ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

‘‘ഗർഭപാത്രം നീക്കം ചെയ്യൽ അനിവാര്യമാക്കുന്ന ചില രോഗാവസ്ഥകളുണ്ട്. എന്നാൽ, ഈ തീരുമാനത്തിലെത്തുന്നതിനുമുമ്പ് മറ്റു ചികിത്സാരീതികളുണ്ടോ എന്ന് പറഞ്ഞു മനസ്സിലാക്കേണ്ട കടമ ഡോക്ടർമാർക്കും അത് ചോദിച്ചു മനസ്സിലാക്കാനുള്ള അവകാശം രോഗികൾക്കുമുണ്ടെന്ന കാര്യം മറക്കരുത്. ചെറിയ കാര്യങ്ങൾ കാണുമ്പോൾ തന്നെ രോഗിയെ പറഞ്ഞുപേടിപ്പിച്ച് അനാവശ്യ ശസ്ത്രക്രിയകൾക്ക് വിധേയരാക്കുന്ന പ്രവണത മാറ്റിയില്ലെങ്കിൽ ആരോഗ്യപരിപാലനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മായാദേവി കുറുപ്പ് എഴുതിയ ലേഖനം.

നാല്പതാം വയസ്സിൽ നാം ജീവിച്ചുതുടങ്ങുന്നു; യഥാർത്ഥത്തിൽ എല്ലാ സ്ത്രീകൾക്കും അവകാശപ്പെടാവുന്ന ഒന്നാണ ഈ കാഴ്ചപ്പാട്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഏതാണ്ട് ഈ പ്രായത്തിൽ തന്നെയാണ് സ്ത്രീകളുടെ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ആരംഭിക്കുന്നതും. അവയുടെ മുൻപന്തിയിൽ നിൽ ക്കുന്ന അസുഖങ്ങൾ ഗർഭാശയം നീക്കംചെയ്യൽ അഥവാ ഹിസ്റ്ററെക്ടമി എന്ന ശസ്ത്രക്രിയയിൽ അവസാനിക്കുന്നു എന്നത് മറ്റൊരു ദുഃഖസത്യം.

ഓരോവർഷവും വളരെയധികം സ്ത്രീകൾ ഹിസ്റ്ററെക്ടമിക്ക് വിധേയരാകുന്ന നമ്മുടെ നാട്ടിൽ ഏതാണ്ട് 50 ശതമാനമെങ്കിലും ഒഴിവാക്കാനാവുന്ന വയാണ് എന്നതാണ് വാസ്തവം. പ്രസവസംബന്ധി യായ 'സിസേറിയൻ സെക്ഷൻ' കഴിഞ്ഞാൽ ഹിസ്റ്ററെക്ടമിയാണ് ഏറ്റവും കൂടുതൽ ചെയ്യുന്ന ശസ്ത്രക്രിയ എന്നതാണ് ലോകമെമ്പാടുമുള്ള കണക്കുകൾ തെളിയിച്ചിട്ടുള്ളത്.

സ്ത്രീകൾക്കുമാത്രം അവകാശപ്പെടാവുന്ന അനവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഓരോ രോഗത്തിന്റെയും സങ്കീർണ്ണത അനുസരിച്ചു വേണം ചികിത്സ നിർണ്ണയിക്കാൻ.

ലളിതമായ ചികിത്സാമാർഗ്ഗങ്ങളിലൂടെ ഒരു രോഗിയെ കൊണ്ടുപോയതിനുശേഷം മാത്രമേ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആവശ്യമാണോ എന്ന് നമ്മൾ തീരുമാനിക്കാറുള്ളൂ. ഈയൊരു കാഴ്ചപ്പാടിലൂടെ നമുക്ക് മദ്ധ്യവയസ്കരായ സ്ത്രീകളുടെ ഗർഭാശയ സംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങളെ ഒന്നവലോകനം ചെയ്യാം.

