി പൊട്ടിമുളച്ചതാണ് ഹോമിയോപ്പതി എന്ന ആശയം. ‘മെറ്റീരിയ മെഡിക്ക’ എന്ന ഔഷധ വിജ്ഞാനീയഗ്രന്ഥം മാതൃഭാഷയായ ജർമ്മനിലേക്ക് തർജ്ജമ ചെയ്യുമ്പോൾ, അന്ന് മലമ്പനിക്ക് ഉപയോഗിച്ചിരുന്ന സിങ്കോണ എന്ന സസ്യഭാഗം അദ്ദേഹം വെറുതെ വായിലിട്ട് ചവച്ചു. അതിന്റെ പാർശ്വഫലമായി വിറയൽ അനുഭവപ്പെട്ടു. മലമ്പനി രോഗികൾക്ക് പനിയോടു കൂടി വിറയൽ അനുഭവപ്പെടാറുണ്ടല്ലൊ. ഒരു പദാർത്ഥം ആരോഗ്യമുള്ള വ്യക്തി കഴിക്കുമ്പോൾ ഒരു രോഗത്തിന്റെ ലക്ഷണം കാണിക്കുകയാണെങ്കിൽ ആ പദാർത്ഥം ആ രോഗത്തിനുള്ള ചികിത്സയാണ് എന്ന വിചിത്രചിന്ത അദ്ദേഹത്തിനുണ്ടായി. ഈ മിഥ്യാധാരണയിൽ നിന്നാണ് 'സമാനം സമാനത്തിന് ചികിത്സ’ (Similia Similibus Curentur) എന്ന പ്രഥമ ഹോമിയോപ്പതി (സമാന ചികിത്സ) തത്വം അദ്ദേഹം കണ്ടെത്തുന്നത്. എന്നാൽ തന്റെ പുതിയ വൈദ്യത്തിലൂടെ ചികിത്സിച്ച രോഗികളിൽ തീവ്രമായ പാർശ്വഫലങ്ങൾ മാത്രമാണ് കണ്ടത്. ഇതിനെ മറികടക്കാൻ പദാർത്ഥങ്ങളെ ആവർത്തിച്ചു നേർപ്പിക്കാൻ തുടങ്ങി. അങ്ങനെ നേർപ്പിക്കും തോറും ഔഷധവീര്യം വർദ്ധിക്കുന്നു (Dilution increases Potency) എന്ന രണ്ടാം തത്വവും മുന്നോട്ടു വെച്ചു. അനന്തമായി നേർപ്പിച്ചതിനുശേഷം ഔഷധമായി ഉപയോഗിക്കുന്ന പദാർത്ഥത്തിൽ അടിസ്ഥാന ‘മരുന്നിന്റെ‘ ഒരു തന്മാത്ര പോലും കാണില്ല. ഈ ശാസ്ത്രീയ ആരോപണത്തെ ചെറുക്കാനായി വാട്ടർ മെമ്മറി, മോളിക്യുലാർ മിമിക്രി തുടങ്ങിയ പരിഹാസ്യ ആശയങ്ങളുമായാണ് ഹോമിയോപ്പതിക്കാർ ഇപ്പോൾ മുന്നോട്ടു വരുന്നത്.
ഗ്രീക്ക് മെഡിസിൻ തന്നെയായ പ്രാചീന പാശ്ചാത്യവൈദ്യത്തിലെ മുഖ്യ ചികിത്സ രക്തമോക്ഷമാണ്. (ആയുർവേദ പഞ്ചകർമ്മ ചികിത്സയിലെ ഒരു കർമ്മവും ഇതാണ്) ഈ പ്രാകൃത പ്രയോഗം മൂലം പല രോഗികളും വേഗത്തിൽ മരണമടയുന്നതു കണ്ട് ആ ചികിത്സാരീതിയെ അപഹസിച്ച് വിളിച്ച പേരാണ് 'അലോപ്പതി’ (Allopathy- others suffering) എന്നത്. മോഡേൺ മെഡിസിന്റെ ശിരസ്സിൽ ചാർത്തപ്പെട്ട ആ അപഹാസ്യ നാമം ഇന്ന് ഏറെ ചേരുന്നത് ആയുർവേദത്തിനായിരിക്കും.
