എലിപ്പനി:
ഒളിച്ചിരിക്കുന്ന
വെല്ലുവിളികള്‍

‘‘കേരളത്തിൽ 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 5 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ലാബ് പരിശോധന മുഖേന സ്ഥിരീകരിച്ച എലിപ്പനി കേസുകളുടെ എണ്ണം 3259 ആണ്. ഇതിൽ 209 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നതും മരണങ്ങളും ആശങ്കയുണ്ടാക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ചിങ്കി എം. എഴുതിയ ലേഖനം.

നുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വനനശീകരണം, നഗരവൽകരണം, കാലാവസ്ഥാവ്യതിയാനം, വന്യജീവികളുമായി വർദ്ധിച്ചുവരുന്ന സമ്പർക്കം എന്നിവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾക്ക് (zoonotic diseases) വഴിയൊരുക്കുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാന്നഭോജികൾ എന്നിവയാണ് ഇത്തരം രോഗങ്ങൾക്ക് കാരണം. ലെപ്റ്റോസ്പൈറോസിസ് (എലിപ്പനി), പേവിഷ ബാധ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് എന്നിവയെല്ലാം ഇത്തരത്തിൽ ഉള്ള മൃഗജന്യ രോഗങ്ങളാണ്.

എലിപ്പനിയുടെ പൊതുജനാരോഗ്യ പ്രാധാന്യം

മനുഷ്യരെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളിൽ 60 ശതമാനത്തിലേറെയും സൂനോട്ടിക് (zoonotic) ആണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് (leptospirosis). ലെപ്റ്റോസ്പൈറോസിസിനെ സംബന്ധിച്ച് ആഗോള തലത്തിൽ ഈ അസുഖം ബാധിക്കുന്നവരുടെ കൃത്യമായ കണക്കിന്റെ അഭാവമുണ്ട്. യു.എസ്. പൊതുജനാരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച് (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) ഓരോ വർഷവും ഏകദേശം പത്തു ലക്ഷം മില്യൺ ആളുകൾക്ക് ഈ രോഗം പിടിപെടുന്നുണ്ട്, 60000 ആളുകൾ ഇതിൽ പ്രതിവർഷം മരിക്കുന്നുമുണ്ട്.

കേരളത്തിൽ 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 5 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ലാബ് പരിശോധന മുഖേന സ്ഥിരീകരിച്ച എലിപ്പനി കേസുകളുടെ എണ്ണം 3259 ആണ്. ഇതിൽ 209 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വലിയ ശതമാനം എലിപ്പനി കേസുകളും ഈ വിധത്തിൽ ലാബ് പരിശോധന കൊണ്ട് സ്ഥിരീകരിക്കാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നുണ്ട്. മേല്പറഞ്ഞ കാലയളവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ എലിപ്പനി കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം ജില്ലയിൽ ആണ് (583). തൊട്ടുപിറകിൽ എറണാകുളം ജില്ലയാണ് (492). ഇതിൽ മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തൃശ്ശൂർ ജില്ലയിലാണ്. എലിപ്പനിക്ക് ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നതും മരണങ്ങളും ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്.

രോഗകാരണവും രോഗവാഹകരും

ഇന്ത്യയിലെ പ്രത്യേകിച്ച്, കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ഈ രോഗത്തിന്റെ വ്യാപനത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ ഇത്തരത്തിൽ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയിൽ അതിന്റെ രോഗവാഹകരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിന്റെ ഫലമായി മൃഗങ്ങളിലേക്കെത്തുകയും അവയിൽനിന്ന് പിന്നീട് മനുഷ്യരിലേക്ക് എത്തുകയും ചെയ്യുന്നു.

എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ
എലിപ്പനിക്ക് കാരണമാകുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ

മൃഗങ്ങൾക്ക് ഈ അസുഖം പിടിപെട്ടാൽ പിന്നീട് അവയ്ക്ക് ജീവിതകാലം മുഴുവൻ ഈ ബാക്റ്റീരിയയുടെ വാഹകരാകാനും മൂത്രത്തിലൂടെ പുറന്തള്ളാനും സാധിക്കും. എലി, നായ, കന്നുകാലി, പന്നി മുതലായ മൃഗങ്ങൾക്ക് ഈ അണുബാധ അവയുടെ വൃക്കകളിൽ വിട്ടുമാറാതെ നിൽക്കും. ഇവക്ക് പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. എന്നിരുന്നാലും ഇവ രോഗാണുവാഹകരായി പ്രവർത്തിക്കും. എലിപ്പനി എന്ന പേര് മൂലം, ഈ രോഗാണു എലിയുമായി സമ്പർക്കമുണ്ടായാൽ മാത്രമേ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കൂ എന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിൽ വ്യാപകമായി ഉണ്ട്. എന്നാൽ എലി മാത്രമല്ല, നമ്മൾ വീട്ടിൽ വളർത്തുന്ന നായയും പശുവുമെല്ലാം ഇതിന്റെ രോഗവാഹകരായേക്കാം എന്ന അറിവ് ഈ രോഗത്തിന്റെ പ്രതിരോധത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

രോഗപ്പകർച്ചയുടെ വഴികൾ

ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും മുറിവുകളോ വിണ്ടുകീറലോ ഉള്ള ചർമ്മത്തിലൂടെയോ വായ, മൂക്ക് എന്നിവിടങ്ങളിലെ ശ്ലേഷ്മപാളികളിലൂടെയോ (mucous membrane) ആണ്. ഇത് നേരിട്ടോ അല്ലെങ്കിൽ ഇവയുടെ വിസർജ്യം കലർന്ന മലിനജലവുമായുള്ള സമ്പർക്കത്തിലൂടെയോ ശരീരത്തിലേക്കു കടക്കാം.

ഈ കാരണം കൊണ്ടുതന്നെ ചില പ്രത്യേക ജോലി ചെയ്യുന്ന ആളുകൾക്ക് ഈ രോഗാണു പിടിപെടാൻ സാധ്യത കൂടുതലാണ്. നനവുള്ള കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർ, തോട്ടം തൊഴിലാളികൾ, വെള്ളക്കെട്ടുകളിൽ ഇറങ്ങിനിന്ന് ജോലി ചെയ്യുന്നവർ, മീൻ പിടിക്കുന്നവർ, കനാലുകളും ഓടകളും മറ്റും വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർ, പന്നി, കന്നുകാലി വളർത്തലിൽ ഏർപ്പെടുന്നവർ, അറവുശാലകളിൽ പണിയെടുക്കുന്നവർ, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ - ഇവർക്കെല്ലാം ഈ രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ഇവയ്ക്കു പുറമെ വെള്ളക്കെട്ടുകളിലും മറ്റും നീന്താനോ കനോയിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് പോലുള്ള മറ്റ് ജലവിനോദങ്ങളിൽ ഏർപ്പെടാനോ ഇറങ്ങുമ്പോഴും ഈ രോഗാണു പിടിപെടാൻ സാധ്യതയുണ്ട്. എലികൾ പെരുകുന്നതിനു കാരണമായ സാഹചര്യങ്ങളും ഈ രോഗം കാർഷികേതര സാഹചര്യങ്ങളിൽ വ്യാപിക്കാൻ കാരണമാകുന്നു. നഗരങ്ങളിലെ വൃത്തിഹീനമായ തെരുവിടങ്ങളും പൊതു ചന്തകളും ഓടകളും എലികളുടെ ആവാസകേന്ദ്രങ്ങളായി മാറുന്നു. വൃത്തിയായി പരിപാലിക്കപ്പെടാത്ത ഓടകളും മറ്റും എലിശല്യം രൂക്ഷമാക്കുകയും ചെയ്യും.

രോഗലക്ഷണങ്ങളും സങ്കീർണ്ണതകളും

ലെപ്റ്റോസ്പൈറ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുരണ്ടാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശക്തമായ ശരീരവേദനയോടും തലവേദനയോടും കൂടിയ പനിയാണ് പ്രധാനലക്ഷണം.

കടുത്ത ക്ഷീണം, പേശിവേദന, നടുവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ലെപ്റ്റോസ്പൈറോസിസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിന്റെ പ്രവർത്തങ്ങളെയാണ്. എലിപ്പനിയുടെ മറ്റൊരു പ്രത്യേകത ഈ അസുഖം വളരെ വേഗം മൂർച്ഛിച്ചു സങ്കീർണ്ണതകളിലേക്ക്‌ പോകാൻ സാധ്യതയുണ്ട് എന്നതാണ്.

വീൽസ് സിൻഡ്രോം (weil's syndrome), ഉയർന്ന മരണനിരക്കുള്ള ലെപ്റ്റോസ്പൈറോസിസിന്റെ രോഗാവസ്ഥയാണ്. ഈ അവസ്ഥയിൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. ജേർണൽ ഓഫ് ദി അക്കാദമി ഓഫ് ക്ലിനിക്കൽ മൈക്രോബയളോജിസ്റ്റ്സ് എന്ന മെഡിക്കൽ ജേർണലിൽ 2026 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, എലിപ്പനി ബാധിച്ചവരിൽ, സ്ഥിരം മദ്യപാനികൾക്ക് മദ്യപിക്കാത്തവരെ അപേക്ഷിച്ച് കരൾ, വൃക്ക എന്നിവയുടെ പ്രവത്തനങ്ങൾ വളരെ മോശമാകാനും മരിക്കാനുമുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിൽ മൂന്നിലൊരാൾ മദ്യപിക്കുന്ന കേരളസാഹചര്യത്തിൽ ഈ വസ്തുത ആശങ്ക ഉണ്ടാക്കുന്നതാണ്. ലെപ്റ്റോസ്പൈറോസിസ് മൂലമുള്ള മരണനിരക്ക് പ്രായത്തിനനു സരിച്ച്, പ്രത്യേകിച്ച് 60 വയസ്സിനു മുകളിലുള്ള രോഗികളിൽ, വർധിക്കുന്നതായി കണ്ടുവരുന്നു.

ലെപ്റ്റോസ്പൈറ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുരണ്ടാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശക്തമായ ശരീരവേദനയോടും തലവേദനയോടും കൂടിയ പനിയാണ് പ്രധാനലക്ഷണം.
ലെപ്റ്റോസ്പൈറ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുരണ്ടാഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ശക്തമായ ശരീരവേദനയോടും തലവേദനയോടും കൂടിയ പനിയാണ് പ്രധാനലക്ഷണം.

രോഗനിർണ്ണയവും സമയബന്ധിത ചികിത്സയും

ഈ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടുക എന്നതാണ് ഏറ്റവും പ്രധാനം. പകർച്ചപ്പനിയുടെ സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ പലരും ഈ രോഗലക്ഷണങ്ങളെ അവഗണിക്കുകയും വളരെ വൈകി മാത്രം ചികിത്സ തേടുകയും ചെയ്യും. എന്നാൽ ഈ സമയം ആകുമ്പോഴേക്കും പലരും സങ്കീർണമായ അവസ്ഥയിലേക്കു കടന്നിട്ടുണ്ടാകും. ലാബ് പരിശോധനകളിലൂടെ ഈ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ നിർണയിക്കാൻ സാധിക്കുകയും അസുഖം ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുകയും ചെയ്യും.

പെനിസിലിൻ, ഡോക്സിസൈക്ലിൻ മുതലായ ആന്റിബയോട്ടിക്ക്‌ മരുന്നുകൾ ഈ രോഗത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്നു.

പ്രതിരോധ മാര്‍ഗ്ഗങ്ങൾ

എലിപ്പനിയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ് പ്രതിരോധ മാർഗങ്ങൾ. മേൽപ്പറഞ്ഞ രോഗസാധ്യത കൂടുതലുള്ള ജോലികളിൽ ഏർപ്പെടുന്നവർ കൃത്യമായ രീതിയിൽ പ്രതിരോധ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്.

  • പരമാവധി നനഞ്ഞ മണ്ണ്, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി ചെരിപ്പോ ബൂട്സോ ഇടാതെയുള്ള സമ്പർക്കം ഒഴിവാക്കുക.

  • കൈകാലുകളിൽ മുറിവോ വിണ്ടുകീറലോ ഉണ്ടെങ്കിൽ നനയാതെ വൃത്തിയായി അത് കെട്ടിവച്ചശേഷം മാത്രം ആവശ്യസാഹചര്യങ്ങളിൽ വെള്ളത്തിൽ ഇറങ്ങുക.

  • മലിനജലത്തിൽ ഇറങ്ങുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം. ഡോക്സിസൈക്ലിൻ വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ഈ കാരണം കൊണ്ട് പ്രതിരോധത്തിനായി ആരോഗ്യസംവിധാനങ്ങൾ മുഖേന ലഭ്യമാക്കിയിട്ടുള്ള ഗുളിക പലരും കഴിക്കാറില്ല. ഭക്ഷണത്തിനു ശേഷം ഡോക്സിസൈക്ലിൻ ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം കഴിക്കുക. ഗുളിക കഴിച്ച് 30-60 മിനിറ്റ് നേരത്തേക്ക് കിടക്കുന്നത് ഒഴിവാക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആമാശയ സംബന്ധമായ പാർശ്വഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം. ജീവിതശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാവുന്നതാണ്.

  • വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കത്തിലും ശ്രദ്ധ ചെലുത്തുന്നത് അനിവാര്യമാണ്. പശുക്കളെയും മറ്റും പരിചരിക്കുന്ന വേളകളിൽ അവയുടെ മൂത്രം കെട്ടിക്കിടക്കുന്ന തൊഴുത്തിൽ ചെരുപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക. BMC ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണലിൽ 2022- ൽ പ്രസിദ്ധീകരിച്ച വിയറ്റ്നാമിൽ നിന്നുള്ള ഒരു പഠനത്തിൽ, എലിപ്പനി പിടിപെടാൻ കാരണമാകുന്ന കാർഷികവും പെരുമാറ്റപരവും ആയ ഘടകങ്ങളെ അവലോകനം ചെയ്തപ്പോൾ, കൃഷിപ്പണിക്കോ തോട്ടംപണിക്കോ മൃഗങ്ങളെ പരിപാലിക്കുന്നതിനു ശേഷം കുളിക്കുന്നവരിലും കൈകൾ ശുചിയായി കഴുകുന്നവരിലും ഈ രോഗം പിടിപെടുന്നതിനുള്ള സാധ്യത കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വ്യക്തിശുചിത്വം പാലിക്കേണ്ടത് മറ്റേത് അസുഖത്തിന്റെ പ്രതിരോധത്തിനുംപോലെ എലിപ്പനിക്കും പ്രാധാന്യമേറിയതാണ്. വളർത്തുമൃഗങ്ങൾക്ക് ലെപ്റ്റോസ്പൈറ അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കാവുന്നതാണ്. നഗര പ്രദേശങ്ങളിൽ ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ നിർാർജനം എലികൾ പെറ്റുപെരുകുന്നത് തടയാൻ സഹായകമാകും.

ലെപ്റ്റോസ്പൈറോസിസ് നിയന്ത്രണത്തിന്റെ
പുതിയ ദിശ - ഏകാരോഗ്യം (one health)

കേരളത്തിൽ എല്ലാ വർഷവും മഴക്കാലത്ത് ലെപ്റ്റോസ്പൈറോസിസ് കേസുകൾ വർധിക്കുന്നത് ആരോഗ്യ വകുപ്പിന്റെ മാത്രം വെല്ലുവിളിയല്ല. രോഗാണുവിന്റെ പ്രധാന വാഹകരായ എലികൾ, വളർത്തുമൃഗങ്ങൾ, വെള്ളക്കെട്ടുകൾ, മാലിന്യസംസ്കരണം, നഗരവൽകരണം, കാലാ വസ്ഥാവ്യതിയാനം എന്നിവയെല്ലാം രോഗ വ്യാപനത്തെ സ്വാധീനിക്കുന്നു. അതിനാൽ ലെപ്റ്റോസ്പൈറോസിസ് ഫലപ്രദമായി പ്രതിരോധിക്കാൻ ഏകാരോഗ്യം (one health) സമീപനം ആവശ്യമാണ്.

മനുഷ്യരിലും വളർത്തുമൃഗങ്ങളിലും രോഗാണുവിന്റെ സാന്നിധ്യം നിരീക്ഷിച്ച്‌ വിവരങ്ങൾ വിവിധ വകുപ്പുമായി പങ്കുവെയ്ക്കുന്നത് രോഗസാധ്യത നേരത്തെ തിരിച്ചറിയാൻ സഹായിക്കും.

1. പ്രാദേശിക ഭരണകൂടത്തിന് മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനും ഭക്ഷ്യാവശിഷ്ടങ്ങളുടെ സുരക്ഷിത സംസ്കരണം ഉറപ്പുവരുത്താനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും വേണ്ടി വരുന്ന പ്രവത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കും.

2. കന്നുകാലി ഫാമുകളിലും രോഗനിരീക്ഷണം ശക്തിപ്പെടുത്തുകയും കർഷകർക്ക് ആവശ്യമായ ആരോഗ്യവിദ്യാഭ്യാസം നൽകുകയും വേണം.

3. മഴ, പ്രളയം, തുടർച്ചയായി ഉണ്ടാകുന്ന രോഗവ്യാപനം എന്നിവയുടെ വിവരങ്ങൾ ക്രോഡീകരിച്ച് എലിപ്പനി സാധ്യത കൂടിയ മേഖലകളെ തിരിച്ചറിയാൻ സാധിക്കും.

4. സാമൂഹിക പങ്കാളിത്തവും എലിപ്പനിയുടെ വ്യാപനത്തെ ചെറുക്കാൻ ആവശ്യമാണ്. ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, കർഷകസംഘങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ മഴക്കാല ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ സാധിക്കും.

ആരോഗ്യസംരക്ഷണം ചികിത്സയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഓരോ വ്യക്തിയുടെയും ഭാഗത്തു നിന്നുള്ള കൃത്യമായ പ്രതിരോധ മുൻകരുതലുകൾ ലെപ്റ്റോസ്പൈറോസിസ് രോഗത്തിനെതിരെ ശക്തമായ ഒരു കവചം പണിയുന്നു. മനുഷ്യന്റെ ആരോഗ്യം ഒറ്റപ്പെട്ട ഒന്നല്ല എന്നും അത് മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള വസ്തുത അടിവരയിട്ടു നമ്മെ ഓർമപ്പെടുത്തുകയാണ് ലെൻറ്പോസ്പൈറോസിസ് പോലെയുള്ള ഓരോ സൂനോട്ടിക് രോഗങ്ങളും. ‘ലോകമേ തറവാട്, തനിക്കീ ചെടികളും പുല്ലുകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ’ എന്നതുതന്നെയാണ് ഏകാരോഗ്യത്തിന്റെ കാതലായ ആശയം. ഈ തിരിച്ചറിവ് നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും തെളിയുമ്പോഴാണ് സൂനോട്ടിക് രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ നമുക്ക് സാധിക്കുക.

READ: കൊതുക്, ചെള്ള് രോഗങ്ങള്‍

കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments