പുതുവർഷം സത്യത്തിൽ ഗംഭീരമാണ്. ആശങ്കകളുടെ കാർമേഘങ്ങൾ പൊടുന്നനെ അലിഞ്ഞില്ലാതായ പ്രതീതി. പ്രതീക്ഷയുടെ പൊൻകിരണങ്ങൾ പ്രഭചൊരിയുംപോൽ ആഹ്ലാദം. മറ്റൊന്നുമല്ല; നാളിതുവരെയുള്ള കീം സമീകരണരീതി മാറ്റാനുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നു! ഇക്കഴിഞ്ഞ വർഷം അവസാന നിമിഷത്തിലെങ്കിലും നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയും അപ്രകാരം ചെയ്തപ്പോൾ ഉണ്ടായ ചില നേരിയ സാങ്കേതികതയിൽ ഊന്നി കോടതി റദ്ദാക്കുകയും ചെയ്ത സമീകരണ രീതി ഇക്കുറി നേരത്തെതന്നെ ഉത്തരവായി പുറത്തിറങ്ങിയിരിക്കുന്നു. ഇക്കാര്യം പ്രവേശന പരീക്ഷയുടെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്താൻ കൃത്യമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇനി ഈ വിഷയത്തിൽ സാമാന്യരീതിയിൽ മറ്റിടപെടലുകൾ ഉണ്ടാകാൻ സാധ്യതയില്ല. പൊതുവിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു വ്യാഴവട്ടക്കാലമായി അനുഭവിക്കുന്ന അനീതിയുടെ ഇരുണ്ടയുഗത്തിനുകൂടിയാണ് അന്ത്യമാവുന്നത്. വ്യക്തിപരമായി ഒരുവർഷക്കാലത്തിലധികമായി നിരന്തരം തലപുകച്ചിരുന്ന, വേവലാതിപ്പെട്ടിരുന്ന ഒരു പ്രശ്നത്തിന്റെ ശുഭകരമായ അന്ത്യം. ഒരിക്കൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മധുരം!
സർക്കാർ ഉത്തരവ് എടുത്തുപറയുന്ന ചില കാര്യങ്ങൾ ഈ സമരത്തിനിടയിൽ മുഴക്കിയ മുദ്രാവാക്യങ്ങളാണ് എന്നത് ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിങ്ങനെയാണ്. "നിലവിൽ എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡൈസേഷൻ നയവും എൻട്രൻസ് സ്കോർ നോർമലൈസേഷൻ പ്രക്രിയയും വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന മാർക്ക് നഷ്ടം നീതീകരിക്കാൻ കഴിയില്ല. സിബിഎസ്ഇ, സ്റ്റേറ്റ് ബോർഡുകൾ, മറ്റു വിദ്യാഭ്യാസ ബോർഡുകൾ എന്നിവയുടെ സിലബസ് മുഴുവൻ എൻ സി ഇ ആർ ടി പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാൽ ബോർഡുകൾക്കിടയിലെ സിലബസ് വ്യത്യാസം സാധാരണയായി കാണപ്പെടുന്നില്ല. വിദ്യാർത്ഥികളുടെ അക്കാദമിക്ക് തയ്യാറെടുപ്പിൽ ഗണ്യമായ വ്യത്യാസങ്ങൾ ഇല്ല. ഇത്തരം സ്റ്റാൻഡേർഡൈസേഷൻ നടപടികൾ സമാന സിലബസ് പഠിച്ച വിദ്യാർത്ഥികൾക്കിടയിൽ അനാവശ്യമായ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നത് വിദ്യാഭ്യാസ നീതിയുടെയും തുല്യതത്വങ്ങളുടെയും ലംഘനമാണ്. അതിനാൽ നിലവിലുള്ള സ്റ്റാൻഡേർഡൈസേഷൻ രീതികളെ പുനഃപരിശോധിക്കുകയും കൂടുതൽ നീതി ഉറപ്പുള്ള പുതിയ രീതികൾ അവതരിപ്പിക്കുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ താൽപര്യ സംരക്ഷണത്തിനും പരീക്ഷാവ്യവസ്ഥയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും അത്യാവശ്യമാണ്". (ഉത്തരവിൽ നിന്ന്).

ഈ വിഷയം ആദ്യമായി പൊതുസമൂഹത്തിൽ ഉന്നയിച്ചയാൾ എന്ന നിലയിൽ കേട്ട പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കണക്കില്ല. അന്നുമുതൽ എഴുതിത്തുടങ്ങിയ വാക്യങ്ങളുടെ സാരമാണ് ഇപ്പോൾ സർക്കാർ ഉത്തരവായി പുറത്തുവന്നിരിക്കുന്നത്! എൻട്രൻസ് കമ്മീഷണറേറ്റിന്റെ കോൺഫിഡൻഷ്യൽ സെക്ഷനിൽ വെച്ചു നടക്കുന്ന സമീകരണം എന്ന കൊലച്ചതിയുടെ വിശദാംശങ്ങൾ കേരളത്തിലെ അക്കാദമിക സമൂഹത്തിന് ഒരു പക്ഷെ അജ്ഞാതമായിരുന്നു. അത് തിരിച്ചറിഞ്ഞ അന്നുമുതൽ പരസ്യമായി അതിനെതിരെ മുന്നിൽനിന്നുതന്നെ പൊരുതിയിരുന്നു. അത് വ്യക്തിപരമായ ഒരാവശ്യത്തിനും വേണ്ടിയല്ലായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തോട് മാത്രം കൂറുപുലർത്തിക്കൊണ്ട്, അതിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും പണിയുന്ന മുറിച്ചുരികകൾ തിരിച്ചറിയുകയും അത് ഉറക്കെവിളിച്ചുപറയുകയും ചെയ്താണ് ശീലം. ഒരധികാരസ്ഥാനത്തെയും ഒരു രാഷ്ട്രീയ യജമാനരെയും അക്കാര്യത്തിൽ ഭയന്നിരുന്നില്ല. പറയേണ്ടത് കുറച്ചധികം ഉറക്കെത്തന്നെ പറഞ്ഞിട്ടുണ്ട്.
READ: മാറ്റങ്ങളോടെ KEAM,
തർക്കങ്ങൾ ഒഴിവാക്കാൻ
എന്തുചെയ്യണം?
KEAM സമീകരണം:
കേരള സിലബസുകാർക്ക്
ഇനി മാർക്ക് കുറയില്ല,
മാറ്റം 2026 മുതൽ
KEAM:
നീതികെട്ട സമീകരണം
ഇക്കുറിയും തുടരുമോ?
KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്
KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം
സമീകരണമെന്ന ഓമനവാക്കിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസധാരയിലെ കുട്ടികളുടെ സ്കോർ, നിലവാരരാഹിത്യത്തിന്റെ പേരുപറഞ്ഞ് വെട്ടിക്കുറക്കുകയും സി ബി എസ് ഇ അടക്കമുള്ള സ്ട്രീമുകൾക്ക് സ്കോറുകൾ കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന കൊലച്ചതിയുടെ ആഴം കേരളത്തിലെ അക്കാദമിക സമൂഹത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനായി നിരന്തരം പലമാധ്യമങ്ങളിൽ എഴുതിയിരുന്നു. ട്രൂ കോപ്പി തിങ്കിൽ പത്തോളം ലേഖനങ്ങൾ എഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സമീകരണമെന്ന കൊലച്ചതിയെക്കുറിച്ച് ദീർഘമായി വിശദീകരിച്ചു. പരിഷത്ത് മുഖമാസികയായ ശാസ്ത്രഗതിയിൽ, മുൻ എസ് എസ് കെ ഡയറക്ടർ തന്നെ ശാസ്ത്രീയതയുടെ പേര് പറഞ്ഞും സി ബി എസ് ഇ പക്ഷം ചേർന്നും സമീകരണത്തെ ന്യായീകരിച്ചപ്പോൾ അതിശക്തമായി വിയോജിച്ചുകൊണ്ട് എഴുതുകയുണ്ടായി. കഴിയുന്നത്രയും ഓൺലൈൻ മാധ്യമങ്ങളിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചു. എല്ലാ ഇടതു വലതു സംഘടനകളോടും ഉള്ള ബന്ധം വെച്ച് ഇതിനെതിരെ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസം കുളംതോണ്ടുമെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ആരും ഒന്നും കാര്യമായി മിണ്ടിയില്ല.

പൊതുവിദ്യാഭ്യാസം നിലനിന്നാൽ മാത്രം സാധിക്കുന്ന ഒന്നാണ് മാതൃഭാഷാപഠനം എന്ന യുക്തിയിൽ മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവുമാണ് ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. 2024 ആഗസ്ത് മാസത്തിൽ തന്നെ എൻട്രൻസ് കമ്മീഷണറേറ്റിന് മുന്നിൽ എഴുപതോളം പേരെ അണിനിരത്തി സമരം നടത്താൻ കഴിഞ്ഞു. ഇക്കാര്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന നിവേദനങ്ങളും അതിന്റെ കാര്യകാരണങ്ങൾ വിശദമാക്കിക്കൊണ്ടുള്ള ലഘുലേഖ തയ്യാറാക്കി അവയും മന്ത്രിഓഫീസുകളിലും ബന്ധപ്പെട്ട വകുപ്പുകളിലും നൽകി. കോഴിക്കോടും ഏറണാകുളത്തും സമരം നടത്തി. പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിച്ചു. സ്റ്റാറ്റസ് മാർച്ച് അടക്കമുള്ള ഓൺലൈൻ സമരങ്ങൾ നടത്തി. സാമൂഹികമാധ്യമങ്ങളിൽ നിരന്തരം ഈ വിഷയം സംഘടിതമായി ഉന്നയിച്ചുകൊണ്ടിരുന്നു.
KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി
‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി
കേരളം പഠിക്കേണ്ട തമിഴ്നാട് എഞ്ചിനീയറിംഗ് റിസൽട്ട്!
ഒടുവിൽ കേരള മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും സമീകരണത്തെക്കുറിച്ച് പഠിക്കാൻ പുതിയ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. അതിലൊക്കെ ഉദ്യോഗസ്ഥമേധാവികൾ ഇടപെട്ടു. പരമാവധി ആശയക്കുഴപ്പം ഉണ്ടാക്കാനും പഴയ രീതികൾ തുടരാനുള്ള കുയുക്തികൾ മുന്നോട്ടുവെക്കാനും ഉത്സാഹിച്ചു. അതത് സന്ദർഭങ്ങളിൽ ഇടപെട്ടുകൊണ്ടാണ് അതെല്ലാം പൊതുവിദ്യാഭ്യാസത്തിന് അനുകൂലമാക്കാൻ ശ്രമിച്ചിരുന്നത്. ഏറ്റവും ഒടുവിൽ പുതിയ സമീകരണരീതി കൈക്കൊള്ളാൻ മന്ത്രിസഭ തീരുമാനിക്കുകയും അത് പ്രകാരം ആർക്കും ഒരു മാർക്കുപോലും വെട്ടിച്ചുരുക്കപ്പെടാത്ത റാങ്ക് ലിസ്റ്റ് പുറത്തുവരികയും ചെയ്തു. കേരളാ സിലബസിലെ കുട്ടികൾ നാളിതുവരെയില്ലാത്ത വിധം മുൻനിര റാങ്കുകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് മാത്രമല്ല ആദ്യത്തെ പത്തുറാങ്കിൽ അഞ്ചും കേരളാ സിലബസ്സുകാർക്ക്! ആദ്യനൂറിൽ സമാസമം അവരുണ്ട്! എന്നാൽ ഹൈക്കോടതി അതിന്റെ ചില സാങ്കേതിക കാര്യങ്ങൾ മാത്രം ഉന്നയിച്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കി. അപ്പീലും നിലനിന്നില്ല. തുടർന്ന് പഴയരീതി പ്രകാരം റാങ്ക് ലിസ്റ്റ് പുറത്തിറക്കിയപ്പോൾ കേരളാ സിലബസ്സുകാർ ബഹുദൂരം പിന്നിൽ പോയി. അവരുടെ പരീക്ഷാ സ്കോറിൽ നിന്നും ഇരുപത് സ്കോർ വെട്ടിക്കുറച്ചു. ആദ്യറാങ്കുകളെല്ലാം പതിവുപോലെ സി ബി എസ് ഇ ക്കാർ വീണ്ടും നേടി. എന്നാൽ രണ്ട് റാങ്ക് ലിസ്റ്റുകൾ കേരള വിദ്യാഭ്യാസചരിത്രത്തിൽ ആദ്യമായി പുറത്തുവന്നപ്പോൾ, അന്നുവരെ സമീകരണത്തെ ന്യായീകരിച്ചിരുന്ന, ശാസ്ത്രീയകുയുക്തികൾക്ക് മാത്രം ചെവികൊടുത്തിരുന്ന രാഷ്ട്രീയക്കാരും ഭരണതലപ്പത്തുള്ളവരും പോലും ഈ നീതി നിഷേധത്തെക്കുറിച്ച് വാചാലരായി. അടുത്തവർഷം കൃത്യമായും ഈ വിവേചനം തിരുത്തുമെന്നവർ ആണയിട്ടു.
എന്നാൽ ഇക്കുറിയും ഉദ്യോഗസ്ഥതിട്ടൂരങ്ങൾക്ക് അവർ ഒരു ഘട്ടം വരെ ഭയപ്പെട്ടു നിന്നു. അതിന് ഉപാധിയാക്കിയത് സുപ്രീംകോടതിയിൽ കേരളാ സ്റ്റേറ്റ് ബോർഡുകാർ കൊടുത്ത ഒരു അപ്പീൽ ആയിരുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്നു എന്ന ഭീഷണിയിൽ ഇക്കുറിയും പഴയപോലെ സി ബി എസ് ഇ അനുകൂല നാടകങ്ങൾ അരങ്ങേറി. എന്നാൽ ആ കേസും ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കാനായി ഇടപെടാൻ കഴിഞ്ഞു. എല്ലാ വഴികളും സുഗമാക്കിയിരുന്നു. ഇപ്പോഴിതാ കാത്തുകാത്തിരുന്ന ആ ഉത്തരവ് വന്നിരിക്കുന്നു. ഇനി ഇക്കാര്യങ്ങൾ വ്യക്തമായും എൻട്രൻസ് പ്രോസ്പെക്ടസിലും വരേണ്ടതുണ്ട്. പിന്നീട് സർക്കാർ തീരുമാനത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നുതന്നെ വിശ്വസിക്കുന്നു.

ഇത് സാധ്യമാക്കുന്നതിന് ഇന്നലെവരെ വെള്ളംകോരിയ നിരവധി മനുഷ്യരുണ്ട്. നിരന്തരമായി മന്ത്രിഓഫീസുകളും വകുപ്പിന്റെ ഓഫീസുകളും കയറിയിറങ്ങിയവർ; വൈഷ്ണവിയെയും നന്ദകുമാറിനെയും ഹരിദാസിനെയും പോലുള്ളവർ... കുട്ടികളെയും കൊണ്ട് ലക്ഷങ്ങൾ ചെലവഴിച്ചായാലും സുപ്രീം കോടതിവരെ ഇതിനായി ഫൈറ്റ് ചെയ്ത അജാസിനെപോലുള്ളവർ... സമരമുഖത്ത് അണിനിരന്നവർ... അവർക്കെല്ലാം തുണയായി, ബലമായി കൂടെ നിൽക്കാൻ കഴിഞ്ഞിരുന്നു. അത് നൽകുന്ന അഭിമാനം ഈ മുഹൂർത്തത്തിൽ ചെറുതല്ല.
2024-25-ൽ കാര്യമായി മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല... കീമിനെ പിന്തുടരുകയായിരുന്നു. അതിന്റെ ഓരോ ചെറുചലനങ്ങളും ശ്രദ്ധിക്കുകയായിരുന്നു. നിരന്തരം എഴുതുകയായിരുന്നു. അതിനൊരു ഫലമുണ്ടാവുമ്പോൾ, പതിറ്റാണ്ടായി തുടർന്നിരുന്ന അനീതി അവസാനിപ്പിക്കാൻ ഒരു നിമിത്തമെങ്കിലും ആയിത്തീരാൻ കഴിയുമ്പോൾ മറ്റെല്ലാം കൊണ്ടും ചെറുതായ ഒരു ജീവിതം സാർത്ഥകമായെന്ന് സ്വയമെങ്കിലും കരുതുന്നു. പ്രിയ കവി പി.പി രാമചന്ദ്രൻ എഴുതിയപോലെ, പൊഴിച്ചിട്ട ഒരു തൂവൽ കൊണ്ട് കിളികൾ ജീവിതത്തെ ആവിഷ്കരിക്കുന്നതുപോലെ ലളിതമായി! വലിയ സന്തോഷം തോന്നുന്നു!