ഒരു പരമ്പരാഗത ചികിത്സാമാർഗ്ഗം എന്ന നിലയിൽ പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുള്ള മറ്റൊരു വിശ്വാസ ചികിത്സയാണ് നാച്ചുറോപ്പതി അഥവാ പ്രകൃതിചികിത്സ. എങ്കിലും ഒരു ബദൽ ചികിത്സാ രൂപം എന്ന നിലയിൽ ആധികാരിക അംഗീകാരവും നിയന്ത്രണവും രജിസ്ട്രേഷനുമുള്ളത് ഇന്ത്യയിലും അമേരിക്കയിലും കാനഡയിലും മാത്രമത്രെ. 19-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട നാച്ചുറൽ ക്യൂർ മൂവ്മെൻ്റിൽ ആണ് ഇതിന്റെ വേരുകൾ. 1895-ൽ ജോൺ ഷീൽ ആണ് നാച്ചുറോപ്പതി എന്ന നാമം രൂപകൽപന ചെയ്തത്. ആ ബ്രാൻഡ് നാമം യു.എസ് നാച്ചുറോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്ന ബെനഡിക്റ്റ് ലസ്റ്റ് വിലക്കു വാങ്ങുകയായിരുന്നു. അദ്ദേഹം സെബാസ്റ്റ്യൻ നീപ്പ് (Sebastian Kneipp) എന്ന പാതിരി നടത്തിയിരുന്ന സ്കൂൾ ഓഫ് ഹൈഡ്രോ തെറാപ്പി ആൻ്റ് അതർ നാച്ചുറൽ ഹെൽത്ത് പ്രാക്റ്റീസസ് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. പിന്നീട് അദ്ദേഹം അമേരിക്കൻ സ്കൂൾ ഓഫ് നാച്ചുറോപ്പതി ന്യൂയോർക്കിൽ സ്ഥാപിച്ചു. അദ്ദേഹം മനുഷ്യശരീരത്തെ പ്രാപഞ്ചിക ശക്തികളെ ആശ്രയിച്ചുള്ള ആത്മീയവും അതിജൈവീകവുമായ (vitalistic) മാതൃകയായി വിഭാവനം ചെയ്തു. 1960-നു ശേഷം മോഡേൺ മെഡിസിനിൽ സംഭവിച്ച ശാസ്ത്രീയമായ കുതിച്ചു ചാട്ടം നാച്ചുറോപ്പതിയെ നാശോന്മുഖമാക്കിയെങ്കിലും 1970-കളിൽ യു.എസിലും കാനഡയിലും രൂപം കൊണ്ട ഹോളിസ്റ്റിക് ഹെൽത്ത് മൂവ്മെന്റിന്റെ സ്വാധീനത്താൽ മുഖ്യധാരാ ശാസ്ത്രീയ വൈദ്യത്തിനു പുറത്തുള്ള ബദൽ മാർഗ്ഗങ്ങളിലുള്ള താൽപര്യം പുതുക്കപ്പെട്ടു. അങ്ങനെ ജലചികിത്സ, സൂര്യചികിത്സ, മണ്ണു ചികിത്സ എന്നിവക്കൊപ്പം ഹെർബലിസം,അക്യുപക്ചർ, ഹോമിയോപ്പതി, മെഡിറ്റേഷൻ, ഉപവാസം തുടങ്ങിയവയെല്ലാം പ്രകൃതിചികിത്സയുടെ ഭാഗമായി.

മോഡേൺ മെഡിസിനെതിരായ അപവാദ പ്രചാരണവും (മരുന്നു മാഫിയ, വാക്സിൻ മാഫിയ തുടങ്ങിയ ആരോപണങ്ങൾ), വാക്സിൻ വിരുദ്ധതയും, കീമോഫോബിയയും ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കലും പ്രചരിപ്പിക്കലും, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ചമക്കലുമൊക്കെയാണ് സ്വയം ഡോക്ടർ എന്ന് സംബോധന ചെയ്യുന്ന ഇക്കൂട്ടരുടെ മുഖ്യ പബ്ലിസിറ്റി പരിപാടികൾ.
