മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

മഞ്ഞപ്പിത്തം ഒരു രോഗമല്ല; പല രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ്. മഞ്ഞനിറത്തിനു പിന്നിലെ കാരണം കണ്ടെത്തി ആവശ്യമായ പരിശോധനകൾ നടത്തുകയും അനുയോജ്യമായ സമയത്ത് ചികിത്സ ആരംഭിക്കുകയും ചെയ്യുന്നതാണ് സങ്കീർണതകൾ ഒഴിവാക്കാനുള്ള വഴി: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ​ ഡോ. പി. ജ്യോതികുമാർ എഴുതിയ ലേഖനം.

എന്താണ് മഞ്ഞപ്പിത്തം?

കണ്ണിന്റെ വെള്ളയിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുന്ന അവസ്ഥയെയാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് (Jaundice) എന്നു പറയുന്നത്. രക്തത്തിൽ ബിലിറൂബിൻ (bilirubin) എന്ന മഞ്ഞനിറമുള്ള പിഗ്മെന്റ് അമിതമായി അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. മഞ്ഞപ്പിത്തം ഒരു രോഗത്തിന്റെ പേരല്ല; ശരീരത്തിൽ മറ്റെന്തെങ്കിലും പ്രശ്നം നടക്കുന്നുണ്ടെന്നതിന്റെ പ്രധാന സൂചനയാണ്.

ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് ഏകദേശം 120 ദിവസമാണ്. പഴകിയ രക്താണുക്കൾ ശരീരത്തിൽ സ്വാഭാവികമായി വിഘടിക്കുമ്പോൾ ഹീമോഗ്ലോബിനിൽനിന്ന് ബിലിറൂബിൻ രൂപപ്പെടുന്നു. അത് രക്തത്തിലൂടെ കരളിലെത്തി സംസ്കരിക്കപ്പെടുകയും പിത്തരസത്തിലൂടെ കുടലിലേക്കെത്തുകയും ചെയ്യുന്നു. പിന്നീട് മലത്തിലൂടെ ശരീരത്തിൽനിന്ന് പുറത്തുപോകുന്നു. ഈ പ്രക്രിയയിലെ ഏതെങ്കിലും ഘട്ടത്തിൽ തകരാറുണ്ടായാൽ രക്തത്തിലെ ബിലിറൂബിൻ കൂടാം. ചുവന്ന രക്താണുക്കൾ അമിതമായി നശിക്കുക, കരളിന് ബിലിറൂബിൻ ശരിയായി സംസ്കരിക്കാനാകാതിരിക്കുക, പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുക എന്നിവയാണ് പ്രധാന കാരണങ്ങൾ.

രക്തത്തിലെ
ബിലിറൂബിന്റെ അളവ്

ആരോഗ്യമുള്ള മുതിർന്നവരിൽ ആകെ ബിലിറൂബിൻ (total bilirubin) സാധാരണയായി ഏകദേശം 0.3–1.2 മില്ലിഗ്രാം/ഡെസിലിറ്റർ (mg/dL) ആയിരിക്കും. പരിശോധനാ ലബോറട്ടറിയനുസരിച്ച് ഈ പരിധിയിൽ ചെറിയ വ്യത്യാസമുണ്ടാകാം.

കണ്ണിന്റെ വെള്ളയിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുന്ന അവസ്ഥയെയാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് (Jaundice) എന്നു പറയുന്നത്.
കണ്ണിന്റെ വെള്ളയിലും ചർമ്മത്തിലും മഞ്ഞനിറം കാണപ്പെടുന്ന അവസ്ഥയെയാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് (Jaundice) എന്നു പറയുന്നത്.

ബിലിറൂബിനെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി കണക്കാക്കുന്നു: നേരിട്ടുള്ള അഥവാ സംയോജിത ബിലിറൂബിൻ (direct/conjugated bilirubin), പരോക്ഷമായ അഥവാ സംയോജിതമല്ലാത്ത ബിലിറൂബിൻ (indirect/unconjugated bilirubin). ഇവയുടെ അളവും അനുപാതവും ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ മഞ്ഞപ്പിത്തത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടറെ സഹായിക്കും.

മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങൾ

കാരണങ്ങളെ പൊതുവെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം:

  • 1. കരളിനു മുമ്പുള്ള കാരണങ്ങൾ (pre-hepatic):

ചുവന്ന രക്താണുക്കൾ അമിതമായി നശിക്കുമ്പോൾ കൂടുതൽ ബിലിറൂബിൻ രൂപപ്പെടുന്നു. ഇത് സംസ്കരിക്കാനുള്ള കരളിന്റെ ശേഷിയെ മറികടക്കുമ്പോൾ മഞ്ഞപ്പിത്തം ഉണ്ടാകാം.

ഹീമോലൈറ്റിക് അനീമിയ (hemolytic anemia), അരിവാൾകോശ രോഗം (sickle cell disease), തലാസീമിയ (thalassemia), പാരമ്പര്യ സ്ഫെറോസൈറ്റോസിസ് (hereditary spherocytosis), മലേറിയ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ പരോക്ഷ ബിലിറൂബിൻ കൂടുതലായിരിക്കാം. കാരണം കണ്ടെത്താൻ രക്തത്തിലെ ഹീമോഗ്ലോബിൻ, റെറ്റിക്കുലോസൈറ്റ് (reticulocyte) എണ്ണം, എൽ.ഡി.എച്ച്. (LDH), ഹാപ്റ്റോഗ്ലോബിൻ (haptoglobin) തുടങ്ങിയ പരിശോധനകൾ ആവശ്യമായി വരാം.

  • 2. കരളിനെ ബാധിക്കുന്ന കാരണങ്ങൾ:

കരൾകോശങ്ങൾക്ക് തകരാറുണ്ടാകുമ്പോൾ ബിലിറൂബിൻ സംസ്കരിക്കുന്നതിലും പുറത്തേക്കൊഴുക്കുന്നതിലും തടസ്സമുണ്ടാകാം. പ്രധാന കാരണങ്ങൾ:

  • വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis): എ, ബി, സി, ഇ വിഭാഗങ്ങൾ.

  • മദ്യപാനം മൂലമുള്ള കരൾരോഗങ്ങൾ.

  • ചില മരുന്നുകൾ മൂലമുള്ള കരൾത്തകരാറുകൾ.

  • ഫാറ്റി ലിവർ (fatty liver) രോഗത്തിന്റെ സങ്കീർണഘട്ടങ്ങൾ.

  • ഓട്ടോഇമ്യൂൺ കരൾരോഗങ്ങൾ (autoimmune liver diseases).

  • സിറോസിസ് (cirrhosis).

ഈ അവസ്ഥകളിൽ കരൾകോശങ്ങൾക്ക് ക്ഷതമുണ്ടാകുന്നതിന്റെ സൂചനയായി എസ്.ജി.ഒ.ടി. (SGOT/AST), എസ്.ജി.പി.ടി. (SGPT/ALT) എന്നിവ ഉയർന്നേക്കാം. എന്നാൽ അവയുടെ അളവും ബിലിറൂബിന്റെ തരവും രോഗകാരണമനുസരിച്ച് മാറാം.

ഹീമോലൈറ്റിക് അനീമിയ (hemolytic anemia), അരിവാൾകോശ രോഗം (sickle cell disease), തലാസീമിയ (thalassemia), പാരമ്പര്യ സ്ഫെറോസൈറ്റോസിസ് (hereditary spherocytosis), മലേറിയ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഹീമോലൈറ്റിക് അനീമിയ (hemolytic anemia), അരിവാൾകോശ രോഗം (sickle cell disease), തലാസീമിയ (thalassemia), പാരമ്പര്യ സ്ഫെറോസൈറ്റോസിസ് (hereditary spherocytosis), മലേറിയ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
  • 3. പിത്തനാളിയിലെ തടസ്സം:

കരളിൽ രൂപപ്പെടുന്ന പിത്തരസം പിത്തനാളികളിലൂടെ കുടലിലെത്തുന്നു. ഈ ഒഴുക്കിൽ തടസ്സമുണ്ടായാൽ ബിലിറൂബിൻ രക്തത്തിൽ കൂടാം. പിത്തസഞ്ചിയിലോ പിത്തനാളിയിലോ ഉള്ള കല്ലുകൾ, പിത്തനാളിയുടെ ചുരുക്കം, പാൻക്രിയാസിലെയോ പിത്തനാളിയിലെയോ മുഴകൾ എന്നിവ തടസ്സത്തിന് കാരണമാകാം.

ഇത്തരം സാഹചര്യങ്ങളിൽ നേരിട്ടുള്ള ബിലിറൂബിനും ആൽക്കലൈൻ ഫോസ്ഫറ്റേസ് (alkaline phosphatase), ഗാമാ ഗ്ലൂട്ടാമിൽ ട്രാൻസ്ഫറേസ് (GGT) എന്നീ എൻസൈമുകൾക്കും വർധനയുണ്ടാകാം. മലം വെളുത്തോ മങ്ങിയ നിറത്തിലോ പോകുക, മൂത്രം ഇരുണ്ട നിറമാകുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവയും ഉണ്ടാകാം. എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. എന്നിവ സാധാരണയായിരിക്കണമെന്നില്ല; പിത്തനാളിയിലെ തടസ്സം ചിലപ്പോൾ അവയെയും ഉയർത്താം. അതിനാൽ പരിശോധനാഫലങ്ങൾ ഒറ്റയ്ക്ക് നോക്കിയല്ല, രോഗലക്ഷണങ്ങളും സ്കാനുകളും ചേർത്താണ് കാരണം വിലയിരുത്തുന്നത്.

കണ്ണിൽ മഞ്ഞനിറം
കാണുന്നതെന്തുകൊണ്ട്?

ചർമ്മത്തിൽ മഞ്ഞനിറം കാണുന്നതിനു മുമ്പുതന്നെ കണ്ണിന്റെ വെള്ളഭാഗമായ സ്ക്ലീറയിൽ (sclera) മഞ്ഞനിറം വ്യക്തമായി കാണാം. രക്തത്തിലെ ബിലിറൂബിൻ ഏകദേശം 2–3 മില്ലിഗ്രാം/ഡെസിലിറ്ററിന് മുകളിലെത്തുമ്പോൾ കണ്ണിൽ മഞ്ഞനിറം തെളിഞ്ഞുതുടങ്ങാം. മഞ്ഞനിറം കണ്ടാൽ പരിശോധനയിലൂടെ കാരണം കണ്ടെത്തേണ്ടതാണ്.

സാധാരണ ലക്ഷണങ്ങൾ:

മഞ്ഞനിറത്തിനു പുറമേ താഴെപ്പറയുന്ന ലക്ഷണങ്ങളിൽ ചിലത് ഉണ്ടാകാം:

  • മൂത്രം കടുംമഞ്ഞയോ തവിട്ടുനിറമോ ആകുക.

  • മലം മങ്ങിയതോ വെളുത്തതോ ആകുക.

  • ശരീരത്തിൽ ചൊറിച്ചിൽ.

  • വിശപ്പില്ലായ്മ, ഛർദ്ദി, ക്ഷീണം.

  • പനി, വയറുവേദന, പ്രത്യേകിച്ച് വലതുവശത്ത്.

  • കാരണമനുസരിച്ച് ഭാരം കുറയുക.

എല്ലാ രോഗികളിലും ഈ ലക്ഷണങ്ങളെല്ലാം ഉണ്ടാകണമെന്നില്ല.

എന്തെല്ലാം പരിശോധനകൾ വേണ്ടിവരും?

മഞ്ഞപ്പിത്തത്തിന് പല കാരണങ്ങളുള്ളതിനാൽ രോഗനിർണയമാണ് ചികിത്സയിലെ ആദ്യപടി. രോഗിയുടെ ലക്ഷണങ്ങളും പരിശോധനാഫലവും അനുസരിച്ച് ഡോക്ടർ ആവശ്യമായ പരിശോധനകൾ നിർദേശിക്കും.

കരൾ പ്രവർത്തന പരിശോധനയിൽ (liver function tests, LFT) ആകെ, നേരിട്ടുള്ള ബിലിറൂബിൻ, എസ്.ജി.ഒ.ടി., എസ്.ജി.പി.ടി., ആൽക്കലൈൻ ഫോസ്ഫറ്റേസ്, ജി.ജി.ടി. എന്നിവ പരിശോധിക്കാം. രക്തത്തിലെ പ്രോട്ടീൻ, പ്രോത്രോംബിൻ സമയം/ഐ.എൻ.ആർ. (PT/INR), പൂർണ രക്തപരിശോധന (CBC) എന്നിവയും ആവശ്യമായി വരാം.

ചുവന്ന രക്താണുക്കൾ അമിതമായി നശിക്കുന്നതായി സംശയമുണ്ടെങ്കിൽ പെരിഫറൽ സ്മിയർ, റെറ്റിക്കുലോസൈറ്റ് എണ്ണം, എൽ.ഡി.എച്ച്., ഹാപ്റ്റോഗ്ലോബിൻ, കോംബ്സ് പരിശോധന (Coombs test) എന്നിവ ആവശ്യാനുസരണം നടത്താം. വൈറൽ ഹെപ്പറ്റൈറ്റിസ് സംശയിക്കുമ്പോൾ അനുയോജ്യമായ വൈറൽ മാർക്കറുകളും പരിശോധിക്കും.

വയറിന്റെ അൾട്രാസൗണ്ട് സ്കാൻ വഴി കരൾ, പിത്തസഞ്ചി, പിത്തനാളികൾ, പാൻക്രിയാസ് എന്നിവ പരിശോധിച്ച് കല്ലുകളോ മുഴകളോ മറ്റ് തടസ്സങ്ങളോ കണ്ടെത്താം. ആവശ്യമായാൽ കൂടുതൽ വിശദമായ ഇമേജിങ് പരിശോധനകളും ഡോക്ടർ നിർദേശിക്കും.

ബിലിറൂബിന്റെ അളവും അനുപാതവും ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ മഞ്ഞപ്പിത്തത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടറെ സഹായിക്കും.
ബിലിറൂബിന്റെ അളവും അനുപാതവും ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ മഞ്ഞപ്പിത്തത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടറെ സഹായിക്കും.

ചികിത്സ എങ്ങനെയാണ്?

മഞ്ഞപ്പിത്തത്തിന് എല്ലാവർക്കും ഒരുപോലെ നൽകുന്ന പ്രത്യേക ചികിത്സയില്ല. അതിന് കാരണമാകുന്ന രോഗമാണ് ചികിത്സിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ, ചിലപ്പോൾ തീവ്രമല്ലാത്ത ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയിൽ വിശ്രമം, മതിയായ ദ്രാവകം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ ഉൾപ്പെടുന്ന പിന്തുണാപരിചരണം മതിയാകാം. ദീർഘകാല ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്ക് രോഗാവസ്ഥ വിലയിരുത്തി പ്രത്യേക വൈറസ് വിരുദ്ധ ചികിത്സ ആവശ്യമായി വരാം. അതിനാൽ എല്ലാ വൈറൽ ഹെപ്പറ്റൈറ്റിസിനും ഒരേ മരുന്ന് നൽകുന്ന രീതിയില്ല. ഉർസോഡിയോക്സിക്കോളിക് ആസിഡ് (ursodeoxycholic acid), വിറ്റാമിൻ ഇ (vitamin E) എന്നിവ എല്ലാ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗികൾക്കും പതിവായി നൽകേണ്ട ചികിത്സയല്ല.

പിത്തനാളിയിൽ തടസ്സമുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി കല്ലോ മറ്റ് തടസ്സമോ നീക്കാനുള്ള ചികിത്സ നടത്താം. മരുന്ന് മൂലമുള്ള കരൾത്തകരാറാണെന്ന് സംശയിച്ചാൽ, മരുന്ന് നിർത്തുകയോ മാറ്റുകയോ ചെയ്യേണ്ടതുണ്ടോ എന്ന് ഡോക്ടർ തീരുമാനിക്കും. സ്വമേധയാ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിർത്തരുത്. രക്താണുക്കൾ നശിക്കുന്നതാണ് കാരണമെങ്കിൽ അതിന്റെ അടിസ്ഥാനരോഗത്തിനാണ് ചികിത്സ നൽകുന്നത്. ഗുരുതരമായ കരൾവൈകല്യത്തിൽ ആശുപത്രി പരിചരണവും, തിരഞ്ഞെടുത്ത ചിലരിൽ കരൾമാറ്റിവയ്ക്കലും വേണ്ടിവരാം.

ഭക്ഷണത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത്?

എല്ലാവർക്കും ഒരേ തരത്തിലുള്ള “മഞ്ഞപ്പിത്ത ഭക്ഷണക്രമം” ആവശ്യമില്ല. മതിയായ ദ്രാവകവും ശരീരത്തിന് ആവശ്യമായ ഊർജവും പ്രോട്ടീനും ലഭിക്കുന്ന സമീകൃതാഹാരവും കഴിക്കുക. മദ്യപാനം പൂർണമായി ഒഴിവാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ഔഷധസസ്യങ്ങൾ അടങ്ങിയ തയ്യാറെടുപ്പുകൾ, സപ്ലിമെന്റുകൾ, കൗണ്ടറിൽനിന്ന് നേരിട്ട് വാങ്ങുന്ന മരുന്നുകൾ (OTC drugs) എന്നിവ ഉപയോഗിക്കരുത്. വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ അമിതമായി കഴിക്കുന്നതും ഒഴിവാക്കണം. “കരളിന് വിശ്രമം നൽകാൻ” ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത് ശരിയായ സമീപനമല്ല.

ഉപ്പ് ഒഴിവാക്കണോ?

മഞ്ഞപ്പിത്തമുണ്ടെന്ന കാരണത്താൽ എല്ലാവരും ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കേണ്ടതില്ല. ഉപ്പ് കുറയ്ക്കേണ്ടതോ നിയന്ത്രിക്കേണ്ടതോ കരൾരോഗത്തിനൊപ്പം വയറ്റിൽ വെള്ളം കെട്ടുന്ന അസൈറ്റിസ് (ascites) പോലുള്ള പ്രത്യേക അവസ്ഥകളുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും. വ്യക്തിഗതമായി ഡോക്ടറുടെ നിർദേശം തേടുക. ഛർദ്ദിയും വിശപ്പില്ലായ്മയും ഉള്ളവർ ഭക്ഷണവും ദ്രാവകവും മതിയായി സ്വീകരിക്കാത്തത് ദേഹദാഹത്തിനും ക്ഷീണത്തിനും കാരണമാകാം.

എപ്പോൾ അടിയന്തര ചികിത്സ തേടണം?

ബോധക്കുറവ്, ആശയക്കുഴപ്പം, അസാധാരണമായ ഉറക്കം എന്നിവ ഗുരുതരമായ കരൾത്തകരാറിന്റെ ലക്ഷണങ്ങളാകാം. തുടർച്ചയായ ഛർദ്ദി, കഠിനമായ വയറുവേദന, ഉയർന്ന പനി, അമിത രക്തസ്രാവം, മൂത്രത്തിന്റെ അളവ് വളരെ കുറയുക, മഞ്ഞനിറം പെട്ടെന്ന് കൂടുക എന്നിവ ഉണ്ടായാലും ഉടൻ ചികിത്സ തേടണം. ഗർഭിണിക്ക് മഞ്ഞപ്പിത്തം വന്നാൽ കാരണം കണ്ടെത്താൻ അടിയന്തരമായി ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്.

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

ജനനത്തിനുശേഷമുള്ള ആദ്യ ദിവസങ്ങളിൽ പല കുഞ്ഞുങ്ങൾക്കും മഞ്ഞനിറം കാണാം. എന്നാൽ നവജാതശിശുക്കളിലെ എല്ലാ മഞ്ഞപ്പിത്തവും സാധാരണയാണെന്ന് കരുതരുത്. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ മഞ്ഞനിറം കണ്ടാൽ ഉടൻ വൈദ്യപരിശോധനയും ബിലിറൂബിൻ പരിശോധനയും വേണം. മഞ്ഞനിറം വേഗത്തിൽ കൂടുക, കുഞ്ഞ് അമിതമായി ഉറങ്ങുക, പാൽ കുടിക്കാതിരിക്കുക, അസാധാരണമായ കരച്ചിൽ, ശരീരം വലിഞ്ഞുമുറുകൽ അല്ലെങ്കിൽ അപസ്മാരം എന്നിവയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

കുഞ്ഞിന്റെ പ്രായം മണിക്കൂറിൽ കണക്കാക്കി ബിലിറൂബിൻ നില വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.

ഗിൽബർട്ട് സിൻഡ്രോം

ഗിൽബർട്ട് സിൻഡ്രോം (Gilbert syndrome) പാരമ്പര്യമായി ഉണ്ടാകുന്ന, സാധാരണയായി അപകടരഹിതമായ അവസ്ഥയാണ്. കരളിൽ ബിലിറൂബിൻ സംസ്കരിക്കാൻ സഹായിക്കുന്ന യു.ജി.ടി.1.എ.1 (UGT1A1) ജീനുമായി ബന്ധപ്പെട്ട എൻസൈമിന്റെ പ്രവർത്തനം കുറയുന്നതാണ് ഇതിനു കാരണം. അതിനാൽ രക്തത്തിലെ പരോക്ഷ ബിലിറൂബിൻ ഇടയ്ക്കിടെ നേരിയ തോതിൽ ഉയരാം. ഉപവാസം, അസുഖം, നിർജലീകരണം, മാനസികമോ ശാരീരികമോ ആയ സമ്മർദം എന്നിവയിൽ അത് കൂടുതൽ പ്രകടമാകാം.

സാധാരണയായി മറ്റു കരൾപരിശോധനകൾ സാധാരണ നിലയിലായിരിക്കും; ചികിത്സ ആവശ്യമില്ല. എന്നാൽ ബിലിറൂബിൻ കൂടിയാൽ അതിന് ഗിൽബർട്ട് സിൻഡ്രോം തന്നെയാണ് കാരണമെന്ന് സ്വയം തീരുമാനിക്കരുത്. രക്താണുക്കളുടെ നാശം, കരൾരോഗം, പിത്തനാളിയിലെ തടസ്സം എന്നിവ ഇല്ലെന്ന് ഡോക്ടർ ഉറപ്പാക്കിയശേഷമാണ് ഈ നിഗമനത്തിലെത്തുന്നത്.

മഞ്ഞപ്പിത്തം ഒരു രോഗമല്ല; പല രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ്. മഞ്ഞനിറത്തിനു പിന്നിലെ കാരണം കണ്ടെത്തി ആവശ്യമായ പരിശോധനകൾ നടത്തുകയും അനുയോജ്യമായ സമയത്ത് ചികിത്സ ആരംഭിക്കുകയും ചെയ്യുന്നതാണ് സങ്കീർണതകൾ ഒഴിവാക്കാനുള്ള വഴി.

READ: വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments