ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

‘‘ഫീറ്റൽ റേഡിയോളജി മാതാപിതാക്കളുടെ ഉൽക്കണ്ഠ വർദ്ധിപ്പിക്കാനുള്ള ഒന്നല്ല. എത്രയോ മണിക്കൂർ സ്കാനുകൾ നോക്കി, ഓരോ കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാൻ ഫീറ്റൽ റേഡിയോളജിസ്റ്റുകൾ ശ്രമിക്കുന്നു. ഗർഭത്തിലെ കുഞ്ഞിനെക്കുറിച്ചുള്ള വിജ്ഞാനം നൽകി, മുൻകൂട്ടി തയ്യാറെടുക്കാനും ആവശ്യമെങ്കിൽ ചികിത്സ തുടങ്ങാനും ഇത് സഹായിക്കുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മാത്യു തോമസ് എഴുതിയ ലേഖനം.

ർഭം ധരിച്ചുകഴിഞ്ഞാൽ, ആ ചെറുജീവിതം ഗർഭാശയത്തിനുള്ളിൽ എങ്ങനെയുണ്ട്, ശരിയായി വളരുകയാണോ, സുഖമാണോ എന്നീ കാര്യങ്ങൾ എല്ലാ മാതാപിതാക്കളും ആവേശത്തോടെയും ആശങ്കയോടെയും കൂടിയാണ് അറിയാനാഗ്രഹിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ഈ ആഗ്രഹം നിറവേറ്റാനാവുന്നുണ്ട്. അൾട്രാസൗണ്ട് പോലെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗർഭത്തിലെ കുഞ്ഞിനെ നോക്കി അവയുടെ ആരോഗ്യം മനസ്സിലാക്കാനുള്ള വിദഗ്ധശാഖയാണ് ഫീറ്റൽ റേഡിയോളജി.

ഗർഭാവസ്ഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള മുഴുവൻ യാത്രയിലും ഇത് നിങ്ങളുടെ കൂടെ നിൽക്കുന്ന ഒരു വിജ്ഞാനദീപമാണ്.

ഒന്നാം ട്രൈമെസ്റ്റർ:
ആദ്യ പരിചയവും സ്ക്രീനിങ്ങും

ഗർഭാവസ്ഥയുടെ ആദ്യ മൂന്നുമാസം വളരെ പ്രധാനമാണ്. ഈ സമയത്താണ് കുഞ്ഞിന്റെ അവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്.

എല്ലാം ശരിയാണോ എന്ന് പരിശോധിക്കാം

ആദ്യം ചെയ്യുന്ന ഒരു സാധാരണ അൾട്രാസൗണ്ട് കുഞ്ഞ് ഗർഭപാത്രത്തിലാണോ, ഹൃദയമിടിപ്പുണ്ടോ, ഒന്നിലധികം കുഞ്ഞുങ്ങളാണോ എന്നീ അടിസ്ഥാന വിവരങ്ങൾ നൽകുന്നു. കുഞ്ഞിന്റെ വലിപ്പം അളക്കുന്നതുവഴി ഗർഭകാലത്തിന്റെ കൃത്യമായ പ്രായവും (ഇ.ഡി.ഡി) അറിയാനാവും.

ജനിതക സ്ക്രീനിങ്:
ഒന്നാം ട്രൈമെസ്റ്റർ സ്ക്രീനിങ്

ഈ ഘട്ടത്തിലെഏറ്റവും പ്രധാനപ്പെട്ട പരിശോധനകളിലൊന്നാണിത്. ഇതിനെ സാധാരണയായി എൻടി സ്കാൻ (Nuchal translucency Scan) എന്നു പറയുന്നു. ഇത് ഒരു പ്രത്യേക തരം അൾട്രാസൗണ്ട് സ്കാനും ഒരു രക്തപരിശോധനയും ചേർന്നതാണ്. ഇതിന്റെ ലക്ഷ്യം ഡൗൺ സിൻഡ്രോം പോലെയുള്ള ചില ജനിതക സ്ഥിതികളുടെ / ജനിതക വ്യതിയാനങ്ങളുടെ സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ടെത്തുക എന്നതാണ്.

  • എൻടി അളവ് (Nuchal Translucency): ഇവിടെ, ഫീറ്റൽ റേഡിയോളജിസ്റ്റ് കുഞ്ഞിന്റെ കഴുത്തിന്റെ പുറകിലുള്ള ദ്രവത്തിന്റെ കനം അളക്കുന്നു. ഈ കനം കൂടുതലാണെങ്കിൽ, അത് ഒരു സൂചനയാണ്.

  • nasal ബോൺ: ഈ സ്കാനിൽ കുഞ്ഞിന് nasal ബോൺ ഉണ്ടോ എന്നും നോക്കാം. അത് കാണാതിരിക്കുന്നതും ഒരു സൂചനയായി കണക്കാക്കപ്പെടുന്നു.

ഈ പരിശോധന ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണെന്ന് മനസ്സിലാക്കണം. ഇത് കുഞ്ഞിന് തീർച്ചയായും ഒരു പ്രശ്നമുണ്ടെന്ന് പറയുന്നില്ല. സാധ്യത കൂടുതലാണെന്ന് തോന്നിയാൽ, ഡോക്ടർ മറ്റു പരിശോധനകൾക്ക് ശുപാർശ ചെയ്യാം, ഉദാഹരണത്തിന് എൻ ഐ പി ടി (NIPT).

രണ്ടാം ട്രൈമെസ്റ്റർ: !
ഒരു വിശദമായ അവലോകനം

നാല് മുതൽ ആറ് മാസം വരെയുള്ള കാലയളവിലാണ് ഏറ്റവും വിശദമായ സ്കാൻ നടക്കുന്നത്.

ടാർഗെറ്റഡ് അനോമലി സ്കാൻ:
കുഞ്ഞിന്റെ വിശദ ചിത്രം ലഭിക്കും.

ഇതിനെ സാധാരണയായി ഡീറ്റെയിൽഡ് സ്കാൻ അല്ലെങ്കിൽ അനോമലി സ്കാൻ എന്ന് വിളിക്കുന്നു. ഇത് സാധാരണയായി 18-22 ആഴ്ചകളിൽ നടത്തുന്നു. ഒരു കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് പരിശോധിക്കുന്ന എഞ്ചിനീയർ പോലെ, ഫീറ്റൽ റേഡിയോളജിസ്റ്റ് ഇവിടെ കുഞ്ഞിന്റെ ശരീരഘടന ഓരോ ഭാഗവും വിശദമായി പരിശോധിക്കുന്നു.

  • തലച്ചോറും സുഷുമ്നയും: ബ്രെയിനിന്റെ ഘടന, സ്പൈനൽ കോർഡ് എന്നിവ ശരിയായി രൂപപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുന്നു.

  • മുഖം: ചുണ്ട്, അണ്ണാക്ക് എന്നിവയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നു.

  • ഹൃദയം: ഹൃദയത്തിന് നാല് അറകളുണ്ടോ, രക്തക്കുഴലുകൾ ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുന്നു. ഹൃദയ വൈകല്യങ്ങൾ കണ്ടെത്താൻ ഇത് വളരെ പ്രധാനമാണ്.

  • വയറ്, കരൾ, വൃക്കകൾ: ആന്തരാവയവങ്ങൾ ശരിയായ സ്ഥാനത്താണോ എന്ന് പരിശോധിക്കുന്നു.

  • കൈകാലുകൾ: കൈകാലുകളിലെ അസ്ഥികളും വിരലുകളും എണ്ണവും ശരിയാണോ എന്ന് നോക്കുന്നു.

ഈ സ്കാൻ മാതാപിതാക്കൾക്ക് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കുഞ്ഞിന്റെ ചലനങ്ങൾ വ്യക്തമായി കാണാനും, അവയവങ്ങളെ തിരിച്ചറിയാനും, ലിംഗം അറിയാനും ഇവിടെ സാധിക്കും.

മൂന്നാം ട്രൈമെസ്റ്റർ: വളർച്ചയുടെയും സ്ഥാനത്തിന്റെയും നിരീക്ഷണം

ഗർഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുഞ്ഞ് ശരിയായി വളരുകയാണോ, ഗർഭാശയത്തിൽ എങ്ങനെയാണ് കിടക്കുന്നത് എന്നതിലാണ്.

വളർച്ചയിലെ പ്രശ്നങ്ങൾ: ഗ്രോത്ത് സ്കാൻ

ചില കുഞ്ഞുങ്ങൾ വളരെ ചെറുതായിരിക്കാം. ഇതിനെ ഇൻട്രാ യൂടെറൈൻ ഗ്രോത്ത് റെസ്ട്രിക്ഷൻ (IUGR) എന്ന് പറയാം. മറ്റു ചിലത് വളരെ വലുതായിരിക്കാം. രണ്ടും സങ്കീർണതകൾക്ക് കാരണമാകാം.

  • അൾട്രാസൗണ്ട് അളവുകൾ: കുഞ്ഞിന്റെ ഹെഡ് സർക്കംഫറൻസ് (HC), അബ്ഡോമിനൽ സർക്കംഫറൻസ് (AC), ഫീമർ ലെംഗ്ത് (FL) എന്നിവ അളക്കുന്നു. ഈ അളവുകൾ കുഞ്ഞ് സാധാരണ വളർച്ചയുടെ ഗ്രാഫിൽ എവിടെയാണെന്ന് കാണിക്കും.

  • ആമ്നിയോട്ടിക് ഫ്ലൂയിഡ്: ഗർഭക്കുടത്തിലെ (Amniotic cavity) ദ്രവത്തിന്റെ അളവ് പരിശോധിക്കുന്നു. വളരെ കുറവോ കൂടുതലോ ആയാൽ അത് ഒരു പ്രശ്നത്തിന്റെ സൂചനയാകാം.

  • ഡോപ്ലർ സ്കാൻ: ഇത് ഒരു പ്രത്യേക തരം അൾട്രാസൗണ്ട് ആണ്. ഇത് കുഞ്ഞിന് മറുപിള്ളയിലൂടെ (placenta ) എത്രത്തോളം രക്തപ്രവാഹം ലഭിക്കുന്നു എന്ന് പരിശോധിക്കുന്നു. വളർച്ച കുറയുന്ന കുഞ്ഞുങ്ങളിൽ ഈ രക്തപ്രവാഹം കുറയാറുണ്ട്. ഡോപ്ലർ സ്കാൻ ഡോക്ടർമാർക്ക് എപ്പോൾ പ്രസവം ആവശ്യമായി വരുമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നു.

കൂടാതെ, കുഞ്ഞിന്റെ നില (പൊസിഷൻ - തല താഴെ യാണോ എന്നും മറ്റും), പ്ലാസന്റയുടെ സ്ഥാനം എന്നിവയും ഈ സ്കാനുകളിൽ പരിശോധിക്കുന്നു.

നിങ്ങളുടെ ഗർഭയാത്രക്ക് ഒരു സുരക്ഷിതത്വ വല

ഫീറ്റൽ റേഡിയോളജി എന്നത് മാതാപിതാക്കളുടെ ഉൽക്കണ്ഠ വർദ്ധിപ്പിക്കാനുള്ള ഒന്നല്ല. എത്രയോ മണിക്കൂർ സ്കാനുകൾ നോക്കി, ഓരോ കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാൻ ഫീറ്റൽ റേഡിയോളജിസ്റ്റുകൾ ശ്രമിക്കുന്നു. ഗർഭത്തിലെ കുഞ്ഞിനെക്കുറിച്ചുള്ള വിജ്ഞാനം നൽകി, മുൻകൂട്ടി തയ്യാറെടുക്കാനും ആവശ്യമെങ്കിൽ ചികിത്സ തുടങ്ങാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ഡോക്ടറുമായി ഈ പരിശോധനകളെക്കുറിച്ച് സംസാരിക്കുക. സ്കാൻ റിപ്പോർട്ടിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ധൈര്യമായി ചോദിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യകരമായ ഭാവിക്കായുള്ള ഈ യാത്രയിൽ, ഫീറ്റൽ റേഡിയോളജി നിങ്ങൾക്ക് ലഭ്യമായ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ്.

READ : പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr Mathew Thomas writes about Fetal radiology in Indian Medical Association Nammude Arogyam magazine


ഡോ. മാത്യു തോമസ്

കൊല്ലം ഡോ. മാത്യൂസ് ഫീറ്റൽ മെഡിസിൻ ആന്റ് സ്കാൻ സെന്ററിൽ ഫീറ്റൽ റേഡിയോളജി ആന്റ് മെഡിസിൻ കൺസൽട്ടന്റ്.

Comments