അനാരോഗ്യകരമായ അന്തരീക്ഷത്തോടും സാഹചര്യങ്ങളോടുമുള്ള ശരീരത്തിന്റെ പ്രതികരണമാണ് അസുഖം. എല്ലാ രോഗ ലക്ഷണങ്ങളും മരണത്തിൽ നിന്നും രക്ഷിക്കാനുള്ള ശരീരത്തിന്റെ തന്നെ തന്ത്രങ്ങളാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ നല്ലതാണ്. കാൻസർപോലും വരുന്നത് കൊല്ലാനല്ല, രക്ഷിക്കാനാണ്. ശരീരമാലിന്യങ്ങൾ, വിശേഷിച്ചും രാസമാലിന്യങ്ങൾ ജീവനെ നശിപ്പിക്കാതിരിക്കാൻ ശരീരത്തിന്റെ വിസർജ്ജന വ്യവസ്ഥ എല്ലാ മാർഗ്ഗങ്ങളും തേടും. മുഴകൾ അതിന്റെ ഭാഗമാണ്. മാലിഗ്നൻസി സിദ്ധാന്തവും അണുബാധാ സിദ്ധാന്തവും പ്രകൃതിചികിത്സകർ അംഗീകരിക്കുന്നില്ല. പ്രകൃതിചികിത്സകരുടെ ഇത്തരം മാരക വിശ്വാസങ്ങൾ കുറച്ചു വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ 24 കാരിയായ നിർമ്മല എന്ന പിഎച്ച്.ഡി വിദ്യാർത്ഥിനിയെ ക്രൂരമായി കൊലചെയ്ത സംഭവം ആരും മറന്നുകാണില്ല. ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ച് സർജറിക്ക് കാത്തിരുന്ന ആ പെൺകുട്ടിയെ അവരുടെ ക്രൂരമായ പരീക്ഷണത്തിന് വിധേയമാക്കുകയായിരുന്നു. ശരീരമാസകലം മണ്ണുപുരട്ടുകയും കഴുത്തുവരെ മണ്ണിൽ കുഴിച്ചിടുകയും കുമ്പളങ്ങ ജൂസ് മാത്രം കുടിക്കാൻ കൊടുക്കുയും ചെയ്തുകൊണ്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. ബ്രെസ്റ്റ് കാൻസർ വളർന്ന് വികസിച്ച് പൊട്ടി വ്രണമായി പുഴുക്കൾ നിറഞ്ഞപ്പോൾ അത് ആയിരം കണ്ണിയാണെന്നും ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറത്തു വരുന്നതാന്നെന്നും പറഞ്ഞ് രോഗിയേയും ബന്ധുക്കളേയും നിശ്ശബ്ദരാക്കുകയായിരുന്നു. അവസാനം പ്രകൃതിചികിത്സ ആ പെൺകുട്ടിയെ അതിക്രൂരമായ ചിത്രവധത്തിന് വിധേയയാക്കി.
15-16 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ സംഭവിച്ച നവോത്ഥാന മുന്നേറ്റങ്ങളാണ് ഇരുണ്ട മദ്ധ്യകാലഘട്ടത്തിൽ നിന്നും ആധുനിക കാലഘട്ടത്തിലേക്ക് ചരിത്രത്തെ കൈപിടിച്ച് ഉയർത്തിയത്. വ്യവസായ വിപ്ലവവും ശാസ്ത്രപുരോഗതിയും യുക്തിചിന്തയും സമസ്ത മേഖലകളിലും പുത്തനുണർവ് പകർന്നു. സയൻസിന്റെയും ടെക്നോളജിയുടേയും വളർച്ച നിലവിലെ വിശ്വാസ ചികിത്സകളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ വൈദ്യത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പാരാസെൽസസ് (1493 - 1541) പാശ്ചാത്യ വൈദ്യത്തെ പുനരുത്ഥരിച്ചു. ഗാലന്റെയുംഅവിസെന്നയുടെയും ഗ്രന്ഥങ്ങൾ പരസ്യമായി ചുട്ടെരിച്ചു. അന്ധവിശ്വാസങ്ങൾക്കും ഡോഗ്മകൾക്കും എതിരെ പോരാടിയ അദ്ദേഹമാണ് മെഡിസിനെ ശാസ്ത്രീയവും യുക്തിപരവുമായ ഗവേഷണങ്ങളിലേക്ക് നയിക്കുന്നത്. ലീവൻഹോക് 1670- ൽ മൈക്രോസ്കോപ് കണ്ടെത്തിയതോടെയാണ് അതി ബൃഹത്തായ സൂക്ഷമാണുലോകം അനാവരണം ചെയ്യപ്പെടുന്നത്. 1796-ൽ എഡ്വേർഡ് ജെന്നർ ഗോവസൂരി പ്രയോഗം കണ്ടെത്തിയത് ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പൊതുജനാരോഗ്യമെന്ന ആശയത്തിന് ശുഭാരംഭം കുറിച്ച മഹത്തായ ശുചിത്വഉണർവ്വ് 18-ാം നൂറ്റാ ണ്ടിലെ യൂറോപ്പിൽ തന്നെയാണ് സംഭവിക്കുന്നത്. 1873-ൽ ലൂയി പാസ്ചർ സ്വയംഭൂ സിദ്ധാന്തത്തെ നിരാകരിച്ച് വിഖ്യാതമായ അണുബാധാ സിദ്ധാന്തത്തിന് തുടക്കം കുറിക്കുന്നു. 1877-ൽ റോബർട്ട് കോക്ക് ആന്ത്രാക്സ് രോഗത്തിന് കാരണമായ ബാക്ടീരിയയെ തിരിച്ചറിഞ്ഞു. 1882-ൽ ക്ഷയരോഗത്തിന്റെ രോഗാണുവായ ട്യൂബർക്കിൾ ബാസില്ലസിനേയും (Tubercle Bacillus) അദ്ദേഹം കണ്ടെത്തി. അനന്തരം മനുഷ്യരിലും മൃഗങ്ങളിലും രോഗാവസ്ഥകൾ സൃഷ്ടിക്കുന്ന സാംക്രമിക രോഗങ്ങളുടെ സ്രഷ്ടാക്കളായ ബാക്ടീരിയകളും വൈറസുകളും ഫംഗസുകളും പാരസൈറ്റുകളും ഒന്നൊന്നായി മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. വൈറ്റമിനുകളുടേയും മിനറലുകളുടേയും മറ്റു പോഷകങ്ങളുടേയും പ്രാധാന്യം തിരിച്ചറിയപ്പെട്ടു. ഇമ്യൂണോളജിയും പ്രതിരോധ ചികിത്സയും വളർന്നു.
1900-ത്തിനു ശേഷമാണ് യഥാർത്ഥത്തിൽ മോഡേൺ മെഡിസിൻ ശാസ്ത്രീയവും വസ്തു നിഷ്ഠവും യുക്തിഭദ്രവുമായ രൂപം പ്രാപിക്കുകയും ത്വരിതവളർച്ചയുടെ ഗതിവേഗം ആർജ്ജിക്കുകയും ചെയ്യുന്നത്. 1928-ൽ അലക്സാണ്ടർ ഫ്ലെമിംഗ് പെനിസിലിൽ കണ്ടെത്തിയത് ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ സുവർണ നിമിഷമാണ്. 