ആർത്തവക്രമക്കേടുകൾ എല്ലാ പ്രായത്തിലുമുണ്ടാകാമെങ്കിലും 40 വയസ്സിനുമുകളിൽ പ്രായമുള്ള ഒരു സ്ത്രീയ്ക്ക് ക്രമം തെറ്റിയതോ ക്രമാതീതമോ ആയ ആർത്തവചക്രങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയാൻ പാടില്ല. നമ്മുടെയെല്ലാം സഹവർത്തികളായ സ്ത്രീകളിൽ പലരിലും കാണാറുള്ള ഒന്നാണ് വളരെ നേരത്തേകൂട്ടി ആർത്തവ വിരാമത്തെ (menopause) വരവേല്ക്കാനുള്ള ഒരു പ്രവണത. അവർക്കുണ്ടാകുന്ന ആർത്തവ സംബന്ധിയായ പ്രശ്ങ്ങളെന്തുതന്നെയായാലും അത് ആർത്തവം നിൽക്കാറായതുകൊാവുമെന്ന് അനുമാനിച്ച് ചികിത്സ തേടാതിരിക്കുന്ന നിരവധി സ്ത്രീകൾ നമ്മുടെയിടയിലുണ്ട്.

40 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീ കളിൽ അണ്ഡോല്പാദനം ശരിയായ രീതിയിൽ നടക്കാതി രിക്കുന്നതുമൂലം ആർത്തവ ക്രമക്കേടുകളുണ്ടാകാം. എന്നാൽ വളരെ ചെറിയൊരു ശതമാനം സ്ത്രീകളിലും ഗർഭാശയാർബുദം എന്ന അപകട കാരി ഒളിഞ്ഞിരിക്കുന്നു എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇതേ കാരണം കൊണ്ടു തന്നെയാണ് മേല്പറഞ്ഞ സ്ത്രീകൾ ശരീരപരിശോധനയ്ക്കു പുറമേ അൾട്രാ സൗണ്ട് സ്കാനിംഗ്, പാപ്പ് സ്മിയർ ടെസ്റ്റ്, എൻഡോമെട്രിയൽ പിപ്പെൽ ബയോപ്‌സി എന്നീ പരിശോധനകൾക്ക് വിധേയരാകേണ്ടത്.

ഗർഭാശയമുഖാർബുദത്തിനുള്ള (cervical cancer) സാധ്യത അറിയാനുള്ള പരിശോധനയാണ് പാപ്പ് സ്മിയർ ടെസ്റ്റ് (Pap smear test). ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണോ ഗർഭാശയാർബുദമാണോ എന്നറിയാനുള്ള പരിശോധനയാണ് ഗർഭാശയഭിത്തികളിൽ നിന്നെടുക്കുന്ന എൻഡോ മെട്രിയൽ പിപ്പെൽ ബയോപ്‌സി (endometrial pipelle biopsy). കൃത്യമായ ആർത്തവചക്രമുള്ള സ്ത്രീകൾക്ക് ക്രമാതീതമായ രക്തസ്രാവത്തിന് ട്രാനെക്‌സമിക് ആസിഡ് (Tranexamic acid) എന്ന മരുന്നും, വേദനയുണ്ടെങ്കിൽ മെഫെനാമിക് ആസിഡ് (Mefenamic acid) എന്ന മരുന്നും രോഗശമനത്തിനായി നൽകാവുന്നതാണ്. ക്രമംതെറ്റിയുള്ള ആർത്തവചക്രങ്ങളുള്ള സ്ത്രീകൾക്ക് അമിതമായ രക്തസ്രാവം നിയന്ത്രിക്കാനായി പ്രൊജസ്റ്ററോൺ (progesterone) ഹോർമോണു കളടങ്ങിയ മരുന്നുകളാണ് ഏറ്റവും അഭികാമ്യം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ക്ക് ആർത്തവക്രമീകരണത്തിനായി ഈസ്ട്രജൻ (oestrogen), പ്രൊജസ്ടറോൺ (progesterone) എന്നീ ഹോർമോണുകളടങ്ങിയ മരുന്നുകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവരിൽ കാലിലെ രക്തധമനികളിൽ രക്തം കട്ടപിടിച്ച് ഡീപ്പ് വെയിൻ ത്രോംബോസിസ് (deep vein thrombosis), പൾമനറി എംബോളിസം (pulmonary embolism) എന്നീ അവസ്ഥകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏതൊരു ഹോർമോൺ ഗുളികയായാലും തുടർച്ചയായി ഉപയോഗിച്ചാൽ അവയുടെ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നതിനാൽ കഴിവതും മറ്റു മാർഗങ്ങളുണ്ടോ എന്ന് നോക്കേണ്ടതാണ്. ഇതിനൊരു പരിഹാരമാണ് ഇന്ന് വളരെയധികം പ്രചാരത്തിൽ വന്നിരിക്കുന്ന 'മിറീന കോയിൽ' (Mirena coil) എന്ന ഇൻട്രാ യൂൈട്രൻ ഡിവൈസ് (Intrauterine device). ഇതിലടങ്ങിയിരിക്കുന്ന പ്രൊജസ്ട്രോൺ ഹോർമോൺ ഗർഭാശയഭിത്തികളിൽ മാത്രം പ്രവർത്തിച്ച് അവയുടെ കട്ടി കുറയ്ക്കുക എന്ന പ്രക്രിയവഴി ക്രമാതീതമായ ആർത്തവത്തെ നിയന്ത്രിക്കാനുതകുന്നു എന്ന താണ് അതിന്റെ സവിശേഷത. 5 വർഷം വരെ ഇതിന്റെ പ്രയോജനം തുടരുമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

മേൽപ്പറഞ്ഞ ചികിത്സകളൊന്നും ഫലപ്രദമായി ല്ലെങ്കിൽ ചെയ്യാവുന്നതാണ്, ഗർഭാശയഭിത്തികൾ നിക്കം ചെയ്യുന്ന 'എൻഡോമെട്രിയൽ അബ്‌ളേഷൻ' (endometrial ablation) എന്ന ലളിതമായ (minor) ശസ്ത്രക്രിയ. ഗർഭാശയഭിത്തികൾ വീണ്ടും വളരാനുള്ള സാധ്യതയുന്നെതിനാൽ ഈ ചികിത്സ താല്കാലിക ശമനം മാത്രമേ നൽകുന്നുള്ളു എന്നു മനസ്സിലാക്കിക്കഴിയുമ്പോൾ മിക്ക സ്ത്രീകളും സാധാരണയായി ഈ ചികിത്സയോട് വിമുഖത കാണിക്കാറുണ്ട്. എങ്കിലും ഗർഭാശയം നീക്കം ചെയ്യുന്നതൊഴിവാക്കാനായി താൽക്കാലികമെങ്കിലും ഈ ചികിത്സ പ്രായോഗികമാണ്.

ഗർഭാശയമുഴകൾ അഥവാ ഫൈ​ബ്രോയ്ഡ് യൂട്രസ് (Fibroid uterus) ഉള്ള സ്ത്രീകളുടെ ചികിത്സ ശസ്ത്രക്രിയ മാത്രമാണെന്ന അബദ്ധധാരണ പലർക്കുമുണ്ട്. വളരെ ചെറിയ മുഴകൾ സാധാരണയായി സ്ത്രീകൾക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാറില്ല. എന്നാൽ വലിപ്പം കൂടിയ മുഴകൾ ക്രമാതീതമായ ആർത്തവം, അമിതവേദനയോടുകൂടിയ ആർത്തവം, മൂത്രതടസ്സം, മലബന്ധം എന്നിങ്ങനെ പല തരം പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ മുഴകൾ ഉള്ളവരുടെ ക്രമാതീതമായതും വേദനയോടുകൂടിയതുമായ ആർത്തവചക്രങ്ങൾ നേരത്തെ സൂചിപ്പിച്ച മരുന്നുകൾകൊണ്ട് ചികിത്സിക്കാവുന്നതാണ്. എന്നാൽ വലിയ മുഴകൾ മൂലം ദൂഷ്യഫലങ്ങൾ കാണുകയാണെങ്കിൽ ഗർഭാ ശയം നീക്കുകയാവും ചികിത്സാമാർഗ്ഗം. ഗർഭാ ശയമുഴകൾ മാത്രം നീക്കം ചെയ്യുന്ന 'മയോമെക്ടമി' (myomectomy) എന്ന ശസ്ത്രക്രിയ കുഞ്ഞുങ്ങളില്ലാത്ത, കുഞ്ഞുങ്ങളുണ്ടാവണമെന്ന താല്പര്യമുള്ളവർക്ക് വേണ്ടിയുള്ളതാണ്. മരുന്നുകൾകൊണ്ട് നിയന്ത്രിക്കുന്ന ഗർഭാശയമുഴകളാണെങ്കിൽവർഷത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്ത് അവ വളരുന്നു​ണ്ടോ എന്ന് പരിശോ ധിക്കുന്നത് നല്ലതാണ്. ഈ മുഴകൾ അർബുദമുണ്ടാക്കാനുള്ള സാധ്യത വിരളമാണെങ്കിലും, കുറഞ്ഞകാലംകൊണ്ട് അമിതമായ വളർച്ച കാണുകയാണെങ്കിൽ അവ അപകടകാരിയല്ലെന്ന് ഉറപ്പുവരുത്താനായി ഹിസ്റ്ററെക്ടമി ചെയ്യുന്ന താണുത്തമം. മേല്പറഞ്ഞ ചികിത്സകൾക്കെല്ലാം പുറമേ ഗർഭാശയമുഴകളിലേക്കുള്ള രക്തധമനികളെ അടയ്ക്കാനും അതുമൂലം അവയുടെ വളർച്ച തടയാനുമുതകുന്ന ഫൈബ്രോയ്ഡ് എംബോളൈസേഷൻ' (fibroid embolisation) എന്ന ചികിത്സാരീതിയും ഇന്ന് വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

ഗർഭാശയം, മൂത്രസഞ്ചി, വൻകുടൽ എന്നിവ യോനീഭിത്തിയുടെ ബലക്ഷയം മൂലം യോനീമുഖത്തിന് വെളിയിലേക്ക് തള്ളിവരുന്ന അവസ്ഥയെയാണ് 'പെൽവിക് ഓർഗൻ പ്രൊലാപ്സ് (pelvic organ prolapse) എന്ന് പറയുന്നത്. ഇത് സാധാരണയായി മധ്യവയസ്സ് കഴിഞ്ഞവർ, പലപ്രാവശ്യം സാധാരണ പ്രസവമുണ്ടായിട്ടുള്ളവർ, അമിതവണ്ണമുള്ള വർ, വിട്ടുമാറാത്ത ചുമയുള്ളവർ, സ്ഥിരമായി മലബന്ധമുള്ളവർ എന്നിവരിലാണ് കൂടുതലായും കാണാറുള്ളത്. പ്രസവസമയം നീണ്ടുപോകുന്നവർ, കൂടിയ ശരീരഭാരമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചവർ, പ്രസവാനന്തരം കൃത്യമായ 'പെൽവിക് ഫ്‌ളോർ എക്‌സർസൈസ്' (pelvic floor exercise) ചെയ്യാത്തവർ എന്നിവരിലും മേല്പറഞ്ഞ അവസ്ഥ കാണാനുള്ള സാധ്യത കൂടുതലാണ്. യോനീപേശികളുടെ ബലം കൂട്ടാനായുള്ള വ്യായാമം (pelvic floor exercises) ശരിയായ രീതിയിൽ മുടങ്ങാതെ മൂന്നു മാസക്കാലം ചെയ്തതിനുശേഷം അവരുടെ വൈഷമ്യങ്ങൾ കുറയുന്നു​ണ്ടോ എന്നറിയണം. ഏതാണ്ട് 60 പേരിലെങ്കിലും ചെറിയതോതിലുള്ള 'പെൽവിക് ഓർഗൻ പ്രൊലാപ്സ്’ വ്യായാമത്തിലൂടെ നിയന്ത്രണാധീനമാവാറുണ്ട്. എന്നാൽ അതിനു വിപരീതമായി അതുമൂലം വിഷമിക്കുന്ന അവസ്ഥയായിക്കഴിഞ്ഞാൽ യോനീമുഖത്തിന്റെ ബലം കൂട്ടാനുള്ള 'പെൽവിക് ഫ്‌ളോർ റിപ്പയർ' (pelvic floor repair) എന്ന ശസ്ത്രക്രിയയോ ഹിസ്റ്ററെക്ടമി തന്നെയോ ചെയ്യേണ്ടതായി വരും. ഗർഭാശയം മുഴുവൻ തന്നെ യോനീമുഖത്തിനു പുറത്തേക്ക് തള്ളിവരുന്ന പ്രോസിഡെൻഷ്യ' (procidentia) എന്ന അവസ്ഥയ്ക്ക് ശസ്ത്രക്രിയ താങ്ങാവുന്നവരാണെങ്കിൽ ഹിസ്റ്ററെക്ടമിയും, ശസ്ത്രക്രിയ അനാരോഗ്യം മൂലം പ്രാവർത്തികമല്ലാ ത്തവർക്ക് ഗർഭാശയത്തിനെ യോനിയുടെ ഉള്ളിൽ നിർത്താനുള്ള 'റിംഗ് പെസ്സറി'യും (ring pessary) ഉപയോഗിക്കാവുന്നതാണ്.

നാല്പതിനുമുകളിൽ പ്രായമുള്ള സ്ത്രീകളുടെ ഗർഭാശയ സംബന്ധിയായ പ്രശ്‌നങ്ങൾ ഇനിയും പലതുമുണ്ട്. രോഗത്തിന്റെ ഗുരുതരാവസ്ഥ, മരു ന്നുകൾ പ്രയോജനകരമല്ലാതാവുക, ജീവിതചര്യയെ പ്രതികൂലമായി ബാധിക്കുന്ന രോഗല ക്ഷണങ്ങളുണ്ടാവുക, ജീവനു തന്നെ അപകടകാരിയായ അർബുദ രോഗം ബാധിക്കുക - ഇവയെല്ലാം ഒരു സ്ത്രീയുടെ ഗർഭപാത്രം നീക്കം ചെയ്യൽ എന്ന ശസ്ത്രക്രിയ അനിവാര്യ മാക്കുന്നവയാണ്.

എന്നാൽ ഈ തീരുമാനത്തിലെത്തുന്നതിനുമുമ്പ് മറ്റു ചികിത്സാരീതികളുണ്ടോ എന്ന് പറഞ്ഞു മനസ്സിലാക്കേണ്ട കടമ ഡോക്ടർമാർക്കും അത് ചോദിച്ചു മനസ്സിലാക്കേണ്ട അവകാശം രോഗികൾക്കുമുണ്ടെന്ന കാര്യം മറക്കരുത്. ചെറിയ കാര്യങ്ങൾ കാണുമ്പോൾ തന്നെ രോഗിയെ പറഞ്ഞു പേടിപ്പിച്ച് അനാവശ്യമായ ശസ്ത്രക്രിയകൾക്ക് വിധേയരാക്കുന്ന പ്രവണത മാറ്റിയില്ലെങ്കിൽ നമ്മുടെ ആരോഗ്യപരിപാലനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും എന്നതിന് യാതൊരു സംശയവുമില്ല. അത്തരമൊരവസ്ഥയിലേക്ക് എത്താതിരിക്കാനാണ് നാം നിശ്ചയമായും ശ്രമിക്കേണ്ടത്.

READ: മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments