വന്ധ്യതാ ചികിത്സയിലെ
പുതിയ മുന്നേറ്റങ്ങൾ

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ പ്രത്യുൽപാദന വൈദ്യശാസ്ത്രം വലിയ പുരോഗതി കൈവരിച്ചു. വന്ധ്യതാചികിത്സയുടെ ലക്ഷ്യം ഗർഭധാരണം സാധ്യമാക്കുക മാത്രമല്ല, അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ഗർഭകാലവും ആരോഗ്യകരമായ പ്രസവവും സാധ്യമാക്കുക കൂടിയാണ്: ‘IMA നമ്മുടെ ആ​രോഗ്യം’ മാസികയിൽ ഡോ. ദിവ്യ നായർ എഴുതിയ ലേഖനം.

വന്ധ്യത ഒരു ആരോഗ്യപ്രശ്നം മാത്രമല്ല; ദമ്പതികളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഴത്തിൽ സ്വാധീനിക്കുന്ന അനുഭവം കൂടിയാണ്. നമ്മുടെ സാമൂഹിക സാഹചര്യങ്ങളിൽ അതിനൊപ്പം മാനസികവും സാമൂഹികവുമായ സമ്മർദങ്ങളും ഉണ്ടാകാം. വന്ധ്യതാചികിത്സയുടെ ലക്ഷ്യം ഗർഭധാരണം സാധ്യമാക്കുക മാത്രമല്ല, അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ഗർഭകാലവും ആരോഗ്യകരമായ പ്രസവവും സാധ്യമാക്കുക കൂടിയാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ പ്രത്യുൽപാദന വൈദ്യശാസ്ത്രം (reproductive medicine) വലിയ പുരോഗതി കൈവരിച്ചു. ഭ്രൂണവളർത്തൽ, ശീതീകരണം, ജനിതകപരിശോധന, പ്രത്യുൽപാദനശേഷി സംരക്ഷണം, നിർമിതബുദ്ധി തുടങ്ങി നിരവധി സാങ്കേതികവിദ്യകൾ ചികിത്സാരീതികളെ മാറ്റിയിട്ടുണ്ട്. “എല്ലാവർക്കും ഒരേ ചികിത്സ” എന്ന സമീപനത്തിൽനിന്ന് ഓരോ ദമ്പതികളുടെയും സാഹചര്യത്തിന് അനുയോജ്യമായ ചികിത്സയിലേക്കുള്ള മാറ്റമാണ് ഈ രംഗത്തെ പ്രധാന മുന്നേറ്റങ്ങളിലൊന്ന്.

വ്യക്തിഗതമാക്കിയ
അണ്ഡാശയ ഉത്തേജനം

ബാഹ്യ ബീജസങ്കലന ചികിത്സയുടെ (IVF) ആദ്യഘട്ടങ്ങളിലൊന്നാണ് അണ്ഡാശയ ഉത്തേജനം (ovarian stimulation). ഒരുകാലത്ത് സമാനമായ ഉത്തേജനരീതികൾ പലർക്കും ഉപയോഗിച്ചിരുന്നു. ഇന്ന് സ്ത്രീയുടെ പ്രായം, ശരീരഭാരം, ആന്റി-മുള്ളേറിയൻ ഹോർമോൺ (AMH), അൾട്രാസൗണ്ടിൽ കാണുന്ന ചെറു അണ്ഡാശയ ഫോളിക്കിളുകളുടെ എണ്ണം (antral follicle count), മുൻ ചികിത്സകളിലെ പ്രതികരണം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), അണ്ഡാശയ അതിഉത്തേജന സിൻഡ്രോമിന്റെ (OHSS) സാധ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ചികിത്സാരീതി നിശ്ചയിക്കുന്നത്.

ബാഹ്യ ബീജസങ്കലന ചികിത്സയുടെ (IVF) ആദ്യഘട്ടങ്ങളിലൊന്നാണ് അണ്ഡാശയ ഉത്തേജനം (ovarian stimulation). ഒരുകാലത്ത് സമാനമായ ഉത്തേജനരീതികൾ പലർക്കും ഉപയോഗിച്ചിരുന്നു.
ബാഹ്യ ബീജസങ്കലന ചികിത്സയുടെ (IVF) ആദ്യഘട്ടങ്ങളിലൊന്നാണ് അണ്ഡാശയ ഉത്തേജനം (ovarian stimulation). ഒരുകാലത്ത് സമാനമായ ഉത്തേജനരീതികൾ പലർക്കും ഉപയോഗിച്ചിരുന്നു.

കഴിയുന്നത്ര കൂടുതൽ അണ്ഡങ്ങൾ ലഭ്യമാക്കുക എന്നതല്ല ലക്ഷ്യം. ഓരോ സ്ത്രീയുടെയും ആരോഗ്യസ്ഥിതിക്കനുസരിച്ച് സുരക്ഷിതവും അനുയോജ്യവുമായ അണ്ഡാശയ പ്രതികരണം നേടുകയാണ് പ്രധാനം. 2025-ൽ പുതുക്കിയ യൂറോപ്യൻ ഹ്യൂമൻ റീപ്രൊഡക്ഷൻ ആൻഡ് എംബ്രിയോളജി സൊസൈറ്റിയുടെ (ESHRE) മാർഗനിർദേശങ്ങൾ അണ്ഡാശയ പ്രതികരണത്തിന്റെ വ്യക്തിഗതമാക്കൽ, സുരക്ഷ, ചികിത്സാഫലങ്ങൾ തുടങ്ങിയവ പരിഗണിക്കുന്നു. ചികിത്സയുടെ വിജയം ലഭിച്ച അണ്ഡങ്ങളുടെ എണ്ണംകൊണ്ടുമാത്രം അളക്കാനാവില്ല; അണ്ഡങ്ങളുടെയും ഭ്രൂണങ്ങളുടെയും ഗുണനിലവാരം, ഗർഭാശയത്തിൽ ഭ്രൂണം ഉറച്ചുപിടിക്കൽ, ഒടുവിൽ ആരോഗ്യകരമായ പ്രസവം എന്നിവയും കണക്കിലെടുക്കണം.

ഭാവിയിലേക്കുള്ള
പ്രത്യുൽപാദനശേഷി സംരക്ഷണം

കാൻസർ ചികിത്സയ്ക്കായി കീമോതെറാപ്പിയോ റേഡിയേഷനോ സ്വീകരിക്കുന്നതിനുമുമ്പ് ചില സ്ത്രീകൾക്ക് അണ്ഡങ്ങൾ ശീതീകരിച്ചു സൂക്ഷിക്കാനുള്ള അവസരമുണ്ട്. ചികിത്സയ്ക്കുശേഷം പ്രത്യുൽപാദനശേഷി ബാധിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ഇത് പരിഗണിക്കാം. സാമൂഹികമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ മാതൃത്വം വൈകിപ്പിക്കുന്നവരും അണ്ഡങ്ങൾ ശീതീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ട്.

അണ്ഡങ്ങളെയോ ഭ്രൂണങ്ങളെയോ ശീതീകരിച്ച് സൂക്ഷിക്കുന്നതിലൂടെ ഭാവിയിലെ പ്രത്യുൽപാദനത്തിനുള്ള സാധ്യത സംരക്ഷിക്കാം. എന്നാൽ ഇത് ഭാവിയിൽ ഗർഭധാരണം ഉറപ്പുനൽകുന്നില്ല. പ്രായം, അണ്ഡങ്ങളുടെ എണ്ണം, ആരോഗ്യസ്ഥിതി, ശീതീകരണരീതി തുടങ്ങിയവ ഫലത്തെ സ്വാധീനിക്കും. അതിനാൽ തീരുമാനത്തിനു മുമ്പ് വ്യക്തിഗതമായ ഉപദേശം, യാഥാർഥ്യബോധമുള്ള കൗൺസലിങ്, ചെലവുകളും വിജയസാധ്യതകളും സംബന്ധിച്ച വ്യക്തമായ ധാരണ എന്നിവ ആവശ്യമാണ്.

ഭ്രൂണങ്ങളുടെ
തിരഞ്ഞെടുപ്പ്

ബാഹ്യ ബീജസങ്കലന ചികിത്സയിൽ കൈമാറാൻ അനുയോജ്യമായ ഭ്രൂണം തിരഞ്ഞെടുക്കുന്നതിന് പ്രാധാന്യമുണ്ട്.

പരമ്പരാഗതമായി ഭ്രൂണത്തിന്റെ രൂപഭംഗിയും വളർച്ചയുടെ ഘട്ടവും വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഭ്രൂണങ്ങളെ ബ്ലാസ്റ്റോസിസ്റ്റ് (blastocyst) ഘട്ടംവരെ വളർത്തുക, ശീതീകരിക്കുക, സമയക്രമത്തിലുള്ള ചിത്രീകരണം (time-lapse imaging) ഉപയോഗിച്ച് വളർച്ച നിരീക്ഷിക്കുക തുടങ്ങിയ സാങ്കേതികവിദ്യകൾ ഭ്രൂണവിലയിരുത്തലിന് കൂടുതൽ വിവരങ്ങൾ നൽകുന്നു.

ഭ്രൂണങ്ങളെ ബ്ലാസ്റ്റോസിസ്റ്റ് (blastocyst) ഘട്ടംവരെ വളർത്തുക, ശീതീകരിക്കുക, സമയക്രമത്തിലുള്ള ചിത്രീകരണം (time-lapse imaging) ഉപയോഗിച്ച് വളർച്ച നിരീക്ഷിക്കുക തുടങ്ങിയ സാങ്കേതികവിദ്യകൾ ഭ്രൂണവിലയിരുത്തലിന് കൂടുതൽ വിവരങ്ങൾ നൽകുന്നു.
ഭ്രൂണങ്ങളെ ബ്ലാസ്റ്റോസിസ്റ്റ് (blastocyst) ഘട്ടംവരെ വളർത്തുക, ശീതീകരിക്കുക, സമയക്രമത്തിലുള്ള ചിത്രീകരണം (time-lapse imaging) ഉപയോഗിച്ച് വളർച്ച നിരീക്ഷിക്കുക തുടങ്ങിയ സാങ്കേതികവിദ്യകൾ ഭ്രൂണവിലയിരുത്തലിന് കൂടുതൽ വിവരങ്ങൾ നൽകുന്നു.

സമയക്രമത്തിലുള്ള ചിത്രീകരണത്തിലൂടെ ഭ്രൂണത്തിന്റെ വളർച്ച തുടർച്ചയായി നിരീക്ഷിക്കാം. നിർമിതബുദ്ധി (artificial intelligence, AI) ഉപയോഗിച്ച് ഭ്രൂണങ്ങളുടെ ചിത്രങ്ങളും വളർച്ചാരീതികളും വിശകലനം ചെയ്ത് തിരഞ്ഞെടുപ്പിനെ സഹായിക്കാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്.

ഇവ ഭ്രൂണശാസ്ത്രജ്ഞന്റെ വിലയിരുത്തലിനെ സഹായിക്കുന്ന ഉപകരണങ്ങളാണ്. ഗർഭധാരണത്തിന്റെയോ ജീവനുള്ള കുഞ്ഞിന്റെ ജനനത്തിന്റെയോ സാധ്യത മെച്ചപ്പെടുത്തുന്നുണ്ടോ എന്ന് തെളിയിക്കാൻ കൂടുതൽ ശക്തമായ ക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണ്.

ഭ്രൂണത്തിന്റെ
ജനിതകപരിശോധന

ബാഹ്യ ബീജസങ്കലനത്തിനു ശേഷം ഭ്രൂണങ്ങളിൽ ജനിതകപരിശോധന നടത്തുന്നതിനെ പ്രീഇംപ്ലാന്റേഷൻ ജനിതക പരിശോധന (preimplantation genetic testing, PGT) എന്നു പറയുന്നു. കുടുംബത്തിൽ പാരമ്പര്യരോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോൾ, അല്ലെങ്കിൽ ചില പ്രത്യേക ജനിതകസാഹചര്യങ്ങളിൽ, പരിശോധനയുടെ ആവശ്യകതയും പരിമിതികളും വിദഗ്ധരുമായി ചർച്ച ചെയ്തശേഷമാണ് ഇത് പരിഗണിക്കുന്നത്.

പി.ജി.ടി. -എം (PGT-M):
ഏകജീൻ രോഗങ്ങൾ

ഒരു പ്രത്യേക ജീനിലെ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കായുള്ള പരിശോധനയാണിത്. തലാസീമിയ, സിസ്റ്റിക് ഫൈബ്രോസിസ് (cystic fibrosis), ഡ്യൂഷൻ മസ്കുലാർ ഡിസ്ട്രോഫി (Duchenne muscular dystrophy) തുടങ്ങിയ പാരമ്പര്യരോഗങ്ങൾക്ക് കാരണമാകുന്ന ജനിതകമാറ്റങ്ങൾ ഭ്രൂണത്തിൽ ഉണ്ടോ എന്ന് തിരിച്ചറിയാൻ ഇത് സഹായിച്ചേക്കാം. ഏത് രോഗത്തിനാണ് പരിശോധന നടത്തുന്നത് എന്നതനുസരിച്ച് നടപടിക്രമവും കൃത്യതയും വ്യത്യാസപ്പെടും.

പി.ജി.ടി. -എസ്.ആർ (PGT-SR):
ഘടനാപരമായ ക്രോമോസോം മാറ്റങ്ങൾ

പങ്കാളികളിൽ ഒരാൾക്ക് സമതുലിതമായ ക്രോമോസോം പുനഃക്രമീകരണം (balanced chromosomal rearrangement) ഉള്ളപ്പോൾ, അതിന്റെ ഫലമായി അസമതുലിതമായ ക്രോമോസോം ഘടനയുള്ള ഭ്രൂണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്താൻ ഈ പരിശോധന സഹായിക്കുന്നു. ഏത് ഭ്രൂണം കൈമാറണമെന്ന് തീരുമാനിക്കുന്നതിൽ ഇത് സഹായകമായേക്കാം.

ഒരു പ്രത്യേക ജീനിലെ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കായുള്ള പരിശോധനയാണ് പി.ജി.ടി. -എം.
ഒരു പ്രത്യേക ജീനിലെ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കായുള്ള പരിശോധനയാണ് പി.ജി.ടി. -എം.

പി.ജി.ടി.-എ (PGT-A):
ക്രോമോസോമുകളുടെ
എണ്ണത്തിലുള്ള വ്യതിയാനം

ഭ്രൂണത്തിലെ ക്രോമോസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങൾ പരിശോധിക്കുന്ന രീതി യാണിത്. സാധാരണയായി ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിൽ ഭ്രൂണ ത്തിന്റെ പുറംപാളിയിലെ ചില കോശങ്ങൾ (trophectoderm cells) എടുത്താണ് പരിശോധന നടത്തുന്നത്.

പി.ജി.ടി. എല്ലാവർക്കും ആവശ്യമായ പരിശോധനയല്ല. പ്രത്യേകിച്ച് പി.ജി.ടി.-എ എല്ലാവരിലും പതിവായി ഉപയോഗിക്കണമെന്ന് തെളിവുകൾ പിന്തുണയ്ക്കുന്നില്ല. പരിശോധനാഫലത്തിൽ തെറ്റായോ അനിശ്ചിതമായോ വിവരങ്ങൾ വരാനുള്ള സാധ്യതയും മൊസായിസിസം (mosaicism) പോലുള്ള സങ്കീർണതകളും പരിഗണിക്കണം. ഫലം രോഗചരിത്രത്തോടും ചികി ത്സാ സാഹചര്യത്തോടും ചേർത്ത് വ്യാഖ്യാനിക്കാൻ വിദഗ്ധ കൗൺ സലിങ് ആവശ്യമാണ്. ജനിതകപരിശോധന ഒരു പ്രത്യേക രോഗസാധ്യത വിലയിരുത്താൻ സഹായിക്കുന്നതാണ്; ആരോഗ്യകരമായ കുഞ്ഞിന്റെ ജനനം ഉറപ്പുനൽകുന്ന മാർഗമല്ല.

ഐ.വി.എഫ്. ചികിത്സയോടൊപ്പം നിർദേശിക്കപ്പെടുന്ന അധിക ചികിത്സകൾ

ഒരു ഐ.വി.എഫ്. ചക്രം വിജയിക്കാതെ വന്നാൽ അടുത്ത തവണ എന്തെങ്കിലും അധികചികിത്സ ചേർക്കാമോ എന്ന് ദമ്പ തികൾ ചിന്തിക്കുന്നത് സ്വാഭാവികമാണ്. പ്ലേറ്റ്ലെറ്റ് സമ്പന്നമായ പ്ലാസ്മ (platelet-rich plasma, PRP), രോഗപ്രതിരോധ സംവിധാനത്തെ ലക്ഷ്യമിടുന്ന ചികിത്സകൾ, ഗർഭാശയത്തിന്റെ അക ത്തെ പാളിയിൽ നടത്തുന്ന ചില ഇടപെടലുകൾ, സപ്ലിമെന്റുകൾ തുടങ്ങിയവ ഭ്രൂണം ഉറച്ചുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ചിലപ്പോൾ അവകാശപ്പെടാറുണ്ട്.

എന്നാൽ ഇവയിൽ പലതിനും ജീവനുള്ള കുഞ്ഞിന്റെ ജനനനിരക്ക് മെച്ചപ്പെടുത്തുന്നുവെന്ന ഉറച്ച ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. ഓരോ അധികചികിത്സയുടെയും സുരക്ഷ, ഫലപ്രാപ്തി, ചെലവ്, വ്യക്തിഗതമായി ലഭിക്കാവുന്ന പ്രയോജനം എന്നിവ പരിശോധിച്ചശേഷമേ പരിഗണിക്കാവൂ. ദമ്പ തികൾക്ക് തെളിവിന്റെ പരിമിതികളും ചികിത്സ വേണ്ടെന്നുവെക്കാനുള്ള അവകാശവും ഉൾപ്പെടെ വ്യക്തമായി വിശദീകരിക്കണം.

വന്ധ്യതാചികിത്സയിൽ
നിർമിതബുദ്ധിയുടെ പങ്ക്

നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രത്യുൽപാദന വൈദ്യശാസ്ത്രത്തിലും പഠിച്ചുവരുന്നു. ഭ്രൂണചിത്രങ്ങളുടെ വിലയിരുത്തലിനു പുറ മേ, അണ്ഡാശയത്തിന്റെ പ്രതിക രണം പ്രവചിക്കൽ, ചിത്രവിശകലനം, ചികിത്സാ ആസൂത്രണം, ഡോക്ടർമാർക്ക് തീരുമാനമെടുക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ എന്നിവയിലും അതിന്റെ ഉപയോഗം പരിശോധിക്കുന്നു.

എന്നാൽ നിർമിതബുദ്ധിക്ക് ഡോക്ടറുടെ ക്ലിനിക്കൽ വിലയിരുത്തലിനോ രോഗിയുമായുള്ള ആശയവിനിമയത്തിനോ പകരമാകാനാവില്ല. രോഗിയുടെ വൈ കാരികാവശ്യങ്ങൾ, മുൻഗണനകൾ, ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ, ജീവിതസാഹചര്യങ്ങൾ എന്നിവ ഒരു അൽഗോരിതത്തിന് പൂർണമായി ഉൾക്കൊള്ളാനാവില്ല. അതിനാൽ നിർമിത ബുദ്ധിയെ ഡോക്ടറെയും ഭ്രൂണ ശാസ്ത്രജ്ഞനെയും സഹായിക്കുന്ന ഉപകരണമായി കാണണം. അതിന്റെ ഫലങ്ങൾ രോഗികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് വിവിധ സാഹചര്യങ്ങളിൽ കൃത്യതയും പ്രയോജനവും ഉറപ്പാക്കുന്ന പഠനങ്ങൾ ആവശ്യമാണ്.

ചികിത്സയിൽ
വ്യക്തിഗത പരിചരണത്തിന്
പ്രാധാന്യം

ചില ദമ്പതികൾക്ക് ലളിതമായ ചികിത്സ മതിയാകാം. മറ്റുചിലർക്ക് വിശദമായ പരിശോധനകളും കൂടുതൽ സങ്കീർണമായ ചികിത്സാരീതികളും ആവശ്യമായി വരാം. ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, വന്ധ്യതയുടെ കാരണം, ചികിത്സാചരിത്രം, വ്യക്തിപരമായ മുൻഗണനകൾ എന്നിവ കണക്കിലെടുത്ത് ചികിത്സ തീരുമാനിക്കുന്നതാണ് വ്യക്തിഗതമാക്കിയ പ്രത്യുൽപാദന വൈദ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനം.

വന്ധ്യതാചികിത്സാരംഗം അതിവേഗം പുരോഗമിക്കുക യാണ്. ഭ്രൂണശാസ്ത്ര ലബോറട്ടറികൾ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നു; ജനിതകപരിശോധനകൾ വികസിക്കുന്നു; നിർമിതബുദ്ധി പുതിയ സാധ്യതകൾ തുറക്കുന്നു; പ്രത്യുൽപാദ നശേഷി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അറിവ് വ്യാപിക്കുന്നു. അണ്ഡാശയ ഉത്തേജനം മുതൽ ഭ്രൂണം കൈമാറുന്നതുവരെയുള്ള ചികിത്സാഘട്ടങ്ങൾ കൂടുതൽ വ്യക്തിഗതമാകുന്നു.

ഈ മുന്നേറ്റങ്ങൾക്കൊപ്പം ഓർക്കേണ്ടത്, പുതിയത് എല്ലായ്പ്പോഴും മികച്ചതാകണമെന്നില്ലെന്നും കൂടുതൽ ചികിത്സ നൽ കുന്നതു മാത്രം മികച്ച ചികിത്സയാകില്ലെന്നുമാണ്. ഓരോ ദമ്പതികൾക്കും ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കലല്ല ചികിത്സയുടെ ലക്ഷ്യം. പകരം, ശരിയായ ചികിത്സ ആവശ്യമായ സമയത്ത്, സുരക്ഷിതമായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും നൽകുകയാണ് പ്രധാനം.

ഈ യാത്രയിൽ ശാസ്ത്രത്തോടൊപ്പം സത്യസന്ധമായ കൗൺ സലിങ്, വ്യക്തിഗത പരിചരണം, ദമ്പതികളുടെ താൽപര്യങ്ങൾക്കും തീരുമാനങ്ങൾക്കും ആദരം, മനുഷ്യത്വപരമായ പിന്തുണ എന്നിവയ്ക്കും തുല്യപ്രാധാന്യമുണ്ട്.

വന്ധ്യതാചികിത്സയുടെ ലക്ഷ്യം ഒരു നല്ല ഭ്രൂണം സൃഷ്ടിക്കുക മാത്രമല്ല; ദമ്പതികളെ അവരുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള ആഗ്രഹങ്ങളിലേക്ക് സുരക്ഷിതമായും പ്രതീക്ഷയോടെയും നയിക്കുകയുമാണ്.

READ: മഞ്ഞപ്പിത്തം:
കാരണങ്ങളും
ചികിത്സയും

വെള്ളനിറം പൂശിയ നാവ്

ഗർഭകാലത്തെ
മാനസികാരോഗ്യ
പ്രശ്‌നങ്ങൾ

പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും

സിസേറിയൻ:
അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments