ഇന്ന് കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണം നിത്യ സംഭവമായിരിക്കുന്നു. സംസ്ഥാനത്തെ മൂന്നിൽ രണ്ട് ഡോക്ടർമാരും വാക്കാലോ ശാരീരികമായോ അക്രമത്തിന് എപ്പോഴെങ്കിലും ഇരയായിട്ടുണ്ട് എന്നാണു കേരളത്തിൽ നിന്നുള്ള ഒരു പഠനം പറയുന്നത്.
നാടിനെ നടുക്കിയ 2023- ലെ ഡോ. വന്ദനാദാസിന്റെ കൊലപാതകവും അതിനെ തുടർന്ന് IMA നടത്തിയ ശക്തമായ സമരവും മൂലം വളരെ ശക്തമായ ആശുപത്രി സംരക്ഷണനിയമം ഇന്ന് കേരളത്തിൽ നിലവിൽ വന്നിട്ടുണ്ട്. ആ നിയമപ്രകാരം അക്രമിക്ക് ഏഴു വർഷം വരെ ശിക്ഷ വിധിക്കാം. ആക്രമണങ്ങൾ നടന്നാൽ ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്‌താൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും പറയുന്നുണ്ട്. വിചാരണാ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലകളിൽ ഓരോ സ്പെഷ്യൽ കോടതിയെ നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇത്ര ശക്തമായ നിയമമുണ്ടായിട്ടും അക്രമങ്ങളുടെ ഏണ്ണത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. എന്തായിരിക്കും ഇതിനു കാരണം?
ആരാണ് അക്രമികൾ?
ആദ്യം അക്രമികളാരൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ആശുപത്രിയിൽ വന്ന് ബഹളമുണ്ടാക്കുന്നവരാണ് വലിയ വിഭാഗം അക്രമകാരികളും. അവരിൽ പലരും മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവരായിരിക്കും. അവർ ചികിൽസക്കു വന്നവരോ രോഗിയുടെ കൂടെ വന്നവരോ ആയിരിക്കും. ആർക്കും ഏത് സമയത്തും കടന്നുവരാൻ സാധിക്കുന്ന സ്ഥലമായതു കൊണ്ടാണു ആശുപത്രികളിൽ ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നത്.
ചികിൽസ ലഭിച്ചതിലെ കുറവ് ആരോപിച്ച് ബഹളമുണ്ടാക്കുകയും അക്രമം നടത്തുകയും ചെയ്യുന്നവരാണു മറ്റൊരു വിഭാഗം.
ചികിൽസ ലഭിക്കാൻ വൈകി, ചികിൽസ പ്രതീക്ഷിച്ച ഫലം നൽകിയില്ല, ചികിൽസക്കിടയിൽ മരണമോ മറ്റ് പുതിയ സങ്കീർണ്ണതകളോ ഉണ്ടായി, ആശുപത്രിയിൽ സൗകര്യക്കുറവുണ്ട്, ജീവനക്കാരുടെ പെരുമാറ്റം മോശമാണ്, ചെലവ് താങ്ങാനാവാത്തതാണ് മുതലായ കാരണങ്ങൾ പറഞ്ഞാണ് അവർ അക്രമങ്ങൾ നടത്തുക.
ആശുപത്രികളെ കുറിച്ചും ആധുനിക വൈദ്യശാസ്ത്ര ചികിൽസയെ കുറിച്ചും പല തെറ്റിധാരണകളും അമിത പ്രതീക്ഷകളുമുള്ളതു കൊണ്ടാണ് ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നത്.

സൗകര്യങ്ങളുടെ പരിമിതികൾ
നമ്മുടെ ആശുപത്രികൾ, പ്രത്യേകിച്ച് സർക്കാർ ആശുപത്രികൾ ഏറെ പരിമിതികൾക്കുള്ളിലാണു പ്രവർത്തിക്കുന്നത്.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. പുതിയ കെട്ടിടങ്ങൾ ധാരാളമുണ്ടായാലും ജീവനക്കാരില്ലെങ്കിൽ കാത്തു നിൽപ്പ് വർദ്ധിച്ചുകൊണ്ടേയിരിക്കും. സ്വകാര്യ മേഖലയിൽ പെട്ടെന്ന് ചെയ്യാവുന്ന ഒരു കാര്യത്തിന് സർക്കാർ മേഖലയിൽ ആഴ്ചകൾ കാത്തു നിൽക്കേണ്ടിവരും. അസുഖം കൊണ്ട് വലയുന്ന രോഗിക്ക് സ്വസ്ഥമായി വിശ്രമിക്കാൻ സ്വകാര്യതയുള്ള ഒരു മുറിയോ ഒരു കട്ടിലോ തന്നെ കിട്ടണമെന്നില്ല. ഒരു ടെസ്റ്റ് ചെയ്ത് കിട്ടാനോ ഒരു മരുന്ന് വാങ്ങാനോ പല തവണ ആശുപത്രിയുടെ ഒരു മൂലയിൽ നിന്ന് മറ്റേ മൂലയിലേക്ക് നടക്കേണ്ടി വരുന്നു. സൗജന്യ ചികിൽസ എന്ന് പറയുമെങ്കിലും പലതിനും പണം ചെലവ് ചെയ്യേണ്ടിവരുന്നു.
ഇതെല്ലാം രോഗിയുടേയും കൂട്ടിരിപ്പുക്കാരുടേയും നിരാശയും മോഹഭംഗങ്ങളും വർദ്ധിപ്പിക്കുന്നു. ജീവനക്കാരുടെ കുറവ് രോഗികളോടുള്ള കൃത്യമായ ആശയവിനിമയത്തിന് വിഘാതമാകുന്നു. അതിനിടയിൽ ജീവനക്കാരുടെ സഹാനുഭൂതി ഇല്ലാത്ത പെരുമാറ്റം കൂടി ഉണ്ടായാൽ പ്രശ്നങ്ങൾ വഷളാകുന്നു.
ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി എന്ന സർക്കാർ പ്രചാരണവും അമിത പ്രതീക്ഷ വളർത്താൻ കാരണമാകുന്നു. ഏറെ ചെലവുള്ള അപൂർവ്വ ശസ്ത്രക്രിയകൾ പ്രത്യേക പരിഗണന കൊടുത്ത് മാധ്യമങ്ങൾ വഴി ആഘോഷമാക്കുമ്പോൾ തങ്ങളുടെ ചെറിയ ശസ്ത്രക്രിയകൾക്ക് ഏറെ കാലതാമസവും ചെലവും വരുന്നത് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസും പണക്കൊതിയും കൊണ്ടാണ് എന്ന് തെറ്റിരിക്കപ്പെടുന്നു.
അമിത പ്രതീക്ഷ
ചികിൽസക്കിടയിൽ അപ്രതീക്ഷിതമായ അത്യാഹിതങ്ങൾ ഉണ്ടാകുന്നത് ചിലപ്പോഴെങ്കിലും ആശുപത്രി അക്രമങ്ങളിലേക്ക് നയിക്കാറുണ്ട്. ഇന്ന് കേരളത്തിലെ ആശുപത്രികളിൽ രോഗികൾക്ക് അപ്രതീക്ഷിതമായി എന്ത് സംഭവിച്ചാലും അത് ചികിൽസാപ്പിഴവാണ് എന്ന വിധിയെഴുത്താണ് മാധ്യമങ്ങളും സമൂഹവും നടത്താറുള്ളത്.
ചികിൽസക്ക് പ്രവേശിപ്പിക്കപ്പെടുന്നവരെല്ലാം രോഗം പൂർണ്ണമായി ഭേദമായി തിരിച്ചുപോകണം. എന്ത് അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും മാറിയിരിക്കണം. ഒരു മുറിവോ ഫ്രാക്ചറോ ഉണ്ടായാൽ ഒരു സങ്കീർണ്ണതകളുമില്ലാതെ മാറണം. ഒരു സർജ്ജറി നടന്നാൽ രോഗി പൂർണ്ണ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തണം. പ്രസവം എപ്പോഴും സുഖപ്രസവമായിരിക്കണം. അങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിൽ ചികിൽസാ പിഴവാണ്. ഇതാണ് പൊതുധാരണ.
ആധുനിക വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസമാണ് ഇതു സൂചിപ്പിക്കുന്നത്. (ഈ വിശാസം മറ്റ് കപട ശാസ്ത്രങ്ങളോട് ഇല്ലാത്തതുകൊണ്ടാണ് ആയുഷ് ചികിൽസാ മേഖലയിൽ ഇത്തരം അക്രമങ്ങൾ ഉണ്ടാകാത്തത്.)
നിർഭാഗ്യവശാൽ ഈ വിശ്വാസം എപ്പോഴും ശരിയാകണമെന്നില്ല. മിക്കവാറും രോഗങ്ങളെയും പൂർണ്ണമായി ശമിപ്പിക്കാൻ ആധുനിക വൈദ്യശാസ്ത്ര ചികിൽസക്കാകുമെങ്കിലും ഇപ്പോഴും മറികടക്കാൻ കടമ്പകൾ ഏറെയുണ്ട്. 100 ശതമാനം ഫലിക്കുമെന്ന് ഉറപ്പിക്കാവുന്ന ചികിൽസകൾ അധികമില്ല. വളരെ ഏറെ പേരെ മരണത്തിലേക്ക് തള്ളി വിട്ട കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ചിട്ട് ഏറെ കാലമായിട്ടില്ല.
മാത്രമല്ല, പല ചികിൽസകൾക്കും പാർശ്വഫലങ്ങളുണ്ടാകാം. മനുഷ്യശരീരം ഒരു മെഷീനല്ല. ഒരുപാട് അസ്ഥിരമായ ഘടകങ്ങൾ പല രീതിയിൽ പ്രതിപ്രവർത്തിക്കുന്നത് കാരണം ചികിൽസാഫലങ്ങൾ പലപ്പോഴും പ്രവചിക്കാനാവില്ല.
ചികിൽസ പ്രതീക്ഷിച്ച രീതിയിൽ ഫലം കാണാതിരിക്കുകയോ മറ്റ് അത്യാഹിതങ്ങൾ സംഭവിക്കുകയോ ചെയ്യുന്നത് പലപ്പോഴും പ്രവചിക്കാനും തടയാനും കഴിയാത്തതാണ് എന്നും അത് ചികിൽസാപ്പിഴവല്ലെന്നുമുള്ള വസ്തുത രോഗിയുടെ ബന്ധുക്കൾക്കും പൊതു സമൂഹത്തിനും ഉൾക്കൊള്ളാൻ കഴിയണം.
ഏതൊരു ഡോക്ടർക്കും തന്റെ രോഗി പൂർണ്ണമായി സുഖം പ്രാപിക്കണമെന്നു തന്നെയായിരിക്കും ആഗ്രഹം. എന്തുകൊണ്ടെന്നാൽ ചികിൽസാ വിജയങ്ങളാണു ഡോക്ടറുടെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്.

ചികിൽസാ ചെലവ്
ഇന്ന് ചികിൽസാചെലവ് പല കുടുംബങ്ങൾക്കും താങ്ങാനാവാത്തതാണ്. സർക്കാർ മേഖലയിലാണെങ്കിലും ചികിൽസക്ക് പല രീതിയിലും പണം ചെലവാകും. വളരെയേറെ പൈസ ചെലവാക്കിയിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാവാതിരിക്കാം. എന്നാൽ അത് ഉൾക്കൊള്ളാൻ കുടുംബത്തിനായില്ലെങ്കിൽ പരാതികളും സംഘർഷങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഔട്ട് ഓഫ് പോക്കറ്റ് ചികിൽസാ ചെലവ് കുറയ്ക്കാൻ സാധിച്ചാൽ അക്രമങ്ങൾ കുറയാൻ സാദ്ധ്യതയുണ്ട്.
ആശയവിനിമയത്തിന്റെ പോരായ്മ മൂലം രോഗത്തിന്റെ തീക്ഷ്ണതയും പ്രതീക്ഷിക്കാവുന്ന സങ്കീർണ്ണതകളും ചികിൽസക്ക് ഉണ്ടാകാവുന്ന പാർശ്വഫലങ്ങളും രോഗിയും ബന്ധുക്കളും അറിയാതിരുന്നാൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
രോഗിക്കും ബന്ധുക്കൾക്കും കാര്യങ്ങളുടെ കിടപ്പ് കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള ബാദ്ധ്യത ആരോഗ്യപ്രവർത്തകർക്കുണ്ട്. എന്തു പണി ത്തിരക്കുണ്ടെങ്കിലും ആ കടമ ഡോക്ടർമാർ നിറവേറ്റണം. രോഗിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ ഉത്തരം പറയാൻ കഴിയണം. ഇങ്ങിനെ ആശയവിനിമയം നടത്താനുള്ള കഴിവ് മെഡിക്കൽ വിദ്യാഭ്യാസ കാലത്തു തന്നെ നേടാൻ സാഹചര്യമൊരുക്കേണ്ടതാണ്.
പ്രതിരോധ ചികിൽസ
(ഡിഫൻസീവ് മെഡിസിൻ)
എന്തിനും ഏതിനും ചികിൽസാപ്പിഴവ് ആരോപണവും അക്രമങ്ങളും നേരിടേണ്ടി വരുമ്പോൾ ചികിൽസാരീതി തന്നെ മാറാൻ സാദ്ധ്യതയുണ്ട്. പല ഡോക്ടർമാരും പ്രതിരോധ ചികിൽസ (ഡിഫൻസീവ് മെഡിസിൻ) യിലേക്ക് തിരിയാം.
എന്താണ് പ്രതിരോധ ചികിൽസ?
ചികിൽസയുടെ ഫലം രോഗിക്ക് അനുകൂലമല്ലെങ്കിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ആരോപണങ്ങളും ആക്രമണങ്ങളും മനസ്സിൽ വെച്ചുള്ള ചികിൽസയാണു പ്രതിരോധ ചികിൽസ അഥവാ ഡിഫൻസീവ് മെഡിസിൻ എന്ന് വിളിക്കുന്നത്. ഡോക്ടർ- രോഗി ബന്ധം പരസ്പര വിശ്വാസത്തിൽ നിന്ന് മാറി സംശയത്തിന്റെ നിഴലിലാകുമ്പോഴാണ് പ്രതിരോധ ചികിൽസ ഉണ്ടാകുന്നത്.
ചികിൽസകർ അത്തരമൊരു മനോഭാവത്തിലേക്ക് മാറുമ്പോൾ ധൈര്യപൂർവ്വം ചികിൽസ നൽകുന്നതിനു പകരം ചെറിയ അസുഖങ്ങൾക്കു പോലും രോഗികളെ കൂടുതൽ സൗകര്യമുള്ള വലിയ സ്ഥാപനത്തിലേക്ക് അയക്കാൻ സാദ്ധ്യതയുണ്ട്. ഇത്‌ശരിയായ ചികിൽസ വൈകാനും റഫറൽ ആശുപത്രികളിലെ തിരക്ക് വർദ്ധിക്കാനും കാരണമാകുന്നു. അതുപോലെ രോഗനിർണ്ണയം 100 ശതമാനം ഉറപ്പ് വരുത്താൻ പരിശോധനകളുടെ എണ്ണം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
ലെഗസി മീഡിയയും സോഷ്യൽ മീഡിയയും ഡോക്ടർമാർക്കെതിരേയും ആശുപത്രികൾക്കെതിരേയും വിദ്വേഷ പ്രചാരണങ്ങൾ വ്യാപകമായി നടത്തുന്നത് രോഗി-ഡോക്ടർ ബന്ധം വഷളാകാനും പ്രതിരോധ ചികിൽസാ രീതിയിലേക്ക് കൂടുതൽ കൂടുതൽ ഡോക്ടർമാർ മാറാനും കാരണമാകുന്നുണ്ട്.
ആശുപത്രികളെ സംരക്ഷിക്കാൻ
നിയമങ്ങൾ മാത്രം മതിയോ?
നിയമങ്ങൾ കൃത്യമായി നടപ്പിലാക്കി അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ നീതിന്യായ വ്യവസ്‌ഥക്ക് കഴിഞ്ഞാൽ ആശുപത്രികളിൽ ആക്രമണം നടത്താൻ സാമൂഹ്യദ്രോഹികൾ കുറച്ചൊന്നു മടിച്ചെന്നു വരാം. എങ്കിലും അതിനുള്ള അവസരങ്ങൾ ഇല്ലാതാക്കൽ കൂടി വേണം.
ഇന്ന് ഒരുവിധം എല്ലാ സർക്കാർ ആശുപത്രികളും ആർക്കും എപ്പോൾ വേണമെങ്കിലും കേറി വന്ന് ബഹളമുണ്ടാക്കാൻ പറ്റിയ പൊതുസ്ഥലങ്ങളാണ്. സുരക്ഷാപരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ല. പല സ്വകാര്യ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ല. പലതരം രോഗികളും അവരുടെ കൂട്ടാളികളും ചികിൽസ ആവശ്യങ്ങൾക്കുവേണ്ടി തിക്കിത്തിരക്കുന്ന ഇടമാണ് അത്യാഹിത വിഭാഗങ്ങൾ. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും സ്വാധീനത്തിലുള്ളവരും ആയുധങ്ങൾ കൈയ്യിലുള്ളവരും നിർബാധം വിരഹിക്കുന്ന ഇടം. ഈ അത്യാഹിത വിഭാഗങ്ങളിലാണു ഏറ്റവുമധികം ആശുപത്രി അക്രമങ്ങൾ നടക്കുന്നത് എന്നാണു പഠനങ്ങൾ കാണിക്കുന്നത്.
ആശുപത്രിയിൽ ആളുകൾ പ്രവേശിക്കുന്നതിന് ശക്തമായ നിയന്ത്രണവും സുരക്ഷാ പരിശോധനയും ഏർപ്പെടുത്താൻ സാധിച്ചാൽ വലിയ ഒരളവുവരെ ആശുപത്രി അക്രമങ്ങൾ തടയാൻ സാധിക്കും.
ആശുപത്രി അക്രമങ്ങൾ വൈദ്യസമൂഹത്തിന്റെ മാത്രം പ്രശ്നമായാണ് പലപ്പോഴും പൊതുസമൂഹം കാണുന്നത്. ചികിൽസാപ്പിഴവ് ആരോപണങ്ങൾ വെച്ച് വെണ്ടക്ക നിരത്തുകയും മണിക്കൂറുകളോളം ചാനൽചർച്ച നടത്തുകയും ചെയ്യുന്ന മാദ്ധ്യമങ്ങൾ, താമരശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ മുൻ കൂട്ടി നിശ്ചയിച്ചുറച്ച് കത്തി കൊണ്ടുവന്ന് വെട്ടിയ സംഭവം കാര്യമായി ചർച്ചയാക്കിയില്ല.
ആശുപത്രി അക്രമങ്ങൾ വൈദ്യസമൂഹത്തിന്റെ മാത്രം വിഷയമല്ല. അത് കേരളത്തിലെ ആരോഗ്യ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഡോക്ടർമാരുടെ മേൽ പതിക്കുന്ന ഒരോ ആഘാതവും കേരളത്തിന്റെ ആരോഗ്യരംഗത്തിനേൽക്കുന്ന ആഘാതമാണെന്ന് നാം മനസ്സിലാക്കണം.
ആശുപത്രി അക്രമങ്ങൾ ഇല്ലാതാവണം എന്ന ആവശ്യം വൈദ്യസമൂഹത്തിന്റെ മാത്രമല്ലാതെ പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും കൂടിയാകുമ്പോൾ മാത്രമെ നമ്മുടെ ആതുരാലയങ്ങൾ സുരക്ഷിത മേഖലയായി മാറുകയുള്ളൂ.
READ: കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ
അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