1941-നു ശേഷമാണ് ശുദ്ധീകരിച്ച പെനിസിലിൻ ഔഷധമായി പ്രയോഗിക്കാൻ തുടങ്ങുന്നത്. പെനിസിലിന്റെ കണ്ടെത്തലോടെയാണ് പ്രാക്ടിക്കൽ മോഡേൺ മെഡിസിൻ പിറവിയെടുക്കുന്നത് എന്ന പ്രസ്താവത്തിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. അതിനുശേഷം നിരവധി ആൻ്റിബയോട്ടിക്കുകളും സിന്തറ്റിക്കും സെമിസിന്തെറ്റിക്കുമായ ആൻ്റിമൈക്രോബിയൽ ഏജൻ്റുകളും ശാസ്ത്രലോകം സൃഷ്ട്രിച്ചു. 1941-ൽ ഇൻസുലിൻ വേർതിരിച്ചത് പ്രമേഹരോഗചികിത്സയെ നവീകരിച്ചു. 1955-ലാണ് ജോനസ് സാൾക്സ് പോളിയോ വാക്സിൻ കണ്ടു പിടിക്കുന്നത്. അനസ്തീഷ്യയും സ്റ്റെറൈൽ ടെക്നിക്കുകളും സർജറിയെ സുരക്ഷിതമാക്കി. കാൻസർ ചികിത്സയും മാനസികരോഗചികിത്സയും ബഹുദൂരം മുന്നോട്ടു കുതിച്ചു. വാക്സിനുകൾ പലരോഗങ്ങളും പ്രതിരോധിക്കുന്നതിനും നിർമ്മാർജ്ജനം ചെയ്യുന്നതിനും വരെ ഇടയാക്കി. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രണ വിധേയമായി. ക്യൂറേറ്റീവ് മെഡിസിനും പ്രിവൻ്റീവ് മെഡിസിനും സമാന്തരമായി ഉയരങ്ങൾ കീഴടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം സാമൂഹികാരോഗ്യത്തിന്റെയും ഏകാരോഗ്യത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞിരിക്കുന്നു.
മോഡേൺ മെഡിസിൻ എഞ്ചിനീയറിംഗ് പോലെയോ ഐ.ടി പോലെയോ ഉള്ള ഒരു അപ്ലൈഡ് സയൻസാണ്. സയൻസ് വിശ്വാസത്തിന്റെയോ ഊഹാപോഹങ്ങളുടെയോ അടിത്തറയിലല്ല, ഡാറ്റയുടേയും തെളിവുകളുടേയും ആധാരശിലകളിലാണ് പടുത്തുയർത്തിയിട്ടുളളത്. ഓരോ ഔഷധവും ഓരോ ചികിത്സാ പ്രോട്ടോക്കോളും പതിറ്റാണ്ടുകളുടെ ഗവേഷണ പഠനങ്ങളുടേയും ക്ലിനിക്കൽ ട്രയലുകളുടേയും ഡാറ്റയുടേയും പിൻബലത്താലാണ് ഉരുവം കൊള്ളുന്നത്. മുൻവിധികളില്ലാതെ നിരന്തരം നവീകരിക്കുകയും വളരുകയും ചെയ്യുന്നു. മോഡേൺ മെഡിസിന് തെറ്റിയാൽ അക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും, ആ മരുന്ന് / ചികിത്സ അവിടെ നിർത്തുകയും കൂടുതൽ മെച്ചപ്പെട്ടത് കണ്ടെത്തുകയും ചെയ്യുന്നു. കപടചികിത്സകൾക്ക് തെറ്റിയാൽ കുറ്റം രോഗിയുടേതാണ്, രോഗിയുടെ തെറ്റായ പഥ്യത്തിൻ്റേതാണ്. അതേ ചികിത്സ പുതിയ പേരിൽ പുതിയ പാക്കേജിൽ കച്ചവടം തുടരുന്നു. പഴയ കാലത്ത് രോഗങ്ങളും മഹാമാരികളും വരുമ്പോൾ പ്രാർത്ഥിക്കുക, വ്യാജചികിത്സ നടത്തുക, ചത്തുപോകുക എന്നതു മാത്രമായിരുന്നു കരണീയം.
മോഡേൺ മെഡിസിന്റെ സ്വാധീനം ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളിൽ വ്യാപകമാവുന്നത് 1960-കൾക്കു ശേഷമാണ്. ഇതിനുശേഷമുണ്ടായ ജനപ്പെരുപ്പത്തിന്റെയും ആരോഗ്യ സൂചികകളുടെ കുത്തനെയുള്ള കുതിപ്പിന്റെയും കണക്കുകൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സംഭാവനക്ക് അടിവരയിടും.

1800-ൽ വെറും 100 കോടിയായിരുന്ന ലോകജനസംഖ്യ ഇരട്ടിക്കുന്നത് 127 വർഷങ്ങൾ കൊണ്ടാണ്. 1960-ലെ ആഗോള ജനസംഖ്യ 300 കോടിയായിരുന്നു. 39 കൊല്ലം കൊണ്ട് വീണ്ടും ഇരട്ടിച്ച് 1999-ൽ 600 കോടിയായി ഉയർന്നു. 2024-ൽ ഈ കണക്ക് 800 കോടി (224 കൊല്ലം കൊണ്ട് 8 മടങ്ങ് വർദ്ധന!) കവിഞ്ഞിരിക്കുന്നു. കുടുംബാസൂത്രണ നിയമം നടപ്പിലായതിനു ശേഷമാണ് ഈ ആൾപ്പെരുപ്പം എന്നു കൂടി ഓർക്കണം. 1950-ൽ ഇന്ത്യയിലെ ശരാശരി ആയുർ ദൈർഘ്യം 35 വയസ്സ് മാത്രമായിരുന്നു. (1920-ൽ 21.16 ഉം, 1921-ൽ 25 വയസ്സ്). 2025-ലെ കണക്ക് ഇരട്ടിയിൽ ഏറെയാണ് (70.82 വർഷം) കേരളത്തിന്റെ ആയുസ്സ് 77.32 വയസ്സിലേക്ക് വളർന്നിരിക്കുന്നു.
സയൻസ് സത്യാന്വേഷണമാണ്, സത്യമാണ്. സയൻസിനും സത്യത്തിനും ബദലോ സമാന്തരമോ സാധ്യമല്ല. അനന്തസാധ്യതകളുള്ളത് വിശ്വാസങ്ങൾക്കാണ്. ആയുർവേദിക് ഫിസിക്സോ, ഹോമിയോപ്പതിക് കെമിസ്ട്രിയോ ഇല്ലല്ലോ. ആയുർവേദ കംപ്യൂട്ടറോ, ഹോമിയോ കാറോ ഇല്ലാത്തതു പോലെ. നേർപ്പിക്കും തോറും വീര്യം കൂടും എന്ന ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വത്തെ ഓട്ടോമൈബൈൽ എഞ്ചിനീയറിംഗിൽ പ്രയോഗിക്കുന്നതായി ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ഭൂമുഖത്ത സർവ്വ വാഹനങ്ങളേയും ഓടിക്കാൻ അനന്തമായി നേർപ്പിച്ച ഒരു തുള്ളി പെട്രോൾ മതിയാകും! സയൻസിന്റെയും സാമാന്യബുദ്ധിയുടേയും യുക്തിചിന്തയുടേയും നിലപാടുതറയിൽ നിന്നു വേണം ഇതര ചികിത്സാ രീതികളുടെ പ്രായോഗികതയും പ്രസക്തിയും പരിശോധിക്കാൻ.
ജിപ്മർ പോലുള്ള പ്രീമിയർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ MBBS- ഉം BAMS- ഉം ഒരുമിച്ച് പഠിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തേയും ഈ പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്.
READ: വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ
പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ
ആമാശയ കാൻസറും
ചികിത്സാരീതികളും
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

റഫറൻസ്:
1. A History of Medicine - Henry E. Sigerist.
2. A Text book of Preventive and Social Medicine - J.E. Park & E. Park.
3. Trick or Treatment? Alternative Medicine On Trial - Simon Singh & Edzard Earnst.
4. Pseudoscience and the Paranormal (2nd edn) - Amerst, New York, Prometheue Books, Sampson, Walter.
5. Consumer health :a guide to intelligent decisions- (9th edn) New York, McGrow Hill.
6.Suckers : How Alternative Medicine Makes Fools of Us All - Shapiro Rose (2010).
7. ‘ Alternative Medicine - The risks of untested and unregulated remedies ‘ (1998) - New England Journal of Medicine.
8. ‘On Frenges of Healthcare, Untested Therapies Thrive’- The New York Times, Retrieved December 22, 2015.
