ദുഃഖകരമായ
ഒരു ഓര്‍മ്മ

നടനും സംവിധായകനുമായിരുന്ന ശ്രീനിവാസന്റെ അടുത്ത ബന്ധുവിന്റെ മരണത്തെക്കുറിച്ചാണ് ഡോ. കെ.എം. സുകുമാരൻ എഴുതുന്നത്. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ ‘മറക്കാനാകാത്ത രോഗി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനം.

1996 സെപ്റ്റംബർ 16.
പത്രം കയ്യിൽ കിട്ടിയാൽ പ്രധാനപ്പെട്ട വാർത്തകൾ വായിച്ചു കഴിഞ്ഞാൽ ചരമക്കോളം ഒന്ന് ഓടിച്ചു നോക്കുക പതിവാണ്. അന്ന് പെട്ടെന്ന് ആദ്യത്തെ ഫോട്ടോ തന്നെ കണ്ണിലുടക്കി. അടിയിലെഴുതിയത് വായിച്ചു: ‘തലശ്ശേരി, വൈലളം ജഗന്നാഥ ക്ഷേത്രത്തിടുത്ത് താമസിക്കുന്ന മിനി, 27 വയസ്സ്, മംഗലാപുരത്തുവെച്ച് നിര്യാതയായി’
നല്ല പരിചയമുള്ള മുഖം. പക്ഷേ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

താമസിച്ചിരുന്ന ക്വാർട്ടേസിന്റെ തൊട്ടടുത്താണ് ആശുപത്രി. അന്ന് പത്രം കയ്യിലെടുത്താണ് ആശുപത്രിയിൽ പോയത്. റൗണ്ട്സ് എടുക്കുന്നതിനു മുമ്പ് പത്രം കാണിച്ചു സിസ്റ്ററോട് ചോദിച്ചു. "സിസ്റ്ററേ നല്ല പരിചയം തോന്നുന്നു, ഇവരെ അറിയോ?"
"അയ്യോ, ഡോക്ടററിഞ്ഞില്ലേ നമ്മുടെ ഇന്ത്യൻ മെഡിക്കൽ ലാബിലെ ടെക്നീഷ്യൻ. അവര് മംഗലാപുരത്ത് വെച്ച് മരിച്ചു."
അവർ തുടർന്നു; "നമ്മുടെ നടൻ ശ്രീനിവാസന്റെ അനുജന്റെ ഭാര്യയാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളൂ".

വാസ്തവത്തിൽ ഞാൻ ഞെട്ടിപ്പോയി. ആ മുഖം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. കറുപ്പിനോടു സാമ്യമുള്ള നിറമുള്ള സുന്ദരിയായ പെൺകുട്ടി. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. മുട്ടോളമുള്ള മുടി പിന്നിൽ എപ്പോഴും അഴിച്ചിട്ടിരിക്കും.

ആശുപതിയിൽ ലാബ് രണ്ടു മണി വരെ മാത്രമേ പ്രവർത്തനം ഉണ്ടാകാറുള്ളൂ. അതുകഴിഞ്ഞാൽ അത്യാവശ്യ കേസുകൾ ഇന്ത്യൻ മെഡിക്കൽ ലാബിലേക്കാണ് അയക്കാറ്. ലാബിൽനിന്ന് ടെക്നീഷ്യൻമാർ വന്ന് രക്തം എടുത്തുകൊണ്ടുപോകും. അവർ തന്നെ റിസൾട്ടുകൾ എത്രയും വേഗം കൊണ്ടുതരുകയും ചെയ്യും. ഒരു സെറ്റ് സ്ലയിഡുകൾ (slide)- സ്റ്റെയിൻ ചെയ്തതും ചെയ്യാത്തതും- അവർ കൊണ്ടുവന്ന് നേരിട്ട് എനിക്ക് തരും. അങ്ങനെ ഏഴു വർഷം കൊണ്ട് ശേഖരിച്ച സ്ലയിഡുകൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ധാരാളം മലേറിയ കേസുകളും കിട്ടാറുണ്ട്. മിക്കപ്പോഴും മിനിയും ഒരു അസിസ്റ്റന്റുമാണ് വരാറുള്ളത്.

ആ കുട്ടി ഇന്നില്ല എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു നൊമ്പരം.

ഇന്ത്യൻ മെഡിക്കൽ ലാബിന്റെ ഉടമ സണ്ണിയാണ്. അയാൾ സർക്കാർ സർവ്വീസിലെ പ്രഗത്ഭനായ ലാബ് ടെക്നീഷ്യനായിരുന്നു. ഭാര്യയുടെ പേരിലാണ് തലശ്ശേരിയിലേയും പാനൂരിലേയും ലാബ്. ഉച്ചതിരിഞ്ഞ് അയാൾ പാനൂർ ലാബിൽ വരും. അവിടെ പോയി അയാളെ കാണാമെന്നു കരുതി. അവിടെ ചെന്നപ്പോൾ ലാബ് അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു കരിങ്കൊടിയും വെച്ചിട്ടുണ്ട്. പിറ്റേ ദിവസം ഞാൻ ലാബിൽ പോയെങ്കിലും സണ്ണി സ്ഥലത്തില്ലായിരുന്നു. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് സണ്ണിയെ കാണുന്നതും സംസാരിക്കുന്നതും.
സണ്ണിയുടെ വിവരണം എന്നെ ഞെട്ടിച്ചുകളഞ്ഞു.

മിനിയുടെ അമ്മയെ അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അവർ സഹോദരങ്ങൾ മാറിമാറി അമ്മയുടെ ബൈസ്റ്റാന്റേഴ്സ് ആകുന്നു. മിനിയായിരുന്നു കൂടുതൽ സമയവും കൂടെ. ഇടക്കിടെ വീട്ടിൽ വരും, വീണ്ടും പോകും.

ഒരു ദിവസം മിനി ആശുപത്രിക്കടുത്ത് വെച്ച് ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു അപകടം സംഭവിക്കുന്നു. മിനിയുടെ കൈ ഒടിയുന്നു. അവിടത്തെ ആശുപത്രിയിൽ തന്നെ സർജറി ചെയ്തു. നാലാം ദിവസം ശക്തമായ പനി.

അക്യൂട്ട് ഓസ്റ്റിയോമൈലൈറ്റിസ് (എല്ലിനുണ്ടാവുന്ന അണുബാധ) എന്ന ഡയഗ്നോസിൽ ഓർത്തോസർജൻ എത്തുന്നു. പവർഫുൾ ആന്റിബയോട്ടിക് നൽകുന്നു. ആദ്യത്തെ ഡോസിൽ തന്നെ പനി മാറി. എന്നാൽ അടുത്തതിന്നടുത്ത ദിവസം പഴയ പോലെ ശക്തമായി വീണ്ടും പനിക്കുന്നു. ആന്റിബയോട്ടിക് തുടരുന്നു. പനിമാറി വീണ്ടും പനിക്കുന്നു. ആറാം ദിവസം മിനിയുടെ ബോധം പോയി. അപകടത്തിൽ തലക്ക് പരിക്കേറ്റിരിക്കാമെന്ന ധാരണയിൽ സ്കാനിങ്ങിന് തയ്യാറെടുക്കുന്നു. പക്ഷേ അല്പസമയത്തിനകം തന്നെ മിനി ലോകത്തോട് വിട പറയുകയായിരുന്നു.

അപകടത്തെ തുടർന്നുള്ള മരണമായതിനാൽ പോസ്റ്റുമോർട്ടം നിർബന്ധമാണെന്ന് മനസ്സിലാക്കിയ അവർ പോസ്റ്റുമോർട്ടം ചെയ്യുന്നു. പോസ്റ്റ്മോർട്ടത്തിൽ തലച്ചോറിന്റെ നിറം തന്നെ മാറിയിരിക്കുന്നതായി കണ്ടു. സ്ളേറ്റ് കളർ. തലച്ചോറിൽ നീരുകെട്ടിയിരിക്കുന്നു. പത്തോളജി പരിശോധയിൽ നിറയെ പ്ലാസ്മോഡിയം ഫാൽസി-പാരമായിരുന്നു. സെറിബ്രൽ മലേറിയ.

തക്കസമയത്ത് കണ്ടുപിടിച്ചിരുന്നെങ്കിൽ ഒരു ഡോസ് മരുന്നു കൊണ്ട് മാത്രം രക്ഷപ്പെടാമായിരുന്ന ഒരു ജീവൻ.

READ: എലിപ്പനി:
ഒളിച്ചിരിക്കുന്ന
വെല്ലുവിളികള്‍

കൊതുക്, ചെള്ള് രോഗങ്ങള്‍

കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും

നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ

മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments