കേരളത്തിലെ ആരോഗ്യ മന്ത്രിയാക്കപ്പെടുകയാണെങ്കിൽ പരിഹാരം കണ്ടെത്തുന്നതിനായി ആദ്യമായി പരിഗണിക്കുന്ന വിഷയമേതായിരിക്കുമെന്നുള്ള എന്റെ വാചാ പരീക്ഷാചോദ്യത്തിന്, മെഡിക്കൽ ബിരുദാനന്തര വിദ്യാർത്ഥി നൽകിയ ഉത്തരം, കൂടിവരുന്ന ചികിത്സാ ചെലവ് കുറയ്ക്കാൻ ശ്രമിക്കും എന്നായിരുന്നു.
പുതിയ കാലഘട്ടത്തിൽ കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കേവലം രോഗങ്ങളിലേക്ക് മാത്രം ചുരുങ്ങുന്നതല്ല. അത് ഇക്കണോമിക്സ്, ആരോഗ്യസംവിധാനങ്ങൾ, ആരോഗ്യ സേവനവിതരണരംഗം, ജനങ്ങളുടെ റിസ്‌ക് ബിഹേവിയറുകൾ, ആരോഗ്യ പരിപാലനം, ചികിത്സതേടൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര വിഷയമാണ്.
ആരോഗ്യം ആശുപത്രികളിൽനിന്ന് വിലകൊടുത്ത് വാങ്ങേണ്ടുന്ന ഒരു ഉൽപ്പന്നമാണെന്ന് കേരളീയർ ധരിച്ചുവച്ചിട്ടുള്ളതായി തോന്നുന്നു. അതിനാൽ പണം ചെലവാക്കിയാണ് ചികിത്സ ലഭ്യമാകേണ്ടതെന്നും ആശുപത്രിചികിത്സക്കായി എത്ര പണമായാലും ചെലവാക്കേണ്ടതാണെന്നുമുള്ള ധാരണ കേരളീയരിലുണ്ടായിട്ടുണ്ട്.
READ: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ
കേരളീയരുടെ കുടുംബവരുമാനത്തിന്റെ 17 % ചികിത്സക്കായി ചെലവാകുന്നതായും 10 % പേർ ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി കടം വാങ്ങുന്നതായും ശരാശരി കടം 2.5 ലക്ഷത്തിലധികം വരുമെന്നുമാണ് സംസ്ഥാനതലസർവ്വേയിൽ കണ്ടെത്തിയിട്ടുള്ളത്.
ഇതിലെ ലാഭം കണ്ടറിഞ്ഞാണ് ഇതുവരെ ആശുപത്രികളിൽ നിക്ഷേപം നടത്താത്ത ഭീമൻ ആഗോള ഇക്വിറ്റി കമ്പനികളായ ബ്ലാക്ക് സ്റ്റോൺ, കെ.കെ. ആർ തുടങ്ങിയവ കേരളത്തിലെ ആശുപത്രികൾ വൻവിലയ്ക്ക് കച്ചവടമാക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള 100% നിക്ഷേപ അനുമതിയിലൂടെ ഭാവിയിൽ ആരോഗ്യമേഖലയിലെ വിദേശ - സ്വദേശ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ കടന്നുകയറ്റം ചികിത്സാചെലവുകൾ വീണ്ടും കൂട്ടുകയും ജനങ്ങളെ അനാവശ്യചികിത്സകൾക്ക് പ്രേരിപ്പിക്കുകയും ചെയ്യും.
രോഗികളും ചികിത്സകരും തമ്മിലുള്ള ബന്ധം സംശയത്താൽ സംഘർഷഭരിതമായി അകലുന്നതിനാൽ പരിശോധനകളും ചികിത്സകളും നിർണ്ണയിക്കുന്ന ഡോക്ടർമാരെ രോഗികളും ബന്ധുക്കളും സ്വന്തം കീശ തപ്പി സംശയത്തോടെ നോക്കിതുടങ്ങിയിട്ടുണ്ട്. തിരിച്ച് ചികിത്സക്കെത്തുന്ന ഓരോ രോഗിയും ഭാവിയിലെ പരാതിക്കാരാകാമെന്ന ഉത്കണ്ഠയിൽ ഡോക്ടർമാർ ഡിഫൻസീവ് മെഡിസിന്റെ ഭാഗമായി കാടടച്ച് പരിശോധനകൾ നിർദ്ദേശിച്ച് രോഗികളുടെ കീശകാലിയാക്കാനും സാധ്യതകൾ കൂടിവരികയാണ്.

