ഹാന്റ വൈറസ്

ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രത്തിലുള്ള എം വി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗബാധയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഹാന്‍റ വൈറസിനെക്കുറിച്ച് ലോകം ആശങ്കയിലായത്. എന്താണ് ഹാന്റ വൈറസ്, എങ്ങനെയാണ് രോഗം ഭീഷണിയാകുന്നത്?- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സ്മിത മേനോൻ എഴുതിയ ലേഖനം.

1950-ലെ കൊറിയൻ യുദ്ധക്കളം. ഹന്താൻ നദിക്കരയോടു ചുറ്റുമുള്ള ട്രഞ്ചുകളിൽ ഐക്യരാഷ്ട്രസഭ സൈനികർക്കിടയിൽ ഒരു അജ്ഞാതരോഗം നിശ്ശബ്ദമായി പടർന്നുതുടങ്ങി. പനി, തുടർന്ന് വൃക്കകളുടെ പ്രവർത്തന തകർച്ച (Acute Renal Failure), രക്താണുക്കളുടെ അസ്വാഭാവിക കുറവ് (Thrombocytopenia), ശരീരത്തിൽ അനിയന്ത്രിത രക്തസ്രാവം (Haemorrhage) - ഇങ്ങനെയൊരു ക്ലിനിക്കൽ ചിത്രം ഡോക്ടർമാർ ആദ്യമായി കാണുകയായിരുന്നു. 'കൊറിയൻ ഹെമറേജിക് ഫീവർ' (Korean Haemorrhagic Fever) എന്ന് പേരിട്ടെങ്കിലും രോഗകാരണം രഹസ്യമായി തുടർന്നു.

1978-ൽ ഡോ. ഹോ വാങ് ലീ (Ho Wang Lee) ഈ രോഗത്തിന്റെ ഉത്തരവാദിയായ RNA വൈറസിനെ ആദ്യമായി വേർതിരിച്ചെടുത്തു. ഗവേഷണം നടന്ന ആ നദിയുടെ പേരിൽ - 'ഹന്താൻ വൈറസ്' (Hantaan Virus, NTNV) - ഇത് ചരിത്രത്തിൽ ഇടം നേടി. Bunyaviridae കുടുംബത്തിൽപ്പെടുന്ന ഈ സിംഗിൾ സ്ട്രാൻഡഡ് (single-stranded RNA) വൈറസ് ആണ് ഇന്ന് 'ഹാന്റ വൈറസ്' (Hantavirus) എന്നറിയപ്പെടുന്ന വൈറസ് ജന്യരോഗത്തിന്റെ തുടക്കം.

മൂവായിരത്തോളം യു.എൻ സൈനികരെ ബാധിച്ച ഈ വൈറസ് ആദ്യമായി ശാസ്ത്രീയമായി തിരിച്ചറിഞ്ഞത് 1978-ൽ ഹോ വാങ് ലീയും (Ho Wang Lee) സഹപ്രവർത്തകരും ചേർന്നാണ്. യുദ്ധം നടന്ന ഹന്താൻ നദിയുടെ (Hantan River) പേരിൽ 'ഹന്താൻ വൈറസ്' (Hantaan Virus) എന്നു പേരിട്ട ഈ കണ്ടെത്തൽ, രോഗഗവേഷണചരിത്രത്തിലെ ഒരു നിർണ്ണായക അധ്യായമായി.

യുദ്ധക്കളത്തിൽ പിറന്ന കണ്ടെത്തൽ

1950 ജൂൺ 25-ന് ആരംഭിച്ച് 1953 ജൂലൈ 27 വരെ നീണ്ട കൊറിയൻ യുദ്ധം ചരിത്രത്തിൽ ഒരു വൈറസ് കണ്ടെത്തലിലൂടെ കൂടി ഓർക്കപ്പെടുന്നു. ഹന്താൻ നദിക്കരയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ട്രഞ്ചുകളിലും കാടുകളിലും ദിവസങ്ങളോളം കഴിഞ്ഞ സൈനികർ, എലികളുടെ ഉണങ്ങിയ സ്രവങ്ങൾ വായുവിൽ കലർന്ന് ശ്വസിച്ചതിലൂടെ ഈ രോഗത്തിനിരകളായി.

