മനുഷ്യജീവിതത്തിലെ ഏറ്റവും സവിശേഷവും, സുപ്രധാനവുമായ കാലഘട്ടമാണ് കൗമാരം. ബാല്യകാലം കഴിഞ്ഞ് പ്രായപൂർത്തിയാകുന്നതിന് ഇടയിലുള്ള ഈ പ്രായം പലപല മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന സമയം കൂടിയാണ്. ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ പല മാറ്റങ്ങൾക്കും ഇടവരുന്ന ഈ പ്രായത്തിൽ ആരോഗ്യ പരിപാലനവും, ആരോഗ്യസംരക്ഷണവും വളരെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ കൗമാരപ്രായത്തിലെ രോഗപ്രതിരോധം എന്നത് അങ്ങേയറ്റം പ്രാധാന്യത്തോടെ സമീപിക്കേണ്ട വിഷയമാണെന്ന കാര്യത്തിൽ തർക്കമില്ല. അക്കാര്യത്തിൽ രക്ഷിതാക്കൾക്ക് മാത്രമല്ല, ആരോഗ്യപ്രദമായ ഒരു നല്ല ഭാവി തലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുമുണ്ട്.
ആരേയാണ് കൗമാരപ്രായക്കാർ എന്ന് വിശേഷിപ്പിക്കുന്നത്? ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ച് 10 മുതൽ 19 വയസ്സ് വരെ പ്രായമുള്ളവരാണ് കൗമാരപ്രായക്കാർ.
എന്തുകൊണ്ട്
കൗമാരപ്രായക്കാർക്ക് കുത്തിവെപ്പ്?
ചെറുപ്രായത്തിലെ കുത്തിവെപ്പുകൊണ്ട് ലഭിക്കുന്ന പ്രതിരോധ സംരക്ഷണം കാലക്രമേണ കുറഞ്ഞുവരാനുള്ള സാധ്യതയുണ്ട് (ഉദാ: വില്ലൻ ചുമ / Whooping cough). ഇതുമൂലം, കുത്തിവെപ്പു കൊണ്ട് തടയാവുന്ന രോഗങ്ങൾ (Vaccine Preventable Diseases) കൗമാരക്കാരിലും, മുതിർന്നവരിലും പകരാനിടയുണ്ട്. കൂടാതെ മറ്റു ചില പ്രധാന കാരണങ്ങളും ഉണ്ട്.
1) രോഗാതുരത ( Morbidity) കൂടുതലുള്ള പകർച്ചാവ്യാധികൾ വരാതെ നോക്കാൻ (ഉദാ: മഞ്ഞപ്പിത്തം / Hepatitis A, ചിക്കൻപോക്സ്).
2) കാലക്രമേണ കുറഞ്ഞുവരുന്ന രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കാൻ. (ഉദാ: ട്രിപ്പിൾ / DPT, അഞ്ചാംപനി / Measles).
3) മുതിർന്നവരിൽ വരാൻ സാധ്യതയുള്ള ചില അർബുദരോഗ പ്രതിരോധം (ഉദാ: ഗർഭാശയ മുഖ കാൻസർ / Ca Cervix of Uterus).
4) അഞ്ചാംപനി നിർമ്മാർജ്ജന പരിപാടി, റുബെല്ലാ നിയന്ത്രണ പരിപാടി, എന്നീ ദേശീയ പദ്ധതികൾ നടത്തേണ്ടതിന്റെ ഭാഗമായി.
5) വിദേശ യാത്ര / പഠനത്തിനായി പോകേണ്ടവർക്ക്.
6) നേരത്തേ എടുക്കാൻ വിട്ടുപോയവർക്ക് കുത്തിവപ്പ് ഡോസുകൾ പൂർത്തീകരിക്കുന്നതിനു വേണ്ടി (Catch up Immunization).
കൗമാരപ്രായക്കാർക്ക് മാത്രമായി നൽകുന്ന വാക്സിനുകളാണ് Tdap/ Td യും, ഗർഭാശയമുഖ കാൻസറിനെതിരായ HPV ( Human Papilloma Virus) വാക്സിനും.

കൗമാര ഗർഭധാരണം
27 - 36 ആഴച സമയത്ത് ഒരു ഡോസ് Tdap കൊടുത്തിരിക്കണം.
മുറിവു പറ്റിയാൽ
T T ( Tetanus Toxoid) വാക്സിൻ എടുത്തിട്ട് 5 വർഷത്തിലധികം ആയിട്ടുണ്ടെങ്കിൽ, ഒരു ഡോസ് Tdap. (അഴുക്കു പുരളാത്ത മുറിവാണെങ്കിൽ 10 വർഷത്തിലധികം).
ദേശീയ കുടുംബാരോഗ്യ സർവേ (National Family Health Survey - NFHS-5, 2019- 2020) പ്രകാരം 12 മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിൽ പൂർണ്ണമായും കുത്തിവെപ്പ് എടുത്തവർ കേരളത്തിൽ 77.8% മാത്രമാണ്. അതിനാൽ കുറെയേറെ കുട്ടികൾ കൗമാരപ്രായമെത്തുമ്പോൾ ഭാഗികമായോ, പൂർണ്ണമായോ പ്രതിരോധ സംരക്ഷണം ഇല്ലാത്തവരാണ്. അത്തരക്കാർക്ക് കാച്ച് - അപ് (Catch up) കുത്തിവെപ്പ് ആവശ്യമാണ്. കൂടാതെ, കൗമാര ഗർഭധാരണം കൂടുതലുള്ള ഇന്ത്യയിൽ ആ പ്രായക്കാരിൽ കുത്തിവെപ്പ് നടത്തുന്നത് വളരെ അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് പെൺകുട്ടികളിൽ.
കൗമാരപ്രായക്കാരിലെ
കാച്ച് അപ് (Catch up) കുത്തിവെപ്പ്
മുമ്പ് ടെറ്റനസ് കുത്തിവെപ്പ് എടുക്കാത്തവരോ, എടുത്തതായി അറിയാത്തവരോ ആയ 7 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികളും, 'കൗമാരപ്രായക്കാരും 3 ഡോസ് സീരീസായി എടുക്കണം. അതായത് ഒരു ഡോസ് Tdap എടുത്തശേഷം 4 ആഴ്ച ഇടവിട്ട് 2 ഡോസ് Td വാക്സിൻ എടുക്കണം. പിന്നീട്, ഓരോ 10 വർഷ ഇടവേളയിലും ഒരു ഡോസ് Tdap/ Td തുടർന്നു കൊണ്ടിരിക്കണം. (സാധാരണ കൊടുക്കാറുള്ള ട്രിപ്പിൾ - DTaP/DTwP- വാക്സിൻ ഒഴിവാക്കണം).
മുമ്പ് കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ കൗമാര ഗർഭിണികൾ ഒരു ഡോസ് Tdap- ഉം, അതിനുശേഷം ഒരു Td- യും എടുക്കണം.
കൂടാതെ, ചില പ്രത്യേക സാഹചര്യങ്ങളിൽ എടുക്കേണ്ടതായ ഏതാനും കുത്തിവെപ്പുകളും ഉണ്ട്.
ഉദാ: ഇൻഫ്ളുവെൻസ, ജപ്പാൻ മസ്തിഷ്ക ജ്വരം, മുതലായവ. അത്തരം കുത്തിവയ്‌പ്പുകൾ, അതതു സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടർമാരുടെ ഉപദേശപ്രകാരം നടത്തുന്നതാണ് ഉത്തമം.

വിദേശയാത്രയ്ക്ക് ആവശ്യമായ കുത്തിവയ്‌പ്പുകൾ
പ്ളസ് ടു പഠനം കഴിഞ്ഞാൽ പല വിദ്യാർത്ഥികളും, ഉപരിപഠനത്തിനായും, തൊഴിലന്വേഷിച്ചും വിദേശത്തേക്ക് പോകുന്നത് സാധാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിദേശത്തേക്ക് പോകുന്നവർ സാധുവായ കുത്തിവെപ്പ് സർട്ടിഫിക്കറ്റ് കരുതേണ്ടത് സ്വന്തം പാസ്പോർട്ട് പോലെ തന്നെ പരമ പ്രധാനമാണ്. അതിനായി ഒരു Travel Vaccine Expert- നെ യാത്രയ്ക്ക് 4 - 6 ആഴ്ച മുൻപ് തന്നെ ബന്ധപ്പെട്ട് ഉപദേശം തേടേണ്ടതാണ്.
സാധാരണ കുത്തിവെപ്പുകളായ ട്രിപ്പിൾ, എം എം ആർ, പോളിയോ, ചിക്കൻപോക്സ്, ഫ്ളൂ, കോവിഡ് എന്നിവ എല്ലാ വിദേശയാത്രകൾക്കും വേണ്ടതായ അടിസ്ഥാന കുത്തിവെപ്പുകളാണ്.

ഇതുകൂടാതെ, യാത്ര പോകുന്ന രാജ്യം അനുസരിച്ച് (Destination specific) കുത്തിവയ്‌പ്പുകളുമുണ്ട്.
ഉദാ: ദക്ഷിണ / പൂർവ ദക്ഷിണ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഹെപ്പറ്റൈറ്റിസ് A/B, ടൈഫോയ്ഡ് എന്നിവ നിർബന്ധമാണ്. സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് മെനിഞ്ചോകോക്കൽ (Meningococcal) വാക്സിൻ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് യെല്ലോഫീവർ വാക്സിൻ, ഏഷ്യൻ ഉൾനാടുകളിലേക്ക് പോകുന്നവർക്ക് ജപ്പാൻ മസ്തിഷ്ക ജ്വരത്തിനുള്ള കുത്തിവെപ്പ് എന്നിവയും നിർബന്ധമാണ്.
Prevention is better than cure എന്ന ആപ്തവാക്യം കൗമാരപ്രായക്കാരുടെ കാര്യത്തിലും വളരെ അന്വർത്ഥമാണ്. വ്യക്തിജീവിതത്തിലെ സുപ്രധാന ഘട്ടമായ ഈ കൗമാരപ്രായത്തിൽ കുത്തിവെപ്പുകൊണ്ട് എത്രയോ രോഗങ്ങൾ പ്രതിരോധിക്കാവുന്നതാണ്.
കുട്ടികളുടെ പഠനത്തേയും, ജോലിയേയും പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യകതയാണ്, ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ രക്ഷിതാക്കളും അതീവ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്. സമയാസമയങ്ങളിൽ തങ്ങളുടെ മക്കൾക്ക് വേണ്ടതായ കുത്തിവെപ്പുകൾ ലഭ്യമാക്കി എന്ന ഉറപ്പ് വരുത്തേണ്ടത് അവരുടെ കടമ കൂടിയാണ് എന്ന് അവർ മറക്കാതിരിക്കട്ടെ.
READ: അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

