ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

‘‘അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ നൽകുന്ന ഫലപ്രദമായ ചികിത്സ രോഗിയുടെ അവസ്ഥയിൽ വലിയ പുരോഗതിയുണ്ടാക്കും. ആദ്യ പത്ത് മിനിറ്റിനുള്ളിൽ നൽകുന്ന കൃത്യമായ പരിചരണം രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയും ചികിത്സാഫലവും ഇരട്ടിയാക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വിവേക് ആർ. എഴുതിയ ലേഖനം.

മ്മെ ചിരിയിൽ കൂടി ചിന്തിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ, ഈ ​ജീവിതം സുന്ദരസുരഭില മാണ്. എന്നാൽ അത് പലപ്പോഴും ഒരു നൂൽപ്പാലത്തിലൂടെയുള്ള യാത്രയുമാണ്. ഒരു നിമിഷത്തെ അശ്രദ്ധയോ, വിട്ടുപോയ ഒരു മുൻകരുതലോ മതിയാകും നമ്മുടെ പ്രിയപ്പെട്ടവരുടെ ചിരി ഇല്ലാതാകാൻ. വൈദ്യശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ ഇന്ന് മരണത്തെ പലപ്പോഴും തോൽപ്പിക്കാറുണ്ട്, എങ്കിലും 'ചികിത്സയേക്കാൾ ഉത്തമം പ്രതിരോധമാണ്' എന്ന സത്യം ഏറ്റവും കൂടുതൽ അന്വർത്ഥമാകുന്നത് Trauma (ട്രോമ - ആഘാതങ്ങൾ) പ്രതിരോധത്തി ന്റെ കാര്യത്തിലാണ്.

​എന്താണ് ട്രോമ?

അപ്രതീക്ഷിതമായി ശരീരത്തിനും മനസ്സിനും ഏൽക്കുന്ന ആഘാതങ്ങളെയാണ് നാം 'ട്രോമ' എന്ന് വിളിക്കുന്നത്. റോഡിലെ അപകടം മുതൽ വീടിനുള്ളിലെ വീഴ്ച വരെ ഇതിൽ ഉൾപ്പെടും. വൈകല്യങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കുന്ന ഇത്തരം അപകടങ്ങളെ വെറും 'വിധി' എന്ന് പറഞ്ഞ് തള്ളിക്കളയാൻ നമുക്കാവില്ല; കാരണം ഇവയിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നവയാണ്.

സുവർണ്ണ മണിക്കൂർ & പ്ലാറ്റിനം നിമിഷങ്ങൾ (ഗോൾഡൻ അവർ & പ്ലാറ്റിനം മിനിറ്റ്സ്):

ഏതൊരു അപകടബാധിതരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് അവർക്ക് ലഭിക്കുന്ന പ്രാഥമിക ശുശ്രൂഷ എത്രത്തോളം ഫലപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കും, പ്രത്യേകിച്ച് അപകടം നടന്ന സ്ഥലത്തുവെച്ച് നൽകുന്ന പരിചരണം. അപകടം നടന്ന് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ (Golden Hour) നൽകുന്ന ഫലപ്രദമായ ചികിത്സ രോഗിയുടെ അവസ്ഥയിൽ വലിയ പുരോഗതിയുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ പുതിയ മുന്നേറ്റങ്ങളോടെ 'പ്ലാറ്റിനം മിനിറ്റുകൾ' (Platinum Minutes) എന്ന ആശയം നിലവിൽ വന്നു. അതായത്, അപകടം നടന്ന ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ നൽകുന്ന കൃത്യമായ പരിചരണം രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയും ചികിത്സാഫലവും ഇരട്ടിയാക്കുന്നു.

​ഗോൾഡൻ അവർ
(Golden Hour)

  • ആദ്യത്തെ ഒരു മണിക്കൂറിലെ ചികിത്സ രോഗമുക്തി വേഗത്തിലാക്കുന്നു.

​പ്ലാറ്റിനം മിനിറ്റുകൾ
(Platinum Minutes)

  • ആദ്യ പത്ത് മിനിറ്റിലെ ഇടപെടൽ ഏറ്റവും മികച്ച ഫലം നൽകുന്നു.

​ട്രൈമോഡൽ ഡെത്ത് ഡിസ്ട്രിബ്യൂഷൻ
(Trimodal Death Distribution)

  • അപകടം സംഭവിച്ച ഒരു വ്യക്തിയുടെ മരണം എപ്പോൾ സംഭവിക്കാം എന്നതിനെ അടി സ്ഥാനമാക്കി വൈദ്യശാസ്ത്രം അതിനെ മൂന്ന് പ്രധാന ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിനെയാണ് ടി.ഡി.ഡി (TDD) എന്ന് വിളി ക്കുന്നത്. ഓരോ ഘട്ടത്തിലും നൽ കുന്ന ചികിത്സാ രീതികൾ മരണ നിരക്ക് കുറയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.

​1. ഒന്നാം ഘട്ടം:

ഉടനടിയുള്ള മരണം (Immediate Deaths) അപകടം നടന്ന നിമിഷം മുതൽ മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുന്ന മരണങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.

കാരണങ്ങൾ:

തലച്ചോറിനേൽക്കുന്ന ഗുരുത രമായ പരിക്കുകൾ, നട്ടെല്ലിന്റെ മുകൾ ഭാഗത്തെ തകരാറുകൾ, ഹൃദയത്തിനോ പ്രധാന രക്തക്കുഴലുകൾക്കോ (Aorta) സംഭവിക്കുന്ന മുറിവുകൾ.

ആദ്യത്തെ ഒരു മണിക്കൂറിലെ ചികിത്സ രോഗമുക്തി വേഗത്തിലാക്കുന്നു.
ആദ്യത്തെ ഒരു മണിക്കൂറിലെ ചികിത്സ രോഗമുക്തി വേഗത്തിലാക്കുന്നു.

പരിഹാരം:

ഇത്തരം മരണങ്ങൾ ചികിത്സയിലൂടെ തടയുക പ്രയാസമാണ്. റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കുക, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലൂടെ മാത്രമേ ഈ ഘട്ടത്തിലെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കൂ.

​2. രണ്ടാം ഘട്ടം

ആദ്യ മണിക്കൂറുകളിലെ മരണം (Early Deaths) അപകടം നടന്ന് ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ (Golden Hour) സംഭവിക്കുന്ന മരണങ്ങളാണിവ.

കാരണങ്ങൾ:

ശ്വാസകോശത്തിന് ചുറ്റും രക്തമോ വായുവോ നിറയുക (Tension pneumothorax), ആന്ത രിക രക്തസ്രാവം (Ruptured spleen/liver), തലയ്ക്കുള്ളിലെ രക്തസ്രാവം (Intracranial haemmorrhage).

​പരിഹാരം:

ഈ ഘട്ടത്തിലാണ് 'ഗോൾഡൻ അവർ' (Golden Hour) എന്ന സങ്കൽപ്പത്തിന് പ്രാധാന്യമുള്ളത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ദ്ധ ചികിത്സ നൽകുകയും ചെയ്താൽ ഈ വിഭാഗത്തിലെ ഒട്ടുമിക്ക മരണങ്ങളും ഒഴിവാക്കാവുന്നതാണ്.

​3. മൂന്നാം ഘട്ടം

വൈകിയുള്ള മരണം (Late Deaths) ​അപകടം നടന്ന് ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷം സംഭവിക്കുന്ന മരണങ്ങളാണിവ. ഇവ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ ഇരിക്കുമ്പോഴാണ് സംഭവിക്കാറ്.

കാരണങ്ങൾ:

സെപ്സിസ് (രക്തത്തിലെ അണുബാധ), മൾട്ടിപ്പിൾ ഓർ ഗൻ ഫെയിലിയർ (വിവിധ അവ യവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക).

പരിഹാരം:

അപകടം നടന്ന ഉടനെ നൽകുന്ന മികച്ച പരിചരണവും, ഐ.സി.യു-വിൽ നൽകുന്ന ഗുണനിലവാരമുള്ള ചികിത്സയും വഴി ഇത്തരം മരണങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാം.

നമുക്ക് എന്തുചെയ്യാൻ കഴിയും?

പലപ്പോഴും നിയമത്തിന്റെ നൂലമാലകൾ, എന്തു ചെയ്യണമെന്ന അറിവില്ലായ്മ ഉൾപ്പടെയുള്ള കാരണങ്ങളാൽ ജനങ്ങൾ ഒരു അപകടം നടന്നാൽ ഇടപെടാതെ മാറിനിൽക്കാറുണ്ട്. അത് കൂടാതെ പലപ്പോഴും തെറ്റായ രീതിയിൽ രോഗിയെ എടുക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകയും ചെയ്യാറുണ്ട്. ഈ അശാസ്ത്രീയ ഇടപെടലുകൾ രോഗിക്ക് കൂടുതൽ ദോഷം ചെയ്യും.

​1) പാതയോരത്തെ കാവലാളാകാം
(Road Safety):

വാഹനമോടിക്കുമ്പോൾ നാം ധരിക്കുന്ന ഹെൽമറ്റും സീറ്റ് ബെൽറ്റും നിയമത്തോടുള്ള പേടിയല്ല, മറിച്ച് ജീവിതത്തോടുള്ള സ്നേഹമാകണം. ഓരോ ഹെൽമറ്റിനുള്ളിലും സുരക്ഷിതമായിരിക്കുന്നത് ഒരു വ്യക്തി മാത്രമല്ല, ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ കൂടിയാണ്. അമിതവേഗതയിൽ പായുമ്പോൾ ഓർക്കുക, നിമിഷങ്ങൾ ലാഭിക്കാനായി നാം പണ യം വെക്കുന്നത് ആയുസ്സാണ്.നിയമങ്ങൾ അടിച്ചേല്പിക്കപെടാനുള്ളതല്ല മറിച്ചു പാലിക്കപ്പെടാനുള്ളതാണ്.

2). വീട് സുരക്ഷിത ഇടമാകട്ടെ
(Home Safety)

നമ്മുടെ വീടിനുള്ളിൽ നാം സുരക്ഷിതരാണെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. എന്നാൽ വഴുക്കുന്ന തറകളും, വെളിച്ചമില്ലാത്ത ഇടനാഴികളും മുതിർന്നവർ ക്കും കുട്ടികൾക്കും ഭീഷണിയാകാറുണ്ട്. ബാത്ത്റൂമുകളിൽ കൈപ്പിടിയ്ക്കായി സ്റ്റീൽ കമ്പി ഘടിപ്പിക്കുന്നതും, ഇരുട്ടിൽ തപ്പിത്തടയാതെ നടക്കാൻ വെളിച്ചം ഉറപ്പാക്കുന്നതും വലിയ വീഴ്ചകളെ തടയാൻ സഹായിക്കും. ഇലക്ട്രിക് ഷോക്ക് അടിക്കാതിരിക്കാനുള്ള മുൻകരുതലുകളും നമ്മെ സുരക്ഷിതരാക്കും.

​3) പ്രഥമശുശ്രൂഷ:
കരുണയുള്ള കൈകൾ (First Aid)

അപകടം നടന്നാലുടൻ പരിഭ്രമിച്ച് നോക്കിനിൽക്കാതെ, ശാസ്ത്രീയമായ രീതിയിൽ ഇടപെടാൻ നമുക്ക് കഴിയണം. മുറിവിൽ അമർത്തിപ്പിടിച്ച് രക്തപ്രവാഹം തടയുന്നതും, കഴുത്തിന് ഇളക്കം തട്ടാതെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതും ആ വ്യക്തിക്ക് നൽകാവുന്ന ഏറ്റവും നല്ല പരിചരണമാണ്.

സന്ദർഭോചിത ഇടപെടൽ:

അപകടം പറ്റി ഒരാൾ എത്തുമ്പോൾ, സമചിത്തതയോടെയുള്ള പ്രാഥമിക പരിചരണം (Stabilization) ആ വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതിൽ പകുതി പങ്കുവഹിക്കുന്നു.

ട്രോമ പ്രതിരോധം എന്നത് ഒരു സിദ്ധാന്തമല്ല, മറിച്ച് ഒരു ജീവിതചര്യയാണ്. നിയമങ്ങളോടുള്ള ബഹുമാനവും സഹജീവിയോടുള്ള കരുതലുമാണ് ഇതിന്റെ അടിസ്ഥാനം. ട്രോമ ഉണ്ടാകാതെ ഇരിക്കാനുള്ള മുൻകരുതലും ട്രോമ ഉണ്ടായാൽ ശാസ്ത്രീയമായ രീതീൽ ഇടപെടാനും നമുക്ക് കഴിയണം. ഇത് ബോധവത്കരണത്തിൽ കൂടി മാത്രമേ സാധിക്കുകയുള്ളു. സുരക്ഷിതമായ ഒരു നാളെയെ നമുക്ക് ഉത്തരവാദിത്തത്തോടെ വരവേൽക്കാം.

READ: ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: dr vivek r writes about golden hour in a accident Article for Indian Medical Association Nammude Arogyam Magazine


ഡോ. വിവേക് ആർ.

HoD & സീനിയർ കൺസൾട്ടന്റ്, എമർജൻസി ആന്റ് ട്രോമ കെയർ ഡിപ്പാർട്ടുമെന്റ്, കാരിത്താസ് ഹോസ്പിറ്റൽസ് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്.

Comments