ഹന്താൻ വൈറസ് (HTNV) ആദ്യ ഔദ്യോഗിക ഹാന്റ വൈറസ് ആയി സ്ഥിരീകരിക്കപ്പെട്ടതോടെ ഗവേഷകർ ലോകത്ത് ഇതേ കുടുംബത്തിൽപ്പെട്ട നിരവധി വൈറസ് വകഭേദങ്ങൾ കണ്ടെത്തി. ഇന്ന് ഇവ ഓൾഡ് വേൾഡ് (Old World), ന്യൂ വേൾഡ് (New World) എന്നി ങ്ങനെ രണ്ടായി തരംതിരിച്ചു.

1978-ൽ ഡോ. ഹോ വാങ് ലീ (Ho Wang Lee) ഹന്താൻ വൈറസ് രോഗത്തിന്റെ ഉത്തരവാദിയായ RNA വൈറസിനെ ആദ്യമായി വേർതിരിച്ചെടുത്തു.
1978-ൽ ഡോ. ഹോ വാങ് ലീ (Ho Wang Lee) ഹന്താൻ വൈറസ് രോഗത്തിന്റെ ഉത്തരവാദിയായ RNA വൈറസിനെ ആദ്യമായി വേർതിരിച്ചെടുത്തു.

വൈറസ് ഇനങ്ങൾ

യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്ന ഓൾഡ് വേൾഡ് ഹാന്റ വൈറസുകൾ - ഹന്താൻ, പൂമല, ഡോബ്രാവ, സിയോൾ - പ്രധാനമായും വൃക്കകളെ ബാധിക്കുന്ന HFRS (Hemorrhagic Fever with Renal Syndrome) ഉണ്ടാക്കുന്നവയാണ്. ഇവയുടെ മരണനിരക്ക് 1-15% വരെ ആണ്.

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ന്യൂ വേൾഡ് വൈറസുകൾ - സിൻ നോംബ്രെ, ആൻഡീസ് - ശ്വസകോശത്തെ ആക്രമിക്കുന്ന HCPS (Hantavirus Cardiopulmonary Syndrome) ഉണ്ടാക്കുന്നവയാണ്. ഇവയാണ് ഏറ്റവും മാരകം; മരണനിരക്ക് 35 മുതൽ 40 ശതമാനം വരെ.

തെക്കേ അമേരിക്കയിൽ കാണുന്ന ആൻഡീസ് വൈറസ് (Andes Virus) മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുള്ള വൈറസ് വകഭേദമാണ്. ആരോഗ്യപ്രവർത്തകർക്കും കുടും ബാംഗങ്ങൾക്കും ഇത് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

എങ്ങനെ പകരുന്നു?

ഹാന്റ വൈറസ് പ്രധാനമായും പകരുന്നത് രോഗബാധിതരായ എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ എന്നിവ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുന്നതിലൂടെ ആണ്. ആ വായു ശ്വസിക്കുന്ന ആളുകൾക്ക് അണുബാധ ഉണ്ടാകും.

തണുപ്പും ഈർപ്പവും ഉള്ള ഇടങ്ങളിൽ ഈ വൈറസ് ആഴ്ചകളോളം ജീവനോടെ നിൽക്കും.

ഏറ്റവും അപകടകരമായ ഘടകങ്ങൾ

എലികൾ നിറഞ്ഞ കെട്ടിടങ്ങൾ, തൊഴുത്തുകൾ, കൃഷിയിടങ്ങൾ മാസ്‌ക് ഇല്ലാതെ ശുചീകരണം, വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ ജോലിചെയ്യുക, എലിയുടെ വിസർജ്യം നേരിട്ട് തൊടുക, കൈ കഴുകാതെ മുഖത്ത് സ്പർശിക്കുക, അപൂർവ്വമായി എലിയുടെ കടിയേൽക്കുക, വൈറസ് കലർന്ന ഭക്ഷണം കഴിക്കുക എന്നീ അവസ്ഥകളിലും കൃഷിപ്പണിക്കാർ, വനമേഖലയിൽ ജോലിചെയ്യുന്നവർ, ലബോറട്ടറി ജീവനക്കാർ, പഴയ കെട്ടിടങ്ങൾ ശുചീകരിക്കുന്നവർ എന്നിവർക്കും ഈ വൈറസ് ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുണ്ട്.

ഹന്താൻ വൈറസ് (Hantaan Virus)
ഹന്താൻ വൈറസ് (Hantaan Virus)

രോഗലക്ഷണങ്ങൾ

വൃക്കകളെ ബാധിക്കുന്ന തരം (HFRS) രോഗം അഞ്ച് ഘട്ടങ്ങളിലായി പ്രകടമാകുന്നു.

  • ആദ്യഘട്ടം: കടുത്ത പനി, തലവേദന, പേശിവേദന, കണ്ണ് ചുവക്കൽ, കാഴ്ചമങ്ങൽ.

  • രണ്ടാം ഘട്ടം: പനി കുറഞ്ഞശേഷം രക്തസമ്മർദ്ദം പൊടുന്നനെ താഴ്ന്ന് ഷോക്ക് - (ഏറ്റവും അപകടകരം).

  • മൂന്നാം ഘട്ടം: മൂത്രത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരുന്ന വൃക്ക തകരാർ , ശ്വാസകോശത്തിൽ നീർക്കെട്ട്, ആന്തരിക രക്തസ്രാവം.

  • നാലാം ഘട്ടം: അമിതമായ മൂത്രം.

  • അഞ്ചാം ഘട്ടം: മാസങ്ങൾ നീണ്ട വിശ്രമത്തിൽ പൂർണ്ണസുഖം.

ശ്വാസകോശത്തെ ബാധിക്കുന്ന തരം (HCPS) ഹാന്റ വൈറസ്

തുടക്കത്തിൽ സാധാരണ പനിപോലെ ആരംഭിക്കുന്നു - കടുത്ത പേശിവേദന, ഛർദ്ദി, വയറുവേദന എന്നിവ ലക്ഷണങ്ങളാണ്.

എന്നാൽ രോഗത്തിന്റെ തീവ്രത നിർണ്ണായകമാണ്. അഞ്ച് ദിവസത്തിനുള്ളിൽ അകാരണമായി ശ്വാസോച്ഛ്വാസം വർദ്ധിക്കുന്നു. ഹൃദയമിടിപ്പ് കുറയു കയും രക്തസമ്മർദ്ദം ഗണ്യമായി കുറയുകയും ചെയ്താൽ, ജീവൻ അപകടത്തിൽ ആയേക്കാം.

പനിയ്‌ക്കൊപ്പം പേശിവേദന, കൂടാതെ ശ്വാസംമുട്ടൽ അല്ലെങ്കിൽ മൂത്രക്കുറവ് ഉണ്ടെങ്കിൽ, ഉടനടി വിദഗ്ദ്ധ പരിശോധന ആവശ്യമുണ്ട്.

ആഗോളവ്യാപനം

ചൈന മുതൽ ലാറ്റിനമേരിക്ക വരെ ആഗോളതലത്തിൽ പ്രതിവർഷം ഏകദേശം രണ്ടു ലക്ഷം HFRS കേസുകളും ആയിരക്കണക്കിന് HCPS കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ലോകത്തെ 90% കേസുകളും ചൈനയിൽനിന്നാണ്. റഷ്യ, വടക്കൻ യൂറോപ്പ്, ബാൽക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ HFRS ആണ് മുന്നിൽ.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ശ്വാസകോശബാധ (HCPS) ആണ് കൂടുതൽ. ചില വകഭേദങ്ങളിൽ മരണനിരക്ക് 70 ശതമാനത്തിലേറെയാണ്. ഇതിനു വിപരീതമായി വടക്കൻ യൂറോപ്പിലെ പ്യൂമല വൈറസ് ബാധയിൽ ഇത് 0.5 ശതമാനത്തിൽ താഴെയാണ്.

കാലാവസ്ഥാ വ്യതിയാനവും എലികളുടെ പെരുപ്പവും ഈ രോഗ്യവ്യാപനത്തിന് ആക്കം കൂട്ടുന്നു.

ഇന്ത്യയിലും കേരളത്തിലും നിശ്ശബ്ദഭീഷണി

ഇന്ത്യയിൽ പ്രധാനമായും 'തോട്ടപ്പാളയം' വൈറസ് (Thottapalayam Virus) ആണ് കണ്ടെത്തിയിരുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത് സൻകസ് (Suncus murinus) എന്ന ജീവിയിൽ (House Shrew) ആണ് കൂടുതലും കണ്ടെത്തുന്നത്; ഇവ മൂഷിക കുടുംബത്തിൽ ഉൾപ്പെടുന്നവ അല്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ രക്തപരിശോധനകളിൽ 8% ആളുകൾക്ക് ഈ വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. അതായത്, ഈ അണുബാധ ഉണ്ടായിട്ടും സ്ഥിരീകരിക്കപ്പെടാതെ പോയിട്ടുണ്ട് എന്നർത്ഥം.

എലിപ്പനി (Leptospirosis) വ്യാപകമായ കേരളത്തിൽ ഹാന്റ വൈറസ് അണുബാധ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ മുൻപ് നടത്തിയ പഠനങ്ങളിൽ രോഗികളിൽ ഹാന്റ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രത്യേക രോഗനിർണ്ണയ കിറ്റുകളുടെ കുറവ് മൂലം പല കേസുകളും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

രോഗനിർണ്ണയം

ഹാന്റ വൈറസ് ബാധ പ്രധാനമായും ലബോറട്ടറി പരിശോധനകളിലൂടെ ആണ് തിരിച്ചറിയുന്നത്.

  • പനിയുടെ ആദ്യ 7 ദിവസം: RT-PCR പരിശോധന. (വൈറസിനെ നേരിട്ട് കണ്ടെത്തൽ).

  • 5 ദിവസം കഴിഞ്ഞ്: എലിസ ടെസ്റ്റ് (ആന്റിബോഡി കണ്ടെത്തൽ).

  • രക്തപരിശോധന: പ്ലേറ്റ്‌ലെറ്റ് കുറവ്, ഹീമോഗ്ലോബിൻ സാന്ദ്രത വർദ്ധനവ്.

  • എച്ച് സി പി എസ് (HCPS): എക്‌സ്‌റേയിൽ, ശ്വാസകോശത്തിൽ ദ്രാവകം നിറയുക.

  • എച്ച് എഫ് ആർ എസ് (HFRS):- സിടി സ്‌കാനിൽ വൃക്കയിൽ നീർക്കെട്ട്

ചികിത്സ

ഹാന്റ വൈറസ് ബാധയ്ക്ക് ഇതുവരെ ആഗോളതലത്തിൽ അംഗീകൃതമായ പ്രത്യേക ആന്റി വൈറൽ മരുന്ന് നിലവിലില്ല. അതിനാൽ ചികിത്സ പ്രധാനമായും രോഗത്തിന്റെ തരവും ലക്ഷ ണങ്ങളുടെ ഗൗരവാനുസരണം ആണ്. HFRS (Hemorrhagic Fever with Renal Syndrome) ബാധിതരായ രോഗികൾക്ക് 'റിബാവൈറിൻ' എന്ന ആന്റിവൈറൽ മരുന്ന് ആദ്യഘട്ടത്തിൽ നൽകുന്നത് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നു.

HCPS (Hantavirus Cardiopulmonary Syndrome) ബാധിതരായ രോഗികൾക്ക് വെന്റിലേറ്ററും എക്‌മോയും (ECMO -Extra Corporeal Membrane Oxygenation) ആവശ്യമാണ്. വൃക്കതകരാർ സംഭവിച്ചാൽ ഡയാലിസിസ് നൽകുന്നു. ശരീരത്തിലെ പ്ലാസ്മ യുടെ ലവണ സന്തുലിതാവസ്ഥ കൃത്യമായി നിലനിർത്തുന്നത് ജീവൻരക്ഷയുടെ പ്രധാന ഘടകമാണ്. ECMO ചികിത്സ ലഭ്യമായ ആധുനിക കേന്ദ്രങ്ങളിൽ HCPS ബാധിതരിൽ 75% ജീവൻരക്ഷ സാധ്യമാവും.

ഹാന്റ വൈറസ് മൂലമുണ്ടാകുന്ന 'ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം' (HFRS) എന്ന രോഗം തടയുന്നതിനായി ചൈനയും ദക്ഷിണകൊറിയയും വാക്‌സിനുകൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ചൈനയിൽ പ്രധാനമായും ഉപയോഗിക്കുന്നത് 'ഇനാക്ടിവേറ്റഡ്' (Inactivated) വാക്‌സിനുകളാണ്. ഹാന്റ വാക്സ് (Hantavax) എന്നത് ഇത്തരത്തിൽ ദക്ഷിണ കൊറിയയിലും ചൈനയിലും പ്രചാരത്തിലുള്ള ഒരു വാക്‌സിനാണ്. ഈ വാക്‌സിനുകൾ രോഗ ബാധ തടയാൻ സഹായിക്കുമെങ്കിലും, ഇവയ്ക്ക് അന്താരാഷ്ട്രതലത്തിൽ (Eg:US FDA) ഇതുവരെ വ്യാപകമായ അംഗീകാരം ലഭിച്ചിട്ടില്ല. ഇവയുടെ പ്രതിരോധശേഷി നിലനിർത്താൻ നിശ്ചിത ഇടവേളകളിൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ചൈനയിലെ രോഗസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ (Endemic areas) വസിക്കുന്നവർക്കും അവിടെ ജോലി ചെയ്യുന്നവർക്കും ഈ വാക്‌സിൻ നൽകിവരുന്നുണ്ട്.

വാക്‌സിൻ വികാസത്തിനായി, mRNA സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള അത്യാധുനിക ഗവേഷണങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുന്നു.

എങ്ങനെ പ്രതിരോധിക്കാം?

  • എലികൾ കയറാൻ സാധ്യതയുള്ള വിടവുകൾ അടയ്ക്കുക, ഭക്ഷണം സുരക്ഷിതമായി സൂക്ഷി ക്കുക, പഴയ കെട്ടിടങ്ങൾ, തൊഴു ത്ത്, കൃഷിയിടം ശുചീകരിക്കു മ്പോൾ N95 മാസ്‌ക് ധരിക്കണം.

  • ഉണങ്ങിയ നിലം അടിച്ചുവാരുന്നതിന് പകരം ബ്ലീച്ചിംഗ് ലായനി തളിച്ച് നനച്ചശേഷം തുടക്കുക.

  • കൃഷി, നിർമ്മാണം, ശുചീകരണ ജോലിക്കാർ - കയ്യുറ, ബൂട്ട്, മാസ്‌ക് നിർബന്ധം.

  • ഹാന്റ വൈറസ് കേസ് ഉണ്ടെങ്കിൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കുക.

  • ആൻഡിസ് വൈറസ് ബാധിതരെ ചികിത്സിക്കുമ്പോൾ N95 മാസ്‌ക്, ഗൗൺ, നെഗറ്റീവ് പ്രഷർ ഐസൊലേഷൻ മുറി എന്നിവ ഒരുക്കണം.

ഹാന്റ വൈറസ് നിശ്ശബ്ദ ഭീഷണിയാണ് - കാണാൻ കഴിയാത്തതും, എന്നാൽ അവഗണിക്കാൻ കഴിയാത്തതുമായ ഒന്ന്. എലികളും മറ്റ് കരണ്ടു തിന്നുന്ന ജീവികളും പകർത്തുന്ന ഈ വൈറസ് ലോകമെമ്പാടും ഗുരുതരമായ രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഭയം കൊണ്ടല്ല, നാം ഇതിനെ നേരിടേണ്ടത്. കൃത്യസമയത്ത് തിരിച്ചറിയുന്നത് രോഗിയുടെ ജീവൻ രക്ഷിക്കുകയും ശ്രദ്ധയോടെ ഉള്ള ചികിത്സ രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും.

ലളിതമായ പ്രതിരോധ മുൻകരുതലുകൾ

വീടുകൾ വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം മൂടിവെക്കുക, എലികളുടെ സാന്നിധ്യം തടയുക - ഇവകൊണ്ട് രോഗം പ്രതിരോധിക്കുവാൻ കഴിയും. ഒരു സമൂഹം എന്നനിലയ്ക്ക്, ഓരോ വ്യക്തിയും ഈ മൂന്ന് ആയുധങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ മാത്രമേ ഹാന്റ വൈറസ് എന്ന ഭീഷണിയെ നാം യഥാർത്ഥത്തിൽ തോൽപ്പിക്കുന്നുള്ളൂ.

READ: ‘മറക്കാനാവാത്ത രോഗി’:
ഒപ്പമുണ്ട്‌…

ബ്രെയിൻട്യൂമർ: അറിഞ്ഞിരിക്കേണ്ടത്

മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്: നാഡീവ്യവസ്ഥക്കെതിരെ
മറഞ്ഞിരിക്കുന്ന വെല്ലുവിളി

സ്‌ട്രോക്കിനെതിരായ
പ്രതിരോധം
സാമൂഹികാവശ്യമാണ്

തലവേദനയെക്കുറിച്ച്…

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments