വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

1911-ൽ ജെ. എം. ബാരെ എന്ന സ്​കോട്ടിഷ് സാഹിത്യകാരൻ എഴുതിയ, പീറ്റർപാൻ എന്ന വളർന്നുവലുതാകാനാഗ്രഹിക്കാത്ത കുട്ടിയുടെ കഥ ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ വൈദ്യശാസ്​ത്രരംഗത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന ‘പീറ്റർപാൻ സിൻേഡ്രാം’ എന്ന ആശയമായി രൂപാന്തരപ്പെട്ടിരിക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എൻ. സുന്ദരേശൻ എഴുതിയ ലേഖനം.

ക്ഷിക്കഥകൾ കേൾക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? കുട്ടികൾക്കും മുതിർന്നവർക്കും മുതിരാൻ മടിക്കുന്ന വലിയവർക്കും എല്ലാം ഒരു പോലെ ഇഷ്ടമാണ്. ചിറകുള്ള ദേവതകളും മാലാഖമാരും ക്രൂരരാക്ഷസൻമാരും മന്ത്രവാദികളും ഒക്കെ നിറഞ്ഞ ഒരു സങ്കൽപലോകം. പല നാടുകളിലും ഇത്തരം കഥകൾ പ്രചാരത്തിലുണ്ട്. ഭൂമിശാസ്​ത്രപരവും, സാംസ്​കാരികവും ചരിത്രപരവുമായ ഘടകങ്ങൾ ഇത്തരം കഥകളുടെ ഘടനയെ നിയന്ത്രിക്കാറുമുണ്ട്. 1911-ൽ ജെ. എം. ബാരെ എന്ന സ്​കോട്ടിഷ് സാഹിത്യകാരൻ എഴുതിയ ഒരു ബാലസാഹിത്യകൃതിയുണ്ട്. അതാണ് പീറ്റർപാൻ എന്ന കഥ. പിൽക്കാലത്ത് അത് നാടകമായും, സിനിമയായയുമൊക്കെ വളരെ പ്രശസ്​തി നേടുകയും ചെയ്തു. ഇതിലെ മുഖ്യ കഥാപാത്രമായ പീറ്റർപാൻ എന്ന ബാലൻ വളർന്നുവലുതാകാൻ ആഗ്രഹിക്കാത്ത ഒരു കുട്ടിയാണ്. ടിങ്കർബെൽ എന്ന പറക്കുന്ന കൊച്ചുദേവത അവന്റെ സന്തത സഹചാരിയാണ്. ഡാർലിംഗ് ദമ്പതികളുടെ മൂന്നു കൊച്ചു കുട്ടികളെ വശീകരിച്ച് പീറ്റർപാൻ ജനാലയിലൂടെ പറത്തിക്കൊണ്ടുപോകുന്നു. അവരുടെ സാങ്കൽപിക സാഹസിക യാത്രകളാണ് പിന്നങ്ങോട്ട്. കടലും, കടൽകൊള്ളക്കാരും, ദ്വീപും, ആദിവാസികളും, ജയിംസ്​ ഹുക്ക് എന്ന ഒറ്റക്കയ്യനായ (ഒരു കൈക്കു പകരം ഇരുമ്പു കൊളുത്താണ്) ഭീകര കടൽക്കൊള്ളത്തലവനും, അവന്റെ രക്തത്തിനു ദാഹിച്ചുനടക്കുന്ന ദ്വീപിലെ ഭീമാകാരനായ മുതലയും- ഇങ്ങനെ ഒരുവിചിത്രലോകം. ഒടുവിൽ ഹുക്കിനോടേറ്റുമുട്ടി ഈ കുട്ടികളും പീറ്റർപാനും വിജയിക്കുന്നു.

അസംബന്ധ കല്പനകളുടെ സാഗരമാണ് കഥയെങ്കിലും ബാലമനസ്സുകളെ ആകർഷിക്കാനും, ജിജ്ഞാസ നിലനിർത്താനും കൗതുകമുണർത്താനും ഇതിന്റെ കഥാഗതിക്കു സാധിക്കുന്നുണ്ട്. ഒടുവിൽ ഈ കുട്ടികൾ വളർന്നുവലുതാകുന്നു. പക്ഷേ എനിക്കു വളരേണ്ട എന്നു പറഞ്ഞ് ടിങ്കർബെല്ലിനൊപ്പം പറന്നുപോകുന്ന പീറ്റർപാനിനെ നാം കാണുന്നു. എല്ലാ കുഞ്ഞുങ്ങളുടെ മനസ്സിലും ഇത്തരത്തിലൊരു ഭ്രമാത്മകലോകം തുറന്നു കിടപ്പുണ്ട്. വളർന്നു വലുതാകുമ്പോൾ അതിന്റെ വാതിൽ അടഞ്ഞുപോകുന്നു.

പക്ഷേ പീറ്റർപാനിനെപ്പോലെ ചുരുക്കം ചിലർ ആ വാതിൽ തുറന്നുതന്നെ ഇട്ടിരിക്കുന്നു. അതിലൂടെ ചിറകുള്ള പറക്കും ദേവതകളും ടിക് ടിക് എന്നു ഘടികാര നിമന്ത്രണത്തോടെ നീന്തിനടക്കുന്ന മുതലകളും ഒഴുകിവരും.

പീറ്റർപാൻ എന്ന സാങ്കല്പിക കഥാപാത്രം ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ വൈദ്യശാസ്​ത്രരംഗത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന ഒരാശയത്തിന്റെ ഭാഗമായി രൂപാന്തരം കൊള്ളുന്നുണ്ട്. അതാണ് പീറ്റർപാൻ സിൻേഡ്രാം. മാനസിക രോഗം എന്ന നിലക്കല്ല, ഒരു പ്രത്യേക മാനസികാവസ്​ഥയെ സൂചിപ്പിക്കാനുള്ള പദമായി അതുപയോഗിക്കപ്പെടുന്നു. പുരുഷൻമാരിലാണ് ഇത് കാണപ്പെടുന്നത്. ‘എനിക്ക് വളർന്ന് ഒരു മനുഷ്യനാകണമെന്നില്ല, എനിക്കു കളിച്ചുനടക്കണം’ എന്ന് പീറ്റർപാൻ പലപ്പോഴും പറയുന്നുണ്ട്. അതായത് ഉത്തരവാദിത്വങ്ങളൊന്നും ഇല്ലാതെ ഇങ്ങനെ പാറിപ്പറന്നുനടക്കുക. ചുമതലകൾ കഴിയുന്നതും ഏറ്റെടുക്കാതിരിക്കുക, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുക, ബാദ്ധ്യതകളിൽനിന്ന് വിട്ടുനിൽക്കുക ഇങ്ങനെ. ഇത്തരക്കാർ പൊതുവേ വൈകാരികമായ അരക്ഷിതത്വം അനുഭവപ്പെടുന്നവരായിരിക്കും. പരസ്​പര ബന്ധങ്ങളിൽ അത് വിള്ളലുണ്ടാക്കും. ദാമ്പത്യബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കും. തൊഴിൽപരമായ രംഗങ്ങളിലും ഇത് പ്രത്യാഘാ തങ്ങളുണ്ടാക്കാം. ഭാവനാസൃഷ്ടികൾ എന്ന നിലയ്ക്ക് ഇത്തരം കഥാപാത്രങ്ങൾ ആകർഷകമായിരിക്കാം. പക്ഷേ നിത്യജീവിതത്തിന്റെ സൂര്യതാപത്തിൽ അവക്ക് അധികം നിലനിൽപുണ്ടാവില്ല എന്നതാണ് സത്യം.

1983- ൽ ഡോ. ഡാൻകെയിലിയാണ് ഈ ആശയം ഇത്തരത്തിൽ ആദ്യം ഉപയോഗിച്ചത്. ഈ ഒരു പ്രത്യേകതരം മാനസികാവസ്​ഥയുടെ സമാന്തര സാഹിത്യ കൽപനയായി മാറുന്നുണ്ട് ബാരെയുടെ കഥാസൃഷ്ടി. സമയകാലങ്ങൾക്കതീതമായ ഏതോ വിദൂരസ്​ഥലിയിൽ വളരാൻ മടിക്കുന്ന മറ്റു കുറെ കുട്ടികളുമായി കളിച്ചുനടക്കുന്ന പീറ്റർ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ തുരുത്തിൽ സ്വയംകാലത്തിന്റെ ഏതോ അന്തരാളഘട്ടത്തിൽ ഘനീഭവിച്ചു നിൽക്കുന്ന ബാല്യവ്യഥയുടെ സന്ദേശവും കൂടിയാവുകയാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മാറ്റങ്ങളെ അഭിമുഖീകരിക്കാനും, ക്രിയാത്മകമായി അവയോടു പ്രതികരിക്കാനുമുള്ള കഴിവ് മാനസികാരോഗ്യത്തിന്റെ മുന്നോടിയാണ്.

മനഃശാസ്​ത്രനായിരുന്ന ഡോ. കെയിലി കുറ്റവാസനയുള്ള കുട്ടികളെ ചികിത്സിച്ച അനുഭവപാഠങ്ങളിൽ നിന്നാണ് ‘പീറ്റർപാൻ സിൻഡ്രോം: ഒരിക്കലും വളർച്ചയെത്താത്ത പുരുഷൻമാർ’ എന്ന പുസ്​തകം എഴുതിയത്. ഇത്തരം പല കുട്ടികളും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മടിയുള്ളവരായിരുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുന്ന കുട്ടികൾ പലപ്പോഴും വളർന്നുവലുതാകുമ്പോഴും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിക്കുന്നവരാകുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ഇതേ നോവലിലെ വെൻഡി എന്ന കഥാപാത്രത്തെ ആസ്​പദമാക്കി ‘വെൻഡി ഡൈലമ’ എന്നൊരു പുസ്​തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.

പീറ്റർപാനുകളുമായി സ്​നേഹബന്ധത്തിൽ പെടുന്ന പെൺകുട്ടികൾക്ക് ആ ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്ന നിർദ്ദേശങ്ങൾ ഉൾ ക്കൊള്ളുന്നതാണ് അത്. സാഹിത്യവും ചികിത്സാ ശാസ്​ത്രവും പരസ്​പരം കണ്ടുമുട്ടുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്.

ബാരെയുടെ കൃതി ബാല്യത്തിന്റെ വിസ്​മയ കാഴ്ചകൾക്കപ്പുറം, വ്യക്തിവികാസത്തിന്റെ ചില ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുകയും, ചികിത്സകർ എന്ന നിലയിൽ നമുക്ക് വഴിവിളക്കാകുകയും ചെയ്യുന്നു.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

READ: മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


Summary: What is Peter Pan Syndrome? Dr N Sundareshan writes about the psychological condition for Indian Medical Association Nammude Arogyam


ഡോ. എൻ. സുന്ദരേശൻ

കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലും പാത്തേളജി പ്രൊഫസറായിരുന്നു.

Comments