നമ്മുടെ കുട്ടികളിൽ അടുത്തകാലത്തായി കണ്ടുവരുന്ന വളരെ അപകടകരമായ ഒരു ജീവിതശൈലീരോഗമാണ് Metabolic Dysfunction Associated Liver എന്ന കരൾ രോഗം. മാറിവരുന്ന ജീവിത ശൈലി, കോവിഡ് കാലത്തും കോവിഡാനന്തരവും കുഞ്ഞുങ്ങളിൽ വ്യായാമമില്ലായ്മ, ഹോട്ടൽ ഭക്ഷണം അടിസ്ഥാനമാക്കിയ ആഹാരശൈലി, സ്ക്രീനിന്റെ അമിതമായ ഉപയോഗം എന്നിവ മൂലം വർദ്ധിച്ചുവരുന്ന അമിത വണ്ണം, പൊണ്ണത്തടി എന്നിവയാണ് ഈ രോഗത്തിന്റെ കാരണങ്ങൾ.
എന്താണ് ഈ രോഗം എന്ന് നമുക്കൊന്നു നോക്കാം. നേരത്തെ സൂചിപ്പിച്ച കാരണങ്ങൾ മൂലം ശരീരത്തിലെ ഉപാപചയ പ്രക്രിയയിൽ (മെറ്റബോളിസം) വരുന്ന ചില മാറ്റങ്ങൾ, ശരീരത്തിലെ ഇൻസുലിന്റെ അളവിലും അതിന്റെ പ്രവർത്തനക്ഷമതയിലും വരുന്ന മാറ്റം, ജനി തകമായ ചില പ്രത്യേകതകൾ, ആമാശയത്തിലും കുടലിലും കണ്ടുവരുന്ന സൂക്ഷ്മജീവികളിലെ പ്രത്യേകതകൾ- ഇവയൊക്കെ അടിസ്ഥാനമാക്കി കരളിൽ അമിതമായ അളവിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. ഇതിന് Steatosis എന്ന് പറയുന്നു. ഈ കൊഴുപ്പിനോടൊപ്പം കരളിന് വീക്കം ഉണ്ടാകുന്ന രണ്ടാം ഘട്ടത്തിന് steatohepatitis എന്നാണ് പേര്. മൂന്നാം ഘട്ടത്തിൽ കരളിൽ scars അഥവാ വടുക്കൾ ഉാകുന്നു, ഈ അവസ്ഥക്ക് fibrosis എന്ന് പറയും. നാലാം ഘട്ടത്തിൽ വടുക്കൾ കൂടി വന്ന്, കരൾ സിറോസിസ് എന്ന ഗുരുതരാവസ്ഥയിൽ രോഗി എത്തുകയും അപൂർവമായി കരൾ മാറ്റിവയ്ക്കൽ വരെ വേണ്ടിവരികയും ചെയ്യുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിൽ മനസ്സിലാകുന്നത്, അമിതവണ്ണമുള്ള കുട്ടികളിൽ മൂന്നിലൊന്നോളം പേർക്കും ഈ കരൾ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകാം എന്നാണ്. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ശിശുരോഗ വിഭാഗങ്ങൾ വിവിധ സമയങ്ങളിൽ നടത്തിയ പല പഠനങ്ങളും ഇതിനെ ശരിവെക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ കുട്ടികളുടെ അമിതവണ്ണം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഇത് വളരെ കരുതിയിരിക്കേണ്ട ഒരു അവസ്ഥാവിശേഷമായി മനസ്സിലാക്കണം.
ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കാണപ്പെടുന്നത് പലപ്പോഴും അമിതവണ്ണമുള്ള കുട്ടികളിൽ ക്ഷീണം, വയറിനു വലതു വശത്ത് മുകൾഭാഗത്തായി വരുന്ന വേദന എന്നിവയാണ്. രോഗ കാഠിന്യം കൂടി വരുന്നതനുസരിച്ച് ഓക്കാനം, വിശപ്പില്ലായ്മ, എന്നിവയും ഗുരുതരമായ ഘട്ടങ്ങളിൽ നീർക്കെട്ട് മൂലം വയറു വീർത്തുവരിക, മഞ്ഞപ്പിത്തം, മുറിവ് വന്നാൽ രക്തം കട്ടി പിടിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയ ലിവർ ഫെയിലിയറിന്റെ ലക്ഷണങ്ങളും കാണപ്പെടാം. ഇതിനോടൊപ്പം ഈ കുട്ടികളിൽ ടൈപ്പ് 2 ഡയബറ്റിസ്, രക്താതിമർദ്ദം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, എല്ലുകളുടെ കട്ടിക്കുറവ്, ഉറക്കക്കുറവ് തുടങ്ങി ഹൃദ്യോഗ സാധ്യത വരെ ഉണ്ടാകാം.

ഇത്തരം കുട്ടികളെ എങ്ങനെയാണ് സഹായിക്കാവുന്നത് എന്നു നോക്കാം.
വിറ്റാമിൻ ഇ ഉൾപ്പെടെ പല മരുന്നുകളും രോഗത്തിന് പരീക്ഷിച്ച് വരുന്നുണ്ടെ ഇതുവരെയും ഫലപ്രദമായ ഒരു ചികിത്സ ഈ രോഗത്തിന് കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിനായിട്ടില്ല. അമിതവണ്ണം ശ്രദ്ധയിൽ പ്പെട്ടാൽ ഉടൻ ജീവിതശൈലിയിലുള്ള ഇടപെടലുകൾ വഴി കരൾ രോഗം വരാതിരിക്കാൻ ശ്രമിക്കുക എന്നുള്ളതാണ് ആദ്യത്തെ പടി. ഇതിനായി ഒരു ശിശു ചികിത്സാ വിദഗ്ധന്റെ സഹായത്തോടെ ശരിയായ ആഹാരക്രമം രൂപപ്പെടുത്തുകയും സ്ഥിരമായതും ശരിയായ അളവിലുള്ളതുമായ വ്യായാമം ആരംഭിക്കുകയും വേണം. മധുരത്തിന്റെയും എണ്ണ, കൊഴുപ്പ് ഇത്യാദി വസ്തുക്കളുടെയും ഉപയോഗം കഴിയുന്നതും കുറയ്ക്കണം. ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും കൃത്യമായി വ്യായാമം ചെയ്തിരിക്കണം. സ്ക്രീൻ ടൈം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നിവയും ജീവിതശൈലിയിൽ വരുത്തേ മാറ്റങ്ങളിൽ അത്യാവശ്യ ഘടകങ്ങളാണ്.
കുട്ടി ജനിച്ചാലുടൻ മുലപ്പാൽ കൊടുത്തു തുടങ്ങുക, ആറുമാസം വരെയും കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക, ആറുമാസമായാൽ മുലപ്പാലിനോടൊപ്പം കട്ടിയാഹാരം കൊടുത്തു തുടങ്ങുകയും പതിയെ പതിയെ നമ്മൾ വീടുകളിൽ കഴിക്കുന്ന ആഹാരം കുഞ്ഞ് കൂടി പങ്കുപറ്റുന്ന രീതിയിൽ ആഹാരക്രമം രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക, തുടർന്നും വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ആഹാരക്രമം പാലിക്കുക, മധുരത്തിന്റെയും എണ്ണയുടെയും അമിത ഉപയോഗം ഒഴിവാക്കുക, ചെറിയ പ്രായത്തിലേ വ്യായാമ ശീലം വളർത്തുക, സ്ക്രീൻ ടൈം നിയന്ത്രിക്കുക എന്നിവയൊക്കെയാണ് നമ്മുടെ കുഞ്ഞുങ്ങളെ അമിതവണ്ണത്തി ലേക്കും അതിന്റെ വിവിധ സങ്കീർണതകളിൽ ഒന്നായ ഫാറ്റി ലിവർ എന്ന കരൾ രോഗത്തിലേക്കും എത്തിക്കാതിരിക്കാനും ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ.
READ: ക്ഷയരോഗം
കുട്ടികളിൽ
സാർവത്രിക
പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച്
ഒരിക്കൽ കൂടി
എപ്പോഴൊക്കെ
ചുവടുകൾ പിഴച്ചുപോകാം,
എങ്ങനെ തിരുത്താം?
ആധുനിക മനുഷ്യൻ,
കാൻസർ, പ്ലാസെന്റ
എന്താണ് അലർജി?
ഡോ. കെ. മഹാദേവൻ പിള്ള (1908- 1985)
നിറവ്യത്യാസം വന്ന്
കുട്ടികളുടെ പല്ല്
പൊടിഞ്ഞുപോകുമ്പോൾ
കുട്ടികളിലെ വിരബാധ
ചില്ലറക്കാര്യമല്ല
കുഞ്ഞിന്
പനിക്കുന്നു
പഠിക്കുന്ന കുട്ടിയും
പഠിക്കാത്ത കുട്ടിയും
കോവിഡ് കാലത്തെ
ഗൂഢാലോചനകൾ
എന്റെ ഡോക്ടർമാർ,
നിങ്ങളുടെയും…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

