പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

‘‘ശരിയായ പ്രഥമശുശ്രൂഷയും ജീവൻ‍രക്ഷാമാർഗങ്ങളും ലഭിക്കുകയാണെങ്കിൽ മരണവും ഗുരുതരമായ പരിക്കുകളും കുറെയെല്ലാം കുറയ്ക്കാം. ശരിയായ വൈദ്യസഹായമെത്തുന്നതുവരെ നൽകുന്ന പരിചരണമാണ് പ്രഥമശുശ്രൂഷ. ജീവനുതന്നെ അപകടമുണ്ടായേക്കാവുന്ന സമയത്ത് ചെയ്യുന്ന പ്രഥമശുശ്രൂഷയാണ് ജീവൻരക്ഷാമാർഗങ്ങൾ’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കോയാക്കുട്ടി പി.എം. എഴുതിയ ലേഖനം.

സുഖങ്ങളും അപകടങ്ങളും മൂലം അപ്രതീക്ഷിത മരണങ്ങളും, ഗുരുതരമായ പരിക്കുകളും അനുദിനം വർദ്ധിച്ചു വരികയാണല്ലൊ. ശരിയായ പ്രഥമശുശ്രൂഷയും ജീവൻ‍രക്ഷാമാർഗങ്ങളും ലഭിക്കുകയാണെങ്കിൽ മരണവും ഗുരുതരമായ പരിക്കുകളും കുറെയെല്ലാം കുറയ്ക്കാം. ശരിയായ വൈദ്യസഹായമെത്തുന്നതുവരെ നൽകുന്ന പരിചരണമാണ് പ്രഥമശുശ്രൂഷ. ജീവനുതന്നെ അപകടമുണ്ടായേക്കാവുന്ന സമയത്ത് ചെയ്യുന്ന പ്രഥമശുശ്രൂഷയാണ് ജീവൻരക്ഷാമാർഗങ്ങൾ.

സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയാകുന്നവർ തന്നെ പ്രഥമശുശ്രൂഷയും ജീവൻരക്ഷാമാർഗങ്ങളും ആരംഭിച്ച്, ശരിയായ രീതിയിൽ ശരിയായ സ്ഥാനത്ത് രോഗിയെ എത്തിക്കുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയാകുന്നത് പലപ്പോഴും കുടുംബാംഗങ്ങളോ അധ്യാപകരോ ജോലി സ്ഥലത്തുള്ളവരോ കച്ചവടക്കാരോ മോട്ടോർ വാഹനങ്ങളിൽ ജോലി ചെയ്യുന്നവരോ ആയിരിക്കാം. അതിനാൽ എല്ലാ പൗരർക്കും പ്രഥമശുശ്രൂഷയിൽ അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അവയവയാണ് ഹൃദയം. ഹൃദയത്തിന്റെ പ്രവർത്തനം മൂന്നു മിനിട്ട് നിലച്ചാൽ തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തസഞ്ചാരമില്ലാതാകുകയും അബോധാവസ്ഥ കൈവരിക്കുകയും ചെയ്യും. 10 മിനിട്ടിലധികം തലച്ചോറിലേക്ക് രക്തസഞ്ചാരമില്ലാതായാൽ ശേഷിച്ചകാലം ഒരു ജീവച്ഛവമായി കഴി യേണ്ടിവരികയോ, മരണം സംഭവിക്കുകയോ ചെയ്‌തേക്കാം. അൽപ്പം പോലും സമയം കളയാതെ, ജീവരക്ഷാപ്രവർത്തനമാരംഭിക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത്.

അപകടങ്ങളിൽപെടുന്ന ഒരാളുടെ പ്രധാന മരണ കാരണം ശ്വാസതടസ്സവും രക്തവാർച്ചയുമാണ്. ശ്വാസപഥം തടസ്സമില്ലാത്തതാക്കുകയാണെങ്കിൽ മരണം ഒരു പരിധിവരെ തടയാൻ സാധിച്ചേക്കാം. രക്തം വാർന്നൊഴുകുന്ന മുറിവ് വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് അമർത്തി കെട്ടുകയാണെങ്കിൽ രക്തവാർച്ചയും തടയാം (Compression bandage).

രക്തം വാർന്നൊഴുകുന്ന മുറിവ് വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് അമർത്തി കെട്ടുകയാണെങ്കിൽ രക്തവാർച്ചയും തടയാം (Compression bandage).
രക്തം വാർന്നൊഴുകുന്ന മുറിവ് വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് അമർത്തി കെട്ടുകയാണെങ്കിൽ രക്തവാർച്ചയും തടയാം (Compression bandage).

ശരിയായ ജീവരക്ഷാപ്രവർത്തനങ്ങൾ ജീവൻ രക്ഷിക്കാനുപകരിക്കുമെന്നതുപോലെ പ്രധാനമാണ് തെറ്റായ പ്രവർത്തനങ്ങൾ കൂടുതൽ അപകടങ്ങൾ വരുത്തിവച്ചേക്കുമെന്നതും. നട്ടെല്ലിനു അപകടം സംഭവിച്ച ഒരു രോഗിയെ ചുരുട്ടിയെടുത്ത് ഓട്ടോ റിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയാണെങ്കിൽ നട്ടെല്ലിനും സുഷുമ്‌നക്കും കൂടുതൽ കേടുകൾ പറ്റിയേക്കാം. നെഞ്ചിന്റെയും വയറിന്റെയും ഭാഗത്ത് സുഷുമ്‌നക്ക് പരിക്കു പറ്റിയാൽ ശരീരത്തിന്റെ താഴ്ഭാഗം മുഴുവൻ തളർന്നുപോയേക്കാം (Paraplegia). കഴുത്തിന്റെ ഭാഗത്ത് ക്ഷതം സംഭവിച്ചാൽ രണ്ടു കൈയ്യും കാലും തളർന്നുപോയേക്കാം (Quadriplegia). അതേപോലെ അപകടത്തിൽ പെടുന്ന ഒരു രോഗിക്ക് - നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും - കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ കൊടുക്കുന്നതും കൂടുതൽ അപകടം വരുത്തിവയ്ക്കും.

ജീവൻ നിലനിർത്തുക (Preserve life), കൂടുതൽ അപകടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക (Prevent further damage), രോഗശമനം ത്വരിതപ്പെടുത്തുക (Promote recovery), രോഗിക്ക് ആശ്വാസം നൽകുക (Provide Comfort) എന്നിവയാണ് പ്രഥമ ശൂശ്രൂഷയുടെ ലക്ഷ്യങ്ങൾ. ബോധമുണ്ടെങ്കിൽ, രോഗിയുടെ അനുവാദത്തോടുകൂടെ മാത്രമേ പ്രഥമശുശ്രൂഷ തുടങ്ങാവൂ. എന്താണ് ചെയ്യുന്നത് എന്നത് വിശദീകരിക്കുകയും വേണം. രോഗിയുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒരാൾ കുഴഞ്ഞു വീഴുന്നതുകണ്ടാൽ ആദ്യമായി ചെയ്യേണ്ടത് സ്ഥലം സുരക്ഷിതമാണോ എന്നു നോക്കുകയാണ്. ചിലപ്പോൾ വൈദ്യുതഘാതമായിരിക്കാം അബോധാവസ്ഥ വരാൻ കാരണം. ഈ അവസരത്തിൽ രോഗിയെ സ്പർശിച്ചാൽ എന്തു സംഭവിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേപോലെ കത്തിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിലേക്കോ ഒരു വാഹനത്തിലേക്കോ ചാടിക്കയറിയാൽ, രക്ഷാപ്രവർത്തകനും അപകടത്തിൽ പെട്ടേക്കാം. ഫയർ ഫോഴ് സിനെ സഹായത്തിനായി വിളിക്കണം.

നടുറോഡിൽ അപകടത്തിൽപെട്ട ഒരാളെ ഓടിച്ചെന്ന് രക്ഷിക്കാൻ ശ്രമിച്ചാൽ, വാഹനങ്ങൾ രക്ഷാപ്രവർത്തകനേയും തട്ടിയിട്ടേക്കാം. വേണ്ട സുരക്ഷാമാർഗങ്ങൾ സൃഷ്ടിച്ചശേഷം മാത്രമേ, രക്ഷപ്രവർത്തനത്തിലേർപ്പെടാവൂ. രോഗിയുടെ സുര ക്ഷയും രക്ഷാപ്രവർത്തകരുടെ സുരക്ഷയും ഉറപ്പാക്കിവേണം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. അതോടൊപ്പം അത്യാവശ്യം വേണ്ട സുരക്ഷാ സാമഗ്രികൾ - മാസ്‌ക്, ഗ്ലൗസ്, ഷൂസ് - എന്നിവ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.

എല്ലാ ജീവൻ രക്ഷാപ്രവർത്തകരും ആദ്യമായി ചെയ്യേണ്ടത് സ്ഥലം സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുകയാണ്.

സ്ഥലം സുരക്ഷിതമാണെങ്കിൽ രോഗിപ്രതികരിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എത്രമാത്രം പ്രതികരിക്കുന്നുണ്ട് എന്ന് നോക്കുകയാണ് രണ്ടാമതായി ചെയ്യേണ്ടത്. ഇതിനായി രോഗിയുടെ മുന്നിൽ നിന്നുകൊണ്ട് രണ്ടു ചുമലിലും തട്ടി ഉച്ചത്തിൽ ''എന്തുപറ്റി'' എന്ന് (അല്ലെങ്കിൽ സമാനായി മറ്റൊരു വാക്ക്, പേരറിയാമെങ്കിൽ പേര്, വിളിച്ചുനോക്കാം) രോഗിക്ക് മനസ്സിലാന്ന ഭാഷയിൽ ചോദിക്കുകയാണ് വേണ്ടത്. ഇതിൽ ഓരോ കാര്യവും പ്രധാനപ്പെട്ടതാണ്. രോഗിയെ കുലുക്കി വിളിക്കരുത് - ഒരു പക്ഷേ, നട്ടെല്ലിന് പരിക്ക് പറ്റിയിരിക്കാം, കുലുക്കുമ്പോൾ അത് കൂടുതലാകാൻ സാദ്ധ്യതയുണ്ട് - നട്ടെല്ലിലൂടെ പോകുന്ന സുഷുമ്‌നക്ക് പരിക്കു പറ്റിയാൽ രണ്ടു കാലുകളും സ്ഥിരമായി തളർന്നു പോയേക്കാം.

അതുപോലെ തലകുലുക്കി വിളിക്കരുത് - കഴുത്തിൽ സുഷുമ്‌നക്ക് പരിക്ക് പറ്റിയാൽ രണ്ടു കൈകളും, കാലുകളും തളർന്നുപോയേക്കാം. മുന്നിൽ നിന്ന് വിളിക്കുക എന്നതും പ്രധാനപ്പെട്ടതാണ് - പുറകിൽ നിന്ന് വിളിച്ചാൽ, അർദ്ധബോധാവസ്ഥയിലുള്ള രോഗി ചിലപ്പോൾ തല തിരിക്കാനിടയുണ്ട് - ഇത് സ്ഥിതി മോശമാക്കാൻ കാരണമായേക്കാം. രണ്ടു ചുമലിലും തട്ടിവിളിക്കുന്നതും പ്രധാനപ്പെട്ടതാണ് - ഒരു പക്ഷെ പക്ഷാഘാതമായിരിക്കും (Hemiplegia) - ഒരുവശത്ത് സ്പർശനശേഷി നഷ്ടപ്പെട്ടിരിക്കാനിടയുണ്ട്. ഇങ്ങനെ രണ്ടു ചുമലിലും തട്ടി വിളിക്കുമ്പോൾ രോഗി അർത്ഥവത്തായി പ്രതികരിക്കുന്നുണ്ടോ എന്നും, ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നും ആണ് നോക്കേണ്ടത്. രോഗി എന്തെങ്കിലും പറയുകയോ, പറയാൻ ശ്രമിക്കുകയോ ചെയ്യുന്നുണ്ടോ, ആംഗ്യങ്ങൾ കാണിക്കുന്നുണ്ടോ എന്നും ശരിയായി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നും നോക്കണം. മോഹാലസ്യമാണെങ്കിൽ സെക്കന്റുകൾക്കകം ബോധം തിരിച്ചുവരും, ശരിയായ ശ്വസനവുമുണ്ടാകാം. പ്രതികരണശേഷിയെ ശരിയായ ബോധമുണ്ട് (A - Alert), വിളിക്കുമ്പോൾ പ്രതികരിക്കുന്നു (V - Verbal Response), വേദനക്ക് പ്രതികരിക്കുന്നു (P - Response to pain), പ്രതികരണമില്ല (U-Unresponsive) - AVPU)- എന്നിങ്ങനെ പല തരത്തിൽ വിഭജിക്കാം.

ഒരാൾ ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നു നോക്കുവാൻ സാധാരണക്കാർക്കും സാധിക്കും. 12-16 വരെയാണ് സാധാരണ പ്രായപൂർത്തിയായ ഒരാളുടെ ശ്വാസനനിരക്ക്. ശ്വസനസമയത്ത് നെഞ്ചും വയറും പൊങ്ങുകയും താഴുകയും ചെയ്യും. ഇത് മന സ്സിലാക്കാൻ സാധാരണക്കാർക്കും പ്രയാസമുണ്ടാകില്ല. (സാധാരണ ജനങ്ങളോട് നാഡിമിടിപ്പ് പരിശോധിക്കാൻ നിർദ്ദേശിക്കുന്നില്ല. പരിശീലനം ലഭിച്ചവരും ആരോഗ്യപ്രവർത്തകരും അടുത്ത ഘട്ടത്തിൽ, നാഡിമിടിപ്പ് നോക്കുന്നതോടൊപ്പം ശ്വാസോച്ഛാസം ചെയ്യുന്നുണ്ടോ എന്നു നോക്കിയാൽ മതി).

ശരിയായ ബോധവും ശ്വാസോഛ്വാസവുമുണ്ടെങ്കിൽ രോഗിയെ നിരീക്ഷിച്ചുകൊണ്ടിരുന്നാൽ മതി. പ്രത്യേകിച്ച് കാരണമുണ്ടെങ്കിൽ അതിനുള്ള ചികിത്സകൾ ലഭ്യമാക്കണം. മോഹാലസ്യം (Syncope), രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുക (Hypoglycemia) പെട്ടെന്നുണ്ടാകുന്ന വേദന, നിർജലീകരണം (dehydration) എന്നിവയെല്ലാം ഗുരുതര സ്ഥിതിയിലേക്ക് നയിച്ചേക്കാം. മുറുകിയ വസ്ത്രങ്ങൾ മാറ്റുന്നതിനും, വായുസഞ്ചാരം ലഭിക്കുന്നതിനും ശ്രദ്ധിക്കണം. കാലുകൾ പൊക്കി വയ്ക്കുന്നതും നല്ലതാണ്. ശരിയായ ബോധമില്ല; എന്നാൽ ശരിയായ ശ്വസനമുണ്ട് എങ്കിൽ രോഗിയെ ചരിച്ചു കിടത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യേണ്ടത്. യാതൊരു പ്രതികരണവുമില്ല, ശ്വസനവുമില്ല എങ്കിൽ കൂടുതൽ ആളുകളെ ഉടൻ തന്നെ വിളിച്ചുവരുത്തുവാനും, വേഗം തന്നെ ജീവൻ രക്ഷാപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടുതന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും വേണം.

അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കൂടുതൽ പേരെ വിവരമറിയിക്കാനും, വാഹനമേർപ്പാടാക്കാനും പറഞ്ഞയച്ച് നിങ്ങൾ ജീവൻ രക്ഷാപ്രവർത്തനങ്ങ ളിൽ ഏർപ്പെടണം. അയാളോട് തിരിച്ചുവരുവാനും ആവശ്യപ്പെടണം. അയാളുടെ സഹായം ജീവൻ രക്ഷാപ്രവർത്തനങ്ങ ളിൽ ആവശ്യമായി വന്നേക്കാം.

ആരും അടുത്തില്ല, ഒരു ടെലിഫോൺ അടുത്തുണ്ടെങ്കിൽ നിങ്ങൾ തന്നെ അവശ്യനമ്പരിലേക്ക് ഫോൺ വിളിച്ചറിയിച്ചശേഷം ജീവൻരക്ഷാപ്രവർത്തനം ആരംഭിക്കുകയാണ് വേണ്ടത്. രക്ഷാപ്രവർത്തനം ആരംഭിച്ചാൽ നിർത്താതെ തുടർന്നു കൊണ്ടിരിക്കണം. നിങ്ങളുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അതിൽ നിന്നും അവശ്യ നമ്പറുകളിലേക്ക് സ്പീക്കറിലൂടെ വിളിച്ചറിയിച്ചുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം തുടങ്ങണം. സ്ഥലസുരക്ഷിതത്വം, പ്രതികരണശേഷി നോക്കൽ, സഹായത്തിനായി വിളിക്കൽ എന്നിവക്കൊല്ലാം കൂടി 10 സെക്കന്റിലധികം സമയം എടുക്കരുത് - കഴിയുന്നതും വേഗം രക്ഷാപ്രവർത്തനം ആരംഭിക്കണം. പ്രതികരണമില്ല, ശ്വസനവുമില്ല എങ്കിൽ കഴിയുന്നത്ര വേഗത്തിൽ നെഞ്ചമർത്തൽ ആരംഭിക്കുകയാണ് ഒരു സാധാരണക്കാരൻ ചെയ്യേണ്ടത്.

സാധാരണ ഉപയോഗത്തിലുള്ള അവശ്യനമ്പറുകൾ ഇതോടൊപ്പം ചേർക്കുന്നു. ഇവയെക്കുറിച്ച് ഒരു സാമാന്യവിവരം എല്ലാവർക്കും ഉണ്ടാകേണ്ടതാണ്.

100- പോലീസ്.
101- ഫയർ.
102, 108- മെഡിക്കൽ ഏമർജൻസി, ആംബുലൻസ്.

ഇപ്പോൾ 112 ഇന്ത്യയിലൊട്ടാകെയുള്ള അവശ്യ നമ്പറായി അംഗീകരിച്ചിരിക്കുന്നു. അതോടൊപ്പം അടുത്തുള്ള ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിന്റെ നമ്പർ കൂടി ഫോണിൽ സൂക്ഷിച്ചുവയ്ക്കുന്നത് നന്നായിരിക്കും. ഫോൺ സ്പീക്കറിൽ ഇട്ടു തന്നെ ജീവൻരക്ഷാപ്രവർത്തനം തുടരുക. അവിടെ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കുക. രോഗിയെ വിദഗ്ദ്ധ സംഘത്തെ ഏൽപ്പിക്കുന്നതുവരെയോ രോഗി പ്രതികരിക്കുവാൻ തുടങ്ങുന്നതുവരെയോ ഇത് തുടർന്നുകൊണ്ടിരിക്കണം.

രോഗിക്ക് ബോധമില്ല, പക്ഷെ ശ്വാസോച്ഛ്വാസമുണ്ടെങ്കിൽ രോഗിയെ ചരിച്ചുകിടത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടത്. നട്ടെല്ലിന് പരിക്കുപറ്റിയിരിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ - ശരിയായ പരിശീലനം നിങ്ങൾക്ക് ലഭിച്ചിട്ടില്ല എങ്കിൽ - ചരിച്ചുകിടത്താൻ പരിശ്രമിക്കേണ്ട. ശ്വാസപഥം തടസ്സമില്ലാതാക്കി നിരീക്ഷിച്ചുകൊണ്ടിരുന്നാൽ മതി. കഴിയുന്നതും വേഗം വൈദ്യസഹായമെത്തിക്കാൻ ശ്രമിക്കണം.

ചരിച്ചുകിടത്തുമ്പോൾ വായിലെ ഉമിനീരും മറ്റു പദാർത്ഥങ്ങളും ശ്വാസകോശത്തിലേക്ക് പോകു വാനുള്ള സാദ്ധ്യത (Aspiration) കുറവായിരിക്കും. അതുപോലെ ശ്വാസതടസ്സത്തിനുള്ള (airway obstruction) സാദ്ധ്യതയും കുറ വാണ്. രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം - സ്ഥിതി മോശമാകുകയാണെങ്കിൽ മലർത്തിക്കിടത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കണം.

ഒരാൾ മാത്രമേയുള്ളുവെങ്കിൽ എങ്ങനെയാണ് ചരിച്ചുകിടത്തേണ്ടത് എന്ന് വിശദീകരിക്കാം.

  • രോഗിയുടെ ഒരു വശത്ത് മുട്ടു കുത്തി നിൽക്കുക.

  • രോഗിയുടെ രണ്ടു കാലുകളും നീട്ടിവക്കുക.

  • കൈ ശരീരത്തോട് ചേർത്തുവക്കുക.

  • നിങ്ങളുടെ സമീപത്തുള്ള കൈമുട്ട് 90 ഡിഗ്രിയിൽ മടക്കി, കൈപ്പത്തി മുകളിലായിരിക്കത്തക്കവണ്ണം വക്കുക).

  • അപ്പുറത്തെ കൈ, നെഞ്ചിലൂടെ കൊണ്ടുവന്ന് കൈപ്പത്തിയുടെ പുറംഭാഗം രോഗിയുടെ (നിങ്ങളുടെ സമീപത്തുള്ള) താടിയോട് ചേർത്തു വരത്തക്കവണ്ണം വക്കുക.

  • അപ്പുറത്തെ കാൽമുട്ട്, കാൽപ്പാദം നിലത്ത് ചേർന്നിരിക്കത്തക്കവണ്ണം മടക്കുക.

  • ഒരു കൈ കൊണ്ട് രോഗിയുടെ കഴുത്തും തലയും മറ്റേ കൈകൊണ്ട് കാൽമുട്ടും പിടിച്ചുകൊണ്ട് രോഗിയെ നിങ്ങളുടെ വശത്തേയ്ക്ക് ചരിക്കുക.

  • തല അൽപ്പം പുറകോട്ടാക്കുക. തല കൈപ്പത്തിയിലാണ് ഇപ്പോഴും ഇരിക്കുന്നത് - വായിലെ ഉമിനീരും മറ്റു പദാർത്ഥങ്ങളും ഒഴുകി പോകാൻ ഇത് സഹായിക്കും.

  • മടക്കിയ കാലും കൈയ്യും രോഗി മറിഞ്ഞുവീഴാതിരിക്കാൻ സഹായിക്കും.

  • രണ്ടുപേരുണ്ടെങ്കിൽ ഒരാൾ കഴുത്തും തലയും ഇളക്കം കൂടാതെ, തല ഭാഗത്തുനിന്നുകൊണ്ട് പിടിക്കുകയും മറ്റേ ആൾ രോഗിയെ മുൻപറഞ്ഞ പോലെ ചരിക്കുകയുമാണ് വേണ്ടത്.

  • രോഗി പ്രതികരിക്കാൻ തുടങ്ങുന്നുണ്ടോ എന്നും, ശ്വസനം ശരിയായ രീതിയിലല്ലേ എടുക്കുന്നത് എന്നും നിരീക്ഷിച്ചുകൊണ്ടിരിക്കണം - ശരിയായ വൈദ്യസഹായം കഴിയുന്നതും വേഗത്തിൽ എത്തിക്കുവാനും ശ്രമിക്കണം.

പല കാരണങ്ങൾ കൊണ്ടാണ് സാധാരണക്കാർ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്നത്. ഒരു പ്രധാന കാരണം അറിവില്ലായ്മയാണ്. ബോധവൽക്കരണ ക്ലാസുകളും മറ്റും അറിവില്ലായ്മ ദൂരീകരിക്കാൻ സഹായിക്കും. നിയമക്കുരുക്കുകളിൽ പെട്ടേക്കുമോ എന്ന ഭയമാണ് മറ്റൊരു കാരണം. രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട ഒരാളെ നിയമക്കുരുക്കുകളിൽപെടുത്തരുതെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ട്.

ഒന്നിനും സമയമില്ല എന്നതാണ് മറ്റൊരു കാരണം. പക്ഷെ, നിങ്ങളുടെ കുറച്ചുസമയം ഒരു പക്ഷെ ഒരാളുടെ ജീവൻ രക്ഷപ്പെടുത്താൻ ഉതകിയേക്കാമെന്ന അറിവോടെ എല്ലാവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുക തന്നെ ചെയ്യണം.

READ: ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments