കോർപ്പറേഷൻ കൗൺസിലറായത് എന്റെ ജീവിതത്തിലെ വേറിട്ടൊരു അനുഭവമായിരുന്നു.
2020- ലെ ഒരു വൈകുന്നേരം ഞാൻ ഒരു ഓൺലൈൻ മീറ്റിംഗിന് റെഡിയായിരിക്കുമ്പോൾ, ഒരു എം.പിയുടെ ഫോൺ വന്നു.
‘വീട്ടിലില്ലേ? ഞങ്ങൾ ഒന്ന് കാണാൻ വരുന്നുണ്ട്’, മീറ്റിംഗിന്റെ കാര്യം പറഞ്ഞപ്പോൾ, ‘പെട്ടെന്ന് വരും’ എന്നു പറഞ്ഞു.
അവർ രണ്ടുമൂന്നു പേർ വന്നു. സംസാരിച്ചിരുന്നു, ചായ കുടിച്ചതിനുശേഷം പറഞ്ഞു, ഡോക്ടറെയാണ് ഞങ്ങൾ മേയർ സ്ഥാനാർത്ഥിയായി കാണുന്നത്, മറുത്തൊന്നും പറയരുത്.
ഞാൻ ഞെട്ടിപ്പോയി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. മൂന്ന് ഹോസ്പിറ്റലുകളിലെ വിസിറ്റിംഗ് കൺസൾട്ടന്റായ എനിക്ക് ഈ പോസ്റ്റ് എടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഇത്രയും കാലം പ്രാക്ടീസ് ചെയ്തില്ലേ? എല്ലാം പറ്റും എന്നുപറഞ്ഞ് അവർ പോയി.
കുറച്ചുദിവസങ്ങൾ എനിക്ക് അസ്വസ്ഥതയായിരുന്നു. അപ്പോഴെല്ലാം ഞാനോർക്കും, എല്ലാ വനിതാദിനത്തിലും എല്ലാ പരിപാടികളിലും വനിതാസംഘടനകളുടെ പരിപാടിയിലും ഞാൻ സംസാരിക്കുമ്പോൾ സ്ത്രീസംവരണത്തെപ്പറ്റിയും നിയമനിർമ്മാണത്തിൽ സ്ത്രീകൾ പങ്കാളികളാവാൻ മുന്നോട്ടുവരേണ്ട കാര്യവും ഞാൻ പറയാറുള്ളത്. എത്രയോ വർഷങ്ങൾക്കുമുമ്പ് എന്റെ അച്ഛൻ എന്നോട് ചോദിച്ചിട്ടുണ്ട്, നിനക്ക് ഇവിടെ ഒരു കൗൺസിലറായിക്കൂടേ? ഒരു തമാശ കേട്ടപോലെ ഞാൻ ചിരിച്ചുപോയിട്ടുണ്ട്.
വീണ്ടും കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറച്ച് നേതാക്കൾ കൂടിവന്നു. സംസാരിച്ചു. അവർ വന്ന് പോയതിനുശേഷം പത്രത്തിൽ വാർത്തകണ്ടപ്പോഴാണ് ഞാൻ മേയർ സ്ഥാനാർത്ഥിയാണ് എന്നറിയുന്നത്.
അങ്ങനെ ഞാൻ ചേവായൂർ വാർഡ് 21ന്റെ സ്ഥാനാർത്ഥിയായി. ആയിരത്തിലേറെ വരുന്ന വീടുകളിൽ പ്രവർത്തകരോടൊപ്പം മൂന്നുവട്ടം കയറിയിറങ്ങി. ഈസമയം ഒരുപാട് ആളുകളെ കാണാനും പരിചയപ്പെടാനും അവരുടെ പ്രശ്‌നങ്ങൾ കണ്ടുമനസ്സിലാക്കാനും കൂടിയുള്ള അവസരമായിരുന്നു. പല വീടുകളിലും പഴയ രോഗികളും സുഹൃത്തുക്കളായ ഡോക്ടർമാരും ആയിരുന്നു. എല്ലാവരുടെയും സഹകരണംകൊണ്ട് ഞാൻ തെരഞ്ഞെടുപ്പിൽ ജയിച്ചു, കൗൺസിലറായി.
മേയർ സ്ഥാനാർത്ഥിയായിരുന്നെങ്കിലും എന്റെ പാർട്ടി ജയിക്കാത്തതിനാൽ ഞാൻ കൗൺസിലറായി 5 വർഷം പ്രവർത്തിച്ചു. മാസത്തിൽ ഒന്നോ രണ്ടോ ഉള്ള കൗൺസിൽ മീറ്റിംഗും മറ്റ് മീറ്റിംഗുകളും ജീവിതത്തിൽ വളരെ തിരക്കുണ്ടാക്കി. ആദ്യത്തെ കൗൺസിൽ മീറ്റിംഗിന്റെ അജണ്ട കിട്ടിയപ്പോൾ ഒന്നും മനസ്സിലായില്ല. പാർട്ടിയുടെ പ്രീ കൗൺസിൽ മീറ്റിംഗ് രസമുള്ളതാണ്. അവിടെ രണ്ടുമുന്നുവട്ടം കൗൺസിലർമാരായിട്ടുള്ളവർ ഉണ്ടായിരുന്നു. അതുകൊണ്ട് അവരിൽനിന്ന് പലതും മനസ്സിലാക്കാൻ സാധിച്ചു.

ഡോക്ടർ എന്ന നിലയിലുള്ള എന്റെ തിരക്കുകൾ മനസ്സിലാക്കി, എല്ലാവരിൽനിന്നും നല്ല സഹകരണമായിരുന്നു കിട്ടിയത്. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ അവസരമായിരുന്നു. അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കൽ, അജണ്ടകളുടെ മേലുള്ള തർക്കങ്ങളും എന്നും രസകരമായ ഓർമ്മകളായി നിൽക്കുന്നു. കൗൺസിൽ ഹാളിൽനിന്നും പ്രതിപക്ഷപാർട്ടികൾ വാക്ക് ഔട്ട് നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. പലപ്പോഴും ചെറുതായൊക്കെ ഞാനും മുദ്രാവാക്യം വിളിച്ചു.
എന്റെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ കൂടിയായിരുന്നു ഞാൻ. ഒരു കൗൺസിലറെ ഏറ്റവും കൂടുതൽ ആവശ്യമുള്ളത്, വാർഡിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കാണ്. ഞാൻ പലപ്പോഴും എന്റെ സഹപ്രവർത്തകരോട് ചോദിക്കാറുണ്ട്, ആരാണ് നിങ്ങളുടെ കൗൺസിലർ എന്ന്? പലർക്കും ആരാണെന്ന് അറിയില്ല.
എല്ലാ കൗൺസിലർമാരും ഏതെങ്കിലും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. ഞാൻ ആരോഗ്യകമ്മിറ്റിയിൽ അംഗമായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ചർച്ചചെയ്യുമ്പോൾ എന്റെ അഭിപ്രായങ്ങൾ അവർ സീരിയസായി എടുത്തു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചു. നിർദ്ദേശങ്ങൾ കൊടുക്കാനും അതൊക്കെ നടന്നുകാണുകയും ചെയ്തപ്പോൾ ഞാൻ പ്രതിപക്ഷത്താണെങ്കിൽപോലും വളരെ സന്തോഷിച്ചു. 75 കൗൺസിലർമാരുടെ കൂടെ 5 വർഷം ചെലവിട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയുവാനും ഒരു ഡോക്ടറെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾക്ക് അവരെ സഹായിക്കുവാനും സാധിച്ചു. ഓരോ സ്ഥലത്ത് പോകുമ്പോഴും ഗൈനക്കോളജിസ്റ്റിനെ കാണുമ്പോഴുള്ള ഓരോരുത്തരുടെ സംശയങ്ങൾ! ഞാനെപ്പോഴും പറയും, ഇവിടെ ഒരു ക്ലിനിക് നടപ്പിലാക്കണമെന്ന്.
വാർഡ് സഭകളിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു വാർഡിന്റെ പ്രൊജക്ടുകൾ പ്ലാൻ ചെയ്യുമ്പോഴും, വീട് റിപ്പയറിംഗിന് സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അതൊക്കെ നടപ്പാക്കുമ്പോഴുമൊക്കെ അതിയായ സന്തോഷമായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ ഒരുപാട് മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണപരിപാടികളും വാർഡിൽ നടത്തിയപ്പോൾ ഒരു വലിയ ക്യാൻവാസ് ഒരു ആർട്ടിസ്റ്റിന് കിട്ടിയ പ്രതീതിയായിരുന്നു.
പല ഡിപ്പാർട്ടുമെന്റുകളിലേക്കും പല ആവശ്യങ്ങൾക്കായി വിളിക്കേണ്ടിവരുമ്പോഴും ഞാൻ പറയാറുണ്ട്, എന്റെ തിരക്കിനിടയ്ക്ക് വിളിക്കുന്നതാണ്, ഫോൺ എടുക്കാതിരിക്കരുത് എന്ന്. അതിനും വലിയ റെസ്‌പോൺസ് ആയിരുന്നു. വാർഡിൽ ഒരു മരണമോ വിവാഹമോ ഉണ്ടായാൽ അവിടെയെല്ലാം പോകാൻ ഞാൻ ശ്രമിക്കാറുണ്ട്. ഓരോ ഭാഗത്ത് പോകുമ്പോഴും ആ ഭാഗത്തെ പ്രവർത്തകരെ വിളിച്ചാൽ അവർ കൂടെ വരും. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായ പ്രദേശത്ത് മുട്ടോളം വെള്ളത്തിൽ വീടുകൾ സന്ദർശിച്ച് ജനങ്ങളെ ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തപ്പോൾ എന്നെ ഒരു കൗൺസിലറാക്കിയതിന് ഞാൻ ദൈവത്തിനോട് നന്ദിപറഞ്ഞു. കൊറോണ സമയത്ത് 24 x 7 ഡോക്ടറുള്ള ഒരു വാർഡായിരുന്നു എന്റേത്. എല്ലാ പരിപാടികൾക്കും പോകാൻ തുടങ്ങിയപ്പോൾ ഞാനൊരു ഡോക്ടറായതുകൊണ്ടുള്ള അകൽച്ച മാറി.
മെഡിക്കൽ കോളജ് വരുന്നതിനുമുമ്പ് ആ വാർഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ഒരു 'ജനകീയ ഡോക്ടർ' ആയിരുന്നു എന്റെ അച്ഛൻ. ഞാൻ പലവീടുകളിലും പോകുമ്പോൾ അവരെന്നെ ഒരു കൗൺസിലറായി അല്ല, നമ്മുടെ ശ്രീധരൻ ഡോക്ടറുടെ മകൾ എന്നാണ് പറയുന്നത്. ആ സ്‌നേഹം അനുഭവിക്കാൻ പറ്റിയത് ഒരു വലിയ കാര്യമായാണ് എനിക്ക് തോന്നിയത്. 5 വർഷം കഴിഞ്ഞ് ഞാൻ എന്റെ പോസ്റ്റിൽ നിന്നിറങ്ങുമ്പോൾ എനിക്ക് പുതിയ ഒരു വലിയ കുടുംബം ഉണ്ടായ ഒരു ഫീലിംങ് ആണ് ഉള്ളത്.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത 5 വർഷമായിരുന്നു അത്. ഒരുപാട് ബുദ്ധിമുട്ടുകൾ മാത്രമല്ല, സന്തോഷങ്ങളും സ്‌നേഹവും തന്ന വർഷങ്ങളായിരുന്നു അത്. ജനപ്രതിനിധി ആയാൽ ഒരു ഡോക്ടർക്ക് എത്രമാത്രം കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് എനിക്ക് മനസ്സിലായി. ഇത് വായിക്കുന്ന ഓരോ ഡോക്ടർമാരും ഇത്തരം അവസരങ്ങൾ കിട്ടിയാൽ നിരസിക്കരുത് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടി ചേർക്കട്ടെ.
READ: ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി
മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…
കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…
കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