പോരാതെ, മേല്‍ പരാമര്‍ശിച്ച ഇൻഷൂറൻസ് ക്ലെയിമുകളുടെ അംഗീകാരത്തിനും നിയമപരമായ ബാധ്യതകൾ മറികടക്കാനും ക്ലിനിക്കൽ തെളിവുകൾക്കപ്പുറം രോഗനിർണ്ണയത്തിനും ചികിത്സകൾക്കും ലാബറട്ടറി തെളിവുകൾ ആവശ്യമായിവരുന്നു. ഇത് ചികിത്സാചെലവുകൾ വീണ്ടും വർദ്ധിപ്പിക്കും. അനാവശ്യ പരിശോധനകളും ചികിത്സാചെലവും നിയന്ത്രിക്കാനും ചെറുകിട ചികിത്സ സ്ഥാപനങ്ങളെ പരിരക്ഷിച്ച്, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ് നിയമം പ്രായോഗികവും ജനാരോഗ്യകരമായും പരിഷ്ക്കരിച്ച് നടപ്പിലാക്കണം. ഇതിന് കൂടുതൽ ചർച്ചകൾ ആവശ്യമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാകേണ്ട തുമുണ്ട്.
കേരളത്തിൽ ആധുനികമായാലും ആർവേദമായാലും ഡോക്ടർമാരുടെ എണ്ണം കൂടിവരികയാണ്. പോരാതെ യുനാനി, നേച്ചറോപ്പതി തുടങ്ങിയ മേഖലകളിലും ചികിത്സകരെ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ മുളച്ചുപൊട്ടുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ 509 ആളുകൾക്ക് ഏതെങ്കിലും ശാഖകളിൽ പെട്ട ഒരു ഡോക്ടറുണ്ട്. 1000 പേർക്ക് 1.14 ആശുപത്രി കിടക്കകളുമുണ്ട്. ഇവർക്കൊക്കെ ഭാവിയിൽ വരുമാനമുണ്ടാക്കി ജീവിച്ച്പോകാൻ കൂടുതൽ രോഗികളെ ഉണ്ടാക്കിയെടുക്കലും ആവശ്യമായിവരും.
അതിനാൽ, ആരോഗ്യ ചികിത്സാമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം കുറയാനും ആശുപത്രി ഉടമകൾക്ക് ഇവർക്ക് നൽകുന്ന ശമ്പളം കുറയ്ക്കാനും സാധ്യതകളുണ്ട്. ഇതും ഒരു ഭാവി പ്രതിസന്ധിയാണ്.
ജീവിതനിലവാരം കൂടിവരുന്നതോടെ ആഡംബര ചികിത്സാസ്ഥാപനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനും ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഒറ്റയാൾ കുടുംബ ഡോക്ടർമാരും, നഴ്‌സിംഗ് ഹോമുകളും നാമാവശേഷമാകാനുമാണ് സാധ്യത. പകരം ഫൈവ്സ്റ്റാർ ആശുപത്രികൾ മാത്രം തലഉയർത്തി നിൽക്കും.
ജനങ്ങളുടെ ശമനചികിത്സക്കായി പ്രാദേശതലങ്ങളിൽ പ്രൈമറി ഹെൽത്ത് കെയറിന് സർക്കാർ- സ്വകാര്യ തലങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളുണ്ടാകണം. അടിസ്ഥാന ആരോഗ്യസംവിധാനങ്ങൾ, മരുന്നുകൾ, ലാബ്പരിശോധനാ സൗകര്യങ്ങൾ സർക്കാർ തലത്തിൽ പ്രാഥമിക, ദ്വീതിയ തലങ്ങളിൽ ലഭ്യമാക്കണം. റഫറൽ സമ്പ്രദായം കാര്യക്ഷമമാക്കണം. രോഗികളുടെ തിരക്ക് കുറയ്ക്കാനും മതിയായ ചികിത്സ ലഭിക്കാനും മെഡിക്കൽ കോളേജുകൾ റഫറൽ കേന്ദ്രങ്ങളാക്കണം. ഇതിനായി ഗ്രാമീണ മേഖലകളിലും നഗരങ്ങളിലെ പിന്നാക്ക മേഖലകളിലും പ്രൈമറി കെയർ മേഖലകളിൽ സർക്കാർ- സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തിൽ സബ്സിഡികളും സൗകര്യങ്ങളും നൽകി കുടുംബ ഡോക്ടര്‍ മാതൃകകള്‍ പ്രോത്സാഹിപ്പിക്കണം. ആശുപത്രികളിൽ പൗരപ്രതിനിധികളടങ്ങിയ ഗ്രീവൻസസ് സെല്ലുകൾ ഉണ്ടാകുകയും രോഗികളുടെ പരാതികൾക്ക് ഉചിതനടപടികൾ ഉണ്ടാകുകയും വേണം.

കേരളീയരിൽ രോഗാതുരത കൂടിക്കാണുന്നത് ‘കൾച്ചറൽ ഇൻഫ്ലേഷൻ ഓഫ് മോർബിഡിറ്റി’ കൊണ്ടാണെന്ന് അഭിപ്രായമുണ്ട്. വിദ്യാഭ്യാസവും വരുമാനവും വർദ്ധിക്കുമ്പോൾ അമിതമായി വൈദ്യവത്ക്കരണം നടക്കുന്ന അവസ്ഥയാണിത്. തനിയെ മാറുന്ന ചെറിയ അവസ്ഥകളും മരുന്ന് കഴിച്ചാലേ മാറൂ എന്ന ധാരണ- പിൽ ഫോർ എവരി ഇൽനസ്സ്- കേരളീയരിൽ കൂടുതലാണ്. ഇന്ത്യയിൽ വിപണിയിലെ 17%- ലധികം മരുന്നുകൾ വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഔഷധക്കടകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തേണ്ടതുണ്ട്.
ഔഷധങ്ങളുടെ ഗുണനിയന്ത്രണ പരിശോധനാ സംവിധാനം കാര്യക്ഷമതക്കായി മനുഷ്യ വിഭവശേഷിയടക്കം കൂട്ടി ശക്തി വർദ്ധിപ്പിക്കണം. ആന്റിബയോട്ടിക് പ്രതിരോധം (AMR) കുറച്ചുകൊണ്ടുവരാൻ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്നുകൾ നൽകുന്ന രീതി തടയുന്നത് കൂടുതൽ കർശനമാക്കണം.
ഡെങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ് തുടങ്ങിയ രോഗങ്ങൾ കേരളത്തിന്റെ വർഷങ്ങളായി തുടരുന്ന പുതിയ യാഥാർത്ഥ്യങ്ങളാണ്. കാലാവസ്ഥാ മാറ്റം, നഗരവൽക്കരണം, മനുഷ്യ-മൃഗ- പരിസ്ഥിതി സമ്പര്‍ക്കം പുതിയ ഭീഷണികള്‍ ഉണ്ടാകുന്നു. ഇത് One Health സമീപനത്തിന്റെ പ്രാധാന്യം ശക്തമായി ഓർമ്മിപ്പിക്കുന്നു.
കേരളം തെക്ക് തൊട്ട് വടക്കുവരെ ഒരു നഗരമാണ്. മൊബിലിറ്റിയും ജനസാന്ദ്രതയും പകർച്ചവ്യാധികളുടെ വ്യാപനസാധ്യത വളരെ വർദ്ധിപ്പിക്കും. വിദേശരാജ്യങ്ങളിലേക്കടക്കം യാത്രകൾ കൂടുന്നതിനാൽ ഇറക്കുമതി ചെയ്യപ്പെടുന്ന പുതിയ രോഗങ്ങൾ ഇനിയും ഉണ്ടാകാം. എണ്ണം കൂടി വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആവശ്യത്തിനനുസരിച്ച് പ്രത്യേകം തൊഴിൽ സംരക്ഷണവും ആരോഗ്യ പാക്കേജുകളും ആവിഷ്ക്കരിച്ചിട്ടില്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും രോഗബാധകൾക്ക് സാധ്യതകളുണ്ട്.
ടോയ്‌ലറ്റ് ടാങ്കുകളുടെ ആധിക്യവും സാമീപ്യവും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും ശുചിത്വക്കുറവും കിണർ, കുളം, പുഴകൾ തുടങ്ങിയ ജലാശയങ്ങളെ മലീനീകരിക്കും. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെങ്കിലും സീവേജ് മാനേജ്മെന്റിന് പ്രാദേശിക സംവിധാനങ്ങൾ ഉണ്ടാക്കേണ്ടിവരും. പരിസ്ഥിതി സന്തുലനവും പകർച്ചവ്യാധികളും ജലവും മത്സ്യവും പോലെ ബന്ധപ്പെട്ടതിനാൽ ഇതിൽ പ്രധാന ഘടകമായ ഭൂവിനിയോഗം, ജലവിനിയോഗം, വനസമ്പത്ത് വിനിയോഗം എന്നിവയിൽ കൂടുതൽ നിയന്ത്രണത്തിനായി നിയമനിർമ്മാണങ്ങൾ വേണ്ടതുണ്ട്. വന്യമൃഗ- മനുഷ്യ സംഘർഷം കേരളത്തിന്റെ നിരന്തര ഭീഷണിയായിരിക്കും.
ഭൂപ്രകൃതിയും അതിന്റെ കിടപ്പും കേരളത്തിനെ കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റിയിട്ടുണ്ട്. ഇതു മൂലമുണ്ടാകുന്ന ജലജന്യ, മൃഗജന്യ, പ്രാണിജന്യ രോഗങ്ങളുടെ പരീക്ഷണശാലയാണ് ഈ ഭൂപ്രദേശവും നിവാസികളും. പുതിയ രോഗങ്ങൾ പലപ്പോഴും ആദ്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ രോഗനിർണ്ണയ സംവിധാനങ്ങളും, നിയന്ത്രണസംവിധാനങ്ങളും ശക്തിപ്പെടുത്തണം.
ഇക്കോളജിക്കൽ സെൻസിറ്റീവ് ആയ കേരളത്തിൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പരിസ്ഥിതിവകുപ്പ്, ജലസംരക്ഷണ വകുപ്പ് ഇവയൊക്കെ ചേർന്നിട്ടുള്ള ഇന്റഗ്രേഡ് പരിപാടികൾ വേണ്ടതുണ്ട്. ഇതോടൊപ്പം വീടുകളിലും പൊതു ഇടങ്ങളിലുമുള്ള മാലിന്യ സംസ്കരണത്തിന് പ്രാദേശിക ഉത്തരങ്ങള്‍ കണ്ടെത്തണം. ഇത് ഇപ്പോള്‍അധികാരത്തിലേറിയ ജനപ്രതിനിധികള്‍ മുൻഗണന കൊടുക്കേണ്ട വിഷയമാണ്.
മറ്റു സംസ്ഥാനങ്ങളിലെ യുവാക്കളിൽ ഭൂരിഭാഗത്തിനും (80 %) സബ്ക്ലിനിക്കൽ രോഗബാധ മൂലം മഞ്ഞപ്പിത്തത്തിനെതിരെ ശരീരത്തിൽ ആന്റി ബോഡി പ്രതിരോധമുള്ളപ്പോൾ കേരളത്തിൽ ഇത് പകുതിയിലും താഴെയാണ്. അതിനാൽ കൂടിവരുന്ന മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾക്ക് മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം ഫലപ്രദമായ വാക്സിനുകളുടെ സാർവ്വത്രിക ഉപയോഗത്തിന്റെയും വഴികൾ ഒരു സാധ്യതയായി തേടേണ്ടിവരും.
പകർച്ചേതര രോഗങ്ങളുടെ ആധിക്യം
കേരളത്തിൽ ഇന്നത്തെ പ്രധാന ആരോഗ്യഭാരം പകർച്ചേതരരോഗങ്ങളാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗങ്ങള്‍ തുടങ്ങിയവ ചെറുപ്പക്കാരിലും വർധിക്കുന്നു. മുതിർന്നവരില്‍ മൂന്നിലൊന്നു പേര്‍ പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവരാണ്. കാൻസർ തോത് ലക്ഷം പേരില്‍ നൂറിനടുത്തുണ്ടായിരുന്നത് ഇപ്പോള്‍ 175 ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
നവ ലിബറല്‍ ലോകം തുറന്നിട്ട വാതിലുകളിലൂടെ ഉപഭോഗസമൃദ്ധി നന്നായി ആസ്വദിക്കുന്നവരാണ് മലയാളികള്‍. ജീവിതശൈലീമാറ്റങ്ങൾ – വ്യായാമക്കുറവ്, അളവു കവിഞ്ഞ ഭക്ഷണം, മാനസികസമ്മർദ്ദം, ഉറക്കക്കുറവ് – എല്ലാം ഇതിന് കാരണമാകുന്നുണ്ടാകും. ആശങ്കാജനകമായ മറ്റൊരു വസ്തുത, രോഗാവബോധമുണ്ടായിട്ടും പെരുമാറ്റ മാറ്റം സംഭവിക്കുന്നില്ല എന്നതാണ്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ചികിത്സിക്കുന്നവരില്‍ 20 %-ത്തില്‍ താഴെയുള്ളവർക്കു മാത്രമേ അവയെ നിയന്ത്രിക്കാനായിട്ടുള്ളൂ എന്നാണ് സ്ഥിതിവിവരം. അതിനാല്‍ ഇപ്പോഴുള്ള നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ മാറ്റിപ്പണിയേണ്ടതുണ്ട്. ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ പെരുമാറ്റവും തമ്മിലുള്ള വിടവ് കേരളത്തിന്റെ വലിയ വെല്ലുവിളിയാണ്. കായികപ്രവൃത്തികളിലെ വിമുഖതയും, സൗകര്യക്കുറവുകളും ഭക്ഷണവിഭവങ്ങളുടെ കച്ചവടസാധ്യതകളും പൊണ്ണത്തടിയും ഭാവികേരളത്തെ ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമായി നിലനിർത്തും. ഗ്രാമപ്രദേശങ്ങളിലടക്കം ബ്യൂട്ടിപാർലറുകൾക്കൊപ്പം പെരുകിവളരുന്ന ഫിറ്റ്നസ് സെന്ററുകൾ മസിലുകൾക്ക് ബലം നൽകുന്നതിനപ്പുറം രോഗപരിഹാരമാകുന്നില്ല.

മാനസികാരോഗ്യം:
നിശ്ശബ്ദ പ്രതിസന്ധി
ഡിപ്രഷൻ, ആകാംക്ഷ, ലഹരി ഉപയോഗം, ആത്മഹത്യ എന്നിവ കേരളത്തിൽ ഗൗരവകരമായ പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. വയോധികരിലെ ഏകാന്തതയും യുവജനങ്ങളിലെ അമിത പ്രതീക്ഷാ സമ്മർദ്ദവും മാനസികാരോഗ്യത്തെ ബാധിക്കുന്നു.
മുതലാളിത്ത സമൂഹത്തിൽ ആളുകള്‍ ഉയർന്ന ആഗ്രഹങ്ങൾ പുലർത്തുന്നു, മത്സരം കൂടുന്നു. വ്യക്തിബന്ധങ്ങൾ കുറയുന്നവരിൽ സമ്മർദ്ദം കൂടുന്നതിനാൽ ഉത്ക്കണ്ഠ, വിഷാദരോഗങ്ങൾ, ആത്മഹത്യ എന്നിവ കേരളസമൂഹത്തിൽ ഇനിയും കൂടി വരാനാണ് സാധ്യത. മയക്കുമരുന്നുപയോഗം കൂടും. യുവാക്കളിൽ ഉല്പാദനക്ഷമമായ റിക്രിയേഷൻ പ്രവർത്തനങ്ങൾ ഇതിന് ഒരു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്.
ഡിസ് ഇൻഫോർമേഷനും
ആരോഗ്യ അവബോധവും
പ്രയോഗവും തമ്മിലുള്ള വിടവ്
ഭൂരിഭാഗം ജനങ്ങളും സോഷ്യൽ മീഡിയയിൽ നീന്തിത്തുടിക്കുന്നവരായതിനാൽ വിവേചനബുദ്ധി കുറയാനും (Rotten brain) തെറ്റായ വിവരങ്ങളിലൂടെ ആരോഗ്യത്തിന്റെയും ചികിത്സയുടെയും തെറ്റായ തെരഞ്ഞെടുപ്പുകളിലും ഇൻഫോഡെമിക്കുകളിലും മുങ്ങിപ്പോകാൻ സാധ്യതയുണ്ട്. ജനങ്ങളിൽ കൂടിവന്നിട്ടുള്ള ‘കീമോഫോബിയ’ ഇതിന് ഒരു ഉദാഹരണം മാത്രം. അതിനാൽ സർക്കാർ തലത്തിലും പ്രൊഫഷണൽ തലത്തിലും ആരോഗ്യവിദ്യാഭ്യസത്തിന് ഉചിതമായ പ്ലാറ്റ്ഫോമുകൾ ഇപ്പോഴേ പണിയണം. കുട്ടികളിൽ ശരിയായ ശാസ്ത്രബോധം വളർത്താൻ സ്ക്കൂൾ പാഠപദ്ധതികളിൽ ശാസ്ത്രാധിഷ്ഠിത ആരോഗ്യഭാഗങ്ങൾ ഉൾപ്പെടുത്തണം.
വിവരങ്ങൾക്ക് ഏറ്റവും കൂടുതൽ പേർ വാട്സ്ആപ്പ് യൂനിവേഴ്സിറ്റികളേയും സെലിബ്രിറ്റികളേയും അവലംബിക്കുന്നത് കേരളത്തിലാണ്. ആരോഗ്യവിഷയങ്ങളിലെ ഡിസ് ഇൻഫോർമേഷനെതിരെ ജനകീയ ക്യാമ്പയിൻ വേണം. മുമ്പ് ഈ മേഖലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളുടെ പങ്ക് വലുതായിരുന്നു. ഇതിനായി ആരോഗ്യസ്ഥാപനങ്ങളോടനുബന്ധിച്ച് ഇൻഫർമേഷൻ സെന്ററുകൾ തുടങ്ങാം. ഐ. എം. എ പോലുള്ള പ്രൊഫഷണൽ സംഘടനകൾക്കും മെഡിക്കൽ- നഴ്സിങ്ങ് വിദ്യാർത്ഥികൾക്കും ഇതിനായി ഇനിഷ്യേറ്റിവുകളെടുക്കാവുന്നതാണ്.
കേരളം വൃദ്ധജനസംഖ്യ കൂടുതലുള്ള സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ഒരേ വ്യക്തിയിൽ തന്നെ നിരവധി രോഗങ്ങൾ (multi-morbidity), ദീർഘകാല മരുന്നുപയോഗം, പരിചരണ ആവശ്യകത – ഇവയെല്ലാം ചികിത്സാസംവിധാനത്തെ വെല്ലുവിളിക്കുന്നു. ആയുസ്സ് കൂടുന്നതു ത്കൊണ്ടും പങ്കാളികള്‍ മരിച്ചു പോയവരും, ഒന്നോ,രണ്ടോ മക്കളുണ്ടായിട്ടുളളവർ വീടുവിട്ട് അന്യദേശത്ത് താമസിക്കുന്നവരോ ആയിട്ടുള്ളവരുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതിനാൽ ഏകാന്തത അനുഭവിക്കുന്നതുമൂലമുള്ള ലോൺലി നെസ് സിൻഡ്രോം ഉള്ളവർ കൂടും. വാർദ്ധക്യരോഗങ്ങൾ മൂലം പരാശ്രയം വേണ്ടവർക്ക് സഹായത്തിന് ആളുകൾവേണ്ടി വരും. ഇതിന് പരിശീലനം ലഭിച്ച കെയർടേക്കർമാരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. കുടുംബാഗങ്ങളായ ബന്ധുക്കൾ തന്നെ പ്രായമായവരെ പരിചരിക്കണമെന്ന മനഃസ്ഥിതി മാറ്റിയെടുക്കേണ്ടതുണ്ട്. ഇതിനായി പാശ്ചാത്യരാജ്യങ്ങളിലുള്ളതുപോലെയുള്ള "ടൈം ബാങ്കിങ്ങ്", സോഷ്യൽ സെക്യൂരിറ്റി ബെനിഫ്റ്റ് സ്കീം എന്നീ സംവിധാനങ്ങൾ യുവാക്കളിലെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഊർജം ഉപയോഗപ്പെടുത്താൻ സഹായകരമായിരിക്കും.

സമൂഹത്തിൽ നിന്നുതന്നെ വിഭവങ്ങൾ കണ്ടെടുത്ത് കൂടുതൽ സീനിയർ കമ്യൂണിറ്റി ലിവിംഗ് കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്. മധ്യവയസ്സായിട്ടുള്ളവരിൽ നിന്നുതന്നെ ഇതിനുള്ള വിഭവസമാഹരണം നടത്തി പ്രവർത്തനം തുടങ്ങണം.
സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് കെയറിൽ കേരളം മുന്നിലാണ്. ഈ അനുഭവം മറ്റ് പുനരധിവാസ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. കമ്യൂണിറ്റി തലത്തിലുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഇതേ ഊർജത്തോടെ 100% ആവശ്യക്കാരിലേക്കെത്താൻ ഇനിയും സർക്കാർ- ബഹുജന പ്രവർത്തനങ്ങൾ ആവശ്യമുണ്ട്. മറുഭാഗത്ത്, വികസിതരാജ്യങ്ങളിൽ മുൻഗണന നൽകി നടപ്പിലാക്കിവരുന്ന സാമൂഹ്യാധിഷ്ഠിത രോഗപ്രതിരോധ നിയന്ത്രണമാർഗ്ഗങ്ങളും പ്രസ്ഥാനങ്ങളും അവഗണിക്കപ്പെട്ട് കിടക്കുകയാണ്.
ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലവാരവും ഉയർത്താൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കണം, അതിന് കൃഷിവകുപ്പിന്റെ കാർഷിക പോളിസികൾ വേണം. പഴം, പച്ചക്കറി കൃഷിയും ഉത്പാദനവും പ്രാദേശികതലത്തിൽ വർദ്ധിപ്പിക്കണം. നൈറ്റ്‌ലൈഫും ഫുഡ് സ്ട്രീറ്റുകളും ഗ്രാമങ്ങളിൽ പോലും സജീവമാകുന്ന സാഹചര്യം പരിഗണിച്ച് ഭക്ഷ്യശുചിത്വം, പാചക- വിതരണ തൊളിലാളികളുടെ ശുചിത്വശീലം, ആരോഗ്യനിലവാര പരിശോധന എന്നിവയ്ക്ക് ഊന്നൽ കൊടുത്ത്, ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തണം.
ഭൂരിപക്ഷവും മാംസാഹാരികളായ കേരളത്തിൽ മത്സ്യം, ഇറച്ചി മാർക്കറ്റുകൾ, മാംസത്തിന് മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്ന ഫാമുകൾ എന്നിവിടങ്ങളിൽ നിശ്ചിത മാനദണ്ഡം പരിപാലിക്കപ്പെടുന്നു എന്നുറപ്പാക്കാൻ നിരീക്ഷണ സംവിധാനം വേണം.
വാഹനങ്ങളുടെ എണ്ണം കൂടുന്ന കേരളത്തില്‍ അപകടങ്ങളും വർധിക്കും. കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക ലെയ്ൻ ഉണ്ടാകുന്നത് അപകടങ്ങൾ കുറക്കുക മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഉപകരിക്കും. പൊതുമരാമത്ത് വകുപ്പിനും നിയമ- നയപാലകർക്കും ഇതേക്കുറിച്ച് തിരിച്ചറിവുണ്ടാകണം, അതിനനുയോജ്യമായ നടപടികൾ സ്വീകരിക്കണം.
ഹൈവേ 66 വികസനത്തിനൊപ്പം അനുബന്ധമായി അപകടങ്ങളിൽ പെട്ടവരെ ചികിത്സിക്കാൻ ട്രോമാ കെയർ സെന്ററുകളും ഹബ് സ്പോക്ക് സംവിധാനങ്ങളും ഫസ്റ്റ് എയ്ഡ് നൽകാൻ ട്രോമാ കെയർ വളണ്ടിയർമാരും ഉണ്ടാകേണ്ടതുണ്ട്. തൃതീയ ചികിത്സാരംഗത്ത് സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും വിദഗ്ധരും ചേർന്ന് സഹകരണ നെറ്റ് വർക്കിങ്ങ് പരീക്ഷിച്ചുനോക്കാവുന്നതാണ്.
പൊതുജനാരോഗ്യമേഖലയിലും ഔഷധമേഖലയിലും ചികിത്സയിലും കേരളത്തിന്റെ ഗവേഷണ സംഭാവനകൾ കൂടുതലായി ഉണ്ടാകാൻ സ്ഥാപനങ്ങൾ വേണം. ഇതിന് സ്വദേശ - വിദേശ സ്ഥാപനങ്ങളുമായി ടൈ- അപ്പുകൾ ഇപ്പോഴേ ആവശ്യമാണ്.
ഹെല്‍ത്ത് ടൂറിസം മേഖലയിലുള്ള കോടികളുടെ നിക്ഷേപങ്ങള്‍ സാമ്പത്തിക വികാസം ഉണ്ടാക്കുമെന്നല്ലാതെ പ്രദേശത്തെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തരമാകുന്നില്ല.
സ്വകാര്യമേഖല ഊന്നൽ നൽകുന്നത് തൃതീയ തലത്തിലെ സ്പെഷ്യാലിറ്റി ശമന ചികിത്സക്കാണ്. അതിനാൽ ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് പ്രൈമറി, സെക്കന്ററി കെയറിലും പൊതുജനാരോഗ്യമേഖലയിലും ഫോക്കസ് ചെയ്യാനായി സർക്കാർ മേഖലയിൽ കൂടുതൽ ബജറ്റ് വിഹിതം അനുവദിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ മനുഷ്യവിഭവശേഷി ആവശ്യമാണ്. ജനതയുടെ ആരോഗ്യം പാഴ്ചെലവല്ല, നിക്ഷേപമാണ്. രോഗപ്രതിരോധ ത്തിനും ആരോഗ്യപോഷണത്തിനും, ചികിത്സക്കും റിഹാബിലിറ്റേഷനും തുല്യപ്രാധാന്യമുള്ള, ആരോഗ്യ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സഹകരണത്തിലധിഷ്ഠിതമായ, ചെലവു കുറഞ്ഞ, ശാസ്ത്രാധിഷ്ഠിതവും സാമൂഹികതലത്തിലുമുള്ള ഒരു മാതൃകയാണ് ഭാവികേരളത്തിനു വേണ്ടത്. ഇന്നത്തെ പോലെ കച്ചവടത്തിലൂന്നിയ ബഹുനില പഞ്ചനക്ഷത്ര ആശുപത്രികള്‍ മാത്രമല്ല.
കേരളം ആരോഗ്യരംഗത്ത് നേടിയ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. കുറഞ്ഞ ശിശുമരണനിരക്ക്, ഉയർന്ന ആയുസ്, വ്യാപകമായ പൊതു ആരോഗ്യ ശൃംഖല, ജനങ്ങളിലെ ആരോഗ്യബോധം എന്നിവ കേരളത്തിന്റെ അഭിമാന നേട്ടങ്ങളാണ്. എന്നാൽ ഇവ നിലനിർത്തുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും കേരളം ഇന്ന് പുതിയതും സങ്കീർണ്ണവുമായ വെല്ലുവിളികൾ നേരിടുകയാണ്.
വായിക്കാം: അനസ്തീഷ്യയുടെ
പഴയ മുഖം,
പുതിയ മുഖം
പനിബാധിതരുടെ
രോഗനിർണയം,
ഒരു ഡോക്ടറുടെ അനുഭവം
മറക്കാനാകാത്ത രോഗി:
ഐൻ, പ്രിയപ്പെട്ട ഐൻ
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും
കോർപറേറ്റ് അധിനിവേശവും;
ചില അശുഭചിന്തകൾ
‘മാക്കോ റോബോട്ടിക്’:
കാൽമുട്ട്, ഇടുപ്പ്
മാറ്റിവെക്കലിന്
നൂതന ശസ്ത്രക്രിയ
നട്ടെല്ലിന്റെ
അസ്വാഭാവിക വളവ്,
എന്താണ് ചികിത്സ?
കാൽമുട്ട് മാറ്റിവയ്ക്കേണ്ടത് എപ്പോൾ?
നാം അവഗണിക്കുന്നുണ്ടോ കൈകാലുകളുടെ വൈകല്യങ്ങളെ?
അസ്ഥികളുടെ ബലക്ഷയം
എന്ന നിശ്ശബ്ദ ഭീകരൻ
കുട്ടികളിൽ
ജന്മനാ ഉണ്ടാകുന്ന അസ്ഥിവൈകല്യങ്ങൾ
നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


