ബ്രെയിന്‍ ട്യൂമർ:
തിരിച്ചറിയേണ്ട ലക്ഷണങ്ങളും
മാറ്റേണ്ട തെറ്റിദ്ധാരണകളും

മസ്തിഷ്‌ക മുഴകൾ എല്ലാം ക്യാൻസർ ആകണമെന്നില്ല. അപകടകരമല്ലാത്ത മുഴകളെ ബിനൈൻ മുഴകൾ എന്ന് വിളിക്കുന്നു. എന്നാൽ തലയോട്ടിക്കുള്ളിലെ പരിമിതമായ സ്ഥലത്ത് മുഴകൾ വളരുമ്പോൾ അവ മസ്തിഷ്‌ക കോശങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു- ‘IMA നമ്മുടെ ആ​​രോഗ്യം’ മാസികയിൽ ഡോ. സരീഷ് കുമാർ എം.കെ. എഴുതിയ ലേഖനം.

മസ്തിഷ്‌കത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയെയാണ് മസ്തിഷ്‌ക മുഴ അഥവാ ബ്രെയിൻ ട്യൂമറുകൾ എന്ന് വിളിക്കുന്നത്. ഇന്നിതു ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണ് തലച്ചോറിലെ മുഴകൾ.

ബ്രെയിൻ ട്യൂമറുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്.

1. പ്രാഥമിക മുഴകൾ:

മസ്തിഷ്‌കത്തിൽ തന്നെ ഉത്ഭവിക്കുന്ന മുഴകൾ. ഇവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

  • ഗ്ലയോമ:

തലച്ചോറിലെ കോശങ്ങൾക്ക് സംരക്ഷണം നൽകുന്ന കോശങ്ങളിൽ നിന്നുണ്ടാകുന്ന മുഴകൾ.

  • മെനിഞ്ചിയോമ:

മസ്തിഷ്‌കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന പാളികളിൽ നിന്നുണ്ടാകുന്ന മുഴകൾ. ഇവയിൽ ഏറിയ പങ്കും അപകടകരമല്ലാത്തവയാണ്.

  • പിറ്റ്യൂട്ടറി മുഴകൾ:

തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ബാധിക്കുന്ന ഇവ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.

2.മെറ്റസ്റ്റാറ്റിക് മുഴകൾ

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ (ഉദാഹരണത്തിന് ശ്വാസകോശം, സ്തനം) നിന്നുണ്ടായ അർബുദം മസ്തിഷ്‌കത്തിലേക്ക് പടരുന്ന അവസ്ഥ.

മസ്തിഷ്‌ക മുഴകൾ എല്ലാം അർബുദം (ക്യാൻസർ) ആകണമെന്നില്ല. അപകടകരമല്ലാത്ത മുഴകളെ ബിനൈൻ മുഴകൾ എന്ന് വിളിക്കുന്നു. എന്നാൽ തലയോട്ടിക്കുള്ളിലെ പരിമിതമായ സ്ഥലത്ത് മുഴകൾ വളരുമ്പോൾ അവ മസ്തിഷ്‌ക കോശങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ

പലപ്പോഴും രോഗലക്ഷണങ്ങൾ നിസ്സാരമായി കാണുന്നതാണ് രോഗം മൂർച്ഛിക്കാൻ കാരണം. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  • 1. തലവേദന: മൈഗ്രേനും ട്യൂമർ വരുമ്പോളുള്ള തലവേദനയും തമ്മിലുള്ള വ്യത്യാസം എന്താണ്?

സഹിക്കാൻ പറ്റാത്ത തലവേദന, രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്ന തരത്തിലുള്ള തലവേദന എന്നിവ ഗൗരവകരമാണ്. മൈഗ്രേനും മസ്തിഷ്‌ക മുഴയും തമ്മിൽ പലപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

ചെറുകഥയും നോവലും

ട്യൂമർ മൂലമുള്ള തലവേദന ഒരു 'ചെറുകഥ' പോലെയാണ്. അത് പെട്ടെന്ന് തുടങ്ങുന്നു, ഒരിക്കൽ തുടങ്ങിയാൽ രോഗിക്ക് പൂർണ്ണമായ ആശ്വാസം ലഭിക്കില്ല, വേദന കൂടിക്കൊണ്ടേയിരിക്കും.

എന്നാൽ മൈഗ്രേൻ ഒരു 'നോവൽ' പോലെയാണ്. വർഷങ്ങളോളം (10 /15 വർഷം) നീണ്ടുനിൽക്കുന്ന ഒന്നാണിത്. ഇത്രയും കാലം ഒരു മുഴ മസ്തിഷ്‌കത്തിൽ വളരില്ല എന്നതിനാൽ വർഷങ്ങളായുള്ള തലവേദന പലപ്പോഴും ഡോക്ടർമാർക്ക് ആശ്വാസമാണ് നൽകുന്നത്.

വേദനയുടെ രീതി

മൈഗ്രേൻ തലയുടെ വശങ്ങളിലായി മാറിമാറി വരാം. എന്നാൽ ട്യൂമർ മൂലമുള്ള വേദന തലയിലുടനീളം അനുഭവപ്പെടാം.

2. ഛർദ്ദി ('പ്രൊജക്ടൈൽ വൊമിറ്റിങ്ങ്')

മൈഗ്രേനിൽ ഛർദ്ദിക്കുന്നതിനുമുൻപ് മനംപിരട്ടൽ ഉണ്ടാകാറുണ്ട്. എന്നാൽ മസ്തിഷ്‌ക മുഴ ഉള്ളവരിൽ മനംപിരട്ടൽ ഇല്ലാതെ തന്നെ പെട്ടെന്ന് ശക്തമായി തെറിച്ചുപോകുന്ന രീതിയിൽ ഛർദ്ദിക്കുന്നു. ഇതിനെ 'പ്രൊജക്ടൈൽ വൊമിറ്റിങ്ങ്' എന്നു വിളിക്കുന്നു. കുട്ടികളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്ന ഛർദ്ദി സ്‌കൂളിൽ പോകാനുള്ള മടിയായി കാണാതെ ഗൗരവമായി എടുക്കണം. മസ്തിഷ്‌കത്തിലെ ഛർദ്ദി നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന മുഴകളുടെ ലക്ഷണമാണിത്.

മെറ്റസ്റ്റാറ്റിക് മുഴകൾ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ (ഉദാഹരണത്തിന് ശ്വാസകോശം, സ്തനം) നിന്നുണ്ടായ അർബുദം മസ്തിഷ്‌കത്തിലേക്ക് പടരുന്ന അവസ്ഥ.
മെറ്റസ്റ്റാറ്റിക് മുഴകൾ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ (ഉദാഹരണത്തിന് ശ്വാസകോശം, സ്തനം) നിന്നുണ്ടായ അർബുദം മസ്തിഷ്‌കത്തിലേക്ക് പടരുന്ന അവസ്ഥ.

3. പെരുമാറ്റ വ്യത്യാസവും മാനസിക മാറ്റങ്ങളും

മസ്തിഷ്‌കത്തിലെ മുഴകൾ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്താം. ദേഷ്യം കൂടുക, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരിക, ഓർമ്മക്കുറവ് എന്നിവ ഇതിന്റെ ഭാഗമാണ്. മസ്തിഷ്‌കത്തിന്റെ മുൻഭാഗമായ 'ഫ്രോണ്ടൽ ലോബിൽ' മുഴ വന്നവർക്കാണ് ഇത്തരത്തിൽ സ്വഭാവമാറ്റങ്ങൾ കാണപ്പെടുക. പലപ്പോഴും ഇത്തരം രോഗികൾ ദീർഘകാലം മാനസികരോഗ വിദഗ്ധരുടെ അടുത്ത് ചികിത്സ തേടാറുണ്ട്.

4. മറ്റ് ശാരീരിക ലക്ഷണങ്ങൾ

കാഴ്ചക്കുറവ്: മങ്ങിയ കാഴ്ച, ഇരട്ടക്കാഴ്ച, വശങ്ങളിലെ കാഴ്ച നഷ്ടമാകൽ.

ബലക്കുറവും തരിപ്പും: ശരീരത്തിന്റെ ഒരു വശത്തിന് അനുഭവപ്പെടുന്ന ബലക്കുറവ് അല്ലെങ്കിൽ തരിപ്പ്. ഇത് പലപ്പോഴും പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

അപസ്മാരം: മുൻപ് അപസ്മാരം ഇല്ലാത്തവർക്ക് പുതുതായി അപസ്മാരം ഉണ്ടാകുന്നത് മുഴയുടെ ലക്ഷണമാകാം. പത്തിൽ എട്ടു രോഗികളിലും ഇത്തരത്തിൽ അപസ്മാരം കണ്ടുവരാറുണ്ട്.

സംസാരത്തിലും നടത്തത്തിലുമുള്ള മാറ്റങ്ങൾബാലൻസ് നഷ്ടപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

ബ്രെയിൻ ട്യൂമറുകൾ വരാനുള്ള കാരണങ്ങൾ

ജനിതകം:
മസ്തിഷ്‌ക മുഴകളിൽ ഭൂരിഭാഗവും പാരമ്പര്യമായി ഉണ്ടാകുന്നവയല്ല. ഏകദേശം 5 മുതൽ 10 ശതമാനം വരെ കേസുകളിൽ മാത്രമേ പാരമ്പര്യമായോ ജനിതകമായോ ഉള്ള കാരണങ്ങൾ കാണപ്പെടുന്നുള്ളൂ. അതായത്, മസ്തിഷ്‌ക മുഴ ബാധിച്ച 100 പേരിൽ 5 മുതൽ 10 വരെ ആളുകൾക്ക് മാത്രമേ അത് കുടുംബപരമായ കാരണങ്ങളാൽ ഉണ്ടാകുന്നുള്ളൂ. കുടുംബത്തിൽ ആർക്കെങ്കിലും ഈ അസുഖമുണ്ടെങ്കിൽ മറ്റുള്ളവരിലും വരാൻ നേരിയ സാധ്യതയുണ്ട്. അതിനാൽ സംശയമുള്ളവർ പരിശോധന നടത്തുന്നത് നല്ലതാണ്.

റേഡിയേഷൻ:
ഉയർന്ന തോതിലുള്ള റേഡിയേഷൻ വികിരണങ്ങൾ ഏൽക്കുന്നത് മുഴകൾക്ക് കാരണമാകാം. എന്നാൽ ഇന്നത്തെ എം.ആർ.ഐ സ്‌കാനിംഗുകൾക്ക് അത്തരം അപകടങ്ങളില്ല.

തെറ്റായ ചികിത്സ:
കാലിലെ ബലക്കുറവ് നട്ടെല്ലിലെ അസുഖമായി തെറ്റിദ്ധരിച്ച് അസ്ഥിരോഗ വിദഗ്ധരെയും, ഛർദ്ദി വയറിന്റെ അസുഖമായി കരുതി ഉദരരോഗ വിദഗ്ധരെയും കാണാറുണ്ട്. ശരിയായ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാവൂ.

മസ്തിഷ്‌കത്തിലെ മുഴകൾ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്താം. ദേഷ്യം കൂടുക, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരിക, ഓർമ്മക്കുറവ് എന്നിവ ഇതിന്റെ ഭാഗമാണ്.
മസ്തിഷ്‌കത്തിലെ മുഴകൾ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വരുത്താം. ദേഷ്യം കൂടുക, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരിക, ഓർമ്മക്കുറവ് എന്നിവ ഇതിന്റെ ഭാഗമാണ്.

ബ്രെയിൻ ട്യൂമർ: തെറ്റിദ്ധാരണകളും വസ്തുതകളും

  • 1. മൊബൈൽ ഫോണിന്റെ ഉപയോഗം

തെറ്റിദ്ധാരണ:
മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതോ മൊബൈൽ ടവറുകൾക്ക് സമീപം താമസിക്കുന്നതോ മസ്തിഷ്‌ക മുഴകൾക്ക് കാരണമാകും.

യാഥാർത്ഥ്യം:
മൊബൈൽ ഫോണുകളും ബ്രെയിൻ ട്യൂമറും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി ലോകാരോഗ്യ സംഘടനയോ മറ്റ് പ്രമുഖ ഗവേഷണ ഏജൻസികളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

തെളിവ്:
മൊബൈൽ ഫോണുകൾ പുറപ്പെടുവിക്കുന്നത് 'അയോണൈസിംഗ് അല്ലാത്ത' റേഡിയേഷൻ ആണ്. ഇതിന് മനുഷ്യരിലെ ഡി.എൻ.എ നശിപ്പിക്കാനോ ക്യാൻസർ ഉണ്ടാക്കാനോ ഉള്ള ശേഷിയില്ല. കഴിഞ്ഞ 30 വർഷത്തിനിടെ ലോകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കോടിക്കണക്കിന് വർദ്ധിച്ചെങ്കിലും, ബ്രെയിൻ ട്യൂമർ ബാധിതരുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

  • 2. എല്ലാ മുഴകളും ക്യാൻസർ ആണോ?

തെറ്റിദ്ധാരണ:
തലച്ചോറിൽ മുഴ ഉണ്ടെന്ന് കേട്ടാൽ അത് മരണകാരണമാകുന്ന ക്യാൻസർ ആണെന്ന് ഭയപ്പെടുന്നു.

യാഥാർത്ഥ്യം:
എല്ലാ ബ്രെയിൻ ട്യൂമറുകളും ക്യാൻസർ അല്ല. ഏകദേശം 70 ശതമാനത്തോളം മുഴകളും 'ബിനൈൻ' അഥവാ അപകടകരമല്ലാത്തവയാണ്.

തെളിവ്:
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കാണപ്പെടുന്ന 'മെനിഞ്ചിയോമ' പോലുള്ള മുഴകൾ കാൻസർ അല്ലാത്തവയാണ്. ഇവ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും മാറ്റാൻ സാധിക്കും

  • 3. തലവേദനയും മുഴയും

തെറ്റിദ്ധാരണ:
കഠിനമായ തലവേദന ഉണ്ടെങ്കിൽ അത് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാണ്.

യാഥാർത്ഥ്യം:
തലവേദനയുള്ളവരിൽ 1 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ട്യൂമർ ഉണ്ടാകാൻ സാധ്യതയുള്ളൂ. ഭൂരിഭാഗം തലവേദനകളും മൈഗ്രേൻ, മാനസിക സമ്മർദ്ദം അല്ലെങ്കിൽ സൈനസ് അണു ബാധ എന്നിവ മൂലമാണ്.

തെളിവ്:
ക്ലിനിക്കൽ റിപ്പോർട്ടുകൾ പ്രകാരം ട്യൂമർ മൂലമുള്ള തലവേദനയോടൊപ്പം അപസ്മാരം, കാഴ്ച മങ്ങൽ, പെരുമാറ്റ വൈകല്യങ്ങൾ അല്ലെങ്കിൽ ശരീരത്തിന്റെ ഒരു വശത്ത് തളർച്ച എന്നിവയും ഉണ്ടാകാറുണ്ട്. കേവലം തലവേദന മാത്രം ട്യൂമർ ലക്ഷണമാകുന്നത് അപൂർവ്വമാണ്.

  • 4. ശസ്ത്രക്രിയയും മുഴ പടരുന്നതും

തെറ്റിദ്ധാരണ:
ബയോപ്‌സി ചെയ്യുകയോ ശസ്ത്രക്രിയ നടത്തി മുറിവ് തുറക്കുകയോ ചെയ്താൽ കാറ്റ് തട്ടി മുഴ ശരീരം മുഴുവൻ പടരും.

യാഥാർത്ഥ്യം:
ഇതൊരു പൂർണ്ണമായും തെറ്റായ വിശ്വാസമാണ്. ശസ്ത്രക്രിയ മുഴയുടെ വലിപ്പം കുറയ്ക്കാനും അത് ഏത് തരമാണെന്ന് തിരിച്ചറിയാനും സഹായിക്കുകയാണ് ചെയ്യുന്നത്.

തെളിവ്:
ആധുനിക ന്യൂറോ സർജറിയിൽ ന്യൂറോ നാവിഗേഷൻ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് മുഴയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാനും അത് സുരക്ഷിതമായി നീക്കം ചെയ്യാനുമാണ്. വായു തട്ടുന്നത് മൂലം മുഴ പടരും എന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല.

  • 5. മധുരം ട്യൂമറിന് കാരണമാകുമോ?

തെറ്റിദ്ധാരണ:
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ട്യൂമർ കോശങ്ങൾ വേഗത്തിൽ വളരാൻ കാരണമാകും.

യാഥാർത്ഥ്യം:
പഞ്ചസാര നേരിട്ട് ട്യൂമർ വളർത്തുന്നില്ല. എന്നാൽ അമിതമായ പഞ്ചസാര പൊണ്ണത്തടിക്കും അതുവഴി മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം.

തെളിവ്:
മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങൾക്കും (നല്ല കോശങ്ങൾക്കും ട്യൂമർ കോശങ്ങൾക്കും) ഊർജ്ജത്തിനായി ഗ്ലൂക്കോസ് ആവശ്യമാണ്. പഞ്ചസാര പൂർണ്ണമായി ഒഴിവാക്കുന്നത് ട്യൂമറിനെ നശിപ്പിക്കില്ല, പകരം രോഗിയുടെ പ്രതിരോധശേഷി കുറയ്ക്കാനേ സഹായിക്കൂ.

മസ്തിഷ്‌ക മുഴകൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം

മസ്തിഷ്‌ക മുഴ നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയുടെ വിജയം നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്. രോഗനിർണ്ണയത്തിലെ നൂതന രീതികൾ ഉപയോഗിച്ച് കൃത്യമായ രോഗനിർണ്ണയത്തിലൂടെ മാത്രമേ ശരിയായ ചികിത്സ നൽകാൻ സാധിക്കൂ.

  • സ്‌കാനിംഗ്:
    മസ്തിഷ്‌കത്തിലെ മുഴയുടെ കൃത്യമായ വലിപ്പം, സ്ഥാനം എന്നിവ കണ്ടെത്താൻ ഇത് സഹായിക്കുന്നു.

  • ബയോപ്‌സി:
    മുഴയുടെ ഒരു ചെറിയ ഭാഗം എടുത്ത് പരിശോധിക്കുന്നതിലൂടെ അത് ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.

രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ്.

  • 1. ചികിത്സ കൂടുതൽ എളുപ്പമാക്കുന്നു:

മുഴ നെല്ലിക്കയുടെയോ ചെറുനാരങ്ങയുടെയോ വലിപ്പത്തിൽ ഇരിക്കുമ്പോൾ നീക്കം ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാണ്. രോഗി പൂർണ്ണ അബോധാവസ്ഥയിൽ എത്തുന്നതിന് മുൻപ് ചികിത്സ തുടങ്ങണം.

  • 2. നൂതന ചികിത്സാരീതികൾ:

എല്ലാ മുഴകൾക്കും ശസ്ത്രക്രിയ ആവശ്യമില്ല. മൂന്ന് സെന്റിമീറ്ററിൽ താഴെയുള്ള ചില മുഴകൾക്ക് 'ഗാമ നൈഫ്' പോലുള്ള അത്യാധുനിക റേഡിയേഷൻ ചികിത്സയിലൂടെ മുറിവുകളില്ലാതെ മാറ്റിയെടുക്കാം. ഇത് കേൾവിശക്തിയോ മുഖത്തിന്റെ ആകൃതിയോ നഷ്ടപ്പെടാതെ ചികിത്സിക്കാൻ സഹായിക്കും.

ചികിത്സയും അതിജീവനവും

ആധുനിക വൈദ്യശാസ്ത്രം ഇന്ന് വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുന്നതും, റേഡിയേഷൻ ചികിത്സ, മരുന്നുകൾ ഉപയോഗിച്ചുള്ള കീമോതെറാപ്പി ചികിത്സ എന്നിവയും നിലവിലുണ്ട്. മസ്തിഷ്‌കത്തിലെ മുഴ നീക്കം ചെയ്യുന്നതിലൂടെ / രോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായ മാറ്റങ്ങൾ വരെ തിരികെ കൊണ്ടുവരാൻ നമുക്ക് സാധിക്കും.

സമൂഹത്തിന്റെ പങ്ക്

ആരോഗ്യകാര്യങ്ങളിൽ നമ്മൾ പ്രബുദ്ധരാണെങ്കിലും മസ്തിഷ്‌ക മുഴ എന്ന് കേൾക്കുമ്പോൾ ഭയപ്പെടാറുണ്ട്. രോഗിയെ ഒറ്റപ്പെടുത്താതെ മാനസികമായ പിന്തുണ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. രോഗിക്ക് ആവശ്യമായ ആത്മവിശ്വാസം നൽകാൻ കുടുംബത്തിനും സമൂഹത്തിനും സാധിക്കണം.

ചുരുക്കത്തിൽ…

തുടർച്ചയായ തലവേദനയോ മറ്റ് അസ്വാഭാവിക ലക്ഷണങ്ങളോ കണ്ടാൽ അവഗണിക്കാതെ വിദഗ്ദ്ധ പരിശോധന നടത്തുക. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ മസ്തിഷ്‌ക മുഴകളെ നമുക്ക് ധൈര്യപൂർവ്വം നേരിടാം.

READ: നടുവേദന:
എല്ലാവർക്കും
MRI പരിശോധന
വേണോ?

പഞ്ചസാരയെ
അടുത്തറിയാം

ആസ്ത്മയെക്കുറിച്ച്
പുതിയ കാഴ്ചപ്പാടുകൾ

വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം

ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി

ഒരു അപൂര്‍വ രോഗത്തിന്റെ കഥ

ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ

നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?

പ്രസവാനന്തരം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments