സാംക്രമിക രോഗമില്ലാതിരുന്നിട്ടും ജീവനോ ആരോഗ്യത്തിനോ യാതൊരു ഭീഷണിയും ഉണ്ടാക്കാത്ത അസുഖമായിട്ടുപോലും വളരെയധികം അവജ്ഞയോടും ഭീതിയോടും കൂടി നോക്കിക്കാണുന്ന ഒരു ചർമ്മരോഗമാണ് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ. ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന ഘടകത്തെ ശരീരത്തിന്റെ ആട്ടോ ഇമ്യൂണിറ്റി (auto immunity) അഥവാ സ്വയം പ്രതിരോധം മൂലം നശിപ്പിച്ചു കളയുന്ന അസുഖമാണിത്. ലോകത്തിൽ ഒരു ശതമാനത്തിൽ താഴെ ആളുകളിലാണ് ഇത് കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ ജോർദാനിലും ഏറ്റവും കുറവ് സ്വീഡനിലും ആണ് ഈ രോഗം കാണപ്പെടുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ അനുപാതത്തിലാണ് ഉണ്ടാവുക. കുട്ടികളിൽ മുതിർന്നവരേക്കാൾ രോഗസാധ്യത കുറവാണ്
കാരണങ്ങൾ
ജനിതകഘടകങ്ങളുടെ ചില മാറ്റങ്ങളാണ് പ്രധാന കാരണം. എന്നിരുന്നാലും, ഇത് പാരമ്പര്യ രോഗമല്ല അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് പാരമ്പര്യസാധ്യതയുള്ളത്.
മാനസിക സംഘർഷം, പോഷകാഹാരക്കുറവ്, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ.
വെള്ളപ്പാണ്ട് ബാധിച്ച ഇരുപതു മുതൽ മുപ്പതു ശതമാനം വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിന് വെള്ളപ്പാണ്ട് കണ്ടുവരാറുണ്ട്. രോഗപ്രതിരോധശേഷിയിലെ ക്രമക്കേടുകൾ മൂലം നമ്മുടെ പ്രതിരോധശേഷി നമ്മുടെ ശരീര കോശങ്ങളെത്തന്നെ നശിപ്പിക്കുന്നു. ഇത് ഒരു അണുബാധയോ പകർച്ചവ്യാധിയോ അല്ല. ഇടപഴകുന്നതിലൂടെയോ, ലൈംഗികബന്ധത്തിലൂടെയോ, അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ ഒന്നും ഇത് പകരുന്നില്ല.
ലക്ഷണങ്ങൾ
പാൽനിറത്തിൽ വട്ടത്തിലോ മറ്റാകൃതിയിലോ ഉള്ള ചൊറിച്ചിലോ വേദനയോ ഇല്ലാത്ത പാടുകൾ, മുറിവുണങ്ങുമ്പോൾ ഉണ്ടാകുന്ന അമിതമായ വെളുത്ത നിറം, തൊലിയോടൊപ്പം മുടിയിലും വെളുത്ത നിറം, വായിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാകുന്ന വെളുത്ത പാടുകൾ.
തരങ്ങൾ
സെഗ്മെന്റൽ (segmental): ശരീരത്തിന്റെ ഒരു ഭാഗത്തുമാത്രം വരുന്ന തരം. കുട്ടികളിലാണ് ഇത് കൂടുതൽ കാണുന്നത്.
നോൺ- സെഗ്മെന്റൽ: ശരീരത്തിന്റെ പല ഭാഗങ്ങളിൽ കാണുന്നു. ഈ തരമാണ് കൂടുതലായി കണ്ടുവരുന്നത്.
അക്രോഫേഷ്യൽ (Acrofacial Vitiligo): കൈകാൽ വിരലുകളുടെ അറ്റങ്ങൾ, ചുണ്ട്, ഈ ഇടങ്ങളിൽ ബാധിക്കുന്നു. ചികിത്സയോടുള്ള പ്രതികരണം വളരെ കുറവാണ്.
ഫോക്കൽ (Focal ): എപ്പോഴും ഒരേ സ്ഥലത്തു മാത്രം വരുന്നു.
Generalised: ശരീരത്തിന്റെ എല്ലാ ഭാഗത്തും വരുന്നു.
ചില ആളുകളിൽ വെള്ളപ്പാണ്ടിനോടൊപ്പം മറ്റു ആട്ടോ ഇമ്യൂൺ (auto immune) അസുഖങ്ങളായ തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, അലോപേഷ്യ (alopecia) എന്നിവ കാണാറുണ്ട്. അപ്പോൾ രക്തപരിശോധന ചെയ്യാനായി ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടല്ല. വരണ്ട ചർമ്മമുള്ള കുട്ടികളിൽ കാണപ്പെടുന്ന പിറ്റിരിയാസിസ് ആൽബ (Pityriasis Alba), ചുണങ്ങ്, താരൻ എന്നിവ മൂലമുള്ള ചർമ്മത്തിലെ നിറവ്യത്യാസങ്ങൾ, കുഷ്ഠരോഗം ഇവയെല്ലാം വെള്ളപ്പാണ്ടാണോ എന്ന് സംശയിക്കപ്പെടാറുണ്ട്. ഒരു ചർമ്മരോഗ ഡോക്ടറെ (dermatologist) കാണിച്ച്, ചിലപ്പോൾ സ്കിൻ ബയോപ്സി ചെയ്‌ത് രോഗം സ്ഥിരീകരിക്കാവുന്നതാണ്.

ചികിത്സാരീതികൾ
പൂർണമായും ഇനിയൊരിക്കലും വരില്ല എന്ന രീതിയിൽ ചികിൽസിച്ചുമാറ്റാൻ കഴിയില്ല എങ്കിലും, ഒരുപാട് ഫലപ്രദമായ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. രോഗവ്യാപനം തടയാനും നിറം വീണ്ടെടുക്കുന്നതിനുമായി തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് ഫലപ്രദം.
മരുന്നുകൾ കൊണ്ടുള്ള ചികിത്സ:
ഇമ്യൂണോ സപ്രസീവ് (immuno suppressive) ആയ സ്റ്റീറോയ്ഡ് മുതലായ മരുന്നുകൾ, calcineurin inhibitors, multivitamins, melanocyl മുതലായവ.
ലൈറ്റ് തെറാപ്പി:
കുട്ടികളിൽ പോലും ഇത് വളരെ സുരക്ഷിതവും ഫലപ്രദവും ആണ് (UVB, UVA, Excimer Laser എന്നിവ)
സർജറി
രോഗവ്യാപനം നിയന്ത്രിച്ചതിനുശേഷം നിർദിഷ്ട ഭാഗങ്ങളിലുള്ള പാടുകൾ നീക്കം ചെയ്യുന്നു. ഇതിനായി skin graft, culture ചെയ്ത melanocyte graft, blister graft എന്നിവ ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാനസിക സമ്മർദ്ദം വളരെ പ്രതികൂലമായി ബാധിക്കുന്ന അസുഖമാണ് വെള്ളപ്പാണ്ട്. മാനസിക സമ്മർദ്ദം (സ്ട്രെസ്) കുറക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കാം. സന്തുലിത പോഷകാഹാരം, മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണ്ടാകുമ്പോൾ രോഗവ്യാപനം കൂടുതൽ ആകുന്നതിനാൽ ഇവ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുണ്ട്. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ (sun screen) ക്രീമുകൾ ഉപയോഗിക്കുന്നതു ശീലമാക്കുക.
വൈകാരിക- സാമൂഹിക തലത്തിൽ
ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ
വെള്ളപ്പാണ്ട് അപകടകാരിയല്ലാത്ത നിസ്സാര ചർമ്മരോഗമായി നമ്മൾ പരിഗണിക്കുന്നെങ്കിലും രോഗബാധിതരുടെ മാനസിക- വൈകാരിക- സാമൂഹിക പ്രശ്നങ്ങൾ ഗൗരവതരമാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടുത്തൽ ഈ നിസ്സാരരോഗത്തിന്റെ പേരിൽ ഇവർ അനുഭവിക്കേണ്ടിവരുന്നു. സ്കൂളിലെയും തൊഴിലിടങ്ങളിലെയും ബന്ധുക്കളുടെ ഇടയിൽ നിന്നും പരിഹാസം, തൊഴിൽ ലഭിക്കാനുള്ള തടസങ്ങൾ, വിവാഹതടസങ്ങൾ, വിവാഹമോചനം, ഉൽകണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, ആത്‍മഹത്യാ പ്രവണത എന്നിങ്ങനെ വളരെയധികം പ്രത്യാഘാതങ്ങൾ ഈ അസുഖം സാമൂഹിക തലത്തിൽ വരുത്തിവയ്ക്കുന്നുണ്ട്. ഈ കാലഘട്ടത്തിൽ പോലും ഒരുപാട് മിഥ്യാധാരണകൾ സമൂഹം വച്ചുപുലർത്തുന്നു. യഥാർത്ഥത്തിൽ രോഗിയേക്കാൾ കൂടുതൽ ചികിത്സയും ബോധവത്കരണവും വേണ്ടത് സമൂഹത്തിനാണ്. അവരെ നമ്മളെപ്പോലെ സാധാരണ മനുഷ്യരായി കണ്ടു, ചേർത്ത് പിടിക്കുമ്പോൾ മാത്രമാണ് വെള്ളപ്പാണ്ട് ചികിത്സ പൂർണമാകുന്നത്. രോഗിയുടെ ഇഷ്ടമനുസരിച്ച് ചികിത്സ എടുക്കാതെ തന്നെയും സധൈര്യം സസന്തോഷം ഈ അസുഖവുമായി പൊരുത്തപ്പെട്ടു ജീവിതം നയിക്കാവുന്നതാണ്.
എല്ലാ വര്‍ഷവും ജൂണ്‍ 25 ന് ലോക വെള്ളപ്പാണ്ടു ദിനമായി ആചാരിക്കാറുണ്ട്. വെള്ളപ്പാണ്ട് രോഗം ഉണ്ടായിരുന്ന പ്രശസ്ത പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ ജന്മദിനത്തിലാണ് ഇത് ആചരിക്കുന്നത്. വെള്ളപ്പാണ്ടുള്ള ആളുകളുടെ കൂട്ടായ്മയും പ്രബലമാണ്.
READ: മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ
വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ
പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ
ആമാശയ കാൻസറും
ചികിത്സാരീതികളും
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

